Sunday, December 13, 2009

കേരളാ കഫേ (Kerala Cafe)

പേരില്‍ തന്നെ വ്യത്യസ്തതയുമായാണ് കേരളാ കഫേ നമ്മേ എതിരേല്‍ക്കുന്നത്‌. മലയാളികള്‍ക്ക്‌ അത്ര പരിചിതമല്ലാത്തെ ഒരു ആഖ്യാന രീതിയാണ് കേരളാ കഫേയുടേത്‌. സംവിധായകനും നടനുമായ രഞ്ജിത്തിന്റെ നേത്രുത്വത്തില്‍, പത്തു സംവിധായകരാണ് കേരളാ കഫേയില്‍ ഒന്നിക്കുന്നത്‌. ഒരേ വേദിയില്‍ നിന്നു കൊണ്ട്‌ പത്തു വ്യത്യസ്തമായ കഥ പറയുകയും, അവയെ രസച്ചരടു പൊട്ടാതെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരിക്കയാണ് കേരളാ കഫേയിലൂടെ. 10 മുതല്‍ 12 മിനുട്ട് വരെയാണ് ഹ്രസ്വചിത്രങ്ങളുടെയെല്ലാം ദൈര്‍ഘ്യം. എല്ലാ സംവിധായകര്‍ക്കും അവരുടെ ഹ്രസ്വചിത്രങ്ങള്‍ക്ക് പരമാവധി സ്വാതന്ത്ര്യമെടുക്കുകയും, കഥയും തിരക്കഥയുമെല്ലാം സ്വയം തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ഓരോ ചിത്രത്തിനും താരങ്ങളെയും സാങ്കേതികവിദഗ്ധരെയും വ്യത്യസ്തവുമാണ്. ഇത്തരം അന്തോളജി ചിത്രങ്ങള്‍ മലയാളികള്‍ക്കു പരിചിതമല്ല. 2007 ല്‍ ഹിന്ദിയിലിറങ്ങിയ ‘ദസ് കഹാനിയാന്‍’ എന്ന ചിത്രം ഇത്തരത്തിലൊരു ട്രീറ്റ്‌മെന്റായിരുന്നു. ആറു സംവിധായകരുടെ പത്ത്‌ ഹ്രസ്വചിത്രങ്ങളാണ് ഈ ചിത്രത്തില്‍ ഉണ്ടായിരുന്നത്‌. എന്നാല്‍ ബോക്സോഫീസില്‍ ഇതൊരു വമ്പന്‍ പരാജയമായി. എന്നാല്‍, രഞ്ജിത്തിന്റെ കേരളാ കഫേ നമുക്കൊരു വ്യത്യസ്തമായ അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്‌. ഷാജി കൈലാസ്, രേവതി, ശ്യാമപ്രസാദ്, അന്‍‌വര്‍ റഷീദ്, അഞ്ജലി മേനോന്‍, എം പത്മകുമാര്‍, ലാല്‍ ജോസ്, ബി ഉണ്ണികൃഷ്ണന്‍, ഉദയ് അനന്തന്‍‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്‌. മമ്മൂട്ടി, സുരേഷ്‌ ഗോപി, ദീലീപ്‌, പ്രിഥ്വിരാജ്‌, ശ്രീനിവാസന്‍, സിദ്ധിഖ്‌, സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, അനൂപ്‌ മേനോന്‍, തിലകന്‍, നവ്യ നായര്‍, ശ്വേതാ മേനോന്‍, റീമ കല്ലുങ്കല്‍, ജ്യോതിര്‍മയി, സോന നായര്‍, ശാന്താ ദേവി, കല്‍പ്പന തുടങ്ങിയ ഒരു വമ്പിച്ച താരനിര തന്നെ ഈ പത്തു ചിത്രങ്ങളിലുമായുണ്ട്‌. ക്യാപിറ്റല്‍ ഫിലിംസിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്‌.

ഹ്രസ്വചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ യാത്ര ചെയ്യുന്നവരും, അവര്‍ റയില്‍‌വേ സ്റ്റേഷനിലെ ‘കേരള കഫെ’ എന്ന ഭക്ഷണ ശാലയില്‍ ഒന്നിച്ചു ചേരുന്നതിനെ ഇതിവ്രുത്തമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്‌. രഞ്ജിത്ത്‌ എന്ന സംവിധായകന്റെ മികവ്‌ പ്രകടമാകുന്ന ഒരു ചിത്രം കൂടിയാണിത്‌. ഇതിലെ ഒരോ ഷോട്ടുകളും ചിത്രീകരിച്ചിരിക്കുന്നത്‌ ഒരു രഞ്ജിത്ത്‌ ടച്ചിലാണ്. പത്തു കഥകളെ ഒന്നിച്ചു ചേര്‍ത്ത്‌ ഒന്നായി തിരശ്ശീലയിലെത്തിക്കുന്ന എന്ന് ഈ ഉദ്യമത്തിന് രഞ്ജിത്തിന് സഹായകമായിരിക്കുന്നത്‌ വിജയ് ശങ്കറെന്ന ചിത്ര സംയോജകന്‍ തന്നെയാണ്. ഏച്ചു കെട്ടല്‍ ഫീല്‍ ചെയ്യിക്കാതെ, അതി മനോഹരമായി തന്നെ ഈ ചിത്രങ്ങളെ കോര്‍ത്തിണക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ട ഒരു വസ്തുതയാണ്. മനോജ്‌ പിള്ള തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചിരുന്നു. പശ്ചാത്തല സംഗീതം പോലെ ഒഴുകി വരുന്ന ബിജിബാലിന്റെ കഥയമമ എന്ന ഗാനം ആകര്‍ഷകമാണ്.

കേരളാ കഫേയില്‍ ആദ്യമായി നമ്മുടെ മുന്നിലെത്തുന്ന ചിത്രം, എം.പത്മകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ‘നൊസ്റ്റാള്‍ജിയ’ ആണ്. ദിലീപ്‌, നവ്യാ നായര്‍, സുരേഷ്‌ ക്രുഷ്ണ, ബാബു നമ്പൂതിരി എന്നിവരാണ്. നമ്മുടെ നാടിനെ അത്യധികം സ്നേഹിക്കുന്ന ഒരു പ്രവാസിയുടെ കഥയാണ് ‘നൊസ്റ്റാള്‍ജിയ’. പുറം നാട്ടില്‍ താമസിക്കുമ്പോള്‍ നമ്മുടെ നാടിനെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുകയും, ഒടുവില്‍ നാട്ടിലെത്തിയാല്‍, നമ്മുടെ നാടിന്റെയും വ്യവസ്ഥിതിയെയും കുറിച്ച്‌ എപ്പോഴും പരാതിപ്പെടുന്ന ഒരു പ്രാവസിയെയാണ് ദിലീപിതില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. കഥ തന്നെ ചുറ്റിത്തിരിയുന്നത്‌ ദിലീപിന്റെ കഥാപാത്രത്തിനൊപ്പമാണ്. പക്ഷേ, ആ കഥാപാത്രത്തെ പൂര്‍ണ്ണമായും അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നത്‌ ഈ ചിത്രത്തെ പിന്നിലാക്കുവാന്‍ ഒരു പ്രധാന കാരണമായി. മറ്റുള്ളവര്‍ക്ക്‌ കാര്യമായി തിളങ്ങുവാനുള്ള അവസരവും ഈ രചനയിലില്ലാതെ പോയി.

ശങ്കര്‍ രാമക്രുഷ്ണന്‍ രചന നിര്‍വഹിച്ച്‌ സംവിധാനം ചെയ്തിരിക്കുന്ന ‘ഐലന്റ്‌ എക്സ്പ്രസ്സ്’ ആണ് രണ്ടാമതായി നമ്മുടെ മുന്നിലെത്തുന്ന ഹ്രസ്വചിത്രം. പൃഥ്വിരാജ്, കനി, മണിയന്‍‌പിള്ള രാജു, സുകുമാരി, ജയസൂര്, റഹ്മാന്‍ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. വളരെ വ്യത്യസ്തമായ രീതിയിലാണ് സംവിധായകന്‍ ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. കഥാപാത്രങ്ങളെ ഒന്നൊന്നായി പരിചയപ്പെടുത്തിയ ശേഷം, അവരെ കഥാഗതിയിലേക്ക്‌ യോജിപ്പിച്ചു ചേര്‍ക്കുക എന്ന സമീപനമാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്‌. അതു തന്നെയാണ് ഈ ചിത്രത്തെ മറ്റുള്ളവയില്‍ നിന്നും വിഭിന്നമാക്കിയിരിക്കുന്നത്‌. ഒരു ബന്ധവുമില്ലാത്ത കഥാപാത്രങളെ കൂട്ടിമുട്ടിക്കുന്നതില്‍ അല്പം അസ്വാഭാവികത തോന്നുന്നു. അതു പോലെ തന്നെ കഥാപാത്രങ്ങളുടെ സംഭാഷണത്തിലും ഒരല്പം ക്രിത്രിമത്വം തോന്നുന്നു. പക്ഷേ അതിനെ ചെറിയൊരു വീഴ്ചയായി കണ്ട്‌ ക്ഷമിക്കാവുന്നതേയുള്ളൂ, കാരണം ഇതിന്റെ സാങ്കേതിക വിഭാഗം മനോഹരമായി ഈ വീഴ്ചകള്‍ മറച്ചിട്ടുണ്ട്‌. പക്ഷേ കഥാകഥനത്തിലെ വിള്ളലുകള്‍ ചിത്രം പാളം തെറ്റിയോ എന്ന്‌ പ്രേക്ഷകനെ ചിന്തിപ്പിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

ഷാജി കൈലാസ് എന്ന സംവിധാകന്‍ അണിയിച്ചൊരുക്കുന്ന ‘ലളിതം ഹിരണ്മയം’, തന്റെ സ്ഥിരം ആക്ഷന്‍ ത്രില്ലര്‍ ശൈലിയില്‍ നിന്നും വേറിട്ടൊരു സമീപനമാണ്. സുരേഷ്‌ ഗോപി, ധന്യാ മേരി വര്‍ഗ്ഗീസ്‌, ജ്യോതിര്‍മയി എന്നിവരാണ് ഈ ഹ്രസ്വചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഒരു വേറിട്ട ശൈലി പരീക്ഷിക്കാനൊരുങ്ങിയ ഷാജി കൈലാസിനെ അഭിനന്ദിക്കാമെങ്കിലും, ഈ പരീക്ഷണം അമ്പേ പരാജയമായി എന്നു പറയുന്നതാവും ശരി. സുരേഷ്‌ ഗോപിയുടേയും ധന്യാ മേരിയുടേയും അഭിനയം മനം മടുപ്പിക്കുന്നതാണ്. തന്റെ കഥാപാത്രത്തെ നന്നാക്കാന്‍ ജ്യോതിര്‍മയി ശ്രമിച്ചിട്ടുണ്ടെങ്കിലും, അതെവിടേയും എത്തിച്ചേരാതെ പോകുന്നു. ഈ കഥാപാത്രങ്ങളേയും ചിത്രത്തേയും മറക്കുവാനാകും പ്രേക്ഷകര്‍ക്കു താല്പര്യം. എന്നാല്‍, സ്ഥിരം ഷാജി കൈലാസ്‌ ചിത്രങ്ങള്‍ പോലെ ഈ ചിത്രവും സാങ്കേതികതികവു നിലനിര്‍ത്തുന്നു എന്നത്‌ ആശ്വാസകരമായി.

ഉദയ്‌ അനന്തന്‍ ഒരുക്കിയ ‘മൃത്യുഞ്ജയ‘മാകും പ്രേക്ഷകരെ ഏറ്റവും നിരാശപ്പെടുത്തിയ മറ്റൊരു ഹ്രസ്വചിത്രം. തിലകന്‍, റീമ കല്ലുങ്കല്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിലൂടെ പ്രേക്ഷകരോട്‌ എന്താണ് ഉദയ്‌ പറയാന്‍ ശ്രമിച്ചിരിക്കുന്നത്‌ എന്ന്‌ എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഹരി നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌. അതിനൊപ്പം സംജത്തിന്റെ ചിത്രസന്നിവേശവും ഔസേപ്പച്ചന്റെ സംഗീതവും ചേരുമ്പോള്‍ കഥയില്‍ പറയാനുദ്ദേശിക്കുന്ന നിഗൂഢത ആവിഷകരിക്കുവാന്‍ സാധിക്കുന്നുണ്ട്‌.

അഞ്ജലി മേനോന്‍‌ന്റെ ‘ഹാപ്പി ജേര്‍ണി’യാണ് കേരളാ കഫേയിലെ മറ്റൊരു ഹ്രസ്വ ചിത്രം. ജഗതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍, മുകുന്ദന്‍, നിത്യാമേനോന്‍ എന്നിവരും അഭിനയിക്കുന്നു. വളരെക്കാലത്തിനു ശേഷം ജഗതിയില്‍ നിന്നും അതിമനോഹരമായ ഒരഭിനയം കാണുവാന്‍ സാധിക്കുന്നു എന്നതാവും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. സ്ത്രീലമ്പടനായ കഥാപാത്രത്തെ അതിമനോഹരമായും അനായാസമായുമാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. വളരെ ചെറിയ പ്രമേയത്തെ ദ്രുശ്യവത്കരിച്ചപ്പോള്‍, അതിന്റെ കാമ്പ്‌ ചോര്‍ന്നു പോകാതെ അവതരിപ്പിക്കാന്‍ അഞ്ജലി മേനോന് കഴിഞ്ഞിരിക്കുന്നു. കേരളാ കഫേയിലെ ലളിതവും രസകരവുമായ ഹ്രസ്വചിത്രം എന്നവകാശപ്പെടാവുന്നത്‌ ഈ ചിത്രത്തിനാണ്.

സിദ്ധിഖ്‌, ശ്വേതാ മേനോന്‍ എന്നിവരെ നായികാ നായകന്മാരാക്കി ബി.ഉണ്ണിക്രുഷ്ണന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ‘അവിരാമം’. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും, കുടുംബജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ ചിത്രം, പരസ്പര വിശ്വാസത്തേയും സ്നേഹത്തേയും കുറിച്ച്‌ പ്രതിപാദിച്ചു കൊണ്ട്‌, അതി മനോഹരമായി തന്നെ ഭാര്യാ-ഭര്‍ത്ത്രുബന്ധത്തിന്റെ കഥ പറഞ്ഞിരിക്കുന്നു. സിദ്ധിഖിന്റെ പ്രകടനം തിളക്കാമാര്‍ന്നതാണെന്നു പറയാതെ വയ്യ. പക്ഷേ അതിനൊപ്പം മത്സരിച്ചഭിനയിക്കാന്‍ ശ്വേതാ മേനോനു കഴിഞ്ഞു എന്നതാണ് ആ കോമ്പിനേഷന്റെ വിജയമായി ഈ ചിത്രം മാറുന്നത്‌. രചയിതാവ്‌ ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ ചിത്രത്തിലൂടെ കഥപറഞ്ഞു ഫലിപ്പിക്കുവാന്‍ കഴിഞ്ഞിരിക്കുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

ശ്യാമപ്രസാദ്‌, ആദ്യമായി കോമഡി താരം സുരാജ്‌ വെണ്ണാറമൂടിനെ നായകനാക്കി അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് ‘ഓഫ്‌ സീസണ്‍’. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്‌ ജോഷ്വാ ന്യൂട്ടണാണ്.
ഋതു എന്ന ചിത്രത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച ഈ ജോഡി, പക്ഷേ കേരളാ കഫേയില്‍ നമുക്ക്‌ സമ്മാനിക്കുന്നത്‌ നിരാശയാണ്. ഹാസ്യത്തിന്റെ മേമ്പൊടിയില്‍ കഥപറയുവാനാണ് ശ്യാമപ്രസാദ്‌ ശ്രമിച്ചിരിക്കുന്നത്‌. അദ്ദേഹം തന്റെ സ്ഥിരം ശൈലിയില്‍ നിന്നും ഒന്നു വേറിട്ടു ചരിക്കുവാന്‍ ശ്രമിക്കുകയാണ് ഓഫ്‌ സീസണിലൂടെ. പക്ഷേ സുരാജ്‌ വെഞ്ഞാറമൂടിന് തന്റെ കഥാപാത്രത്തെ യാഥാര്‍ത്ഥ്യത്തോടെ ഉള്‍ക്കൊള്ളുവാനോ അഭിനയിച്ചു ഫലിപ്പിക്കുവാനോ കഴിയാതിരുന്നത്‌ ഓഫ്‌ സീസണെ ഒരു ദുരന്തമാക്കി. ചിത്രത്തിലെ മാനസമൈനേ വരൂ - റീമിക്സും നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്.

'രാജമാണിക്യം', 'ഛോട്ടാമുബൈ' തുടങ്ങിയ ചിത്രങ്ങളൊരുക്കിയ അന്‍‌വര്‍ റഷീദ്‌ അണിയിച്ചൊരുക്കുന്ന ‘ബ്രിഡ്ജ്‌‘ കേരളാ കഫേയിലെ സര്‍പ്രൈസ്‌ പാക്കേജ്‌. ഒരിക്കലും അന്‍‌വര്‍ റഷീദില്‍ നിന്നും നാം പ്രതീക്ഷിക്കാത്തെ ഒരു ദ്രുശ്യ വിസ്മയമാണ് ബ്രിഡ്ജ്‌ എന്ന ചിത്രം. ആര്‍.ഉണ്ണി രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലൂടെ, താന്‍ മലയാള സിനിമയ്ക്കൊരു മുതല്‍ക്കൂട്ടാണ് എന്നു വിളിച്ചറിയിക്കുകയാണ് അന്‍‌വര്‍. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌ ശാന്താദേവി, സലീം കുമാര്‍, കല്‍പ്പന എന്നിവരാണ്. ഇവര്‍ മൂന്നു പേരും മത്സരിച്ചഭിനയിക്കയാണ് ബ്രിഡ്ജില്‍. സലീം കുമാരിന് ക്യാരക്ടര്‍ റോളുകള്‍ നന്നായി ഇണങ്ങുമെന്ന്‌ അദ്ദേഹം വീണ്ടും തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ. സുരേഷ്‌ രാജന്റെ ഛായാഗ്രഹണവും ദില്‍ജിത്തിന്റെ കലാസംവിധാനവും വിവേക്‌ ഹര്‍ഷന്റെ എഡിറ്റിംഗും ഈ ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്. അതി നിശബ്ദമായി ചിത്രം കാണുകയും ഒടുവില്‍ കരഘോഷങ്ങളോടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രേക്ഷകരേയാവും നിങ്ങള്‍ക്കിതിനു കാണാന്‍ കഴിയുക. പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട്‌ കേരളാ കഫേയിലെ താരമായി മാറുകയാണ് അന്‍‌വര്‍ റഷീദ്‌ ബ്രീഡ്ജിലൂടെ.

സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന ’മകള്‍’ എന്ന ചിത്രവുമായാണ് രേവതി കേരളാ കഫേയില്‍ തന്റെ സാന്നിധ്യമറിയിക്കുന്നത്‌. ദീദീ ദാമോദരനാണ്‌ ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും നിര്‍വഹിച്ചിരിക്കുന്നത്‌. ശ്രീനാഥ്‌, സോനാ‍ നായര്‍, അഗസ്ട്യനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌ മധു അമ്പാട്ടാണ്. കുട്ടികളെ കച്ചവടച്ചരക്കാക്കുന്നവരുടെ കഥയാണ് മകള്‍. ശക്തമായ ഒരു പ്രമേയത്തെ, ലളിതമായും, അല്പം ക്ലീഷേ എന്നു തോന്നുമെങ്കിലും, മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്‌. അതില്‍ സംവിധായിക രേവതി അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

ലാല്‍ ജോസ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'പുറംകാഴ്‌ചകളാ'-ണ്‌ കേരളാ കഫേയിലെ അവസാന ചിത്രം. സി.വി ശ്രീരാമന്റെ പുറം കാഴ്ചകളെന്ന കഥയാണ്‌ ചിത്രത്തിന്‌ ആധാരം. മമ്മൂട്ടി, ശ്രീനിവാസന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഇതിന്റെ ലാളിത്യത്താലും, പ്രേക്ഷകരെ അമ്പരപ്പിലേക്ക്‌ തള്ളിവിടുന്ന ക്ലൈമാക്സും കൊണ്ട്‌ മനോഹരമായ ഒരു ഹ്രസ്വചിത്രമായി മാറുന്നു. നമ്മുടെ സഹയാത്രികരെക്കുറിച്ച്‌ നാം ചിന്തിച്ചു കൂട്ടുന്നതൊക്കെ എത്രത്തോളം വലിയ മണ്ടത്തരമാകാം എന്നു നമ്മെ പഠിപ്പിക്കുന്ന ഒരു ചിത്രമാണിത്‌. പുറം കാഴ്ചകള്‍ നമ്മെ എത്രത്തോളം തെറ്റിദ്ധരിപ്പിക്കുമെന്ന്‌ നമ്മെ ചിന്തിപ്പിക്കുവാന്‍ ഈ ചിത്രത്തിനാകുന്നു എന്നത്‌ ഇതിന്റെ പ്ലസ്‌ പോയിന്റാണ്. കേരളാ കഫേയിലെ ഏറ്റവും ശക്തമായ തിരക്കഥ പുറം കാഴ്ചകളുടേതാണെന്ന് നിസ്സംശയം പറയാം. ലാല്‍ ജോസ്‌ അതൊനൊരു അഭിനന്ദനം അര്‍ഹിക്കുന്നു. ഒരൊറ്റ ഡയലോഗിലൂടെ മമ്മൂട്ടിയുടെ കഥാപാത്രവും പ്രേക്ഷകരുടെ കയ്യടി നേടുന്നു.

മലയാള ചലച്ചിത്ര ശാഖയ്ക്കു തന്നെ പുതുമ സമ്മാനിക്കുന്ന ഒരു പരീക്ഷണ ചിത്രം എന്ന രീതിയിലാവും ഈ ചിത്രം പ്രേക്ഷക മനസ്സുകളില്‍ ഇതിന്റെ സ്ഥാനം. പത്തു സംവിധായകര്‍, പത്തു കഥകള്‍, അവ കോര്‍ത്തിണക്കി ഒരു ദ്രുശ്യാനുഭവം. ഈ പരീക്ഷണ ചിത്രത്തെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തു കഴിഞ്ഞു എന്ന്‌ തീയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. മലയാള സിനിമയിലെ ഒരു പുത്തനുണര്‍വ്വാണീ ചിത്രം. മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ സിനിമാ രംഗത്തും, പ്രേക്ഷകര്‍ക്കിടയിലും ബാക്കിയുണ്ടെന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുവാന്‍ ഈ ചിത്രം സഹായിക്കുന്നു... ഇത്തരം ഒരു സംരഭത്തിന് ധൈര്യപൂര്‍വ്വം മുന്നിട്ടിറങ്ങിയ രഞ്ജിത്തിനും, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍....

കേരളാ കഫേയിലെ ചിത്രങ്ങള്‍ : എന്റെ റേറ്റിങ്

1) ബ്രിഡ്ജ് - അന്‍വര്‍ റഷീദ് [4.7/5.0]

2) പുറം കാഴ്ചകള്‍ - ലാല്‍ ജോസ് [4.5/5.0]

3) മകള്‍ - രേവതി [4.1/5.0]

4) ഹാപ്പി ജേണി - അഞ്ജലി മേനോന്‍ [4.0/5.0]

5) ഐലന്റ് എക്സ്പ്രസ് - ശങ്കര്‍ രാമകൃഷ്ണന്‍ [3.8/5.0]

6) അവിരാമം - ഉണ്ണികൃഷ്ണന്‍. ബി [3.6/5.0]

7) നോസ്റ്റാല്‍ജിയ - പത്മകുമാര്‍ [3.5/5.0]

8) ഓഫ് സീസന്‍ - ശ്യാമപ്രസാദ് [2.5/5.0]

9) മൃതുഞ്ജയം - ഉദയ് അനന്തന്‍ [1.6/5.0]

10) ലളിതം ഹിരണ്മയം - ഷാജി കൈലാസ് [1.4/5.0]


കേരളാ കഫേ - രഞ്ജിത്ത്‌ & ക്രൂ - [3.5/5.0 ]

ആകെത്തുക: 7.5/10.0

2 comments:

  1. ഇത് കണ്ടിറങ്ങുന്ന എല്ലാവരുടെയും ആദ്യത്തെ 5 മികച്ച സിനിമകളുടെ ലിസ്റ്റ് ഇത് തന്നെ ആരിക്കും.. ബാക്കി 5 ആരും കണക്കില്‍ എടുക്കുന്നില്ല. മൃത്യുന്ജയം സിനിമയില്‍ ഫാസിലിന്റെ മകന്‍ ഷാനു ആണ് അഭിനയിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് ഒരു വന്‍ സംഭവം ആണെന്ന് ഇത് കണ്ടപ്പോള്‍ ആണ് മനസ്സിലായത്.. സലിം കുമാറിന്റെ ആ ലോങ്ങ്‌ ഷോട്ടും അവസാനം പുള്ളി കരയുന്നതും.. ശെരിക്കും ഒരു വിങ്ങല്‍ ഉണ്ടാക്കുന്ന സീന്‍ തന്നെ ആരുന്നു.. പുറം കാഴ്ചകളുടെ ക്ലൈമാക്സ്‌ അടുത്ത കാലത്ത് കണ്ട സിനിമകളിലെ ഏറ്റവും നല്ല ക്ലൈമാക്സ്‌ ആരുന്നു.. നല്ല റിവ്യൂ..കുറെ എഴുതി ഓവര്‍ ആക്കാതെ.. എല്ലതിനെ കുറിച്ചും നല്ല വണ്ണം പ്രതിപാധിച്ചിരിക്കുന്നു.. കൊള്ളാം..

    ReplyDelete
  2. @ അഖില്‍.... നന്ദി. അന്‍‌വര്‍ രഷീദിന് ഇനി കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നു കരുതാം. മലയാളത്തിന് ഒരു പ്രോമിസിങ്‌ സംവിധായകന്‍ കൂടി...

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.