Tuesday, April 14, 2009

വിഷുസ്മരണകള്‍


വിഷു എന്നു കേല്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക്‌ കടന്നു വരുന്നത്‌, ചെറുപ്പക്കാലത്തെ വിഷുക്കാലമാണ്‌. മധ്യവേനലവധിയുടെ ഇടയിലാണ്‌ വിഷു വരുന്നത്‌.... അവധി തുടങ്ങിയാല്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ദിനമാണ്‌ വിഷു. പല കാരണങ്ങളുണ്ട്‌, സമപ്രായക്കാരായ കുട്ടികള്‍ വരും, കൈനീട്ടം, അമ്മയുടെ തറവാട്ടില്‍ പോകാം അങ്ങനെ പലതും...

കണിക്കൊന്നയും കണിവെള്ളരിയ്ക്കയും നിലവിളക്കും അഷ്ടമംഗല്യവും വച്ചു അലംകൃതമായ ഉണ്ണിക്കണ്ണന്റെ തിരുമുഖം കണി കണ്ടാണ്‌ നാം വിഷു ദിനം തുടങ്ങുന്നതു തന്നെ. അതി രാവിലെ, ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്‍പ്പിച്ച്‌, കണ്ണുകള്‍ പൊത്തി, അമ്മ നമ്മെ വിഷുക്കണി കാണിക്കുന്നു. ഇരുട്ടില്‍ നിന്നും വെളിച്ചത്തേക്ക്‌ നയിക്കുന്നു, അല്ലെങ്കില്‍ തിന്മയുടെ ലോകത്തു നിന്നും നന്മയുടെ ലോകത്തേക്കൊരു കാല്‍വയ്പ്പ്‌, ഒരു പുതുവര്‍ഷം നന്മയുടെതാകട്ടെ, സമൃദ്ധി കണ്‍കണ്ട്‌ ഉണര്‍ന്നാല്‍ ആ വര്‍ഷം സമൃദ്ധിയുടേതാവും അങ്ങനെ പല പല വിശ്വാസങ്ങളാണ്‌ ഇതിനു പിറകിലുള്ളത്‌. പാതി ഉറക്കത്തില്‍ കണികണ്ട്‌, തലേന്ന്‌ തന്നെ മേടിച്ചു വച്ചിരിക്കുന്ന കമ്പിത്തിരിയും പൂത്തിരിയും ഓലപ്പടക്കവുമെല്ലാമായി മുറ്റത്തേക്ക്‌. മറ്റുള്ളവരെ ഉണര്‍ത്താനായി ആദ്യം മാലപ്പടക്കം, അതിനു പിറകെ ഓലപ്പടക്കങ്ങള്‍. കുട്ടികള്‍ എഴുന്നേറ്റു വരുമ്പോള്‍ അവര്‍ക്കായി, പൂത്തിരിയും മത്താപ്പും കമ്പിത്തിരിയും... നേരം വെളുക്കുന്നതു വരെ ഇതു തന്നെയാവും മുഖ്യപരിപാടി. അയല്‍വക്കത്തെ കുട്ടികളുമായി മത്സരിച്ച്‌ പടക്കം പൊട്ടിക്കുന്ന പരിപാടിയുമുണ്ട്‌.

രാവിലെ തന്നെ കുളിച്ച്‌ അമ്പലത്തില്‍ പോകും. അവിടെ തിരുമേനിയുടെ കയ്യില്‍ നിന്നു കിട്ടുന്ന ഒരു രൂപ നാണയമാണ്‌ ആദ്യത്തെ വിഷുക്കൈനീട്ടം. പിന്നീട്‌ വീട്ടിലെത്തിയാല്‍ മുത്തച്ഛന്റെ കയ്യില്‍ നിന്നാദ്യം, പിന്നെ അച്ഛന്റെ കയ്യില്‍ നിന്നും അമ്മയുടെ കൈയ്യില്‍ നിന്നും കൈനീട്ടം വാങ്ങും. പിന്നെ ബന്ധുക്കളുടെ കൈകളില്‍ നിന്നെല്ലാം "പിരിവു" പോലെ കൈനീട്ടം വാങ്ങലാണ്‌ പരിപാടി... അന്നത്തെ ദിവസത്തേക്കായി, എവിടെ നിന്നെങ്കിലും ഒരു പേഴ്സ്‌ സംഘടിപ്പിച്ചു വച്ചിട്ടുണ്ടാകും, കളക്ഷന്‍ സൂക്ഷിക്കാം. ഒരോ പത്തു മിനിട്ടിലും അത്‌ എണ്ണിത്തിട്ടപ്പെടുത്തുക എന്നതാണ്‌ പ്രധാനപരിപാടി. എണ്ണിയാല്‍ കൂടുമോ എന്നറിയേണ്ടേ? അതുപോലെ തന്നെ, സമപ്രായക്കാരായ് മറ്റുള്ളവര്‍ക്ക്‌ എത്ര കൈനീട്ടം കിട്ടി എന്നു നോക്കും, ഏറ്റവും കൂടുതല്‍ കിട്ടുന്നയാളാണ്‌ രാജാവ്‌. അയാളെ എപ്പോഴും അസൂയയോടെയാണ്‌ മറ്റുള്ളവര്‍ കാണുക.

പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍ ഊഞ്ഞാലിലും മറ്റു കളികളിലുമായി ഉച്ചവരെ. അതിനിടയില്‍ കുറച്ചു നേരം ടി.വിയുടെ മുന്നില്‍. ഇന്നത്തെ പോലെ കുറെയധികം ചാനലുകളും, അതിലെല്ലാം വിഷു പരിപാടികളുമൊന്നും അന്നില്ല. ഒരേയൊരു ചാനല്‍, ക്രൂരദര്‍ശന്‍ അഥവാ ദൂരദര്‍ശന്‍. ഓണമായാലും വിഷുവായാലും അതില്‍ മുടങ്ങാതെ വരുന്ന ഒരു പ്രോഗ്രാമുണ്ടായിരുന്നു, മോഹന്‍ലാല്‍ പാടുന്ന "പൂക്കച്ച മഞ്ഞക്കച്ച.." എന്നു തുടങ്ങുന്ന ഒരു പാട്ട്‌. പിന്നെ സദ്യ. അച്ഛന്റെ തറവാട്ടില്‍ കുട്ടികള്‍ക്കെല്ലാം നിലത്ത്‌ പായവിരിച്ച്‌ തൂശനിലയിലാണ്‌ വിഷു സദ്യ.. രണ്ടു കൂട്ടം പായസം എന്തായാലുമുണ്ടാകും... കാളനും കൂട്ടുകറിയും ഇഞ്ചിക്കറിയുമെല്ലാം കൂട്ടി നല്ലൊ സദ്യ. അതു തീര്‍ന്നാല്‍ പിന്നെ ഒരോട്ടമാണ്‌ ടി.വിയുടെ മുന്നിലേക്ക്‌. അന്നൊക്കെ ഏതെങ്കിലും വിശേഷദിവസം വന്നാല്‍ മാത്രമേ ടിവില്‍ അല്‍പ്പമെങ്കിലും പുതിയ ഒരു സിനിമവരൂ. അതു കാണാന്‍ ഇരിക്കുന്നത്‌ എല്ലാവരും ഒരുമിച്ചാവും.

സിനിമ തീരുന്നതിന്‌ മുന്നെ തന്നെ അമ്മയുടെ വിളിവരും. അമ്മയുടെ തറവാട്ടിലേക്ക്‌ പോവാനായി. വൈകിട്ട്‌ നാലുമണിക്ക്‌ തൊടുപുഴയില്‍ നിന്നും പലായിലേക്ക്‌ രാമപുരം വഴി പോകുന്ന ജീസസ്‌ ബസ്‌. അലൂമിനിയം കളറില്‍, കടും പച്ച വരകളുള്ള ഒരു ബസ്‌, അതിലാണ്‌ അമ്മയുടെ തറവാട്ടിലേക്ക്‌. അവിടെയെത്തുമ്പോള്‍ സമയം അഞ്ചരയാകും. പിന്നെ കൈനീട്ടം വാങ്ങി, ഉപ്പേരിയൊക്കെ കഴിച്ച്‌ അങ്ങനെ അവിടെ. ചെറിയ തോതില്‍ പടക്കങ്ങള്‍ അവിടേയും കാണും. അതു പൊട്ടിക്കും, അപ്പോഴേക്കും രാത്രിയാവും... പിന്നെ ചെറിയൊരു സദ്യയും, ഉറക്കവും... എന്റെ മധ്യവേനലവധിക്കാലം അവിടെ തുടങ്ങുകയായി...

ഇന്ന്‌ പിറകോട്ടു ചിന്തിക്കുമ്പോള്‍ അതെല്ലാം ഓര്‍മ്മകള്‍ മാത്രം... തിരക്കേറിയ ജീവിതത്തിനിടയില്‍ ഒരു വഴിപാടു പോലെ വിഷു ആഘോഷിക്കുമ്പോള്‍, ഈ സ്മരണകള്‍ ആനന്ദവും, അതേ സമയം വേദനയും സമ്മാനിക്കുന്നു.... ഇനിയൊരു മടക്കമുണ്ടാകില്ല എന്നറിയാം... എന്നാലും വെറുതേ ആശിച്ചു പോകുകയാണ്‌.... അങ്ങോട്ടൊന്ന്‌ മടങ്ങുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍....


സന്തോഷത്തിന്റെയും സമൃദ്ധിയുടേയും
വരും നാളുകളേക്കുറിച്ചുള്ള പ്രതീക്ഷകള്‍
സാഫല്യമാകാന്‍.....
എല്ലാവര്‍ക്കും വിഷുദിനാശംസകള്‍!

2 comments:

  1. നന്നായിരിക്കുന്നു നല്ല സ്മരണ

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.