ബി.സി.സി.ഐയുടെ ബുദ്ധിയില്‍ ഉദിച്ച എമണ്ടന്‍ ആശയമായിരുന്നു ഐ.പി.എല്‍. ഇന്ത്യ ട്വന്റി-20 ലോകകപ്പ് നേടിയതിനു പിന്നാലെ 8 ടീമുകളെ ഉള്‍പ്പെടുത്തി ഒരു ട്വന്റി-20 ടൂര്‍ണ്ണമെന്റ് തുടങ്ങാന്‍ ബി.സി.സി.ഐ തീരുമാനിക്കയായിരുന്നു. അതിനായി ഐ.പി.എല്‍ ഗവേണിങ് ബോഡി ഉണ്ടാക്കുകയും ലളിത് മോഡിയെ അതിന്റെ കമ്മീഷണറായി നിയമിക്കയും ചെയ്തു. ഐ.പി.എല്ലിന്റെ രണ്ടു സീസണ്‍ കഴിഞ്ഞതോടെ ലളിത് മോഡി ശക്തനായി വളര്‍ന്നു. പൊന്മുട്ടയിടുന്ന താറാവായി ഐ.പി.എല്ലിനെ കണ്ട ബി.സി.സി.ഐ, ലളിത് മോഡിക്ക് സര്‍വ്വ സ്വാതന്ത്ര്യവും അനുവദിച്ചു. ഐ.പി.എല്ലിനെ നാലാം സീസണിനായി രണ്ടു ടീമുകളെക്കൂടി ഉള്‍പ്പെടുത്തും എന്ന് മോഡി കഴിഞ്ഞ വര്‍ഷമേ വെളിപ്പെടുത്തിയതാണ്. അതോടെയാണ് ഈ കഥയുടെ തുടക്കം.
800 കോടി രൂപയ്ക്കാണ് ആദ്യ സീസണില്‍ ടീമുകളെ ഫ്രാഞ്ചൈസികള്‍ ഏറ്റെടുത്തത്. നാലാം സീസണില്‍ പുതിയ് രണ്ടു ടീമുകള്‍ കൂടി വരുന്നു എന്നു കേട്ടപ്പോള്‍ നമ്മുടെ പ്രിയദര്‍ശന്‍ സാറും ലാലേട്ടനും കൂടി കൊച്ചിക്കായി ഒരു ടീമിനെ കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ച് രംഗത്തിറങ്ങി. ഒട്ടനവധി ബിസിനസ് ഗ്രൂപ്പുകള്‍ മത്സര രംഗത്തുണ്ടായിട്ടും ദേശീയ മാധ്യമങ്ങള്‍ വരെ ഈ പ്രിയദര്‍ശന്‍-ലാലേട്ടന്‍ കൂട്ടുകെട്ടിന്റെ പുതിയ ഈ സംരഭത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചു തുടങ്ങി. ബോളിവുഡ് താരങ്ങളും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും ഇതിനെ പിന്തുണയ്ക്കും എന്നൊരു ശ്രുതിയും കേട്ടിരുന്നു. ആദ്യ ലേലം നടക്കേണ്ടിയിരുന്ന മാര്‍ച്ച് ആദ്യവാരത്തിന് വെറും ഏഴു ദിവസം മുന്നെ, ലളിത് മോഡി പുതിയ രണ്ടു ‘ചെറിയ’ നിബന്ധനകള്‍ ലേലത്തിനായി കൂട്ടിച്ചേര്‍ത്തു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വെറും 5000 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി ഉണ്ടാവണമെന്നും, ആദ്യമെ തന്നെ 300 കോടി കെട്ടു വയ്ക്കണമെന്നും. ഈ നിബന്ധന അറിഞ്ഞതോടെ പ്രിയദര്‍ശനും ലാലേട്ടനും സമസ്താപരാധം പറഞ്ഞ് പിന്മാറി. എന്നാല്‍ ആ കൂട്ടത്തില്‍ ലേലത്തിനായി കാത്തു നിന്ന പത്തോളം ഗ്രൂപ്പുകളും പിന്‍വാങ്ങി. സംഗതി ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ അറിഞ്ഞു. പുള്ളിക്കാരന്‍ ശരത് പവാറുമായി ചര്‍ച്ച നടത്തി ഈ നിബന്ധനകള്‍ മാറ്റണമെന്നു മോഡിയോട് ആവശ്യപ്പെട്ടു. ഒടുവില്‍ ബി.സി.സി.ഐയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി, ആദ്യം ലേലം മാറ്റി വച്ചു. പിന്നീട് നിബന്ധനകളും മാറ്റി. എന്നാല്‍ അദ്ദ്യത്തെ തിക്താനുഭവത്തില്‍ തന്നെ മനം മടുത്ത പ്രിയദര്‍ശന്‍, ഇനി ലേലത്തിനില്ല എന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചു. അതോടെ കേരളത്തിന് ഒരു ഐ.പി.എല്‍ ടീമെന്ന സ്വപ്നം പൊലിഞ്ഞു തുടങ്ങി. രണ്ടാം വട്ടം ലേല നടപടികള്‍ തുടങ്ങിയപ്പോള്‍ മത്സരത്തിനുണ്ടായിരുന്നത്, പൂനയ്ക്കു വേണ്ടി സഹാറാ ഗ്രൂപ്പും അഹമ്മദാബാദിനു വേണ്ടീ വീഡിയോകോണും അദാനി ഗ്രൂപ്പുമായിരുന്നു. എതിരില്ലാതെ തന്നെ ഇവര്‍ ടീമുകളെ സ്വന്തമാക്കുമെന്ന് എല്ലാവരും പ്രവചിച്ചു. എന്നാല്‍ പ്രവചനങ്ങളെ അട്ടിമറിച്ച് അവസാന നിമിഷം റെണ്ടേവു കണ്‍സോര്‍ഷ്യം കൊച്ചി ടീമിനെ സ്വന്തമാക്കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരായിരുന്നു ഇതിന്റെ ചരടുവലികള്‍ക്കു പിന്നില്‍. ടീം മോഹിച്ചു നടന്ന അദാനി ഗ്രൂപ്പും വീഡിയോക്കോണും അതോടെ നിരാശരായി മടങ്ങി.
ലേലത്തിനു മുന്നെ മോഡി കളികള്‍ തുടങ്ങിയിരുന്നു. ബി.സി.സി.ഐയുടെ അനുവാദം കൂടാതെ ലേലത്തിന്റെ നിബന്ധനകള്‍ മാറ്റിയത് ശരത് പവാറിന് താല്‍പര്യമുള്ള സഹാറാ ഗ്രൂപ്പിനേയും, ലളിത് മോഡിക്കു താല്പര്യമുള്ള അദാനി ഗ്രൂപിനേയും വീഡിയോക്കോണിനേയും സഹായിക്കാനായിരുന്നു. അതു പാളിയെങ്കിലും പ്രിയദര്‍ശനും കൂട്ടരും പിന്മാറിയതോടെ പഴയ നിബന്ധനകള്‍ വച്ച് അനായാസമായി പൂനെയും അഹമ്മദാബാദും ടീമുകള്‍ ലേലം ചെയ്യപ്പെടും എന്നായിരുന്നു മോഡിയുടെ കണക്കു കൂട്ടലുകള്‍. എന്നാല്‍ ആ സ്വപ്നത്തില്‍ വെള്ളം കോരിയൊഴിച്ചായിരുന്നു റെണ്ടേവുവുന്റെ കടന്നു വരവ്. അത് തെല്ലൊന്നുമല്ല മോഡിയെ അലോസരപ്പെടുത്തിയത്. ബിഡിങ്ങ് കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ ബി.സി.സി.ഐയുമായി കരാര്‍ ഒപ്പിടണമെന്നാണ് വ്യവസ്ഥ. അതിനു മുന്നെ തന്നെ, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തില്‍ ഭാഗമായന്ന ഗുജറാത്തി ഗ്രൂപ്പുകള്‍ക്കുമേല്‍, കണ്‍സോര്‍ഷ്യത്തില്‍ നിന്നും പിന്മാറാനായി രാഷ്ട്രീയ തലത്തില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഗുജറാത്തി ഗ്രൂപ്പുകള്‍ കേരളാ ടീമിനെ അല്ല പിന്തുണ്ടയ്ക്കേണ്ടതെന്നും, കണ്‍സോര്‍ഷ്യം തകര്‍ന്നാല്‍ വീണ്ടും ബിഡിങ് നടക്കുമെന്നും, ആ സമയത്ത് അദാനി ഗ്രൂപ്പും വീഡിയോക്കോണുമായി ചേര്‍ന്ന്` അഹമ്മദാബാദിനായി ലേലം നടത്തി ടീമുണ്ടാക്കണമെന്നുമായിരുന്നു സമ്മര്‍ദ്ദം. എന്നാല്‍ ശശി തരൂരിന്റെ ഇടപെടല്‍ ആ നീക്കത്തെ തകര്‍ത്തു. അതിനിടെ ചില പ്രമുഖ ദേശീയ മാധ്യമങ്ങളില്‍, റെണ്ടേവൂ കണ്‍സോര്‍ഷ്യം തകര്‍ന്നു എന്നൊരു വാര്‍ത്ത ഐ.പി.എല്ലിനെ ഉദ്ധരിച്ച് വന്നിരുന്നു. ഈ വാര്‍ത്ത റെണ്ടേവൂ കണ്‍സോര്‍ഷ്യം നിഷേധിച്ചിരുന്നു. കൂടാതെ അറിയപ്പെടാത്ത ആള്‍ക്കാര്‍ക്ക് റെണ്ടേവൂ കണ്‍സോര്‍ഷ്യം ഓഹരി വിറ്റു എന്ന് മറ്റൊരു വാര്‍ത്ത പുറത്തു വന്നു. അത് ടീമിന്റെ അംഗീകാരം തന്നെ നഷ്ടപ്പെടുത്താന്‍ കാരണമാകുമായിരുന്നു. എന്നാല്‍ തങ്ങള്‍ ആദ്യം നല്‍കിയ ലിസ്റ്റിലെ ഓഹരി ഉടമകള്‍ മാത്രമേ തങ്ങള്‍ക്കുള്ളൂ എന്ന് റെണ്ടേവൂ കണ്‍സോര്‍ഷ്യം പ്രഖ്യാപിച്ചതൊടെ ആ വിവാദത്തിനും അന്ത്യമായി. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഈ വിവരങ്ങള്‍ എവിടെ നിന്നും ലഭിച്ചു എന്നത്` ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ബി.സി.സി.ഐയുമായി കരാര്‍ ഒപ്പിടാന്‍ ബാംഗ്ലൂര്‍ എത്തിയ റെണ്ടേവൂ കണ്‍സോര്‍ഷ്യത്തെ കാണുവാന്‍ ലളിത് മോഡി കൂട്ടാക്കിയില്ല. അന്നു നടന്ന ഐ.പി.എല്‍ മത്സരം കാണുവാന്‍ പോയ മോഡി തിരിച്ച് ഹോട്ടലിലെത്തിയത് രാത്രി പന്ത്രണ്ടരയോടെയായിരുന്നു. കരാര്‍ ഒപ്പിടല്‍ നീട്ടി വയ്പ്പിക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെങ്കിലും, ഹോട്ടലില്‍ കാത്തിരുന്ന റെണ്ടേവൂ കണ്‍സോര്‍ഷ്യം ആ രാത്രിയില്‍ തന്നെ കരാര്‍ ഒപ്പിട്ടു.
എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം തന്നെ, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിന്റെ ഓഹരി ഉടമകളുടെ വിവരങ്ങല്‍ പ്രസിദ്ധപ്പെടുത്തി. മോഡിയുടെ വെളിപ്പെടുത്തല്‍ പ്രകാരം റോന്ദേവൂവിന് 25 ശതമാനം സൗജന്യ ഓഹരിയുണ്ട്. ഇതിനു പുറമെ റോന്ദേവൂവിന് ഒരു ശതമാനം, ആങ്കറിന് 27 ശതമാനം, പരിണീക്ക് 26 ശതമാനം, ഫിലിം വേവ്‌സ് കമ്പൈനിന് 12 ശതമാനം, ആനന്ദ് ശ്യാമിന് എട്ടു ശതമാനം, വിവേക് വേണുഗോപാലിന് ഒരു ശതമാനം എന്നിങ്ങനെയാണ് ഓഹരികളുള്ളത്. റോന്ദേവൂവിന്റെ സൗജന്യ ഓഹരികള്‍ കിസാന്‍ ഗെയ്ക്‌വാദ്, ശൈലേന്ദ്ര ഗെയ്ക്‌വാദ്, പുഷ്പ ഗെയ്ക്‌വാദ്, സുനന്ദ പുഷ്‌കര്‍, പൂജ ഗുലാത്തി, ജയന്ത് കോട്ടല്‍വാര്‍, വിഷ്ണു പ്രസാദ്, സന്ദീപ് അഗര്‍വാള്‍ എന്നിവര്‍ക്കാണെന്നും മോഡി പറഞ്ഞു. ഐ.പി.എല്‍ ടീമുടമകളുടെ അംഗീകാരത്തൊടെ മാത്രമെ ഓഹരിയുടമകളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താവൂ എന്നാണ് ചട്ടം. എന്നാല്‍ ലളിത് മോഡി അതു ലംഘിച്ച്, ട്വിറ്ററില്‍ ഓഹരി ഉടമകളുടെ വിവരങ്ങള്‍ പുറത്താക്കുകയായിരുന്നു. അതിനൊപ്പം, ഓഹരി ഉടമകളിലൊരാളായ സുനന്ദ പുഷ്കര്‍ എന്ന കാശ്മീര്‍ സ്വദേശിനിയുടെ വിവരങ്ങള്‍ പുറത്തു വിടരുതെന്ന് ഒരു കേന്ദ്രമന്ത്രി വിളിച്ച് ആവശ്യപ്പെട്ടിരുന്നു എന്നും മോഡി, റോഷന്‍ ദേവ് എന്നൊരാളിന്റെ ട്വീറ്റിനു മറുപടിയായി കൂട്ടിച്ചേര്‍ത്തു. അതിനിടയില്‍ ശശി തരൂര്‍ സുനന്ദ പുഷ്കറിനെ വിവാഹം ചെയ്യുവാന്‍ പോകുന്നു എന്ന വാര്‍ത്ത പരന്നു. തരൂര്‍ അതു നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. തരൂരിന് റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിലുള്ള താല്പര്യം വെളിവാക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തല്‍. സംഭവം വിവാദമായതോടെ റെണ്ടേവൂ കണ്‍സോര്‍ഷ്യം ലളിത് മോഡിക്കെതിരെ ബി.സി.സി.ഐയില്‍ പരാതി നല്‍കി. കൂടാതെ മോഡിക്ക് വക്കീല്‍ നോട്ടീസുമയച്ചു കഴിഞ്ഞു. ഇതു വരെ ഉള്ള 8 ടീമിന്റേയും ഓഹരിയുടമകളുടെ വിവരങ്ങള്‍ പുറത്തു വിടാത്ത മോഡി, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടത് കണ്‍സോര്‍ഷ്യത്തിനുള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി, കണ്‍സോര്‍ഷ്യത്തെ തകര്‍ക്കാനാണെന്ന് ന്യായമായും സംശയിക്കാം. ലളിത് മോഡിയെ ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ ശകാരിച്ചു എന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. എന്തായാലും മോഡിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യമാണ് റെണ്ടേവൂ കണ്‍സോര്‍ഷ്യം ബി.സി.സി.ഐക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അങ്ങനെ വെറുതെ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാന്‍ കഴിയുമോ എന്നൊരു ചോദ്യം ഉയരാം. ആരാണ് ഈ ലളിത് മോഡി എന്നു നമുക്കൊന്നു പരിശോധിക്കാം. ഐ.പി.എല്‍ കമ്മീഷണര്‍ എന്നതല്ലാതെ ബി.സി.സി.ഐയുമായി മോഡിക്ക് എന്താണ് ബന്ധം? മോഡി ബി.സി.സി.ഐയിലെ അംഗമല്ല എന്നതാണ് സത്യം. മോഡി പ്രതിനിധാനം ചെയ്തിരുന്ന രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക്, കഴിഞ്ഞ വര്‍ഷം രണ്ടു തവണ മത്സരിച്ച് തോറ്റ ഒരു വ്യക്തിയാണ് ലളിത് മോഡി. ആ സ്ഥാനം നഷ്ടമായതോടെ ബി.സി.സി.ഐയിലെ വോട്ടിങ് അവകാശവും അദ്ദേഹത്തിന് നഷ്ടമായി. ഐ.പി.എല്‍ കമ്മീഷണര്‍ എന്ന നിലയില്‍ പ്രത്യേക ക്ഷണിതാവായി മാത്രമാണ് മോഡിക്ക് ബി.സി.സി.ഐയില്‍ ഇരിക്കാനാവുക, അതു മാത്രമാണ് മോഡിക്ക് ബി.സി.സി.ഐയുമായുള്ള ബന്ധം. ബി.സി.സി.ഐയുടെ നിയന്ത്രണത്തിലാണ് ഐ.പി.എല്‍ എങ്കിലും, ബി.സി.സി.ഐയുടെ മേല്‍നോട്ടം ഇതിനില്ല എന്നതാണ് സത്യം. ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഒരു വസ്തുതയും ബി.സി.സി.ഐയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നതു വ്യക്തമാണ്. മോഡി എന്ന വ്യക്തിയ ചുറ്റിപ്പറ്റിയാണ് എല്ലാം. തീരുമാനങ്ങളും നിയമങ്ങളും നിബന്ധനകളുമെല്ലാം ഒരാളുടെ വക. തികഞ്ഞ ഏകാധിപത്യം. ഓരോ വര്‍ഷവും കോടികള്‍ തങ്ങളുടെ ഖജനാവില്‍ എത്തുന്നത് കൊണ്ട് ബി.സി.സി.ഐ മൌനം പാലിക്കുകയും ചെയ്യുമ്പോള്‍, ആ മൌനം മറയാക്കി സ്വന്തം ബിസിനസ്സ് താല്പര്യങ്ങള്‍ സംരക്ഷിക്കുവാനാണ് മോഡി ശ്രമിക്കുന്നത്. കൊച്ചി ടീമിന് ഒരോ ഘട്ടത്തിലും പാരകള്‍ പണിയുന്ന ഈ ഐ.പി.എല്‍ കമ്മീഷണറുടെ ഉദ്ദേശ്യം വ്യക്തമാണ്. അടുത്ത വെടി മോഡി പൊട്ടിച്ചു കഴിഞ്ഞു. കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം ഇല്ല എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തില്‍ സ്റ്റേഡിയം ഇല്ലെങ്കിലും, ജി.സി.ഡി.എയുടെ കീഴിലുള്ള കൊച്ചിയിലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്താല്‍ അവര്‍ അനുമതി നല്‍കിക്കഴിഞ്ഞ ശേഷമാണ് മോഡിയുടെ ഈ വെടിപൊട്ടിക്കല്‍. അതില്‍ കടിച്ചു തൂങ്ങി മത്സരങ്ങള്‍ ഇവിടെ നിന്നും മാറ്റാന്‍ മോഡി ശ്രമിക്കുമെന്ന് തീര്‍ച്ച. ഈ ഏകാധിപതിയെ ഉടന്‍ തളച്ചില്ലെങ്കില്‍, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിന്റെ കൊച്ചി ടീമിന് ഐ.പി.എല്‍ കളിക്കാന്‍ ഇത്തിരി വിഷമിക്കേണ്ടി വരും എന്നത് തീര്‍ച്ച..... അപ്പോഴും ചോദ്യം അവശേഷിക്കുന്നു... ഇതില്‍ കള്ളനാര്, കള്ളനു കഞ്ഞിവച്ചവനാര്...???
കൊച്ചി ഐ.പി.എല്‍ ടീമിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ലളിത് മോഡിക്കെതിരെയുള്ള പ്രതിഷേധത്തില്‍ ഞങ്ങള്‍ക്കൊപ്പം പങ്കു ചേരൂ... ഇതാ ഈ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യൂ, പ്രതികരിക്കൂ....
കൊച്ചി ഐ.പി.എല്‍ ടീമിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ലളിത് മോഡിക്കെതിരെയുള്ള പ്രതിഷേധത്തില്‍ ഞങ്ങള്‍ക്കൊപ്പം പങ്കു ചേരൂ... ഇതാ ഈ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യൂ, പ്രതികരിക്കൂ....
ഈ പ്രശ്നത്തില്‍ കള്ളനും കഞ്ഞിവച്ചവ്നും ഒരാള്‍ തന്നെ ആണോ എന്ന് സംശയികേണ്ടി വരുന്നു .Laith modi ഒരു നല്ല ബിസിനസ് കര്നപ്പുരം ,വെറും തറ നിലവാരത്തില്‍ പോലും എത്തി എന്ന് കാണുമ്പോള്‍ BCCI-യോട് ദയ തോന്നുന്നു.അതിനു വേണ്ടി ശശി തരൂരിനെ പോലുള്ള ഒരളുടെ വ്യക്തി ജീവിതത്തെ പോലും വലിചിഴാച്ച്ത് എന്തിനായിരുന്നു എന്ന് മനസിലാകുന്നില്ല. ബിനെസ്സിലെ പരാജയം മറ്റുള്ളവരുടെ മേല്‍ കുതിര കയറുവാന്‍ ഉപയോഗികുന്നത് നല്ലതല്ല.ലളിത് മോഡി IPL കമ്മീഷണര്‍ പോസ്റ്റില്‍ ഇരികുവാന്‍ ഒരു അര്‍ഹതയും ഇല്ല. പക്ഷേ കേരളം ആഗ്രഹിച്ചു കിട്ടിയ IPL ഇതുമുലം നഷ്ട്ടപെടില്ല എന്ന് പ്രതീക്ഷിക്കാം .
ReplyDelete@ ലൂസര്‍
ReplyDeleteലളിത് മോഡി തന്നെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ നടത്തുന്ന കളികളാണിതെല്ലാം. അദ്ദേഹത്തിന്റെ താഴ്ന്ന സ്വഭാവ വിശേഷമാണിത് സൂചിപ്പിക്കുന്നത് എന്നു വ്യക്തം. അദ്ദേഹത്തിന് ഐ.പി.എല്‍ കമ്മീഷണര്‍ എന്ന പോസ്റ്റില്‍ തുടരാന്‍ അര്‍ഹതയില്ല എന്നതാണ് സത്യം.
ശശി തരൂരിനെ വ്യക്തിപരമായി ആക്രമിക്കുവാനും കാരണം ഉണ്ട്. റെണ്ടേവൂ എന്ന കണ്‍സോര്‍ഷ്യത്തിലെ ഗുജറാത്തി വ്യവസായികളെ സ്വാധീനിച്ച് റെണ്ടേവുവിനെ പൊളിക്കാന്‍ അദാനി ഗ്രൂപ്പും വീഡിയോക്കോണും ശ്രമിച്ചിരുന്നു. അതിനു പിന്നില്‍ നിന്നു ചരടു വലിച്ചത് മോഡിയും. രാഷ്ട്രീയ സമ്മര്‍ദ്ദത്തിലായിരുന്നു കളി മുഴുവന്‍. എന്നാല്‍ സമയത്ത് ഇടപെട്ട ശശി തരൂര്‍, ആ സമ്മര്‍ദ്ദ തന്ത്രത്തെ പരാജയപ്പെടുത്തി. അതോടെയാണ് മോഡി തരൂരിനെതിരെ തിരിയുന്നതും, വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചത്.
കൊച്ചി ഐ.പി.എല്‍ ടീമിനെ സംബന്ധിച്ച് മോഡി ഐ.പി.എല്‍ തലപ്പത്തിരിക്കുന്നത് ശുഭകരമായ ഒരു സംഗതി അല്ല. ബി.സി.സി.ഐയുടെ നിയന്ത്രണത്തിലുള്ള സ്റ്റേഡിയത്തില്‍ മാത്രമെ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്താവൂ എന്നൊരു നിബന്ധന ഐ.പി.എല്‍ ചട്ടങ്ങളില്‍ മോഡി വച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് അങ്ങനെ ഒരു സ്റ്റേഡിയം ഇല്ല. അതു കൊണ്ടു തന്നെ, ഈ നിബന്ധനയില്‍ കടിച്ചു തൂങ്ങി അടുത്ത 3-4 വര്‍ഷത്തേക്ക് കളികള്‍ കേരളത്തില്‍ നടത്താന്‍ മോഡി സമ്മതിക്കില്ല എന്നത് തീര്‍ച്ചയാണ്...
തനിക്ക് (വേണ്ടപ്പെട്ടവര്‍ക്ക്) കിട്ടാത്ത മുന്തിരിങ്ങ (ഐപില്‍ ടീം) പുളിക്കും. കള്ളനും കഞ്ഞിവെച്ചവനും ലവന്‍ മോദി തന്നെ.
ReplyDeleteJust one note. It seems Lalit Modi is the Vice President of BCCI from 2005 onwards.
ReplyDeletehttp://www.cricinfo.com/india/content/player/242443.html
http://en.wikipedia.org/wiki/Lalit_modi
@ കൃഷ്
ReplyDeleteഅതു സത്യം
@ സായ്
ReplyDeleteഅതു പേരിനു മാത്രമേയുള്ളൂ. ബി.സി.സി.ഐയില്‍ വോട്ടിങ് അവകാശമുള്ള മെമ്പര്‍മാര്‍ക്കു മാത്രമേ വിലയുള്ളൂ. അങ്ങനെ വോട്ടിങ് അവകാശം ലഭിക്കണമെങ്കില്‍ ഏതെങ്കിലും സംസ്ഥാനത്തെ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടോ സെക്രട്ടറിയോ അയിരിക്കണം. ലളിത് മോഡി ഇതൊന്നും അല്ല. വൈസ് പ്രസിഡണ്ടായാലും, അദ്ദേഹത്തിന് പ്രത്യേക ക്ഷണിതാവിന്റെ സ്ഥാനം മാത്രമേയുള്ളൊ ബി.സി.സി.ഐ യോഗത്തില്‍.
കടപ്പാട്`: എന്‍.അജിത് കുമാര്‍, മുന്‍ സെക്രട്ടറി, കെ.സി.എ