Tuesday, April 27, 2010

ദി ഹര്‍ട്ട്‌ ലോക്കര്‍ [The Hurt Locker]

2010ലെ അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രത്തിന്റേതടക്കം ആറ്‌ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ ചിത്രമാണ് ദി ഹര്‍ട്ട്‌ ലോക്കര്‍. ഓസ്കാര്‍ നേടിയ ചിത്രമെന്ന നിലയിലാണ് ഇത്‌ എന്നെ ആകര്‍ഷിച്ചത്‌. ഇന്ത്യന്‍ തീയയേറ്ററുകളില്‍ റിലീസ്‌ ചെയ്യാത്ത ഈ ചിത്രം കാണുവാന്‍ ഒടുവില്‍ ഡി.വി.ഡി സംഘടിപ്പിക്കേണ്ടി വന്നു. ഈ ചിത്രത്തിന്റെ കഥ മാര്‍ക്ക്‌ ബോയല്‍ എന്ന പത്രപ്രവര്‍ത്തകന്റെതാണ്, അദ്ദേഹത്തിന്റെ അനുഭവങ്ങളെ ആധാരമാക്കിയുള്ള ഈ ചിത്രത്തിന്റെ സംവിധായിക കാതറിന്‍ ബിഗാലോയാണ്. കാതറിന്‍ ബിഗാലോ, മാര്‍ക്ക്‌ ബോയല്‍, ഗ്രെഗ്‌ ഷാപ്പൈറോ, നിക്കോളാസ്‌ ക്യാരിട്ടര്‍ എന്നിവരാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്‌. 131 മിനിട്ട്‌ മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം ആദ്യം പ്രദര്‍ശിക്കപ്പെട്ടത്‌ വെനീസ്‌ ഫിലിം ഫെസ്റ്റിവലില്‍ ആണ്.

അമേരിക്കയുടെ ഇറാക്ക്‌ അധിനിവേശ സമയത്തു, 2004ല്‍ നടന്ന കഥയാണ് ദി ഹര്‍ട്ട്‌ ലോക്കര്‍. അമേരിക്കന്‍ സേനയുടെ ബോംബ്‌ നിര്‍വീര്യ സ്ക്വാഡിന്റെ തലവാനായി സര്‍ജന്റ്‌ വില്യം ജയിംസ്‌ (ജെര്‍മ്മി റെന്നര്‍) സ്ഥാനമേല്‍ക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്‌. അമേരിക്കന്‍ സൈന്യത്തിനു നേരെ നിരന്തരമായി ബോംബാക്രമണം നടക്കുന്ന സമയത്താണ്, വില്യം ജയിംസ്‌ ബോംബ്‌ സ്ക്വാഡില്‍ എത്തുന്നത്‌. അതിനു മുന്നെ തലവനായിരുന്ന സര്‍ജന്റ്‌ തോംസണ്‍ (ഗൈ പിയേര്‍സ്‌) ബാഗ്ദാദില്‍ വച്ച്‌ ഒരു ബോംബ്‌ നിര്‍വീര്യമാക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടിരുന്നു. അതേ സ്ക്വാഡിലെ രണ്ടു അംഗങ്ങളായിരുന്നു സര്‍ജന്റ്‌ സാന്‍ബോണും (ആന്റണി മക്കൈ) ഓവന്‍ എല്‍‌ബ്രിഡ്‌ജും (ബ്രയന്‍ ജെരഗ്‌തി). തങ്ങളുടെ തലവന്, സംരക്ഷണം നല്‍കുക, ബോംബിനെക്കൂറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതായിരുന്നു ഇവരുടെ ജോലി. എന്നാല്‍ വില്യം ജയിംസ്‌ അനുവര്‍ത്തിച്ച ബോംബ്‌ നിര്‍വീര്യ നടപടികള്‍ അവര്‍ക്ക്‌ തികച്ചും അപരിചിതമായിരുന്നു. അതു കൊണ്ടു തന്നെ, വില്യം ബോംബിനടുത്തേക്ക്‌ നീങ്ങുമ്പോള്‍ അവരില്‍ സമ്മര്‍ദ്ദമേറിയിരുന്നു. അതു കൊണ്ടു തന്നെ, അവര്‍ക്ക്‌ വില്യമിനോട്‌ കടുത്ത ദേഷ്യവുമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും വക വയ്ക്കാതെ വില്യം തന്റെ ജോലി ചെയ്തു കൊണ്ടേയിരുന്നു, എന്നു മാത്രമല്ല, അതെല്ലാം ഭഗിയായി നിര്‍വഹിക്കുകയും ചെയ്തു. ഒരിക്കല്‍ ബോംബു കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍, വില്യം കണ്ടെത്തുന്നത്‌ ഒരു കുട്ടിയുടെ ശവശരീരത്തില്‍ ഒളിപ്പിച്ച ബോംബാണ്. അതു താന്‍ മുന്നെ പരിചയപ്പെട്ട, തെരുവില്‍ ഡി.വി.ഡി വില്‍ക്കുന്ന ബെക്കാം എന്ന ഒരു കുട്ടിയുടെ ശവശരീരമാണെന്ന്‌ പിന്നീടാണ് വില്യം തിരിച്ചറിയുന്നത്‌. പിന്നീട്‌ മറ്റൊരു ഓപ്പറേഷനിടയില്‍, ബോംബു വയ്ക്കുന്ന തീവ്രവാദികളെ പിന്തുടരാന്‍ വില്യം സാന്‍‌ബോണിനോടും എല്‍‌ബ്രിഡ്‌ജിനോടും ആവശ്യപ്പെടുന്നു. എന്നാ‍ല്‍, സാന്‍ബോണ്‍ അതിനെ എതിര്‍ക്കുകയും, അത്‌ ആര്‍മിയുടെ ചുമതലയാണെന്നു പറയുകയും ചെയ്യുന്നു. വില്യം ആ എതിര്‍പ്പിനെ വകവയ്ക്കാതെ മുന്നോട്ടു നീങ്ങുന്നു. ആ ഓപ്പറേഷനിടയില്‍ എല്‍‌ബ്രിഡ്ജിന് വെടിയേല്‍ക്കുന്നു. അടിയന്തിരമായ ചികിത്സയ്ക്കായി എല്‍‌ബ്രിഡ്ജിനെ അവിടെ നിന്നും മാറ്റുന്നു, എന്നാല്‍ വില്യമാണ് തന്റെ ഈ അവസ്ഥയ്ക്ക്‌ കാരണമെന്ന്‌ എല്‍‌ബ്രിഡ്ജ്‌ വീശ്വസിക്കുന്നു. അതിനു ശേഷമുള്ള മറ്റൊരു ഓപ്പറേഷനില്‍, ഒരു ഇറാഖി പൌരന്റെ ദേഹത്ത്‌ ഘടിപ്പിച്ചിരുന്ന ബോംബ്‌ നിര്‍വീര്യമാക്കാന്‍ അവര്‍ക്ക്‌ കഴിയാതെ വരുകയും, അയാള്‍ മരിക്കുകയും ചെയ്യുന്നു. അതോടെ തനിക്കീ ജോലിയില്‍ ഇനി തുടരാന്‍ കഴിയില്ല എന്ന് സാന്‍ബോണിന് ബോധ്യമാകുകയും, വില്യമിനോട്‌ മാപ്പു പറഞ്ഞ്‌ അയാള്‍ അമേരിക്കയിലുള്ള തന്റെ കുടുംബത്തിന്റെയടുത്തേക്ക്‌ മടങ്ങുന്നു. അതോടൊപ്പം, വില്യമും തന്റെ കുടുംബത്തിലേക്ക്‌ മടങ്ങുന്നു. എന്നാല്‍ പിന്നീട്‌ അയാള്‍ തിരിച്ചറിയുന്നു, ഈ ലോകത്ത്‌ തനിക്ക്‌ ഏറ്റവും സംത്രുപ്തി നല്‍കുന്ന ജോലി ബോംബു സ്ക്വാഡിലെ ജോലി തന്നെയാണെന്ന്‌. ഒടുവില്‍ അയാ‍ള്‍ വീണ്ടും ഇറാഖിലേക്ക്‌ മടങ്ങിയെത്തി, മറ്റൊരു ടീമിനൊപ്പം ചേരുന്നതോടെ ചിത്രം അവസാനിക്കുന്നു.

ഇറാഖ്‌ അധിനിവേശ സമയത്ത്‌ അമേരിക്കന്‍ ബോംബ്‌ സ്ക്വാഡിനൊപ്പം പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഫ്രീലാന്‍സ്‌ ജര്‍ണലിസ്റ്റായിരുന്നു മാര്‍ക്ക്‌ ബോയല്‍. സൈനികരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ചിരുന്ന ബോയല്‍, അതിനൊപ്പം അവിടെ നടന്ന മറ്റു ചില സംഭവങ്ങള്‍ക്കൂടി കൂട്ടിയിണക്കിയാണ് ഈ ചിത്രത്തില്‍ കഥ ഒരുക്കിയിരികുന്നത്‌. ഒരോ സൈനികന്റെ വികാരങ്ങള്‍ പ്രതിഫലിക്കുന്ന രീതിയിലുള്ള തിരക്കഥയാണ് ചിത്രത്തിന്റേത്‌. അതിനൊപ്പം അമേരിക്കന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതും. അമേരിക്കന്‍ സൈനികരെ ഇറാഖി ജനത എങ്ങനെ കണ്ടിരുന്നുവെന്നും, അവര്‍ക്ക്‌ അവിടെ നേരിടേണ്ടി വന്ന കടമ്പകളെന്തൊക്കെയാണെന്നും വളരെ മനോഹരമായി തന്നെ കഥയില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ബോയലിന്റെ ഈ കഥയ്ക്ക്‌ സാക്ഷാത്കാരം നല്‍കിയപ്പോള്‍ ബിഗലോയുടെ സംവിധാന മികവ്‌ എടുത്തു പറയേണ്ടതാണ്. യഥാര്‍ത്ഥ കഥയെ ചിത്രീകരിക്കുമ്പോള്‍ അവര്‍ നേരിട്ട പ്രതിബന്ധങ്ങളോട്‌ പടപൊരുതിയാണ് അവര്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ഇറാഖില്‍ പൂര്‍ത്തിയാക്കിയത്‌. ഒരു നേര്‍ത്തവരയിലൂടെയാണ് ഇതിന്റെ കഥ ചരിക്കുന്നത്‌. അതു കൊണ്ടു തന്നെ, എന്തെങ്കിലും ഒരു പിഴവ്‌ ഈ ചിത്രത്തിന്റെ പരാജയവും, പഴിയും എറ്റുവാങ്ങുമെന്നുറപ്പാണ്. ആ നിയന്ത്രണരേഖയ്ക്കുള്ളില്‍ നിന്നു കൊണ്ട് മനോഹരമായി ഈ ചിത്രത്തിന്റെ സംവിധാനം ബിഗലോ നിര്‍വഹിച്ചിരിക്കുന്നു.

അധികം കഥാപാത്രങ്ങളില്ലാത്ത ഈ ചിത്രത്തില്‍ ജെര്‍മ്മി റെന്നര്‍, ആന്റണി മക്കൈ, ബ്രയന്‍ ജെരഗ്‌തി എന്നിവരുടെ കഥാപാത്രങ്ങളെയാണ് നാം ചിത്രത്തിലുടനീളം കാണുന്നത്‌. വില്യം ജയിംസിനെ അവതരിപ്പിച്ചിരിക്കുന്ന ജെര്‍മ്മി റെന്നര്‍ തന്റെ കഥാപാത്രത്തെ ഗംഭീരമാക്കിയിരിക്കുന്നു. അഹംഭാവിയെന്നു നമുക്ക് തോന്നാവുന്ന ഈ കഥാപാത്രത്തിന്റെ മാനുഷികമായ മുഖവും അനായാസമായി റെന്നര്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. സാന്‍ബോണിനെ അവതരിപ്പിച്ചിരിക്കുന്ന ആന്റണി മക്കൈയാണ് മറ്റൊരു മികച്ച കഥാപാത്രം. വില്യമിന്റെ കീഴില്‍ കഴിയുന്ന ഒരോ നിമിഷത്തേയും ശപിച്ചുകൊണ്ട്‌ കഴിയുന്ന ഈ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ മക്കെയ്ക്കു കഴിഞ്ഞിരിക്കുന്നു. മിക്കപ്പോഴും സാന്‍‌ബോണിന്റേയും വില്യമിന്റേയും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്‌. ഒടുവില്‍ സാന്‍ബോണ്‍, വില്യമിന്റെ മുന്നില്‍ കുമ്പസാരിക്കുന്ന രംഗത്ത്‌ ഇവരുടെ പ്രകടനം അത്യുഗ്രം എന്നു പറയാതെ വയ്യ. കഴിവതും വില്യമുമായി സംസാരിക്കാതിരിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമായ എല്‍‌‌ബ്രിഡ്‌ജിനെ അവതരിപ്പിക്കുന്നത്‌ ബ്രയന്‍ ജെരഗ്‌തിയാണ്. എല്‍ബ്രിഡ്‌ജും സാന്‍ബോണുമായുള്ള സംഭാഷണങ്ങളാണ് വില്യമിന് ഒരു നെഗറ്റീവ്‌ ഇമേജ്‌ ഈ ചിത്രത്തിലുണ്ടാക്കി തരുന്നത്‌. എന്നാല്‍ കഥാന്ത്യത്തില്‍ ഈ കഥാപാത്രങ്ങളെല്ലാം നമ്മെ സ്പര്‍ശിക്കുന്നവയായി മാറുന്നതായി കാണാം.

ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്‌ ബാരി അക്കോര്‍ഡാണ്. ഈ ചിത്രത്തിന്‌ ഒരു വ്യത്യസ്തമായ മുഖം നല്‍കുന്നത്‌ ബാരിയുടെ ഛായാഗ്രഹണമാണ്. ഒന്നിലധികം സൂപ്പര്‍ 16mm ക്യാ‍മറകളാണ് ഇതിന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്‌. പല അംഗിളുകളില്‍ നിന്നും ഒരേ സമയമാണ് യുദ്ധ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്‌, അതിനൊപ്പം മള്‍ട്ടിപ്പിള്‍ ഫോക്കല്‍ ലെങ്ത്‌ ലെന്‍സുകളും ഉപയോഗിച്ചിരിക്കുന്നത്‌ യുദ്ധരംഗങ്ങള്‍ക്ക്‌ സ്വാഭാവികത പകര്‍ന്നു നല്‍കിയിരിക്കുന്നു. ബാരി എന്ന ഛായാഗ്രാഹകന്റെ കഴിവു വെളിപ്പെടുന്ന പല രംഗങ്ങളും ഇതില്‍ ഉണ്ട്‌. ഹര്‍ട്ട്‌ ലോക്കറിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്‌ ക്രിസ്‌ ഇന്നിസും, ബോബ്‌ മൂറവ്‌സ്കിയും ചേര്‍ന്നാണ്. ബാരിയുടെ ഛായാഗ്രഹണത്തിന് മിഴിവേകുന്ന രീതിയിലാണിവര്‍ എഡിറ്റിങ്‌ നടത്തിയിരിക്കുന്നത്‌, പ്രത്യേകിച്ചും ബോംബു നിര്‍വീര്യമാക്കുന്ന ഓപ്പറേഷനുകളും, ബോംബു സ്ഫോടനങ്ങളും ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളില്‍. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ജോര്‍ജ്ജ്‌ ലിറ്റിലിന് അമേരിക്കന്‍ സൈനികരേയും ഇറാഖി ജനതയേയും അതേപടി ആവിഷ്കരിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നത്‌ അടുത്തു പറയേണ്ട വസ്തുതയാണ്. അതിനൊപ്പം ഡേവിഡ്‌ ബ്രയന്റെ കലാസംവിധാനം കൂടിച്ചേരുമ്പോള്‍ ഇറാഖിലെ തെരുവുകളിലൂടെ നാം സഞ്ചരിക്കുന്ന പ്രതീതി ലഭിക്കുന്നു. മേക്കപ്പ്‌ ഡിപ്പാര്‍ട്ട്‌മെന്റും സെറ്റ്‌ ഡെക്കറേഷനുമെല്ലാം ഉന്നതനിലവാരം പുലര്‍ത്തുന്നതാണ്. ഈ ചിത്രത്തിലെ സ്ഫോടന രംഗങ്ങള്‍ മാത്രം ചിത്രീകരിക്കുവാന്‍ കോടികള്‍ മുടക്കിയിരിക്കുന്നു, റിച്ചാര്‍ഡ്‌ സ്റ്റര്‍റ്റ്സ്‌മാന്‍ ആണ് ഇതിന്റെ മേല്‍നോട്ടം നിര്‍വഹിച്ചിരിക്കുന്നത്‌.

പണക്കൊഴുപ്പുണ്ടെങ്കിലും, അമേരിക്കന്‍ ചിത്രങ്ങളില്‍ തന്നെ തീരെ കുറഞ്ഞ ബഡ്ജറ്റില്‍ ചിത്രീകരിക്കപ്പെട്ട ഒരു ചിത്രമാണിത്‌. 15 മില്ല്യണ്‍ ഡോളര്‍ മാത്രമാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്‌. അമേരിക്കയുടെ ഇറാഖ്‌ യുദ്ധത്തിന്റെ ചില നേര്‍ക്കാഴ്ചകളാണ് ഈ ചിത്രത്തില്‍ നമുക്ക് കാണുവാന്‍ കഴിയുന്നത്‌. ഇറാഖി ജനതയുടെ മനോഭാവവും അമേരിക്കന്‍ സൈനികരുടെമനോഭാവവും ഈ ചിത്രത്തിലൂടെ വിലയിരുത്തപ്പെടുന്നുണ്ട്‌. യുദ്ധത്തിന്റെ കാരണത്തെപ്പറ്റി മൌനം അനുവര്‍ത്തിക്കുന്ന ചിത്രം, പക്ഷേ അവിടുത്തെ സൈനിക നടപടികളെ സാധൂകരിക്കുന്നതായിക്കാണാം. ഇറാക്കിലെ അമേരിക്കന്‍ സൈനികരുടേയും, അവരുടെ കുടുംബാംഗങ്ങളുടേയും ആത്മവീര്യമുണര്‍ത്തുവാന്‍ ഇതിനു കഴിയുന്നുണ്ട്‌. അമേരിക്കന്‍ സര്‍ക്കാരിന്റെ നടപടികളെ പരോക്ഷമായി പിന്തുണയ്ക്കുക എന്നൊരു കര്‍ത്തവ്യം കൂടി ഈ ചിത്രം ചെയ്യുന്നുണ്ട്‌. അമേരിക്കയുടെ അധിനിവേശവും, അതിനു ശേഷമുള്ള സൈനികനടപടികളും വിമര്‍ശനത്തിന് പാത്രമാകുമ്പോള്‍, ഇറാക്കില്‍ അമേരിക്കയുടെ സാന്നിധ്യം എന്തിന് എന്ന ചോദ്യത്തിനുള്ള ഒരു ഉത്തരമാണ് ഈ ചിത്രം നമുക്ക്‌ നല്‍കുക. അമേരിക്കന്‍ നയങ്ങളെ എതിര്‍ക്കുന്നവര്‍ക്ക്‌ ഈ ചിത്രം ഒരിക്കലും ഇഷ്ടപ്പെടാന്‍ കഴിയില്ല. എന്നിരുന്നാല്‍ തന്നെ, ഒരു യഥാര്‍ത്ഥ കഥ, ചലച്ചിത്രവത്കരിച്ച്‌ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എന്നത്‌ അംഗീകരിക്കപ്പെടേണ്ട ഒരു വസ്തുതയാണ്. അവതാറിനെപ്പോലെ നിറപ്പകിട്ടില്ലാത്ത ഈ ചിത്രം, ഓസ്കാറിന് അര്‍ഹമായപ്പോള്‍ ഞാന്‍ ഊഹിച്ചതു പോലെ തന്നെ, ഈ ചിത്രം നമുക്ക്‌ ഒട്ടേറെ കാര്യങ്ങള്‍ പകര്‍ന്നു നല്‍കുന്നു.. ഒരിക്കല്‍കൂടി കാതറിന്‍ ബിഗാലോയ്ക്കും ടീമിനും എന്റെ അഭിവാദ്യങ്ങള്‍….!!!

എന്റെ റേറ്റിങ്: 8.5/10.0

ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യൂ..

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.