Wednesday, April 7, 2010

മലയാള സിനിമാ അവാര്‍ഡ്‌ 2009 - ഒരു വിയോജനക്കുറിപ്പ്‌

2009 ലെ മലയാള ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പതിവിനു വിപരീതമായി നല്ല ചിത്രങ്ങളെ ആദരിക്കുന്ന സമീപനമാണ് ഇത്തവണ ജൂറിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്‌. അതില്‍ വളരെ സന്തോഷമുണ്ടെങ്കിലും ജൂറിയുടെ പല തീരുമാനങ്ങളും കാര്യമായ വിലയിരുത്തലുകള്‍ നടത്താതെയാണോ എന്നൊരു സംശയമുണ്ട്‌.

മികച്ച സംവിധായകനായി തിരഞ്ഞെടുത്തത്‌ കേരള വര്‍മ്മ പഴശ്ശിരാജയുടെ സംവിധായകനായ ഹരിഹരനെയാണ്. എന്നാല്‍ പഴശ്ശിരാജയില്‍ ഹരിഹരന് ഒരു സംവിധായകനെന്നതിലുപരി ഒരു സംഘാടകന്റെ റോളായിരുന്നു ഉണ്ടായിരുന്നത്‌. ആ ചിത്രത്തിന്റെ വിജയത്തിന്റെ മുഴുവന്‍ ബഹുമതിയും അതിന്റെ തിരക്കഥയ്ക്കാണ്. ഹരിഹരനു പകരം, മികച്ച ചിത്രമായി തിരഞ്ഞെടുത്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാകത്തിന്റെ കഥയുടെ സംവിധായകനായ രഞ്ജിത്തായിരുന്നു ആ അവാര്‍ഡിന് അര്‍ഹന്‍. പാലേരി മാണിക്യം ഒരു സംഭവകഥയാണ്. അതിനെ അതിമനോഹരമായ ഒരു കോമേര്‍ഷ്യല്‍ ചിത്രമായി ഒരുക്കിയെടുത്തതിനു പിറകില്‍ രഞ്ജിത്ത്‌ എന്ന സംവിധായകന്റെ മികവു മാത്രമാണ്. അതു മാത്രമല്ല, കേരളാ കഫേ എന്ന പരീക്ഷണ ചിത്രത്തിന്റെ അമരക്കാരനും രഞ്ജിത്തായിരുന്നു. രഞ്ജിത്താണ് മികച്ച സംവിധായകന്‍ എന്ന പുരസ്കാരം അര്‍ഹിച്ചിരുന്നത്‌ എന്ന്‌ നിസ്സംശയം പറയാം.

മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്‌, പ്രശസ്ത ക്യാമറാമാനായ പി.സുകുമാറിനാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാന സംരംഭമായ സ്വ ലേ ക്കാണ് അദ്ദേഹത്തിന് അവാര്‍ഡ്‌ ലഭിച്ചത്‌. എന്നാല്‍ പാസഞ്ചര്‍ എന്ന ചിത്രം നമുക്കായി അണിയിച്ചൊരുക്കിയ രഞ്ജിത്ത്‌ ശങ്കറല്ലേ ഈ അവാര്‍ഡിന് കൂടുതല്‍ അര്‍ഹന്‍ എന്നാണ് എന്റെ സംശയം. ഒരു ശരാശരി ചിത്രം മാത്രമായിരുന്നു സ്വ ലേ. കലവൂര്‍ രവികുമാറിന്റെ രചനയിലാണ് സുകുമാര്‍ ഈ ചിത്രം ഒരുക്കിയത്‌. എന്നാല്‍ സ്വന്തം കഥയ്ക്ക്‌ തിരക്കഥയും സംഭാഷണവുമൊരുക്കിയാണ് രഞ്ജിത്ത്‌ ശങ്കര്‍ പാസഞ്ചര്‍ നമുക്കായി അണിയിച്ചൊരുക്കിയത്‌. വ്യത്യസ്തമായ പ്രമേയം ജനശ്രദ്ധ ആകര്‍ഷിക്കുകയും, കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളിലൊന്നായി പാസഞ്ചര്‍ മാറുകയും ചെയ്തു. എന്നാല്‍ കലാമൂല്യത്തില്‍ താഴെ നില്‍ക്കുകയും, ജനശ്രദ്ധയാകര്‍ഷിക്കാതെ പോകുകയും ചെയ്ത ചിത്രമായിരുന്നു സ്വലേ. രഞ്ജിത്തിനെ പോലെയുള്ള പ്രതിഭാധനരായ യുവസംവിധായകരെ തഴഞ്ഞതിന് എന്തു നീതീകരണമാണാവോ ജൂറിക്കു പറയുവാനുള്ളത്‌?

മികച്ച  ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ്‌ സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ച കെ.ജി. ജയനാണ് ലഭിച്ചത്‌. എന്നെ ഏറ്റവും അമ്പരിപ്പിച്ച ഒരു പുരസ്കാരമാണ് ഇത്‌. പുരസ്കാരത്തിനായി ജൂറിക്കു മുന്നില്‍ സമര്‍പ്പിച്ച ചിത്രങ്ങളെല്ലാം ജൂറി കണ്ടുവോ എന്നുള്ളതാണ് എന്റെ സംശയം. അല്ലെങ്കില്‍ പിന്നെ പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത മനോജ്‌ പിള്ളയേക്കാള്‍ ജയന് എവിടെയാണ് മികവ്‌? അതു പോലെ ഭ്രമരം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച അജയ്‌ വിന്‍‌സെന്റിനേക്കാള്‍ ജയന്‍ എങ്ങനെ മികച്ചതായി ? അങ്ങനെ ഒരു പാട്‌ ചോദ്യങ്ങള്‍ മനസ്സിലൂടെ മിന്നിമായുന്നു.  ചിത്രങ്ങളെല്ലാം ജൂറി കണ്ടുവെങ്കില്‍, സാങ്കേതിക വിഭാഗത്തിനെക്കുറിച്ച്‌ അറിവുള്ള അംഗങ്ങള്‍ ജൂറിയില്‍ ഇല്ലാതിരുന്നതാണ് ഇത്രയും വലിയ മണ്ടത്തരം സംഭവിക്കാന്‍ കാരണം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

അതു പോലെ മറ്റൊരു മണ്ടത്തരമായിരുന്നു മികച്ച ചിത്രസംയോജനത്തിനുള്ള അവാര്‍ഡ്‌. കേരളവര്‍മ്മ പഴശ്ശിരാജാ എന്ന ചിത്രത്തിന് ശ്രീകര്‍ പ്രസാദിനാണ് ആ അവാര്‍ഡ്‌ ലഭിച്ചത്‌. പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ പ്രധാന ഹൈലാറ്റായിരുന്നു ആ ചിത്രത്തിന്റെ ചിത്ര സംയോജനം. വിജയ്‌ ശങ്കറായിരുന്നു പാലേരി മാണിക്യത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്‌. കേരളാ കഫേയിലെ ഹ്രസ്വചിത്രങ്ങളെ ഒന്നിച്ചു ചേര്‍ത്തവതരിപ്പിച്ച ചിത്രസംയോജകനും വിജയ്‌ശങ്കര്‍ തന്നെയായിരുന്നു. രണ്ടു മികച്ച സിനിമകള്‍ അക്കൌണ്ടിലുണ്ടായിരുന്നിട്ടും വിജയ്‌ശങ്കറിന്റെ വര്‍ക്കുകള്‍ ആദരിക്കപ്പെട്ടില്ല എന്നത്‌ സങ്കടകരമായ ഒരു വസ്തുതയാണ്.

ഋതു എന്ന ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവുമൊരുകിയത്‌ രാഹുല്‍‌രാജായിരുന്നു. മനോഹരമായി അദ്ദേഹമത്‌ ചെയ്തിട്ടുണ്ടെങ്കിലും, പാലേരി മാണിക്യത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ ബിജിബാല്‍, രാഹുല്‍‌രാജിനേക്കാള്‍ ഒരു പടി മുകളില്‍ തന്നെയായിരുന്നു. പാലേരി മാണിക്യമെന്ന ചിത്രത്തിലുടനീളം, കഥയുടെ ടെമ്പോ നിലനിര്‍ത്താന്‍ സഹായകമായത്‌ ബിജിബാലിന്റെ പശ്ചാത്തല സംഗീതമായിരുന്നു. അതേ സമയം, ഋതുവില്‍ പശ്ചാത്തല സംഗീതത്തിനുള്ള ആവശ്യകത കുറവായിരുന്നു താനും. ഈ ഒരു പശ്ചാത്തലത്തില്‍ ബിജിബാലിനെ ഒഴിവാക്കി രാഹുല്‍ രാജിന് അവാര്‍ഡ് നല്‍കിയത്‌ നീതീകരിക്കാനാവുന്നതല്ല.

മികച്ച ശബ്ദലേഖനത്തിനുള്ള അവാര്‍ഡ്‌ ലഭിച്ചത്‌ പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിന് ശബ്ദലേഖനം നടത്തിയ എന്‍. ഹരികുമാറിനാണ്. ഓസ്കാര്‍ ജേതാവ്‌ മലയാളത്തില്‍ ആദ്യമായി ശബ്ദലേഖനം ചെയ്തത് പഴശ്ശിരാജയ്ക്ക് വേണ്ടിയായിരുന്നു. യുദ്ധരംഗങ്ങളിലും മറ്റും റസൂലിന്‍റെ ശബ്ദലേഖനം ഒട്ടേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. റസൂല്‍ പഴശ്ശിരാജയ്ക്ക് നല്‍കിയത് മലയാളിത്തമില്ലാത്ത ശബ്ദലേഖനമാണെന്നായിരുന്നു എന്നും പഴശ്ശിരാജയില്‍ ഹംഗേറിയന്‍ സംഗീതം കൂടുതല്‍ ഉപയോഗിച്ചു എന്നുമായിരുന്നു ജൂറിയുടെ വിശകലനം. എന്നാലിത്‌ ജൂറിയുടെ കഴിവുകേടാണെന്ന്‌ വ്യക്തമാണ്. ശബ്ദവും സംഗീതവും തിരിച്ചറിയാനുള്ള അടിസ്ഥാന വിവരമില്ലാത്ത ജൂറിയാണിതെന്ന റസൂലിന്റെ വിമര്‍ശനത്തില്‍ നിന്നു തന്നെ, ജൂറിയുടെ കഴിവുകേടെന്തെന്ന്‌ നമുക്ക്‌ മനസ്സിലാകും.

സാങ്കേതിക പരിജ്ഞാനം പോലെ തന്നെ ‘നൃത്തം‘ എന്താണെന്നറിയാത്ത ജൂറി അംഗങ്ങളാണോ നൃത്തത്തിനുള്ള അവാര്‍ഡ്‌ നിര്‍ണ്ണയിച്ചത്‌ എന്ന് ന്യായമായും സംശയിക്കാം. കാരണം സാഗര്‍ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിന്റെ നൃത്തസംവിധാനം നിര്‍വഹിച്ച ദിനേശ്‌ കുമാറിനാണ് ആ അവാര്‍ഡ്‌ നല്‍കിയത്‌. അതും ആ ചിത്രത്തിലെ വെണ്ണിലവേ വെണ്ണിലവേ എന്ന ഗാനരംഗത്തിലെ നൃത്തത്തിന്. മോഹന്‍ലാല്‍ തെക്കു വടക്കു നടക്കുകയും മോഹന്‍ ലാലിനു ചുറ്റും ഉപഗ്രഹം പോലെ ഭാവന കറങ്ങി നടക്കുകയും ചെയ്യുന്നതാണ് ഈ ചിത്രത്തിലെ മഹത്തായ നൃത്തം. അതിനും അവാര്‍ഡ്‌.. കൊള്ളാം ജൂറി..കൊള്ളാം....

ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌ റൊഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രമാണ്. എന്നാല്‍ സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവതയോ രഞ്ജിത്ത്‌ ശങ്കറിന്റെ പാസഞ്ചാറോ അല്ലെ ആ  അവാര്‍ഡിന് കൂടുതല്‍ അര്‍ഹമായത്‌ എന്നത്‌ ചിന്തിക്കേണ്ട വസ്തുതയാണ്. കലാമൂല്യത്തിലും ഈ ചിത്രങ്ങള്‍ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു എന്നതാണ് സത്യം.

പ്രേക്ഷകര്‍ ഒരു തവണ പോലും കാണത്തതും, അംഗീകരിക്കാത്തതുമായ ചിത്രങ്ങള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കുന്ന പ്രവണത ഒഴിവാക്കി, ജനങ്ങള്‍ സ്വീകരിച്ച നല്ല ചിത്രങ്ങള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കുക എന്ന സമീപനമാണ് ജൂറി സ്വീകരിച്ചത്‌. അത്‌ അഭിനന്ദാര്‍ഹമാണെങ്കിലും, ജൂറിയുടെ പല തീരുമാനങ്ങളും അബദ്ധങ്ങളുടെ കൂമ്പാരമാണ്. ജൂറിയുടെ കഴിവില്ലായ്മയാണ് ഇതിനു കാരണമെന്നത്‌ വ്യക്തമാണ്. കഴിവുള്ളവരെ ഉള്‍പ്പെടുത്തി അവാര്‍ഡ്‌ നിര്‍ണ്ണയ സമതി രൂപീകരിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇതു പോലെയുള്ള മണ്ടത്തരങ്ങള്‍ മലയാളികള്‍  കാണേണ്ടി വരും.

4 comments:

 1. യോജിക്കുന്നു പൂര്‍ണമായും.... നല്ലത് പലതും തിരസ്കരിക്കപെട്ട ഒരു ഫീലിംഗ് എനിക്കും തോന്നി .. പ്രത്യേകിച്ചു പാസഞ്ചര്‍ എന്നാ സിനിമയും രഞ്ജിത്ത് എന്നാ സംവിധായകനെയും.. .

  മലയാള സിനിമയും അതിനു അവാര്‍ഡ്‌ കൊടുക്കുന ജൂറിയും പടവലങ്ങ പോലെ താഴത്തോട്ട് തന്നെ വളരുന്നു.

  ReplyDelete
 2. നന്നായിട്ടുണ്ട് ജെ കെ ........ അഭിനന്ദനങള്‍ ......

  ReplyDelete
 3. @ രഞ്ജിത്ത്
  താങ്കളോട് 100% യോജിക്കുന്നു ജൂറികള്‍ എന്നും പടവലങ്ങ പോലെ തന്നെ, പക്ഷേ ഇത്തവണ കുറച്ചു ഭേദം ആയിരുന്നു. അതിലും വലിയ തെറ്റുകള്‍ കടന്നു കൂടി എന്നത്‌ നിരാശപ്പെടുത്തുന്നു.

  ReplyDelete
 4. @ ഷാജി
  നന്ദി അണ്ണാ.. നന്ദി.. :-)

  ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.