മലയാള സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു 2009. ഒട്ടേറെ മികച്ച ചിത്രങ്ങള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2009. അതു കൊണ്ടു തന്നെ 2009 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ തീര്‍ച്ചയായും അത് പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാവും.
മികച്ച ചിത്രം - പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
മികച്ച നടന്‍ - മമ്മൂട്ടി (പാലേരി മാണിക്യം)
മികച്ച നടി - ശ്വേത മേനോന്‍ (പാലേരി മാണിക്യം)
മികച്ച സംവിധായകന്‍ - ഹരിഹരന്‍ (പഴശിരാജ)
മികച്ച തിരക്കഥ - എം ടി വാസുദേവന്‍ നായര്‍ (പഴശിരാജ)
മികച്ച രണ്ടാമത്തെ ചിത്രം - രാമാനം
മികച്ച രണ്ടാമത്തെ നടന്‍ - മനോജ് കെ ജയന്‍ (പഴശിരാജ)
മികച്ച രണ്ടാമത്തെ നടി - പത്മപ്രിയ (പഴശിരാജ)
പ്രത്യേക ജൂറി പുരസ്‌കാരം - ജഗതി ശ്രീകുമാര്‍ (രാമാനം)
മികച്ച ഗായകന്‍ - യേശുദാസ് - മധ്യവേനല്‍ - സ്വന്തം സ്വന്തം ബാല്യത്തിലൂടെ..
മികച്ച ഗായിക - ശ്രേയ ഘോഷാല്‍ - ബനാറസ്-ചാന്തുതൊട്ടില്ലെ...
മികച്ച സംഗീതസംവിധായകന്‍ - മോഹന്‍സിതാര - സൂഫി പറഞ്ഞ കഥ
മികച്ച ഗാനരചയിതാവ് -റഫീഖ് അഹമ്മദ് - സൂഫി പറഞ്ഞ കഥ
മികച്ച ഛായാഗ്രഹണം - കെ.ജി. ജയന്‍ - സൂഫി പറഞ്ഞ കഥ
മികച്ച ഹാസ്യതാരം - സുരാജ് വെഞ്ഞാറമ്മൂട് - ഇവര്‍ വിവാഹിതരായാല്‍
ജനപ്രിയചിത്രം - ഇവിടം സ്വര്‍ഗമാണ്
നവാഗതസംവിധായകന്‍ - പി സുകുമാര്‍ - സ്വ.ലേ.
എഡിറ്റിങ് - ശ്രീകര്‍ പ്രസാദ് - പഴശിരാജ
കഥാകൃത്ത് - ശശി പരവൂര്‍ - കടാക്ഷം
ബാലതാരം - ബേബി നിവേദിത - ഭ്രമരം
മേക്കപ്പ് - രഞ്ജിത്ത് അമ്പാടി - പാലേരി മാണിക്യം
വസ്ത്രാലങ്കാരം - നടരാജന്‍ - പഴശിരാജ
കലാസംവിധാനം - മുത്തുരാജ് - പഴശിരാജ
ശബ്ദലേഖനം - എന്‍ ഹരികുമാര് - പത്താംനിലയിലെ തീവണ്ടി
ലാബ് - ചിത്രാഞ്ജലി - സൂഫി പറഞ്ഞ കഥ
പശ്ചാത്തലസംഗീതം - രാഹുല്‍രാജ് - ഋതു
സിനിമാലേഖനം - പി എസ് രാധാകൃഷ്ണന്‍, കെ പി ജയകുമാര്‍
സിനിമാഗ്രന്ഥം-ജി പി രാമചന്ദ്രന്‍
ഡോക്യുമെന്ററി-എഴുതാത്ത കത്തുകള്‍-വിനോദ് മങ്കര
കുട്ടികളുടെ ചിത്രം - കേശു - ശിവന്‍
ശാസ്ത്രീയസംഗീതപ്രാധാന്യമുള്ള ഗാനം - മേഘതീര്‍ത്ഥം - ശരത്
നൃത്തസംവിധാനം -ദിനേശ് കുമാര്‍ - സാഗര്‍ ഏലിയാസ് ജാക്കി
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് - ഷോബി തിലകന് - എടച്ചേന കുങ്കന്‍ - പഴശിരാജ
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രമാണ് 2009 ലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ടി.പി രാജീവന്റെ ഒരു കുറ്റാന്വേഷണ നോവലിനെ ആധാരമാക്കി രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്, പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. കഥയും തിരക്കഥയും അഭിനയവും കലാ സാങ്കേതിക വിഭാഗങ്ങളും ഇത്രയും ഒന്നുചേര്‍ന്നു നില്‍ക്കുന്ന ഒരു മലയാള ചിത്രം, ഈ അടുത്തകാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. എല്ലാ വിഭാഗങ്ങളും പരസ്പരം കോംപ്ലിമെന്റ് ചെയ്തു നില്‍ക്കുന്ന ഈ ചിത്രം മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് അര്‍ഹിക്കുന്നു എന്നു തന്നെ പറയാം. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള അവാര്‍ഡും, ശ്വേതാ മേനോന്‍ മികച്ച നടിക്കുള്ള അവാര്‍ഡും നേടി. ഹരിദാസ്, മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്നു വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ആറു സീനുകളില്‍ മാത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്ന മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രത്തെ അത്യുജ്ജലമായി മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷയിലെ വൈവിധ്യവും, വടക്കേ മലബാറന്‍ ഭാഷ കൈകാര്യം ചെയ്തിരിക്കുന്ന രീതിയും വളരെ മികച്ചതാണ്. അദ്ദേഹത്തിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലാണ് ഈ ചിത്രവും അവാര്‍ഡും. കടുത്ത മത്സരത്തിനൊടുവില്‍ ഭ്രമരത്തിലെ അഭിനയത്തിലൂടെ മത്സര രംഗത്തുണ്ടായിരുന്ന മോഹന്‍ലാലിനെ പിന്തള്ളിയാണ് മമ്മൂട്ടി അവാര്‍ഡ് നേടിയത്. ഇതേ ചിത്രത്തിലെ ചീരുവെന്ന കഥാപാത്രത്തെയാണ് ശ്വേതാ മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്. ചീരുവിന്റെ ചെറുപ്പകാലവും വാര്‍ദ്ധക്യ കാലവും മനോഹരമായി തന്നെ ശ്വേതാ മേനോന്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരേ കഥാപാത്രത്തിന്റെ തന്നെ വിവിധ ഭാവങ്ങള്‍ അതീവ ഗംഭീരമായി തന്നെ ശ്വേതാ മേനോന്‍ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. അവാര്‍ഡിനായി ആദ്യന്തം ഒറ്റക്കുള്ള മത്സരമായിരുന്നു ശ്വേതയുടേത്. അവാര്‍ഡുകള്‍ അകന്നു നിന്ന അഭിനയ ജീവിതമാണ് ശ്വേതാ മേനോന്റേത്, ഈ അവാര്‍ഡ് തീര്‍ച്ചയായും അവരുടെ അഭിനയ ജീവിതത്തിന് മാറ്റേറ്റുമെന്നത് തീര്‍ച്ചയാണ്.
കേരള വര്‍മ്മ പഴശ്ശിരാജ സംവിധാനം ചെയ്ത ഹരിഹരനാണ് മികച്ച സംവിധായകന്‍. മലയാള സിനിമയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭം, 27 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രമാണ് കേരള വര്‍മ്മ പഴശ്ശിരാജ. നൂറുകണക്കിന് കലാകാരന്മാരെ അണിനിരത്തി, മനോഹരമായി ഈ ചിത്രത്തെ അണിയിച്ചൊരുക്കിയ സംവിധായകന്‍ ഹരിഹരന്‍ അഭിനന്ദാര്‍ഹമായ സംവിധായക മികവാണ് പ്രകടിപ്പിച്ചിരിക്കുന്നത്. അപാകതകള്‍ ഉണ്ടാവാതെ, കലാപരമായും സാങ്കേതികമായും മികവുള്ള ഒരു ചിത്രം ഒരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. പഴശ്ശിരാജയെ, ഒരു കൂട്ടയ്മയുടെ ചിത്രം എന്നു അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നുവെങ്കിലും, അതില്‍ പ്രധാന പങ്ക് ഹരിഹരന് അവകാശപ്പെടാം. അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ ആദ്യാവസാനം പാലേരി മാണിക്യം സംവിധാനം ചെയ്ത രഞ്ജിത്തുമായാണ് ഹരിഹരന്‍ മത്സരിച്ചത്. ഒടുവില്‍ വിജയം ഹരിഹരന്റേതായി. കേരള വര്‍മ്മ പഴശ്ശിരാജയ്ക്ക് തിരക്കഥയെഴുതിയ എം.ടി വാസുദേവന്‍ നായരാണ് മികച്ച തിരക്കഥാ രചയിതാവ്. പഴശ്ശിരാജയുടെ ജീവിതം ചരിത്രത്തിന്റെ ഭാഗമായതിനാല്‍, അധികം വ്യത്യാസങ്ങള്‍ ഒന്നും വരുത്താതെയാണ് കഥ ഒരുക്കിയിരിക്കുന്നത്. അതി മനോഹരമായി തന്നെയാണ് എം.ടി ചിത്രത്തിന്റെ തിരക്കഥയെഴുതിരിക്കുന്നത്. ചിത്രത്തിന്റേയും പഴശ്ശിയുടെ പോരാട്ടത്തിന്റേയും ഒഴുക്ക് നഷ്ടപ്പെടാതെ, എല്ലാ ചരിത്ര വസ്തുതകളേയും ഉള്‍പ്പെടുത്തിയെഴുതിയിരിക്കുന്ന തിരക്കഥ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. മിതത്വം നിറഞ്ഞ സംഭാഷണ ശകലങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് പഴശ്ശിരാജ. ചരിത്ര കഥയെങ്കിലും, പ്രേക്ഷകരെ മുഴിപ്പിക്കാതെ, ഇരുപകുതിയിലും പിടിച്ചിരുത്തുന്നതില്‍ സംഭാഷണം വലിയൊരു പങ്കു വഹിച്ചിരിക്കുന്നു. ഒരു ചരിത്രാഖ്യായി എന്ന പരിമിതിയെ മറി കടന്ന്, പ്രേക്ഷകരെ അവസാനം വരെ തീയേറ്ററികളില്‍ പിടിച്ചിരുത്താനും, അവസാനം കരഘോഷം മുഴക്കി ആഹ്ലാദിക്കാനും അവരെ ഉത്തേജിപ്പിക്കുന്നത് എം.ടിയുടെ തിരക്കഥയും സംഭാഷണവുമാണ്.
പഴശ്ശിരാജയിലെ അഭിനയത്തിന് മനോജ് കെ ജയനെ മികച്ച രണ്ടാമത്തെ നടനായും, പത്മപ്രിയയെ മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുത്തു. പഴശ്ശിരാജയിലെ അഭിനയത്തിന് ശരത്‌കുമാറിനോടും രാമാനത്തിലെ അഭിനയത്തിന് ജഗതിയോടുമായിരുന്നു മനോജ് കെ ജയന്‍ മത്സരിച്ചത്. അവസാന റൌണ്ടില്‍ ശരത്‌കുമാറിന് അവാര്‍ഡ് നഷ്ടമാക്കിയത് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തില്ല എന്ന ഒരൊറ്റ കാരണമായിരുന്നു. കാര്യമായി മത്സരമില്ലാതിരുന്ന രണ്ടാമത്തെ നടിയുടെ വിഭാഗത്തില്‍ പത്മപ്രിയ അനായാസമായി തന്നെ അവാര്‍ഡ് നേടി. മികച്ച രണ്ടാമത്തെ ചിത്രമായി കെ.പി.സുകുമാരന്‍ നായരുടെ രാമാനം തിരഞ്ഞെടുത്തു. അതിലെ അഭിനയത്തിന് ജഗതി ശ്രീകുമാറിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു. ഒരിക്കല്‍ കൂടി യേശുദാസിന് മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. മികച്ച ഗായികയായി മലയാളിയല്ലാത്ത ശ്രേയാ ഘോഷല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒരു പക്ഷേ 2009 ശ്രേയാ ഘൊഷലിന്റെ വര്‍ഷമായിരുന്നു എന്നു തന്നെ പറയാം. പാലേരി മാണിക്യത്തിലെ മേക്കപ്പിന് രഞ്ജിത്ത് അമ്പാടിക്കു അവാര്‍ഡു ലഭിച്ചപ്പോള്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റായി പഴശ്ശിരാജയിലെ ശരത് കുമാര്‍ അവതരിപ്പിച്ച ഇടച്ചേന കുങ്കനു ശബ്ദന്‍ നല്‍കിയ ഷോബി തിലകന്‍ കരസ്ഥമാക്കി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് ഋതുവിന് പശ്ചാത്തല സംഗീതമൊരുക്കിയ രാഹുല്‍ രാജ് സ്വന്തമാക്കി.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...