ദേശീയ പുരസ്കാരം നേടിയ ‘ഒരേ കടല്‍’ എന്ന ചിത്രത്തിനു ശേഷം ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രമാണ് ഋതു. Season Change; Do We? എന്ന ചോദ്യവുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്ന ചിത്രം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്കിടയിലെ സൌഹ്രുദത്തിന്റെ കഥ പറയുന്നു.പതിവു ശ്യാമപ്രസാദ് ചിത്രങ്ങളില്‍ നിന്നു വിപരീതമായി, ഇതു വരെ ഒരു സാഹിത്യ രൂപത്തിലും പുറത്തു വരാത്ത ഒരു കഥയെ ആസ്പദമാക്കിയാണ് ഋതു എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്., ജോഷ്വാ ന്യൂട്ടനാണ് ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. അഭിനേതാക്കളില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്.നിഷാന്‍, റീമ, ആസിഫ് എന്നിവരാണ് ചിത്രത്തിലെ മുഖ്യ അഭിനേതാക്കള്‍.
മലയാളിക്ക് പൊതുവെ അപരിചിതമായ കോര്‍പ്പറേറ്റ് ജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഋതു. അമേരിക്കന്‍ ജീവിതത്തിനൊടുവില്‍ കേരളത്തിലെ തിരിച്ചെത്തുന്ന ശരത് വര്‍മ്മ, തന്റെ ബാല്യകാല സുഹ്രുത്തക്കള്‍ക്കൊപ്പം 'Techno City' എന്ന I.T ക്യാപസിലെ ഒരു multi national company-ല്‍ software engineer-യി ജോലിക്കു പ്രവേശിക്കുന്നു. സാഹിത്യത്തില്‍ തല്‍പരനായ ശരത്, അമേരിക്കയിലെ യാന്ത്രിക ജീവിതത്തില്‍ മനം മടുത്താണ് തിരികെ കേരളത്തില്‍ എത്തുന്നത്. ഇവിടെ സുഹ്രുത്തക്കളായ വര്‍ഷയുടേയും സണ്ണിയുടേയുമൊപ്പം നല്ലൊരു ജീവിതം നയിക്കുവാനെത്തുന്ന ശരത്തിന്, തന്റെ സുഹ്രുത്തുക്കളിലുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നതിലധികമായിരുന്നു. തന്റെ സ്വന്തമാകുമെന്ന് ശരത്ത് ആശിച്ചിരുന്ന വര്‍ഷയിലെ മാറ്റവും, അവളില്‍ ബാംഗ്ലൂര്‍ എന്ന മഹാനഗരം വരുത്തിയ മാറ്റങ്ങളും ശരത്തിനെ വളരെയധികം നിരാശനാക്കി. സണ്ണീയിലെ മാറ്റങ്ങള്‍ അയാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലപ്പുറമായിരുന്നു. കാലം സൗഹൃദങ്ങളിലും ബന്‌ധങ്ങളിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചാണ് ചിത്രം തുടര്‍ന്ന് പറയുന്നത്. മികച്ച രീതിയില്‍ തന്നെ ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുവാന്‍ ജോഷ്വാ ന്യൂട്ടനു കഴിഞ്ഞിരിക്കുന്നു. ഐ.ടി മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളെ നന്നായി പഠിച്ച്, അതിനനുസരിച്ച് തിരക്കഥയൊരുക്കുവാന്‍ ജോഷ്വാ ശ്രമിച്ചിരിക്കുന്നു. വെറും ഒരു ശരാശരി ചിത്രമായി ഒതുങ്ങുവാന്‍ സാധ്യതയുണ്ടായിരുന്ന ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ജോഷ്വായുടെ തിരക്കഥ തന്നെയാണ്.
ഈ ചിത്രത്തിലെ മിക്ക അഭിനേതാക്കളും നമുക്ക് അപരിചിതരാണ്. അതിനൊരപവാദം, സംവിധായകനും നടനുമായ എം.ജി ശശിയുടേതാണ്. നിഷാന്‍, റീമ, ആസിഫ്, വിനയ്, ഗോവിന്ദന്‍കുട്ടി, മനു ജോസ് തുടങ്ങി മറ്റെല്ലാവരും പുതുമുഖങ്ങള്‍. ഇവരില്‍ മുഖ്യ കഥാപാത്രമായ ശരതിന്റെ അച്‌ഛനാകുന്ന, പത്രപ്രവര്‍ത്തകനായ ഗോവിന്ദന്‍കുട്ടിയും സഹോദരനാകുന്ന എം.ജി ശശിയും ശ്രദ്‌ധേയരാകുന്നു. ഈ ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച് എടുത്തു പറയേണ്ട കാര്യം, ഇവരില്‍ പലരും അഭിനയം പഠിച്ചിറങ്ങിയവരാണ് എന്നുള്ളതാണ്. നായകനായ നിഷാനും, ചിത്രത്തിലെ മറ്റൊരു പ്രമുഖ കഥാപാത്രമായ ജമാലിനെ അവതരിപ്പിച്ചിരിക്കുന്ന വിനയും പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നും പുറത്തിറങ്ങിയവരാണ്. അതേ സമയം, മനു ജോസ് വന്നിരിക്കുന്നത് സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ്. ഒരു പറ്റം പുതുമുഖങ്ങളായിട്ടു കൂടി, മികച്ച പ്രകടനം കാഴ്ച വയ്ക്കന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ ഇന്നത്തെ തലമുറയുമായി ചേര്‍ന്നു നില്‍ക്കുന്ന, അവര്‍ ദിനവും കാണുന്ന സംഭവങ്ങള്‍ തന്നെ ചിത്രത്തിലും വന്നത്, അഭിനയത്തെ അനായാസമാക്കാന്‍ അവരെ സഹായിച്ചു എന്നു വേണം കരുതാന്‍. നായകനായ ശരത് വര്‍മ്മയെ അവതരിപ്പിച്ചിരിക്കുന്ന നിഷാന് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ആ കഥാപാത്രത്തെ വളരെയധികം മനോഹരമാക്കാന്‍ ഈ പുതുമുഖ നടനു കഴിഞ്ഞു. ഒരു പക്ഷേ ഈ ചിത്രത്തില്‍, പ്രേക്ഷക മനസ്സുകള്‍കളില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രം ശരത് വര്‍മ്മയാകും. വര്‍ഷയെ അവതരിപ്പിച്ചിരിക്കുന്ന റീമയും നല്ല അഭിനയമാണ് കാഴ്ച്ച വയ്ച്ചിരിക്കുന്നത്. ഒരു സാധാരണ പെണ്‍കുട്ടിയിലുണ്ടാകാവുന്ന മാറ്റങ്ങളെ റീമ നന്നയി തന്നെ ചെയ്തിട്ടുണ്ട്. സംവിധായകനും തിരക്കഥാക്രുത്തും ഉദ്ദേശിച്ചതിലും മികച്ച പ്രകടനം ഈ ചിത്രത്തിലെ അഭിനേതാക്കള്‍ നടത്തിയിരിക്കുന്നു എന്നതു തന്നെയാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.
സംവിധാനത്തില്‍ ഒരു ശ്യാമപ്രസാദ് ടച്ച് ദ്രുശ്യമാണ്. ദ്രുശ്യങ്ങളിലൂന്നി കഥപറയാതെ, സംഭാഷണങ്ങളിലൂടെ കഥയെ മുന്നോട്ടു നയിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ, ഈ ചിത്രം വഴി അദ്ദേഹം നല്‍കുവാന്‍ ശ്രമിക്കുന്ന സന്ദേശം പ്രേക്ഷകരില്‍ എത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിയുന്നു. ഐ.ടി രംഗവും അവിടെ ജോലി നോക്കുന്നവരുടെ ജീവിത രീതിയും ശരാശരി മലയാളികള്‍ക്ക് പരിചിതമല്ല. അവരെയത് പരിചയപ്പെടുത്തുക എന്ന ഉദ്യമത്തില്‍ സംവിധായകന്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു എന്നു കരുതാം. അതു പോലെ തന്നെ ഈ ഒരു കഥാ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഇത്തരം കഥ പറയുവാനും, കഥാപാത്രങ്ങളില്‍ കാലകാലങ്ങളില്‍ വരുന്ന മാറ്റങ്ങളെ തന്മയത്തത്തോടെ അവതരിപ്പിക്കുവാനും സംവിധായകനു കഴിഞ്ഞിരിക്കുന്നു. പക്ഷേ ചില സ്ഥലങ്ങളില്‍, കഥാപാത്രത്തിന്റെ ആഴത്തിലേക്കിറങ്ങിപ്പോകുവാന്‍ സംവിധായകന്‍ ശ്രമിക്കാതിരുന്നത് ഒരല്പം കല്ലുകടിയായി മാറി. എന്നിരുന്നാല്‍ക്കൂടി ആകെത്തുക നോക്കിയാല്‍ ഇത് സംവിധായകന്റെ ചിത്രമാണ്.
ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിഛ്ച്ചിരിക്കുന്ന ശ്യാം ദത്ത് മനോഹരമായ ദൃശ്യങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. ചിത്രത്തിനെ ആകര്‍ഷകമാക്കുന്നതില്‍ ഇതു വളരെയധികം സഹായിച്ചിരിക്കുന്നു. തടാകക്കരയിലെ വിവിധ ഷോട്ടുകള്‍ പല രീതിയിലും പല ഷേഡുകളിലും ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ ഒട്ടുമിക്ക രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ഓഫീസിലാണ്. എന്നാല്‍ ഷോട്ടുകളും അംഗിളികളും ആവര്‍ത്തന വിരസമാകാതെ, ചിത്രീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വിനോദ് സുകുമാരന്റെ എഡിറ്റിങ് ഈ ചിത്രത്തിന്റെ ഒരു ന്യൂനതയാണ്. പലപ്പോഴും ചിത്രത്തിന്റെ രസച്ചരടു പൊട്ടുവാന്‍ കാരണമായത് ഈ ഒരു അപാകതയാണ്. പ്രേമചന്ദ്രന്റെ കലാസംവിധാനവും മികച്ച നിലവാരം പുലര്‍ത്തി. ചിത്രത്തിന്റെ വസ്താലങ്കാരവും മേയ്ക്കവും കഥാപാത്രങ്ങളുമായി ഇഴുകിച്ചേര്‍ന്നതായി തോന്നി. ഒരു സ്വാഭാവികത കൊണ്ടുവരാന്‍ ഇതിനു കഴിഞ്ഞി എന്നതില്‍ കുക്കു പരമേശ്വരന് അഭിമാനിക്കാം. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രാഹുല്‍ രാജാണ്. ആകര്‍ഷകമായ മെലഡികള്‍ പുതുശബ്ദങ്ങളിലൂടെ ചിത്രത്തിന്റെ ഒഴുക്കിനനുയോജ്യമായി സ്രുഷ്ടിക്കുവാന്‍ അദ്ദേഹത്തിന് കഴിഞിരിക്കുന്നു. രാഹുല്‍ രാജ് തന്നെ പാടിയിരിക്കുന്ന “വേനല്‍ കാട്ടില്‍...”, സുജിത്തും ഗായത്രിയും ചേര്‍ന്നു പാടിയിരിക്കുന്ന “പുലരുമോ രാവൊഴിയുമോ” എന്നീ ഗാനങ്ങള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതും ആകര്‍ഷകവുമാണ്. ജോബ് കുര്യന്‍ പാടിയിരിക്കുന്ന “ചഞ്ചലം തെന്നിപ്പോയി നീ...” എന്ന ഗാനം ആലാപന മികവില്‍ ശ്രദ്ദേയമായിരിക്കുന്നു. ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത് മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള “പ്ലേ ഹൌസ്“ എന്ന വിതരണ കമ്പനിയാണ്. അവരുടെ ആദ്യത്തെ വിതരണ സംരംഭമാണിത്. എന്തായാലും ആകര്‍ഷകമായ പോസ്റ്ററുകള്‍ കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ അവര്‍ ശ്രമിച്ചിരിക്കുന്നു. സാധാരണ്‍ ഇത്തരം ചിത്രങ്ങളില്‍ വിതരണക്കാര്‍ കാണിക്കുന്ന, പോസ്റ്ററുകളിലേയും പരസ്യങ്ങളിലേയും പിശുക്ക് അവര്‍ കാട്ടിയിട്ടില്ല എന്നത് തന്നെ ഈ ചിത്രം കൂടുതല്‍ ആളുകളിലെത്താന്‍ സഹായിച്ചു എന്നു വേണം കരുതാം.
ഐ ടി ലോകത്തിന്റെ ആകര്‍ഷകമായ ലൈഫിലേക്ക് ചിത്രം നമ്മെ കൂട്ടിക്കൊണ്ടു പോലുമ്പോള്‍, വികസനങ്ങള്‍ കൊണ്ട് ജീവിതം ശിഥിലമായവരുടെ നിസ്സഹായതയിലേക്കും ഋതു വിരല്‍ചൂണ്ടുന്നു. പൂര്‍ണ്ണമായിട്ടല്ലെങ്കിലും, ഐ.ടി ലോകത്തെക്കുറിച്ചും, കോര്‍പ്പറെറ്റ് പ്രൊഫഷണലുകളുടെ ജീവിത ശൈലിയെക്കുറിച്ചും സാധാരണക്കാരന് ഒരു ആശയം നല്‍കുവാന്‍ ഈ ചിത്രം സഹായിക്കും. ഈ രംഗത്തെ മത്സരങ്ങളെക്കുറിച്ചും, ബന്ധങ്ങളെയും വികാരങ്ങളേയും മറന്ന്, പണത്തിനു പിറകെ പായുന്നവരേയും ഈ ചിത്രം പരിചയപ്പെടുത്തുന്നു. ആധുനിക തലമുറയെ കുറച്ചുകൂടി അടുത്തു നിന്നു വീക്ഷിക്കുകയാണ് ശ്യാമപ്രസാദ് ഈ ചിത്രത്തിലൂടെ. അവരുടെ പ്രണയവും സൌഹ്രുദവും കരിയറുമെല്ല്ലാം ഇതില്‍ പ്രമേയമാകുന്നു. ആധുനിക തലമുറ (ഭൂരിഭാഗമല്ലെങ്കിലും ) എങ്ങനെ ചിന്തിക്കുന്നു, അവരുടെ ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകള്‍ ഈ ചിത്രത്തിന്റെ പ്രമേയത്തിന്റെ ഭാഗമാണ്. സമൂഹം ഇപ്പോല്‍ വളരെയധികം ചര്‍ച്ച ചെയ്യുന്ന സദാചാര ബോധത്തെക്കുറിച്ചും സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ചും, അതി ശക്തമായ ഒരു പരാമര്‍ശം ഈ ചിത്രത്തിലുണ്ട്. ആദ്യമെ പറഞ്ഞതു പോലെ, ഭൂരിഭാഗം ഐ.ടി പ്രൊഫഷണലുകളും ഇത്തരമൊരു ജീവിതമല്ല പിന്തുടരുന്നതെങ്കിലും, ഈ ചിത്രം കണ്ടതിനു ശേഷം ഐ.ടി പ്രൊഫഷണലുകള്‍ ഇങ്ങനെയാണ് എന്നാരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റം പറയാന്‍ നമുക്ക് കഴിയില്ല. പക്ഷേ ഈ ചിത്രം ശ്യാമപ്രസാദെന്ന സംവിധായകന് അഭിമനിക്കാന്‍ വകയുള്ള ഒന്നാണ്. വ്യത്യസ്തതയാര്‍ന്ന ഒരു പ്രമേയം ലളിതമായ കഥയിലൂടെ പറയുന്നു എന്നു മാത്രമല്ല, അതിലൂടെ വളരെയധികം കാര്യങ്ങള്‍ സമൂഹത്തെ മനസ്സിലാക്കിക്കുവാനും അദ്ദേഹം ശ്രമിക്കുന്നു. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഈ ചിത്രത്തിന്റെ ടൈറ്റിലാകും നമ്മുടെ മനസ്സില്‍ ഒരു ചോദ്യമായി അവശേഷിക്കുക.... Season Change; Do We...?
എന്റെ റേറ്റിങ് : 6.2 / 10.0
Nannai ezhuthiyirikkunnu.. kanan nalloru chithram aavumalle ithu...
ReplyDelete