പുതുമുഖ സംവിധായകന്‍ ദീപന്‍ സംവിധാനം ചെയ്ത് ബഥേസ്ത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അനില്‍ മാത്യുവും മുരുകനും നിര്‍മ്മിച്ച ചിത്രമാണ് പുതിയ മുഖം. പ്രിഥ്വിരാജ് നായക വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ രണ്ടു നായികമാരാണ്. പ്രിയാമണിയും മീരാ നന്ദനും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും നിര്‍വഹിച്ചിരിക്കുന്നത് എം. സിന്ധുരാജാണ്. കാമ്പസ് പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കയാണ് ദീപന്‍ പുതിയമുഖത്തിലൂടെ.
കല്‍പ്പാത്തി അഗ്രഹാരത്തിലെ ഒരു സാധാരണക്കാരനായ ചെറുപ്പക്കാരനാണ് കൃഷ്ണകുമാര്‍ (പ്രിഥ്വിരാജ്). സംഗീതം സിരകളിലലിഞ്ഞു ചേര്‍ന്നിരുന്ന അയാള്‍ കുട്ടികളെ മ്രുദംഗം പഠിപ്പിച്ചും കച്ചേരികള്‍ നടത്തിയും കഴിഞ്ഞു കൂടുകയായിരുന്നു. കൃഷ്ണകുമാറിന്റെ കളിക്കൂട്ടുകാരിയായിരുന്നു ശ്രീദേവി (മീരാ നന്ദന്‍). അവരുടെ വിവാഹം ഇരു കുടുംബവും പണ്ടേ തീരുമാനിച്ചതാണ്. അതിനിടയിലാണ് എഞ്ചിനീയറിങ് പഠനത്തിനായി കൃഷ്ണകുമാറിന് കൊച്ചിയില്‍ പ്രവേശനം ലഭിക്കുന്നത്. പാലക്കാട്ടു നിന്നും കൊച്ചിയിലെത്തുന്ന കൃഷ്ണകുമാര്‍ ഒരു പുതിയ ലോകത്തേക്ക് കടക്കുകയായിരുന്നു. കോളേജില്‍ വച്ച് അയാള്‍ അഞ്ജനയെ (പ്രിയാമണി) പരിചയപ്പെടുന്നു. ഫ്രെഷേഴ്സ് ഡേയുടെ അന്ന് മ്യൂസിക്കല്‍ ഇന്‍സ്ട്രമെന്‍റ് പ്രോഗ്രാമിലൂടെ മുഴുവന്‍ കുട്ടികളുടേയും മനം കവരുന്ന കൃഷ്ണകുമാര്‍, എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാകുന്നു. അതോടെ കൃഷ്ണകുമാര്‍ അഞ്ജനയുമായി ഒരു നല്ല സൌഹ്രുദത്തില്‍ എത്തിച്ചേരുന്നു. എന്നാല്‍ അഞ്ജനയുടെ പ്രതിശ്രുത വരന്‍ സുധിയുടെ (ബാല) അപ്രീതിയ്ക്ക് ഇതോടെ കൃഷ്ണകുമാര്‍ പാത്രമാകുന്നു. തുടര്‍ന്ന് ആ കാമ്പസില്‍ കൃഷ്ണകുമാര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും, അത് അയാളില്‍ വരുന്ന മാറ്റങ്ങളുമാണ് പുതിയമുഖം എന്ന ചിത്രത്തിലൂടെ ദീപന്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. കഥയില്‍ ഒരു പുതുമയുണ്ടെങ്കിലും, കഥപറഞ്ഞൊടുവില്‍ ഊഹിക്കാവുന്ന കഥാന്ത്യത്തിലേക്കാണ് ചിത്രം എത്തുന്നത്. തിരക്കഥയും സംഭഷണങ്ങളും ഒരു പരിധി വരെ മികച്ചു നില്‍കുന്നു. ആദ്യ പകുതി വരെ മികച്ച രീതിയില്‍ കഥ മുന്നോട്ടു പോകുന്നുമുണ്ട്. എന്നാല്‍ കഥാനായകന് സംഭവിക്കുന്ന മാറ്റങ്ങള്‍ ആര്‍ക്കും പെട്ടെന്ന് ദഹിക്കുന്നവയാണെന്ന് തോന്നുന്നില്ല. അതു കൊണ്ടു തന്നെ കഥയില്‍ ഇതൊരു കല്ലുകടിയായി മാറി.
ദീപന്‍ ഒരു പുതുമുഖ സംവിധായകനായാണ് നമ്മുടെ മുന്നില്‍ എത്തുന്നതെങ്കിലും, ഷാജി കൈലാസിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രം “ലീഡര്‍” ആയിരുന്നു. പുതിയമുഖം എന്ന ചിത്രം കാണുമ്പോള്‍ തന്നെ സംവിധായക മികവില്‍ “ലീഡറില്‍” നിന്നും അദ്ദേഹം വളരെയധികം മുന്നോട്ടു പോയി എന്നത് വ്യക്തമാണ്. കഥയിലെ അപാകത നന്നയി തന്നെ പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ സംവിധാനത്തിന് കഴിഞ്ഞിരിക്കുന്നു. Everything happens twice, first in your mind, second in real എന്നു പറയുന്നതു പോലെ, ഈ ചിത്രത്തിന്റെ ഓരോ രംഗങ്ങളും അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞിരുന്നതു പോലെ പകര്‍ത്തുവാന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നു എന്നത് ഈ ചിത്രത്തിലുടനീളം വ്യക്തമാകുന്ന ഒന്നാണ്. വ്യത്യസ്തമായ രീതിയില്‍ ഗാനരംഗങ്ങളേയും, ആക്ഷന്‍ സീക്വന്‍സുകളേയും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത് കാണുമ്പോള്‍ തന്നെ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഓരോ ചെറിയ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധയെത്തിയിരിക്കുന്നു എന്നു കാണുവാന്‍ കഴിയും. ദീപന്‍ എന്ന സംവിധായകന്‍ വിജയിച്ചിരിക്കുന്നത്, പുതിയ മുഖത്തില്‍ പറയുവാന്‍ ഉദ്ദേശിക്കുന്ന കഥ, മികവാര്‍ന്ന ഷോട്ടുകളീലൂടെ പ്രേക്ഷകരില്‍ എത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നതിനാലാണ്. പല ഷോട്ടുകളിലും ഒരു ഷാജി കൈലാസ് ടച്ച് നിങ്ങള്‍ക്കനുഭവപ്പെട്ടാല്‍ അതു വെറും തോന്നലാണെന്ന് പറയുവാന്‍ കഴിയുകയില്ല. നായക - പ്രതിനായക വേഷങ്ങള്‍ ചെയ്തിരിക്കുന്ന പ്രിഥ്വിയേയും ബാലയേയും മനോഹരമായി തന്നെ അവതരിപ്പിക്കുവാനും, തനിക്കാവശ്യമുള്ള രീതിയില്‍ അവരുടെ കഴിവുകളെ ഉപയ്യോക്കുവാനും ദീപനു കഴിഞ്ഞിട്ടുണ്ട്. ഏതൊരു ഹിറ്റ് സിനിമയേയും പോലെ ഈ ചിത്രത്തിലെ യഥാര്‍ത്ഥ ഹീറോ സംവിധായകനായ ദീപന്‍ തന്നെയാണ്.
നെടുമുടി വേണു, കലാശാല ബാബു, ജഗതി ശ്രീകുമാര്‍, ഗിന്നസ് പക്രു, ജഗദീഷ്, സായ് കുമാര്‍, ഷമ്മി തിലകന്‍, സുധീഷ്, വിജയ രാഘവന്‍, മങ്കാമഹേഷ്, സോനാ നായര്‍, ജാഫര്‍ ഇടുക്കി, ശ്രീജിത്ത് രവി തുടങ്ങി വലിയൊരു താര നിര തന്നെ ഈ ചിത്രത്തില്‍ ഉണ്ട്. നായകനും പ്രതിനായകനും പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍, മറ്റുള്ള കഥാപാത്രങ്ങളെ സപ്പോര്‍ട്ടിങ് കഥാപാത്രങ്ങളായി മാത്രമായാണ് അവതരിപ്പിച്ചിരിക്കുന്നത്. കൃഷ്ണകുമാറിന്റെ അച്ഛനായി അഭിനയിച്ച നെടുമുടി വേണു വളരെ മനോഹരമായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ജഗതി അവതരിപ്പിച്ച പ്രിന്‍സിപ്പല്‍ അച്ഛന്‍ വ്യത്യസ്തതയാര്‍ന്ന ഒരു കഥാപാത്രമായി. മറ്റുള്ളവയെല്ലാം തന്നെ കഥയ്ക്കൊപ്പം ചരിക്കുന്ന ചെറു കഥാപാത്രങ്ങളായി ഒതുങ്ങി. കൃഷ്ണകുമാറിന്റെ സഹപാഠിയായി വരുന്ന സുധീഷ്, വീണ്ടും, ഇത്തരം വേഷങ്ങള്‍ തനിക്ക് ഇപ്പോഴും ഇണങ്ങും എന്നു വ്യക്തമാക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ നായികയായ മീരാ നന്ദന്‍, ചെറുതെങ്കിലും, തന്റെ വേഷം മനോഹരമായി ചെയ്തിരിക്കുന്നു. ഒരു ദു:ഖപുത്രിയെപ്പോലെ ഒതുങ്ങുന്ന ഈ കഥാപാത്രമാണ്, പ്രിയാമണിയുടെ കഥാപാത്രത്തേക്കാള്‍ പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുക. പ്രിയാമണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സാന്നിധ്യമാണ് കൃഷ്ണകുമാറിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കു നിദാനം എന്നതിലുപരി, ആ കഥാപാത്രം ചിത്രത്തില്‍ അധികമൊന്നും ചെയ്യുന്നില്ല. പ്രതിനായകനായി വരുന്ന ബാല തന്റെ വേഷം മികച്ചതാക്കി. ആക്ഷന്‍ രംഗങ്ങളിലും ചേസിങ് രംഗങ്ങളിലും ബാലയുടെ അഭിനയം മനോഹരമായിരുന്നു. പ്രിഥ്വിരാജെന്ന നായകനൊപ്പം നില്‍ക്കുന്ന വില്ലന്‍ എന്ന നിലയില്‍ ബാല ഈ ചിത്രത്തിന്റെ ഒരു മുതല്‍ക്കൂട്ടു തന്നെയാണ്. സംഗീതവുമായി നടക്കുന്ന ഒരു ശുദ്ധബ്രാഹ്മണന്റെ വേഷവും പ്രതികാരദാഹവുമായി ജീവിക്കുന്ന കൃഷ്ണകുമാറിന്റെ വേഷവും പ്രിഥ്വിരാജ് അതിമനോഹരമായി അവതരിപ്പിച്ചിരുക്കുന്നു. പുതിയമുഖത്തിലേക്കുള്ള മാറ്റം പ്രിഥ്വിരാജെന്ന നടനിലെ നടന വൈഭവത്തെ വിളിച്ചറിയിക്കുന്ന ഒന്നാണ്. ആക്ഷന്‍ രംഗങ്ങളില്‍ പ്രിഥ്വിയുടെ പ്രകടനം മികവാര്‍ന്നതെന്ന് പറയാതെ വയ്യ. ഡയലോഗ് ഡെലിവറിയിലും, മുഖഭാവങ്ങളിലും പ്രിഥ്വി കാണിച്ചിരുക്കുന്ന പക്വത, അയാളെ മലയാള സിനിമയുടെ മുഖ്യാധാര നടന്മാരുടെ കൂട്ടത്തിലേക്ക് ഉയര്‍ത്തുന്നതാണ്. ഒരേ കഥാപാത്രത്തിന്റെ വിഭിന്നങ്ങളായ ജീവിതാവസ്ഥകളെ, വ്യത്യസ്തമായ രീതിയില്‍, വ്യത്യസ്തമായ ശബ്ദത്തില്‍ അവതരിപ്പിച്ച പ്രിഥ്വി പ്രേക്ഷകരുടെ മനം കവരുന്നു.
സംവിധായകന്‍ ദീപന്‍ എന്താഗ്രഹിച്ചുവോ അതിനെ അപ്പടി പകര്‍ത്തുവാന്‍ അദ്ദേഹത്തിനൊരു ഛായാഗ്രാഹകനെ ലഭിച്ചു, ഭരണി.കെ.ധരന്‍, അതു തന്നെയാണ് പുതിയമുഖത്തെ ഒരു ദ്രിശ്യ വിസ്മയമാക്കി മാറ്റുന്നത്. പാട്ടുകളും ആക്ഷന്‍ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്ന രീതികള്‍ ഒരു വ്യത്യസ്തമായ ഒരു അനുഭവം പ്രേക്ഷകനു സമ്മാനിക്കുന്നുണ്ട് എന്നത് തീര്‍ച്ച. ഫോട്ടൊസോണിക്കില്‍ ഷൂട്ട് ചെയ്ത ഫൈറ്റ് സീക്വന്‍സുകള്‍ മലയാളത്തിന് പുതുമയാണ്. അതു പോലെ തന്നെ, സൂപ്പര്‍ 35 ക്യാമറയില്‍ ചിത്രീകരിച്ച പാട്ടുകളും. വ്യത്യസ്തമായ ലെന്‍സുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണം അതിന്റെ ലക്ഷ്യം കണ്ടു എന്നു തന്നെ പറയാം. അതില്‍ ഭരണി.കെ.ധരന്റെ മികവ് പ്രകടവുമാണ്. അദ്ദേഹത്തിനൊപ്പം മുരുകേഷിന്റെ ഇഫക്ടുകള്‍ ചിത്രത്തിന്റെ മറ്റു കൂട്ടുന്നുണ്ട്. പഴയ കൃഷ്ണകുമാറിനേയും പുതിയ കൃഷ്ണകുമാറിനേയും വ്യത്യസ്തമായി അവതരിപ്പിക്കുവാന്‍ ഭരണി-മുരുകേഷ്-പ്രിഥ്വി കൂട്ടുകെട്ടിന് കഴിഞ്ഞു എന്നത് ഈ ചിത്രത്തിനെ മികച്ചതാക്കുന്ന ഒരു ഘടകം. സാംജിത്ത് എം.എച്ച്.ഡി.യുടെ ചിത്രസംയോജനവും കൂറ്റി ഒത്തു ചേര്‍ന്നതോടെ ഇഫക്ടുകള്‍ക്കൊരു പൂര്‍ണ്ണത ലഭിച്ചു എന്നു പറയാം. അനല്‍ അരശിന്റെ സംഘട്ടന രംഗങ്ങള്‍ നിലവരം പുലര്‍ത്തിന്നവയാണ്. അവയില്‍ പലതും പുതുമ നിറഞ്ഞതുമായിരുന്നു. എന്നാല്‍ ഇഫക്ടിന്റെ ആധിക്യം അല്പം രസം കൊല്ലിയായി എന്ന തോന്നലുളവാക്കി. അതു പോലെ തന്നെ ദീര്‍ഘമേറിയ സംഘട്ടന രംഗങ്ങള്‍, അല്‍പ്പം വലിച്ചിലുണ്ടാക്കി.
ദീപക് ദേവെന്ന സംഗീത സംവിധായകന്റെ തിരിച്ചു വരവുകൂടിയാണ് ഈ ചിത്രം. വളരെ വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം ഇതിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. വളരെക്കാലത്തിനുശേഷം ചില മികച്ച വരികള്‍ അദ്ദേഹത്തില്‍ നിന്നും മലയാളികള്‍ക്കു ലഭിച്ചു എന്നതും ഒരു പ്രത്യേകതയാണ്. ചിത്രത്തിലെ അഞ്ചു ഗാനങ്ങളും വ്യത്യസ്തമായ രീതിയിലാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നതും, അവതരിപ്പിക്കപ്പെട്ടിരിക്കുന്നതും. വിവിധ പശ്ചാത്തലങ്ങളിലുള്ള ഗാനങ്ങള്‍ക്ക് മനോഹരമായ ഈണങ്ങളാണ് ദീപക് ദെവ് നല്‍കിയിരിക്കുന്നത്. ശങ്കര്‍ മഹാദേവന്‍ പാടിയ “പിച്ച വെച്ച നാള്‍...” എന്നു തുടങ്ങുന്ന ഗാനം സൂപ്പര്‍ ഹിറ്റായി മാറിക്കഴിഞ്ഞിരിക്കുന്നു. കാമ്പസിന്റെ പശ്ചാതതലത്തില്‍ ഒരുക്കിയിരിക്കുന്ന “തകിട താളം...” എന്ന ഗാനം ഒരു തട്ടു പൊളിപ്പന്‍ നമ്പറാണ്. നടന്‍ പ്രിഥ്വിരാജ് ആദ്യമായി ഗായകനാകുന്ന ചിത്രം എന്ന ബഹുമതികൂടി പുതിയമുഖത്തിന് അവകാശപ്പെടാം. “കാണെ കാണെ....” എന്നു തുടങ്ങുന്ന ടൈറ്റില്‍ സോങ്ങ് അതി മനോഹരമായി പ്രിഥ്വി പാടിയിട്ടുമൂണ്ട്. ഈ ചിത്രത്തിന്റെ റീ-റെക്കൊര്‍ഡിങ് ചെയ്തിരിക്കുന്നത് ദീപക് ദേവ് തന്നെയാണ്. അതു കൊണ്ടു തന്നെ ടൈറ്റില്‍ സോങ്ങിന്റെ അംശങ്ങള്‍ അങ്ങിങ്ങായി ചിത്രത്തില്‍ കാണാം. സന്ദര്‍ഭോചിതമായി ചിത്രത്തിലെ മറ്റു ഗാനങ്ങളുടെ ഈണങ്ങള്‍ പശ്ചത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നതും ആകര്‍ഷകമായി. കെ.കെയും ശില്പാ റായും ചേര്‍ന്നു പാടിയിരിക്കുന്ന “രഹസ്യമായ്...” എന്ന ഗാനം മനോഹരമായി ആലപിച്ചിരിക്കുകയും ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ ഒഴുക്കില്‍ അതൊരു കല്ലുകടിയായി മാറി. കലാ മാസ്റ്റര്‍ ഒരുക്കിയിരിക്കുന്ന ഡാന്‍സ് രംഗങ്ങള്‍, തകിട താളം എന്ന ഗാനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും, മറ്റുള്ളവ ശരാശരിയിലൊതുങ്ങി എന്നു പറയാം. സാലു കെ. ജോര്‍ജ്ജിന്റെ കലാസംവിധാനം എടുത്തു പറയേണ്ട ഒന്നാണ്. ഗാനരംഗങ്ങളെ മികവാര്‍ന്നതാക്കാന്‍ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു എന്ന് എടുത്തു പറയേണ്ട കാര്യമാണ്.
ചിത്രത്തിന് ഒരു പുതിയ മുഖം നല്‍കുവാന്‍ അണിയറ പ്രവര്‍ത്തകര്‍ നന്നായി പരിശ്രമിച്ചിട്ടുണ്ട് എന്ന് ഈ ചിത്രം കണ്ടാല്‍ മനസ്സിലാക്കുവാന്‍ സാധിക്കം. പ്രിഥ്വിരാജിനെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ത്തുന്ന ചിത്രമെന്ന നിലയിലാണ് ഇതിന്റെ വിപണനം നടക്കുന്നത്. അത്രത്തോളമൊന്നുമില്ലെങ്കിലും, ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ഒരു പുതിയ മുഖം നല്‍കുവാന്‍ ഈ ചിത്രത്തിന് കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല, സാങ്കേതികമായി മലയാള സിനിമ വളരെയധികം വളര്‍ന്നു കഴിഞ്ഞു എന്നുള്ളതിന്റെ തെളിവുകൂടിയാണ് ഈ ചിത്രം. കഥയില്‍ ഒരല്‍പ്പം കൂറ്റി ശ്രദ്ധിച്ചിരുന്നെങ്കില്‍ മലയാള സിനിമയുടെ തന്നെ പുതിയമുഖമായി ഇതു മാറുമായിരുന്നു എന്നതിന് യാതോരു സംശയവുമില്ല. എന്നാല്‍ രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്തുവാന്‍ വേണ്ട എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ട്... ദീപന്‍ എന്നൊരു നല്ല സംവിധയാകനെക്കൂടി ഈ ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നു. ഓരോ ചുവടും ശ്രദ്ധിച്ച് വയ്ക്കുന്ന നടനെന്ന ഖ്യാതി ഇപ്പോഴേ നേടിയ പ്രിഥ്വിരാജിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ് ഈ ചിത്രം....
വാല്‍ക്കഷണം: പുതിയ മുഖം മൊഴിമാറ്റം ചെയ്യപ്പെട്ട് തമിഴിലേക്കും. തമിഴര്‍ക്ക് പരിചിതമായ മുഖങ്ങള്‍ വച്ച് സിനിമയെടുത്താലുള്ള ഓരോ ഗുണമേ...!!!
എന്റെ റേറ്റിങ്: 7.3/10.0
ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നല്ല നിലവാരമുള്ള റിവ്യു. സിനിമയുടെ ഓരോതലങ്ങളില്‍കൂടിയുള്ള വിവരണം ജയകൃഷ്ണനെന്ന നിരൂപകനെ വായനകാരുടെ പ്രിയപെട്ടവനാക്കുന്നു
ReplyDeleteഈ റിവ്യൂ കൊള്ളാം. പാഥേയമെന്ന മാഗസിനും ഹ്രുദ്യം തന്നെ.
ReplyDelete