Monday, August 10, 2009
ഒരു ഓണക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്...
മലയാളികളെ ഓണം എന്താണെന്ന് പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല. മലയാളികളുടെ മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായി ആഘോഷിച്ചു പോരുന്ന ഒരുത്സവമാണ് ഓണം. ജനിച്ചു വീണപ്പോള്‍ മുതല്‍ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന ഒന്നാണത്. ഓണം എന്നത് ഒരു നൊസ്റ്റാള്‍ജിക് ഓര്‍മ്മയായി മാറുന്ന കാലം വിദൂരമല്ല... എന്റെ കുട്ടിക്കാലത്തെ ഒരു ഓണക്കാലത്തെക്കുറിച്ചാണ് ഞാന്‍ എഴുതുന്നത്....
പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന കാലം, അന്നൊക്കെ ഓണം എന്നാല്‍ സ്കൂള്‍ തുറന്നാല്‍ ആദ്യമായി കിട്ടുന്ന പരോള്‍ ദിവസങ്ങളാണ്. പരീക്ഷാ ചൂടില്‍ നിന്നും മാറി നിന്ന്, കളിക്കാനും ഓണക്കോടി വാങ്ങാനും പിന്നെ അമ്മയുടെ തറവാട്ടില്‍ പോകാനുമെല്ലാം കിട്ടുന്ന അവസരം. അതു മാത്രമോ, ബന്ധുക്കളെല്ലാവരും വരും, ഓണക്കോടികള്‍ കിട്ടും, സമപ്രായക്കാര കുട്ടികള്‍ വരും... പിന്നെ ഞങ്ങളുടെ ലോകം... ഞങ്ങളുടെ ദിനങ്ങള്‍.. ഇതിനിടയില്‍ ഭാഗ്യമുണ്ടെങ്കില്‍ തീയേറ്ററില്‍ പോയി ഒരു സിനിമ... അതോടെ ഓണം കുശാല്‍... ടെലിവിഷനും ക്രിക്കറ്റും അത്ര തലക്കു പിടിച്ചിട്ടില്ലാത്ത കാലമായതിനാല്‍ അതു രണ്ടും ഒഴിഞ്ഞു നില്‍ക്കും...
ഓണ പരീക്ഷ കഴിഞ്ഞാല്‍ പിന്നെ ഓണക്കോടി വാങ്ങുന്നതിന്റെ തിരക്കിലാണ്. അതിനുമുണ്ട് ചെറിയ ഒരു കുഴപ്പം... അവധിയുടെ തുടക്കത്തിലാണ് ഓണമെങ്കില്‍ അത് പെട്ടെന്നു നടക്കും. അല്ലെങ്കില്‍ കാത്തിരിപ്പാണ്. കാത്തിരിപ്പു മാത്രമല്ല പ്രശ്നം. അമ്മ അധ്യാപിക ആയതിനാല്‍, ഓണ പരീക്ഷയിലെ എല്ലാ വിഷയങ്ങളുടേയും ഉത്തരങ്ങള്‍ നോട്ട് ബുക്കിലേക്ക് പകര്‍ത്തി എഴുതിക്കും. ഓണം അവധിയുടെ അവസാനത്തിലാണെങ്കില്‍, ഇതെഴുതി തീര്‍ക്കാതെ ഒരിക്കലും ഓണക്കോടി കിട്ടില്ല. പിന്നെ ഓണത്തെക്കുറിച്ചുള്ള ആവേശത്തില്‍ എഴുതി തീര്‍ക്കും. പക്ഷേ ഓണം ആദ്യമായാല്‍, അതു മറ്റൊരു കുരിശാകും... ഓണത്തിന്റെ തിമിര്‍പ്പില്‍ നിന്നും പഴയ അവസ്ഥയാകാന്‍ കുറച്ചു ദിവസം എടുക്കും. അതോടെ എഴുത്തു മുടങ്ങും, പിന്നെ അടി കിട്ടുമെന്ന് ഉറപ്പുള്ള വിഷയങ്ങള്‍ എഴുതി തീര്‍ക്കും. അമ്മ ഞാന്‍ പഠിച്ചിരുന്ന വിദ്യാലയത്തിലെ അധ്യാപിക ആയതിനാല്‍ ചില ടീച്ചര്‍മാര്‍ക്ക് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നു. ആ ബലത്തില്‍ ബാക്കിയുള്ള വിഷയങ്ങള്‍ കുറച്ചു മാത്രം എഴുതി രക്ഷപ്പെടും. എന്തായാലും ഈ പകര്‍ത്തി എഴുത്ത് ഓണക്കാലത്തെ ഒരു രസം കൊല്ലി ആയിരുന്നു.
ഓണക്കോടി വാങ്ങിയാല്‍ പിന്നെ അടുത്തത്, ഓണ സദ്യയ്ക്ക് വേണ്ട സാധനങ്ങള്‍ വാങ്ങുക എന്നതായിരുന്നു. എല്ലാത്തവണയും ഞാന്‍ അച്ഛന്റേയും അമ്മയുടേയും കൂടെ പോകും സാധനങ്ങള്‍ വാങ്ങാന്‍. എന്റെ ഉദ്ദേശം ഒന്നു മാത്രമാണ്. അവരെക്കൊണ്ട് ശര്‍ക്കര വാങ്ങിപ്പിക്കരുത്. അതു വാങ്ങിയാല്‍ പിന്നെ ഓണത്തിന് പാല്‍പായസം ഉണ്ടാവില്ല. എല്ലാത്തവണയും എന്റെ പരിശ്രമങ്ങള്‍ അസ്ഥാനത്താവുകയേയുള്ളൂ. അന്ന്, ഇന്നത്തെ പോലെ സൂപ്പര്‍ മാര്‍ക്കറ്റുകളോ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റുകളോ ഇല്ല. മാവേലി സ്റ്റോറിന്റെ ഓണം കൌണ്ടര്‍ മാത്രം. അതില്‍ അക്ഷമനായി ക്യൂ നില്‍ക്കുന്ന ഓര്‍മ്മ ദാ ഇപ്പോള്‍ ഒരു സുഖം തരുന്നു. അന്ന് എന്നെ ക്ഷമിക്കാന്‍ പഠിപ്പിച്ചത് പാല്‍പ്പായസത്തിന്റെ പ്രതീക്ഷകള്‍ മാത്രമാണ്....
ഓണത്തിന് പൂവിടണം എന്ന ആഗ്രഹം എല്ലാത്തവണയും ഉണ്ടാകും. പക്ഷേ പത്തു ദിവസം പൂവിടാനുള്ള സാഹചര്യം പലപോഴുമുണ്ടാകാറില്ല. അതു കൊണ്ടു തന്നെ സ്കൂളീല്‍ ഓണാഘോഷ ദിവസം എല്ലാവരും കൂടി വലിയൊരു പൂക്കളമിട്ട് ആശ തീര്‍ക്കാറാണ് പതിവ്. എന്നാല്‍, ഒരു തവണ പത്തു ദിവസവും ഞങ്ങള്‍ പൂവിട്ടു. അത്തത്തിന്റെ അന്ന് മൂന്ന് തുമ്പപ്പൂവില്‍ നിന്നു തുടങ്ങി, പത്തിന്റെ അന്ന്, ഒന്നര മീറ്റര്‍ വ്യാസത്തില്‍ മനോഹരമായ ഒരു പൂക്കളമൊരുക്കിയാണ് നമ്മള്‍ അത് അവസാനിപ്പിച്ചത്. അരിമാവ് പുരട്ടിയ ഓണത്തപ്പനും, പ്രസാദമായ അടയുമെല്ലാം ആദ്യമായി ഞങ്ങള്‍ ഉണ്ടാക്കി. ആദ്യ ദിനങ്ങളില്‍ പൂവിനായി ഓടി നടന്ന് കിട്ടാതെ അവസാനം, ഒരു കോളേജ് പ്രൊഫസറുടെ വീടിന്റെ മതിലു ചാടി പൂ പറിച്ചതും, ഒടുവില്‍ കഴുത്തില്‍ പിടി വീണപ്പോള്‍ ഓടി രക്ഷപ്പെടാന്‍ നോക്കിയതുമെല്ലാം ഇതിന്റെ ഭാഗമായി ഓര്‍ക്കുന്നു. എന്നാല്‍ ഞങ്ങള്‍ പൂക്കളമൊരുക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എല്ലാ ദിവസവും പൂപറിക്കാന്‍ അനുവാദം തന്നതും, അവസാന ദിവസത്തെ വലിയ പൂക്കളം കാണാന്‍ അദ്ദേഹം വന്നതും, ഞങ്ങളെ നിര്‍ത്തി ഫോട്ടോ എടുത്തതുമെല്ലാം മങ്ങിയ ഒര്‍മ്മകളായി ഇപ്പോഴും മനസ്സില്‍ തത്തിക്കളിക്കുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം, വീട്ടുകാര്‍ക്കു വരെ അത്ഭുതകരമായ ഒരു കാര്യമായിരുന്നു. അദ്ദേഹം ഇന്നെവിടെയെന്ന് അറിയില്ല. എന്തായാലും അദ്ദേഹത്തിന്റെ ആല്‍ബത്തിന്റെ ഏതോ ഒരു താളില്‍ ആ ചിത്രം ഒട്ടിച്ചു വച്ചിട്ടുണ്ടാകുമെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു...
ഓണത്തിന്റെ ഏറ്റവും മനോഹരമായ സ്മരണ, വീട്ടു മുറ്റത്തെ പേര മരത്തില്‍ കെട്ടിയിരുന്ന ഊഞ്ഞാല്‍ ആണ്. അത് ഓണം സ്പെഷ്യന്‍ ആണ്. ഓണക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഒന്നാണത്. ഞങ്ങള്‍ കുട്ടികള്‍ക്കായി മുത്തച്ഛനോ കൊച്ചച്ഛന്മാരോ ആവും അതു കെട്ടുക. കുട്ടികളെല്ലാവരും എത്തിയാല്‍ പിന്നെ പ്രായഭേദമന്യേ എല്ലവരും ഊഞ്ഞാലാടാനുള്ള മത്സരമാണ്. രാവിലെ ഉറക്കമുണര്‍ന്നാല്‍ പിന്നെ അതിലാടാനുള്ള മത്സരം തുടങ്ങിയാല്‍ അവസാനിക്കുക രാത്രിയിലാകും... പിന്നെ നാട്ടിലെ ക്ലബ്ബുകള്‍ നടത്തുന്ന പുലികളി, തിരുവാതിരകളി, വടം വലി മത്സരം, തലപ്പന്ത് കളി എന്നിവ കാണാന്‍ പോകും. തലപ്പന്തും, വടം വലിയും. അതൊരു രസമാണ്, കളിയെക്കുറിച്ച് യാതൊന്നുമറിയില്ലെങ്കില്‍ പോലും, അറിയാതെ നാം ആവേശം കൊണ്ടു പോകും. ചിലപ്പോള്‍ മരമടി നടത്തും, അതും രസമാണ്... ഒരിക്കലത് കുട്ടികള്‍ക്കായി നടത്തി. കലം തല്ലിപ്പൊട്ടിക്കാതെ നാട്ടുകാരുടെ നേരെയാണ് ഞാന്‍ വടിയുമായി പോയതെന്നാണ് ഓര്‍മ്മ... തലപ്പന്തു കളി കാണാന്‍ പോകുന്നതിന് വീട്ടില്‍ നിന്നും വിലക്കുണ്ട്. കാരണം, പലപ്പോഴും അത് അടിയിലെ കലാശിക്കാറുള്ളൂ.. എന്നിരുന്നാലും കളിയുടെ നിയമങ്ങള്‍ ഒന്നുമറിയാതെ കളി കണ്ട് ആവേശഭരിതനാകാറുണ്ട്. ഇന്നത്തെ തലമുറയ്ക്ക് അന്യമായ ഒരു കളിയാണത്. എത്ര പേര്‍ക്കത് അറിയാം എന്നു സംശയമാണ്. കുട്ടികള്‍ക്കായുള്ള മിഠായി പറുക്കല്‍, ചാക്കില്‍ കയറി ഓട്ടം, മൂന്നു കാലില്‍ ഓട്ടം, നാരങ്ങാ സ്പൂണ്‍ റേസ് എന്നിവയൊക്കെ സജീവമായിരുന്നു അന്നും... കുട്ടിക്കാലത്ത് ആവേശപൂര്‍വ്വം നോക്കി നിന്നിരുന്ന ഒരു മത്സരമായിരുന്നു “സൈക്കിള്‍ സ്ലോ റേസ്“. സൈക്കിളിനോടുള്ള അഭിനിവേശത്തിനു കാരണമായതും ഈ മത്സരം തന്നെ.
അല്പം മുതിര്‍ന്ന കുട്ടികള്‍ ക്രിക്കറ്റു കളിക്കാന്‍ വേണ്ടി പോകുമ്പോള്‍ അവര്‍ നമ്മളെ കൂട്ടില്ല. എന്നാല്‍ അവര്‍ പോവുന്ന റബ്ബറിന്‍ തോട്ടത്തിലേക്ക് ഞങ്ങളും പോകും. പിന്നെ കള്ളനും പോലീസും, സാറ്റ്, എന്നിങ്ങനെ പല കളികളും. അതിന്റെ കൂടെ ഞങ്ങളുടെ മാത്രമായി ചില കളികളും. “ഫൌജി” അതിലൊന്നയിരുന്നു. ദൂരദര്‍ശനില്‍ ആ കാലത്ത് സംപ്രേക്ഷണം ചെയ്ത് പോന്നിരുന്ന ഒരു പട്ടാള കഥയായിരുന്നു ഫൌജി. ഞങ്ങള്‍ അതൊരു കളിയാക്കി മറ്റി. ഉത്സവ കാലത്തു വാങ്ങുന്ന കളി തോക്കുകളും പൊട്ടാസുമായിരുന്നു പ്രധാന ആയുധങ്ങള്‍, പിന്നെ മുളയില്‍ ഉണ്ടാക്കിയ വാളുകളും. വളരെ രസകരവും ആവേശകരവുമായ നിയമങ്ങളടങ്ങിയ കളിയായിരുന്നു. ആരാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം വച്ചതെന്നോ, നിയമങ്ങള്‍ ഉണ്ടാക്കിയതെന്നോ ഇന്നും ഓര്‍മ്മയില്ല. അന്നു ഞങ്ങളുടെ കൂട്ടത്തില്‍ മുതിര്‍ന്ന ദീപു ചേട്ടനാവണം അതുണ്ടാക്കിയത്. ഒരു ദിവസം മുഴുവനും “ഫൌജി” കളിച്ചാലും മടുക്കാത്ത ആവേശമായിരുന്നു അതിന്... ഫൌജി മാത്രമല്ല, പുളിങ്കുരുവും മഞ്ചാടുക്കുരുവും, കുന്നിക്കുരുവും വച്ചുള്ള ചില കളികള്‍.. അതെല്ലാം വിശ്രമ വേളകളില്‍ മാത്രം... അതിന്റെയൊന്നും പേരു പോലും ഇന്നാലോചിച്ചിട്ട് കിട്ടുന്നില്ല.
ഓണത്തെക്കുറിച്ച് പിന്നെയുള്ള മധുരകരമായ സ്മരണ, ഓണ സദ്യ തന്നെയാണ്. നിലത്ത് ഇലയിട്ടാണ് കുട്ടികള്‍ക്ക് സദ്യ... അതു മാത്രമല്ല. ഓണത്തപ്പന്റെ ഒപ്പം ഊണു കഴിക്കുന്ന ആളുകള്‍ ഞങ്ങളാണ്. അതൊരു അംഗീകാരമായാണ് അന്ന് കരുതി പോന്നത്. ആദ്യം സദ്യ കഴിക്കുന്നതിന്റെ പിറകില്‍ മറ്റൊരു ഉദ്ദേശ്യവുമുണ്ടായിരുന്നു. മിക്കാവാറും എല്ലാ ഓണത്തിനും പുലികളിയും മഹാബലി തമ്പുരാനുമായി അവിടെയുള്ള ഒരു കൂട്ടം ചേട്ടന്മാര്‍ എല്ലാ വീട്ടിലും വരുന്ന പതിവുണ്ട്. ഉദ്ദേശ്യം പിരിവാണെങ്കിലും ഞങ്ങള്‍ക്ക് അതൊരു നല്ല രസകരമായ പരിപാടിയായിരുന്നു. പുലികളിക്കൊപ്പം ഇറങ്ങി അവര്‍ക്കൊപ്പം ചുവടു വയ്ക്കുക, ആര്‍ത്തു വിളിക്കുക എന്നിവയൊക്കെ പതിവായിരുന്നു. അതൊക്കെ രസകരമായ ഓര്‍മ്മകള്‍ മാത്രമാണിന്ന്. പുലികളിയും മറ്റും ഇന്ന് കാണാന്‍ കിട്ടുന്നു തന്നെയില്ല.
എല്ലാം കഴിഞ്ഞ് ഒരു ദിവസത്തിന്റെ തിമിര്‍പ്പ് അവസാനിക്കുന്നത് രാത്രിയില്‍ ഭക്ഷണം കഴിക്കുന്നതോടെയാണ്. പിന്നെ തളര്‍ന്നുറക്കം... അതോടെ ഒരു തിരുവോണ ദിനം കൂടി പോയ് മറയും. പിറ്റെ ദിവസമാകുന്നതോടെ ബന്ധുക്കള്‍ ഓരോരുത്തരായി പോകുവാന്‍ തുടങ്ങും... എന്നെ എപ്പോഴും ഏറ്റവും ദു:ഖിപ്പിച്ചിരിക്കുന്ന ഒരു നിമിഷമാണ്. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ഒത്തു ചേരല്‍.... അതും പെട്ടെന്ന് അവസാനിക്കുന്നു.... അതു കഴിഞ്ഞാല്‍ പിന്നേയും ഒരു വര്‍ഷത്തെ കാത്തിരുപ്പ്. ഒരു വലിയ ഇടവേള... വിഷാദത്തിലാണ്ട കാത്തിരിപ്പ്.... പക്ഷേ അത് പ്രതീക്ഷയുടെ, സന്തോഷത്തിന്റെ ദിവസങ്ങള്‍ക്കായി ആണ്...
ഇന്നത്തെ പുതു തലമുറയ്ക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകുമോ? ജീവിതത്തില്‍ തന്നെ ഇത്തരം സുവര്‍ണ്ണ നിമിഷങ്ങളില്‍ കൂടി കടന്നുപോകുവാന്‍ അവര്‍ക്കു കഴിയുമോ? മണ്ണിന്റെ ഗന്ധവും, പൂവിന്റെ നൈര്‍മ്മല്യവും, പൂവിളികളും, ഓണത്തിന്റെ ആവേശവുമെല്ലാം മനസ്സിലാക്കാന്‍ അവര്‍ക്കു കഴിയുമോ? ഞാന്‍ അനുഭവിച്ച ആ അനുഭൂതി ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു കഴിയുമോ? അറിയില്ല. ഇതെല്ലാം ഒരു കെട്ടു കഥകള്‍ പോലെ അവര്‍ വിശ്വസിക്കുന്ന ഒരു കാലത്തേക്കാണ് നാം പോകുന്നത്....
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
വളരെ നന്നായി ആശാനേ..
ReplyDeleteപഴയ ഓണത്തിന്റെ ഓര്‍മ്മകള്‍ നന്മകള്‍ ആയി മനസ്സില്‍ സൂക്ഷിക്കാം..
ReplyDeleteപുതിയ ഓണത്തിനെ വരവേല്‍ക്കാന്‍ ആശംസകളും..
ഓണത്തിന്റെ നനുത്ത ഓര്‍മ്മകളിലേയ്ക്ക് കൊണ്ടു പോകുന്ന നല്ലൊരു പോസ്റ്റ്...
ReplyDeleteഇപ്പോഴത്തെ കുട്ടികള്‍ക്ക് ഓണമോ ഓണാവധിയോ അത്ര വലിയൊരു ആഘോഷമാണ് എന്ന് തോന്നുന്നില്ല.
@ ആചാര്യന്‍, ശ്രീ, സ്മിത ചേച്ചി
ReplyDeleteനന്ദി... ഓണത്തിന്റെ ആശംസകള്‍.. വളരെ വൈകി!!!!