Tuesday, July 13, 2010

ജ്യോതിഷി‍ ബെര്‍ലിന്‍ പോള്‍

നമസ്കാരം.. 
ഞാന്‍ പ്രദോഷ്... 
പ്രധാന വാര്‍ത്തകള്‍... 


ലോകകപ്പ് ഫുട്ബോളില്‍ സ്പെയിന്‍ ചാമ്പ്യന്മാര്‍. ഹോളണ്ടിന്റെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്പെയിന്‍ ചാമ്പ്യന്മാരായത്‌.
മത്സരഫലം കൃത്യമായി പ്രവചിച്ച ജര്‍മ്മനിയുടെ ഓറക്കിള്‍ പോളാണ് ലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത്‌.
ഈ ലോകകപ്പിലെ ഹീറോ ആയി മാറിയ ഓറക്കിള്‍ പോള്‍ എന്ന നീരാളിയുടെ ഭാവി പരിപാടികളെക്കുറിച്ചാണ് ഈ എന്‍‌കൌണ്ടര്‍ പോയിന്റില്‍ നാം ചര്‍ച്ച ചെയ്യുന്നത്.


സംഭവ ബഹുലമായ 2010 ലോകകപ്പിന് തിരശ്ശീല വീണു കഴിഞ്ഞു. സ്പെയിന്‍ ചാമ്പ്യന്മാരുമായി. ഫ്രാന്‍സിന്റേയും ഇറ്റലിയുടേയും ഇംഗ്ലണ്ടിന്റേയും ബ്രസീലിന്റെയും അര്‍ജന്റീനയുടേയും ഒടുവില്‍ ജര്‍മ്മനിയുടേയും കണ്ണുനീര്‍ നാം കാണുകയും ചെയ്തു. പല താരങ്ങളേയും സംഭാവന ചെയ്താണ് ഈ ലോകകപ്പ്‌ നമ്മോട്‌ വിടവാങ്ങുന്നത.. എന്നാല്‍ കളിക്കളത്തിനു പുറത്ത്, താരമായത്‌ ബെര്‍ലിന്‍കാരനായ പ്രശസ്ത ജ്യോതിഷി‍ ഓറക്കിള്‍ പോളാണ്. ലോകകപ്പിലെ, ജര്‍മ്മനിയുടെ എല്ലാ മത്സര ഫലങ്ങളും കൃത്യമായി പ്രവചിച്ച പോള്‍, ഫൈനലില്‍ സ്പെയിന്‍ ജയിക്കുമെന്നും പ്രവചിച്ചിരുന്നു.  വര്‍ഷങ്ങളായി ബെര്‍ലിനില്‍ താമസമാക്കിയ പോള്‍, ഇപ്പോള്‍ ജര്‍മ്മന്‍ പൌരനാണ്, അതു കൊണ്ടു തന്നെ, ജര്‍മ്മനിയുടെ മത്സരങ്ങളെ പോള്‍ പ്രവചിക്കാറുള്ളൂ. എന്നാല്‍ ലോകകപ്പിന്റെ ഫൈനല്‍ പ്രവചിച്ചതോടെ, തന്റെ കഴിവിന്റെ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് കാണ്ടെത്തിയിരിക്കയാണ് പോള്‍. ഒരു ജര്‍മ്മന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പോള്‍ തന്റ്റെ ഗ്ലോബല്‍ മാര്‍ക്കറ്റ് എന്ന ആശയം പുറത്തു വിട്ടത്‌.  പ്രവചനത്തിനായി ആദ്യം പോളിനെ സമീപിച്ച ജര്‍മ്മന്‍ ചാന്‍സിലര്‍, ഇതിനെതിരെ രംഗത്തു വന്നു എന്നാണ് ബിബിസി നല്‍കുന്ന റിപ്പോര്‍ട്ട്‌.

സ്പെയിന്‍ ജയിക്കുമെന്ന പ്രവചനം ഫലിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പോളിന് ഓഫറുകള്‍ ലഭിച്ചു തുടങ്ങി എന്നാണ് അറിയാന്‍ കഴിയുന്നത്‌. വര്‍ഷങ്ങളായി ബെര്‍ലിനില്‍ കഴിയുന്ന പോളിന്, ജര്‍മ്മനിയുടെ പരാജയം പ്രവചിച്ചതോടെ വധഭീഷണികള്‍ ഉയര്‍ന്നിരുന്നു. സെമിഫൈനലിനു മുന്നെ വരെ പോളിനെ ഹീറോ ആയി വാഴ്ത്തിയ പത്രക്കാര്‍, ഇപ്പോള്‍ പോളിനു നേരെ തിരിഞ്ഞിരിക്കയാണ്. അതു കൊണ്ടു തന്നെ, പോള്‍ ഉടന്‍ തന്നെ ജര്‍മ്മനി ഉപേക്ഷിക്കുമെന്ന്‌ ഏകദേശം ഉറപ്പായി കഴിഞ്ഞു. അതിനിടെ ജര്‍മ്മനിയുടെ ആസ്ഥാന ജ്യോതിഷി എന്ന പോസ്റ്റില്‍ നിന്നും പോള്‍ രാജി വച്ചുവെന്നും, ഇപ്പോള്‍ നോട്ടീസ് പീരീഡിലാണെന്നും വാഷിങ്ടണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു. ജര്‍മ്മനിയില്‍ നിന്നും പോരുന്ന പോള്‍, നേരെ അമേരിക്കയിലെത്തി എഫ്.ബി.എയില്‍ ചേരുമെന്നാണ് വാഷിങ്ടണ്‍ ഹെറാള്‍ഡ് പറയുന്നത്. ഒസാമ ബിന്‍ലാദന്റെ അടുത്ത നീക്കങ്ങള്‍ പ്രവചിക്കുക എന്നതായിരിക്കും പോളിന്റെ ജോലിയെന്നും ഉയര്‍ന്ന എഫ്.ബി.ഐ വൃത്തങ്ങളെ ആധാരമാക്കി ഈ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്നാല്‍ എഫ്.ബി.എയിലല്ല, സി.ഐ.എയിലാവും പോളെത്തുക എന്നതാണ് ടൈംസ് ഓഫ് വൈറ്റ്‌ഹൌസിന്റെ റിപ്പോര്‍ട്ട്‌. അതിനായി സി.ഐ.എയും, എഫ്.ബി.ഐയും തമ്മില്‍ നയതന്ത്രതലത്തില്‍ ഒരു വടംവലി തന്നെ നടക്കുന്നുണ്ട്‌ എന്നും ഈ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

പോളിനെ സ്വന്തമാക്കുവാന്‍ ബ്രിട്ടീഷ്‌ ചാരസംഘടനയും, അവരുടെ പ്രശസ്തനായ ചാരന്‍ ജയിംസ് ബോണ്ടും രംഗത്തിറങ്ങിയതായി ബ്രിട്ടണില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബോണ്ടിന്റെ ആസ്റ്റന്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം ബെര്‍ലിന്‍ നഗരത്തിലൂടെ ചീറിപ്പായുന്നതിന്റെ ഫോട്ടോയുമായി, ബ്രിട്ടനിലെ ദി ഡെയ്‌ലി മിറര്‍ എന്ന പത്രം പുറത്തു വന്നിരുന്നു. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം ഈ വാര്‍ത്ത നിഷേധിക്കുവാന്‍ തയാറാകാത്തത്‌ ഇതിന്റെ സത്യാവസ്ഥയിലേക്ക്‌ വിരല്‍ചൂണ്ടുന്നതായി ദി റിപ്പോര്‍ട്ടര്‍ പറയുന്നു. എന്തായാലും പോളിനെ സ്വന്തമാക്കാനുള്ള മത്സരം മുറുകുന്നതിന്റെ ലക്ഷണമാണ് കാണുന്നത്‌. എഫ്.ബി.ഐയുടേയും സി.ഐ.എയുടേയും നീക്കങ്ങള്‍ ശക്തമാകുമ്പോള്‍, ഒസാമ ബിന്‍ലാദനും പോളിനായി രംഗത്തെത്തിയിരിക്കുന്നു എന്ന്‌ ഒരു പാക്കിസ്ഥാനി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ കൂടെ ചേരാത്ത പക്ഷം, പോളിനെ കഴുത്തറത്തു കൊല്ലുമെന്ന്‌ അല്‍-സുലൈമാന്‍ ചാനലിനു അയച്ചു കൊടുത്ത വീഡിയോയില്‍ താലിബാന്‍ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

പോളിനായുള്ള പോരാട്ടം തുടരുമ്പോള്‍, ഐക്യരാഷ്ട്ര സംഘടന പോളിന് ഒരു പുതിയ ഓഫര്‍ കൊടുക്കാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്‌. ലോക സമാധാനത്തിനും, പ്രകൃതി ദുരന്തരങ്ങള്‍ മുന്‍‌കൂട്ടി പ്രവചിക്കാനുമുള്ള ഉത്തരവാദിത്വമുള്ള ഒരു പുതിയ തസ്തിക സൃഷ്ടിക്കുവാന്‍, ഐക്യരാഷ്ട്ര സഭ ആലോചിക്കുന്നതായി അറിയുവാന്‍ കഴിയുന്നു. എന്നാല്‍ ഈ നീക്കത്തെ അമേരിക്ക വീറ്റോ ചെയ്യുമെന്നു ഭയന്ന്‌, അമേരിക്കയുമായി ഒരു ഉടമ്പടിയിലെത്താനാണ് ഐക്യരാഷ്ട്ര സഭ കാത്തിരിക്കുന്നത്‌ എന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉടമ്പടിയിലെത്തുകയാണെങ്കില്‍,  പോളിന്റെ സേവനത്തിന്റെ 50    ശതമാനം ഐക്യരാഷ്ട്ര സഭയ്ക്കായും, ബാക്കി 50 ശതമാനം സ്ഥിരാംഗങ്ങള്‍ക്കായി തുല്യമായും വീതിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്‌.

കാല്‍‌പന്തുകളി പ്രവചിച്ച്‌ താരമായി മാറിയ പോളിനെ സ്വന്തമാക്കുവാന്‍ ഫിഫയും ഒരുങ്ങിക്കഴിഞ്ഞു. 90 മിനിട്ട്‌ കളി നടത്തുന്നതിലെ സമയ നഷ്ടം ഒഴിവാക്കാന്‍ പോളിനെ ഉപയോഗിച്ച്‌ വിജയിയെ കണ്ടത്തുക എന്ന പുതിയ പദ്ധതിയാണ് ഫിഫ ആവിഷ്കരിക്കുന്നത്‌. പോള്‍ വിജയിയെ ആദ്യമെ കണ്ടെത്തുന്നതിനാല്‍, 90 മിനിട്ട്‌ കളിക്കുന്നത്‌ സമയനഷ്ടമാണെന്നും, ഇനി എക്സ്ട്രാ ടൈമോ പെനാല്‍ട്ടിയോ വന്നാല്‍ ഏകദേശം രണ്ടര മണിക്കൂര്‍ നഷ്ടപ്പെടുമെന്നുമാണ് ഫിഫയുടെ കണ്ടത്തല്‍. റഫറിയിങ്ങിനെ കുറിച്ച്‌ ഇപ്പോള്‍ ഉയരുന്ന പരാതികളെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഈ മാര്‍ഗ്ഗം സഹായിക്കും എന്നാണ് മുന്‍ താരങ്ങളടങ്ങുന്ന ഫിഫയുടെ എക്സപര്‍ട്ട്‌ കമ്മറ്റി അവകാശപ്പെടുന്നത്‌. വലിയ സ്റ്റേഡിയങ്ങളില്‍ വച്ച്‌ പ്രവചനം നടത്തുവാനാണ് ഇപ്പോല്‍ ഫിഫ ഉദ്ദേശിക്കുന്നത്‌. കോച്ചും കളിക്കാരും ചേര്‍ന്ന്‌ രുചികരമായ ഭക്ഷണമുണ്ടാക്കി, രാജ്യത്തിന്റെ പതാക പ്രിന്റ് ചെയ്ത ബോക്സില്‍ നിറക്കണമെന്നതാണ് ഫിഫയുടെ പക്ഷം. ഇതു വഴി ടീമുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ കഴിയും എന്നാണ് ഫിഫയുടെ പ്രതീക്ഷ. 2014 ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പോടു കൂടി ഈ മാറ്റങ്ങള്‍ പരീക്ഷിക്കപ്പെടുമെന്ന്‌ ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫിഫ ഇത്രയും മുന്നോട്ടു പോയിക്കഴിഞ്ഞതിനാല്‍ പോള്‍ ഫിഫയ്ക്കൊപ്പം ചേരുമെന്നാണ് ജര്‍മ്മന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‌.

2020 തോടെ വികസിത രാഷ്ട്രമാകാന്‍ തയ്യാറെടുക്കുന്ന ഇന്ത്യയും പോളിന്റെ സേവനത്തിനായി രംഗത്തെത്തിയിരിക്കുന്നു.  ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് പോളിനായി മുന്നിട്ടിറങ്ങാന്‍ തീരുമാനമായത്‌. അഭ്യന്തര സുരക്ഷ തന്നെ ഭീഷണിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍, ഭീകരാ‍ക്രമണങ്ങള്‍ ഒരു വര്‍ഷം മുന്നെ എങ്കിലും മുന്‍‌കൂട്ടി കാണുവാനും അതു വഴി അവയെ പ്രതിരോധിക്കുവാന്‍ എന്‍.ഐ.എയെ സഹായിക്കുക എന്നതാവും പോളിന്റെ പ്രധാന ചുമതല. അതിര്‍ത്തിയില്‍ ചൈനയുടേയും പാക്കിസ്ഥാന്റേയും നീക്കങ്ങള്‍ പ്രവചിക്കുക എന്നതും പോളിന്റെ ചുമതലയായിരിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചത്‌. ഇന്ത്യ പോളിനായി രംഗത്തെത്തുന്നു എന്നറിഞ്ഞ്‌. ഐ.എസ്.ആര്‍.ഓയും പോളിന്റെ സേവനത്തിനായി അവശ്യമുന്നയിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്`. ഐ.എസ്.ആര്‍.ഓ വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ ഭ്രമണപഥത്തിലെത്തുമോ അതോ ബംഗാള്‍ ഉള്‍ക്കടലില്‍ വീഴുമോ എന്ന് കണ്ടുപിടിക്കലാകും പോളിന്റെ ഐ.എസ്.ആര്‍.ഓയിലെ ചുമതല. രാഷ്ട്രീയ എതിരാളികളുടെ നീക്കങ്ങള്‍ മുന്‍‌കൂട്ടി അറിയാന്‍ പോളിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നതിനാല്‍, പോളിനെ നിശ്ചിത സമയത്തേക്ക്‌  ഔട്ട്`സോഴ്സ്‌ ചെയ്യുന്നതിനേക്കുറിച്ചും, സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങി. ഇതറിഞ്ഞ്‌ കെ.പി.സി.സി പ്രസിഡന്റ്‌ സുമേഷ്  മണ്ണന്തലയും കേരളാ മുഖ്യമന്ത്രി അച്ചു മാമയും, പോളിന്റെ സേവനത്തിനായുള്ള അപേക്ഷ നല്‍കി കഴിഞ്ഞു എന്ന്‌ ഡല്‍ഹിയിലെ ചില പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ പോളിനായി അമേരിക്ക മുന്നിട്ടിറങ്ങിയിരിക്കുന്നതിനാല്‍, പോളിനെ തങ്ങള്‍ക്കു ലഭിക്കുവാന്‍ സാധ്യത ഇല്ല എന്നാണ് വിദേശകാര്യ മന്ത്രാലയം കണക്കു കൂട്ടുന്നത്‌. അങ്ങനെയെങ്കില്‍, അമേരിക്കയുമായി ആണവക്കരാര്‍ മോഡലില്‍ ഒരു “പോള്‍ കരാര്‍” ഉണ്ടാക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നതായി അറിയാന്‍ കഴിയുന്നു. ഇതിനെതിരെ ഇടതുപാര്‍ട്ടികള്‍ അതിശക്തമായ പ്രതിഷേഷവുമായി രംഗത്തെത്തിക്കഴിഞ്ഞു. പോളിനു വേണ്ടി അമേരിക്കയുമായി കരാറുണ്ടാക്കുന്നത്‌, അമേരിക്കയുടെ നീരാളിക്കൈകള്‍ ഇന്ത്യയില്‍ പിടിമുറുക്കുന്നതിന് സഹായകമാകുമെന്ന്‍ ഇടതുപക്ഷപാര്‍ട്ടികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

പോളിനെ സ്വന്തമാക്കുവാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ആളുകള്‍ മത്സരിക്കുമ്പോള്‍, വേറിട്ടൊരു കാഴ്ചയിലൂടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളം നമ്മെ ലോകത്തിന്റെ ശ്രദ്ധയിലെത്തിക്കയാണ്. പോളിന്റെ ഫലപ്രവചനത്തിനെതിരെ, ഈ വരുന്ന 16, വെള്ളിയാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കയാണ്. ഓള്‍ കേരള ജ്യോതിഷ വെല്‍ഫെയര്‍ അസോസിയേഷനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്‌. പോളിന്റെ ഇത്തരം പ്രവചനങ്ങള്‍ക്ക്‌ ശാസ്ത്രീയമായ ഒരു അടിത്തറയില്ലെന്നും, ഇത്തരം പ്രവചനങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നുമാവശ്യപ്പെട്ടാണ് തങ്ങള്‍ സമരപരിപാടികള്‍ക്കൊരുങ്ങുന്നതെന്നാണ് ഓള്‍ കേരള ജ്യോതിഷ വെല്‍ഫെയര്‍ അസോസിയന്‍ സംസ്ഥാന പ്രസിഡന്റ്‌ ആറ്റുകാല്‍ രാമകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്‌. ഹര്‍ത്താല്‍ സമരത്തിന്റെ ആമുഖം മാത്രമെ ആ‍കുന്നുവുള്ളുവെന്നും, ഒരാഴ്ച കവടി നിരത്തുന്നത്‌ നിര്‍ത്തുന്നതു പോലെയുള്ള ഇനിയും ശക്തമായ സമരപരിപാടികള്‍ നടത്തുന്നതിനെ പറ്റി ആലോചിക്കുന്നതായും ശ്രീ.രാമകൃഷ്ണന്‍ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. കേരളത്തിലുടനീളമുള്ള മാതാപിതാക്കള്‍, മക്കളുടെ ജാതകവുമായി പോളിനെ കാണുവാനായി ജര്‍മ്മനിക്കു പോകുവാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതിഷേധവുമായി ഓള്‍ കേരള ജ്യോതിഷ വെല്‍ഫെയര്‍ അസോസിയന്‍ രംഗത്തെത്തിയിരിക്കുന്നത്‌. അതിനിടെ, ജര്‍മ്മന്‍ വിസയ്ക്ക്‌ അപേക്ഷിക്കാനെത്തിയവരുടെ തിക്കും തിരക്കും മൂലം ഇന്ന്‍ കൊച്ചി എം.ജി റോഡിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പോലീസിന് ചെറിയ തോതില്‍ ലാത്തിച്ചാര്‍ജ്ജും, കണ്ണീര്‍വാതകവും പ്രയോഗിക്കേണ്ടി വന്നു. ഇതൊന്നും തങ്ങളെ തളര്‍ത്തില്ലെന്നും, മക്കളുടെ ജാതകം ഇനി പോള്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നുമാണ് വിസയ്ക്കായി വന്ന മാതാപിതാക്കള്‍ ഞങ്ങളുടെ ചാനലിനോട്‌ പറഞ്ഞത്‌. വിസയ്ക്കായുള്ള അപേക്ഷകളുടെ ആധിക്യം മൂലം, ജര്‍മ്മന്‍ കോണ്‍സുലേറ്റ്‌ കൂടുതല്‍ ആളുകളെ റിക്രൂട്ടു ചെയ്യുവാന്‍ പോകുന്നതായി ഔദ്യോകിക പത്രക്കുറിപ്പില്‍ അറിയിച്ചു.

കേരളത്തിലെ പ്രമുഖ സംസ്കാരിക നായകനായ സുകുമാരന്‍ അഴിഞ്ഞകോട്‌ പോളിനെതിരെ നിശതമായ വിമര്‍ശനങ്ങളോടെ രംഗത്തെത്തി. പോളിതൊക്കെ പ്രവചിക്കുന്നതിനു മുന്നെ തന്നെ, സ്പെയില്‍ ഒരു വിക്കറ്റിനു ഹോളണ്ടിനെ തോല്പിച്ച്‌ ലോകകപ്പു നേടുമെന്ന്‌ തന്റെ വീട്ടിലെ മണിയന്‍ പൂച്ച പ്രവചിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. അക്വേറിയത്തില്‍ കിടന്നു പ്രവചനം നടത്താന്‍ ആര്‍ക്കും പറ്റുമെന്നും, ധൈര്യമുണ്ടെങ്കില്‍ പോള്‍ കടലിലിറങ്ങി തന്നെ പോലെയുള്ള തിമിംഗലങ്ങളെ നേരിടട്ടെയെന്നും അദ്ദേഹം വെല്ലു വിളിച്ചു. ടാങ്കിനു പുറത്തെത്തിയാല്‍ പോള്‍ വെറും അസ്ഥിപഞ്ജരമാണെന്നും, ഇത്തരം പ്രവചനങ്ങള്‍ നടത്തി കുങ്കുമം ചുമക്കുന്ന കഴുതയായി പോള്‍ സ്വയം മാറരുതെന്നും അഴിഞ്ഞകോട്‌ ആവശ്യപ്പെട്ടു. പോളിനെ ഇന്ത്യയിലേക്ക്‌ എത്തിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ നടപടി അത്യന്തം ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്തായാലും ലോകകപ്പിലെ ഈ താരം, ലോകത്തു തന്നെ താരമാകുകയാണ്. പോളിന്റെ ഭാവി എന്താകുമെന്നാവും, വരും ദിനങ്ങളില്‍ ലോകം ഉറ്റുനോക്കുന്നത്‌. എന്തായാലും പോള്‍ ഒരു സൂപ്പര്‍ ഹീറൊ ആകുകയാണ് ഇവിടെ... ഇതോടെ എന്‍‌കൌണ്ടര്‍ പോയിന്റ്‌ ഇവിടെ അവസാനിക്കുന്നു. മറ്റൊരു വിഷയവുമായി നാളെ കാണാം...


നന്ദി.. നമസ്കാരം...

1 comment:

  1. Paul will not be there for 2014 WC. Avg life expectancy of an octopus in 3 years (at the most - 5 years), and Paul already crossed 2. :D

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.