Monday, September 6, 2010

"വലിയ കമല്‍ഹാസനും ചെറിയ അമ്മയും" - മാതൃഭൂമിയില്‍ നിന്നൊരു ലേഖനം

കടപ്പാട്: കെ.ആര്‍ മീര “മറുവാക്ക്” എന്ന പേരില്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനം.. 
യഥാര്‍ത്ഥ ലേഖനം കാണുവാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

''കുറ്റമാര്‍ക്കി,തില്‍ പോംവഴി, ഹാ, മറ്റൊരു വിധമായിരുന്നെങ്കില്‍'' എന്ന വൈലോപ്പിള്ളിയുടെ വരികള്‍ ഈയിടെയായി ദിവസേനയെന്നോണം ഓര്‍ത്തു പോകുന്നു. സി.ആര്‍.നീലകണ്ഠനു തല്ലു കൊള്ളുമ്പോഴും ടി.ജെ. ജോസഫിനു കൈ നഷ്ടപ്പെടുമ്പോഴും സാഹിത്യത്തില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നു സാഹിത്യ അക്കാദമി പ്രസിഡന്റ് മുറവിളി കൂട്ടുമ്പോഴും തിലകനെ വിലക്കുമ്പോഴും ഇന്ദ്രപ്രസ്ഥത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനായി ദരിദ്രരെ ആട്ടിപ്പായിക്കുമ്പോഴും ഛത്തീസ്ഗഢിലും ഒറീസയിലും ആദിവാസികള്‍ തുടച്ചു നീക്കപ്പെടുമ്പോഴും എന്നു വേണ്ട, ജനാധിപത്യത്തിന് ചെറുതും വലുതുമായ അടികള്‍ കൊള്ളുമ്പോഴെല്ലാം ഉരുവിടാന്‍ ഇതിലും പറ്റിയ വരികള്‍ വേറെയില്ല. സ്വാഭാവികമായും ഓണാഘോഷത്തില്‍ കമല്‍ഹാസനെ 'അമ്മ' അനാദരിച്ചപ്പോഴും ആ വരികള്‍ തികട്ടി വന്നു. നമ്മളെക്കാള്‍ ചെറിയ മനുഷ്യരോടു യുദ്ധം ചെയ്യേണ്ടി വരുന്നതാണ് ഇക്കാലത്തെ ദുരന്തമെന്ന് എഴുതിയത് കെ.പി. അപ്പനാണ്. കൊച്ചു മനുഷ്യരുടെ അല്‍പത്തരങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ഉലകനായകനു പോലും സാധ്യമല്ല. പിന്നെ പാവപ്പെട്ട നമ്മുടെ കാര്യം പറയാനുണ്ടോ?

ഈ പ്രശ്‌നത്തില്‍ പിറ്റേന്ന് 'അമ്മ' എന്ന സംഘടനയിലുണ്ടായ ചര്‍ച്ചയും തര്‍ക്കവും വായിച്ചപ്പോഴാണു സഹതാപം ഇരട്ടിച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാര്യം വലിയ കഷ്ടം തന്നെ. അവരുടെ പ്രായവും ലോകപരിചയവും പരിഗണിക്കുമ്പോള്‍, കമല്‍ഹാസനെ ആദരിക്കുന്നതില്‍ നിന്നു വിട്ടുനിന്നതു കൊണ്ട് തങ്ങള്‍ വലുതാകുകയില്ല എന്നു തിരിച്ചറിയേണ്ടതായിരുന്നു. സാധിച്ചില്ല. പോകട്ടെ, അതു പറഞ്ഞു കൊടുക്കാന്‍ അമ്മയിലോ അനുയായികള്‍ക്കിടയിലോ കുടുംബത്തിലോ ആരുമുണ്ടായതുമില്ല. അല്ലെങ്കിലും, അമ്മയുടെ അംഗങ്ങള്‍ക്ക് പ്രായോഗിക ബുദ്ധിയില്ലെന്നു തിലകന്‍ സംഭവത്തില്‍ തന്നെ വ്യക്തമായതാണ്. തിലകനെപ്പോലെ ഒരാള്‍ ജനുസ്സു വേറെയാണെന്നും അദ്ദേഹത്തെ പിണങ്ങിത്തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും പരാജയപ്പെടുത്താന്‍ എളുപ്പ മാര്‍ഗം പൂര്‍ണമായ കീഴടങ്ങലാണെന്നും മനസ്സിലാക്കാന്‍ ആ പാവങ്ങള്‍ക്ക് കഴിവുണ്ടായില്ല. എന്തു ചെയ്യാം, പണവും പ്രശസ്തിയും കൂടുന്തോറും മനുഷ്യര്‍ക്കു യുക്തിയും ബുദ്ധിയും കുറയും.

ഏതായാലും, മലയാളികള്‍ പോകാതിരുന്നതു നന്നായി. അതുകൊണ്ടു കമല്‍ഹാസന്‍ മുമ്പത്തേക്കാള്‍ വലിയവനായി. ഒടുവില്‍ കേട്ടത് തങ്ങള്‍ പങ്കെടുക്കാതിരുന്നതില്‍ ക്ഷമ ചോദിച്ചു കൊണ്ട് അമ്മ പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നാണ്. തമിഴ്‌നാട്ടില്‍ മലയാളിയെ ആദരിക്കുമോ എന്നു ചോദിച്ചാണു മലയാളികള്‍ ചടങ്ങു ബഹിഷ്‌കരിച്ചത്. തങ്ങളുടെ കല കാല,ദേശ, ഭാഷകള്‍ക്കും പ്രാദേശിക സങ്കുചിതത്വങ്ങള്‍ക്കും അതീതമാണെന്നു സ്ഥാപിക്കാനാണ് സാധാരണ കലാകാരന്‍മാര്‍ ആഗ്രഹിക്കേണ്ടത്. ഇതാകട്ടെ, അഭിനയ കല. ഭാഷയ്ക്കും പൗരത്വത്തിനും അതിലെന്തു പ്രസക്തി? ചടങ്ങില്‍ കമല്‍ഹാസന്‍ പ്രസംഗിച്ചത് താന്‍ മലയാളിതന്നെയാണ് എന്നായിരുന്നു. വരാതിരുന്നവരോട് അദ്ദേഹം പരിഭവിച്ചില്ല. തന്റെ എല്ലാ മികച്ച സിനിമകളിലും പ്രധാന വേഷങ്ങളില്‍ തമിഴരയെല്ല, മലയാളികളെയാണ് അഭിനയിപ്പിച്ചിട്ടുള്ളതെന്നോ മലയാളിയായ ഒരാളെ മുഖ്യമന്ത്രി വരെയാക്കിയ ചരിത്രമാണു തമിഴ്‌നാടിന്റേതെന്നോ ഓര്‍മിപ്പിച്ചതുമില്ല. അതിനു മുമ്പ് ന്യൂഡല്‍ഹിയില്‍ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് അദ്ദേഹത്തെ ലിവിങ് ലെജന്‍ഡ് ആയി ആദരിച്ചപ്പോള്‍, ''എന്നെക്കാള്‍ യോഗ്യതയുള്ളവര്‍ വേറെയുണ്ട്. ഞാനിത്ര കാലം കാത്തിരുന്നു, കുറച്ചു കൂടി കാത്തിരിക്കാന്‍ തയാറായിരുന്നു '' എന്നു പറയാനുള്ള പക്വത പ്രദര്‍ശിപ്പിച്ചയാളാണ് അദ്ദേഹം. സന്തോഷം, ആദരവും സ്‌നേഹവും അത് അര്‍ഹിക്കുന്നവര്‍ക്കു തന്നെ നല്‍കാന്‍ കഴിയുകയെന്നതാണ് വര്‍ത്തമാനകാലത്തെ വെല്ലുവിളി.

കമല്‍ഹാസന് പക്വതയോടെ പ്രതികരിക്കാന്‍ സാധിച്ചതു തമിഴ് കലാലോകത്തെ ജീവിത പരിചയം കൊണ്ടുതന്നെയായിരിക്കണം. പേരുകേട്ട സംഗീതജ്ഞരും നര്‍ത്തകരും വാദ്യജ്ഞരും സഹകലാകാരന്‍മാരെക്കുറിച്ച് പരമാവധി നല്ല വാക്കുകള്‍ പറയുന്നതാണ് അവിടുത്തെ പൊതു സംസ്‌കാരം. കമല്‍ഹാസന്റെ സിനിമാജീവിതത്തിന്റെ അമ്പതാം വാര്‍ഷിക ചടങ്ങ് തമിഴ് സിനിമാലോകം ഉല്‍സവമാക്കി. ആ ചടങ്ങില്‍ തമിഴ്‌നാട്ടുകാരനല്ലെങ്കിലും തമിഴ് സംസ്‌കാരത്തില്‍ അലിഞ്ഞു ജീവിക്കുന്ന രജനീകാന്ത് ഇങ്ങനെ പറഞ്ഞു: ''ഞങ്ങള്‍ കലൈത്തായോടു(കലാമാതാവ്) ചോദിച്ചു, അമ്മേ കലൈ തായേ നീ ഞങ്ങളെയെല്ലാം കയ്യില്‍ പിടിച്ചു നടത്തുമ്പോള്‍ കമല്‍ഹാസനെ മാത്രം ഒക്കത്തെടുക്കുന്നു. എന്തുകൊണ്ടാണ് ഈ വിവേചനം? അതിനു കലൈ തായ് പറഞ്ഞു, നിങ്ങളെല്ലാം എനിക്ക് ഈ ജന്‍മത്തില്‍ ജനിച്ച മക്കള്‍. പക്ഷേ, കമല്‍ഹാസന്‍ ഏഴു ജന്‍മമായി എനിക്കു മകന്‍... രജനീകാന്തിന്റെ ഒരു ജന്‍മദിനാഘോഷവേളയിലാണെന്ന് ഓര്‍മ, 'എന്നെ സിനിമയിലേക്കു കൊണ്ടുവന്നത് കമല്‍ ആണ്. അദ്ദേഹമില്ലായിരുന്നെങ്കില്‍ ഇന്നത്തെ രജനീകാന്തില്ല' എന്നു പറഞ്ഞത്. കമല്‍ഹാസന്റെ മറുപടി ഇങ്ങനെയായിരുന്നു: ഞാനില്ലായിരുന്നെങ്കിലും രജനിസാര്‍ സ്റ്റാറായേനെ. എന്റെ പേരു പറയുന്നത് അദ്ദേഹത്തിന്റെ വലിയ മനസ്സ്. തെനാലിയുടെ ജൂബിലി ആഘോഷ വേളയില്‍, രജനി താന്‍ കമല്‍ഹാസന്റെ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്ത സംഭവത്തെക്കുറിച്ചു പറഞ്ഞു. ബൈക്ക് ചെറുതായൊന്നു തെന്നി. അപ്പോള്‍ അദ്ദേഹം കമല്‍ഹാസനെ കളിയാക്കി : ബൈക്കോടിക്കാന്‍ ശരിക്കും അറിയാമല്ലോ, അല്ലേ? കമല്‍ഹാസന്‍ പറഞ്ഞു, ഞാന്‍ വീണാലും നിങ്ങളെ വീഴ്ത്തില്ല, പോരേ? രജനി തുടര്‍ന്നു : കമല്‍ അന്നെനിക്കുതന്ന വാക്ക് എപ്പോഴും പാലിച്ചിട്ടുണ്ട്. 1983-ല്‍ ഞാനെല്ലാം ഉപേക്ഷിച്ചു പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വീണു പോകാതെ അദ്ദേഹം പിടിച്ചു നിര്‍ത്തി..

- അല്ലെങ്കിലും മലയാളികളെ അപേക്ഷിച്ചു നന്‍മയുള്ളവരാണു തമിഴര്‍. അവര്‍ക്ക് ആദരിക്കാനും അംഗീകരിക്കാനും വിമുഖതയില്ല. ഞാന്‍ വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്തിട്ടുള്ള എല്ലാ അഭിമുഖങ്ങളിലും കമല്‍ഹാസന്‍ തന്റെ മലയാളി ബന്ധത്തെക്കുറിച്ചു വാചാലനായിട്ടുണ്ട്. സംവിധായകന്‍ സേതുമാധവന്‍, സുരാസു, നടന്‍ സോമന്‍ - എല്ലാവരെയും കുറിച്ച് എത്ര വിശദവും സ്‌നേഹനിര്‍ഭരവുമായ ഓര്‍മകള്‍. ഒരിക്കല്‍ സുരാസു അലഞ്ഞു തിരിഞ്ഞു വൃത്തികെട്ട വേഷത്തില്‍ കമല്‍ഹാസന്റെ വീട്ടിലെത്തിയ സംഭവം ഹൃദയസ്​പര്‍ശിയാണ്. സുരാസുവിനെ സ്‌നേഹത്തോടെ സ്വീകരിച്ചിരുത്തിയപ്പോള്‍ അന്നു ഭാര്യയായിരുന്ന സരിക മുഖം ചുളിച്ചു. എന്റെ സുഹൃത്താണ് എന്ന് അദ്ദേഹം അഭിമാനത്തോടെ അതിഥികളെ പരിചയപ്പെടുത്തി. എന്റെ സുഹൃത്ത് ഇതാണ്. എന്റെ ഭൂതകാലമാണ് ഇങ്ങനെയാണ് എന്നു വിളിച്ചു പറയാന്‍ മലയാളികളെക്കാള്‍ ആത്മധൈര്യം തമിഴര്‍ക്കു തന്നെയാണ്. സോമനെക്കാണാന്‍ അദ്ദേഹം ഇടയ്ക്കിടെ തിരുവല്ലയില്‍ രഹസ്യമായെത്തി. മലയാളത്തിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ ഓരോ ആളെയും ഓര്‍ത്തുവച്ചു. കമല്‍ഹാസന്റെ അച്'നെക്കുറിച്ചും എനിക്ക് അമ്പരപ്പോടെയേ ചിന്തിക്കാന്‍ കഴിയൂ. മകനെ നാടകത്തിലേക്ക് ബാലതാരമാകാന്‍ വിളിച്ചപ്പോള്‍ പരമക്കുടി ശ്രീനിവാസന്‍ എത്ര ധൈര്യത്തോടെയാണു പറഞ്ഞത്, 'ഞങ്ങളുടെ കുടുംബത്തില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അഭിഭാഷകരുമൊക്കെ ധാരാളമുണ്ട്. പക്ഷേ ഒരു കലാകാരനില്ല. കൊണ്ടുപോയ്‌ക്കോ, കുടുംബത്തിന് ഒരു കലാകാരനെ കിട്ടട്ടെ....' കമല്‍ഹാസന്റെ മികച്ച സിനിമകള്‍ കാണുമ്പോഴൊക്കെ പ്രണമിച്ചു പോകുന്നത് ആ അച്ഛനെയാണ്. അദ്ദേഹത്തിന്റെ ഹൈസ്‌കൂള്‍ ഡ്രോപ് ഔട്ട് ആയ മകന്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായിത്തീര്‍ന്നതില്‍ എന്താണ് അദ്ഭുതം.

രജനീകാന്തിനെക്കുറിച്ചും കെ. ബാലചന്ദറിനെക്കുറിച്ചും കമല്‍ഹാസന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ഞാനും രജനിയും ഇരുപതുകാരായിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, എന്തിനാണ് ഇത്രയേറെ സ്‌റ്റൈലൈസ്്ഡ് ആയി അഭിനയിക്കുന്നത്? അദ്ദേഹം പറഞ്ഞു, അതു ഭാവിയിലെ എന്റെ വിജയത്തിന്റെ സീക്രട്ട് ആണ്. ഞാന്‍ പറഞ്ഞു, എന്റെ സ്‌റ്റൈലും വിജയിക്കും. അദ്ദേഹം പറഞ്ഞു, അതിനെന്താ? നിങ്ങള്‍ നിങ്ങളുടെ രീതിയില്‍ പോകുക, ഞാനെന്റെ രീതിയിലും പോകാം. രജനി ഒരു പ്രതിഭാസമാണ്. ഒന്നുമില്ലായ്മയില്‍നിന്നു വന്നവരാണു ഞങ്ങള്‍ രണ്ടു പേരും. ഞങ്ങളുടെ പാതകള്‍ എപ്പോഴും ഇഴപിരിഞ്ഞു കിടന്നു. ഞങ്ങള്‍ വളര്‍ന്നത് ഒന്നിച്ചാണ്. ഞങ്ങള്‍ക്കു വേണ്ടി സിനിമ പിടിക്കാന്‍ അച്ഛന്‍മാരില്ലായിരുന്നു. പക്ഷേ ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഒരേ ഗോഡ്ഫാദറിനെ കിട്ടി- കെ. ബാലചന്ദര്‍....

പുരുഷ സൗന്ദര്യത്തെക്കുറിച്ചുള്ള എന്റെ സങ്കല്‍പം കമല്‍ഹാസന്റെ കണ്ണുകളിലാണ് വെളിപ്പെട്ടു കിട്ടിയത്. ബുദ്ധിയും ആര്‍ദ്രതയും ഭംഗിയും ഇങ്ങനെ ചേരുംപടി കലര്‍ന്ന രണ്ടു കണ്ണുകള്‍ ഞാന്‍ മറ്റൊരു പുരുഷനും കണ്ടിട്ടില്ല. സിനിമയില്‍ അദ്ദേഹം നായികയെ പ്രണയത്തോടെ നോക്കുമ്പോള്‍ അതു യഥാര്‍ഥ പ്രണയമായി അനുഭവപ്പെട്ടിരുന്നു. മുതിര്‍ന്നതിനുശേഷമാണ് എനിക്കു മനസ്സിലായത്, അത് നായികയോടുള്ള പ്രണയമല്ല. സിനിമയെന്ന കലയോടുള്ള പ്രണയമാണ്. അതും എന്തൊരു പ്രണയം. പാഷന്‍ എന്ന വാക്കിന്റെ മൂര്‍ത്തരൂപങ്ങളാണ് കമല്‍ഹാസന്റെ കഥാപാത്രങ്ങള്‍. കേരള ഗവണ്‍മെന്റിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ക്ഷമചോദിച്ച് കെ. ബാലചന്ദര്‍ ഇങ്ങനെയെഴുതി : കമലിനെ കണ്ടെത്തിയത് ഞാനാണെന്ന് പലരും പറയാറുണ്ട്. പക്ഷേ കമലിന് സ്വയം കണ്ടെത്താന്‍ ഒരു പ്ലാറ്റ്‌ഫോം കൊടുത്തു എന്നതുമാത്രമേയുള്ളൂ എന്റെ പങ്ക്. അതു വഴി ഞാനും എന്നെത്തന്നെ കണ്ടെത്തുകയായിരുന്നു...-ദശാവതാരവും പഞ്ചതന്ത്രവും പോലെയുള്ള പില്‍ക്കാല 'കൊടുമൈ'കളില്‍ പോലും സ്വയം തിരയുന്ന നടനെ കണ്ടില്ലെന്നു നടിക്കാന്‍ സാധ്യമല്ല. അതുകൊണ്ടാണ് എന്നെപ്പോലെയുള്ള പ്രേക്ഷകര്‍ ഇടയ്ക്കിടയ്ക്കു കൊടിയ നിരാശയുണ്ടായാലും അടുത്ത മഹാദ്ഭുതത്തിന്് ശുഭപ്രതീക്ഷ തുടരുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ ഭര്‍ത്താവ് 'സ്മൃതികമലങ്ങള്‍' എന്ന പേരില്‍ കമല്‍ഹാസന്റെ ഓര്‍മക്കുറിപ്പുകള്‍ തയാറാക്കാന്‍ പുറപ്പെട്ടപ്പോള്‍ ഞാനാണ് ത്രില്ലടിച്ചത്. ഓരോ തവണയും തിരിച്ചെത്തുമ്പോള്‍ കമല്‍ഹാസന്‍ എന്തു പറഞ്ഞു, എന്തു ചെയ്യുകയായിരുന്നു തുടങ്ങിയ ചോദ്യങ്ങളാല്‍ ഞാന്‍ ഭര്‍ത്താവിനെ അലട്ടി. അങ്ങനെയിരിക്കെ, ഒരു ദിവസം ഞങ്ങളുടെ ചെറിയ വാടകവീട്ടിലെ ഫോണ്‍ ബെല്ലടിച്ചപ്പോള്‍ അത് അറ്റന്‍ഡ് ചെയ്ത ഞാന്‍ ആ ഇടറിയ ശബ്ദം കേട്ടു: നാന്‍ കമല്‍ഹാസന്‍ പേശറേന്‍. ദിലീപ് ഇരിക്കാങ്ക്‌ളാ? ഇങ്ങേപ്പുറത്തെ ആരാധികയുടെ പാരവശ്യം തിരിച്ചറിയാതെ അദ്ദേഹം മലയാളവും തമിഴും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ അറിയിച്ചു: ദിലീപിനെ നാളെ കാണാമെന്ന് പറഞ്ഞിരുന്നു. പക്ഷേ എനിക്ക് അത്യാവശ്യമായി ഒരു യാത്ര പോകണം. അദ്ദേഹം കോണ്‍ടാക്ട് ചെയ്താല്‍ എന്നെ അത്യാവശ്യമായി വിളിക്കാന്‍ പറയാമോ? -തമിഴര്‍ക്കു മാത്രം സാധ്യമായ വിനയം, സൗമ്യത..

'എന്റെ എല്ലാ സിനിമകളും കച്ചവടസിനിമകളാണ് ; അഥവാ എന്തെങ്കിലും പരീക്ഷണമായി ചെയ്യണമെങ്കില്‍ അതു തീര്‍ച്ചയായും എന്റെ മാത്രം പ്രൊഡക്ഷനായിരിക്കും' എന്നു കമല്‍ഹാസന്‍ പറയാറുണ്ട്. അതു തമിഴ് സിനിമാലോകത്ത് ഇപ്പോഴും ബാക്കിയുള്ള സുജനമര്യാദയുടെ തെളിവാണ്. വേറൊരാളുടെ സമ്പാദ്യം ഉപയോഗിച്ച് എനിക്ക് ആളാകണ്ട എന്നു മലയാളത്തില്‍ ഒരാളേ പറഞ്ഞിട്ടുള്ളൂ - സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. പടം പരാജയപ്പെട്ടപ്പോള്‍ രജനീകാന്ത് വാങ്ങിയ തന്റെ പ്രതിഫലം തിരിച്ചു കൊടുത്തു. പടം വന്‍ ഹിറ്റായപ്പോള്‍ ലാഭത്തിന്റെ വിഹിതം ലൈറ്റ് ബോയിക്ക് വരെ പങ്കുവച്ചു. അതൊക്കെ അതിരറ്റ ആത്മവിശ്വാസത്തില്‍ നിന്നു മാത്രം ഉടലെടുക്കുന്ന ആര്‍ജവമാണ്. പുതിയ കമല്‍ഹാസന്‍ വരാറായോ എന്ന ചോദ്യത്തിന് ' ഒരാളല്ല, ഒരുപാടു പേര്‍ വന്നു കഴിഞ്ഞു' എന്നാണു കമല്‍ഹാസന്റെ മറുപടി. '' എന്റെ റീപ്ലെയ്‌സ്‌മെന്റ് തൊട്ടടുത്തെത്തിക്കഴിഞ്ഞു. അസൂയയില്ലാതെ പുതിയ കുട്ടികളെ സ്വാഗതംചെയ്യണമെന്നേ എനിക്ക് ആഗ്രഹമുള്ളൂ. പണ്ടൊക്കെ ശിവാജി ഗണേശന്‍ സാറിന് പകരക്കാരനില്ലെന്നു പറയുമായിരുന്നു. പക്ഷേ എനിക്കു പകരം ഒരാള്‍ വരുമെന്നു ശിവാജി സാര്‍ പറഞ്ഞു. എന്നിട്ടും പതിനേഴു വര്‍ഷത്തിനുശേഷമാണ് അദ്ദേഹം എന്നെ പിന്‍ഗാമിയായി അംഗീകരിച്ചത്. അതുപോലെ, കഴിവുള്ള പുതിയ കുട്ടികള്‍ സിനിമയിലുണ്ട്. അവരെ ഞാന്‍ കാത്തിരിക്കുന്നു...''

മലയാള സിനിമയില്‍ അമ്പതു വര്‍ഷം പിന്നിട്ട ഒരുപാടു നടീനടന്‍മാരുണ്ട്, അവരെയൊക്കെ ആദരിക്കാത്തതെന്താണ് എന്നാണ് അമ്മ ചോദിച്ചത്. സീനിയോറിറ്റിയും സിനിമകളുടെ എണ്ണവുമാണത്രേ നടന്റെ അളവുകോല്‍. അറുപതുകളില്‍ ബാലനടനായി കളത്തൂര്‍ കണ്ണമ്മയില്‍ ബാലനടനായി എത്തിയ കമല്‍ ആ വര്‍ഷം രാജ്യത്തെ മികച്ച ബാലതാരമായിരുന്നു. എം.ജി.ആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, നാഗേഷ് തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങളില്‍ അഭിനയിച്ചു. എഴുപതുകളില്‍ കന്യാകുമാരിയിലൂടെ മലയാളത്തില്‍ നായകനായി. പതിനാറു വയതിനിലേ എന്ന ചിത്രത്തിലൂടെയാണ് അഭിനയകലയുടെ പരീക്ഷണങ്ങള്‍ ആരംഭിച്ചതെന്നു പറയാം. പതിനാറു വയതിനിലേയില്‍ ബുദ്ധിമാന്ദ്യമുള്ള ചെറുപ്പക്കാരന്‍, ഇളമൈ ഊഞ്ഞാലാടുകിറതെയില്‍ ഡിസ്‌കോ ഡാന്‍സര്‍, സിവപ്പു റോജാക്കളില്‍ സൈക്കോപാത്, കല്യാണരാമനില്‍ ഉന്തിയ പല്ലുള്ള ചെറുപ്പക്കാരന്‍, രാജപാര്‍വെയില്‍ അന്ധനായ വയലിനിസ്റ്റ്, സാഗരസംഗമത്തില്‍ നര്‍ത്തകന്‍, സ്വാതിമുത്യത്തില്‍ ബുദ്ധിമാന്ദ്യമുള്ള ചെറുപ്പക്കാരന്‍, കാക്കിച്ചട്ടൈയില്‍ പോലീസ് ഉദ്യോഗസഥന്‍, നായകനില്‍ അധോലോക നായകന്‍, പുഷ്പക് എന്ന നിശ്ശബ്ദസിനിമ, അപൂര്‍വസഹോദരങ്ങളില്‍ കുള്ളന്‍, ഇന്ദ്രനും ചന്ദ്രനും എന്ന ചിത്രത്തില്‍ കുടവയറും ഉന്തിയ പല്ലുമുള്ള മേയര്‍, ഗുണയില്‍ മനോരോഗി, മഹാനദിയില്‍ ഗ്രാമീണനും രണ്ടു കുട്ടികളുടെ പിതാവും, പുന്നഗൈ മന്നനില്‍ ബ്രേക്ക് ഡാന്‍സര്‍, കുരുതിപ്പുനലില്‍ കരുത്തനായ പോലീസ് ഉദ്യോഗസ്ഥന്‍, തേവര്‍ മകനില്‍ ഗ്രാമത്തലവനാകുന്ന മോഡേണ്‍ ചെറുപ്പക്കാരന്‍, ഇന്ത്യനില്‍ വൃദ്ധന്‍, അവ്വൈഷണ്‍മുഖിയില്‍ സ്ത്രീ., ആളവന്താനില്‍ സൈക്കോപാത്, വേട്ടയാടു വിളയാടില്‍ പോലീസ് ഉദ്യോഗസ്ഥന്‍, അന്‍പേ ശിവത്തില്‍ വികലാംഗന്‍, വസൂല്‍ രാജ എം.ബി.ബി.എസില്‍ റൗഡി, മുംബൈ എക്‌സ്​പ്രസില്‍ ബധിരന്‍... - മൈക്കിള്‍ മദന കാമരാജനില്‍ നാലു വേഷങ്ങളും ദശാവതാരത്തില്‍ പത്തു വേഷങ്ങളും കൈകാര്യം ചെയ്തു. ഇതിനകം ഇരുനൂറോളം ചിത്രങ്ങള്‍. മൂന്നു ദേശീയ അവാര്‍ഡുകള്‍. നൂറ്റി എഴുപതിലേറെ ബഹുമതികള്‍ ( ലോക റെക്കോര്‍ഡ് ). നായകനാകുംമുമ്പു നാലു കൊല്ലത്തോളം ഡാന്‍സ് കമ്പോസര്‍. നൂറിലേറെ ഗാനങ്ങള്‍ക്കു കൊറിയോഗ്രഫി ചെയ്തു. പന്ത്രണ്ടു സിനിമകള്‍ നിര്‍മിച്ചു. പത്തിനു തിരക്കഥയെഴുതി, പത്തെണ്ണം സൂപ്പര്‍ ഹിറ്റായി. എന്നിട്ടും, 'സിനിമ ഒറ്റയ്‌ക്കൊരു പണിയല്ല. അത് യുദ്ധം ചെയ്യുന്നതുപോലെയാണ്. നിങ്ങള്‍ ഏതു നിമിഷവും പരാജയപ്പെടാം. നിങ്ങളുടെ പടയാളികള്‍ കൈവിട്ടെന്നു വരാം, നിങ്ങളുടെ ധൈര്യം തന്നെ നഷ്ടപ്പെട്ടെന്നു വരാം ' എന്നു തുറന്നു സമ്മതിക്കുകയും ചെയ്തു.
-ഇത്രയൊക്കെ പറഞ്ഞത് വൈലോപ്പിള്ളിയുടെ കവിതയിലേക്കു തിരിച്ചു വരാന്‍ വേണ്ടിയാണ്.

''കുറ്റമാര്‍ക്കി,തില്‍ പോംവഴി ഹാ, മറ്റൊരു വിധമായിരുന്നെങ്കില്‍,
മര്‍ത്ത്യലോക മഹിമ പുലര്‍ത്താന്‍ പറ്റിയ വിധമായിരുന്നെങ്കില്‍...''

-മര്‍ത്ത്യ ലോക മഹിമ പുലര്‍ത്താന്‍ പറ്റിയ വിധം അമ്മയുടെ അംഗങ്ങള്‍ക്കു പെരുമാറാമായിരുന്നു എന്ന ഖേദം പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം.

ഇതു വായിക്കുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്ന ഒരാളെക്കുറിച്ചു കൂടി പറഞ്ഞു കഥ അവസാനിപ്പിക്കാം. സ്മൃതി കമലങ്ങള്‍ പ്രസി ദ്ധീകരിച്ചു തുടങ്ങിയ കാലം. ഒരു ദിവസം ദിലീപിനു കണ്ണൂരില്‍ നിന്നു ടി. പത്മനാഭന്റെ വിളി വന്നു- ഇവിടെ സി.പി.എം. പാര്‍ട്ടി ഓഫിസില്‍ നമുക്കു വേണ്ടപ്പെട്ട ഒരു പയ്യനുണ്ട്. സുനിയെന്നാണു പേര്. അയാള്‍ക്ക് കമല്‍ഹാസനെ കാണാന്‍ സൗകര്യം ചെയ്തു കൊടുക്കാമോ? ദിലീപ് സമ്മതിച്ചു. കമല്‍ഹാസനുമായി അടുത്ത ഇന്റര്‍വ്യൂ തീരുമാനിച്ച ദിവസം അറിയിക്കുകയും ചെയ്തു. അന്നു മൊബൈല്‍ ഫോണ്‍ ശീലമായിട്ടില്ല. ദിലീപ് മദ്രാസിലെത്തിയതിനുശേഷം, സുനി എത്തുന്നതിനു തൊട്ടുമുമ്പാണ് കമല്‍ഹാസന്റെ ഓഫിസില്‍നിന്നു വിളി വന്നത്: അത്യാവശ്യമായി ബോംബെയില്‍ പോകേണ്ടതുകൊണ്ടു കൂടിക്കാഴ്ച മാറ്റി വയ്ക്കണം. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഏതോ ബസിലും ട്രെയിനിലും കാളവണ്ടിയിലുമൊക്കെയായി യാത്ര ചെയ്തു തളര്‍ന്നു സുനി എത്തി. വന്നയുടനെ കുളിച്ചു. വസ്ത്രങ്ങളൊക്കെ കഴുകി മുറിയില്‍ അങ്ങിങ്ങു വിരിച്ചു. ആ സമയത്ത് ദിലീപിനോടൊപ്പം ചെന്നൈയിലെ സ്റ്റാര്‍ ഫോട്ടോഗ്രഫര്‍ രാജന്‍ പോള്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍നിന്നു റിസര്‍വേഷനില്ലാതെ, അലഞ്ഞലഞ്ഞെത്തുന്ന ചെറുപ്പക്കാരനോട് യാത്ര വെറുതെയായി എന്ന് എങ്ങനെ പറയും എന്ന വിഷമം ദിലീപ് രാജന്‍പോളിനോടു പങ്കുവച്ചു. അതുകൊണ്ട്, സുനിയെ കണ്ടതും രാജന്‍പോള്‍ കുസൃതിക്കാരനായി: എന്താ വന്നത്? കമല്‍ഹാസനെ കാണാനോ? എങ്ങനെ കാണും? ഈ എം.എസ്. ദിലീപുണ്ടല്ലോ, ഇന്നീ ദിവസം വരെ കമല്‍ഹാസനെ കണ്ടിട്ടുമില്ല, ഫോണില്‍ പ്പോലും സംസാരിച്ചിട്ടുമില്ല. ഇയാള്‍ ചെന്നാല്‍ ആ ഓഫിസില്‍ പോലും കയറ്റിവിടില്ല. നിങ്ങള്‍ ഇങ്ങനെയൊരു പാവമായിപ്പോയല്ലോ, ഇയാളെ വിശ്വസിക്കാന്‍.. - രാജന്‍പോളിനെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും കഴിയാതെ സുനി പരവശനായി. കമല്‍ഹാസനെ കാണാന്‍ പോകുന്നെന്ന് പാര്‍ട്ടി ഓഫിസില്‍ എല്ലാവരോടും പറഞ്ഞിട്ടാണു പുറപ്പെട്ടതെന്ന് ആള്‍ വെളിപ്പെടുത്തി. എല്ലാവരും ചേര്‍ന്നു യാത്ര അയച്ചതാണ്. ആകെ തളര്‍ന്ന്, തകര്‍ന്ന് സുനി കണ്ണൂരിലേക്കു മടങ്ങി.

വീണ്ടും കമല്‍ഹാസന്റെ കാണാനുള്ള തീയതി നിശ്ചയിച്ചപ്പോള്‍ ദിലീപ് സുനിയെ വിളിച്ചു. മുന്‍പത്തെപ്പോലെ തന്നെ ആള്‍ ചെന്നൈയിലെ ഹോട്ടല്‍ റൂമിലെത്തി, കുളിച്ചു, വസ്ത്രങ്ങള്‍ കഴുകി വിരിച്ചു. തിരിച്ചു ചെന്നതുമുതല്‍ ഇതു വരെ സുഹൃത്തുക്കളായ സഖാക്കളെല്ലാം പരിഹസിച്ചിരുന്നു എന്നു സുനി പറഞ്ഞു. ഇത്തവണയെങ്കിലും കാണുമോ എന്നു വീണ്ടും വീണ്ടും ചോദിച്ചു. കമല്‍ഹാസന്റെ ഫാം ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കമല്‍ഹാസനെ കണ്ടതും സുനിയുടെ അതുവരെയുള്ള ക്ഷീണവും തളര്‍ച്ചയും മാറി. ദിലീപ് സുനിയെ പരിചയപ്പെടുത്തി. ആ സമയത്ത് സുനി ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് പേഴ്‌സെടുത്തു തുറന്നു. അതിന്റെ പ്ലാസ്റ്റിക് ഫോള്‍ഡറിനുള്ളില്‍ ഒരു ചിത്രമുണ്ടായിരുന്നു. കമല്‍ഹാസന്‍ ആദ്യത്തെ ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങുന്ന ഫോട്ടോ. ഏതോ പത്രത്തില്‍ അടിച്ചുവന്നത്. വളരെക്കാലമായി അത് ആ പേഴ്‌സിനുള്ളിലുണ്ടായിരുന്നു എന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ മനസ്സിലാക്കാന്‍ കഴിയുംവിധം പഴയൊരു കടലാസ്. കമല്‍ഹാസന്‍ ആകെ തരളിതനായി. ഈ പടം എന്റെ കയ്യിലില്ല എന്ന് അദ്ദേഹം ഉല്‍സാഹവാനായി. അപ്പോള്‍ സുനി കണ്ണൂര്‍ ശൈലിയില്‍ ചോദിച്ചു, ങ്ങള് ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിമൂന്നില്‍ കണ്ണൂരില്‍ വന്നിനോ? കമല്‍ഹാസന്‍ കണ്ണുമിഴിച്ചു. സുനി വിശദീകരിച്ചു: ഏതോ കടയുടെ ഉദ്ഘാടനത്തിനു വന്നതാണ്. അന്നു പ്രതാപ് പോത്തനും ഉണ്ടായിരുന്നു. നിങ്ങള്‍ വരുന്ന ട്രെയിന്‍ ഏതാണെന്നും കംപാര്‍ട്ട്‌മെന്റ് ഏതാണെന്നും ഞാന്‍ സ്‌റ്റേഷന്‍ മാസ്റ്ററോട് അന്വേഷിച്ച് അറിഞ്ഞു. എന്നിട്ട് തലശേരിയില്‍നിന്ന് ആ ട്രെയിനില്‍ കയറി. നിങ്ങളുടെ കംപാര്‍ട്ട്‌മെന്റില്‍ ഞാന്‍ എത്തിനോക്കി. മുകളിലെ ബര്‍ത്തില്‍ പ്രതാപ് പോത്തന്‍ കിടക്കുകയായിരുന്നു. താഴത്തെ ബര്‍ത്തില്‍ നിങ്ങളും. നിങ്ങള് അന്ന് മഞ്ഞ നിറത്തിലുള്ള ഒരു ടീഷര്‍ട്ടാണ് ഇട്ടിരുന്നത്. പിന്നെ അന്നു നിങ്ങളെനിക്ക് ഒരു ഓട്ടോഗ്രാഫ് തന്നു. ഓര്‍മയുണ്ടോ? ഇല്ലെങ്കില്‍ ഇതാ.. -പേഴ്‌സിനുള്ളില്‍നിന്ന് സുനി ആ കടലാസും എടുത്തു നീട്ടി. അതോടെ കമല്‍ഹാസന്‍ തരിപ്പണമായി. അത്രയുമായപ്പോള്‍ സുനി ബാഗില്‍നിന്ന് പഴയൊരു ഓട്ടോഫോക്കസ് ക്യാമറയെടുത്തു ദിലീപിനു നീട്ടി. താന്‍ കമല്‍ഹാസനോടൊപ്പം നില്‍ക്കുന്ന ഒരു ചിത്രം വേണം. കമല്‍ഹാസന്‍ സന്തോഷത്തോടെ ചിത്രത്തിനു പോസ് ചെയ്തു. ചിത്രമെടുത്തതും സുനിക്കു ധൃതിയായി. ആ നിമിഷം തന്നെ തിരിച്ചു പോകണം. പാര്‍ട്ടി ഓഫിസില്‍ച്ചെന്നു പണ്ടു പരിഹസിച്ചവര്‍ക്ക് ഈ ഫോട്ടോ കാട്ടിക്കൊടുക്കണം. കഥ കേട്ടു കമല്‍ഹാസന്‍ പൊട്ടിച്ചിരിച്ചു.

പിന്നീട് സുനി ഞങ്ങളുടെ കുടുംബത്തിലെ ആളായി. അടുത്തറിഞ്ഞപ്പോഴാണു മനസ്സിലായത് - അദ്ദേഹം ഒരു വലിയ പ്രതിഭാസമാണ്. ടി. പത്മനാഭനും കെ.പി.അപ്പനും മറ്റും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരാള്‍ ചില്ലറക്കാരനാവില്ലല്ലോ. ആളുടെ അസ്ഥിയും മജ്ജയും രക്തവും തലച്ചോറും പാര്‍ട്ടിയാണ്. ഹൃദയം മാത്രം വേറെ. അത് അദ്ദേഹം കമല്‍ഹാസനു പതിച്ചു കൊടുത്തിരിക്കുന്നു. 1975 മുതല്‍ കമല്‍ഹാസനെക്കുറിച്ച് വന്ന പത്രവാര്‍ത്തകളും ചിത്രങ്ങളും മുഴുവന്‍ സുനി സൂക്ഷിച്ചുവച്ചിട്ടുണ്ട്. ആദ്യത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം മടങ്ങിയെത്തിയ സുനിക്ക് പാര്‍ട്ടി ഓഫിസിലേക്ക് ഒരു പാഴ്‌സല്‍ എത്തി. സുനി അവിടെയുണ്ടായിരുന്നില്ല. അതുകൊണ്ട് ഇതു മറ്റു സഖാക്കള്‍ക്കിടയില്‍ ചര്‍ച്ചയായി. സുനി തിരിച്ചെത്തിയപ്പോള്‍ പാഴ്‌സല്‍ കണ്ടു. തുറന്നു നോക്കിയപ്പോള്‍ വില കൂടിയ ഒരു വാച്ച്. ഫ്രം കമല്‍ഹാസന്‍ എന്ന കുറിപ്പും. സുനി സ്തബ്ധനായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മാനങ്ങള്‍ സ്വീകരിക്കരുതെന്ന നിയമമോര്‍ത്ത് അസ്വസ്ഥനായി. സംഭവം കേട്ടറിഞ്ഞ പിണറായി വിജയന്‍ സുനിയെ വിളിപ്പിച്ചു. സുനി സംഭവം വിവരിച്ചു. പിണറായി വാച്ച് എടുത്തു നോക്കി പറഞ്ഞത്രേ: ' ഇതു വളരെ വില കൂടിയ വാച്ചാണല്ലോ സുനീ. സൂക്ഷിച്ചു വയ്ക്ക്. കമല്‍ഹാസന്‍ സ്‌നേഹത്തോടെ തന്നതല്ലേ?' സുനിയുടെ കമല്‍- ഭ്രാന്തിനെക്കുറിച്ച് ധാരാളം കഥകള്‍ പാര്‍ട്ടി ഓഫിസില്‍ പ്രചരിച്ചിട്ടുണ്ടെന്ന് മറ്റൊരു കണ്ണൂരുകാരന്‍ സുഹൃത്താണ് പറഞ്ഞത്. അതിലൊന്ന് ഇങ്ങനെയാണ് : ഒരിക്കല്‍ പിണറായി വിജയന്‍ സുനിയെ വിളിച്ചു ചോദിച്ചത്രേ, സുനിക്ക് എന്നോടാണോ കമല്‍ഹാസനോടാണോ കൂടുതലിഷ്ടം? സുനി പറഞ്ഞു, വിജയേട്ടാ, നിങ്ങള്‍ക്കെന്തു തോന്നിയാലും വേണ്ടില്ല, ഞാനീ ലോകത്തില്‍ ഏറ്റവുമധികം സ്‌നേഹിക്കുന്നതു കമല്‍ഹാസനെയാണ്. രണ്ടാമതായി പപ്പേട്ടന്‍. മൂന്നാം സ്ഥാനമേയുള്ളൂ നിങ്ങള്‍ക്ക്. ചിരിയില്‍ ലുബ്ധനായ പിണറായി പൊട്ടിച്ചിരിച്ചത്രേ. കമല്‍ഹാസന്റെ ഏതു സിനിമ ഇറങ്ങിയാലും സുനിയുടെ വിളി പ്രതീക്ഷിക്കാം: മീരേച്ചീ, ആ സിനിമ കണ്ടോ? ഹോ, എന്താ സിനിമ ! എന്താ അഭിനയം! കമല്‍ഹാസനെപ്പോലെ ഈ ലോകത്തു വേറൊരു നടനില്ല, ശരിയല്ലേ?

രണ്ടായിരത്തിയൊന്നിലാണ് സുനിയും ദിലീപും ഒന്നിച്ചു കമല്‍ഹാസനെ കാണാന്‍ പോയത്. കഷ്ടിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ദിലീപ് സുനിയെ വിളിക്കുന്നതു ഞാന്‍ കേട്ടു:

സുനീ, കമല്‍ഹാസന്‍ എവിടെയുണ്ട്? ഒരു അപ്പോയിന്റ്‌മെന്റ് വാങ്ങിത്തരാമോ?

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.