Sunday, October 10, 2010

ഒരിടത്തൊരു പോസ്റ്റ്മാന്‍ (Oridathoru Postman)

രണ്ടു ദിവസം മുന്നെയാണ് പതിവില്ലാതെ ടെലിവിഷന്‍ തുറന്ന് അതിനു മുന്നിലിരുന്നപ്പോള്‍ ഒരു വാര്‍ത്താധിഷ്ഠിത ചാനലില്‍, പുതിയതായി ഇറങ്ങിയ ഒരു ചിത്രത്തെക്കുറിച്ച് ഒരു നിരൂപകന്‍ സംസാരിക്കുന്നു. ഇടയ്ക്ക് ചിത്രത്തിന്റെ ക്ലിപ്പിങ്ങുകളും കാണിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍, ഇന്നസെന്റ്, മീരാ നന്ദന്‍, കലാഭവന്‍ മണി, ശരത് കുമാര്‍ അങ്ങനെ ഒരു പിടി താരങ്ങള്‍. വെറുതെ ഒരു ഭാര്യയുടെ തിരക്കഥാകൃത്ത് കെ.ഗിരീഷ് കുമാറിന്റെ കഥയും തിരക്കഥയും. ഷാജി അസീസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം, നിള ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി ടി, ബഷീര്‍ സില്‍ സില എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോള്‍ അതാ എല്ലായിടത്തും ഒരിടത്തൊരു പോസ്റ്റ്മാന്റെ ആകര്‍ഷകമായ പോസ്റ്ററുകള്‍. ചിത്രം കാണണമെന്നു മനസ്സിലുറപ്പിച്ച്, ഇന്നലെ ഞാന്‍ ചിത്രത്തിനു കയറി. ശേഷം ഭാഗം സ്കീനില്‍...

ചേരുംകുഴി എന്ന ഗ്രാമത്തിലെ പോസ്റ്റുമാനാണ്‍ ഗംഗാധരന്‍ (ഇന്നസെന്റ്), അദ്ദേഹത്തിന്റെ മകനായ രഘുനന്ദനന്‍ (കുഞ്ചാക്കൊ ബോബന്‍) അഭ്യസ്ത വിദ്യനും തൊഴില്‍ രഹിതനുമാണ്. എന്നിരുന്നാലും റിയല്‍ എസ്റ്റേറ്റുമായും ഇന്‍ഷുറന്‍സ് വിറ്റും അയാള്‍ ജീവിക്കാനുള്ള പണം ഉണ്ടാക്കുന്നുണ്ട്. ഒരു ഗസറ്റഡ് ജോലി ലക്ഷ്യമിടുന്ന അയാള്‍, ചേരും കുഴിയില്‍ ഒരു പി.എസ്.സി കോച്ചിങ് സെന്ററും നടത്തുന്നു. അവിടുത്തെ വിദ്യാര്‍ത്ഥിനിയായ ഉഷയുമായി (മീരാ നന്ദന്‍) അടുപ്പത്തിലുമാണയാള്‍. എന്നാല്‍ മടിയും ഫുട്ബോള്‍ ഭ്രാന്തും മൂലം ഗംഗാധരന്‍ തന്റെ ജോലിയില്‍ ഉഴപ്പു കാണിക്കുന്നു. ഗംഗാധരന്‍ മടി അഭിനയിക്കുന്നത് തനിക്കുന്ന ഹൃദ്രോഗം മൂലമാണെന്ന് രഘു അറിയുന്നത് വളരെ വൈകിയാണ്. താമസിയാതെ തന്നെ ഗംഗാധരന്‍ മരിക്കുന്നു. മരണത്തിനു മുന്നെ, തന്റെ സുഹൃത്തായ യാസിന്‍ മുബാരകിനായി (ശരത് കുമാര്‍) മകള്‍ സ്നേഹ (ശ്രീക്കുട്ടി) അയച്ച കത്തുകള്‍ തന്റെ കൈവശമുണ്ടെന്നും, അത് യാസിന്റെ അടുത്ത് എത്തിക്കണമെന്നും ഗംഗാധരന്‍ രഘുവിനോട് ആവശ്യപ്പെടുന്നു. പിന്നീട് യാസിനെ തേടിയുള്ള രഘുവിന്റെ യാത്രയാണ് ഒരിറ്റത്തൊരു പോസ്റ്റ്മാന്‍ എന്ന ചിത്രത്തിന്റെ പ്രമേയം.

തന്റേതല്ലാത്ത കുറ്റങ്ങള്‍ക്കൊണ്ടും, മുസ്ലീമായതു കൊണ്ടും തീവ്രവാദിയായി മുദ്രകുത്തപ്പെട്ട് സമൂഹത്തില്‍ നിന്നും ഒളിച്ചോടേണ്ടി വന്ന ഒരു നിരപരാധിയുടെയും, അദ്ദേഹത്തെ സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു നന്മ നിറഞ്ഞ ചെറുപ്പക്കാരന്റേയും കഥയാണ് കഥാകാരന്‍ ഇതിലൂടെ ഉദ്ദേശിക്കുന്ന പ്രമേയം എന്നു മനസ്സിലാക്കുവാന്‍ നമുക്ക് കഴിയുന്നു. എന്നാല്‍ ഇത്തരം മനോഹരവും വ്യത്യസ്തവുമായ ഒരു പ്രമേയം, തിരനാടകത്തിലെ പിഴവുകള്‍ മൂലം ഒരു ദുരന്തമായി മാറുന്ന ‘അതിമനോഹര’മായ കാഴ്ചയാണ് നാം ഒരിടത്തൊരു പോസ്റ്റുമാന്‍ എന്ന ചിത്രത്തിലൂടെ ദര്‍ശിക്കുന്നത്. പാളിച്ചകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ഗംഗാധരന്റെ അസുഖവും മടിയുമെല്ലാം എത്സമ്മയിലെ കെ.പി.എസ്.സി ലളിതയുടെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നു. അതിനൊപ്പം, പാത്രസൃഷ്ടിയില്‍ വരുത്തിയിരിക്കുന്ന പിഴവുകളും കഥാപാത്രങ്ങളുടെ ആഴമില്ലായ്മയും കൂടി ചേരുമ്പോള്‍, ഈ ചിത്രം നമ്മെ ഒട്ടും തന്നെ രസിപ്പിക്കില്ല. ചിത്രത്തിന്റെ ഈ ദയനീയവസ്ഥയുടെ ഉത്തരവാദിത്വം, തിരക്കഥാകൃത്ത് ഗിരീഷ് കുമാറിനു അവകാശപ്പെട്ടതാണ്.

ദുര്‍ബലമായ ഒരു തിരക്കഥയുമായി നവാഗതന്‍ ഷാജി അസീസ് നടത്തിയിരിക്കുന്ന  സംവിധാനത്തിനും അധികം മികവുകള്‍ അവകാശപ്പെടാനില്ല. പ്രമേയത്തെ ചിത്രീകരിക്കുന്നതില്‍ സംവിധായകന്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഒന്നാം പകുതി വരെ ഇഴഞ്ഞു നീങ്ങുന്ന ചിത്രത്തിന് അല്പമെങ്കിലും ജീവന്‍ വയ്ക്കുന്നത്, രണ്ടാം പകുതിയിലാണ്. ഒരു പക്ഷേ അപ്പോഴാകും പ്രേക്ഷകര്‍ക്കു മനസ്സിലാകുക ചിത്രം അപ്പോള്‍ തുടങ്ങിയതേയുള്ളൂ എന്ന്. നടന്മാരെ വേണ്ട രീതിയില്‍ ഉപയോഗിക്കുവാന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല എന്നത് വ്യക്തം. ശരത് കുമാറിനേയും കലാഭവന്‍ മണിയേയും പോസ്റ്ററുകളില്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നതൊഴിച്ചാല്‍ അവരെ ചിത്രത്തിനായി ഉപയോഗിച്ചിട്ടേയില്ല എന്നു വേണം പറയാന്‍. പ്രതീക്ഷയോടെ തിരശ്ശീലയിലെത്തുന്ന കഥാപാത്രങ്ങള്‍ എങ്ങോട്ടോ പോയ് മറയുന്ന കാഴ്ചയാണ് ഈ പോസ്റ്റുമാനില്‍ നാം കാണുന്നത്. കേരള ജനതയെ കാര്‍ന്നു തിന്നുന്ന ലോട്ടറി എന്ന വിപത്തിനെ നന്നായി ചിത്രീകരിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിരിക്കുന്നു എന്നത് മാത്രമാണ്‍ ഈ ചിത്രത്തിന്റെ എടുത്തു പറയാന്‍ കഴിയുന്ന പ്രത്യേകത.

അഭിനയത്തിന്‍ കുഞ്ചാക്കോ ബോബനും ശരത് കുമാറും മാത്രമാണ് തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നത്. ഇന്നസെന്റിന്റെ അച്ഛന്‍ വേഷം ആവര്‍ത്തന വിരസതയുടെ മറ്റൊരു അധ്യായം മാത്രമാണ്. നായികയായി എത്തുന്ന മീരാ നന്ദനും ശ്രീക്കുട്ടിക്കും കാര്യമായി ഒന്നും ചെയ്യുവാനില്ല. ചെറുതെങ്കിലും, കലാഭവന്‍ പ്രചോദ് തന്റെ വേഷത്തെ ഭംഗിയാക്കിയിരിക്കുന്നു. സലീം കുമാറും, ജാഫര്‍ ഇടുക്കിയും, സുരാജ് വെഞ്ഞാറമൂടുമെല്ലാം സ്ഥിരം കഥാപാത്രങ്ങളില്‍ തന്നെ. സുരാജിനെ കുറച്ചു നേരം മാത്രം സഹിച്ചാല്‍ മതി എന്ന ഒരു ആശ്വാസം മാത്രമേയുള്ളൂ. രണ്ടാം പകുതിയില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷാഹുല്‍ ഹമീദായി എത്തുന്ന കലാഭവന്‍ മണിയെ എന്തിനു കൊണ്ടു വന്നു എന്നത് ഒരു വലിയ ചോദ്യമാണ്. തികച്ചും അപ്രസക്തമായ ഒരു കഥാപാത്രത്തിനായി മണിയെ അഭിനയിപ്പിക്കേണ്ടിയിരുന്നില്ല എന്നു തോന്നി. വന്നും പോയിയുമിരിക്കുന്ന അനേകം കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടെങ്കിലും അവര്‍ക്കൊന്നും ചിത്രത്തിന്റെ കഥയുമായി പുലബന്ധം പോലുമില്ല എന്നതാണ് സത്യം.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ആശ്വാസം പകരുന്നവയല്ല. ആനന്ദ് ബാലകൃഷ്ണന്റെ ഛായഗ്രഹണം ശരാശരിക്കു താഴെ ഒതുങ്ങുന്നു. വി.സാജന്റെ ചിത്രസംയോജനം, ചിത്രത്തെ 2 മണിക്കൂറില്‍ ഒതുക്കാന്‍ സഹായിച്ചിരിക്കുന്നു എന്നതു മാത്രമാണ് എടുത്തു പറയേണ്ട കാര്യം. കൈതപ്രവും അനില്‍ പനച്ചൂരാനും എഴുതിയിരിക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മോഹന്‍ സിത്താരയാണ്. എല്ലാ ഗാനങ്ങളും ചിത്രത്തിന് അധികപ്പറ്റാണ്. റണ്‍ രവിയുടെ സംഘട്ടന രംഗങ്ങള്‍ തരക്കേടില്ല എന്നു പറയാം. ഈ ചിത്രത്തിന് മേന്മ അവകാശപ്പെടാന്‍ ചിത്രത്തിന്റെ ആദ്യഭാഗത്തെ ടൈറ്റിലുകളും, പരസ്യകലയും മാത്രമാണുള്ളത്.

നല്ലൊരു പ്രമേയത്തെ എങ്ങനെ നശിപ്പിച്ച് പ്രേക്ഷകരെ കൊല്ലാക്കൊല ചെയ്യാം എന്നതിന്റെ മകുടോദാഹരണമാകും ഈ ചിത്രം എന്നതുറപ്പാണ്. ചിത്രം തുടങ്ങിയപ്പോള്‍ സംസാരിച്ചതു മുഴുവന്‍ ലോട്ടറിയെപറ്റിയും അതിന്റെ ദുരന്തങ്ങളെക്കുറിച്ചും, എന്നാല്‍ അതു പെട്ടെന്നു വഴിമാറി തീവ്രവാദത്തിലെത്തിയപ്പോള്‍ ചിത്രം അടിമുടി ആടിയുലഞ്ഞു, ഏതു കടവില്‍ വഞ്ചിയടുപ്പിക്കണം എന്നറിയാത്തെ തോണിക്കാരനായിപ്പോയി ഷാജി അസീസ്. ഗിരീഷ് കുമാറിന്റെ സഹായത്തോടെ കഥയെ തീവ്രവാദത്തിന്റെ കടവില്‍ കൊണ്ടു പോയി കെട്ടിയപ്പോള്‍ സംഭവം ആകെ പാളി. നല്ലൊരു സന്ദേശം ക്ലൈമാക്സില്‍ ജഡ്ജി വായിച്ചു കേള്‍പ്പിക്കുന്നുണ്ടെങ്കിലും, അത് ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ പരാജയപ്പെടുന്നിടത്താണ്, ചിത്രം നമ്മെ നിരാശപ്പെടുത്തുന്നത്. എന്തായാലും തീയേറ്ററില്‍ നിന്നും ഇറങ്ങിപ്പോരുമ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി, എന്റെയൊപ്പം മുപ്പതില്‍ താഴെ ആളുകള്‍ മാത്രമെ ചിത്രം കാണുവാനുണ്ടായിരുന്നുള്ളൂ. ഒരു പക്ഷേ താരപ്പകിട്ടില്ലാതിരുന്നതു കൊണ്ടാവാം അത്. പക്ഷേ ഒരു ചിത്രത്തിന്റെ ആകര്‍ഷകമായ പരസ്യകല എത്രത്തോളം പ്രേക്ഷകരെ വഴിതെറ്റിക്കും എന്ന്‍ അറിയാതെ ചിന്തിച്ചു പോയ നിമിഷമായിരുന്നു അത്...

എന്റെ റേറ്റിങ് : 2.5 /10.0

2 comments:

  1. i 100% agree with what jk pointed out.. a wonderful theme was totally destroyed by the screenplay.. it could have been a much much better film if given to a good writer..

    ReplyDelete
  2. @ രതീഷ്,
    നന്ദി.. നല്ല തിരക്കഥാകൃത്തായിരുന്നുവെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു.

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.