Sunday, October 17, 2010

അന്‍വര്‍ (Anwar)


പണിയില്ലാതെ ഓഫീസില്‍ കുത്തിയിരുന്ന സമയത്താണ് ട്വീറ്ററിലൂടെ ഒരു യൂട്യൂബ് വീഡിയോ കാണുന്നത്. അമല്‍ നീരദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രമായ അന്‍വറിന്റെ ട്രെയിലര്‍. അമ്പോ‍ കിടിലം.. കണ്ടപ്പോള്‍ ആദ്യം തോന്നിയത്, ഇത് മദനിയുടെ കഥയാണെന്നാണ്. ഇന്റര്‍നെറ്റില്‍ ഒന്നു പരതിയപ്പോള്‍ ദാ കിടക്കുന്നു ചിത്രത്തിന്റെ വെബ് സൈറ്റ്. സെലിബ്സ് & റെഡ് കാര്‍പ്പെറ്റ് ഫിലിംസിന്റെ ബാനറില്‍, രാ‍ജ് സഖറിയാസും റിജോ സഖറിയാസും ചേര്‍ന്നു നിര്‍മ്മിക്കുന്ന അന്‍വര്‍. ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ തന്നെ കൈകാര്യം ചെയ്യുമ്പോള്‍, സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ശ്രീജിത്തും ഉണ്ണിയും ചേര്‍ന്നാണ്. എന്തായാലും ചിത്രം ഇറങ്ങുമ്പോള്‍ കാണണമെന്നു മനസ്സിലുറപ്പിച്ചിരുന്നു. പോസ്റ്റുമാന്‍ കണ്ട് ഷോക്കടിച്ച അതേ തീയേറ്ററില്‍ തന്നെയാണ് അന്‍വര്‍ കാണാന്‍ കയറിയതെന്നത്, കാശു പോകുമോ എന്ന പേടിയുണ്ടാക്കുന്ന ഒന്നായിരുന്നു.

കോയമ്പത്തൂരിലെ ഒരു ടെക്സ്റ്റൈല്‍ ഷോപ്പിലുണ്ടാകുന്ന സ്ഫോടനത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. സ്ഫോടനത്തിന്റെ അന്വേഷണം ഏറ്റെടുക്കുന്ന സ്റ്റാലിന്‍ മണിമാരന്‍ (പ്രകാശ് രാജ്), സംശയിക്കുന്നവരുടെ ലിസ്റ്റുണ്ടാക്കി ഒന്നൊന്നായി അറസ്റ്റ് ചെയ്തുകൊണ്ടിരുന്നു. സ്ഫോടനത്തിനുപയോഗിച്ച അമോണിയം നൈട്രെറ്റ് ഉണ്ടാക്കിയ കമ്പനിയില്‍ ജോലി ചെയ്യുന്ന ഐഷയും (മംമ്ത മോഹന്‍ദാസ്) അറസ്റ്റ് ചെയ്യപ്പെടുന്നു. ഒടുവില്‍ സ്റ്റാലിന്‍, സ്ഫോടനത്തിനു പിറകിലെ പ്രധാന വ്യക്തിയായി സംശയിക്കപ്പെടുന്ന, സമുദായ നേതാവ് ബാബു സെയ്തിനെയും (ലാല്‍) അറസ്റ്റു ചെയ്യുന്നു. ബാബു സെയ്തിനേയും കൂട്ടരേയും റിമാന്‍ഡിലേക്കയക്കുന്ന ജയിലേക്കു ഹവാല ഇടപാടു കേസില്‍ പ്രതിയായി അന്‍വര്‍ എത്തുന്നു. ജയിലില്‍ നടക്കുന്ന ചില സംഘട്ടനങ്ങള്‍ക്കൊടുവില്‍ അന്‍വര്‍, ബാബു സെയ്തും കൂട്ടരുമായി അടുക്കുന്നു. ജയിലിനു പുറത്തെത്തുന്നതോടെ അന്‍വര്‍, ബാബു സെയ്തിന്റെ കൂട്ടത്തില്‍ ചേരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ബാബു സെയ്തിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം അന്‍വറും ചേരുന്നു. അവരെ പ്രതിരോധിക്കാന്‍ സ്റ്റാലിന്‍ മണിമാരനും തയ്യാറെടുക്കുന്നു. തുടര്‍ന്നുണ്ടാക്കുന്ന ഉദ്ദ്വേഗഭരിതമായ സംഭവങ്ങളാണ് അന്‍വറിന്റെ ഇതിവൃത്തം.

2008-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ട്രെയിറ്ററിനെ ആധാരമാക്കിയാണ് അന്‍വറിന്റെ കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിനായി തിരനാടകം രചിച്ചിരിക്കുന്നത് അമല്‍ നീരദാണ്. അമലിന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങിയിരിക്കുന്നത്.  മതസൌഹാര്‍ദ്ദത്തിനു പേരു കേട്ട കേരളത്തില്‍ പോലുമിന്ന് തീവ്രവാദം തഴച്ചു വളരുന്നുവെന്ന സത്യം ജനങ്ങള്‍ മനസ്സിലാക്കുന്ന ഈ കാലത്ത്, അതിനെ ആധാരമാക്കിയൊരു തിരക്കഥയൊരുക്കിയിരിക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമായ ഒന്നാണ്. നമ്മുടെ രാജ്യത്ത്, നമ്മുടെ നാശം ആഗ്രഹിക്കുന്ന വിഘടന വാദികള്‍ എപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നും, യുവാക്കളെ എങ്ങനെ അവര്‍ റിക്രൂട്ട് ചെയ്യുന്നുവെന്നുമെല്ലാം ചിത്രം പ്രതിപാദിക്കുന്നു. തികച്ചും അതിനനുയോജ്യമായ രീതിയിലാണ് ഉണ്ണിയും ശ്രീജിത്തും ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നതും. ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കു നല്‍കുവാനാഗ്രഹിക്കുന്ന സന്ദേശം അവരിലെത്തിക്കുന്നതില്‍ അമല്‍ നീരദ് വിജയിച്ചുവെന്നു വേണം കരുതുവാന്‍. മുന്‍ ചിത്രങ്ങളിലെ പോലെ തന്നെ, വ്യത്യസ്തമായ അംഗിളുകളും സ്ലോമോഷനുകളും ഇടകലര്‍ത്തി ഒരു അമല്‍ നീരദ് ചിത്രമായി തന്നെയാണ് അന്‍വര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

പ്രിഥ്വിരാജ്,  മംമത, ലാല്‍, പ്രകാശ് രാജ് എന്നിവരെ കൂടാതെ പ്രധാനവും അപ്രധാനവുമായ വേഷങ്ങളില്‍ ഒട്ടേറെ അഭിനേതാക്കള്‍ അന്‍വറിലുണ്ട്. അമല്‍ നീരദിന്റെ ആദ്യ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നവര്‍ ഒന്നു തന്നെയായിരുന്നു, ആ പിഴവ് ഒരു പരിധി വരെ ഒഴിവാക്കിയിട്ടുണ്ട് ഇത്തവണ.  അന്‍വര്‍ എന്ന ടൈറ്റില്‍ റോള്‍ പ്രിഥ്വി നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സംഘട്ടന രംഗങ്ങളിലും മറ്റും മികച്ച പ്രകടനമാണ് പ്രിഥ്വിയുടേത്. കഥയില്‍, ഐഷാ എന്ന കഥാപാത്രത്തിന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണെങ്കിലും, നായികയായി എത്തുന്ന മംമതയ്ക്ക് ചിത്രത്തില്‍ കാര്യമായി ഒന്നും തന്നെ ചെയ്യുവാനില്ല. ഗാനരംഗങ്ങളില്‍ മാത്രമായി മംമത ഒതുങ്ങിപ്പോകുന്നു. സ്റ്റാലില്‍ മണിമാരനെന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഓഫീസറെ പ്രകാശ് രാജ് സ്വതസിദ്ധമായ ശൈലിയില്‍ ഭംഗിയാക്കിയിട്ടുണ്ട്. രൂപത്തില്‍ മദനിയുമായി സാമ്യമുള്ള ബാബു സെയ്തെന്ന കഥാപാത്രത്തെ ലാല്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. സലീം കുമാര്‍, ശ്രീജിത്ത് രവി, ശശി കലിംഗ, സായികുമാര്‍, ഗീത,
സമ്പത്ത്, അസീം ജമാല്‍, ജിനു ജോസഫ്, വിനയ് ഫോര്‍ട്ട്, നിത്യ മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ കഥയെയും കഥാപരിസരത്തെയും പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുന്നത് മമ്മൂട്ടിയാണ്. ചിത്രത്തിലുടനീളം അദ്ദേഹത്തിന്റെ വോയിസ് ഓവര്‍ ഉണ്ട്. അങ്ങനെ ശബ്ദത്തിലൂടെ മാത്രം അന്‍വറിന്റെ ഭാഗമായി മമ്മൂട്ടി മാറുന്നു.

ഒരു അമല്‍ നീരദ് ചിത്രത്തില്‍ നിന്നു പ്രതീക്ഷിക്കുന്ന വിഷ്വല്‍ എഫക്റ്റുകളാ‍ല്‍ സമ്പുഷ്ടമാണ് അന്‍വര്‍. നവാഗതനായ സതീഷ് കുറുപ്പാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ദൃശ്യവത്കരണം എന്നു പറയുവാനാകുന്നില്ലെങ്കിലും, എവിടെയൊക്കെയോ ഒരു പുതുമ കൊണ്ടുവരാന്‍ സതീഷിനു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അമലിന്റെ മുന്‍ ചിത്രങ്ങളില്‍ നാം കണ്ട പല ഷോട്ടുകളും ആംഗിളുകളും ഈ ചിത്രത്തിലും ആവര്‍ത്തിച്ചിരിക്കുന്നത് ഒരല്പം കല്ലുകടിയായി തോന്നി. ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്ന വിവേക് ഹര്‍ഷന്‍ തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഒഴുക്കിനെ ഒട്ടും ബാധിക്കാതെ, പ്രേക്ഷകരില്‍ സംശയങ്ങള്‍ ബാക്കി വയ്ക്കാതെ ചിത്രത്തെ ഒരുക്കുവാന്‍ വിവേകിനു കഴിഞ്ഞിരിക്കുന്നു. പ്രവീണ്‍ വര്‍മ്മയുടെ വസ്താലങ്കാരം ചിത്രത്തിനൊട് ചേര്‍ന്നു പോകുന്നുണ്ടെങ്കിലും, ഗാനരംഗങ്ങളില്‍ അത് പാളുന്നുണ്ട്, പ്രത്യേകിച്ചും ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഗാനത്തില്‍. ജോസഫ് നെല്ലിക്കന്റെ കലാസംവിധാനവും രഞ്ജിത്ത് അമ്പാടിയുടെ ചമയവും അഭിനന്ദനമര്‍ഹിക്കുന്നു.

ചിത്രത്തിനായി സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ഗോപീ സുന്ദറാണ്. പശ്ചാത്തല സംഗീതം ചിത്രത്തോട് ചേര്‍ന്നു പോകുന്നു. റഫീഖ് അഹമ്മദെഴുതിയെ ഗാനങ്ങള്‍ നിലവാരം പുലര്‍ത്തിയെങ്കിലും, ചിത്രത്തില്‍ അവയുടെ അനിവാര്യത ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. കിഴക്കു പൂക്കും എന്ന ഗാനം ബോംബെ എന്ന ചിത്രത്തിലെ കണ്ണാലനെ എന്ന ഗാനത്തോട് സാദൃശ്യം പുലര്‍ത്തിയിരിക്കുന്നുവെന്നത് യാദൃശ്ചികമാക രണ്ടു ഗാനങ്ങള്‍ പാടിയിരിക്കുന്നത് ശ്രേയാ‍ ഘോഷാലാണ്. നരേഷ് അയ്യര്‍, സുഖവീന്ദര്‍ സിംഗ് എന്നിവരും ചിത്രത്തില്‍ പാടിയിരിക്കുന്നു. ചിത്രത്തിന്റെ ഒടുവിലുള്ള ഗാനം പ്രിഥ്വിരാജും മംമതയും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ചിത്രത്തിലുപയോഗിച്ചിരിക്കുന്ന ഇഫക്റ്റുകളും ഗ്രാഫിക്സുകളും പരസ്യകലയും  മികച്ച നിലവാരം പുലര്‍ത്തിയിരിക്കുന്നു. അനല്‍ അരശിന്റെ സംഘട്ടന രംഗങ്ങള്‍ക്കും ഒരു പുതുമ അവകാശപ്പെടാനുണ്ട്. ബോംബ് ബ്ലാസ്റ്റുകളെ ഗ്രാഫിക്സ് ഉപയോഗിക്കാതെ നന്നായി ചിത്രീകരിച്ചിരിക്കുന്നു , പക്ഷേ ഒരു കറുത്ത പുകമാത്രമായി ബ്ലാസ്റ്റ് മാറിയത് അഭംഗിയായി തോന്നി.

ഒരു അമല്‍ നീരദ് ചിത്രത്തില്‍ നിന്നും നാം എന്തൊക്കെ പ്രതീക്ഷിക്കുന്നുവോ അതെല്ലാം ചിത്രത്തിലുണ്ട്. പക്ഷേ, അമലിന്റെ സ്ഥിരം ലൊക്കെഷനുകളായ ഫോര്‍ട്ട് കൊച്ചിയും ധനുഷ്കോടിയും പ്രേക്ഷകരെ മുഷിപ്പിക്കും. സംഘട്ടന രംഗങ്ങളില്‍ അമിതമായി സ്ലോമോഷനുകള്‍ ഉപയോഗിച്ചിരിക്കുന്നത്, അവയുടെ ഭംഗി കളയുമ്പോള്‍, അമല്‍ നീരദ് ക്യാമറാ അംഗിളുകളില്‍ ഇനിയും വ്യത്യസ്തത തേടേണ്ടിയിരിക്കുന്നു എന്നാണ് അന്‍വര്‍ നമ്മെ കാണിച്ചു തരുന്നത്. സ്റ്റാര്‍ കസ്റ്റിങ്  ഭേദപ്പെട്ടിട്ടുണ്ടെങ്കിലും ചില മുഖങ്ങള്‍ ആവര്‍ത്തന വിരസത സമ്മാനിക്കുന്നുണ്ട്. എന്നാല്‍ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി, കാമ്പുള്ള ഒരു തിരക്കഥ ഈ ചിത്രത്തിലുണ്ട് എന്നതാണ് ഇതിന്റെ പ്ലസ് പോയിന്റ്. ഒരു ഹോളിവുഡ് ചിത്രത്തിന്റെ കഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും, സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ അതില്‍ കൊണ്ടു വരുവാനും, അതു നന്നയി അവതരിപ്പിക്കുവാനും അമല്‍ നീരദിനു കഴിഞ്ഞിരിക്കുന്നു. നമ്മുടെ സമൂഹത്തില്‍ നാമിന്നു അഭിമുഖീകരിക്കുന്ന തീവ്രവാദം പോലെയുള്ള വിപത്തുകള്‍ക്കെതിരെ ശക്തമായ ഒരു സന്ദേശം നല്‍കുവാന്‍ അന്‍വറിനു കഴിയുന്നു. പോരായ്മകള്‍ ഉണ്ടെങ്കിലും, അന്‍വര്‍ എന്ന ചിത്രം വിജയിക്കുന്ന ഭാഗം അതാണ്. അതു കൊണ്ടു തന്നെ പ്രേക്ഷകരെ ഇതു നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടില്ല എന്നാശിക്കാം.

വാല്‍ക്കഷണം - ഹോളിവുഡ് ചിത്രമായ ട്രെയിറ്ററിനെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. പക്ഷേ ചിത്രത്തിന്റെ ആദ്യമോ അവസാനമോ അതിന്റെ “കടപ്പാട്” കണ്ടതായി ഓര്‍ക്കുന്നില്ല. പക്ഷേ, ട്രെയിറ്ററിന്റെ ഒടുവില്‍ എഴുതിക്കാണിക്കുന്ന ഖുറാന്‍ വചനം, അന്‍വറിന്റെ തുടക്കത്തില്‍ കാണുവാന്‍ സാധിക്കും..

എന്റെ റേറ്റിങ് : 6.0/10

8 comments:

 1. Loved the review. This happens to be my first visit here ;) Lovely

  ReplyDelete
 2. @k.ø.c.h.ü
  നന്ദി. ഇനിയും വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കുക.

  ReplyDelete
 3. അപ്പോള്‍ കുഴപ്പമില്ല എന്നര്‍ത്ഥം,എല്ലാ റിവ്യൂകളും ഏകദേശം ഇത് തന്നെയാണ് പറയുന്നത്. ഒന്ന് കാണാം.

  ReplyDelete
 4. @ഷാജി, നിഷ്പക്ഷരായ എല്ലാ നിരൂപകരും പറയുന്നത് ചിത്രം കണ്ടിരിക്കാം എന്നു തന്നെയാണ്. പക്ഷേ, ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികള്‍, ചില ബ്ലോഗുകള്‍, പബ്ലിക് ഫോറങ്ങള്‍ എന്നിവയില്‍ ഈ ചിത്രത്തെ താറടിക്കുവാന്‍ ബോധപൂര്‍വ്വമായ ഒരു ശ്രമം നടക്കുന്നുണ്ട്. അന്‍വര്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളുലും, ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരെയും കൂവുന്നതായി വരെ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. അതിനു പിറകില്‍ ആരുടെ കരങ്ങളായാലും, അതു മോശമാണ് എന്നാണ്‍ അഭിപ്രായം. അത്തരക്കാരുടെ വാക്കുകള്‍ കേള്‍ക്കാതെ, ചിത്രം കാണുവാന്‍ തീരുമാനിച്ചതിന് അഭിനന്ദനങ്ങള്‍.

  ReplyDelete
 5. ടെക്നിക്കലി ബില്ല്യന്റ് സിനിമ...എനിക്കിഷ്ട്ടപ്പെട്ടു .. പക്ഷെ കണ്ട പലര്‍ക്കും സിനിമയെ ഇഷ്ട്ടപ്പെട്ടില്ല... എന്ത് ചെയ്യാം! ... നല്ല സിനിമകള്‍ ഇറങ്ങിയാലും മലയാളത്തില്‍ വാഴാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ് :)

  ReplyDelete
 6. ...നല്ല സിനിമകള്‍ ഇറങ്ങിയാലും മലയാളത്തില്‍ വാഴാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്...

  ഇതിനോട് യോജിക്കാതെ തരമില്ല.. അതാണ് മലയാള സിനിമ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം.

  ReplyDelete
 7. :)
  'കിഴക്കു പൂക്കും...', 'കണ്ണാളനേ...' തമ്മിലെ സാമ്യത ശ്രദ്ധയില്‍ വന്നില്ല; സത്യത്തില്‍ അവ തമ്മില്‍ അത്രത്തോളം സാമ്യതയുണ്ടോ?

  ഓഫ്: "പക്ഷേ, ട്രെയിറ്ററിന്റെ ഒടുവില്‍ എഴുതിക്കാണിക്കുന്ന ഖുറാന്‍ വചനം, അന്‍വറിന്റെ തുടക്കത്തില്‍ കാണുവാന്‍ സാധിക്കും.. " - 'ട്രൈറ്ററി'ന്റെ ഒടുവില്‍ എഴുതിക്കാണിക്കുന്നതല്ല ഖുറാന്‍ വചനം, കഥാപാത്രങ്ങളുടെ സംസാരത്തില്‍ വരുന്നതാണ്‌. ഇതു മാത്രമല്ല മറ്റ് പല സംഭാഷണങ്ങളും/സന്ദര്‍ഭങ്ങളും അതേ പടി പകര്‍ത്തിയിട്ടുണ്ട്.
  --

  ReplyDelete
 8. @ ഹരി, കണ്ണാളനെയുമായി ചിത്രീകരണത്തിലെ സാമ്യമാണ് ഉദ്ദേശിച്ചത്. അതു പോലെ തന്നെ സിറ്റുവേഷനും മാച്ചിങ് ആണല്ലോ.. ചിത്രത്തിലെ രംഗങ്ങള്‍ അപ്പാടെ കോപ്പിയടിക്കേണ്ട കാര്യമുണ്‍റ്റായിരുന്നില്ല. ജയില്‍ സീക്വന്‍സും, ട്രെയിറ്ററിലെ പോലെ തോന്നി. (ബിഗ് ബിയുടെ ക്ലൈമാക്സും മറക്കുന്നില്ല.. കടല്‍ തീരത്തു കൂടി കാര്‍ പോകുന്ന സീന്‍, ഡിറ്റോ ഫോര്‍ ബ്രദേഴ്സ്....) ആ ഖുറാന്‍ വാചകം അവസാനം എഴുതി കാണിക്കുന്നു എന്നാണ് എന്റെ ഓര്‍മ്മ. ഒന്നു കൂടെ കണ്ടു നോക്കട്ടേ... ട്രെയിറ്ററേ... ;)

  ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.