ഈ കഴിഞ്ഞ മേയ് 16 ന് നാം പത്രത്തില്‍ വായിച്ച ഒരു വാര്‍ത്തയാണിത്.
മോഹന്‍ലാല്‍ ഇനി ലഫ്. കേണല്‍
പ്രമുഖ ചലച്ചിത്രനടന്‍ മോഹന്‍ലാല്‍ ഇനി മുതല്‍ ലഫ്‌റ്റനന്റ് കേണല്‍ മോഹല്‍ലാല്‍ എന്നറിയപ്പെടും. മോഹന്‍ലാലിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററിയായി ലഫ്‌റ്റനന്റ് കേണല്‍ പദവി നല്‍കുന്നതിനുള്ള ഉത്തരവില്‍ രാഷ്‌ട്രപതി പ്രതിഭാപാട്ടീലും പ്രധാനമന്ത്രി ഡോ. മോഹന്‍സിങ്ങും ഒപ്പുവെച്ചു. ഇക്കാര്യം പ്രതിരോധമന്ത്രി എ.കെ.ആന്റണി, മോഹന്‍ലാലിനെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്‌തു. കീര്‍ത്തിചത്ര, കുരുക്ഷേത്ര എന്നീ സിനിമകളില്‍ സൈനികവേഷത്തില്‍ അഭിനയിച്ച മോഹന്‍ലാല്‍ ദേശീയോദ്‌ഗ്രഥനത്തിന് മികച്ച സംഭാവനയാണ് നല്‍കിയതെന്ന് എ.കെ.ആന്റണി പറഞ്ഞു.
പട്ടാള വേഷത്തില്‍ സിനിമയില്‍ അഭിനയിക്കുക വഴി ദേശീയോദ്‌ഗ്രഥനത്തിന് മികച്ച സംഭാവന നല്‍കിയതിനാണ് പട്ടാളത്തിലെ പരമോന്നത പദവി മോഹന്‍ ലാലിന് നല്‍കിയത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ രണ്ട് മേജര്‍ രവി ചിത്രങ്ങളാണ് മോഹന്‍ലാലിനെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയത്. പുറമെ നിന്നു നോക്കിയാല്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണിതെങ്കിലും, നമ്മുടെ അതിര്‍ത്തി കാക്കുന്ന സൈനികരെ സംബന്ധിച്ച് തികച്ചും അപമാനകരമായ ഒന്നാണിത്. അഭിനയത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ നടനാണ് മോഹന്‍ലാല്‍. കീര്‍ത്തിചക്രയും കുരുക്ഷേത്രയും പോലുള്ള ചിത്രങ്ങള്‍, കാര്‍ഗ്ഗില്‍ പോലുള്ള സ്ഥങ്ങളില്‍ പോയി അഭിനയിക്കുക എന്നത് ഒരു ചില്ലറക്കാര്യമല്ല. കഠിനമായ ആ ഭൂപ്രദേശങ്ങളില്‍ അവരനുഭവിച്ച വിഷമതകള്‍, നാം പല മാധ്യമങ്ങളിലും വായിച്ചറിഞ്ഞതുമാണ്. കോടികള്‍ പ്രതിഫലം വാങ്ങിയാണ്, 40 മുതല്‍ 50 ദിവസം വരെ ഇത്തരം സാഹചര്യങ്ങളില്‍ ഷൂട്ടിങ് ചെയ്യുന്നത്. സിനിമയില്‍ അഭിനയിക്കുന്നത് ദേശിയോത്‌ഗ്രഥനം നടത്താനോ, മറ്റുള്ളവരില്‍ ദേശസ്നേഹമുണര്‍ത്തുവാനോ അല്ല, മറിച്ച് സ്വന്തം പോക്കറ്റില്‍ കാശു വീഴുവാനാണ്. മറിച്ചായിരുന്നെങ്കില്‍ അഞ്ചു പൈസ പോലും വാങ്ങാതെ ഈ സിനിമയില്‍ അഭിനയിക്കുമായിരുന്നു. രാജ്യതാല്പര്യപ്രകാരം അങ്ങനെ ചെയ്യുന്ന എത്രയോ നടന്മാര്‍ നമ്മുടെ രാജ്യത്തുണ്ട്?
ഇവര്‍ ഷൂട്ടിങ് നടത്തിയ സാഹചര്യങ്ങളില്‍ മഞ്ഞും വെയിലും മഴയും വകവെയ്ക്കാതെ, ഇമ ചിമ്മാതെ നമ്മുടെ രാജ്യത്തിനു കാവല്‍ നില്‍ക്കുന്ന നമ്മുടെ ജവാന്മാരോട് തുലനം ചെയ്യുമ്പോള്‍ ലഫ്. കേണല്‍ പദവി നല്‍കാന്‍ മാത്രം എന്തു പരമമായ പ്രവര്‍ത്തിയാണ് മോഹന്‍ലാല്‍ എന്ന നടന്‍ ചെയ്തിരിക്കുന്നത്? സ്വന്തം ജീവന്‍ പോലും ബലി കൊടുത്ത് രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന പട്ടാളക്കാര്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കുന്നത് എതാനും ലക്ഷം രൂപ, ആശ്രിതനൊരു ജോലി, അത്രയൊക്കയേയുള്ളു. ഒരു യുദ്ധം കഴിഞ്ഞാല്‍ അവരൊക്കെ വിസ്‌മ്ര്‌തിയിലാവുകയും ചെയ്യും. നമ്മുടെ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ജവാന്മാരോടും ഇപ്പോഴും അതിര്‍ത്തിയില്‍ നിതാന്ത ജാഗ്രതയോടെ അണിനിരന്നിരിക്കുന്ന സൈനികരോടും കാണിക്കുന്ന അനീതിയാണ് ഇത്തരം ഓണററി ബഹുമതികള്‍. വര്‍ഷങ്ങളോളം ദേശസേവനം നടത്തുന്ന ഒരോ സൈനികരുടേയും അഭിലാഷമാണ് ഇത്തരം ഒരു ബഹുമതി ലഭിക്കുക എന്നത്. മോഹന്‍ലാലിലെ നായകനാക്കി ഈ രണ്ട് ചിത്രങ്ങളും നിര്‍മ്മിച്ച മേജര്‍ രവി, സൈന്യത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച വ്യക്തിയാണ്. വര്‍ഷങ്ങള്‍ നീണ്ട സൈനക സേവനത്തിനൊടുവില്‍, അദ്ദേഹത്തിനു പോലും അപ്രാപ്യമായി മാറിയ ഒരു റാങ്കാണ് ലഫ്.കേണല്‍ എന്നത്. അതാണ് ഒരു സുപ്രഭാതത്തില്‍ രണ്ടു സിനിമയില്‍ അഭിനയിച്ചു എന്ന പേരില്‍ ഒരു നടന് നല്‍കുന്നത്. സൈനികരുടേ വേദനകളോ ദുരിതമോ ഒന്നുമറിയാതെ സുഖലോലുപതയില്‍ ഉഴലുന്ന ഒരു വ്യക്തിക്ക് ഇത്തരം ഉയര്‍ന്ന സൈനിക റാങ്കുകള്‍ നല്‍കുക എന്നത് സൈനികരുടെ മനോവീര്യം കെടുത്തുന്ന നടപടികളാണ്. ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നെ ഇനിയെങ്കിലും നമ്മുടെ നാടു കാക്കുന്ന സൈനികരെ ഒരിക്കലെങ്കിലും ഓര്‍ക്കണമെന്നാണ് എനിക്ക് സര്‍ക്കാരിനോട് അപേക്ഷിക്കുവാനുള്ളത്....