മോഹന്‍ലാലിനെ നായകനാക്കി എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്ത ചിത്രമാണ് ഏയ്ഞ്ചല്‍ ജോണ്‍. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ ഇതൊരു മാലാഖയുടെ ചിത്രമാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ ജയസൂര്യയും മനാഫും ചേര്‍ന്നാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നാരയണദാസും.
മാലാഖമാരെ സ്തീകളായി മാത്രം കണ്ടു വന്നിട്ടുള്ള മലയാള സിനിമാ പ്രേമികളെ “ആണ്‍ രൂപ”ത്തിലുള്ള മാലാഖയെ പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ. ജീവിതത്തില്‍ എങ്ങുമെത്താത്തതിന്റെ പേരില്‍ വിധിയെ പഴിച്ച് ജീവിതമവസാനിപ്പിക്കാന്‍ പോകുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക്, അയാളുടെ ജീവിതം മാറ്റിമറിക്കാനായി ഒരു മാലാഖയെത്തി ചേരുന്നതാണ് ചിത്രത്തിന്റെ ഇതിവ്രുത്തം.
ബാങ്ക് മാനേജരായ ജോസഫ് (ലാലു അലക്സ്)ന്റേയും മേരി(അംബിക)യുടേയും പുത്രനാണ് മറഡോണ്‍ (ശന്തനു). അയാളുടെ അയല്‍ല്‍ക്കാരിയും സുഹ്രുത്തുമാണ് സോഫിയ (നിത്യ). സ്വന്തം കയ്യിലിരുപ്പു കൊണ്ട് ജീവിതത്തില്‍ പരാജയത്തില്‍ന്റെ കയ്പ്പു നീര്‍ കുടിക്കേണ്ടി വരുക എന്നത് മറഡേണയുടെ സ്ഥിരം പതിവാണ്. എന്നാല്‍, ഒരിക്കല്‍ അയാള ജീവിതം തന്നെ അവസാനിപ്പിക്കാമെന്ന് കരുതുന്നു. പക്ഷേ മറഡോണയുടെ ജീവിതത്തിലേക്ക് പെട്ടെന്ന് ഒരു മാലാഖ കടന്നു വരുന്നു, ഏയ്ഞ്ചന്‍ ജോണ്‍ (മോഹന്‍ ലാല്‍). മാലാഖ മറഡോണയ്ക്ക് രണ്ട് വഴികള്‍ ഉപദേശിക്കുന്നു. ഒന്ന്, 66 വയസ്സുവരെ സുഖദുഖങ്ങള്‍ നിറഞ്ഞന്‍ ഒരു ജീവിതം. രണ്ട്, അതിന്റെ മൂന്നിലൊന്നു മാത്രം സമയം, എന്താഗ്രഹിച്ചാലും ഉടനെ ലഭിക്കുന്ന ഒരു ജീവിതം. സുഖഭോഗിയായ മറഡോണ രണ്ടാമത്തെ വഴി സ്വീകരിക്കുന്നു. എന്നാല്‍ പിന്നീടാണ്, മറഡോണയ്ക്ക്, 22 വയസ്സാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേയുള്ളൂ വീണ്ടു വിചാരം ഉണ്ടാകുന്നത്. പിന്നീട് ചുരുങ്ങിയ കാലയളവില്‍ മാലാഖ മറഡേണയുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ബാക്കി ഭാഗം.
പുതുമ നിറഞ്ഞ ഒരു കഥയാണ് ചിത്രത്തിന്റെ പ്രത്യേകതയെങ്കില്‍, അതിനെ ഇല്ലാതാക്കുന്നത് ശുഷ്കമായ ഒരു തിരക്കഥയാണ്. ആര്‍ക്കും അനായാസം ഊഹിക്കാന്‍ കഴിയുന്ന കഥാഗതിയാണ് ചിത്രത്തിന്റേത്. ഒടുവില്‍ ഒരു സര്‍പ്രൈസ് പ്രതീക്ഷിക്കുന്നവരെ പാടെ നിരാശപ്പെടുത്തും ഇതിന്റെ കഥ. കഥ പറഞ്ഞു പോകുന്ന രീതിയിലോ സംഭാഷണങ്ങളിലോ പുതുമയൊന്നും അവകാശപ്പെടാനില്ല. എന്നാല്‍, മാലാഖയുടെ ഉപദേശങ്ങളെ, അവയില്‍ കഴമ്പുള്ളവയാണ് എന്നു തോന്നുപ്പിക്കുന്ന രീതിയില്‍ എഴുതിയിരിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. "ഇതു ഭൂതമല്ല, മാലാഖയാണ്“ എന്നുതുടങ്ങുന്ന ഡയലോഗുകള്‍ ഫാന്‍സിനു വേണ്ടി എഴുതി ചേര്‍ത്തതാവാം. പാത്ര സ്രുഷ്ടിയിലും തിരക്കഥാക്രുത്തുക്കള്‍ ഏറെ പിറകോട്ടാണ് സഞ്ചരിച്ചിരിക്കുന്നത്. ഏതു സൂപ്പര്‍ സ്റ്റാര്‍ സിനിമയേയും പോലെ വന്നു പോകുന്ന കഥാപാത്രങ്ങളാണ് ഇതില്‍ അധികവും. അതിനിടയ്ക്ക് ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കുമെന്ന രീതിയില്‍, ചിരിപ്പിക്കുവാന്‍ ശ്രമിക്കാനായി ചില കോമാളി കഥാപാത്രങ്ങളും. തിരക്കഥയുടെ ഒരു വമ്പന്‍ പരാജയമാണ് നാമിവിടെ കാണുന്നത്. തിരക്കഥാക്രുത്തുകള്‍ ഇത്ര അശ്രദ്ധയോടെ ഒരു തിരക്കഥയെഴുതുമെന്ന് വിശ്വസിക്കുക തന്നെ പ്രയാസം. (ഒരു ചെറിയ സ്റ്റോറി ലൈനില്‍ നിന്നും ശക്തമായ പ്രമേയങ്ങള്‍ നല്‍കിയ മഹാരഥന്മാര്‍ ജീവിച്ചിരുന്ന മലയാളക്കരയില്‍, ഇത്തരം അതിദയനീയമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന തിരക്കഥ കാണുമ്പോള്‍ ഏതൊരു സിനിമാപ്രേമിക്കും വിഷമം തോന്നാം.)
മോഹന്‍ ലാല്‍ എന്ന നടന് തന്റെ അഭിനയ സിദ്ധി ഉപയോഗിക്കേണ്ടതായുള്ള ഒരു രംഗം പോലുമില്ലാത്ത ചിത്രമാണത്. എന്നാല്‍ മറഡോണയെ അവതരിപ്പിച്ച ശന്തനു തരക്കേണ്ടില്ലാത്ത പ്രകടനം കാഴ്ച വെയ്ച്ചിട്ടുണ്ട്. ഒരു തുടക്കക്കാരനെന്ന നിലയിലുള്ള അമിതാഭിനയവും മറ്റും ഒഴിച്ചാല്‍, തന്റ്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തുവാന്‍ ശന്തനുവിനു കഴിഞ്ഞിരിക്കുന്നു. നായിക എന്നു പറയാന്‍ കഴിയില്ലെങ്കിലും, തത്തുല്യമായ റോളഭിനയിച്ച നിത്യ ചിത്രത്തില്‍ ഒരു ആവശ്യകതയേ അല്ല. മറഡോണയുടെ മാതാപിതാക്കളായി അഭിനയിക്കുന്ന ലാലു അലക്സിനും അംബികയ്ക്കും കാര്യമായി ഒന്നും ചെയ്യുവാനില്ല. അതു പോലെ തന്നെയാണ് സോഫിയയുടെ അച്ഛനമ്മമാരായി അഭിനയിച്ചിരിക്കുന്ന വിജയരാഘവനും സോനാനായരും. സ്ഥിരം കാമ്പസ് ചിത്രങ്ങളില്‍ കാണുന്ന മാതാപിതാക്കളുടെ അച്ചില്‍ വാര്‍ത്ത ഈ കഥാപാത്രങ്ങള്‍ക്ക് ഒരു പുതുമയും നല്‍കുവാന്‍ തിരക്കഥാക്രുത്തു ശ്രമിച്ചിട്ടില്ല. പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഉദ്യമത്തോടെ, ജഗതി ശ്രീകുമാര്‍, സലീം കുമാര്‍, ബിജുക്കുട്ടന്‍, പ്രേംകുമാര്‍, ബൈജു എന്നിവരും ചിത്രത്തിലുണ്ട്. പക്ഷേ, ഇവര്‍ പൊട്ടിക്കുന്ന ചില തമാശകള്‍ കേട്ടാല്‍ കരച്ചില്‍ വന്നു പോകുമെന്ന അവസ്ഥയാണ്.
ഔസേപ്പച്ചനാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ചെയ്തിരിക്കുന്നത്. ഇമ്പമുള്ളതും ശ്രവണ സുഖമുള്ളതുമായ ഒരു ഗാനം പോലും ചിത്രത്തില്‍ ഇല്ല. ശശീന്ദ്രവര്‍മ്മ, സുഭാഷ്എന്നിവരെ ചേര്‍ന്നെഴുതിയ ഗാനങ്ങളുടെ വരികള്‍, വെറുതെ വാക്കുകള്‍ നിരത്തിയവയാണ്. അതു മാത്രമല്ല, ഗാനങ്ങളില്‍ നിന്നും, അവയുടെ ഉച്ചാരണം പോലും മനസ്സിലാക്കുവാന്‍ വളരെ വിഷമമാണ്. എന്നാല്‍ ടൈറ്റില്‍ ഗാനവും, പശ്ചാതതല സംഗീതവും മനോഹരമായി അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ ആകര്‍ഷകമല്ലാത്തതു കൊണ്ടു തന്നെ ന്രുത്ത രംഗങ്ങളും പരമാവധി ബോറടിപ്പിക്കുക തന്നെ ചെയ്യും. ആകെ ബഹളമയമായ പാട്ടുകളും, അതില്‍ കുറെ ചാട്ടങ്ങളും, ഇതാവും ഗാനരംഗങ്ങള്‍ക്കു നല്‍കാന്‍ പറ്റിയ വിശേഷണം. മുരുകേഷിന്റെ സൌണ്ട് ഇഫക്റ്റ് ശരാശരിയില്‍ താഴെ മാത്രം ഒതുങ്ങുന്നു. അജയ് വിന്‍സെന്റിന്റെ ഛായാഗ്രഹണം വളരെ മനോഹരമാണ്. ഭ്രമരം എന്ന ചിത്രത്തിലൂടെ നമ്മെ അതിശയിപ്പിച്ച അജയന്, പക്ഷേ ആ നിലവാരം ഈ ചിത്രത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ചിത്രസംയോജനം നിര്‍വഹിച്ച ബിജിത് ബാല തന്റെ ജോലി ഭംഗിയാക്കി. ഏയ്ഞ്ചല്‍ ജോണെന്ന ചിത്രത്തെ ആളുകള്‍ക്ക് കണ്ടിരിക്കാമെന്ന രീതിയിലാക്കുന്നത് ഇവരുടെ ഈ മികവാണ്. മാഫിയാ ശശി ഒരുക്കിയിരിക്കുന്ന സംഘട്ടന രംഗത്തില്‍ പുതുമയൊന്നും ഇല്ല, പക്ഷേ അതിമാനുഷികത പരമാവധി കുത്തിക്കയറ്റുവാന്‍ ശ്രമിച്ചിട്ടുമുണ്ട്, നായകന്‍ മാലാഖയായതിനാല്‍, ഇതിനപ്പുറവും പ്രതീക്ഷിച്ചിരുന്നു.
പുതുമയുള്ള കഥ, ഇതിലെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകുവാനുള്ള സാധ്യത ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ ബാലപാഠങ്ങള്‍ മറന്ന സംവിധായകന്‍ എന്തൊക്കെയോ ഗിമിക്കുകള്‍ കാട്ടികൂട്ടിയിരിക്കുന്നു എന്നു മാത്രമേ ഈ ചിത്രത്തെ പറ്റി പറയുവാന്‍ കഴിയൂ. ശക്തമായ കഥപാത്രങ്ങളേയും, കഥാ സന്ദര്‍ഭങ്ങളേയും ചിത്രത്തില്‍ കൊണ്ടു വരുന്നതില്‍ തിരക്കഥ പരാജയപ്പെടുന്നു. ഒരു ഒഴുക്കിനൊപ്പിച്ച് പോകുന്ന ചിത്രമായി ഇതു മാറുന്നതും അതു കൊണ്ടു തന്നെ. ഉത്തരവാദിത്വ ബോധമില്ലാത്ത ഇന്നത്തെ യുവത്വത്തിന് ഒരു നല്ല സന്ദേശം നല്‍കുവാന്‍ കഴിയുമായിരുന്ന ഈ ചിത്രം, മാലാഖയുടെ നിഴലില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രമായി ഒതുങ്ങുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. പ്രേക്ഷകരെ വെറുപ്പിക്കുന്ന സംഭാഷണങ്ങള്‍ കൂടിയാകുമ്പോള്‍, ചിത്രത്തിന്റെ അധപതനം പൂര്‍ണ്ണമാകുന്നു. ചിത്രത്തിലുടനീളം മറഡോണ പറഞ്ഞു നടക്കുന്നത് “വെറുതെ ഒരു രസം” എന്നത്, ആവര്‍ത്തന വിരസമായി. എന്തു ചെയ്തികള്‍ക്കും ഒരു ഒഴിവുകഴിവായാണ് ഇതുപയോഗിച്ചിരിക്കുന്നത്. തന്റെ ആദ്യ സംരംഭമായ “സ്പീഡ് ട്രാക്കി”ല്‍ നിന്നും അധികമൊന്നും സംവിധായകന്‍ ജയസൂര്യ മുന്നോട്ടു പോയിട്ടില്ല എന്നു വേണം ഈ ചിത്രത്തില്‍ നിന്നു മനസ്സിലാക്കുവാന്‍. അതിലെ പാളിച്ചകള്‍ ഇവിടെയും ആവര്‍ത്തിച്ചിര്‍ക്കുന്നതു കാണുമ്പോള്‍, ഫിലം മേക്കിങ് എന്താണെന്നറിയാതെയാണ് അദ്ദേഹമീ പണിക്കിറങ്ങിയത് എന്നു തോന്നും. ചിത്രത്തിനെ “വെറുതെ ഒരു രസ“ത്തിനു പോലും കാണുവാന്‍ കഴിയുന്ന കാറ്റഗറിയിലും പെടുത്താനാവാന്‍ കഴിയില്ല.
വാല്‍ക്കഷണം: ചിത്രം കാണുവാനായി കാത്തു നില്‍ക്കുമ്പോള്‍ നൂണ്‍ഷോ കണ്ടു പുറത്തു പോയ ഒരു ചേട്ടന്‍ വിളിച്ചു പറഞ്ഞത് “അബദ്ധത്തില്‍ പോലും ഇതിനൊന്നും തല വെയ്ക്കല്ലെ മക്കളേ....” എന്നാണ്. അതിനര്‍ത്ഥം മനസ്സിലാക്കുവാന്‍ ചിത്രത്തിന്റെ ഇന്റര്‍വെല്‍ ആകേണ്ടി വന്നു. പക്ഷേ മാലാഖ പ്രത്യക്ഷപ്പെട്ടപ്പോള്‍ വര്‍ണ്ണക്കടലാസുകള്‍ വാരിയെറിഞ്ഞ ചിലര്‍ പുറത്തിറങ്ങി പറഞ്ഞു, “സൂപ്പര്‍ പടം അളിയാ.....”
എന്റെ റേറ്റിങ്: 2.1/10.0
ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.