Wednesday, March 11, 2009

മകന്റെ അച്ഛന്‍ (Makante Achan)


ശ്രീനിവാസനേയും മകന്‍ വിനീത്‌ ശ്രീനിവാസനേയും കേന്ദ്രകഥാപാത്രങ്ങളാക്കി വി.എം വിനു സംവിധാനം ചെയ്ത ചിത്രമാണ്‌ മകന്റെ അച്ഛന്‍. നവാഗതനായ സംജത്‌ നാരായണന്‍ കഥയും തിരക്കഥയുമെഴുതിയ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ ജി.പി.വിജയകുമാറാണ്‌. ശ്രീനിവാസന്റെ മകനായി വിനീത്‌ ശ്രീനിവാസന്‍ അഭിനയിക്കുന്നു എന്നത്‌ തന്നെയാണ്‌ ഈ ചിത്രത്തിന്റെ ഹൈലൈറ്റ്‌.

വില്ലേജ്‌ ഓഫീസറായ വിശ്വനാഥന്‍ (ശ്രീനിവാസന്‍), കര്‍ക്കശക്കാരനായ ഓഫീസറും, തന്റെ മകനായ മനുവിനെ(വിനീത്‌ ശ്രീനിവാസന്‍) കുറിച്ച്‌ ഉയര്‍ന്ന സ്വപ്നങ്ങള്‍ വച്ചു പുലര്‍ത്തുന്നയാളുമാണ്‌. താന്‍ എന്‍ട്രന്‍സ്‌ എഴുതി എഞ്ചിനീയറാകണമെന്ന അച്ഛന്റെ ആഗ്രഹം, തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കലാണെന്നും, തന്റെ ലോകം സംഗീതത്തിന്റേതാണെന്നും തിരിച്ചറിവുള്ളയാളാണ്‌ മനു. ഇതു നല്ല പോലെ അറിയാവുന്നയാളാണ്‌ മനുവിന്റെ അമ്മ രമ(സുഹാസിനി). പക്ഷേ ഭര്‍ത്താവിന്റെ നിര്‍ബന്ധബുദ്ധിക്കു മുന്നില്‍ അവരും വഴങ്ങുന്നു. അച്ഛന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി, കെ.സി.ഫ്രാന്‍സിസിന്റെ (തിലകന്‍) എന്‍ട്രന്‍സ്‌ ട്രെയിനിംഗ്‌ സെന്ററില്‍ പോകുകയാണ്‌ മനു. എന്നാല്‍ എന്‍ട്രന്‍സ്‌ കിട്ടാതെ വരുന്നതോടെ അച്ഛനും മകനുമിടയിലുള്ള അകലം വര്‍ദ്ധിക്കുന്നു. കൂടാതെ ജോലിയില്‍ നിന്നും വിശ്വനാഥനുണ്ടാകുന്ന ചില അനിഷ്ടകരമായ അനുഭവങ്ങള്‍ ആ കുടുംബത്തിലുണ്ടാക്കുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഈ ചിത്രത്തിന്റെ കാതല്‍ എന്നത്‌ മനോഹരമായ തിരക്കഥയാണ്‌. കഥാഗതിയോട്‌ ചേര്‍ന്നു പോകുന്ന കാലിക പ്രസക്തമായ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ്‌ സംജത്‌ ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ഒരു അച്ഛനും മകനും തമ്മിലുള്ള ആശയ സംഘര്‍ഷം എന്ന നിലയിലേക്ക്‌ ഈ ചിത്രം ഒതുങ്ങിപ്പോവാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരിക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. സ്വന്തം മക്കളെ എഞ്ചിനീയറാക്കാന്‍ മാതാപിതാക്കള്‍ കാട്ടുന്ന വ്യഗ്രതയേയും, അതിന്റെ മറവില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന കോച്ചിങ്‌ സെന്ററുകളേയും മനോഹരമായിയാണ്‌ വിമര്‍ശിച്ചിരിക്കുന്നത്‌. ആള്‍ദൈവങ്ങളേയും, റിയല്‍ എസ്റ്റേറ്റ്‌ തട്ടിപ്പുകളേക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്ന ഇതില്‍, ഒരല്‍പം കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ കടന്നു വന്നോ എന്ന്‌ എപ്പോഴെങ്കിലും തോന്നിയാല്‍ അതു തെറ്റാവില്ല. റിയാലിറ്റി ഷോവിനും ഇതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. വാരി വലിച്ചു കഥാപാത്രങ്ങളെ സൃഷ്ടിക്കാതെ, ആവശ്യത്തിനു മാത്രം അവതരിപ്പിച്ചിരിക്കുന്നു. അതു പോലെ തന്നെ, കഥാഗതി, ആര്‍ക്കും ഊഹിക്കാവുന്ന രീതിയിലാണ്‌ എന്നുള്ളതൊരു ന്യൂനതയായും പറയാം. നര്‍മ്മ സംഭാഷണങ്ങള്‍ പലതും കുറിക്കു കൊള്ളുന്നതെങ്കിലും, ചില അവസരങ്ങളില്‍ അതൊരു ഏച്ചുകെട്ടലായി തോന്നി.

തിലകന്‍, സുഹാസിനി, സലീംകുമാര്‍, ബിന്ദു പണിക്കര്‍, ജഗതി ശ്രീകുമാര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെറുതെങ്കിലും, തന്റെ കഥാപാത്രത്തെ തിലകന്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. പുളുവടിക്കുന്ന പട്ടാളക്കാരനായി തിലകന്‍ പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും, ഇതിലെ കര്‍ക്കശക്കാരനായ് റിട്ട. എയര്‍ഫോര്‍സ്‌ ഓഫീസറായുള്ള അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണ്‌. വെറും തമാശക്കായി സൃഷ്ടിച്ചതാണോ സലീം കുമാറിന്റേയും ബിന്ദു പണിക്കരുടേയും കഥാപാത്രങ്ങള്‍ എന്ന്‌ ആദ്യമൊരു സംശയം തോന്നിയാലും, രണ്ടു പേര്‍ക്കും ചിത്രത്തില്‍ വളരെ പ്രാധാന്യമുണ്ട്‌. സലീം കുമാറിനെ ഒരു സ്വഭാവനടന്‍ എന്ന നിലയില്‍ ഉപയോഗിച്ചിരിക്കുന്നത്‌ ഒരു ശുഭസൂചനയാണ്‌. തന്റെ സ്ഥിരം കഥാപത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്ന്‌ സലീംകുമാറിനും ആശ്വാസം പകരും. ശ്രീനിവാസന്റെ വിശ്വനാഥന്‍ എന്ന കഥാപത്രം ആകര്‍ഷകമായ രീതിയില്‍ തന്നെയാണ്‌ അണിയിച്ചൊരുക്കിയിരിക്കുന്നത്‌. പക്ഷേ, അഭിനയത്തിന്‌ മികവ്‌ എന്നൊന്നും പറയാന്‍ ഈ പ്രകടനത്തെക്കുറിച്ച്‌ പറയുവാന്‍ കഴിയില്ല. വളരെക്കാലത്തിനു ശേഷം മലയാളത്തിലേക്ക്‌ തിരിച്ചു വന്ന സുഹാസിനി, മനുവിന്റെ അമ്മയായി നല്ല പ്രകടനം കാഴ്ചവച്ചിരിക്കുന്നു. മനസ്സുകൊണ്ട്‌ മകന്റെ കൂടെയും, പ്രവൃത്തി കൊണ്ട്‌ അച്ഛന്റെ കൂടെയും നില്‍ക്കേണ്ടൈ വരുന്ന ഒരു അമ്മയുടെ നിസ്സഹായാവസ്ഥ മനോഹരമായി തന്നെ അവര്‍ അഭിനയിച്ചിരിക്കുന്നു. വിനീത്‌ ശ്രീനിവാസന്‍ തന്റെ കഥാപാത്രത്തെ ഭംഗിയാക്കിയെങ്കിലും, അഭിനയത്തില്‍ അദ്ദേഹം ഇനിയും മുന്നോട്ടു പോകാനുണ്ടെന്നത്‌ വ്യക്തമാണ്‌. ജഗതിയുടെ സ്വാമി ഹിമവല്‍ ചൈതന്യ കഥാഗതിയെ തന്നെ സ്വാധീനിക്കുന്ന ഒരു നിര്‍ണ്ണായക കഥപാത്രമായി. ജഗതി അതു നന്നയി ചെയ്തെങ്കിലും, ജഗതി എന്ന അതുല്യപ്രതിഭയുടെ കഴിവ്‌ ഉപയോഗിക്കാനുള്ള കാമ്പൊന്നും ആ കഥാപാത്രത്തിനില്ലാതെ പോയി എന്നതും എടുത്തു പറയേണ്ടതാണ്‌.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും മികച്ച നിലവാരമാണ്‌ പുലര്‍ത്തിയിരിക്കുന്നത്‌. എഡിറ്റിംഗ്‌ അല്‍പ്പം കല്ലുകടിയുണ്ടാക്കുന്നുവെങ്കിലും, കലാ സംവിധാനം മികച്ചതാണ്‌. ഒത്തൊരുമിച്ചൊരു ഗാനം പാടാന്‍ എന്ന ഗാനചിത്രീകരണം അതിന്റെ ഏറ്റവും നല്ല തെളിവാണ്‌. സാബുറാം തന്റെ കഴിവ്‌ അതില്‍ പ്രകടമാക്കിയിരിക്കുന്നു എന്നു പറയാം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന മനോജ്‌പിള്ള, തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ആദ്യ രംഗം മുതല്‍ തന്നെ അതു പ്രകടമാണ്‌. കൈതപ്രവും അനില്‍പനച്ചൂരാനും എഴുതി എംജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിച്ച മൂനു ഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. രണ്ടു ഗാനങ്ങളും പാടിയിരിക്കുന്നത്‌ വിനീത്‌ ശ്രീനിവാസന്‍ തന്നെയാണ്‌. കാവാലം ശ്രീകുമാര്‍ പാടിയിരിക്കുന്ന ഹിമവല്‍ സ്വാമി ശരണം എന്ന ഗാനം ഒരു ഭജന പോലെ ഉപയോഗിച്ചിരിക്കുന്നു. അനില്‍ പനച്ചൂരാനെഴുതിയ ഒത്തൊരുമിച്ചൊരു എന്നു തുടങ്ങുന്ന ഗാനം, ആലാപന ശൈലി കൊണ്ടും ചിത്രീകരണത്തിലെ പുതുമ കൊണ്ടും വരിയിലെ നര്‍മ്മത്തിന്റെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

ബാലേട്ടന്‍, എസ്‌ യുവര്‍ ഓണര്‍ എന്നീ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ വി.എം വിനു എന്ന സംവിധായകന്റെ ഒരിടവേളക്കു ശേഷമുള്ള തിരിച്ചുവരവാണ്‌ മകന്റെ അച്ഛനിലൂടെ. ലളിതമായ ഒരു കഥയെ നര്‍മ്മത്തില്‍ ചാലിച്ച്‌ പ്രേക്ഷകര്‍ക്ക്‌ പ്രേക്ഷകര്‍ക്ക്‌ സമ്മനിക്കുകയാണ്‌ വിനു ചെയ്‌തത്‌. അച്ഛനും മകനും തമ്മിലുള്ള ആശയ സംഘര്‍ഷത്തെ ആധാരമാക്കി മലയാളത്തില്‍ ഒട്ടനവധി ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്‌. അച്ഛന്റെ പ്രതീക്ഷക്കൊത്ത്‌ വളരാന്‍ സാധിക്കാത്ത മകന്‍ സ്വന്തം അഭിരുചിക്കനുസരിച്ച്‌ വളരുന്നതും, പിന്നീട്‌ അച്ഛന്‍ മകന്റെ കഴിവിനെ അംഗീകരിക്കുന്നതും പലതവണ നാം കണ്ടു മടുത്ത പ്രമേയമാണ്‌. പക്ഷേ അതേ പ്രമേയത്തെ വ്യത്യസ്തമായ രീതിയില്‍, പ്രേക്ഷകരെ മുഷിപ്പിക്കാതെ അവതരിപ്പിക്കാന്‍ വിനുവിനു കഴിഞ്ഞു എന്നതാണ്‌ ഈ ചിത്രത്തിന്റെ വിജയം. എന്തായാലും പ്രേക്ഷകര്‍ക്ക്‌ ആനന്ദം പകരുന്ന ഒരു ചിത്രമായിരിക്കുമിത്‌. അറുപഴഞ്ചന്‍ കോമഡികളും സൂപ്പര്‍ താരങ്ങളുടെ കോപ്രായങ്ങളും കണ്ടു മടുത്ത മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക്‌ ഒരു വേനല്‍മഴ പോലെ ലഭിക്കുന്ന സൌഭാഗ്യമാണിത്തരം ചിത്രങ്ങള്‍....

Wednesday, March 4, 2009

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ കഥ പറയുമ്പോള്‍...

തിരുവനന്തപുരം, ടെക്‌നോപാര്‍ക്കില്‍ നടന്ന ഒരു ഒരു ഫെസ്റ്റില്‍ അവതരിപ്പിക്കപ്പെട്ട ഒരു ഓട്ടംതുള്ളലാണ്‌ ഈ വീഡിയോയില്‍. ജബ്ബാര്‍ എന്ന ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ജീവിതകഥ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ആക്ഷേപഹാസ്യം പുതിയ തലമുറയില്‍, പ്രത്യേകിച്ചും ഐ.ടി മേഖലയില്‍ ജോലി നോക്കുന്നവരില്‍ നഷ്ടപ്പെട്ടിട്ടില്ല എന്നതിനൊരു നല്ലൊരു ഉദാഹരണമാണീ വീഡിയോ...



ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്‌ മണിച്ചിമിഴിന്റെ ആശംസകള്‍!!!!

Tuesday, March 3, 2009

ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നു


നാല് വര്‍ഷം മുമ്പ് ന്യൂ യോര്‍ക്കില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനയാത്രയില്‍ എന്റെ സീറ്റിന് അടുത്ത്‌ വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞു..സാധാരണ അമേരിക്കന്‍ പെണ്‍കുട്ടികളില്‍ നിന്ന് വെത്യാസമായി ബൈബിള്‍ വായനയുമായി ആരെയും ശ്രദ്ധിക്കാതെ ഇരിക്കുന്ന ആ പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി.കാരണം ആ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ അങ്ങനെ ബൈബിള്‍ വായന കുറവാണ്.യാത്രയുടെ വിരസതമാറ്റാന്‍ ആ പെണ്‍കുട്ടിയോട് പരിചയപ്പെടാന്‍ തീരുമാനിച്ചു.ഞാന്‍ ഭാരതത്തില്‍ നിന്നാണെന്നു കേട്ടപ്പോള്‍ കൗതുകത്തോടെ എന്നെ നോക്കി.

"ഏതു മതത്തില്‍ പെട്ടവനാണ് താങ്കള്‍ "
പെണ്‍കുട്ടിയുടെ ചോദ്യം വീണ്ടും എന്നില്‍ കൗതുകം ജനിപ്പിച്ചു.

"ക്രിസ്ത്യനോ അതോ മുസ്ലിമോ.." പെണ്‍കുട്ടി വീണ്ടും ചോദിച്ചു.

"രണ്ടുമല്ല.ഞാന്‍ ഹിന്ദുവാണ്."

എന്റെ മറുപടി കേട്ട പെണ്‍കുട്ടി ഒരു കൂട്ടിലിട്ട മൃഗത്തെയെന്നവണ്ണം എന്നെ നോക്കി. സാധാരണ അമേരിക്കന്‍ പെണ്‍കുട്ടിയ്ക്ക് ഏറ്റവും പരിചിതം ക്രിസ്ത്യനും മുസ്ലിമും ആയിരിക്കും. സ്വാഭാവികം.

"എന്റെ അച്ഛന്‍ ഹിന്ദു.അമ്മ ഹിന്ദു.അങ്ങനെ ഞാന്‍ ഹിന്ദുവായി ജനിച്ചു.."

"ആരാണ് നിങ്ങളുടെ പ്രവാചകന്‍..?" പെണ്‍കുട്ടി വീണ്ടും തിരക്കി.

"ഹിന്ദുവിന് പ്രവാചകന്മാര്‍ ഇല്ല."

"നിങ്ങളുടെ പുണ്യ ഗ്രന്ഥം ഏതാണ്..?"

"ഞങ്ങള്‍ക്ക് ഒരു പുണ്യ ഗ്രന്ഥം അല്ല. നൂറു കണക്കിന് തത്വ ശാസ്ത്രങ്ങളും ആയിരക്കണക്കിന് പുണ്യ കൃതികളും ചരിത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഉണ്ട്.."

"ഓ.അപ്പോള്‍ ആരാണ് നിങ്ങളുടെ ദൈവം..?"

"മനസ്സിലായില്ല.." ഞാന്‍ തിരക്കി.

"അതായത് ക്രിസ്ത്യാനികള്‍ക്ക് യേശു,മുസ്ലിങ്ങള്‍ക്ക്‌ അല്ലാഹൂ..അങ്ങനെ നിങ്ങള്‍ക്കോ.?"

ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. കാരണം ഈ കുട്ടി മനസ്സിലാക്കിയ മതങ്ങളില്‍ ഒരു ദൈവവും ഒരു പ്രവാചകനും മാത്രമാണുള്ളത്.അതും പുരുഷ ദൈവം.അതുകൊണ്ട് തന്നെ ഈ കുട്ടിയെ ഹിന്ദു മതത്തെ പറ്റി മനസ്സിലാക്കിക്കാന്‍ വേറെ രീതി സ്വീകരിച്ചേ മതിയാവൂ.

"ഹിന്ദുവിന് ഒരു ദൈവമാവം. ഹിന്ദുവിന് പല ദൈവങ്ങളുമാവം, ഇനി അതല്ല യുക്തിവാദിയോ നിരീശ്വരവാദിയോ ആവട്ടെ.. എന്നാലും അയാള്‍ ഹിന്ദു തന്നെ.ഹിന്ദു എന്നത് വിശാലമായ കാഴ്ചപ്പാടാണ്."

പെണ്‍കുട്ടി ആകെ ചിന്താകുലയായി.കാരണം സംഘടിതമായല്ലതാ ഒരു മത ചട്ടക്കൂട്.എന്നിട്ടും ആയിരക്കണക്കിന് വര്‍ഷം നിലനിന്നു. നില നില്‍ക്കുന്നു.നിരവധി തവണ പല വിദേശ ആക്രമണവും നേരിട്ടു.ബലമായതും പ്രലോഭനം നിറഞ്ഞതുമായ നിരവധി മത പരിവര്‍ത്തനത്തെ സഹിഷ്ണുതയോടെ നേരിട്ടു.

"നിങ്ങള്‍ മത വിശ്വാസിയാണോ.?"

"ഞാന്‍ സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല. പക്ഷെ ചില ആചാരങ്ങള്‍ ചില ചടങ്ങുകള്‍ നടത്താറുണ്ട്‌. അതും സ്ഥിരമായി അല്ല."

"അപ്പോള്‍ സ്ഥിരമായി അമ്പലത്തില്‍ പോകതെയിരുന്നാല്‍ ദൈവത്തെ പേടിയില്ലേ..?"

"ഞാന്‍ ദൈവത്തെ എന്റെ സുഹൃത്തായി കാണുന്നു. ഞാന്‍ ദൈവത്തെ ഭയക്കുന്നില്ല. അതുപോലെ നിര്‍ബന്ധിത ചടങ്ങുകളിലോ പ്രാത്ഥനകളിലോ ഞാന്‍ പങ്കെടുക്കില്ല.."

"നിങ്ങള്‍ എപ്പോഴെങ്കിലും മതം മാറണം എന്ന് ചിന്തിച്ചിട്ടുണ്ടോ..?"

"എന്തിന്.എന്റെ മതത്തില്‍ ഞാന്‍ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരും എന്നെ ബലമായി വിശ്വസിപ്പിക്കുന്നില്ല. ആരും ബലമായി പ്രാര്‍ത്തിപ്പിക്കുന്നില്ല. ആരും എന്നെ പ്രാര്‍ഥനകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്ക്യുകയും ഇല്ല. ഇതൊരു സംഘടിത മതമോ ഒരാള്‍ സ്ഥാപിച്ച മതമോ പള്ളികള്‍ വഴി നിയന്ത്രണം നടത്തുന്നതോ ആയ മതമോ അല്ല.ഒരു മതം എന്നും പറയാനാവില്ല.ഒരു കൂട്ടം ആചാരങ്ങള്‍, ഒരു കൂട്ടം വിശ്വാസങ്ങള്‍, സംസ്കാരം, രീതികള്‍ ഇവയൊക്കെയാണ്."

"അപ്പോള്‍ നിങ്ങള്‍ ദൈവ വിശ്വാസിയല്ലേ.?"

"ഞാന്‍ അങ്ങനെ പറഞ്ഞില്ല. ഞാന്‍ ദൈവികതയെ നിരാകരിച്ചില്ല. മത ഗ്രന്ഥങ്ങള്‍ വായിക്കും. ദൈവമുണ്ടെന്നോ ഇല്ലെന്നോ ആവട്ടെ.പക്ഷെ പ്രപഞ്ച സ്രഷ്ടാവായ പരബ്രഹ്മത്തെ വിശ്വസിക്കുന്നു. അതിന്റെ ചൈതന്യത്തില്‍ വിശ്വസിക്കുന്നു."

"പിന്നെന്തേ ഒരു ദൈവത്തെ വിശ്വസിക്കാത്തത്."

"ഹിന്ദുക്കള്‍ ഒരു സംഗ്രഹിത ശക്തിയെയാണ് വിശ്വസിക്കുന്നത്. മറഞ്ഞിരുന്നു മകനിലൂടെയോ പുരൊഹിതരിലൂടെയോ അതുമല്ലെങ്കില്‍ പ്രവാചകന്മാരിലൂടെയോ തന്റെ ദൂത് കൊടുത്ത് തന്നെ പേടിക്കാനും ബഹുമാനിക്കാനും ആരാധിക്കാനും പറയുന്ന ഒരു ദൈവത്തെയല്ല ഞങ്ങള്‍ പൂജിക്കുന്നത്. കുറെ അല്ലെങ്കില്‍ കുറവ് വിദ്യാഭാസം ഉള്ള ഹിന്ദുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടാവാം. അല്ലെങ്കില്‍ ഹിന്ദുമതത്തില്‍ അറിവില്ലാത്തവര്‍ അങ്ങനെ ചെയ്യുന്നുണ്ടാകാം. പക്ഷെ അറിവുള്ളവര്‍ അന്ധവിശ്വാസത്തെയും ഇത്തരം മറഞ്ഞിരിക്കുന്ന ദൈവത്തെയോ തള്ളികളയുകയാണ് പതിവ്."

"അപ്പോള്‍ ദൈവമുണ്ടെന്നു താങ്കള്‍ പറയുന്നു. പ്രാര്‍ത്ഥനയും ഉണ്ടല്ലോ. ആട്ടെ എന്താ പ്രാര്‍ത്ഥന."

"ലോക സമസ്ത സുഖിനോ ഭവന്തു.ഓം ശാന്തി ശാന്തി.."

"ഹ ഹ ഹ ..രസകരം .എന്താണ് ഇതിന്റെ അര്‍ഥം "

"എല്ലാവരും സമാധാനത്തോടും സുഖത്തോടും ഇരിക്കട്ടെ. സമാധാനം."

"കൊള്ളാമല്ലോ. അപ്പോള്‍ എങ്ങനെ ഈ മതത്തില്‍ ചേരാം. എല്ലാവര്‍ക്കും നല്ല സ്വാതന്ത്ര്യം ഉണ്ടല്ലോ."

"സത്യത്തില്‍ ഹിന്ദു മതം ഓരോ വെക്തിയ്ക്കും ഉള്ളതാണ്. അവരുടെ ശാന്തിയ്ക്ക്‌ വേണ്ടി. വേദങ്ങളിലും ഉപനിഷത്തുകളിലും വേരുകള്‍ ഉള്ള മതം. പക്ഷെ ഒരാള്‍ എങ്ങനെ ആ മതത്തെ സമീപിക്കുന്ന എന്നത് പോലെയിരിക്കും."

"പക്ഷെ എങ്ങനെ ഈ മതത്തില്‍ ചേരാം."

"ആര്‍ക്കും ഹിന്ദുമതത്തില്‍ ചേരാനാവില്ല. കാരണം ഇതൊരു മതവും അല്ല. കാരണം ഇതൊരു ആചാരമോ രീതിയോ ആണ്. ഒരു വ്യക്തിയോ ചട്ടക്കൂടോ അല്ല നിയന്ത്രിക്കുന്നത്. അതേപോലെ ചേര്‍ക്കാനും പുറത്താക്കാനും ആര്‍ക്കും കഴിയില്ല. കാരണം ഇത് ഒരു ചട്ടക്കൂടിനതീതം ആണ്."

പെണ്‍കുട്ടി ആകെ എന്ത് പറയണം എന്നറിയാതെ ഇരുന്നു.

"നിങ്ങള്‍ ജീവിതത്തിന്‍റെ അര്‍ഥം തേടുന്നെങ്കില്‍ വേറെ വേറെ മതങ്ങളില്‍ പോവേണ്ട കാര്യം ഇല്ല. കാരണം ഒരു മതത്തെ നിന്ദിച്ചു മറ്റൊരു മതം മാറുകയല്ല അതിന്റ രീതി." ഞാന്‍ ആ കുട്ടിയോട് പറഞ്ഞു .

"ദൈവരാജ്യം നിങ്ങളില്‍ തന്നെ എന്ന് പറഞ്ഞിട്ടില്ലേ. അതിന്റെ അര്‍ത്ഥം തന്നെ പരസ്പരം സ്നേഹിക്കാനും സ്നേഹത്തിലൂടെ ദൈവരാജ്യം ഇവിടെ കണ്ടെത്താനുമാണ്. കാരണം ഇസവസ്യം ഇടം സര്‍വം എന്നാണ്. എല്ലാം ദൈവത്തിന്റെ സൃഷ്ടി തന്നെ. അപ്പോള്‍ എല്ലാത്തിലും അവനെ കാണാന്‍ കഴിയും. അവനെ പരസ്പരം സ്നേഹിച്ചു കണ്ടെത്തുക. ഹിന്ദു മതം സനാതന ധര്‍മംആണ്. നിത്യതയില്‍ വിശ്വാസം. ധര്‍മം പരിപാലിക്കുന്നവര്‍. അതാണ്‌ ജീവന്റെ ആധാരം. പരസ്പരം സത്യസന്ധത കാണിക്കുക. ഒന്നിനും കുത്തക ഇതിലില്ല. ഒരേ ഒരു ദൈവം മാത്രം. പക്ഷെ പലരൂപങ്ങളില്‍ അതിനെ കാണുന്നുവെന്ന് മാത്രം. അതിനു രൂപമോ ആയുസ്സില്‍ ബന്ധിതമോ അല്ല. പുരാതന കാല ഹിന്ദുക്കള്‍ സത്യമാര്‍ഗമായും നിത്യത കണ്ടെത്താനും ജ്ഞാന ലബ്ധിയ്ക്കും ഉപയോഗിച്ചപ്പോള്‍ ആധുനിക കാലത്ത് ഇതുവെറും മല്‍സരവും മറ്റു മതങ്ങളോട് ചേര്‍ത്ത് നിര്‍ത്താനും തുടങ്ങിയപ്പോള്‍ നിരവധി അന്ധവിശ്വാസങ്ങളും അനാവശ്യ വിശ്വാസങ്ങളും കൂടി.അത്രതന്നെ. ഒപ്പം കുടിലതകളും. ഇന്ന് മതങ്ങള്‍ ഒരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പോലെ ആണ്. കൂടുതല്‍ ആളുകള്‍ തങ്ങളുടെ മതത്തില്‍ ചേര്‍ക്കാനും മാര്‍ക്കറ്റ് ഷെയര്‍ കാണിക്കാനും ഉള്ള കുടിലതകള്‍. കുറെയൊക്കെ ഹിന്ദുമതവും അങ്ങനെ ആയി എന്ന് വേണം പറയാന്‍. പക്ഷെ പണവും പ്രലോഭനങ്ങളും നല്‍കി ആളുകളെ കൂട്ടുന്ന മതങ്ങള്‍ ദൈവത്തെ കച്ചവടം ചെയ്യുകയാണ് ചെയ്യുന്നത്. പിന്നെ ഞാന്‍ ഹിന്ദുവാണ്. എന്റെ ധര്‍മ്മം അഹിംസ പരമോ ധര്‍മ എന്ന്. അഹിംസയാണ് പരമായ ധര്‍മം. പിന്നെ വേറെ ഒരു മതത്തിനും എനിന്നു ശാന്തി നല്‍കാനും കഴിയില്ല."

പെണ്‍കുട്ടി ഒന്നും മിണ്ടിയില്ല..

സുഹൃത്തുകളെ.
എനിക്കു കിട്ടിയ ഒരു ഇമെയില്‍ ആണിത്‌. ഞാന്‍ അതു പോലെ ഇതിവിടെ പോസ്റ്റ്‌ ചെയ്യുകയാണ്‌.

ആരാണ് ഇതില്‍ നായകന്‍ എന്നറിയില്ല. പക്ഷെ ചില കാര്യങ്ങള്‍ സംശയങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്.
സുന്നത്ത് നടത്തി മുസ്ലീം ആവമെന്നത് ഏതു മുസ്ലിമിനും അറിയാം. മാമോദീസ നടത്തി ക്രിസ്താനി ആവാമെന്ന് ഏതു ക്രിസ്ത്യാനിയ്ക്കും അറിയാം. പക്ഷെ ഒരാള്‍ എങ്ങനെ ഹിന്ദുവാകാം എന്നത് വിദ്യാഭാസമുള്ള ഹിന്ദുവിനും അറിയില്ല.
പൊതുവേ ഉള്ള ചില സംശയങ്ങള്‍ക്ക് മറുപടിയാവുന്ന കാര്യങ്ങള്‍ അടങ്ങിയതിനാല്‍ ഇതിവിടെ കൊടുക്കുന്നു.

ഇത്‌ അയച്ചു തന്ന എന്റെ പ്രിയ സുഹൃത്തിനും, ഇത്‌ എഴുതിയ അജ്ഞാത സുഹൃത്തിനും നന്ദിയും നമസ്കാരവും...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.