Wednesday, March 11, 2009

മകന്റെ അച്ഛന്‍ (Makante Achan)


ശ്രീനിവാസനേയും മകന്‍ വിനീത്‌ ശ്രീനിവാസനേയും കേന്ദ്രകഥാപാത്രങ്ങളാക്കി വി.എം വിനു സംവിധാനം ചെയ്ത ചിത്രമാണ്‌ മകന്റെ അച്ഛന്‍. നവാഗതനായ സംജത്‌ നാരായണന്‍ കഥയും തിരക്കഥയുമെഴുതിയ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ ജി.പി.വിജയകുമാറാണ്‌. ശ്രീനിവാസന്റെ മകനായി വിനീത്‌ ശ്രീനിവാസന്‍ അഭിനയിക്കുന്നു എന്നത്‌ തന്നെയാണ്‌ ഈ ചിത്രത്തിന്റെ ഹൈലൈറ്റ്‌.

വില്ലേജ്‌ ഓഫീസറായ വിശ്വനാഥന്‍ (ശ്രീനിവാസന്‍), കര്‍ക്കശക്കാരനായ ഓഫീസറും, തന്റെ മകനായ മനുവിനെ(വിനീത്‌ ശ്രീനിവാസന്‍) കുറിച്ച്‌ ഉയര്‍ന്ന സ്വപ്നങ്ങള്‍ വച്ചു പുലര്‍ത്തുന്നയാളുമാണ്‌. താന്‍ എന്‍ട്രന്‍സ്‌ എഴുതി എഞ്ചിനീയറാകണമെന്ന അച്ഛന്റെ ആഗ്രഹം, തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കലാണെന്നും, തന്റെ ലോകം സംഗീതത്തിന്റേതാണെന്നും തിരിച്ചറിവുള്ളയാളാണ്‌ മനു. ഇതു നല്ല പോലെ അറിയാവുന്നയാളാണ്‌ മനുവിന്റെ അമ്മ രമ(സുഹാസിനി). പക്ഷേ ഭര്‍ത്താവിന്റെ നിര്‍ബന്ധബുദ്ധിക്കു മുന്നില്‍ അവരും വഴങ്ങുന്നു. അച്ഛന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി, കെ.സി.ഫ്രാന്‍സിസിന്റെ (തിലകന്‍) എന്‍ട്രന്‍സ്‌ ട്രെയിനിംഗ്‌ സെന്ററില്‍ പോകുകയാണ്‌ മനു. എന്നാല്‍ എന്‍ട്രന്‍സ്‌ കിട്ടാതെ വരുന്നതോടെ അച്ഛനും മകനുമിടയിലുള്ള അകലം വര്‍ദ്ധിക്കുന്നു. കൂടാതെ ജോലിയില്‍ നിന്നും വിശ്വനാഥനുണ്ടാകുന്ന ചില അനിഷ്ടകരമായ അനുഭവങ്ങള്‍ ആ കുടുംബത്തിലുണ്ടാക്കുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഈ ചിത്രത്തിന്റെ കാതല്‍ എന്നത്‌ മനോഹരമായ തിരക്കഥയാണ്‌. കഥാഗതിയോട്‌ ചേര്‍ന്നു പോകുന്ന കാലിക പ്രസക്തമായ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ്‌ സംജത്‌ ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ഒരു അച്ഛനും മകനും തമ്മിലുള്ള ആശയ സംഘര്‍ഷം എന്ന നിലയിലേക്ക്‌ ഈ ചിത്രം ഒതുങ്ങിപ്പോവാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരിക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. സ്വന്തം മക്കളെ എഞ്ചിനീയറാക്കാന്‍ മാതാപിതാക്കള്‍ കാട്ടുന്ന വ്യഗ്രതയേയും, അതിന്റെ മറവില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന കോച്ചിങ്‌ സെന്ററുകളേയും മനോഹരമായിയാണ്‌ വിമര്‍ശിച്ചിരിക്കുന്നത്‌. ആള്‍ദൈവങ്ങളേയും, റിയല്‍ എസ്റ്റേറ്റ്‌ തട്ടിപ്പുകളേക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്ന ഇതില്‍, ഒരല്‍പം കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ കടന്നു വന്നോ എന്ന്‌ എപ്പോഴെങ്കിലും തോന്നിയാല്‍ അതു തെറ്റാവില്ല. റിയാലിറ്റി ഷോവിനും ഇതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. വാരി വലിച്ചു കഥാപാത്രങ്ങളെ സൃഷ്ടിക്കാതെ, ആവശ്യത്തിനു മാത്രം അവതരിപ്പിച്ചിരിക്കുന്നു. അതു പോലെ തന്നെ, കഥാഗതി, ആര്‍ക്കും ഊഹിക്കാവുന്ന രീതിയിലാണ്‌ എന്നുള്ളതൊരു ന്യൂനതയായും പറയാം. നര്‍മ്മ സംഭാഷണങ്ങള്‍ പലതും കുറിക്കു കൊള്ളുന്നതെങ്കിലും, ചില അവസരങ്ങളില്‍ അതൊരു ഏച്ചുകെട്ടലായി തോന്നി.

തിലകന്‍, സുഹാസിനി, സലീംകുമാര്‍, ബിന്ദു പണിക്കര്‍, ജഗതി ശ്രീകുമാര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെറുതെങ്കിലും, തന്റെ കഥാപാത്രത്തെ തിലകന്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. പുളുവടിക്കുന്ന പട്ടാളക്കാരനായി തിലകന്‍ പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും, ഇതിലെ കര്‍ക്കശക്കാരനായ് റിട്ട. എയര്‍ഫോര്‍സ്‌ ഓഫീസറായുള്ള അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണ്‌. വെറും തമാശക്കായി സൃഷ്ടിച്ചതാണോ സലീം കുമാറിന്റേയും ബിന്ദു പണിക്കരുടേയും കഥാപാത്രങ്ങള്‍ എന്ന്‌ ആദ്യമൊരു സംശയം തോന്നിയാലും, രണ്ടു പേര്‍ക്കും ചിത്രത്തില്‍ വളരെ പ്രാധാന്യമുണ്ട്‌. സലീം കുമാറിനെ ഒരു സ്വഭാവനടന്‍ എന്ന നിലയില്‍ ഉപയോഗിച്ചിരിക്കുന്നത്‌ ഒരു ശുഭസൂചനയാണ്‌. തന്റെ സ്ഥിരം കഥാപത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്ന്‌ സലീംകുമാറിനും ആശ്വാസം പകരും. ശ്രീനിവാസന്റെ വിശ്വനാഥന്‍ എന്ന കഥാപത്രം ആകര്‍ഷകമായ രീതിയില്‍ തന്നെയാണ്‌ അണിയിച്ചൊരുക്കിയിരിക്കുന്നത്‌. പക്ഷേ, അഭിനയത്തിന്‌ മികവ്‌ എന്നൊന്നും പറയാന്‍ ഈ പ്രകടനത്തെക്കുറിച്ച്‌ പറയുവാന്‍ കഴിയില്ല. വളരെക്കാലത്തിനു ശേഷം മലയാളത്തിലേക്ക്‌ തിരിച്ചു വന്ന സുഹാസിനി, മനുവിന്റെ അമ്മയായി നല്ല പ്രകടനം കാഴ്ചവച്ചിരിക്കുന്നു. മനസ്സുകൊണ്ട്‌ മകന്റെ കൂടെയും, പ്രവൃത്തി കൊണ്ട്‌ അച്ഛന്റെ കൂടെയും നില്‍ക്കേണ്ടൈ വരുന്ന ഒരു അമ്മയുടെ നിസ്സഹായാവസ്ഥ മനോഹരമായി തന്നെ അവര്‍ അഭിനയിച്ചിരിക്കുന്നു. വിനീത്‌ ശ്രീനിവാസന്‍ തന്റെ കഥാപാത്രത്തെ ഭംഗിയാക്കിയെങ്കിലും, അഭിനയത്തില്‍ അദ്ദേഹം ഇനിയും മുന്നോട്ടു പോകാനുണ്ടെന്നത്‌ വ്യക്തമാണ്‌. ജഗതിയുടെ സ്വാമി ഹിമവല്‍ ചൈതന്യ കഥാഗതിയെ തന്നെ സ്വാധീനിക്കുന്ന ഒരു നിര്‍ണ്ണായക കഥപാത്രമായി. ജഗതി അതു നന്നയി ചെയ്തെങ്കിലും, ജഗതി എന്ന അതുല്യപ്രതിഭയുടെ കഴിവ്‌ ഉപയോഗിക്കാനുള്ള കാമ്പൊന്നും ആ കഥാപാത്രത്തിനില്ലാതെ പോയി എന്നതും എടുത്തു പറയേണ്ടതാണ്‌.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും മികച്ച നിലവാരമാണ്‌ പുലര്‍ത്തിയിരിക്കുന്നത്‌. എഡിറ്റിംഗ്‌ അല്‍പ്പം കല്ലുകടിയുണ്ടാക്കുന്നുവെങ്കിലും, കലാ സംവിധാനം മികച്ചതാണ്‌. ഒത്തൊരുമിച്ചൊരു ഗാനം പാടാന്‍ എന്ന ഗാനചിത്രീകരണം അതിന്റെ ഏറ്റവും നല്ല തെളിവാണ്‌. സാബുറാം തന്റെ കഴിവ്‌ അതില്‍ പ്രകടമാക്കിയിരിക്കുന്നു എന്നു പറയാം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന മനോജ്‌പിള്ള, തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ആദ്യ രംഗം മുതല്‍ തന്നെ അതു പ്രകടമാണ്‌. കൈതപ്രവും അനില്‍പനച്ചൂരാനും എഴുതി എംജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിച്ച മൂനു ഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. രണ്ടു ഗാനങ്ങളും പാടിയിരിക്കുന്നത്‌ വിനീത്‌ ശ്രീനിവാസന്‍ തന്നെയാണ്‌. കാവാലം ശ്രീകുമാര്‍ പാടിയിരിക്കുന്ന ഹിമവല്‍ സ്വാമി ശരണം എന്ന ഗാനം ഒരു ഭജന പോലെ ഉപയോഗിച്ചിരിക്കുന്നു. അനില്‍ പനച്ചൂരാനെഴുതിയ ഒത്തൊരുമിച്ചൊരു എന്നു തുടങ്ങുന്ന ഗാനം, ആലാപന ശൈലി കൊണ്ടും ചിത്രീകരണത്തിലെ പുതുമ കൊണ്ടും വരിയിലെ നര്‍മ്മത്തിന്റെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

ബാലേട്ടന്‍, എസ്‌ യുവര്‍ ഓണര്‍ എന്നീ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ വി.എം വിനു എന്ന സംവിധായകന്റെ ഒരിടവേളക്കു ശേഷമുള്ള തിരിച്ചുവരവാണ്‌ മകന്റെ അച്ഛനിലൂടെ. ലളിതമായ ഒരു കഥയെ നര്‍മ്മത്തില്‍ ചാലിച്ച്‌ പ്രേക്ഷകര്‍ക്ക്‌ പ്രേക്ഷകര്‍ക്ക്‌ സമ്മനിക്കുകയാണ്‌ വിനു ചെയ്‌തത്‌. അച്ഛനും മകനും തമ്മിലുള്ള ആശയ സംഘര്‍ഷത്തെ ആധാരമാക്കി മലയാളത്തില്‍ ഒട്ടനവധി ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്‌. അച്ഛന്റെ പ്രതീക്ഷക്കൊത്ത്‌ വളരാന്‍ സാധിക്കാത്ത മകന്‍ സ്വന്തം അഭിരുചിക്കനുസരിച്ച്‌ വളരുന്നതും, പിന്നീട്‌ അച്ഛന്‍ മകന്റെ കഴിവിനെ അംഗീകരിക്കുന്നതും പലതവണ നാം കണ്ടു മടുത്ത പ്രമേയമാണ്‌. പക്ഷേ അതേ പ്രമേയത്തെ വ്യത്യസ്തമായ രീതിയില്‍, പ്രേക്ഷകരെ മുഷിപ്പിക്കാതെ അവതരിപ്പിക്കാന്‍ വിനുവിനു കഴിഞ്ഞു എന്നതാണ്‌ ഈ ചിത്രത്തിന്റെ വിജയം. എന്തായാലും പ്രേക്ഷകര്‍ക്ക്‌ ആനന്ദം പകരുന്ന ഒരു ചിത്രമായിരിക്കുമിത്‌. അറുപഴഞ്ചന്‍ കോമഡികളും സൂപ്പര്‍ താരങ്ങളുടെ കോപ്രായങ്ങളും കണ്ടു മടുത്ത മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക്‌ ഒരു വേനല്‍മഴ പോലെ ലഭിക്കുന്ന സൌഭാഗ്യമാണിത്തരം ചിത്രങ്ങള്‍....

2 comments:

  1. നല്ല റിവ്യൂ...

    ക്ലൈമാക്സ് മാത്രം കുറച്ച് ഓവറാക്കി എന്നാണ് എനിയ്ക്കു തോന്നിയത്. എന്നാലും നല്ല ചിത്രം തന്നെയാണ്. വിനീതും ആദ്യ ചിത്രത്തേക്കാള്‍ പുരോഗമിച്ചിട്ടുണ്ട്

    ReplyDelete
  2. agree with u there..But climax was overstrected and was too sentimental keeping in mind woman audience I think..But overall a nice movie..

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.