Saturday, October 17, 2009

കേരള വര്‍മ്മ പഴശ്ശിരാജ (Kerala Varma Pazhassiraja)


മലയാള സിനിമയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭം, 27 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം, ഒരേ സമയം 5 ഭാഷകളില്‍ റിലീസ്‌ ചെയ്യുന്ന ചിത്രം, മലയാളികളുടെ എന്നത്തേയും അഭിമാനമായ എം.ടി വാസുദേവന്‍ നായര്‍, മമ്മൂട്ടി, റസ്സൂല്‍ പൂക്കുട്ടി എന്നിവര്‍ ഒന്നിക്കുന്ന ചിത്രം, കേരളത്തില്‍ 130 കേന്ദ്രങ്ങളില്‍ ഒരേ ദിവസം റിലീസ്‌ ചെയ്ത ചിത്രം, അങ്ങനെ പല വിധ വിശേഷണങ്ങള്‍ക്ക്‌ യോഗ്യമാണ് ‘കേരള വര്‍മ്മ പഴശ്ശിരാജ’. മലയാള സിനിമയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറുവാന്‍ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌ ഹരിഹരന്‍ ആണ്, നിര്‍മ്മാണം ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും. ഒരു വടക്കന്‍ വീരഗാഥ എന്ന സൂപ്പര്‍ മെഗാ ഹിറ്റിനു ശേഷം മമ്മൂട്ടി-എം.ടി-ഹരിഹരന്‍ ത്രയം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് അവകാശപ്പെടാം. റസ്സൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നടത്തിയ ആദ്യ മലയാള ചിത്രവും പഴശ്ശിരാജ തന്നെ. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നെ തന്നെ ചിത്രീകരണം ആരംഭിച്ച്‌, പലതവണ പാതി വഴിയില്‍ മുടങ്ങി, ഒടുവില്‍ ചിത്രം തന്നെ ഉപേക്ഷിക്കപ്പെടുമെന്ന അവസ്ഥയിലെത്തി നിന്ന ഈ ചിത്രം, മുന്നെ പലതവണ തീയേറ്ററുകളിലെത്തുമെന്ന്‌ പറഞ്ഞു കേട്ടിരുന്നെങ്കിലും, ഒടുവില്‍ ഒക്ടോബര്‍ 16ന് ആണ് പുറത്തിറങ്ങിയത്‌. മമ്മൂട്ടി, തെന്നിന്ത്യന്‍ നായകന്‍ ശരത്‌ കുമാര്‍, കനിഹ, മനോജ്‌ കെ.ജയന്‍, സുമന്‍, സുരേഷ്‌ ക്രുഷ്ണ, പത്മപ്രിയ, തിലകന്‍, നെടുമുടി വേണു, ലാലു അലക്സ്‌, ക്യാപ്റ്റന്‍ രാജു, മാമുക്കോയ, ദേവന്‍ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിലുണ്ട്‌. പതിവില്‍ നിന്നു വിപരീതമായി, ചിത്രത്തിലെ ബ്രിട്ടീഷുകാരെ എല്ലാം അവതരിപ്പിക്കുന്നത്‌ വിദേശ അഭിനേതാക്കള്‍ തന്നെയാണ്. ലിന്‍ഡ അര്‍‌സെനോ, ഹാരി കേ, ഗ്ലെന്‍, പീറ്റര്‍ ഹാന്‍ഡ്‌ലി എന്നിവരാണ് അവരില്‍ പ്രമുഖര്‍.

ഒരു വടക്കന്‍ വീരഗാഥയിലൂടെ, ചതിയന്‍ ചന്തുവെന്ന കഥാപാത്രത്തിന് വ്യത്യസ്തമായ ഒരു പരിവേഷം നല്‍കിയ മമ്മൂട്ടി-എം.ടി-ഹരിഹരന്‍ ത്രയം, ഈ ചിത്രത്തില്‍, ചരിത്രത്തിന്റെ തന്നെ ഭാഗമായ ഒരു മഹാപുരുഷനെ തിരശ്ശീലയിലെത്തിക്കുകയാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വാതന്ത്ര സമര സേനാനിയായി കണക്കാക്കപ്പെടുന്ന ‘കേരള വര്‍മ്മ പഴശ്ശിരാജ’യുടെ ബ്രിട്ടീഷികാര്‍ക്കെതിരെയുള്ള പോരാട്ടമാണ് 3 മണിക്കൂര്‍ 20 മിനിട്ട് നീളമുള്ള ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. കോട്ടയം രാജ്യത്തെ ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ നിന്നു സംരക്ഷിക്കാന്‍, ബ്രിട്ടീഷുകര്‍ക്കൊപ്പം നിന്നു പോരാടിയ പഴശ്ശി (മമ്മൂട്ടി), പക്ഷെ ബ്രിട്ടീഷുകാര്‍ക്ക്‌ ചുങ്കം കൊടുക്കുന്നതിനെ എതിര്‍ത്തു. അവര്‍ ചുങ്കം പിരിക്കാന്‍ ഏര്‍പ്പെടുത്തിയവരെ പഴശ്ശിയുടെ പട ഒന്നൊന്നായി കൊന്നൊടുക്കുന്നു. അതോടെ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ കണ്ണിലെ കരടാകുന്നു പഴശ്ശി. പഴശ്ശിയുടെ സുഹ്രുത്തായ പഴവീടന്‍ ചന്തുവിന്റെയും (സുമന്‍) പഴശ്ശിയുടെ കാരണവര്‍ വീരവര്‍മ്മന്റേയും (തിലകന്‍) സഹായത്തോടെ പഴശ്ശിയെ പിടികൂടാന്‍ കമ്പനി ശ്രമിക്കുന്നു. കമ്പനി സൈന്യം പഴശ്ശിക്കൊട്ടാരം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. പലായനം ചെയ്യുന്ന പഴശ്ശി, തന്റെ പടത്തലവനായ ഇടച്ചേന കുങ്കന്റേയും (ശരത്‌ കുമാര്‍), കൈതേരി അമ്പുവിന്റേയും (സുരേഷ്‌ ക്രുഷ്ണ), തലയ്ക്കന്‍ ചന്തുവിന്റേയും (മനോജ്‌.കെ.ജയന്‍) സഹായത്തോടെ പലപ്പൊഴായി ബ്രിട്ടീഷുകാര്‍ക്കെതിരെ കനത്ത ആക്രമണം അഴിച്ചു വിടുന്നു. തലയ്ക്കല്‍ ചന്തുവിന്റേയും നീലിയുടേയും (പത്മപ്രിയ) നേത്രുത്വത്തിലുള്ള കുറിച്യപ്പടകൂടി പഴശ്ശിയുടെ കൂടെ ചേര്‍ന്നത്തോടെ, നിഗൂഢമായ വയനാടന്‍ കാടുകളില്‍ അവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ ഒളിപ്പോര്‍ ആരംഭിച്ചു. ബ്രിട്ടീഷുകാരുടെ ഭാഗത്ത്‌ കനത്ത ആള്‍ നാശമുണ്ടാകുന്നതോടെ അവര്‍ സന്ധിക്കു തയ്യാറാകുന്നു. എന്നാല്‍ താമസിയാതെ തന്നെ, അവരത്‌ ലംഘിക്കുന്നതോടെ പഴശ്ശിയും സംഘവും വീണ്ടും യുദ്ധമാരംഭിക്കുന്നു. പഴശ്ശിരാജ വീരചരമം പ്രാപികുന്നതു വരെ, അദ്ദേഹവും അദ്ദേഹത്തിന്റെ പടയും ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തുന്ന പോരാട്ടമാണ് ഈ ചിത്രത്തിന്റെ ഇതിവ്രുത്തം.



പഴശ്ശിരാജയുടെ ജീവിതം ചരിത്രത്തിന്റെ ഭാഗമായതിനാല്‍, അധികം വ്യത്യാസങ്ങള്‍ ഒന്നും വരുത്താതെയാണ് കഥ ഒരുക്കിയിരിക്കുന്നത്‌. നീലിയെക്കുറിച്ചും ഉണ്ണി മൂസയെ (ക്യാപ്റ്റന്‍ രാജു) കുറിച്ചും അവ്യക്തമായ വിവരങ്ങളെ ചരിത്രം പറയുന്നുള്ളുവെങ്കിലും, കഥയില്‍ അവരെ പ്രമുഖ കഥാപാത്രങ്ങളായി കൊണ്ടു വന്നിരിക്കുന്നു. പഴശ്ശിയുടേയും കൈതേരി മാക്കത്തിന്റേയും ജീവിതത്തിലേക്ക്‌ കടന്നു ചെല്ലുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്‌. അതി മനോഹരമായി തന്നെയാണ് എം.ടി ചിത്രത്തിന്റെ തിരക്കഥയെഴുതിരിക്കുന്നത്‌. ചിത്രത്തിന്റേയും പഴശ്ശിയുടെ പോരാട്ടത്തിന്റേയും ഒഴുക്ക്‌ നഷ്ടപ്പെടാതെ, എല്ലാ ചരിത്ര വസ്തുതകളേയും ഉള്‍പ്പെടുത്തിയെഴുതിയിരിക്കുന്ന തിരക്കഥ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. മിതത്വം നിറഞ്ഞ സംഭാഷണ ശകലങ്ങള്‍ കൊണ്ട്‌ സമ്പുഷ്ടമാണ് പഴശ്ശിരാജ. ചരിത്ര കഥയെങ്കിലും, പ്രേക്ഷകരെ മുഴിപ്പിക്കാതെ, ഇരുപകുതിയിലും പിടിച്ചിരുത്തുന്നതില്‍ സംഭാഷണം വലിയൊരു പങ്കു വഹിച്ചിരിക്കുന്നു. ഒരു ചരിത്രാഖ്യായി അയതു കൊണ്ടു തന്നെ, ചിത്രത്തിന്റെ ക്ലൈമാക്സ്‌ എന്തെന്ന്‌ പ്രേക്ഷകര്‍ക്ക്‌ അറിയാം, എന്നാല്‍, ആ ഒരു പരിമിതിയെ മറി കടന്ന്‌, പ്രേക്ഷകരെ അവസാനം വരെ തീയേറ്ററികളില്‍ പിടിച്ചിരുത്താനും, അവസാനം കരഘോഷം മുഴക്കി ആഹ്ലാദിക്കാനും അവരെ ഉത്തേജിപ്പിക്കുന്നത്‌ എം.ടിയുടെ തിരക്കഥയും സംഭാഷണവുമാണ്. അതില്‍ എം.ടി വിജയിച്ചിരിക്കുന്നു. ബഡ്‌ജറ്റില്‍ മാത്രമല്ല, ഈ ചിത്രം എല്ലാ രീതിയിലും ഒരു വലിയ ചിത്രം തന്നെയാണ്. നൂറുകണക്കിന് കലാകാരന്മാരെ അണിനിരത്തി, മനോഹരമായി ഈ ചിത്രത്തെ അണിയിച്ചൊരുക്കിയ സംവിധായകന്‍ ഹരിഹരന്‍ അഭിനന്ദാര്‍ഹമായ സംവിധായക മികവാണ് പ്രകടിപ്പിച്ചിരിക്കുന്നത്‌. തെന്നിന്ത്യയിലെ തന്നെ മികച്ച ഒരുപിടി അഭിനേതാക്കളെ ഒരുമിച്ച്‌ കൊണ്ടു വന്ന്‌, ഇത്രയും വലിയ ഒരു സംരഭത്തിന്റെ ഭാഗഭാക്കാക്കുകയും, അവരെക്കൊണ്ട്‌ ചിത്രത്തിനു വേണ്ടരീതിയിലുള്ള അഭിനയം കാഴ്ചവയ്പ്പിക്കുകയും ചെയ്യുന്നതില്‍ ഹരിഹരന്‍ എന്ന സംവിധായകന്‍ വിജയിച്ചിരിക്കുന്നു. പഴശ്ശിരാജയുടെ ജീവിത കാലഘട്ടത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും വളരെയധികം അന്വേഷണങ്ങള്‍ നടത്തുകയും, അതിനെ ചിത്രത്തില്‍ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ ചെലുത്തി, അപാകതകള്‍ ഉണ്ടാവാതെ ചിത്രീകരണം നടത്തുന്നതില്‍ സംവിധായകന്‍ വളരെയധികം ശ്രദ്ധ ചെലുത്തിയിരിക്കുന്നു. കലാപരമായും സാങ്കേതികമായും മികവുള്ള ഒരു ചിത്രം ഒരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. ചിത്രത്തിലെ ഓരോ രംഗങ്ങളും പൂര്‍ണ്ണതയില്‍ എത്തിക്കുവാനായി സംവിധായകന്‍ നടത്തിയ അശ്രാന്ത പരിശ്രമങ്ങളുടെ ഫലം ചിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. ഒരു പക്ഷേ, സംവിധായകന്റെ ഈ ഒരു സൂക്ഷമതയാവാം ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്‌. വയനാടന്‍ കാടുകളെ അനുസ്മരിപ്പിക്കുന്ന മൈസൂര്‍ കാടുകളാണ് സംവിധായകന്‍ ഒളിപ്പോരു് ചിത്രീകരിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്‌. അതു കൊണ്ടു തന്നെ, ഈ യുദ്ധരംഗങ്ങള്‍ക്ക്‌ അല്പമെങ്കിലും പൂര്‍ണ്ണത ലഭിച്ചിരിക്കുന്നു. പഴശ്ശിരാജയെ, ഒരു കൂട്ടയ്മയുടെ ചിത്രം എന്നു അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നുവെങ്കിലും, അതില്‍ പ്രധാന പങ്ക്‌ ഹരിഹരന് അവകാശപ്പെടാം.

മിതത്വമുള്ള അഭിനയമാണ് അഭിനേതാക്കള്‍ കാഴ്ചവയ്ച്ചിരിക്കുന്നത്‌. പഴശ്ശിരാജയായി മമ്മൂട്ടി തിളങ്ങിയിരിക്കുന്നു. അനായാസമായി അദ്ദേഹമാ കഥാപത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നു. മലയാളത്തില്‍ മറ്റൊരു നടനും ഈ കഥാപാത്രത്തെ ഇത്ര മികവുറ്റതാക്കാന്‍ കഴിയില്ല എന്നു തെളിയിക്കുന്ന പ്രകടനമാണ് അദ്ദേഹത്തിന്റേത്‌. ചിത്രം കാണുന്ന ആര്‍ക്കും, മറ്റൊരു നടനേയും ആ സ്ഥാനത്തു കാണുവാന്‍ കഴിയുകയുമില്ല എന്നുള്ളത്‌ അദ്ദേഹത്തിന്റെ അഭിനയിത്തിനുള്ള അംഗീകാരമായി കണക്കാക്കാം. വളരെക്കാലത്തിനു ശേഷം മമ്മൂട്ടിക്കു ലഭിച്ച ഒരു മികച്ച കഥാപത്രമാണ് പഴശ്ശിരാജയിലേത്‌. എന്നാല്‍, മമ്മൂട്ടിയുടെ ഒപ്പം അഭിനയിച്ചിരിക്കുന്ന മറ്റു അഭിനേതാക്കള്‍ ഒരു മത്സരബുദ്ധിയോടെ തന്നെയാണ് തങ്ങളുടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്‌. ഇടച്ചേന കുങ്കനെ അവതരിപ്പിച്ചിരിക്കുന്ന ശരത്‌ കുമാറാണ് ഈ ചിത്രത്തിലെ സര്‍പ്രൈസ്‌ പാക്കേജ്‌. അതി മനോഹരമായും, അനായാസകരമായുമാണ്, അദ്ദേഹം തന്റെ കഥാപാത്രത്തിനു ജീവന്‍ പകര്‍ന്നിരിക്കുന്നത്‌. ഒരു പക്ഷേ പ്രേക്ഷകരുടെ മനസ്സില്‍ പഴശ്ശിരാജയേക്കാന്‍ തങ്ങി നില്‍ക്കാന്‍ സാധ്യതയുള്ള കഥാപാത്രം ശരത്‌ കുമാറിന്റെ കുങ്കന്‍ തന്നെ. കൈതേരി അമ്പുവിനെ അവതരിപ്പിച്ച സുരേഷ്‌ ക്രുഷ്ണയും, പഴയം വീടന്‍ ചന്തുവിനെ അവതരിപ്പിച്ച സുമനും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്‌. മനോജ്‌ കെ.ജയന് തന്റെ ചലച്ചിത്ര ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് തലയ്ക്കല്‍ ചന്തു. കുറിച്യപ്പടയുടെ നേതാവിന്റെ വേഷത്തിലും ഭാവത്തിലും മനോജ്‌.കെ.ജയന്‍ ശോഭിച്ചിരിക്കുന്നു. ആ കഥാപാത്രത്തിനു വേണ്ട പൂര്‍ണ്ണത നല്‍കുവാനായി അദ്ദേഹത്തിനു കഴിഞ്ഞു. പത്മപ്രിയയുടെ വ്യത്യസ്തമായൊരു കഥാപാത്രമാണ് നീലി. തലയ്ക്കല്‍ ചന്തുവിന്റെ കാമുകിയും, കുറിച്യപ്പടയിലെ പെണ്‍ നേതാവുമാണ് നീലി. വളരെയധികം സംഘട്ടന രംഗങ്ങളും, ഒരു പിടി വികാര നിര്‍ഭരമായ രംഗങ്ങളും ഈ ചിത്രത്തില്‍ നീലി എന്ന കഥാപത്രം കൈകാര്യം ചെയ്യുന്നു. ഈ കഥാപാത്രത്തിനെ പൂര്‍ണ്ണതയിലെത്തിക്കുന്ന പ്രകടനമാണ് പത്മപ്രിയയുടേത്‌. ചിത്രത്തില്‍ കണ്ണവത്ത്‌ നമ്പ്യാര്‍ എന്ന പഴശ്ശിരാജയുടെ വലം കൈയായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌ ദേവനാണ്. ആ കഥാപാത്രത്തെ സാധൂകരിക്കുന്ന പ്രകടനമാണ് ദേവന്റേത്‌. ബ്രിട്ടീഷ്‌കാരുടെ ഗുമസ്തനായി ജോലി നോക്കുന്ന കണാരമേനോന്‍ എന്ന കഥാപാത്രന്മായി തിരശ്ശീലയിലെത്തുന്നത്‌ ജഗതി ശ്രീകുമാറാണ്. ക്രുത്യതയാര്‍ന്ന അഭിനയത്തിലൂടെ ജഗതി ആ വേഷത്തെ മികച്ചതാക്കി എന്നു തന്നെ പറയാം. എന്നാല്‍ ജഗദീഷിന്റെ ഭണ്ഡാരി എന്ന കഥാപാത്രം വെറും അനാവശ്യമായിരുന്നു എന്നു തോന്നുന്നു. ഇത്തരം ഒരു ചരിത്ര സിനിമയില്‍ ഇത്തരം കോമാളി കഥാപാത്രങ്ങല്‍ക്ക്‌ സ്ഥാനമുണ്ടോ എന്നു തീര്‍ച്ചയായും നമുക്ക്‌ സംശയിക്കാം.ബ്രിട്ടീഷുകാരോട്‌ അടുപ്പം സൂക്ഷിക്കുകയും, അതേ സമയം പഴശ്ശിയുടെ അഭ്യുദയകാംക്ഷിയായി വര്‍ത്തിക്കുന്നകയും ചെയ്യുന്ന എമ്മന്‍ നായരെ ലാലു അലക്സ് തന്റെ സ്വത സിദ്ധമായ ശൈലിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു. ആദ്യം ഈ കഥാപാത്രത്തെ കാണിക്കുന്ന രംഗത്തില്‍ ലാലു അലക്സായിരുന്നോ ഈ വേഷം ചെയ്യേണ്ടിയിരുന്നത്‌ എന്നു തോന്നുമെങ്കിലും, പിന്നീടങ്ങോട്ട്‌ ആ ധാരണ തിരുത്തുന്ന പ്രകടനമാണ് അദ്ദേഹത്തിന്റേത്‌. ഒരു യുദ്ധ സിനിമയായിട്ടു കൂടി, പഴശ്ശിയുടെ ഭാര്യയായ കൈതേരി മാക്കത്തെകുറിച്ചും സിനിമയില്‍ പ്രതിപാദിക്കുന്നു. കനിഹയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌. ഈ കഥാപാത്രത്തിന്റെ വേഷവിധാനങ്ങള്‍ കനിഹയ്ക്ക്‌ പൂര്‍ണ്ണമായും യോജിക്കുന്നുവെങ്കിലും, ഒരു ദുഖപുത്രി എന്നതില്‍ കവിഞ്ഞ്‌ ഒന്നും തന്നെ കനിഹയ്ക്ക്‌ ഇതില്‍ ചെയ്യാനില്ല. എന്നാല്‍, പഴശ്ശിരാജ എന്ന വീരനായകന്റെ ഭാര്യ എത്രത്തോളം ധൈര്യശാലിയായിരിക്കും എന്നു വ്യക്തമാക്കുന്ന ചില രംഗങ്ങളില്‍ അതി മനോഹരമായി തന്നെ കനിഹ അഭിനയിച്ചിട്ടുമുണ്ട്‌. അതു കൊണ്ടു തന്നെ പാത്ര സ്രുഷ്ടിയെ സാധൂകരിക്കുന്ന പ്രകടനം കനിഹയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്‌. മലയാള ചലച്ചിത്ര രംഗത്ത്‌, ഇതിനു മുന്നേയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട്‌ പലചിത്രങ്ങളും വന്നിട്ടുണ്ട്‌. എന്നാല്‍, ബ്രിട്ടീഷ്‌ കഥാപാത്രങ്ങളെയെല്ലാം വിദേശ അഭിനേതാക്കളെക്കൊണ്ട്‌ അഭിനയിപ്പിച്ചിരിക്കുന്ന ആദ്യചിത്രം പഴശ്ശിരാജ തന്നെയാവും. മേജര്‍ മുറെ ആയി അഭിനയിച്ചിരിക്കുന്ന ഗ്ലെന്‍, അസിസ്റ്റന്റ് കളക്ടര്‍ തോമസ് ബാബര്‍ ആയി അഭിനയിച്ചിരിക്കുന്ന ഹാരീ കേ, മേജര്‍ ഗോര്‍ഡനെ അവതരിപ്പിക്കുന്ന പീറ്റര്‍ ഹാര്‍ഡ്‌ലി എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതായുണ്ട്‌. എന്നാല്‍, ബാബറുടെ കാമുകി ഡോറയാണ്, പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം നേടുന്ന മറ്റൊരു കഥാപാത്രം. ബ്രിട്ടീഷുകാരുടെ അനീതികളെ ചോദ്യം ചെയ്യുകയും, മനസ്സു കൊണ്ട്‌ പഴശ്ശിരാജയെ ആദരിക്കുകയും ചെയ്യുന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌ ലിന്‍ഡ അര്‍‌സെനോ ആണ്. അഭിനേതാക്കളുടെ ഈ മികവു കൊണ്ടു തന്നെ, പ്രേക്ഷകര്‍ക്ക്‌ ഒരിക്കലും ഒതൊരു മമ്മൂട്ടി ചിത്രമായി തോന്നില്ല. അവര്‍ കാണുക, പഴശ്ശിരാജയെ മാത്രമാകും. ആരാധകരെ ഇതു നിരാശപ്പെടുത്തുമെങ്കിലും, ഈ ചിത്രത്തെ ജനങ്ങളിലേക്കെത്തിക്കാന്‍ ഈ ഒരു സ്വഭാവ വിശേഷം കാരണമാകും എന്നു കരുതാം.

ഓസ്കാര്‍ വിജയി റസൂല്‍ പൂക്കുട്ടി ആദ്യമായി ശബ്ധമിശ്രണം ചെയ്ത മലയാള ചിത്രമാണ് പഴശ്ശിരാജ. ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം, മുഴുവന്‍ ശബ്ദങ്ങളേയും അദ്ദേഹം പുനര്‍ജനിപ്പിക്കുകയായിരുന്നു. അതു കൊണ്ടു തന്നെ വാള്‍പയറ്റിലും യുദ്ധരംഗങ്ങളിലും ഇന്നേവരെ ലഭ്യമാകാത്ത ഒരു പൂര്‍ണ്ണത ഈ ചിത്രത്തില്‍ നമുക്ക്‌ കാണുവാന്‍ കഴിയുന്നത്‌. അദ്ദേഹത്തിന്റെ ഈ ശ്രമങ്ങള്‍ അഭിനന്ദനീയം തന്നെയാണ്. എന്നാല്‍ കേരളത്തിലെ ഏതെങ്കിലും തീയേറ്ററുകളില്‍, ശബ്ദമിശ്രണത്തിലെ ഈ വ്യത്യസ്തത മനസ്സിലാക്കാന്‍ പ്രേക്ഷകര്‍ക്കു കഴിയും എന്നു തോന്നുന്നില്ല. പൂ‍ക്കുട്ടി ഇതിനെകുറിച്ച്‌ പരാതിപ്പെട്ടു കഴിഞ്ഞു. ചിത്രത്തിന്റെ പിന്നണീ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്‌ ഇളയരാജയാണ്. അതി മനോഹരമായി, ചിത്രത്തിലെ രംഗങ്ങള്‍ക്കിണങ്ങുന്ന രീതിയിലാണ് അദ്ദേഹമത്‌ ചെയ്തിരിക്കുന്നത്‌. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നതും ഇളയരാജയാണ്. ഓ.എന്‍.വിയും, ഗിരീഷ്‌ പുത്തഞ്ചേരിയും, കാനേഷ് പൂനൂര്‍ എന്നിവരാണ്‌ ഇതിനു വേണ്ടി ഗാനരചന്‍ നിര്‍വഹിച്ചിരിക്കുന്നത്‌. ഒരു ചരിത്ര സിനിമയില്‍ ഗാനങ്ങള്‍ക്കെന്തു പ്രസക്തി എന്നു ചോദിച്ചാല്‍, ഇല്ല എന്നു തന്നെ ഉത്തരം. അതു കൊണ്ടു തന്നെ ഗാനങ്ങള്‍ ഒഴിവാക്കേണ്ടവയാണ് എന്നാണ് എനിക്കു തോന്നിയത്‌. കുന്നത്തെ കൊന്നയ്ക്കും, ആദിയുഷസന്ധ്യപൂത്തതിവിടെ, അമ്പും വില്ലും തൂടങ്ങിയ ഗാനങ്ങള്‍, സംഗീതപരമായി മികച്ചു നില്‍ക്കുന്നുവെങ്കിലും, ചിത്രത്തിലുള്‍പ്പെടുത്തിയപ്പോള്‍, അതൊരു കല്ലുകടിയായി മാറി. തീര്‍ത്തും അനാവശ്യമായി പോയത്‌ ‘ആലമടങ്കല..’ എന്നു തുടങ്ങുന്ന മാപ്പിളപാട്ട്‌ ശൈലിയിലുള്ള ഗാനമാണ്.



ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്‌ അഭിനേതാക്കളുടെ മികവ്‌ മാത്രമല്ല. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന വേണുവും രാമനാഥ് ഷെട്ടിയും അതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌. യുദ്ധരംഗങ്ങളും വനാന്തരങ്ങളിലെ സീക്വന്‍‌സുകളും അതിമനോഹരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. തിങ്ങിനിറഞ്ഞ വനാന്തരങ്ങള്‍ കണ്ടുകിട്ടാനാവാത്ത നമ്മൂടെ രാജ്യത്ത്‌, മൈസൂര്‍ കാടുകള്‍ക്ക്‌ അത്തരമൊരു പരിവേഷം നല്‍കാന്‍, ഛായാഗ്രഹണത്തിന് കഴിഞ്ഞു എന്നുള്ളത്‌ അവരുടെ മികവായി തന്നെ കരുതാം. നൂറ്റാണ്ടുകള്‍ക്കു മുന്നെയുള്ള കാലഘട്ടങ്ങള്‍ ചിത്രീകരിക്കുമ്പോള്‍, അതിനൊത്ത സെറ്റുകള്‍ ഒരുക്കുക എന്നത്‌ ശ്രമകരമാണ്. വളരെയധികം ഗവേഷണങ്ങള്‍ നടത്തി, വേഷവിധാനങ്ങള്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്തെടുക്കുക എന്നത് അത്ര എളുപ്പമല്ലായിരുന്നിട്ടു കൂടി, പഴശ്ശിരാജയില്‍ അതൊരു പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കുന്നതായി കാണാം. ടി. മുത്തുരാജിന്റെ കലാസംവിധാനവും നടരാജന്റെ വസ്ത്രാലങ്കാരവും അതില്‍ അഭിനന്ദനമര്‍ഹിക്കുന്നു. അതു പോലെ തന്നെയാണ് പട്ടണം റഷീദിന്റെ മേക്ക്-അപ്പും. രാജഭരണ കാലഘട്ടത്തിനുതകുന്ന രീതിയിലുള്ള മേക്കപ്പുകള്‍, അമിതമാക്കാതെ നന്നായി തന്നെ, റഷീദ്‌ ചെയ്തിരിക്കുന്നു. കുറിച്യപ്പടയെ ഒരുക്കിയെടൂക്കുന്നതിലും ഈ ത്രയം മികവ്‌ കാണിച്ചിരിക്കുന്നു. എന്നാല്‍ കുറിച്യപ്പടയുടെ നായകനായ മനോജ്‌.കെ.ജയന്റെ മേക്കപ്പിന് ഒരു പൂര്‍ണ്ണത നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞില്ല എന്നുള്ളത്‌ ഒരു ന്യൂനതയാണ്. ക്ലോസപ്പ്‌ ആംഗിളുകള്‍ ധാരാളമുള്ള ചിത്രത്തില്‍ ഈ ന്യൂനത പ്രകടമാകുന്നുമുണ്ട്‌. ശ്രീകര്‍ പ്രസാദിന്റെ ചിത്ര സംയോജനം, ചിത്രത്തിന്റെ ഒഴുക്ക്‌ കാത്തു സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. യുദ്ധരംഗങ്ങള്‍ നന്നായി ചെയ്തിരിക്കുന്ന രവി ദിവാന്‍, എന്നാല്‍ കളരിപ്പയറ്റ്‌ രംഗങ്ങളില്‍ സ്വാഭാവികത കൈവരുത്തുവാന്‍ ശ്രമിച്ചിട്ടേ ഇല്ല എന്നു തന്നെ പറയാം, റോപ്പ്‌ ട്രിക്കുകള്‍ ഉപയോഗിച്ച്‌ അനാ‍വശ്യമായി അതിമാനുഷിക രംഗങ്ങള്‍ ഉള്‍പ്പെടുത്തിരിക്കുന്നു. അതും പലതും, ക്രൌച്ചിങ്‌ ടൈഗര്‍ ഹിഡണ്‍ ഡ്രാഗണ്‍, ട്രോയ്‌ തുടങ്ങിയ ചിത്രങ്ങളില്‍ നിന്നും കടമെടുത്തവ. അവയുടെ റോപ്പ്‌ ട്രിക്ക്‌ വെര്‍ഷന്‍ അരോചകമെന്നു തന്നെ പറയാം. സംഘട്ടന രംഗങ്ങളില്‍ അങ്ങനെ ഒന്ന്‌ ആവശ്യമല്ലാതിരുന്നിട്ടു കൂടി, ഇത്തരം ട്രിക്കുകള്‍ ഉള്‍പ്പെടുത്തിയത്‌ രവി ദിവാന്റെ കഴിവുകേടായി തന്നെ കാണാം. ഒരു പക്ഷേ എഡിറ്റിങിലെങ്കിലും ഇവ ഒഴിവാക്കിയിരുന്നെങ്കില്‍ നന്നയേനേ. വളരെയധികം ഗ്രാഫിക്സുകള്‍ ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രത്തില്‍, അവ അമിതമായി ഉപയോഗിച്ച്‌ നശിപ്പിച്ചിട്ടില്ല എന്നതു തന്നെ എടുത്തു പറയേണ്ട കാര്യമാണ്. ഗ്രാഫിക്‌ ഡിസൈനര്‍ അതിനൊരു അഭിനന്ദനം അര്‍ഹിക്കുന്നു. അതു പോലെ തന്നെ, ചിത്രത്തിന്റെ വെബ്‌സൈറ്റ് ഡിസൈനിങിലും വളരെയധികം പ്രത്യേകതകള്‍ ഉണ്ട്‌. അതിന്റെ അണിയറ ശില്‍പ്പികള്‍ക്കും ആശംസകള്‍.

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു മുന്നെ തന്നെ, ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരങ്ങള്‍ നടന്നിരുന്നു എന്ന വസ്തുതയ്ക്ക്‌ ചരിത്രകാരന്മാര്‍ പോലും അധികം പ്രാധാന്യം നല്‍കിയിട്ടില്ല. എന്നാല്‍, ഗറില്ല പോരാട്ടങ്ങളുമായി ബ്രിട്ടീഷികാരെ എതിര്‍ത്ത കേരള സിംഹത്തിന്റെ പോരാട്ടങ്ങളുടെ കഥ അഭ്രപാളികളിലെത്തുമ്പോള്‍, അത്‌ നമ്മുടെ രാജ്യത്തിനും സ്വാതന്ത്ര്യത്തിനുമായി ജീവന്‍ ബലികളിച്ച ആയിരങ്ങള്‍ക്കുള്ള ആദരാഞ്ജലി കൂടിയാണ്. പഴശ്ശിരാജയുടെ ചരിത്രം സുവര്‍ണ്ണ ലിപികളാലെഴുതപ്പെട്ട്‌ കേരള ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ കൂടി, അതില്‍ അദ്ദേഹത്തെ സഹായിച്ച ഇടച്ചേന കുങ്കനേയും, തലയ്ക്കല്‍ ചന്തുവിനേയും, കൈതേരി അമ്പുവിനേയും പോലെ വീരയോദ്ധാക്കളേയും അടുത്തു പരിചയപ്പെടുത്തുകയാണ് ഈ ചിത്രം. ലോക സിനിമയുടെ നിലവാരത്തിലേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് പഴശ്ശിരാജ. സാങ്കേതിക വിഭാഗങ്ങള്‍ പതിവു പാറ്റേണില്‍ നിന്നും വളരെയധികം മുന്നോട്ടു പോയിരിക്കുന്നു, ഈ ചിത്രത്തില്‍. മിതത്വം നിറഞ്ഞ കഥയും, അതിനൊപ്പിച്ചുള്ള അഭിനയവും, ഇതിനെ പിന്തുണയ്ക്കുന്ന് കലാ സാങ്കേതിക വിഭാഗങ്ങളും. അതാണ് പഴശ്ശിരാജയെ വേറിട്ടൊരു ദ്രുശ്യവിസ്മയമാക്കി മാറ്റുന്നത്‌. ഈ ചിത്രത്തെ എം.ടി-ഹരിഹരന്‍-മമ്മൂട്ടി ത്രയത്തിന്റെ ഒരു വടക്കന്‍ വീരഗാഥയുമായി താരതമ്യ പഠനം നടത്തി വിലയിരുത്തേണ്ട ഒന്നല്ല പഴശ്ശിരാജ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യകാലങ്ങളെ അവിസ്മരണീയമാക്കുന്ന ഈ ചിത്രം, ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമാകുവാന്‍ പോകുന്ന ഒന്നാണ്. ഓസ്കാര്‍ നോമിനേഷന്റെ എല്ലാ നിബന്ധനകളും പാലിക്കുന്ന ഈ ചിത്രം, ഒരു പക്ഷേ വിദേശ സിനിമാ വിഭഗത്തില്‍ ഓസ്കാറിലേക്ക്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല....

എന്റെ റേറ്റിങ്‌: 8.2/10.0

ഈ ലേഖനം കണിക്കൊന്ന.കോമില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

Wednesday, October 7, 2009

ഋതു (Rithu)


ദേശീയ പുരസ്കാരം നേടിയ ‘ഒരേ കടല്‍’ എന്ന ചിത്രത്തിനു ശേഷം ശ്യാമപ്രസാദ്‌ ഒരുക്കുന്ന ചിത്രമാണ് ഋതു. Season Change; Do We? എന്ന ചോദ്യവുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്ന ചിത്രം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്കിടയിലെ സൌഹ്രുദത്തിന്റെ കഥ പറയുന്നു.പതിവു ശ്യാമപ്രസാദ് ചിത്രങ്ങളില്‍ നിന്നു വിപരീതമായി, ഇതു വരെ ഒരു സാഹിത്യ രൂ‍പത്തിലും പുറത്തു വരാത്ത ഒരു കഥയെ ആസ്പദമാക്കിയാണ് ഋതു എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്‌., ജോഷ്വാ ന്യൂട്ടനാണ് ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്‌. അഭിനേതാക്കളില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്.നിഷാന്‍, റീമ, ആസിഫ്‌ എന്നിവരാണ് ചിത്രത്തിലെ മുഖ്യ അഭിനേതാക്കള്‍.

മലയാളിക്ക്‌ പൊതുവെ അപരിചിതമായ കോര്‍പ്പറേറ്റ്‌ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഋതു. അമേരിക്കന്‍ ജീവിതത്തിനൊടുവില്‍ കേരളത്തിലെ തിരിച്ചെത്തുന്ന ശരത്‌ വര്‍മ്മ, തന്റെ ബാല്യകാല സുഹ്രുത്തക്കള്‍ക്കൊപ്പം 'Techno City' എന്ന I.T ക്യാപസിലെ ഒരു multi national company-ല്‍ software engineer-യി ജോലിക്കു പ്രവേശിക്കുന്നു. സാഹിത്യത്തില്‍ തല്‍പരനായ ശരത്‌, അമേരിക്കയിലെ യാന്ത്രിക ജീവിതത്തില്‍ മനം മടുത്താണ് തിരികെ കേരളത്തില്‍ എത്തുന്നത്‌. ഇവിടെ സുഹ്രുത്തക്കളായ വര്‍ഷയുടേയും സണ്ണിയുടേയുമൊപ്പം നല്ലൊരു ജീവിതം നയിക്കുവാനെത്തുന്ന ശരത്തിന്, തന്റെ സുഹ്രുത്തുക്കളിലുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നതിലധികമായിരുന്നു. തന്റെ സ്വന്തമാകുമെന്ന്‌ ശരത്ത്‌ ആശിച്ചിരുന്ന വര്‍ഷയിലെ മാറ്റവും, അവളില്‍ ബാംഗ്ലൂര്‍ എന്ന മഹാനഗരം വരുത്തിയ മാറ്റങ്ങളും ശരത്തിനെ വളരെയധികം നിരാശനാക്കി. സണ്ണീയിലെ മാറ്റങ്ങള്‍ അയാള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലപ്പുറമായിരുന്നു. കാലം സൗഹൃദങ്ങളിലും ബന്‌ധങ്ങളിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചാണ്‌ ചിത്രം തുടര്‍ന്ന് പറയുന്നത്‌. മികച്ച രീതിയില്‍ തന്നെ ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുവാന്‍ ജോഷ്വാ ന്യൂട്ടനു കഴിഞ്ഞിരിക്കുന്നു. ഐ.ടി മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളെ നന്നായി പഠിച്ച്‌, അതിനനുസരിച്ച്‌ തിരക്കഥയൊരുക്കുവാന്‍ ജോഷ്വാ ശ്രമിച്ചിരിക്കുന്നു. വെറും ഒരു ശരാശരി ചിത്രമായി ഒതുങ്ങുവാന്‍ സാധ്യതയുണ്ടായിരുന്ന ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്‌ ജോഷ്വായുടെ തിരക്കഥ തന്നെയാണ്.

ഈ ചിത്രത്തിലെ മിക്ക അഭിനേതാക്കളും നമുക്ക്‌ അപരിചിതരാണ്. അതിനൊരപവാദം, സംവിധായകനും നടനുമായ എം.ജി ശശിയുടേതാണ്‌. നിഷാന്‍, റീമ, ആസിഫ്‌, വിനയ്‌, ഗോവിന്ദന്‍കുട്ടി, മനു ജോസ്‌ തുടങ്ങി മറ്റെല്ലാവരും പുതുമുഖങ്ങള്‍. ഇവരില്‍ മുഖ്യ കഥാപാത്രമായ ശരതിന്റെ അച്‌ഛനാകുന്ന, പത്രപ്രവര്‍ത്തകനായ ഗോവിന്ദന്‍കുട്ടിയും സഹോദരനാകുന്ന എം.ജി ശശിയും ശ്രദ്‌ധേയരാകുന്നു. ഈ ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച്‌ എടുത്തു പറയേണ്ട കാര്യം, ഇവരില്‍ പലരും അഭിനയം പഠിച്ചിറങ്ങിയവരാണ് എന്നുള്ളതാണ്. നായകനായ നിഷാനും, ചിത്രത്തിലെ മറ്റൊരു പ്രമുഖ കഥാപാത്രമായ ജമാലിനെ അവതരിപ്പിച്ചിരിക്കുന്ന വിനയും പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നും പുറത്തിറങ്ങിയവരാണ്. അതേ സമയം, മനു ജോസ് വന്നിരിക്കുന്നത്‌ സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ നിന്നാണ്. ഒരു പറ്റം പുതുമുഖങ്ങളായിട്ടു കൂടി, മികച്ച പ്രകടനം കാഴ്ച വയ്ക്കന്‍ അവര്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ ഇന്നത്തെ തലമുറയുമായി ചേര്‍ന്നു നില്‍ക്കുന്ന, അവര്‍ ദിനവും കാണുന്ന സംഭവങ്ങള്‍ തന്നെ ചിത്രത്തിലും വന്നത്‌, അഭിനയത്തെ അനായാസമാക്കാന്‍ അവരെ സഹായിച്ചു എന്നു വേണം കരുതാന്‍. നായകനായ ശരത്‌ വര്‍മ്മയെ അവതരിപ്പിച്ചിരിക്കുന്ന നിഷാന് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ആ കഥാപാത്രത്തെ വളരെയധികം മനോഹരമാക്കാന്‍ ഈ പുതുമുഖ നടനു കഴിഞ്ഞു. ഒരു പക്ഷേ ഈ ചിത്രത്തില്‍, പ്രേക്ഷക മനസ്സുകള്‍കളില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രം ശരത്‌ വര്‍മ്മയാകും. വര്‍ഷയെ അവതരിപ്പിച്ചിരിക്കുന്ന റീമയും നല്ല അഭിനയമാണ് കാഴ്ച്ച വയ്ച്ചിരിക്കുന്നത്‌. ഒരു സാധാരണ പെണ്‍കുട്ടിയിലുണ്ടാകാവുന്ന മാറ്റങ്ങളെ റീമ നന്നയി തന്നെ ചെയ്തിട്ടുണ്ട്‌. സംവിധായകനും തിരക്കഥാക്രുത്തും ഉദ്ദേശിച്ചതിലും മികച്ച പ്രകടനം ഈ ചിത്രത്തിലെ അഭിനേതാക്കള്‍ നടത്തിയിരിക്കുന്നു എന്നതു തന്നെയാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്‌.

സംവിധാനത്തില്‍ ഒരു ശ്യാമപ്രസാദ്‌ ടച്ച്‌ ദ്രുശ്യമാണ്. ദ്രുശ്യങ്ങളിലൂന്നി കഥപറയാതെ, സംഭാഷണങ്ങളിലൂടെ കഥയെ മുന്നോട്ടു നയിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്‌. അതു കൊണ്ടു തന്നെ, ഈ ചിത്രം വഴി അദ്ദേഹം നല്‍കുവാന്‍ ശ്രമിക്കുന്ന സന്ദേശം പ്രേക്ഷകരില്‍ എത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിയുന്നു. ഐ.ടി രംഗവും അവിടെ ജോലി നോക്കുന്നവരുടെ ജീവിത രീതിയും ശരാശരി മലയാളികള്‍ക്ക്‌ പരിചിതമല്ല. അവരെയത്‌ പരിചയപ്പെടുത്തുക എന്ന ഉദ്യമത്തില്‍ സംവിധായകന്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു എന്നു കരുതാം. അതു പോലെ തന്നെ ഈ ഒരു കഥാ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ ഇത്തരം കഥ പറയുവാനും, കഥാപാത്രങ്ങളില്‍ കാലകാലങ്ങളില്‍ വരുന്ന മാറ്റങ്ങളെ തന്മയത്തത്തോടെ അവതരിപ്പിക്കുവാനും സംവിധായകനു കഴിഞ്ഞിരിക്കുന്നു. പക്ഷേ ചില സ്ഥലങ്ങളില്‍, കഥാപാത്രത്തിന്റെ ആഴത്തിലേക്കിറങ്ങിപ്പോകുവാന്‍ സംവിധായകന്‍ ശ്രമിക്കാതിരുന്നത്‌ ഒരല്പം കല്ലുകടിയായി മാറി. എന്നിരുന്നാല്‍ക്കൂടി ആകെത്തുക നോക്കിയാല്‍ ഇത്‌ സംവിധായകന്റെ ചിത്രമാണ്.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിഛ്ച്ചിരിക്കുന്ന ശ്യാം ദത്ത് മനോഹരമായ ദൃശ്യങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്‌. ചിത്രത്തിനെ ആകര്‍ഷകമാക്കുന്നതില്‍ ഇതു വളരെയധികം സഹായിച്ചിരിക്കുന്നു. തടാകക്കരയിലെ വിവിധ ഷോട്ടുകള്‍ പല രീതിയിലും പല ഷേഡുകളിലും ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ ഒട്ടുമിക്ക രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്‌ ഓഫീസിലാണ്. എന്നാല്‍ ഷോട്ടുകളും അംഗിളികളും ആവര്‍ത്തന വിരസമാകാതെ, ചിത്രീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വിനോദ് സുകുമാരന്റെ എഡിറ്റിങ് ഈ ചിത്രത്തിന്റെ ഒരു ന്യൂനതയാണ്. പലപ്പോഴും ചിത്രത്തിന്റെ രസച്ചരടു പൊട്ടുവാന്‍ കാരണമായത്‌ ഈ ഒരു അപാകതയാണ്. പ്രേമചന്ദ്രന്റെ കലാസംവിധാനവും മികച്ച നിലവാരം പുലര്‍ത്തി. ചിത്രത്തിന്റെ വസ്താലങ്കാരവും മേയ്ക്കവും കഥാപാത്രങ്ങളുമായി ഇഴുകിച്ചേര്‍ന്നതായി തോന്നി. ഒരു സ്വാഭാവികത കൊണ്ടുവരാന്‍ ഇതിനു കഴിഞ്ഞി എന്നതില്‍ കുക്കു പരമേശ്വരന് അഭിമാനിക്കാം. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്‌ രാഹുല്‍ രാജാണ്. ആകര്‍ഷകമായ മെലഡികള്‍ പുതുശബ്ദങ്ങളിലൂടെ ചിത്രത്തിന്റെ ഒഴുക്കിനനുയോജ്യമായി സ്രുഷ്ടിക്കുവാന്‍ അദ്ദേഹത്തിന് കഴിഞിരിക്കുന്നു. രാഹുല്‍ രാജ് തന്നെ പാടിയിരിക്കുന്ന “വേനല്‍ കാട്ടില്‍...”, സുജിത്തും ഗായത്രിയും ചേര്‍ന്നു പാടിയിരിക്കുന്ന “പുലരുമോ രാവൊഴിയുമോ” എന്നീ ഗാനങ്ങള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതും ആകര്‍ഷകവുമാണ്. ജോബ്‌ കുര്യന്‍ പാടിയിരിക്കുന്ന “ചഞ്ചലം തെന്നിപ്പോയി നീ...” എന്ന ഗാനം ആലാപന മികവില്‍ ശ്രദ്ദേയമായിരിക്കുന്നു. ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത്‌ മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള “പ്ലേ ഹൌസ്‌“ എന്ന വിതരണ കമ്പനിയാണ്. അവരുടെ ആദ്യത്തെ വിതരണ സംരംഭമാണിത്‌. എന്തായാലും ആകര്‍ഷകമായ പോസ്റ്ററുകള്‍ കൊണ്ട്‌ പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ അവര്‍ ശ്രമിച്ചിരിക്കുന്നു. സാധാരണ്‍ ഇത്തരം ചിത്രങ്ങളില്‍ വിതരണക്കാര്‍ കാണിക്കുന്ന, പോസ്റ്ററുകളിലേയും പരസ്യങ്ങളിലേയും പിശുക്ക്‌ അവര്‍ കാട്ടിയിട്ടില്ല എന്നത്‌ തന്നെ ഈ ചിത്രം കൂടുതല്‍ ആളുകളിലെത്താന്‍ സഹായിച്ചു എന്നു വേണം കരുതാം.

ഐ ടി ലോകത്തിന്റെ ആകര്‍ഷകമായ ലൈഫിലേക്ക്‌ ചിത്രം നമ്മെ കൂട്ടിക്കൊണ്ടു പോലുമ്പോള്‍, വികസനങ്ങള്‍ കൊണ്ട്‌ ജീവിതം ശിഥിലമായവരുടെ നിസ്സഹായതയിലേക്കും ഋതു വിരല്‍ചൂണ്ടുന്നു. പൂര്‍ണ്ണമായിട്ടല്ലെങ്കിലും, ഐ.ടി ലോകത്തെക്കുറിച്ചും, കോര്‍പ്പറെറ്റ്‌ പ്രൊഫഷണലുകളുടെ ജീവിത ശൈലിയെക്കുറിച്ചും സാധാരണക്കാരന് ഒരു ആശയം നല്‍കുവാന്‍ ഈ ചിത്രം സഹായിക്കും. ഈ രംഗത്തെ മത്സരങ്ങളെക്കുറിച്ചും, ബന്ധങ്ങളെയും വികാരങ്ങളേയും മറന്ന്‌, പണത്തിനു പിറകെ പായുന്നവരേയും ഈ ചിത്രം പരിചയപ്പെടുത്തുന്നു. ആധുനിക തലമുറയെ കുറച്ചുകൂടി അടുത്തു നിന്നു വീക്ഷിക്കുകയാണ് ശ്യാമപ്രസാദ്‌ ഈ ചിത്രത്തിലൂടെ. അവരുടെ പ്രണയവും സൌഹ്രുദവും കരിയറുമെല്ല്ലാം ഇതില്‍ പ്രമേയമാകുന്നു. ആധുനിക തലമുറ (ഭൂരിഭാഗമല്ലെങ്കിലും ) എങ്ങനെ ചിന്തിക്കുന്നു, അവരുടെ ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകള്‍ ഈ ചിത്രത്തിന്റെ പ്രമേയത്തിന്റെ ഭാഗമാണ്. സമൂഹം ഇപ്പോല്‍ വളരെയധികം ചര്‍ച്ച ചെയ്യുന്ന സദാചാര ബോധത്തെക്കുറിച്ചും സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ചും, അതി ശക്തമായ ഒരു പരാമര്‍ശം ഈ ചിത്രത്തിലുണ്ട്‌. ആദ്യമെ പറഞ്ഞതു പോലെ, ഭൂരിഭാഗം ഐ.ടി പ്രൊഫഷണലുകളും ഇത്തരമൊരു ജീവിതമല്ല പിന്തുടരുന്നതെങ്കിലും, ഈ ചിത്രം കണ്ടതിനു ശേഷം ഐ.ടി പ്രൊഫഷണലുകള്‍ ഇങ്ങനെയാണ് എന്നാരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റം പറയാന്‍ നമുക്ക്‌ കഴിയില്ല. പക്ഷേ ഈ ചിത്രം ശ്യാമപ്രസാദെന്ന സംവിധായകന് അഭിമനിക്കാന്‍ വകയുള്ള ഒന്നാണ്. വ്യത്യസ്തതയാര്‍ന്ന ഒരു പ്രമേയം ലളിതമായ കഥയിലൂടെ പറയുന്നു എന്നു മാത്രമല്ല, അതിലൂടെ വളരെയധികം കാര്യങ്ങള്‍ സമൂഹത്തെ മനസ്സിലാക്കിക്കുവാനും അദ്ദേഹം ശ്രമിക്കുന്നു. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഈ ചിത്രത്തിന്റെ ടൈറ്റിലാകും നമ്മുടെ മനസ്സില്‍ ഒരു ചോദ്യമായി അവശേഷിക്കുക.... Season Change; Do We...?

എന്റെ റേറ്റിങ്‌ : 6.2 / 10.0

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.