Thursday, May 6, 2010

ജനകന്‍ (Janakan)

വളരെക്കാലത്തിനു ശേഷം മോഹന്‍ ലാലും സുരേഷ്‌ ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് ജനകന്‍. ലൈന്‍ ഓഫ് കളേഴ്സിന്റെ ബാനറില്‍ ഇറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌ പുതുമുഖമായ എന്‍.ആര്‍. സഞ്ജീവാണ്. അരുണ്‍ എം.സി., എ. ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. കുറ്റാന്വേഷണ ചിത്രങ്ങളുടെയും സസ്പന്‍‌സ്‌ ത്രില്ലറുകളുടേയും കുലപതിയായ എസ്.എന്‍ സ്വാമിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്‌.

ചിത്രം കണ്ടു തുടങ്ങിയപ്പോള്‍ എന്ന അമ്പരപ്പിച്ച വസ്തുത, ചിത്രത്തിന്റെ കഥ എന്നത്‌ ഈയിടെ പുറത്തിറങ്ങിയ വൈരം എന്ന ചിത്രത്തിന്റെ തന്നെയാണ്. മകള്‍ കൊല്ലപ്പെടുന്ന അച്ഛന്റെ പ്രതികാരം എന്ന പ്രമേയം മറ്റൊരു പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നല്ലാതെ ഇതില്‍ പുതുമയൊന്നും തന്നെയില്ല. വൈരം എന്നത്‌ ബോക്സോഫീസില്‍ തകര്‍ന്ന ചിത്രമായതു കൊണ്ടാണോ ആവോ അതേ കഥ തന്നെ സഞീവ്‌ തിരഞ്ഞെടുത്തത്‌. ആ കഥയ്ക്ക്‌ സ്വാമിയൊരുക്കിയ തിരക്കഥയുടെ നിലവാരവും തഥൈവ. എസ്.എന്‍.സ്വാമിയെന്ന പേരു കണ്ട്‌, സസ്പെന്‍സ്‌ പ്രതീക്ഷിച്ചെത്തുന്നവരെ കാത്തിരിക്കുന്നത്‌ ഊഹിക്കാവുന്ന പരിസമാപ്തി മാത്രമാണ്. അമ്പെ നിരാശപ്പെടുത്തുന്ന ഒരു തിരക്കഥയാണ് സ്വാമി ഒരുക്കിയിരിക്കുന്നത്‌. ഏറെ സംവിധാന മികവൊന്നും അവകാശപ്പെടുവാന്‍ ഈ ചിത്രത്തിനില്ല. സംവിധായകന്‍ പുതുമുഖമാണെങ്കില്‍ കൂടി, ഒട്ടേറെ ചിത്രത്തില്‍ സജി പരവൂര്‍ എന്ന പേരില്‍ ഇദ്ദേഹത്തെ നാം സഹസംവിധായകനായി കണ്ടിട്ടുണ്ട്‌. എന്നാല്‍ ഒരു സഹസംവിധായകന്‍ സ്വതന്ത്ര സംവിധായകനാകുമ്പോളുണ്ടാകുന്ന പ്രശ്നങ്ങളൊക്കെ തന്നെ ഈ ചിത്രത്തിലും കാണുവാന്‍ കഴിയും. ചിത്രം കണ്ടിറങ്ങുന്നവര്‍ക്ക്‌ തോന്നുന്ന വികാരം ഇവനെയൊകെ ആരു സംവിധായകനാക്കി എന്നാകും.

നായകസ്ഥാനത്തെത്തുന്നത്` സുരേഷ്‌ ഗോപിയാണ്. മകളെ നഷ്ടപ്പെട്ട അച്ഛനെ (വിശ്വനാഥന്‍) അവതരിപ്പിക്കാന്‍ സുരേഷ്‌ ഗോപി നന്നേ വിഷമിക്കുന്നുണ്ട്‌. അതിനുള്ള കടുത്ത പരിശ്രമത്തിനൊടുവില്‍ പരാജയപ്പെടുന്ന സുരേഷ ഗോപിയെ കാണുമ്പോള്‍, ഇതേ നടനാണോ കളിയാട്ടത്തില്‍ അഭിനയിച്ച്‌ ഭരത്‌ വാങ്ങിയത് എന്നു തോന്നിപ്പോകുന്നു. വിശ്വനാഥനേയും സംഘത്തേയും രക്ഷിക്കാനായി വരുന്ന അഡ്വക്കേറ്റ് സൂര്യനാരായണനായാണ് മോഹന്‍ലാല്‍ ചിത്രത്തിലുള്ളത്‌. അഭിനയ സാധ്യതയോ, മോഹന്‍ലാലെന്ന നടനെ ഉപയോഗിക്കേണ്ട രീതിയിലുള്ള അഭിനയ മുഹൂര്‍ത്തങ്ങളൊ ഇല്ലാത്ത ഈ കഥാപാത്രമാണ് ചിത്രത്തില്‍ അല്പമെങ്കിലും മികച്ചത്‌ എന്നു പറയാന്‍ സാധിക്കുന്നത്‌. ഹരിശ്രീ അശോകന്‍, ബിജുമേനോന്‍, വിജയരാഘവന്‍, ഗണേഷ് കുമാര്‍, വിജയകുമാര്‍, ശിവാജി ഗുരുവായൂര്‍, ജ്യോതിര്‍മയി, കാവേരി തുടങ്ങിയവരും വന്നും പോയിയിരിക്കുന്ന കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ട്‌. എന്നാല്‍ അവര്‍ക്കൊന്നും പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍കുന്ന കഥാപാത്രമാകാന്‍ കഴിയാതെ വരുന്നു. അതു പോലെ രഞ്ജിത്ത് മേനോന്റെ അഭിനയം സഹിക്കാവുന്നതിനപ്പുറമാണെന്നും കൂടി പറയാതെ വയ്യ.

ചിത്രത്തിന്റെ സാങ്കേതിക മേഖലയും പാളുന്ന കാഴ്ചയാണ് നാം കാണുന്നത്‌. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന സഞ്ജീവ്‌ ശങ്കറിന്റെ ക്യാമറ ശരാശരി നിലവാരത്തില്‍ താഴെ ഒതുങ്ങുന്നു. ഫോക്കസിങ്ങിന്റെ പ്രശ്നം ചിത്രത്തിലുടനീളം കാണാന്‍ കഴിയും. ഒരു പക്ഷേ ഇത്‌ അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയാണെന്നു പറയേണ്ടി വരും, കാരണം ഈ ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ കളി അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങിലും കാണുവാന്‍ സാധിക്കും. മുരുകേഷിന്റെ ഇഫക്ടും, രാജാമണിയുടെ പശ്ചാത്തല സംഗീതവും പിറകോട്ടു തന്നെ. രാജേഷ്‌ ഒരുക്കിയിരിക്കുന്ന ചമയവും വസ്ത്രാലങ്കാരവും ഭേദം എന്നു പറയാം എന്നു മാത്രം. ഒരേ ഒരു ഗാനമാണ് ചിത്രത്തിലുള്ളത്‌. ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കി, രാജലക്ഷ്മി പാടിയിരിക്കുന്ന “ഒളിച്ചിരുന്നേ...” എന്ന ഗാനം. ചിത്രത്തില്‍ ആശ്വാസകരമായി തോന്നുന്നത്‌ ഈ ഗാനം മാത്രമാണ്. മാഫിയാ ശശിയും റണ്‍ രവിയും ചേര്‍ന്നൊരുക്കിയ സംഘട്ടനരംഗങ്ങള്‍ക്കും മികവു അവകാശപ്പെടുവാനുണ്ട്‌.

ഇരുപതാം നൂറ്റാണ്ടെന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന്റെ കോമ്പിനേഷനായ മോഹന്‍ലാല്‍ - സുരേഷ്‌ ഗോപി - എസ്.എന്‍.സ്വാമി ഒരിക്കല്‍ കൂടി ഒന്നിക്കുന്ന ഈ ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍ ചിത്രം കണ്ടിറങ്ങിന്നവരെ പൂര്‍ണ്ണമായി നിരാശപ്പെടുത്തുന്ന ചിത്രമാണ് ജനകന്‍. ജനകന്‍ - A Brain Bank Story, എന്നതിന് ചിത്രത്തിന്റെ കഥയുമായോ കഥാപാത്രങ്ങളുമായി യാതോരു ബന്ധവുമില്ല എന്നുള്ള സത്യം നാം തിരിച്ചറിയുന്നത്‌ ചിത്രം തീരുമ്പോഴാണ്. ഇന്ദിരാ ഗാന്ധി കൊലപാതകത്തിന്റെ വിധിയെ ആധാരമാക്കിയുണ്ടായ ഒരു ചിന്തയില്‍ നിന്നും രൂപം കൊണ്ട ക്ലൈമാക്സും, കഥയുമാകാം ജനകന്റേത്‌. എന്നാല്‍ പ്രേക്ഷകരെ തീയേറ്ററുകളില്‍ പിടിച്ചിരുത്താനുള്ള കോപ്പൊന്നും സഞ്ജീവിന്റെ ഈ ചിത്രത്തിലില്ല. ഒരു തുടക്കക്കാരനെന്ന നിലയില്‍ ഇത്തരം ഒരു തട്ടിക്കൂട്ടു ചിത്രം, സഞ്ജീവിനു ഗുണം ചെയ്യില്ല. അതു പോലെ തന്നെ, എസ്.എന്‍ സ്വാമിയുടെ പേനയുടെ മൂര്‍ച്ച കുറഞ്ഞ തുടങ്ങിയത്‌ അദ്ദേഹം മനസ്സിലാക്കിയാല്‍ അദ്ദേഹത്തിനും, നിര്‍മ്മാതാക്കള്‍ക്കും കൊള്ളാം എന്നൊരു സന്ദേശവും ഈ ചിത്രം നമുക്കു തരുന്നു... ഒറ്റവാക്കില്‍ പറഞ്ഞാല്‍ നിരാശാജനകം എന്നതാണ് ഈ ചിത്രത്തിനെക്കുറിച്ച്‌ പറയാന്‍ കഴിയുക...

എന്റെ റേറ്റിങ്‌: 1.2 /10.0

ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.