Sunday, August 5, 2007

കെംഫോറ്‍ട്ട്‌ ശിവക്ഷേത്രം - ഭക്തിയുടെ Whole Sale Shop!!!



ഈ ബാംഗ്ളൂറ്‍ നഗരത്തില്‍ വന്നതിനു ശേഷം കറങ്ങാന്‍ പോകുന്നത്‌ വളരെക്കുറവാണ്‌. കറങ്ങാനുള്ള സ്ഥലങ്ങളും വളരെക്കുറവാണ്‌. അതു കൊണ്ടു തന്നെയാണ്‌, ഇന്നലെ എണ്റ്റെ സുഹൃത്തുക്കള്‍ കെംഫോര്‍ട്ട്‌ ശിവക്ഷേത്രത്തില്‍ പോകുന്നതിനെ പറ്റി പറഞ്ഞപ്പോള്‍ ഞാനും അവരുടെ കൂടെക്കൂടിയത്‌. അവിടെയെത്തുന്നതിനു മുന്‍പേ തന്നെ ആ ക്ഷേത്രത്തേക്കുറിച്ചു എണ്റ്റെ സുഹൃത്തുക്കള്‍ പറഞ്ഞു തന്നിരുന്നു. ശിവണ്റ്റെയും ഗണപതിയുടെയും വളരെ വലിയ വിഗ്രഹങ്ങളാണ്‌ ഇതിണ്റ്റെ സവിശേഷതയെന്നും, അതില്‍ ശിവണ്റ്റെ പ്രതിമക്ക്‌ ഏകദേശം ഒരു മൂന്നുനില കെട്ടിടത്തിണ്റ്റെ ഉയരം വരുമെന്നും കേട്ടിരുന്നു. അതു കൊണ്ടുതന്നേ അവിടെക്കുള്ള യാത്ര വളരെ പ്രതീക്ഷകള്‍ നിറഞ്ഞതും, ആവേശഭരിതവുമായിരുന്നു. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌, എയര്‍പോര്‍ട്ട്‌ റോഡിലാണ്‌. ക്ഷേത്രത്തിലേക്കെന്ന്‌ പറഞ്ഞ്‌ യാത്ര തുടങ്ങിയ എണ്റ്റെ സുഹൃത്ത്‌ തണ്റ്റെ കാര്‍ ഒരു ടെക്സ്റ്റയില്‍ ഷോപ്പിണ്റ്റെ പാര്‍ക്കിംഗ്‌ സ്ഥലത്തേക്ക്‌ കയറ്റുന്നത്‌ കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കൊന്നും മനസ്സിലായില്ല. പിന്നീടാണ്‌ മനസ്സിലായത്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ ഒരു വലിയ ഷോപ്പിംഗ്‌ മാളിണ്റ്റെ അനുബന്ധമായിട്ടാണ്‌ എന്ന്‌. ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടം ഒരു ഗുഹയുടെ മുന്‍ഭാഗം പോലെയാണ്‌ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. ആ ഗുഹ ചീവീടുകളുടെ ശബ്ദത്താല്‍ മുഖരിതമായിരുന്നു. കൃത്രിമമായി നിര്‍മ്മിച്ചതാണെങ്കിലും, അതൊരു കാടിനുള്ളിലെ ഗുഹയുടെ പ്രതീതിയാണ്‌ സമ്മാനിച്ചത്‌. പക്ഷേ മുന്നോട്ടു നടക്കുന്തോറും, ഞങ്ങള്‍ കണ്ടത്‌, സാങ്കേതികതയുടെ വിവിധ വശങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള പലവിധ സജ്ജീകരണങ്ങള്‍ ആയിരുന്നു. ആദ്യം ഞങ്ങളെ എതിരേറ്റത്‌ ഗണപതിയുടെ ഒരു വലിയ വിഗ്രഹം ആയിരുന്നു. അതിനെ ഒരു വിഗ്രഹം എന്നതിലുപരി ഒരു വലിയ പ്രതിമ എന്നെ പറയാന്‍ കഴിയൂ. അവിടെ ഞങ്ങള്‍ ദര്‍ശനം നടത്തി മുന്നോട്ട്‌ നീങ്ങവെ, ശിവണ്റ്റെ ആ വലിയ പ്രതിമക്ക്‌ സമീപത്തേക്കു ഞങ്ങള്‍ എത്തിച്ചേര്‍ന്നു. വളരെ ആകര്‍ഷകമാണ്‌ ആ പ്രതിമ. അതിനടുത്തെത്തിയപ്പൊഴാണറിയുന്നത്‌, അതിനോടനുബന്ധിച്ചു, ഭാരതത്തിലെ 12 ശിവക്ഷേത്രങ്ങളുടെ ചെറു പ്രതിഷ്ഠകള്‍ അവിടെ ഉണ്ട്‌ എന്ന്‌. അതും ഒരു ഗുഹയുടെ രൂപത്തിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. എങ്ങ്‌ തെക്കു രാമേശ്വരം മുതല്‍ അങ്ങ്‌ വടക്കു അമര്‍നാഥ്‌ വരെ ആ ഗുഹക്കുള്ളില്‍ പുനരാവിഷ്കരിച്ചിരിക്കുന്നു. അതില്‍ നിന്നും പുറത്തിറങ്ങി വരുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്നത്‌ മാനസസരോവറിണ്റ്റെ ഒരു പുനരാവിഷ്കാരമാണ്‌. അവിടെ നിന്നും തൊഴുതിറങ്ങി നടക്കുമ്പോള്‍, എനിക്കു തോന്നിയ ഒരു കാര്യം, അവിടെ ഭക്തിയില്‍ കൂടുതല്‍ ഒരുതരം കച്ചവടമാണ്‌ നടക്കുന്നതെന്ന്‌. ഒരു ഭക്തന്‍ ആ ക്ഷേത്രപരിസരത്തെത്തുന്നതു മുതല്‍ ഇറങ്ങുന്നതു വരെ അയാള്‍ കൊള്ളയടിക്കപ്പെടുകയല്ലെ ചെയ്യുന്നത്‌ എന്നൊരു സംശയം എണ്റ്റെ മനസ്സില്‍ ഓടി എത്തുകയുണ്ടായി. അയാള്‍ വരുന്ന വാഹനത്തിണ്റ്റെ പാര്‍ക്കിംഗ്‌ മുതല്‍ തുടങ്ങുകയായി അത്‌. ഓരോരോ ചെറിയ വിഗ്രഹങ്ങള്‍ക്കു മുന്നിലും ഓരോരോ പൂജാരിമാരും, അവിടെല്ലാം പല പൂജകള്‍ക്കു വേണ്ടി പണപ്പിരിവും. ആ ക്ഷേത്രത്തിലെ, 12 ചെറു ശിവ പ്രതിഷ്ഠകള്‍ സജ്ജീകരിച്ചിരിക്കുന്നത്‌ ഒരു മ്യൂസിയം പോലെയാണ്‌. എന്നെയതൊരു, ക്ഷേത്രം എന്നതിലുപരി ഒരു കാഴ്ച ബംഗ്ളാവിനെപ്പോലെയാണ്‌ ആകര്‍ഷിച്ചത്‌. ഭക്തി വെറും കച്ചവടമാകുന്നതിന്‌ മറ്റു ചില ഉദാഹരണങ്ങളും ലഭ്യമായിരുന്നു. ക്ഷേത്രത്തിണ്റ്റെ അധികാരികള്‍ തന്നെ നേരിട്ടു നടത്തുന്ന പല ചെറു കടകളും എനിക്കവിടെ കാണുവാനായി. അവിടെല്ലാം ഭക്തിയെ വെറും കച്ചവടച്ചരക്കാക്കുന്ന ഒരവസ്ഥയാണ്‌ ഞാന്‍ കണ്ടത്‌. അവിടെ കച്ചവടത്തിനു വച്ചിരിക്കുന്നവയില്‍ അധികവും ഭക്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്‌. ഭക്തിയുടെ പേരില്‍ ഒരു ചൂഷണമണവിടെ നടക്കുന്നത്‌. അവിടെ നിന്നിറങ്ങുമ്പോള്‍ ഭഗവത്‌ ദര്‍ശനത്തിണ്റ്റെ ഒരു കുളിറ്‍മ മനസ്സിനുണ്ടയെങ്കിലും, ഭക്തിയെ കച്ചവടച്ചരക്കാക്കുന്നതു കണ്ടപ്പൊഴുണ്ടായ ഒരു സങ്കടം മാത്രമാണ്‌ ബാക്കി ഉണ്ടായിരുന്നത്‌.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.