Sunday, July 15, 2007
മാമ്പഴക്കാലം….മാമ്പഴക്കാലം….
എണ്റ്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, എനിക്കെപ്പൊഴും ഓര്‍മ്മ വരുന്നത് അവധിക്കാലമാണ്. അതും വേനലവധിക്കാലം. ചെറുപ്പത്തില്‍ എണ്റ്റെ അവധിക്കാലം മുഴുവന്‍ ഞാന്‍ ചിലവഴിച്ചത് അമ്മയുടെ വീടായ പാലായിലും, പേരമ്മയുടെ വീടായ പുന്നത്തുറയിലും ആണ്. ഈ അവധിക്കാലം തന്നെയാണ് മാമ്പഴക്കാലവും എന്നത് ഒരു മധുരതരമായ ഓര്‍മ്മയാണ്.
ആ മാമ്പഴക്കാലങ്ങളെക്കുറിച്ചുള്ള എണ്റ്റെ അധികം ഓര്‍മ്മകളും പുന്നത്തുറയില്‍ ആണ്. അവിടെ മുറ്റത്തും തൊടികളിലുമായി അനേകം മാവുകള്‍ ഉണ്ടായിരുന്നു. നാടന്‍ മാവ് മുതല്‍ പലതരം ക്രോസ്സ് ബ്രീഡ് മാവുകള്‍ വരെ അവിടുത്തെ തൊടികളില്‍ കാണാമായിരുന്നു. അവയില്‍ പലതും വര്‍ഷങ്ങളായി ആ പറമ്പുകളില്‍ നില്‍ ക്കുന്നവയണ്. പണ്ടൊക്കെ പുന്നത്തുറ വീട്ടില്‍ എത്തുമ്പോള്‍ തന്നെ മാമ്പഴത്തിണ്റ്റെ ആ മണം മൂക്കില്‍ വന്ന് നിറയുമായിരുന്നു. വേനല്‍കാലത്ത് അവിടെ പോയിട്ട് ഒരിക്കല്‍ പോലും മാമ്പഴം കഴിക്കാതെ വന്നിട്ടില്ല. വീട്ടിലെ പത്തായത്തിനടുത്ത് അല്ലെങ്കില്‍ തട്ടിന്‍പുറത്ത് ഉറപ്പായും ഉണ്ടാവും മാമ്പഴത്തിണ്റ്റെ ഒരു കൊട്ട. മിക്കവാറും നാടന്‍ മാമ്പഴമാവും അത്. നേരെ നടയുടെ മുന്നില്‍ തന്നെ രണ്ടോ മൂന്നോ മാവുണ്ടായിരുന്നു. അവയിലൊക്കെ തന്നെ നിറയെ മാങ്ങകളും. പക്ഷെ അതൊന്നും പറിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഞങ്ങള്‍ കുട്ടികള്‍ എന്ന് പറഞ്ഞാല്‍, ഞാന്‍, വിമല്‍, കണ്ണന്‍, വിനീത ചേച്ചി, പിന്നെ ചിലപ്പോഴൊക്കെ വിപിനും, ദിപു ചേട്ടനും. അച്ചാമ്മ ആയിരുന്നു, ഇതിണ്റ്റെയൊക്കെ കാവല്‍ക്കാരി. അച്ചാമ്മയുടെ വക മുന്നറിയിപ്പുകള്‍ ഞങ്ങള്‍ മുറ്റത്തെക്കിറങ്ങുമ്പൊള്‍ തന്നെ കിട്ടുമായിരുന്നു. ഒന്നെങ്കില്‍ മഴ പെയ്യുമ്പോള്‍ അവ കൊഴിഞ്ഞു വീഴും, അപ്പോള്‍ പറുക്കി എടുക്കാം, അല്ലെങ്കില്‍ ആരും കാണാതെ പറിച്ചെടുക്കണം. ഇതു രണ്ടും നടപ്പില്ലാത്തതിനാല്‍, അച്ചാമ്മയുടെ കണ്ണൂവെട്ടിച്ച് വേണം മാങ്ങ എറിഞ്ഞിടാന്‍. അതും അത്ര എളുപ്പമുള്ള പണിയായിരുന്നില്ല. വളരെ സൂക്ഷ്മതയോടെ വേണം ആ കൃത്യം നിര്‍ വഹിക്കാന്‍. ഒരു മിലട്ടറി ഓപ്പറേഷന്‍ പോലെയാണ് ഞങ്ങള്‍ അതിനെ കണ്ടിരുന്നത്. കല്ലോ, കൊഴിയൊ ഓടിനുമുകളിലൊ, ആസ്ബറ്റോസ് ഷീറ്റിന് മുകളിലോ വീഴാന്‍ പാടില്ല. ആരുടയും കണ്ണിലും പെടാന്‍ പാടില്ല. മുന്‍ വശത്തെ വാതിലിനു മുന്നില്‍ നില്‍ ക്കുന്ന മാവിലെ മാങ്ങായായിരുന്നു രുചി കൂടിയ മുന്തിയ ഇനം. പക്ഷെ അപകട സാധ്യത കണക്കിലെടുത്ത് പലപ്പോഴും ഞങ്ങള്‍ അത് ഒഴിവാക്കിയിരുന്നു. പക്ഷെ അതു തിന്നാനുള്ള കൊതി മൂത്തുകഴിയുമ്പോള്‍ ഞങ്ങള്‍ ആ കടുംകൈയും ചെയ്തിട്ടുണ്ട്. മിക്കപ്പോഴും ഈ ഓപ്പറേഷന്‍ മാങ്ങയുടെ ചരടുവലിക്കുക കുട്ടായി എന്നു ഞങ്ങള്‍ വിളിക്കുന്ന വിമല്‍ ആയിരിക്കും. വീഴുന്ന മാങ്ങാകള്‍ പറുക്കുന്നതു ഞാനും കണ്ണനും ആയിരിക്കും. വിനീത ചേച്ചിയുടെ ചുമതല പരിസര നിരീക്ഷണം മാത്രം ആയിരിക്കും. പഴുത്ത മാങ്ങകള്‍ അപ്പോള്‍ തന്നെ ഞങ്ങളുടെ വയറ്റില്‍ എത്താറാണ് പതിവ്. പച്ചമാങ്ങകള്‍, തരം കിട്ടുമ്പോള്‍ അടുക്കളയില്‍ നിന്നും ഉപ്പും, മുളകുപൊടിയും അടിച്ചുമാറ്റി അതു കൂട്ടി കഴിക്കുമായിരുന്നു.
ആ മാമ്പഴക്കാലങ്ങളുടെ മറ്റോരു പ്രത്യേകത, വേനല്‍ മഴയും അതിണ്റ്റെ കൂടെ വരുന്ന ശക്തിയായ കാറ്റും ആണ്. മഴ വരുന്നതിനു മുന്‍പെ, ഇടിയും മിന്നലും ഒക്കെ ഉണ്ടെങ്കിലും ഞങ്ങള്‍ മാമ്പഴം പറുക്കാനായി തൊടികളിലേക്കു ഓടുമായിരുന്നു. കാറ്റുമാത്രമാണെങ്കില്‍, കിട്ടാവുന്നത്ര മാമ്പഴവുമായേ ഞങ്ങള്‍ മടങ്ങി വരാറുള്ളു. അഥവാ മഴപെയ്യുകയാണെങ്കില്‍, മഴ തോരേണ്ട താമസം ഞങ്ങള്‍ മാവിന്‍ ചുവട്ടില്‍ ഉണ്ടാവും. വൈകിട്ടാവുമ്പോഴെക്കും, അന്നത്തെ മാങ്ങയുടെ എണ്ണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടാവും.. അത് മിക്കവാറും രാത്രി വരെ തുടരും, അല്ലെങ്കില്‍ ആ തര്‍ക്കം പേരമ്മയുടെയോ, വലിയച്ഛ്ണ്റ്റെയോ അടുത്തെത്തിയിട്ടുണ്ടാവും. അന്തിമവിധി അവരുടെതാവും. അതോടെ അന്നത്തെ തര്‍ക്കങ്ങള്‍ ക്കും വഴക്കിനും വിരാമമാകുകയായി. എന്നിരുന്നാലും ഞങ്ങളുടെ മാങ്ങാ മോഷണം ഒരിക്കലും പുറത്തു വന്നിട്ടില്ല. മാങ്ങായുടെ എണ്ണം കുറയുന്നത് ശ്രദ്ധയില്‍ പെട്ടാലും ആരും ഞങ്ങളെ സംശയിച്ചിരുന്നില്ല. കാരണം മാങ്ങാ മോഷണം അച്ചാമ്മയുടെ ശ്രദ്ധയില്‍ പെടുത്തുന്നത് ഞങ്ങള്‍ തന്നെയാവും!!!
മാങ്ങായുടെ പിറകെ ഞങ്ങളുടെ ഓട്ടം അവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. ക്രിക്കറ്റുകളിക്കാന്‍ പോകുന്ന എല്ലാ പറമ്പുകളിലും, കുളിക്കാനായി ആറ്റിലേക്കു പോകുമ്പോള്‍ തെക്കേലെ വീടിണ്റ്റെ മുന്നിലും, തൊടികളിലും എല്ലാം ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരെയൊരു ഘടകം മാങ്ങയും മാമ്പഴവും മാത്രമായിരുന്നു. മഴപെയ്തതിനു ശേഷം ഞങ്ങള്‍ മാങ്ങ പറുക്കാന്‍ കയറാത്ത ഒരെയൊരു പറമ്പു തെക്കേലെ പറമ്പായിരുന്നു. അത് എന്തു കൊണ്ടായിരുന്നു എന്ന് ഇന്നും എനിക്കു അജ്ഞാതമായ ഒരു കാര്യമാണ്. ആരും ഒരിക്കലും തെക്കേലെ പറമ്പിലേക്കു പൊകാമെന്നു പറഞ്ഞിട്ടേയില്ല… ആ ഭാഗത്തുള്ള കുട്ടികളെല്ലാം കളിക്കാനായി വരുന്ന പടിഞ്ഞാറെകൂറ്റിലെ വീട്ടിലും, തൊടികളിലും ധാരാളം മാവുകള്‍ ഉണ്ടായിരുന്നു. പക്ഷേ ആ വീടിനെപ്പറ്റിയുണ്ടായിരുന്ന ഒരു നിഗൂഢത ഞങ്ങളെ ഒറ്റക്കു അവിടെ പോകുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തിയിരുന്നു. ഒരിക്കല്‍ അവിടെ പോകാനായി പദ്ധതികള്‍ ആസൂത്രണം ചെയ്തുവെങ്കിലും, അവസാന നിമിഷം പേടി ഞങ്ങളെ കീഴടക്കിക്കളഞ്ഞു. മാങ്ങയുടെയും മാമ്പഴത്തിണ്റ്റെയും ഓര്‍മ്മകള്‍ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നവയല്ല…
ഇന്നും അവിടെ പോകുമ്പൊള്‍, ആ കാലത്തെക്കുറിച്ചും അന്നു കാണിച്ച കുസൃതികളെക്കുറിച്ചും എല്ലാം ഓര്‍മ്മ വരാറുണ്ട്. വീടും തൊടികളും എല്ലാം മാറിയെങ്കിലും, പഴയ കുറെ മാവുകള്‍ ഇപ്പോഴും ആ തൊടികളില്‍ ഉണ്ട്. അവയൊക്കെ എപ്പോഴും പൂക്കാറും കായ്ക്കാറുമുണ്ട്. വേനല്‍ക്കാലമാവുമ്പോള്‍ എപ്പോഴും കുട്ടികള്‍ അതിണ്റ്റെ ചുവട്ടില്‍ എത്താറുമുണ്ട്. അതിനര്‍ത്ഥം എപ്പോഴും കുട്ടികള്‍ ക്ക് മാമ്പഴക്കാലം പ്രിയപ്പെട്ടതു തന്നെ ആണ് എന്നാണ്. ആ പഴയകാലത്തേക്കു ഒന്നു കണ്ണോടിക്കുമ്പോള്‍, മാമ്പഴത്തിണ്റ്റെ മധുരം നാവിലും, ഒരു നഷ്ടബോധം മനസ്സിലും തോന്നാറുണ്ട്. പക്ഷേ ആ വേദന വളരെ സുഖകരമായ ഒന്നായേ പലപ്പോഴും തോന്നിയിട്ടുള്ളു…
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...