Monday, February 16, 2009

സാമ്പത്തിക മാന്ദ്യത്തിലെ ലാഭകരമായ ബിസിനസ്സ്‌

കഴിഞ്ഞ വെള്ളിയാഴ്ച പ്രഭാതം. പ്രഭാതം എന്നൊക്കെ പറഞ്ഞാല്‍ ഏകദേശം ഒരു 9 മണി. "സാറേ...സാറേ...." എന്ന വിളി കേട്ടാണ്‌, ഞാന്‍ വീടിന്റെ മുന്‍വശത്തെ ജനലിലൂടെ പുറത്തേക്കു നോക്കുന്നത്‌. അവിടെയൊരാള്‍ വിനീതവിധേയനായി നില്‍ക്കുന്നു. പറമ്പില്‍ പണിക്കാര്‍ ഉള്ളതിനാല്‍, അച്ഛന്‍ അവിടെയായിരുന്നു. "ആ പറമ്പിലേക്കു ചെല്ലൂ..." എന്നു ഞാന്‍ അയാളോടു പറഞ്ഞു. ഞാന്‍ പുറത്തിറങ്ങി വന്നപോഴേക്കും അയാള്‍ പറമ്പിലേക്കു നടന്നു കഴിഞ്ഞിരുന്നു. അയാള്‍ എന്തൊക്കെയോ കുറേ നേരം അച്ഛനുമായി സംസാരിക്കുന്നതു കണ്ടു. അയാള്‍ വന്നതു്‌ ചെറിയൊരു പെട്ടിഓട്ടോയിലായിരുന്നു, കൂടെ രണ്ടു പേരുമുണ്ട്‌. അയാള്‍ അവരോട്‌ എന്തൊക്കെയോ പറയുന്നു. പിന്നീട്‌ തിരിച്ച്‌ വന്നു അച്ഛന്റെ അടുത്തും സംസാരിച്ചു. അല്‍പനേരം കഴിഞ്ഞപ്പോള്‍ കൂടെ വന്നവരെ നോക്കി കൈപൊക്കി കാണിച്ചു. ഉടനെ അവര്‍ ഒരു ചെറിയ കിടക്കയുമെടുത്തു കൊണ്ട്‌ വന്ന്‌, അവിടെ നിന്ന ഒരു പ്ലാവിന്റെ ചുവട്ടില്‍ ഇട്ടു. ഒരാള്‍ ചാടി പ്ലാവില്‍ കയറാന്‍ തുടങ്ങി. ഇത്രയുമായപ്പോള്‍ ഞാന്‍ പതുക്കെ അച്ഛന്റെ അടുത്തു ചെന്നു കാര്യം അന്വേഷിച്ചു. വന്ന ആളുകള്‍ കൊത്തു ചക്ക (മൂപ്പാവാത്ത പിഞ്ചു ചക്ക) നോക്കി വന്നവരാണ്‌. അവര്‍ ഒരു ചക്കയ്ക്ക്‌ 5 രൂപ വച്ചാണ്‌ ഓഫര്‍ ചെയ്‌തത്‌. അച്ഛന്‍ അതു പോരാ എന്നു പറഞ്ഞു, 25 രൂപ എങ്കിലും കിട്ടണം എന്നു പറഞ്ഞു. അതാണ്‌ അയാള്‍ കൂടെ ഉണ്ടായിരുന്നവരുമായി ആലോചിച്ചത്‌. ഒടുവില്‍ 20 രൂപക്കു സമ്മതിച്ചു. ചക്കയുടെ സീസണ്‍ തുടങ്ങുന്നഠേയുള്ളു. ഞങ്ങളുടെ പറമ്പിലാണെങ്കില്‍ വരിക്കയും കൂഒഴയുമായി ഏകദേശം നാല്പതോളം പ്ലാവുകളുമുണ്ട്‌. അതില്‍ ഞങ്ങള്‍ സ്ഥിരമായി ചക്ക പറിക്കുന്ന 3 പ്ലാവുകളൊഴികെ, ബാക്കി എല്ലാത്തില്‍ നിന്നും കൊത്തു ചക്ക പറിക്കുവാന്‍ അവര്‍ക്ക്‌ അനുവാദം കൊടുത്തു. ആദ്യം കണ്ട കിടക്ക, ചക്കകള്‍ ചതയാതെ പറിക്കുവാനുള്ള ഒരു ടെക്ക്‌നിക്കായിരുന്നു. അത്‌ ചാക്കുകള്‍ കൊണ്ട്‌ നിര്‍മ്മിതമായിരുന്നു, ഉള്ളില്‍ പഞ്ഞിയും. മൂന്നു മണിക്കൂറിനുള്ളില്‍ ഏകദേശം 80 ചക്കകള്‍ അവര്‍ പറിച്ചു. അതിന്റെ വിലയും നല്‍കി, അതെല്ലാം ആ പെട്ടിയോട്ടോവില്‍ കയറ്റി കൊണ്ടു പോയി. ഞാന്‍ വിചാരിച്ചു ഇതു ലാഭകരമായ ബിസിനസ്സാണല്ലോ...?

അന്നു വൈകിട്ടു തന്നെ ബാംഗ്ലൂര്‍ വരെ പോകാനുള്ള ഒരു നിയോഗമുണ്ടായിരുന്നു. യാത്ര തുടങ്ങി, വണ്ടി മൂവാറ്റുപുഴ കഴിഞ്ഞപ്പോള്‍ ഒരു കാഴ്ച കണ്ടു. രാവിലെ വന്ന പെട്ടിയോട്ടോ പോലെയുള്ള കുറേയധികം വണ്ടികള്‍, അവിടെ ഒരു സ്ഥലത്ത്‌ ഈ ചക്കകള്‍ ഇറക്കുന്നു. ഒരു കുന്നു ചക്കകള്‍ അവിടെ കൂട്ടിയിട്ടിട്ടുണ്ട്‌. അവിടെ നിന്നും ഒരു പിക്കപ്പ്‌ വാനിലേക്ക്‌ ചക്കകള്‍ കയറ്റുന്നു. അവിടെ ഒരു ഫ്ലക്സ്‌ ബോര്‍ഡും വച്ചിരിക്കുന്നു. "കൊത്തു ചക്കകള്‍ വില്‍പ്പനയ്ക്ക്‌." എന്ന്‌. അവിടെ നിന്നും വണ്ടിയില്‍ യാത്ര തുടര്‍ന്ന്‌, ചാലക്കുടി അടുത്തെത്തി. അവിടെയാണ്‌ സ്ഥിരമായി രാത്രി ഭക്ഷണത്തിനായി നിര്‍ത്തുന്നത്‌. ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ്‌, തൊട്ടടുത്ത്‌ കാലിയായി കിടന്നിരുന്ന മൈതാനത്ത്‌, നല്ല വെളിച്ചവും പന്തലുമൊക്കെ കണ്ടത്‌. അവിടെ ചെന്നു നോക്കിയപ്പോള്‍ ദാ, നേരത്തെ കണ്ട പിക്കപ്പ്‌ വാനുകളില്‍ നിന്നും ചക്കകള്‍ പാണ്ടി ലോറികളിലേക്കു മാറ്റുന്നു. ഇതു കണ്ട്‌ ഞാന്‍ ഒന്നമ്പരന്നെങ്കിലും, അവിടെ ചക്ക പറുക്കിക്കൊണ്ടിരുന്ന ഒരാളോട്‌ കാര്യം അന്വേഷിച്ചു. അപ്പോഴാണ്‌ ഈ ചക്ക ബിസിനസ്സിന്റെ ചുരുളഴിഞ്ഞത്‌. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക്‌ ചക്ക വാങ്ങി, മൂവാറ്റുപുഴയില്‍ എത്തിക്കും. അവിടെ നിന്നും ചക്ക തരം തിരിച്ച്‌, തീരെ പിഞ്ചു ചക്കകള്‍, അവിടെ തന്നെ വില്‍ക്കും. മറ്റുള്ളവ, പിക്കപ്പ്‌ വാനുകളിലാക്കി അവിടെ എത്തിക്കും. അത്‌ പാണ്ടി ലോറികളില്‍ കയറ്റി, തമിഴ്‌നാട്ടിലേക്ക്‌ കയറ്റി അയക്കും. സീസണ്‍ അല്ലാത്തതിനാല്‍, ചക്കയുടെ വലിപ്പം നോക്കിയാണ്‌ വില. 150 മുതല്‍ 500 രൂപ വരെയാണ്‌ അവിടെ അവര്‍ക്കു കിട്ടുന്നത്‌. അപ്പോഴാണ്‌, 5 രൂപ പറഞ്ഞ ചക്കയ്ക്ക്‌ 20 രൂപ വാങ്ങിയതിന്റെ പൊരുള്‍ എനിക്കു പിടികിട്ടിയത്‌. എന്തായാലും സാമ്പത്തിക മാന്ദ്യ കാലത്ത്‌ ഇതൊരു നല്ല ബിസിനസ്സാണ്‌. ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള സാധങ്ങള്‍ക്കായി മലയാളികള്‍ കൈനീട്ടുന്ന തമിഴന്മാര്‍ക്ക്‌, ഒരു ചക്ക തിന്നണമെങ്കില്‍ കൊള്ളവില നല്‍കി മലയാളികളുടെ കയ്യില്‍ നിന്നും അതു വാങ്ങണം എന്നത്‌ രസകരമായ വസ്തുതയാണ്‌.....

4 comments:

  1. ചക്ക യെങ്കിലും കയറ്റി അയക്കുന്നുണ്ടല്ലോ എന്ന് സമാധാനിക്കാം... !
    :)

    ReplyDelete
  2. ഹഹ നാട്ടില്‍ എന്തിനും തോന്നിയ വില ഈടാക്കുമ്പോള്‍ ഒരു ചക്കയില്‍ മാത്രം എന്തിനു കുറയ്ക്കണം!! കേട്ടിട്ടില്ലേ ഒരു കോടിയുടെയും രണ്ടു കോടിയുടേയുമൊക്കെ ഫ്ലാറ്റുകളെപ്പറ്റി ( രണ്ടോ മൂന്നോ മുറികള്‍)

    ReplyDelete
  3. അതിശയിക്കാനില്ല. പാലക്കാട് ചക്ക ഒന്നിന് 45 രൂപ കൊടുത്താ വാങ്ങാറ്. മലബാര്‍ ഏരിയയില്‍ സുലഭമാണ് ചക്കയും മാങ്ങയും.

    അതിരിക്കട്ടെ നിങ്ങള് ശര്യല്ല ട്ടാ. ഇവിടെ ചക്ക ചക്ക എന്നും പറഞ്ഞ് വെള്ളം വിഴുങ്ങി ഇരിക്കുമ്പോഴാ ചിത്രസഹിതം ഇങ്ങനൊന്ന്
    ഇനി ചക്ക തിന്നുമ്പൊ ഒരു ചുള കൊതിപിടിക്കാതിരിക്കാന്‍ മുറ്റത്തേയ്ക്കിട്ടേര്

    :)

    ReplyDelete
  4. ഒരു ചക്ക തിന്നണമെങ്കില്‍ കൊള്ളവില നല്‍കി മലയാളികളുടെ കയ്യില്‍ നിന്നും അതു വാങ്ങണം എന്നത്‌ രസകരമായ വസ്തുതയാണ്‌.....

    ചക്ക വറുത്ത് പാക്കറ്റിലാക്കി അവര്‍ കേരളത്തില്‍ തന്നെയല്ലെ വില്‍ക്കുന്നത്.

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.