Thursday, June 3, 2010

ടി.ഡി ദാസന്‍ സ്റ്റാന്റേര്‍‌ഡ്‌ 6 ബി (T.D Dasan Std VI B)


മോഹന്‍ രാഘവനെന്ന സംവിധായകന്റെ ആദ്യ സംവിധാന സംരംഭമാണ് ടി.ഡി ദാസന്‍ സ്റ്റാന്റേര്‍‌ഡ്‌ 6 ബി. സംവിധായകന്‍ തന്നെ തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ പോള്‍ വടുക്കുംചേരി, പോള്‍ വള്ളിക്കോടത്ത് എന്നിവര്‍ ചേര്‍ന്നാണ്. ബിജു മേനോന്‍, ശ്വേത മേനോന്‍, അലക്സാണ്ടര്‍, ജഗദീഷ്, സുരേഷ് കൃഷ്ണ, മാള അരവിന്ദന്‍, ടീന റോസ്, ജഗതി ശ്രീകുമാര്‍, വത്സല മേനോന്‍, ശ്രുതി എന്നിങ്ങനെ താരതമ്യേന ചെറിയ താരനിരയാണ് ചിത്രത്തിന്റേത്‌.

ദാസന്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ അവനേയും അമ്മയേയും ഉപേക്ഷിച്ച്‌ നാടുവിട്ടതാണ് അവന്റെ അച്ഛന്‍. കേരളത്തിന്റെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍, അമ്മയോടൂം അച്ചമ്മയോടുമൊപ്പം താമസിച്ച്‌ വരികയാണ് ദാസന്‍. പറഞ്ഞു മാത്രം കേട്ടിട്ടുള്ള തന്റെ അച്ഛനെ അകമഴിഞ്ഞ്‌ സ്നേഹിക്കുന്നുണ്ട്‌ ദാസന്‍. ഒരിക്കല്‍ അമ്മയുടെ പെട്ടിയില്‍ നിന്നും അവന്‍ അച്ഛന്റെ മേല്‍‌വിലാസം കണ്ടെടുക്കുന്നു. ആ വിലാസത്തില്‍ ദാസന്‍ തന്റെ അച്ഛന് കത്തയയ്ക്കുകയാണ്. എന്നാല്‍ ആ കത്ത്‌ എത്തുന്നത്‌, ബാംഗ്ലൂരില്‍ അവന്റെ അച്ഛന്‍ പണ്ടു താമസിച്ചിരുന്ന വീട്ടിലാണ്. അവിടെ ഇപ്പോള്‍ താമസിക്കുന്നത്‌ പരസ്യചിത്രങ്ങളുടെ സംവിധായകനും അയാളുടെ മകളുമാണ്. ആ കത്തുകള്‍ വായിക്കുന്ന ആ പെണ്‍കുട്ടി, ദാസന് തന്റെ അച്ഛനോടുള്ള സ്നേഹം മനസിലാകുകയും, അവന്റെ അച്ഛന്റെ പേരില്‍ അവന്‌ മറുപടി അയയ്ക്കുകയും ചെയ്യുന്നു. ദാസന്റെ ജീവിതവും സ്വപ്നങ്ങളും മോഹഭംഗങ്ങളുമെല്ലാം നാം ആ കത്തുകളിലൂടെ കാണുന്നു. അങ്ങനെ ഇവര്‍ തമ്മിലുള്ള കത്തിടപാടിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്‌.

കത്തുകള്‍ തന്നെ അപ്രസക്ത
മാകുന്ന ഇന്നത്തെ സമൂഹത്തില്‍, കത്തിനെ ആധാരമാക്കി മനോഹരമായ ഒരു ചിത്രമാണ് മോഹന്‍ രാഘവന്‍ അഭ്രപാളിയില്‍ കോറിയിട്ടിരിക്കുന്നത്‌. ലാളിത്യമുള്ള ഈ കഥ, ഇനിയും മരിച്ചിട്ടില്ലാത്ത സമൂഹമനസാ‍ക്ഷിയുടെ ഒരു പ്രതിഫലനമാണ്. ഒരു പതിനൊന്നു വയസ്സുകാരന്റെ ജീവിതത്തെ കത്തുകളിലൂടെ നമുക്കായി പറഞ്ഞു തരുന്ന രീതിയിലാണ് ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ദാസന്റെ കണ്ണുകളിലൂടെ സമൂഹത്തെ കാണുവാനും, തന്റെ ജീവിതത്തെ അവന്‍ നോക്കികാണുന്ന രീതിയുമെല്ലാം അതിമനോഹരമായി അവതരിക്കപ്പെട്ടിരിക്കുന്നു. അച്ഛനോടുള്ള അടങ്ങാത്ത സ്നേഹവുമായി കഴിയുന്ന ദാസന്‍, നമ്മെ ഒരു നിമിഷമെങ്കിലും നൊമ്പരപ്പെടുത്താതിരിക്കില്ല. എന്നാല്‍ കഥ പുരോഗമിക്കുന്നത്‌ ദാസന് നഷ്ടപ്പെട്ട പിതാവിന്റെ ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന വസ്തുത വ്യക്തമാക്കിക്കൊണ്ടാണ്. ആദ്യമെ അല്പം ഇഴച്ചില്‍ അനുഭവപ്പെടുമെങ്കിലും പിന്നീടത്‌ മാറുന്നുണ്ട്‌. സംഭാഷണങ്ങളിലെ സ്വാഭാവികതയും, രംഗങ്ങളില്‍ അനുവര്‍ത്തിച്ചിരിക്കുന്ന സൂക്ഷമതയും പ്രശംസനീയം തന്നെ. സമകാലീന സാമൂഹിക പ്രശ്നങ്ങളേയും ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന തിരനാടകം, ഒരല്പം സസ്‌പെന്‍സും സൂക്ഷിക്കുന്നതോടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നു.

വന്‍ താരനിരയില്ലാത്ത ചിത്രമാണ് ടി.ഡി ദാസന്‍. ചിത്രത്തിലെ മുഖ്യകഥാപാത്രമായ ദാസനെ അവതരിപ്പിച്ചിരിക്കുന്നത്‌ അലക്സാണ്ടറാണ്. മറ്റൊരു പ്രധാന കഥാപാത്രമായ അമ്മുവായി അഭിനയിച്ചിരിക്കുന്നത്‌ ടീന റോസാണ്. രണ്ടു കുട്ടികള്‍ കേന്ദ്രകഥാപാത്രമായി വരുന്നു എന്നത്‌ ഈ ചിത്രത്തിന്റെ ഹൈലെറ്റായി മാറുന്ന അവസരത്തില്‍, ചിത്രത്തിലുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്ന പ്രധാന പ്രശ്നം കുട്ടികളുടെ അഭിനയം ആയിരുന്നു. എന്നാല്‍ പക്വമായ അഭിനയമാണ് അലക്സാണ്ടറും ടീന റോസും കാഴ്ചവച്ചിരിക്കുന്നത്‌. സ്വാഭാവികമായ രീതിയില്‍ സംഭാഷണങ്ങള്‍ പറയുവാനും പ്രതികരിക്കുവാനും അവര്‍ക്ക്‌ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്. കേന്ദ്രകഥാപത്രങ്ങളെ തിരഞ്ഞെടുത്ത പോലെ തന്നെ അനുയോജ്യരായ അഭിനേതാക്കളെയാണ് സംവിധായകന്‍ മറ്റു കഥാപാത്രങ്ങക്കായും കണ്ടെത്തിയിരിക്കുന്നത്‌. ദാസന്റെ അമ്മ ചന്ദ്രികയെ അവതരിപ്പിച്ചിരിക്കുന്ന ശ്വേതാ മേനോന്റെ അഭിനയം മികച്ചതാണ്. ഗ്ലാമര്‍ റോളുകളില്‍ നിന്നും തനി നാടന്‍ റോളുകളിലേക്കുള്ള ഈ നടിയൂട കളം മാറ്റം സംശയദൃഷ്ടിയോടെ കണ്ട വിമര്‍ശകരുടെ നാവടപ്പിക്കുന്ന പ്രകടനമാണ് ശേതാ മേനോന്റേത്‌. ഒരു പക്ഷേ പാലേരി മാണിക്യം നല്‍കിയ ആത്മവിശ്വാസം അവരെ സഹായിക്കുന്നുണ്ടാവാം. അമ്മുവിന്റെ അച്ഛനായി വരുന്ന ബിജു മേനോന്‍ തന്റെ കഥാപാത്രത്തെ ഭംഗിയായിരിക്കുന്നു, ഒരു പക്ഷേ മലയാള സിനിമ, വേണ്ടത്ര ഉപയോഗിക്കാത്ത ഒരു നടനാവാം ബിജുമേനോനെന്ന്‌ തോന്നി പോകുന്നു. ജഗദീഷ്, സുരേഷ് കൃഷ്ണ, മാള അരവിന്ദന്‍, ജഗതി ശ്രീകുമാര്‍, വത്സല മേനോന്‍, ശ്രുതി തുടങ്ങി ഒട്ടേറേ വന്നുപോകുന്ന കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്‌. ഈ കഥാപാത്രങ്ങള്‍ക്ക്‌ ഒരു ഐഡന്റിറ്റി നല്‍കാന്‍ തിരക്കഥാകൃത്തിനു കഴിയുന്നെണ്ടെങ്കിലും, അവയ്ക്ക്‌ വേണ്ടത്ര ആഴം നല്‍കാന്‍ കഴിഞ്ഞില്ല എന്നത്‌ ഒരു ന്യൂനതയാണ്.

അരുണ്‍ വര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌. ചിത്രത്തിന്റെ കഥാഗതിക്കുതകുന്ന വിധമാണ് അരുണ്‍ ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്‌. അതിനെ കോപ്ലിമെന്റു ചെയ്യുന്ന രീതിയിലാണ് വിനോദ് സുകുമാരന്‍ ഒരുക്കിയിരിക്കുന്ന ചിത്രസന്നിവേശം. ചിത്രത്തിന് മനോഹരമായ ദൃശ്യഭാഷ്യം ചമയ്ക്കാന്‍ സംവിധായകനെ ഇവര്‍ സഹായിക്കുന്നുണ്ട്‌. പലപ്പോഴും ചിത്രങ്ങള്‍ക്ക് അനുഗ്രഹത്തിലേറെ ദോഷമാകാറുണ്ട്‌, ബഹളമയമായ പശ്ചാത്തല സംഗീതം. എന്നാല്‍ ടി.ഡി ദാസനിലെ പശ്ചാത്തല സംഗീതം അതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നു. ഒരു കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ സ്ഥിരം പാറ്റേണില്‍ നിന്നും വ്യത്യസ്ഥമായാണ് ശ്രീവത്സന്‍ ജെ. മോനോന്‍ ഈ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്‌. നിശബ്ദതയ്ക്കിടയിലൂടെ കടന്നു വരുന്ന പശ്ചാത്തല സംഗീതം, എന്നാല്‍ അതു മൂലം ഒരു ആര്‍ട്ട്‌ ഫിലിം എന്ന പ്രതീതിയുളവാക്കാതിരിക്കാനും അദ്ദേഹം ശ്രമിച്ചിരിക്കുന്നു. അതിനൊപ്പം എന്‍. ഹരികുമാറിന്റെ ശബ്ദമിശ്രണവും ഉന്നത നിലവാരം പുലര്‍ത്തുന്നു. റഫീഖ് അഹമ്മദ് വരികളൊരുക്കി, ശ്രീവത്സന്‍ ജെ. മേനോന്‍ സംഗീതം നല്‍കി, കല്യാണി മേനോന്‍, ജിന്‍ഷ എന്നിവര്‍ ചേര്‍ന്നാലപിച്ച “വെഞ്ചാമരക്കാറ്റേ...” എന്ന ഒരേയൊരുഗാനമേ ചിത്രത്തിലുള്ളൂ. അതീവ ഹൃദ്യമായ രീതിയിലൊരിക്കിയ ഗാനമാണിത്‌. ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നതും അതു മനോഹരമായാണ്. അച്ഛന്റെ കത്തു വായിക്കുന്ന മകന്റെ ആനന്ദത്തില്‍ നിന്നും തുടങ്ങി, ഒരു ഉള്‍നാടന്‍ ഗ്രാമത്തിലൂടെയുള്ള യാത്രയാണീ ഗാനം,. ഒരു പക്ഷെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായതും ഇപ്പോള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ ചില കലാരൂപങ്ങളേയും കാഴ്ചകളേയുമെല്ലാം മനോഹരമായി ഒപ്പിയെടുത്താണ് ഈ ഗാനത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്‌.
 

അല്പം പഴഞ്ചന്‍ മനസ്സു സൂക്ഷിക്കുന്ന ഏതൊരാള്‍ക്കും കത്തുകളെന്നത്‌ ഗൃഹാതുരമായ ഓര്‍മ്മകള്‍ സമ്മാനിച്ചേക്കാം. എന്നാല്‍ കത്തുകള്‍ തന്നെ കലാഹരണപ്പെട്ട ഈ കാലത്ത്‌, കത്തുകളെന്തെന്നു കാണാത്ത ഒരു സമൂഹത്തൊട്‌ കത്തിനെ ആധാരമാക്കിയുള്ള കഥ പറയുക എന്ന ശ്രമകരമായ ജോലിയാണ് ടി.ഡി. ദാസന്‍ സ്റ്റാന്റേര്‍ഡ്‌ 6 ബി നടത്തുന്നത്. ലളിതമായ കഥയും സാധാര മനുഷ്യര്‍ കഥാപാത്രങ്ങളുമാകുന്ന ചിത്രങ്ങള്‍ അന്യം നില്‍ക്കുന്ന എന്നത്തെ കാലത്ത്‌, ടി.ഡി. ദാസന്‍ നമുക്ക് സമ്മാനിക്കുന്നത്‌ വേറിട്ടൊരു ദൃശ്യാനുഭവമാണ്. മാനുഷികമൂല്യമുള്ള കഥപറയുന്ന ഈ ചിത്രം ചേര്‍ത്തു വയ്ക്കുന്നത്‌ സാധാരണക്കാരില്‍ സാധാരണക്കാരക്കാരുടെ ജീവിതവും, ജീവിത യാഥാര്‍ത്ഥ്യങ്ങളുമാണ്. ഏതൊരു പ്രതികൂല സാഹചര്യങ്ങളിലും, പ്രതീക്ഷയുടെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന ഒരു പതിനൊന്ന്‌ വയസ്സുകാരന്റെ ജീവിതം ഈ ചിത്രത്തിനാധാരമാകുമ്പോള്‍, അതിലൂടെ വരച്ചു കാട്ടപ്പെടുന്നത്‌ ഇടത്തരക്കാരുടെ ജീവിതമാണ്. സൂപ്പര്‍താര സാന്നിധ്യമില്ലാത്ത ഈ ലോ ബഡ്ജറ്റ്‌ ചിത്രം എത്ര നാള്‍ തീയേറ്ററുകളില്‍ നില്‍ക്കുമെന്നറിയില്ല. എന്നാല്‍ അതിമാനുഷ കഥാപാത്രങ്ങളും, സൂപ്പര്‍ താരങ്ങളും, കേട്ടുപഴകിയ അവിഞ്ഞ തമാശകളും അരങ്ങു വാഴുന്ന മലയാള സിനിമയക്ക്‌ വലപ്പോഴും ലഭിക്കുന്ന വരപ്രസാദമാണ് ടി.ഡി. ദാസന്‍ പോലെയുള്ള ചിത്രങ്ങള്‍. തീരെ ചിലവു കുറഞ്ഞ ചിത്രമായതിനാല്‍, വേണ്ടത്ര പരസ്യങ്ങളോ, പ്രമോഷനോ കൂടാതെയാണ് ഇത്തരം ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്‌.  അതിനൊപ്പം, അവാര്‍ഡ്‌ ചിത്രമായേക്കാമെന്ന അബദ്ധ ധാരണ കൂടിയാകുമ്പോള്‍, കുടും‌ബപ്രേക്ഷകരും ചിത്രത്തില്‍ നിന്നും അകലുന്നു. അതു കൊണ്ടു തന്നെ, ഇത്തരം ചിത്രങ്ങള്‍ സാധാരണക്കാരിലെത്താതെ പോകുന്നു എന്നത്‌ ദു:ഖകരമായ വസ്തുതയാണ്.  നല്ല ചിത്രങ്ങള്‍ക്ക്‌ ഈ ഗതി വരുന്നത്‌ മലയാള സിനിമയ്ക്ക് ഒട്ടും ഭൂഷണമല്ല. ടി.ഡി ദാസന്‍ ഒരു മഹത്തായ ചിത്രമൊന്നുമല്ല, എന്നിരുന്നാലും സമകാലീന മലയാള സിനിമയിലേക്ക്‌ കണ്ണോടിച്ചാല്‍, ഒരു പക്ഷെ ഈ അടുത്ത കാലത്തിറങ്ങിയ കാമ്പുള്ള ചിത്രമാണിത്‌, 2010 ല്‍ ഇതു വരെ ഇറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രവും.

എന്റെ റേറ്റിങ്: 8.6/10.0


ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.