Sunday, December 14, 2008

യാത്ര, ജീവിതയാത്ര

യാത്ര തുടങ്ങി ഞാന്‍ ഇന്നലെ-
ഇന്നുമാ യാത്ര തുടര്‍ന്നിടുന്നു.
എവിടെയോ സമാപിക്കുമാ-
യാത്രതന്‍ ദൈര്‍ഘ്യം പറയവയ്യ.

യാത്ര, ഇത്‌ ജീവിതമാം യാത്ര
എവിടെ തുടങ്ങിയെന്നോര്‍ത്തു ഞാന്‍
രണ്ടു പതിറ്റാണ്ടുകള്‍ക്കപ്പുറമോ, അല്ല
വെറും പൈതലിന്‍ യാത്രയെ
ജീവിതയാത്രയായ്‌ കാണവയ്യ...
നിഷ്‌കളങ്കമാം പൈതലിന്‍ മനസ്സില്‍
ഭാവിതന്‍ ഉത്‌കണ്ഠകളൊന്നുമില്ല
എന്നു മനസ്സില്‍ കളങ്കങ്ങള്‍ വീണോ
അന്നു തുടങ്ങി നാം ജീവിതയാത്ര.
പ്രശ്നങ്ങള്‍ അനുദിനം ജീവിതത്തെ
അതുവഴി നമ്മുടെ മാനസത്തെ
അങ്ങനെ നമ്മുടെ യാത്രയൊ, തെല്ല-
ലോസരപ്പെടുത്തി കളങ്കിതമാക്കുന്നു.
യാത്ര, ഇത്‌ ജീവിതമാം യാത്ര.

മനസ്സിന്‍ കാരാഗൃഹത്തില്‍ തളച്ചൊരാ
പ്രശ്നങ്ങളാം പൈങ്കിളികള്‍
അഗ്നി പര്‍വ്വതത്തിന്‍ ലാവ കണക്കെ
സംഹാര താണ്ഡവമാടി പുറത്തു വരുന്നു.
ജീവിതത്തിന്‍ ആമോദങ്ങളെ
വേരോടെ തന്നെ പിഴുതെറിഞ്ഞും
കഠിനമാം സന്താപത്തിന്‍ വിത്തുകള്‍ പാകിയും
നിര്‍ബാധം പ്രവഹിക്കുന്നുവല്ലോ...
യാത്ര, ഇത്‌ ജീവിതമാം യാത്ര...

ജീവിതം തന്‍ പ്രശ്നങ്ങളില്‍
പെട്ടഴലുന്ന മനുജന്‍, തന്‍-
ജീവിതയാത്രയില്‍ ക്ലേശിക്കുന്നു
രാപാര്‍ത്തുവല്ലോ, അവരെന്നും ഒരു
വഴിയമ്പലം പോലെ വരുമാ സ്ഥലങ്ങളില്‍
ഒടുവിലവിടെ നിന്നൊരിക്കല്‍
വീണ്ടും തുടരുന്നുവല്ലോ ജീവിതമാം യാത്ര
യാത്ര, ഇത്‌ ജീവിതമാം യാത്ര

ആഹ്ലാദ തിമിര്‍പ്പിലവന്‍, ആ
വഴിയമ്പലത്തില്‍ ദിനങ്ങള്‍ കഴിച്ചു കൂട്ടി
ഒരുവേള ദു:ഖങ്ങള്‍, അല്ല
ജീവിതം തന്നെയവന്‍ വിസ്മരിക്കുന്നു.
കൊട്ടിക്കലാശത്തിന്‍ നേരത്തു വീണ്ടുമവന്‍
നഷ്ടങ്ങളെ ഓര്‍ത്ത്‌ വിലപിക്കുന്നു
പിരിഞ്ഞു പോം വേളയില്‍ വെറുതെ
യാത്ര പറഞ്ഞവന്‍ തുടരുന്നു യാത്ര
യാത്ര, ജീവിതമാം യാത്ര

പല പല ലക്ഷ്യങ്ങള്‍ കോര്‍ത്തിണക്കി
അവന്‍ നിര്‍ബാധം തുടരുന്നു യാത്ര
ഒരു പക്ഷേ ഇനിയൊരു ഇടവേളയില്ല
വിശ്രമിക്കാന്‍ ഇടത്താവളമില്ല.
ഒന്നുമാത്രം മുന്നില്‍ കണ്ടവന്‍,
അത്‌ ജീവിതത്തിന്‍ ലക്ഷ്യം മാത്രം.
നശ്വരമാകും ജീവിതത്തില്‍, മനുജന്‍
എന്തിനോ തുടരുന്നു ഈ യാത്ര...
ആത്യന്തികമാം ലക്ഷ്യമോ,
ജീവിതത്തിന്‍ ലൌകിക സുഖങ്ങള്‍ മാത്രം....
പണത്തിനായ്‌, സ്വത്തിനായ്‌ കലഹിച്ചും
അഴുക്കു ചാലുകളിലൂടെ ചരിച്ചും
വെട്ടിപ്പിടിക്കുമാ സുഖ സൌകര്യങ്ങള്‍
കേവലം ക്ഷണപ്രഭാ ചഞ്ചലം മാത്രം
ഒരു തൊഴില്‍ റ്റഃഏടി അലയുന്നൂ ചിലര്‍
നിത്യേന വയറ്റിന്‍ വിശപ്പു മാറ്റാന്‍...
ജീവിക്കുവാന്‍ അലയുന്നു ചിലര്‍, പക്ഷേ
ജീവിതത്തിന്‍ സത്യത്തെ അറിയുന്നുമില്ല

ഒടുവിലീ യാത്ര പര്യവസാനിക്കുമ്പൊഴോ
അവന്‍, ആറടി മണ്ണിന്റെ ജന്മിയായ്‌ മാറും
വെട്ടിപ്പിടിച്ചവ ബാക്കി നില്‍ക്കേ, നാം
ഈ ഊഴിയില്‍ തന്നെ അലിഞ്ഞു ചേരുന്നു.
നിര്‍ബാധം തുടര്‍ന്നൊരു യാത്ര
അത്‌ മണ്ണിലേക്കുള്ളൊരു യാത്ര
യാത്ര, ഇത്‌ ജീവിതമാം യാത്ര
യാത്ര, ഇത്‌ ജീവിതമാം യാത്ര

1 comment:

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.