ഞാന്‍ വരുന്നത് ലോകത്തിനു മഹത്തായൊരു ശബ്ദം നല്‍കിയ നാട്ടില്‍ നിന്നാണ്,
ആദ്യം നിശ്ശബ്ദത, പിന്നെയും നിശ്ശബ്ദത, ആ വാക്കാവട്ടെ, ഓം എന്നായിരുന്നു!
-റസൂല്‍ പൂക്കുട്ടി
2009 ലെ ഓസ്കാര്‍ വേദി ഇന്ത്യക്കു സ്വന്തം. ലോസ് ഏഞ്ചല്‍സിലെ കൊഡാക് തീയേറ്ററില്‍ അവാര്‍ഡുകള്‍ വിതരണം തുടങ്ങിയപ്പോള്‍ തന്നെ ഭാരതമൊട്ടാകെ മുള്‍മുനയിലായിരുന്നു. ഒടുവില്‍ സ്ലംഡോഗ് മില്ലനയര്‍ എന്ന ചിത്രത്തിലെ ശബ്ദമിശ്രണത്തിന് റസൂല്‍ പൂക്കുട്ടിയും, സംഗീതത്തിനും പശ്ചാത്തല സംഗീതത്തിന് എ.ആര്‍ റഹ്മാനും ഓസ്‌കാര്‍ ലഭിച്ചത്തോടെ ഇന്ത്യ ആവേശത്തിമിര്‍പ്പിലായി. മുംബൈയിലെ ചേരി നിവാസികളുടെ കഥ പറഞ്ഞ സ്‌ലംഡോഗ് മില്യണയര്‍ , എ.ആര്‍ റഹ്‌മാന്‍ (രണ്ട് ഓസ്‌കാര്‍), റസൂല്‍ പൂക്കുട്ടി എന്നിവരുടേത് ഉള്‍പ്പെടെ എട്ട് അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്. 2009 ലെ ഓസ്‌കര്‍ അവാര്‍ഡുകളില്‍ നിറഞ്ഞുനിന്നത് ഇന്ത്യയും സ്‌ലംഡോഗ് മില്യണയര്‍ എന്ന ചിത്രവുമായിരുന്നു.
കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ശബ്‌ദമിശ്രണത്തിന് ഓസ്‌കര്‍ നേടിയ റസൂല്‍ പൂക്കുട്ടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത്. പുരസ്‌കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഇയാന്‍ ടാപ്പ്, റിച്ചാര്‍ഡ് പ്രൈക് എന്നവര്‍ക്കൊപ്പമാണ് റസൂലിനും അവാര്‍ഡ് ലഭിച്ചത്. സംഗീതത്തിന് പുറമേ, സ്‌ലംഡോഗ് മില്യണയറിലെ ഗുല്‍സാര്‍ എഴുതിയ ജയ് ഹോ എന്ന് തുടങ്ങുന്ന ഗാനത്തിനും ഓസ്‌കര്‍ ലഭിച്ചതോടെ റഹ് മാന് ഇത് ഇരട്ട നേട്ടമായി. ഡോക്യുമെന്റററി വിഭാഗത്തില്‍ സ്‌മൈല്‍ പിങ്കിയും അവാര്‍ഡ് നേടിയതോടെ ഇന്ത്യക്ക് ലഭിച്ച അംഗീകാരം നാലായി. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി യെന്ന സിനിമയിലെ വസ്‌ത്രാലങ്കാരത്തിന് ഭാനു അത്തയ്യയും(1982) ആജീവനാന്ത നേട്ടത്തിന് സത്യജിത് റായും(1991) മാത്രമാണ് ഇതിനുമുമ്പ് ഓസ്‌കറില്‍ ആദരിക്കപ്പെട്ടിട്ടുള്ള ഇന്ത്യക്കാര്‍.
സ്‌ലംഡോഗ് മില്യണയറിന് ലഭിച്ച അവാര്‍ഡുകള്‍
1.മികച്ച ചിത്രം
2.സംവിധായകന്‍-ഡാനി ബോയല്‍
3.അവലംബിത തിരക്കഥ-സൈമണ്‍ ബോഫോയി
4.ഛായാഗ്രഹണം-ആന്റണി ഡോഡ് മാന്റലെ
5.സംഗീതം-എ.ആര്‍ റഹ്‌മാന്‍
6.ഗാനം-ജയ് ഹോ
7.ശബ്‌ദമിശ്രണം-റസൂല്‍ പൂക്കുട്ടി
8.ചിത്രസംയോജനം-ക്രിസ് ഡിക്കന്‍സ്
കഴിഞ്ഞ വെള്ളിയാഴ്ച പ്രഭാതം. പ്രഭാതം എന്നൊക്കെ പറഞ്ഞാല്‍ ഏകദേശം ഒരു 9 മണി. "സാറേ...സാറേ...." എന്ന വിളി കേട്ടാണ്, ഞാന്‍ വീടിന്റെ മുന്‍വശത്തെ ജനലിലൂടെ പുറത്തേക്കു നോക്കുന്നത്. അവിടെയൊരാള്‍ വിനീതവിധേയനായി നില്‍ക്കുന്നു. പറമ്പില്‍ പണിക്കാര്‍ ഉള്ളതിനാല്‍, അച്ഛന്‍ അവിടെയായിരുന്നു. "ആ പറമ്പിലേക്കു ചെല്ലൂ..." എന്നു ഞാന്‍ അയാളോടു പറഞ്ഞു. ഞാന്‍ പുറത്തിറങ്ങി വന്നപോഴേക്കും അയാള്‍ പറമ്പിലേക്കു നടന്നു കഴിഞ്ഞിരുന്നു. അയാള്‍ എന്തൊക്കെയോ കുറേ നേരം അച്ഛനുമായി സംസാരിക്കുന്നതു കണ്ടു. അയാള്‍ വന്നതു് ചെറിയൊരു പെട്ടിഓട്ടോയിലായിരുന്നു, കൂടെ രണ്ടു പേരുമുണ്ട്. അയാള്‍ അവരോട് എന്തൊക്കെയോ പറയുന്നു. പിന്നീട് തിരിച്ച് വന്നു അച്ഛന്റെ അടുത്തും സംസാരിച്ചു. അല്‍പനേരം കഴിഞ്ഞപ്പോള്‍ കൂടെ വന്നവരെ നോക്കി കൈപൊക്കി കാണിച്ചു. ഉടനെ അവര്‍ ഒരു ചെറിയ കിടക്കയുമെടുത്തു കൊണ്ട് വന്ന്, അവിടെ നിന്ന ഒരു പ്ലാവിന്റെ ചുവട്ടില്‍ ഇട്ടു. ഒരാള്‍ ചാടി പ്ലാവില്‍ കയറാന്‍ തുടങ്ങി. ഇത്രയുമായപ്പോള്‍ ഞാന്‍ പതുക്കെ അച്ഛന്റെ അടുത്തു ചെന്നു കാര്യം അന്വേഷിച്ചു. വന്ന ആളുകള്‍ കൊത്തു ചക്ക (മൂപ്പാവാത്ത പിഞ്ചു ചക്ക) നോക്കി വന്നവരാണ്. അവര്‍ ഒരു ചക്കയ്ക്ക് 5 രൂപ വച്ചാണ് ഓഫര്‍ ചെയ്‌തത്. അച്ഛന്‍ അതു പോരാ എന്നു പറഞ്ഞു, 25 രൂപ എങ്കിലും കിട്ടണം എന്നു പറഞ്ഞു. അതാണ് അയാള്‍ കൂടെ ഉണ്ടായിരുന്നവരുമായി ആലോചിച്ചത്. ഒടുവില്‍ 20 രൂപക്കു സമ്മതിച്ചു. ചക്കയുടെ സീസണ്‍ തുടങ്ങുന്നഠേയുള്ളു. ഞങ്ങളുടെ പറമ്പിലാണെങ്കില്‍ വരിക്കയും കൂഒഴയുമായി ഏകദേശം നാല്പതോളം പ്ലാവുകളുമുണ്ട്. അതില്‍ ഞങ്ങള്‍ സ്ഥിരമായി ചക്ക പറിക്കുന്ന 3 പ്ലാവുകളൊഴികെ, ബാക്കി എല്ലാത്തില്‍ നിന്നും കൊത്തു ചക്ക പറിക്കുവാന്‍ അവര്‍ക്ക് അനുവാദം കൊടുത്തു. ആദ്യം കണ്ട കിടക്ക, ചക്കകള്‍ ചതയാതെ പറിക്കുവാനുള്ള ഒരു ടെക്ക്‌നിക്കായിരുന്നു. അത് ചാക്കുകള്‍ കൊണ്ട് നിര്‍മ്മിതമായിരുന്നു, ഉള്ളില്‍ പഞ്ഞിയും. മൂന്നു മണിക്കൂറിനുള്ളില്‍ ഏകദേശം 80 ചക്കകള്‍ അവര്‍ പറിച്ചു. അതിന്റെ വിലയും നല്‍കി, അതെല്ലാം ആ പെട്ടിയോട്ടോവില്‍ കയറ്റി കൊണ്ടു പോയി. ഞാന്‍ വിചാരിച്ചു ഇതു ലാഭകരമായ ബിസിനസ്സാണല്ലോ...?
അന്നു വൈകിട്ടു തന്നെ ബാംഗ്ലൂര്‍ വരെ പോകാനുള്ള ഒരു നിയോഗമുണ്ടായിരുന്നു. യാത്ര തുടങ്ങി, വണ്ടി മൂവാറ്റുപുഴ കഴിഞ്ഞപ്പോള്‍ ഒരു കാഴ്ച കണ്ടു. രാവിലെ വന്ന പെട്ടിയോട്ടോ പോലെയുള്ള കുറേയധികം വണ്ടികള്‍, അവിടെ ഒരു സ്ഥലത്ത് ഈ ചക്കകള്‍ ഇറക്കുന്നു. ഒരു കുന്നു ചക്കകള്‍ അവിടെ കൂട്ടിയിട്ടിട്ടുണ്ട്. അവിടെ നിന്നും ഒരു പിക്കപ്പ് വാനിലേക്ക് ചക്കകള്‍ കയറ്റുന്നു. അവിടെ ഒരു ഫ്ലക്സ് ബോര്‍ഡും വച്ചിരിക്കുന്നു. "കൊത്തു ചക്കകള്‍ വില്‍പ്പനയ്ക്ക്." എന്ന്. അവിടെ നിന്നും വണ്ടിയില്‍ യാത്ര തുടര്‍ന്ന്, ചാലക്കുടി അടുത്തെത്തി. അവിടെയാണ് സ്ഥിരമായി രാത്രി ഭക്ഷണത്തിനായി നിര്‍ത്തുന്നത്. ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ്, തൊട്ടടുത്ത് കാലിയായി കിടന്നിരുന്ന മൈതാനത്ത്, നല്ല വെളിച്ചവും പന്തലുമൊക്കെ കണ്ടത്. അവിടെ ചെന്നു നോക്കിയപ്പോള്‍ ദാ, നേരത്തെ കണ്ട പിക്കപ്പ് വാനുകളില്‍ നിന്നും ചക്കകള്‍ പാണ്ടി ലോറികളിലേക്കു മാറ്റുന്നു. ഇതു കണ്ട് ഞാന്‍ ഒന്നമ്പരന്നെങ്കിലും, അവിടെ ചക്ക പറുക്കിക്കൊണ്ടിരുന്ന ഒരാളോട് കാര്യം അന്വേഷിച്ചു. അപ്പോഴാണ് ഈ ചക്ക ബിസിനസ്സിന്റെ ചുരുളഴിഞ്ഞത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് ചക്ക വാങ്ങി, മൂവാറ്റുപുഴയില്‍ എത്തിക്കും. അവിടെ നിന്നും ചക്ക തരം തിരിച്ച്, തീരെ പിഞ്ചു ചക്കകള്‍, അവിടെ തന്നെ വില്‍ക്കും. മറ്റുള്ളവ, പിക്കപ്പ് വാനുകളിലാക്കി അവിടെ എത്തിക്കും. അത് പാണ്ടി ലോറികളില്‍ കയറ്റി, തമിഴ്‌നാട്ടിലേക്ക് കയറ്റി അയക്കും. സീസണ്‍ അല്ലാത്തതിനാല്‍, ചക്കയുടെ വലിപ്പം നോക്കിയാണ് വില. 150 മുതല്‍ 500 രൂപ വരെയാണ് അവിടെ അവര്‍ക്കു കിട്ടുന്നത്. അപ്പോഴാണ്, 5 രൂപ പറഞ്ഞ ചക്കയ്ക്ക് 20 രൂപ വാങ്ങിയതിന്റെ പൊരുള്‍ എനിക്കു പിടികിട്ടിയത്. എന്തായാലും സാമ്പത്തിക മാന്ദ്യ കാലത്ത് ഇതൊരു നല്ല ബിസിനസ്സാണ്. ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള സാധങ്ങള്‍ക്കായി മലയാളികള്‍ കൈനീട്ടുന്ന തമിഴന്മാര്‍ക്ക്, ഒരു ചക്ക തിന്നണമെങ്കില്‍ കൊള്ളവില നല്‍കി മലയാളികളുടെ കയ്യില്‍ നിന്നും അതു വാങ്ങണം എന്നത് രസകരമായ വസ്തുതയാണ്.....
ഇന്റര്‍നെറ്റെന്ന മാധ്യമം ജനകീയമായതും, അതിന് സാധാരണക്കാരുടെ ഇടയിലുള്ള സ്വീകാര്യത വര്‍ദ്ധിച്ചതും ഈ അടുത്ത കാലത്താണ്. ഇപ്പോള്‍ താഴേക്കിടയിലുള്ള ജനങ്ങള്‍ക്കിടയില്‍ ഇതിന്റെ സ്വാധീനമുണ്ടായി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് മാധ്യമമായി ഓര്‍ക്കുട്ട്, ഫേസ്‌ബുക്ക് തുടങ്ങിയവ രംഗത്തെത്തിയിട്ട് അധിക കാലമായില്ല. എന്നാല്‍ ഓര്‍ക്കുട്ട് നേടിയെടുത്ത പ്രചാരം മറ്റൊന്നിനും നേടിയെടുക്കാന്‍ കഴിഞ്ഞില്ല. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ക്കുട്ട്, ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് പുതിയ പുതിയ് സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതും, ഇതിനെ ജനകീയമാക്കാന്‍ സഹായകമായി. ആയിരക്കണക്കിന് ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്താനും, ലോകത്തെവിടെയുമുള്ള സുഹൃത്തുകളുമായി സല്ലപിക്കാനും സൌഹൃദം പങ്കുവെയ്ക്കാനും കഴിയുന്നു എന്നതാണ് ഓര്‍ക്കുട്ടിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ സുരക്ഷിതത്വത്തെ പറ്റി ആശങ്കകള്‍ ഉയരുമ്പോള്‍, ഓര്‍ക്കുട്ടും അതില്‍ നിന്നും മുക്തമല്ല. ഓര്‍ക്കുട്ടിനെ സുരക്ഷിതമാക്കാന്‍ ഒട്ടനവധി മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ തന്നെ ഗൂഗിള്‍ പ്രദാനം ചെയ്തിട്ടുണ്ടങ്കിലും, അവയെയെല്ലാം പല രീതിയില്‍ ഭേദിക്കാന്‍ കഴിയുമെന്നത് ആശങ്കാജനകമായ ഒരു കാര്യമാണ്.
ഓര്‍ക്കുട്ടില്‍ വര്‍ദ്ധിച്ചു വരുന്ന വ്യാജപ്രൊഫൈലുകള്‍ മറ്റൊരു ഭീഷണിയാണ്. സാധാരണ ഗതിയില്‍ ഓര്‍ക്കുട്ടില്‍ മൂന്നു രീതിയിലുള്ള പ്രൊഫൈലുകള്‍ ഉണ്ടാകും.
1. ശരിയായ പ്രൊഫൈലുകള്‍
2. ഹിഡണ്‍ പ്രൊഫൈലുകള്‍
3. വ്യാജ (ഫേക്ക്) പ്രൊഫൈലുകള്‍
ഓര്‍ക്കുട്ടിലെ ഒക്കു മിക്ക പ്രൊഫൈലുകളും ശരിയായ പ്രൊഫൈലുകളാണ്. എന്നാല്‍ കുറെയധികം ആളുകള്‍ സ്വന്തം ഐഡന്റിറ്റി മറച്ചു വച്ച് ഓര്‍ക്കുട്ടില്‍ സല്ലപിക്കുന്നുണ്ട്. ഓര്‍ക്കുട്ടിന്റെ സുരക്ഷിതത്വത്തെ ഭയന്നാണ് അവരത് ചെയ്യുന്നത്. അതില്‍ ഒട്ടുമിക്കവാറും പേര്‍ സ്ത്രീകളാണ്. ഇക്കൂട്ടരാണ് ഹിഡണ്‍ പ്രൊഫൈലുകള്‍. എന്നാല്‍ വ്യാജപ്രൊഫൈലുകള്‍ മറ്റൊരു കൂട്ടരാണ്. ചില സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി, സ്വന്തം പ്രൊഫൈലിനു പുറമേ, മറ്റൊരു പ്രൊഫൈലുമായി വിലസുന്നവരാണീക്കൂട്ടര്‍. അവര്‍ക്കു പല ഉദ്ദേശങ്ങളുണ്ടാകാം. സ്വന്തം വ്യക്തിത്വം മറച്ചു വച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കാനും, ഓര്‍ക്കുട്ടിലെ തന്നെ അശ്ലീല കമ്മ്യൂണിറ്റികളില്‍ അംഗങ്ങളാകാനും, അങ്ങനെയുള്ള ചാറ്റിങ് നടത്താനും ഉപയോഗിക്കുന്നുണ്ട്.
എന്തായാലും ഇത്തരത്തിലുള്ള പ്രൊഫൈലുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു എന്നത് ആശങ്കാജനകമായ ഒരു വസ്തുതയാണ്. ഇവരുടെ ആധിക്യം മൂലം പല കമ്മ്യൂണിറ്റികളും ഇന്ന് വിഷമസന്ധിയിലാണ്. രാഷ്ട്രീയപരമായ നിലപാടുകള്‍, സ്വന്തം നിലയില്‍ പറയുവാന്‍ ധൈര്യമില്ലാത്തവര്‍ പലപ്പോഴും അവലംബിക്കുന്ന മാര്‍ഗ്ഗമാണ് ഈ വ്യാജ പ്രൊഫൈലുകള്‍. ഒരു ക്രിയാത്മക ചര്‍ച്ചയില്‍ വ്യാജന്മാരുടെ സാന്നിധ്യം എന്നത്, ആ ചര്‍ച്ചയുടെ സ്വഭാവത്തേയും ഗതിയേയും ബാധിക്കും. വ്യാജന്മാര്‍ എന്നത് അരൂപികളാണ്. അവരെ അശരീരികളായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളു. സ്വന്തമായി ഒരു വ്യക്തിത്വമില്ലാത്തവര്‍ക്ക് ഏതു നിലവാരത്തിലേക്കും താഴുവാന്‍ കഴിയും. പക്ഷേ ചര്‍ച്ചകളില്‍ പങ്കെടുക്കുവര്‍ക്ക് ചിലപ്പോള്‍ ഒരു രീതിയിലും ഇങ്ങനെയുള്ള പ്രൊഫൈലുകളുമായി സംവദിക്കുവാന്‍ കഴിയുകയേ ഇല്ല. പല ചര്‍ച്ചകളിലും, സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ ഇത്തരത്തില്‍ വിജയിപ്പിച്ചടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി കാണാന്‍ കഴിയുന്നതാണ്.
ഓര്‍ക്കുട്ടിലെ ഒരു പ്രമുഖ മലയാളം കമ്മ്യൂണിറ്റിയില്‍ ഈയിടെ നടന്ന ഒരു വിവാദവും വ്യാജന്മാരെ ചുറ്റിപ്പറ്റിയായിരുന്നു. കമ്മ്യൂണിറ്റിയിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ചില വ്യാജന്മാര്‍ പങ്കെടുക്കുകയും, അത് വ്യക്തിഹത്യയിലും, ചില മതവിഭാഗങ്ങളെ താറടിക്കുന്ന കമന്റുകള്‍ പോസ്റ്റു ചെയ്യുന്ന രീതിയിലും എത്തിയപ്പോള്‍ സാധാരണക്കാരായ അംഗങ്ങള്‍ എതിര്‍ത്തു. പക്ഷേ ആദ്യമുയര്‍ന്നത് ചെറുസ്വരങ്ങളായതിനാല്‍ കമ്മ്യൂണിറ്റി അധികൃതര്‍ അതിനെ തിരസ്കരിച്ചു. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടണമെന്ന് ഒരു ഉപദേശവും അവര്‍ സൌജന്യമായി നല്‍കി. പക്ഷേ, മുന്നോട്ട് പോകും തോറും വ്യാജന്മാര്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയതോടെ പ്രതിഷേധവും ശക്തമായി. അങ്ങനെ, അവിടെ ഏറ്റവും സജീവമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ച ഒരു വ്യാജനെ കമ്മ്യൂണിറ്റിയുടെ ഓണര്‍ പുറത്താക്കി. എന്നാല്‍ ചില മോഡറേറ്റര്‍മാരുടെ ഇടപെടലിലൂടെ, 24 മണിക്കൂര്‍ തികയും മുന്നെ ആ വ്യാജന്‍ കമ്മ്യൂണിറ്റിയില്‍ തിരിച്ചെത്തി. അതിനവര്‍ നല്‍കിയ വിശദീകരണം, ആ പ്രൊഫൈല്‍ വ്യാജനല്ലെന്നും, ഹിഡണാണെന്നുമാണ്. ആ പ്രൊഫൈല്‍ കമ്മ്യൂണിറ്റി അധികൃതരെ അറിയിച്ചതാണെന്നും ചൂണ്ടിക്കാട്ടി, ഒരു മേല്‍വിലാസവും പ്രസദ്ധീകരിച്ചു. പക്ഷേ, ആ മേല്‍വിലാസത്തില്‍ പറഞ്ഞിരിക്കുന്ന പോസ്റ്റ് ഓഫീസ് കേരളക്കരയില്‍ തന്നെ ഉള്ളതാണോ എന്നു തന്നെ സംശയമുണ്ട്. അതു മാത്രമല്ല, ഇതേ വ്യാജന്‍ കുഴപ്പമുണ്ടാക്കിയ മറ്റൊരു കമ്മ്യൂണിറ്റിയില്‍ ഇയാള്‍ നല്‍കിയ മേല്‍വിലാസം മറ്റൊന്നാണ്. എന്നാല്‍ കമ്മ്യൂണിറ്റിയുടെ 2 മോഡറെറ്റര്‍മാര്‍ തന്നെ ആ വ്യാജനെ പ്രതിരോധിച്ചു രംഗത്തെത്തി. ഈ വ്യാജന്റെ പഴയ പോസ്റ്റിങ്ങുകള്‍ ചികഞ്ഞെടുത്തവര്‍ക്ക് കാണാന്‍ കഴിഞ്ഞത്, ഈ വ്യാജപ്രൊഫൈലിന്റെ ഭാഷയും ചില മോഡറെറ്റര്‍മാരുടെ ഭാഷയും ഒന്നാണെന്നാണ്. പല സമയങ്ങളില്‍ പല രീതിയില്‍ പ്രതികരിക്കുന്ന ഈ വ്യാജന്‍, മോഡറെറ്റര്‍മാരുടെ സൃഷ്ടിയാണോ എന്ന് അംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങി. പ്രതിഷേധം ശക്തമായതോടെ, വ്യാജന്മാരെ പുറത്താക്കുന്നതില്‍ സാധാരണ അംഗങ്ങളുടെ അഭിപ്രായമറിയാന്‍ ഒരു പോള്‍ നടത്തണമെന്ന ആവശ്യം ചില അംഗങ്ങള്‍ ഉന്നയിച്ചു. അങ്ങനെ ഒരു പോള്‍ തുടങ്ങുകയും, എന്നാല്‍ 16 മിനിട്ടിനകം 2 മോഡറേറ്റര്‍മാര്‍ അത് നീക്കം ചെയ്യുകയും ചെയ്തു. മോഡറെറ്റര്‍മാര്‍ അതു സമ്മതിക്കുകയും, പിന്നീട് പ്രതിഷേധം ശക്തമായപ്പോള്‍ പോള്‍ വീണ്ടും തുടങ്ങാന്‍ കമ്മ്യൂണിറ്റി ഓണര്‍ സമ്മതിക്കുകയും ചെയ്തു. ഒരു മാസം നീണ്ടു നില്‍ക്കുന്ന പോളില്‍, ആദ്യ രണ്ടു ദിവസത്തില്‍ തന്നെ റെക്കോര്‍ഡ് വോട്ടിങ് നടന്നു. അതില്‍ 2/3 ശതമാനം വോട്ട്, വ്യാജന്മാരെ പുറത്താക്കണം എന്ന ഓപ്ഷനു ലഭിക്കുകയും ചെയ്തു. അതോടെ പരാജയം മണത്ത മോഡറേറ്റര്‍മാര്‍, ഓണറെ സ്വാധീനിച്ച് പോള്‍ ഡിലീറ്റ് ചെയ്യുകയും, ചില വ്യാജന്മാരേയും, വ്യാജന്മാരെ എതിര്‍ത്തവരേയും പുറത്താക്കി, സ്വന്തം നിലനില്‍പ്പ് ഭദ്രമാക്കി. ഇപ്പോള്‍ ഈ നയത്തില്‍ പ്രതിഷേധിച്ച്, പല അംഗങ്ങളും കമ്മ്യൂണിറ്റിയില്‍ നിന്ന് പടിയിറങ്ങിത്തുടങ്ങി. ഒരു കമ്മ്യൂണിറ്റിയുടെ തകര്‍ച്ചയുടെ തുടക്കമായിതിനെ കാണാം.
നിയമപരമായി നോക്കിയാല്‍, വ്യാജമായതെന്തും നിയമവിരുദ്ധമാണ്. അത് ശിക്ഷാര്‍ഹവുമാണ്. പക്ഷേ, ഓര്‍ക്കുട്ടില്‍ ഇത്തരത്തില്‍ പെരുകുന്ന വ്യാജന്മാര്‍ക്കെതിരെ നടപടികളുണ്ടാവാത്തത് ഒരു പക്ഷേ, പരാതികളുടെ അഭാവം മൂലമാണ്. ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് ഈ സമൂഹത്തിന്റെ ആവശ്യമാണ്. പലരും വെറുമൊരു തമാശക്കായി വരെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിക്കുവാറുണ്ട്. അതെത്രത്തോളം ഗുരുതരമായ കുറ്റമാണെന്ന് അതു ചെയ്യുന്നവര്‍ അറിയാതെ പോകുന്നതാണ് ഇന്നു നാം നേരിടുന്ന മറ്റൊരു പ്രശ്നം. സൈബര്‍ നിയമങ്ങള്‍ കൂടുതല്‍ ജനകീയമാക്കുവാനും, അവയെക്കുറിച്ചു ബോധവത്കരണം നടത്തുവാനും കഴിഞ്ഞാല്‍ ഇതൊക്കെ ഒരു പരിധി വരെ നിയന്ത്രിക്കുവാന്‍ കഴിയും. ഓര്‍ക്കുട്ടിലെ വിവിധ കമ്മ്യൂണിറ്റി ഓണര്‍മാര്‍ വ്യാജന്മാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കണം. അവരുടെ അര്‍ത്ഥ ഗര്‍ഭമായ മൌനം ചിലപ്പോള്‍ ഇത്തരക്കാരെ കൂടുതല്‍ വളര്‍ത്തും... ഒരിക്കലും ഇത്തരക്കാര്‍ക്കെതിരെ നടപടികളെടുക്കാന്‍ വൈകരുത്, വ്യാജന്മാര്‍ സംസാരിക്കുന്നത് നിങ്ങള്‍ക്കനുകൂലമാണെങ്കില്‍ കൂടി... അല്ലെങ്കില്‍ അവരെല്ലാം കൂടി കമ്മ്യൂണിറ്റികള്‍ കുട്ടിച്ചോറാക്കുന്നതു നിങ്ങള്‍ക്കു കാണേണ്ടി വരും!!!
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.