Monday, August 31, 2009

പുതിയ മുഖം (Puthiya Mukham)

പുതുമുഖ സംവിധായകന്‍ ദീപന്‍ സംവിധാനം ചെയ്ത്‌ ബഥേസ്ത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അനില്‍ മാത്യുവും മുരുകനും നിര്‍മ്മിച്ച ചിത്രമാണ് പുതിയ മുഖം. പ്രിഥ്വിരാജ്‌ നായക വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ രണ്ടു നായികമാരാണ്. പ്രിയാമണിയും മീരാ നന്ദനും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും നിര്‍വഹിച്ചിരിക്കുന്നത്‌ എം. സിന്ധുരാജാണ്. കാമ്പസ്‌ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കയാണ് ദീപന്‍ പുതിയമുഖത്തിലൂടെ.

കല്‍പ്പാത്തി അഗ്രഹാരത്തിലെ ഒരു സാധാരണക്കാരനായ ചെറുപ്പക്കാരനാണ് കൃഷ്ണകുമാര്‍ (പ്രിഥ്വിരാജ്‌). സംഗീതം സിരകളിലലിഞ്ഞു ചേര്‍ന്നിരുന്ന അയാള്‍ കുട്ടികളെ മ്രുദംഗം പഠിപ്പിച്ചും കച്ചേരികള്‍ നടത്തിയും കഴിഞ്ഞു കൂടുകയായിരുന്നു. കൃഷ്ണകുമാറിന്റെ കളിക്കൂട്ടുകാരിയായിരുന്നു ശ്രീദേവി (മീരാ നന്ദന്‍). അവരുടെ വിവാഹം ഇരു കുടുംബവും പണ്ടേ തീരുമാനിച്ചതാണ്. അതിനിടയിലാണ് എഞ്ചിനീയറിങ്‌ പഠനത്തിനായി കൃഷ്ണകുമാറിന് കൊച്ചിയില്‍ പ്രവേശനം ലഭിക്കുന്നത്‌. പാലക്കാട്ടു നിന്നും കൊച്ചിയിലെത്തുന്ന കൃഷ്ണകുമാര്‍ ഒരു പുതിയ ലോകത്തേക്ക്‌ കടക്കുകയായിരുന്നു. കോളേജില്‍ വച്ച്‌ അയാള്‍ അഞ്ജനയെ (പ്രിയാമണി) പരിചയപ്പെടുന്നു. ഫ്രെഷേഴ്സ്‌ ഡേയുടെ അന്ന്‌ മ്യൂസിക്കല്‍ ഇന്‍സ്ട്രമെന്‍റ് പ്രോഗ്രാമിലൂടെ മുഴുവന്‍ കുട്ടികളുടേയും മനം കവരുന്ന കൃഷ്ണകുമാര്‍, എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാകുന്നു. അതോടെ കൃഷ്ണകുമാര്‍ അഞ്ജനയുമായി ഒരു നല്ല സൌഹ്രുദത്തില്‍ എത്തിച്ചേരുന്നു. എന്നാല്‍ അഞ്ജനയുടെ പ്രതിശ്രുത വരന്‍ സുധിയുടെ (ബാല) അപ്രീതിയ്ക്ക്‌ ഇതോടെ കൃഷ്ണകുമാര്‍ പാത്രമാകുന്നു. തുടര്‍ന്ന്‌ ആ കാമ്പസില്‍ കൃഷ്ണകുമാര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും, അത്‌ അയാളില്‍ വരുന്ന മാറ്റങ്ങളുമാണ് പുതിയമുഖം എന്ന ചിത്രത്തിലൂടെ ദീപന്‍ നമുക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌. കഥയില്‍ ഒരു പുതുമയുണ്ടെങ്കിലും, കഥപറഞ്ഞൊടുവില്‍ ഊഹിക്കാവുന്ന കഥാന്ത്യത്തിലേക്കാണ് ചിത്രം എത്തുന്നത്‌. തിരക്കഥയും സംഭഷണങ്ങളും ഒരു പരിധി വരെ മികച്ചു നില്‍കുന്നു. ആദ്യ പകുതി വരെ മികച്ച രീതിയില്‍ കഥ മുന്നോട്ടു പോകുന്നുമുണ്ട്‌. എന്നാല്‍ കഥാനായകന് സംഭവിക്കുന്ന മാറ്റങ്ങള്‍ ആര്‍ക്കും പെട്ടെന്ന് ദഹിക്കുന്നവയാണെന്ന്‌ തോന്നുന്നില്ല. അതു കൊണ്ടു തന്നെ കഥയില്‍ ഇതൊരു കല്ലുകടിയായി മാറി.

ദീപന്‍ ഒരു പുതുമുഖ സംവിധായകനായാണ് നമ്മുടെ മുന്നില്‍ എത്തുന്നതെങ്കിലും, ഷാജി കൈലാസിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രം “ലീഡര്‍” ആയിരുന്നു. പുതിയമുഖം എന്ന ചിത്രം കാണുമ്പോള്‍ തന്നെ സംവിധായക മികവില്‍ “ലീഡറില്‍” നിന്നും അദ്ദേഹം വളരെയധികം മുന്നോട്ടു പോയി എന്നത്‌ വ്യക്തമാണ്. കഥയിലെ അപാകത നന്നയി തന്നെ പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ സംവിധാനത്തിന് കഴിഞ്ഞിരിക്കുന്നു. Everything happens twice, first in your mind, second in real എന്നു പറയുന്നതു പോലെ, ഈ ചിത്രത്തിന്റെ ഓരോ രംഗങ്ങളും അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞിരുന്നതു പോലെ പകര്‍ത്തുവാന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നു എന്നത്‌ ഈ ചിത്രത്തിലുടനീളം വ്യക്തമാകുന്ന ഒന്നാണ്. വ്യത്യസ്തമായ രീതിയില്‍ ഗാനരംഗങ്ങളേയും, ആക്ഷന്‍ സീക്വന്‍സുകളേയും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്‌ കാണുമ്പോള്‍ തന്നെ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഓരോ ചെറിയ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധയെത്തിയിരിക്കുന്നു എന്നു കാണുവാന്‍ കഴിയും. ദീപന്‍ എന്ന സംവിധായകന്‍ വിജയിച്ചിരിക്കുന്നത്‌, പുതിയ മുഖത്തില്‍ പറയുവാന്‍ ഉദ്ദേശിക്കുന്ന കഥ, മികവാര്‍ന്ന ഷോട്ടുകളീലൂടെ പ്രേക്ഷകരില്‍ എത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നതിനാലാണ്. പല ഷോട്ടുകളിലും ഒരു ഷാജി കൈലാസ്‌ ടച്ച്‌ നിങ്ങള്‍ക്കനുഭവപ്പെട്ടാല്‍ അതു വെറും തോന്നലാണെന്ന്‌ പറയുവാന്‍ കഴിയുകയില്ല. നായക - പ്രതിനായക വേഷങ്ങള്‍ ചെയ്തിരിക്കുന്ന പ്രിഥ്വിയേയും ബാലയേയും മനോഹരമായി തന്നെ അവതരിപ്പിക്കുവാനും, തനിക്കാവശ്യമുള്ള രീതിയില്‍ അവരുടെ കഴിവുകളെ ഉപയ്യോക്കുവാനും ദീപനു കഴിഞ്ഞിട്ടുണ്ട്‌. ഏതൊരു ഹിറ്റ് സിനിമയേയും പോലെ ഈ ചിത്രത്തിലെ യഥാര്‍ത്ഥ ഹീറോ സംവിധായകനായ ദീപന്‍ തന്നെയാണ്.


നെടുമുടി വേണു, കലാശാല ബാബു, ജഗതി ശ്രീകുമാര്‍, ഗിന്നസ് പക്രു, ജഗദീഷ്‌, സായ്‌ കുമാര്‍, ഷമ്മി തിലകന്‍, സുധീഷ്‌, വിജയ രാഘവന്‍, മങ്കാമഹേഷ്‌, സോനാ നായര്‍, ജാഫര്‍ ഇടുക്കി, ശ്രീജിത്ത്‌ രവി തുടങ്ങി വലിയൊരു താര നിര തന്നെ ഈ ചിത്രത്തില്‍ ഉണ്ട്‌. നായകനും പ്രതിനായകനും പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍, മറ്റുള്ള കഥാപാത്രങ്ങളെ സപ്പോര്‍ട്ടിങ്‌ കഥാപാത്രങ്ങളായി മാത്രമായാണ് അവതരിപ്പിച്ചിരിക്കുന്നത്‌. കൃഷ്ണകുമാറിന്റെ അച്ഛനായി അഭിനയിച്ച നെടുമുടി വേണു വളരെ മനോഹരമായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ജഗതി അവതരിപ്പിച്ച പ്രിന്‍സിപ്പല്‍ അച്ഛന്‍ വ്യത്യസ്തതയാര്‍ന്ന ഒരു കഥാപാത്രമായി. മറ്റുള്ളവയെല്ലാം തന്നെ കഥയ്ക്കൊപ്പം ചരിക്കുന്ന ചെറു കഥാപാത്രങ്ങളായി ഒതുങ്ങി. കൃഷ്ണകുമാറിന്റെ സഹപാഠിയായി വരുന്ന സുധീഷ്‌, വീണ്ടും, ഇത്തരം വേഷങ്ങള്‍ തനിക്ക്‌ ഇപ്പോഴും ഇണങ്ങും എന്നു വ്യക്തമാക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്‌. ചിത്രത്തിലെ ആദ്യ നായികയായ മീരാ നന്ദന്‍, ചെറുതെങ്കിലും, തന്റെ വേഷം മനോഹരമായി ചെയ്തിരിക്കുന്നു. ഒരു ദു:ഖപുത്രിയെപ്പോലെ ഒതുങ്ങുന്ന ഈ കഥാപാത്രമാണ്, പ്രിയാമണിയുടെ കഥാപാത്രത്തേക്കാള്‍ പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുക. പ്രിയാമണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സാന്നിധ്യമാണ് കൃഷ്ണകുമാറിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കു നിദാനം എന്നതിലുപരി, ആ കഥാപാത്രം ചിത്രത്തില്‍ അധികമൊന്നും ചെയ്യുന്നില്ല. പ്രതിനായകനായി വരുന്ന ബാല തന്റെ വേഷം മികച്ചതാക്കി. ആക്ഷന്‍ രംഗങ്ങളിലും ചേസിങ് രംഗങ്ങളിലും ബാലയുടെ അഭിനയം മനോഹരമായിരുന്നു. പ്രിഥ്വിരാജെന്ന നായകനൊപ്പം നില്‍ക്കുന്ന വില്ലന്‍ എന്ന നിലയില്‍ ബാല ഈ ചിത്രത്തിന്റെ ഒരു മുതല്‍ക്കൂട്ടു തന്നെയാണ്. സംഗീതവുമായി നടക്കുന്ന ഒരു ശുദ്ധബ്രാഹ്മണന്റെ വേഷവും പ്രതികാരദാഹവുമായി ജീവിക്കുന്ന കൃഷ്ണകുമാറിന്റെ വേഷവും പ്രിഥ്വിരാജ്‌ അതിമനോഹരമായി അവതരിപ്പിച്ചിരുക്കുന്നു. പുതിയമുഖത്തിലേക്കുള്ള മാറ്റം പ്രിഥ്വിരാജെന്ന നടനിലെ നടന വൈഭവത്തെ വിളിച്ചറിയിക്കുന്ന ഒന്നാണ്. ആക്ഷന്‍ രംഗങ്ങളില്‍ പ്രിഥ്വിയുടെ പ്രകടനം മികവാര്‍ന്നതെന്ന്‌ പറയാതെ വയ്യ. ഡയലോഗ്‌ ഡെലിവറിയിലും, മുഖഭാവങ്ങളിലും പ്രിഥ്വി കാണിച്ചിരുക്കുന്ന പക്വത, അയാളെ മലയാള സിനിമയുടെ മുഖ്യാധാര നടന്മാരുടെ കൂട്ടത്തിലേക്ക്‌ ഉയര്‍ത്തുന്നതാണ്. ഒരേ കഥാപാത്രത്തിന്റെ വിഭിന്നങ്ങളായ ജീവിതാവസ്ഥകളെ, വ്യത്യസ്തമായ രീതിയില്‍, വ്യത്യസ്തമായ ശബ്ദത്തില്‍ അവതരിപ്പിച്ച പ്രിഥ്വി പ്രേക്ഷകരുടെ മനം കവരുന്നു.


സംവിധായകന്‍ ദീപന്‍ എന്താഗ്രഹിച്ചുവോ അതിനെ അപ്പടി പകര്‍ത്തുവാന്‍ അദ്ദേഹത്തിനൊരു ഛായാഗ്രാഹകനെ ലഭിച്ചു, ഭരണി.കെ.ധരന്‍, അതു തന്നെയാണ് പുതിയമുഖത്തെ ഒരു ദ്രിശ്യ വിസ്മയമാക്കി മാറ്റുന്നത്‌. പാട്ടുകളും ആക്ഷന്‍ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്ന രീതികള്‍ ഒരു വ്യത്യസ്തമായ ഒരു അനുഭവം പ്രേക്ഷകനു സമ്മാനിക്കുന്നുണ്ട്‌ എന്നത്‌ തീര്‍ച്ച. ഫോട്ടൊസോണിക്കില്‍ ഷൂട്ട് ചെയ്ത ഫൈറ്റ് സീക്വന്‍സുകള്‍ മലയാളത്തിന് പുതുമയാണ്. അതു പോലെ തന്നെ, സൂപ്പര്‍ 35 ക്യാമറയില്‍ ചിത്രീകരിച്ച പാട്ടുകളും. വ്യത്യസ്തമായ ലെന്‍സുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണം അതിന്റെ ലക്ഷ്യം കണ്ടു എന്നു തന്നെ പറയാം. അതില്‍ ഭരണി.കെ.ധരന്റെ മികവ്‌ പ്രകടവുമാണ്. അദ്ദേഹത്തിനൊപ്പം മുരുകേഷിന്റെ ഇഫക്ടുകള്‍ ചിത്രത്തിന്റെ മറ്റു കൂട്ടുന്നുണ്ട്‌. പഴയ കൃഷ്ണകുമാറിനേയും പുതിയ കൃഷ്ണകുമാറിനേയും വ്യത്യസ്തമായി അവതരിപ്പിക്കുവാന്‍ ഭരണി-മുരുകേഷ്‌-പ്രിഥ്വി കൂട്ടുകെട്ടിന്‌ കഴിഞ്ഞു എന്നത് ഈ ചിത്രത്തിനെ മികച്ചതാക്കുന്ന ഒരു ഘടകം. സാംജിത്ത് എം.എച്ച്.ഡി.യുടെ ചിത്രസംയോജനവും കൂറ്റി ഒത്തു ചേര്‍ന്നതോടെ ഇഫക്ടുകള്‍ക്കൊരു പൂര്‍ണ്ണത ലഭിച്ചു എന്നു പറയാം. അനല്‍ അരശിന്റെ സംഘട്ടന രംഗങ്ങള്‍ നിലവരം പുലര്‍ത്തിന്നവയാണ്. അവയില്‍ പലതും പുതുമ നിറഞ്ഞതുമായിരുന്നു. എന്നാല്‍ ഇഫക്ടിന്റെ ആധിക്യം അല്പം രസം കൊല്ലിയായി എന്ന തോന്നലുളവാക്കി. അതു പോലെ തന്നെ ദീര്‍ഘമേറിയ സംഘട്ടന രംഗങ്ങള്‍, അല്‍പ്പം വലിച്ചിലുണ്ടാക്കി.


ദീപക്‌ ദേവെന്ന സംഗീത സംവിധായകന്റെ തിരിച്ചു വരവുകൂടിയാണ് ഈ ചിത്രം. വളരെ വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം ഇതിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌. ഇതിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്‌ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. വളരെക്കാലത്തിനുശേഷം ചില മികച്ച വരികള്‍ അദ്ദേഹത്തില്‍ നിന്നും മലയാളികള്‍ക്കു ലഭിച്ചു എന്നതും ഒരു പ്രത്യേകതയാണ്. ചിത്രത്തിലെ അഞ്ചു ഗാനങ്ങളും വ്യത്യസ്തമായ രീതിയിലാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നതും, അവതരിപ്പിക്കപ്പെട്ടിരിക്കുന്നതും. വിവിധ പശ്ചാത്തലങ്ങളിലുള്ള ഗാനങ്ങള്‍ക്ക്‌ മനോഹരമായ ഈണങ്ങളാണ് ദീപക്‌ ദെവ്‌ നല്‍കിയിരിക്കുന്നത്‌. ശങ്കര്‍ മഹാദേവന്‍ പാടിയ “പിച്ച വെച്ച നാള്‍...” എന്നു തുടങ്ങുന്ന ഗാനം സൂപ്പര്‍ ഹിറ്റായി മാറിക്കഴിഞ്ഞിരിക്കുന്നു. കാമ്പസിന്റെ പശ്ചാതതലത്തില്‍ ഒരുക്കിയിരിക്കുന്ന “തകിട താളം...” എന്ന ഗാനം ഒരു തട്ടു പൊളിപ്പന്‍ നമ്പറാണ്. നടന്‍ പ്രിഥ്വിരാജ്‌ ആദ്യമായി ഗായകനാകുന്ന ചിത്രം എന്ന ബഹുമതികൂടി പുതിയമുഖത്തിന് അവകാശപ്പെടാം. “കാണെ കാണെ....” എന്നു തുടങ്ങുന്ന ടൈറ്റില്‍ സോങ്ങ്‌ അതി മനോഹരമായി പ്രിഥ്വി പാടിയിട്ടുമൂണ്ട്‌. ഈ ചിത്രത്തിന്റെ റീ-റെക്കൊര്‍ഡിങ്‌ ചെയ്തിരിക്കുന്നത്‌ ദീപക്‌ ദേവ്‌ തന്നെയാണ്. അതു കൊണ്ടു തന്നെ ടൈറ്റില്‍ സോങ്ങിന്റെ അംശങ്ങള്‍ അങ്ങിങ്ങായി ചിത്രത്തില്‍ കാണാം. സന്ദര്‍ഭോചിതമായി ചിത്രത്തിലെ മറ്റു ഗാനങ്ങളുടെ ഈണങ്ങള്‍ പശ്ചത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നതും ആകര്‍ഷകമായി. കെ.കെയും ശില്പാ റായും ചേര്‍ന്നു പാടിയിരിക്കുന്ന “രഹസ്യമായ്‌...” എന്ന ഗാനം മനോഹരമായി ആലപിച്ചിരിക്കുകയും ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ ഒഴുക്കില്‍ അതൊരു കല്ലുകടിയായി മാറി. കലാ മാസ്റ്റര്‍ ഒരുക്കിയിരിക്കുന്ന ഡാന്‍സ്‌ രംഗങ്ങള്‍, തകിട താളം എന്ന ഗാനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും, മറ്റുള്ളവ ശരാശരിയിലൊതുങ്ങി എന്നു പറയാം. സാലു കെ. ജോര്‍ജ്ജിന്റെ കലാസംവിധാനം എടുത്തു പറയേണ്ട ഒന്നാണ്. ഗാനരംഗങ്ങളെ മികവാര്‍ന്നതാക്കാന്‍ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക്‌ കഴിഞ്ഞു എന്ന് എടുത്തു പറയേണ്ട കാര്യമാണ്.


ചിത്രത്തിന് ഒരു പുതിയ മുഖം നല്‍കുവാന്‍ അണിയറ പ്രവര്‍ത്തകര്‍ നന്നായി പരിശ്രമിച്ചിട്ടുണ്ട്‌ എന്ന്‌ ഈ ചിത്രം കണ്ടാല്‍ മനസ്സിലാക്കുവാന്‍ സാധിക്കം. പ്രിഥ്വിരാജിനെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ത്തുന്ന ചിത്രമെന്ന നിലയിലാണ് ഇതിന്റെ വിപണനം നടക്കുന്നത്‌. അത്രത്തോളമൊന്നുമില്ലെങ്കിലും, ആക്ഷന്‍ ചിത്രങ്ങള്‍ക്ക്‌ ഒരു പുതിയ മുഖം നല്‍കുവാന്‍ ഈ ചിത്രത്തിന് കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല, സാങ്കേതികമായി മലയാള സിനിമ വളരെയധികം വളര്‍ന്നു കഴിഞ്ഞു എന്നുള്ളതിന്റെ തെളിവുകൂടിയാണ് ഈ ചിത്രം. കഥയില്‍ ഒരല്‍പ്പം കൂറ്റി ശ്രദ്ധിച്ചിരുന്നെങ്കില്‍ മലയാള സിനിമയുടെ തന്നെ പുതിയമുഖമായി ഇതു മാറുമായിരുന്നു എന്നതിന് യാതോരു സംശയവുമില്ല. എന്നാല്‍ രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്തുവാന്‍ വേണ്ട എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ട്‌... ദീപന്‍ എന്നൊരു നല്ല സംവിധയാകനെക്കൂടി ഈ ചിത്രം മലയാള സിനിമയ്ക്ക്‌ സമ്മാനിക്കുന്നു. ഓരോ ചുവടും ശ്രദ്ധിച്ച്‌ വയ്ക്കുന്ന നടനെന്ന ഖ്യാതി ഇപ്പോഴേ നേടിയ പ്രിഥ്വിരാജിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍‌തൂവല്‍ കൂടിയാണ് ഈ ചിത്രം....


വാല്‍ക്കഷണം: പുതിയ മുഖം മൊഴിമാറ്റം ചെയ്യപ്പെട്ട്‌ തമിഴിലേക്കും. തമിഴര്‍ക്ക്‌ പരിചിതമായ മുഖങ്ങള്‍ വച്ച് സിനിമയെടുത്താലുള്ള ഓരോ ഗുണമേ...!!!


എന്റെ റേറ്റിങ്‌: 7.3/10.0


ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

തീച്ചിറകേറി ഇന്ത്യ

ഈ വര്‍ഷത്തെ ബെല്‍ജിയം ഗ്രാന്‍ഡ്‌ പ്രീ എഫ്‌ 1 കാറോട്ട മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ വിജയ്‌ മല്യയുടെ ഉടമസ്ഥതയിലുള്ള “ഫോഴ്സ് ഇന്ത്യ”യുടെ പ്രകടനത്തെക്കുറിച്ച്‌ മാത്രുഭൂമിയില്‍ വന്ന വാര്‍ത്ത...

നരേന്‍ കാര്‍ത്തികേയന്റെ നഷ്ടസ്വപ്‌നങ്ങള്‍ക്കെല്ലാമിതാ പരിഹാരം. കാത്തിരിപ്പിനൊടുവില്‍ വേഗതയുടെ ട്രാക്കില്‍ ഇന്ത്യയുടെ തീക്കുതിപ്പും. ജിയാന്‍ കാര്‍ലോ ഫിസിക്കെലയെന്ന ഇറ്റാലിയന്‍ ഡ്രൈവറുടെ ചിറകിലേറി ഇന്ത്യ ഫോര്‍മുല വണ്ണിന്റെ ചരിത്രത്തില്‍ അസുലഭമായൊരു അധ്യായമാണ് എഴുതിച്ചേര്‍ത്തത്.

ബെല്‍ജിയം ഗ്രാന്‍പ്രീയുടെ ട്രാക്കില്‍ ജിയാന്‍ കാര്‍ലോ ഫിസിക്കെലയുടെ മികവില്‍ ഫോഴ്‌സ് ഇന്ത്യ സഫലമാക്കിയത് മദ്യരാജാവ് ഡോ. വിജയ് മല്ല്യയുടെ മാത്രമല്ല, ഇന്ത്യയിലെ റേസിങ് ആരാധകരുടെയും രണ്ടു വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പാണ്. രണ്ടു വര്‍ഷക്കാലത്തെ മുപ്പതു മത്സരങ്ങള്‍ നീണ്ട തോല്‍വികളുടെയും തിരിച്ചടികളുടെയും പരമ്പരയ്‌ക്കൊടുവിലാണ് ഫോഴ്‌സ് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഫോര്‍മുല വണ്ണിന്റെ വിജയപീഠത്തില്‍ സ്ഥാനം നേടിയത്. നരേന്‍ കാര്‍ത്തികേയന്‍ എന്ന സര്‍ക്യൂട്ടിലെ ആദ്യ ഇന്ത്യന്‍ ഡ്രൈവര്‍ വീണിടത്താണ് ഇറ്റലിക്കാരന്‍ ജിയാന്‍ കാര്‍ലോ ഫിസിക്കെല ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ബെല്‍ജിയം ഗ്രാന്‍പ്രീയില്‍ രണ്ടാമതായി ഫിനിഷ് ചെയ്തത്. ഫെരാരിയുടെ കിമി റെയ്‌ക്കോനനു പിറകില്‍ ഒരു സെക്കന്‍ഡില്‍ കുറഞ്ഞ സമയത്തുള്ള ഈ ഫിനിഷ് വഴി എട്ട് പോയിന്റാണ് ഫോഴ്‌സ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ട്രാക്കില്‍ അരങ്ങേറ്റം കുറിച്ച ഫോഴ്‌സ് ഇന്ത്യ മുപ്പത് റേസുകള്‍ക്ക് ശേഷം ആദ്യമായാണ് ഫോര്‍മുല വണ്ണില്‍ പോയിന്റ് നേടുന്നത്. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയന്‍ ഗ്രാന്‍പ്രീയില്‍ അഡ്രിയന്‍ സുതിലും മൊണാക്കോയില്‍ ഫിസിക്കെലയും നേടിയ ഒന്‍പതാം സ്ഥാനങ്ങളായിരുന്നു ഇതുവരെ ഫോഴ്‌സിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍. സുട്ടിലിന് ബെല്‍ജിയം ഗ്രാന്‍പ്രീയില്‍ പതിനൊന്നാമതായേ ഫിനിഷ് ചെയ്യാനായുള്ളൂ.


ഫോഴ്‌സ് ഇന്ത്യയില്‍ ചരിത്രത്തിലാദ്യമായി പോള്‍ പൊസിഷനില്‍ തുടങ്ങാനായ ഫിസിക്കെലയ്ക്ക് തുടക്കം മുതല്‍ തന്നെ കടുത്ത വെല്ലുവിളിയാണ് കിമി റെയ്‌ക്കോനനില്‍ നിന്നു നേരിടേണ്ടിവന്നത്. ഓപ്പണിങ് ലാപ്പില്‍ ജെന്‍സണ്‍ ബട്ടന്റെ ബ്രോണും ലൂയിസ് ഹാമില്‍ട്ടന്റെ മെക്‌ലാറനുമെല്ലാം ഉള്‍പ്പെട്ട ഒരു അപകടപരമ്പരയ്ക്കുശേഷം സേഫ്റ്റി കാര്‍ ട്രാക്കിലിറങ്ങിയതിന്റെ ആനുകൂല്യം മുതലാക്കി റെയ്‌കോനന്‍ ഫിസിക്കെലയെ മറികടന്നു. വേഗതയില്‍ ഫിസിക്കെല ഒട്ടും പിറകിലായിരുന്നില്ലെങ്കിലും കൈനറ്റിക് എനര്‍ജി റിക്കവറി സിസ്റ്റം (KERS) എന്ന സാങ്കേതികസംവിധാനത്തിന്റെ സഹായത്താല്‍ കുതിച്ച റെയ്‌കോനന്‍ ഈ ലീഡ് പിന്നീട് വിട്ടുകൊടുത്തില്ല. പതിമ്മൂന്ന് ലാപ്പുകള്‍ ശേഷിക്കേ ഇരുവരും ഒന്നിച്ച് പിറ്റ് സ്‌റ്റോപ്പെടുത്തെങ്കിലും റെയ്‌കോനനായിരുന്നു ഒരു സെക്കന്‍ഡിന്റെ ആനുകൂല്യത്തില്‍ റിപ്പയര്‍ കഴിഞ്ഞ് പെട്ടന്ന് ട്രാക്കിലിറങ്ങിയത്. ഈയൊരു ആനുകൂല്യമാണ് ഫിനിഷ് വരെ റെയ്‌കോനന് തുണയായത്. രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടെങ്കിലും നിരവധി അപകടങ്ങളും ബട്ടനും ഹാമില്‍ട്ടണും ഉള്‍പ്പടെ നാലുപേരുടെ പിന്‍വാങ്ങലുകളും കണ്ട റേസില്‍ അമിതാവേശവും അത്യത്സാഹവും കാണിക്കാതെ, റിസ്‌ക്കുകള്‍ക്കൊന്നും പോകാതെയാണ് ഫിസിക്കെല ഫോഴ്‌സ് ഇന്ത്യയെ നാല്‍പ്പതിനാലു ലാപ്പുകളില്‍ നയിച്ചത്.


റെയ്‌കോനന്റെയും ഫിസിക്കെലെയുടെയും പിറ്റ്‌സ്‌റ്റോപ്പ് മുതലാക്കി റെഡ്‌ബുള്ളിന്റെ സെബാസ്റ്റിയന്‍ വെറ്റല്‍ ഇടയ്ക്ക് ലീഡ് കൈവരിച്ചെങ്കിലും അവസാന കുതിപ്പില്‍ ഇരുവര്‍ക്കും വഴിമാറികൊടുക്കേണ്ടിവന്നു. ഇത് പതിനെട്ടാം തവണയാണ് 2007ലെ ലോകചാമ്പ്യനായ റെയ്‌ക്കോനന്‍ ഒരു റേസില്‍ ഒന്നാമതെത്തുന്നത്. 2008ലെ സ്​പാനിഷ് ഗ്രാന്‍പ്രീയിലെ കിരീടനേട്ടത്തിന് ശേഷം ആദ്യമായും. പന്ത്രണ്ടു വര്‍ഷത്തെ ഫോര്‍മുല വണ്‍ കരിയറില്‍ ജോര്‍ദന്‍, ബെനട്ടണ്‍, സോബര്‍, റെനോ എന്നീ കാറുകളില്‍ മത്സരിച്ച് മൂന്ന് റേസുകളില്‍ വിജയിച്ച ചരിത്രമുണ്ട് ഫോഴ്‌സ് ഇന്ത്യയുടെ ഫിസിക്കെലയ്ക്ക്.

റെഡ്‌ബുള്ളിന്റെ സെബാസ്റ്റിയന്‍ വെറ്റലാണ് മൂന്നാമതായി ഓടിച്ചെത്തിയത്. ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണിനും നിലവില്‍ ലീഡ് ചെയ്യുന്ന ബ്രോണിന്റെ ജെന്‍സന്‍ ബട്ടണും അപകടത്തെ തുടര്‍ന്ന് ആദ്യ ലാപ്പില്‍ തന്നെ പിന്‍വാങ്ങേണ്ടിവന്നതാണ് റേസിന്റെ മറ്റൊരു പ്രത്യേകത. റെനോയുടെ ഫെര്‍ണാണ്ടോ അലോണ്‍സോ കാറിന്റെ ടയര്‍ പൊളിഞ്ഞതിനെ തുടര്‍ന്ന് 26 ലാപ്പുകള്‍ക്ക് ശേഷം പിന്‍വാങ്ങി. അവസാന ലാപ്പില്‍ എഞ്ചിന് തീപിടിച്ചെങ്കിലും ജെന്‍സണ്‍ ബട്ടന്റെ ബ്രോണ്‍ ടീമംഗം റൂബന്‍സ് ബാരിച്ചെല്ലൊ ഏഴാമതായി ഫിനിഷ് ചെയ്ത് രണ്ട് പോയിന്റ് നേടി.

ഈ സീസണില്‍ പന്ത്രണ്ട് റേസുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ 72 പോയിന്റുമായി ജെന്‍സണ്‍ ബട്ടന്‍ വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. 56 പോയിന്റുമായി ബ്രോണിന്റെ തന്നെ ബാരിച്ചെല്ലോ രണ്ടാം സ്ഥാനത്തും 53 പോയിന്റുമായി റെനോയുടെ സെബാസ്റ്റിയന്‍ വെറ്റല്‍ മൂന്നാം സ്ഥാനത്തുമാണ്. ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ 27 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ടീമിനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രോണിന് 128 പോയിന്റുണ്ട്. 104.5 പോയിന്റുമായി റെനോയാണ് രണ്ടാമത്. എട്ട് പോയിന്റുള്ള ഫോഴ്‌സ് ഇന്ത്യ ഒന്‍പതാം സ്ഥാനത്താണ്.

Monday, August 10, 2009

ഒരു ഓണക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌...


മലയാളികളെ ഓണം എന്താണെന്ന്‌ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല. മലയാളികളുടെ മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായി ആഘോഷിച്ചു പോരുന്ന ഒരുത്സവമാണ് ഓണം. ജനിച്ചു വീണപ്പോള്‍ മുതല്‍ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന ഒന്നാണത്‌. ഓണം എന്നത്‌ ഒരു നൊസ്റ്റാള്‍ജിക്‌ ഓര്‍മ്മയായി മാറുന്ന കാലം വിദൂരമല്ല... എന്റെ കുട്ടിക്കാലത്തെ ഒരു ഓണക്കാലത്തെക്കുറിച്ചാണ് ഞാന്‍ എഴുതുന്നത്‌....

പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന കാലം, അന്നൊക്കെ ഓണം എന്നാല്‍ സ്കൂള്‍ തുറന്നാല്‍ ആദ്യമായി കിട്ടുന്ന പരോള്‍ ദിവസങ്ങളാണ്. പരീക്ഷാ ചൂടില്‍ നിന്നും മാറി നിന്ന്‌, കളിക്കാനും ഓണക്കോടി വാങ്ങാനും പിന്നെ അമ്മയുടെ തറവാട്ടില്‍ പോകാനുമെല്ലാം കിട്ടുന്ന അവസരം. അതു മാത്രമോ, ബന്ധുക്കളെല്ലാവരും വരും, ഓണക്കോടികള്‍ കിട്ടും, സമപ്രായക്കാര കുട്ടികള്‍ വരും... പിന്നെ ഞങ്ങളുടെ ലോകം... ഞങ്ങളുടെ ദിനങ്ങള്‍.. ഇതിനിടയില്‍ ഭാഗ്യമുണ്ടെങ്കില്‍ തീയേറ്ററില്‍ പോയി ഒരു സിനിമ... അതോടെ ഓണം കുശാല്‍... ടെലിവിഷനും ക്രിക്കറ്റും അത്ര തലക്കു പിടിച്ചിട്ടില്ലാത്ത കാലമായതിനാല്‍ അതു രണ്ടും ഒഴിഞ്ഞു നില്‍ക്കും...


ഓണ പരീക്ഷ കഴിഞ്ഞാല്‍ പിന്നെ ഓണക്കോടി വാങ്ങുന്നതിന്റെ തിരക്കിലാണ്. അതിനുമുണ്ട്‌ ചെറിയ ഒരു കുഴപ്പം... അവധിയുടെ തുടക്കത്തിലാണ് ഓണമെങ്കില്‍ അത്‌ പെട്ടെന്നു നടക്കും. അല്ലെങ്കില്‍ കാത്തിരിപ്പാണ്. കാത്തിരിപ്പു മാത്രമല്ല പ്രശ്നം. അമ്മ അധ്യാപിക ആയതിനാല്‍, ഓണ പരീക്ഷയിലെ എല്ലാ വിഷയങ്ങളുടേയും ഉത്തരങ്ങള്‍ നോട്ട്‌ ബുക്കിലേക്ക്‌ പകര്‍ത്തി എഴുതിക്കും. ഓണം അവധിയുടെ അവസാനത്തിലാണെങ്കില്‍, ഇതെഴുതി തീര്‍ക്കാതെ ഒരിക്കലും ഓണക്കോടി കിട്ടില്ല. പിന്നെ ഓണത്തെക്കുറിച്ചുള്ള ആവേശത്തില്‍ എഴുതി തീര്‍ക്കും. പക്ഷേ ഓണം ആദ്യമായാല്‍, അതു മറ്റൊരു കുരിശാകും... ഓണത്തിന്റെ തിമിര്‍പ്പില്‍ നിന്നും പഴയ അവസ്ഥയാകാന്‍ കുറച്ചു ദിവസം എടുക്കും. അതോടെ എഴുത്തു മുടങ്ങും, പിന്നെ അടി കിട്ടുമെന്ന്‌ ഉറപ്പുള്ള വിഷയങ്ങള്‍ എഴുതി തീര്‍ക്കും. അമ്മ ഞാന്‍ പഠിച്ചിരുന്ന വിദ്യാലയത്തിലെ അധ്യാപിക ആയതിനാല്‍ ചില ടീച്ചര്‍മാര്‍ക്ക്‌ ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ടായിരുന്നു. ആ ബലത്തില്‍ ബാക്കിയുള്ള വിഷയങ്ങള്‍ കുറച്ചു മാത്രം എഴുതി രക്ഷപ്പെടും. എന്തായാലും ഈ പകര്‍ത്തി എഴുത്ത്‌ ഓണക്കാലത്തെ ഒരു രസം കൊല്ലി ആയിരുന്നു.


ഓണക്കോടി വാങ്ങിയാല്‍ പിന്നെ അടുത്തത്‌, ഓണ സദ്യയ്ക്ക്‌ വേണ്ട സാധനങ്ങള്‍ വാങ്ങുക എന്നതായിരുന്നു. എല്ലാത്തവണയും ഞാന്‍ അച്ഛന്റേയും അമ്മയുടേയും കൂടെ പോകും സാധനങ്ങള്‍ വാങ്ങാന്‍. എന്റെ ഉദ്ദേശം ഒന്നു മാത്രമാണ്. അവരെക്കൊണ്ട്‌ ശര്‍ക്കര വാങ്ങിപ്പിക്കരുത്‌. അതു വാങ്ങിയാല്‍ പിന്നെ ഓണത്തിന് പാല്‍‌പായസം ഉണ്ടാവില്ല. എല്ലാത്തവണയും എന്റെ പരിശ്രമങ്ങള്‍ അസ്ഥാനത്താവുകയേയുള്ളൂ. അന്ന്‌, ഇന്നത്തെ പോലെ സൂപ്പര്‍ മാര്‍ക്കറ്റുകളോ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റുകളോ ഇല്ല. മാവേലി സ്റ്റോറിന്റെ ഓണം കൌണ്ടര്‍ മാത്രം. അതില്‍ അക്ഷമനായി ക്യൂ നില്‍ക്കുന്ന ഓര്‍മ്മ ദാ ഇപ്പോള്‍ ഒരു സുഖം തരുന്നു. അന്ന്‌ എന്നെ ക്ഷമിക്കാന്‍ പഠിപ്പിച്ചത്‌ പാല്‍പ്പായസത്തിന്റെ പ്രതീക്ഷകള്‍ മാത്രമാണ്....


ഓണത്തിന് പൂവിടണം എന്ന ആഗ്രഹം എല്ലാത്തവണയും ഉണ്ടാകും. പക്ഷേ പത്തു ദിവസം പൂവിടാനുള്ള സാഹചര്യം പലപോഴുമുണ്ടാകാറില്ല. അതു കൊണ്ടു തന്നെ സ്കൂളീല്‍ ഓണാഘോഷ ദിവസം എല്ലാവരും കൂടി വലിയൊരു പൂക്കളമിട്ട്‌ ആശ തീര്‍ക്കാറാണ് പതിവ്. എന്നാല്‍, ഒരു തവണ പത്തു ദിവസവും ഞങ്ങള്‍ പൂവിട്ടു. അത്തത്തിന്റെ അന്ന്‌ മൂന്ന് തുമ്പപ്പൂവില്‍ നിന്നു തുടങ്ങി, പത്തിന്റെ അന്ന്‌, ഒന്നര മീറ്റര്‍ വ്യാസത്തില്‍ മനോഹരമായ ഒരു പൂക്കളമൊരുക്കിയാണ് നമ്മള്‍ അത്‌ അവസാനിപ്പിച്ചത്‌. അരിമാവ്‌ പുരട്ടിയ ഓണത്തപ്പനും, പ്രസാദമായ അടയുമെല്ലാം ആദ്യമായി ഞങ്ങള്‍ ഉണ്ടാക്കി. ആദ്യ ദിനങ്ങളില്‍ പൂവിനായി ഓടി നടന്ന്‌ കിട്ടാതെ അവസാനം, ഒരു കോളേജ്‌ പ്രൊഫസറുടെ വീടിന്റെ മതിലു ചാടി പൂ പറിച്ചതും, ഒടുവില്‍ കഴുത്തില്‍ പിടി വീണപ്പോള്‍ ഓടി രക്ഷപ്പെടാന്‍ നോക്കിയതുമെല്ലാം ഇതിന്റെ ഭാഗമായി ഓര്‍ക്കുന്നു. എന്നാല്‍ ഞങ്ങള്‍ പൂക്കളമൊരുക്കുന്നു എന്ന്‌ പറഞ്ഞപ്പോള്‍ എല്ലാ ദിവസവും പൂപറിക്കാന്‍ അനുവാദം തന്നതും, അവസാന ദിവസത്തെ വലിയ പൂക്കളം കാണാന്‍ അദ്ദേഹം വന്നതും, ഞങ്ങളെ നിര്‍ത്തി ഫോട്ടോ എടുത്തതുമെല്ലാം മങ്ങിയ ഒര്‍മ്മകളായി ഇപ്പോഴും മനസ്സില്‍ തത്തിക്കളിക്കുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം, വീട്ടുകാര്‍ക്കു വരെ അത്ഭുതകരമായ ഒരു കാര്യമായിരുന്നു. അദ്ദേഹം ഇന്നെവിടെയെന്ന്‌ അറിയില്ല. എന്തായാലും അദ്ദേഹത്തിന്റെ ആല്‍ബത്തിന്റെ ഏതോ ഒരു താളില്‍ ആ ചിത്രം ഒട്ടിച്ചു വച്ചിട്ടുണ്ടാകുമെന്ന്‌ ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു...


ഓണത്തിന്റെ ഏറ്റവും മനോഹരമായ സ്മരണ, വീട്ടു മുറ്റത്തെ പേര മരത്തില്‍ കെട്ടിയിരുന്ന ഊഞ്ഞാല്‍ ആണ്. അത്‌ ഓണം സ്പെഷ്യന്‍ ആണ്. ഓണക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഒന്നാണത്‌. ഞങ്ങള്‍ കുട്ടികള്‍ക്കായി മുത്തച്ഛനോ കൊച്ചച്ഛന്മാരോ ആവും അതു കെട്ടുക. കുട്ടികളെല്ലാവരും എത്തിയാല്‍ പിന്നെ പ്രായഭേദമന്യേ എല്ലവരും ഊഞ്ഞാലാടാനുള്ള മത്സരമാണ്. രാവിലെ ഉറക്കമുണര്‍ന്നാല്‍ പിന്നെ അതിലാടാനുള്ള മത്സരം തുടങ്ങിയാല്‍ അവസാനിക്കുക രാത്രിയിലാകും... പിന്നെ നാട്ടിലെ ക്ലബ്ബുകള്‍ നടത്തുന്ന പുലികളി, തിരുവാ‍തിരകളി, വടം വലി മത്സരം, തലപ്പന്ത്‌ കളി എന്നിവ കാണാന്‍ പോകും. തലപ്പന്തും, വടം വലിയും. അതൊരു രസമാണ്, കളിയെക്കുറിച്ച്‌ യാതൊന്നുമറിയില്ലെങ്കില്‍ പോലും, അറിയാതെ നാം ആവേശം കൊണ്ടു പോകും. ചിലപ്പോള്‍ മരമടി നടത്തും, അതും രസമാണ്... ഒരിക്കലത്‌ കുട്ടികള്‍ക്കായി നടത്തി. കലം തല്ലിപ്പൊട്ടിക്കാതെ നാട്ടുകാരുടെ നേരെയാണ് ഞാന്‍ വടിയുമായി പോയതെന്നാണ് ഓര്‍മ്മ... തലപ്പന്തു കളി കാണാന്‍ പോകുന്നതിന് വീട്ടില്‍ നിന്നും വിലക്കുണ്ട്‌. കാരണം, പലപ്പോഴും അത്‌ അടിയിലെ കലാശിക്കാറുള്ളൂ.. എന്നിരുന്നാലും കളിയുടെ നിയമങ്ങള്‍ ഒന്നുമറിയാതെ കളി കണ്ട്‌ ആവേശഭരിതനാകാറുണ്ട്‌. ഇന്നത്തെ തലമുറയ്ക്ക്‌ അന്യമായ ഒരു കളിയാണത്‌. എത്ര പേര്‍ക്കത്‌ അറിയാം എന്നു സംശയമാണ്. കുട്ടികള്‍ക്കായുള്ള മിഠായി പറുക്കല്‍, ചാക്കില്‍ കയറി ഓട്ടം, മൂന്നു കാലില്‍ ഓട്ടം, നാരങ്ങാ സ്പൂണ്‍ റേസ്‌ എന്നിവയൊക്കെ സജീവമായിരുന്നു അന്നും... കുട്ടിക്കാലത്ത്‌ ആവേശപൂര്‍വ്വം നോക്കി നിന്നിരുന്ന ഒരു മത്സരമായിരുന്നു “സൈക്കിള്‍ സ്ലോ റേസ്‌“. സൈക്കിളിനോടുള്ള അഭിനിവേശത്തിനു കാരണമായതും ഈ മത്സരം തന്നെ.


അല്പം മുതിര്‍ന്ന കുട്ടികള്‍ ക്രിക്കറ്റു കളിക്കാന്‍ വേണ്ടി പോകുമ്പോള്‍ അവര്‍ നമ്മളെ കൂട്ടില്ല. എന്നാല്‍ അവര്‍ പോവുന്ന റബ്ബറിന്‍ തോട്ടത്തിലേക്ക്‌ ഞങ്ങളും പോകും. പിന്നെ കള്ളനും പോലീസും, സാറ്റ്‌, എന്നിങ്ങനെ പല കളികളും. അതിന്റെ കൂടെ ഞങ്ങളുടെ മാത്രമായി ചില കളികളും. “ഫൌജി” അതിലൊന്നയിരുന്നു. ദൂരദര്‍ശനില്‍ ആ കാലത്ത്‌ സം‌പ്രേക്ഷണം ചെയ്ത് പോന്നിരുന്ന ഒരു പട്ടാള കഥയായിരുന്നു ഫൌജി. ഞങ്ങള്‍ അതൊരു കളിയാക്കി മറ്റി. ഉത്സവ കാലത്തു വാങ്ങുന്ന കളി തോക്കുകളും പൊട്ടാസുമായിരുന്നു പ്രധാന ആയുധങ്ങള്‍, പിന്നെ മുളയില്‍ ഉണ്ടാക്കിയ വാളുകളും. വളരെ രസകരവും ആവേശകരവുമായ നിയമങ്ങളടങ്ങിയ കളിയായിരുന്നു. ആരാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം വച്ചതെന്നോ, നിയമങ്ങള്‍ ഉണ്ടാക്കിയതെന്നോ ഇന്നും ഓര്‍മ്മയില്ല. അന്നു ഞങ്ങളുടെ കൂട്ടത്തില്‍ മുതിര്‍ന്ന ദീപു ചേട്ടനാവണം അതുണ്ടാക്കിയത്‌. ഒരു ദിവസം മുഴുവനും “ഫൌജി” കളിച്ചാലും മടുക്കാത്ത ആവേശമായിരുന്നു അതിന്... ഫൌജി മാത്രമല്ല, പുളിങ്കുരുവും മഞ്ചാടുക്കുരുവും, കുന്നിക്കുരുവും വച്ചുള്ള ചില കളികള്‍.. അതെല്ലാം വിശ്രമ വേളകളില്‍ മാത്രം... അതിന്റെയൊന്നും പേരു പോലും ഇന്നാലോചിച്ചിട്ട്‌ കിട്ടുന്നില്ല.

ഓണത്തെക്കുറിച്ച്‌ പിന്നെയുള്ള മധുരകരമായ സ്മരണ, ഓണ സദ്യ തന്നെയാണ്. നിലത്ത്‌ ഇലയിട്ടാണ് കുട്ടികള്‍ക്ക്‌ സദ്യ... അതു മാത്രമല്ല. ഓണത്തപ്പന്റെ ഒപ്പം ഊണു കഴിക്കുന്ന ആളുകള്‍ ഞങ്ങളാണ്. അതൊരു അംഗീകാരമായാണ് അന്ന്‌ കരുതി പോന്നത്‌. ആദ്യം സദ്യ കഴിക്കുന്നതിന്റെ പിറകില്‍ മറ്റൊരു ഉദ്ദേശ്യവുമുണ്ടായിരുന്നു. മിക്കാവാറും എല്ലാ ഓണത്തിനും പുലികളിയും മഹാബലി തമ്പുരാനുമായി അവിടെയുള്ള ഒരു കൂട്ടം ചേട്ടന്മാര്‍ എല്ലാ വീട്ടിലും വരുന്ന പതിവുണ്ട്‌. ഉദ്ദേശ്യം പിരിവാണെങ്കിലും ഞങ്ങള്‍ക്ക്‌ അതൊരു നല്ല രസകരമായ പരിപാടിയായിരുന്നു. പുലികളിക്കൊപ്പം ഇറങ്ങി അവര്‍ക്കൊപ്പം ചുവടു വയ്ക്കുക, ആര്‍ത്തു വിളിക്കുക എന്നിവയൊക്കെ പതിവായിരുന്നു. അതൊക്കെ രസകരമായ ഓര്‍മ്മകള്‍ മാത്രമാണിന്ന്‌. പുലികളിയും മറ്റും ഇന്ന്‌ കാണാന്‍ കിട്ടുന്നു തന്നെയില്ല.

എല്ലാം കഴിഞ്ഞ്‌ ഒരു ദിവസത്തിന്റെ തിമിര്‍പ്പ്‌ അവസാനിക്കുന്നത്‌ രാത്രിയില്‍ ഭക്ഷണം കഴിക്കുന്നതോടെയാണ്. പിന്നെ തളര്‍ന്നുറക്കം... അതോടെ ഒരു തിരുവോണ ദിനം കൂടി പോയ്‌ മറയും. പിറ്റെ ദിവസമാകുന്നതോടെ ബന്ധുക്കള്‍ ഓരോരുത്തരായി പോകുവാന്‍ തുടങ്ങും... എന്നെ എപ്പോഴും ഏറ്റവും ദു:ഖിപ്പിച്ചിരിക്കുന്ന ഒരു നിമിഷമാണ്. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ഒത്തു ചേരല്‍.... അതും പെട്ടെന്ന്‌ അവസാനിക്കുന്നു.... അതു കഴിഞ്ഞാല്‍ പിന്നേയും ഒരു വര്‍ഷത്തെ കാത്തിരുപ്പ്‌. ഒരു വലിയ ഇടവേള... വിഷാദത്തിലാണ്ട കാത്തിരിപ്പ്‌.... പക്ഷേ അത്‌ പ്രതീക്ഷയുടെ, സന്തോഷത്തിന്റെ ദിവസങ്ങള്‍ക്കായി ആണ്...


ഇന്നത്തെ പുതു തലമുറയ്ക്ക്‌ ഇത്തരമൊരു അനുഭവം ഉണ്ടാകുമോ? ജീവിതത്തില്‍ തന്നെ ഇത്തരം സുവര്‍ണ്ണ നിമിഷങ്ങളില്‍ കൂടി കടന്നുപോകുവാന്‍ അവര്‍ക്കു കഴിയുമോ? മണ്ണിന്റെ ഗന്ധവും, പൂവിന്റെ നൈര്‍മ്മല്യവും, പൂവിളികളും, ഓണത്തിന്റെ ആവേശവുമെല്ലാം മനസ്സിലാക്കാന്‍ അവര്‍ക്കു കഴിയുമോ? ഞാന്‍ അനുഭവിച്ച ആ അനുഭൂതി ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു കഴിയുമോ? അറിയില്ല. ഇതെല്ലാം ഒരു കെട്ടു കഥകള്‍ പോലെ അവര്‍ വിശ്വസിക്കുന്ന ഒരു കാലത്തേക്കാണ് നാം പോകുന്നത്‌....

Saturday, August 1, 2009

ഈ പട്ടണത്തില്‍ ഭൂതം (Ee Pattanathil Bhootham)


ജോണി ആന്‍‌റ്റണിയും മമ്മൂട്ടിയും തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിനു ശേഷം ഒരുമിക്കുന്ന ചിത്രമാണ് ഈ പട്ടണത്തില്‍ ഭൂതം. സൂപ്പര്‍ ഹിറ്റ്‌ തിരക്കഥാ രചയിതാക്കളായ സിബി കെ. തോമസ് - ഉദയകൃഷ്ണ കൂട്ടുകെട്ടിന്‍‌റ്റേതാണ് കഥയും തിരക്കഥയും. കുട്ടികള്‍ക്കായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്ന്‌ സംവിധായകന്‍ അവകാശപ്പെടുന്ന ഈ ചിത്രം ഒരു ഫാന്‍‌റ്റസി ചിത്രം കൂടിയാണ്‌‍.

ഭൂതം മന്ത്രവാദിയുടെ കയ്യില്‍ നിന്നും രക്ഷപ്പെടുന്നതും, അതു ഒരു പറ്റം കുട്ടികളൂടെ കൂടെ സര്‍ക്കസ്‌ കൂടാരത്തില്‍ ഒത്തു ചേരുന്നതും, പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ്‌ കഥാതന്തു. ഇതില്‍ കൂടുതല്‍ കഥ പറയണമെങ്കില്‍ സിനിമ മുഴുവനായി പറയണം എന്നുള്ളതിനാല്‍ അതിനു ഞാന്‍ മുതിരുന്നില്ല. മലയാളത്തില്‍ ഇതിനു മുന്നേ ഇറങ്ങിയ ഫാന്‍‌റ്റസി ചിത്രങ്ങളെ പൊലെ തന്നെയാണ്‌ ഇതിന്‍‌റ്റേയും കഥ. മന്ത്രവാദി + ഭൂതവും കുടവും + കുട്ടികള്‍ + നിധി + ശുഭപര്യവസായി എന്ന ഫോര്‍മുല തന്നെയാണ്‌ ഈ ചിത്രത്തിനും ഉള്ളത്‌. ഒരു സര്‍ക്കസ്‌ കൂടാരത്തിനെ ആസ്പദമാക്കിയാണ്‌ കഥ രൂപപ്പെടുത്തിയിരിക്കുന്നത്‌. ഒരു പക്ഷേ ഈ ചിത്രം കാണുമ്പോള്‍ ഉത്തരം കിട്ടാതത വളരെയധികം ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ കടന്നു വരുന്നുവെങ്കില്‍, കണ്ണടച്ച്‌, "ഇതു കുട്ടികളുടെ സിനിമയാണ്‌, കഥയില്‍ ചോദ്യമില്ല" എന്ന്‌ മൂന്നു തവണ സ്വയം പറയുക. എന്നിട്ട്‌ സിനിമ മുഴുവന്‍ കാണുക... എന്നാലും ഒരു പരിധി വരെ നര്‍മ്മത്തില്‍ ചാലിച്ച്‌ കഥ പറഞ്ഞു പോകുവാന്‍ തിരക്കഥാകൃത്തുക്കള്‍ ശ്രമിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ മടുപ്പു തോന്നാതെ ചിത്രം കണ്ടു തീര്‍ക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയും.

മമ്മൂട്ടി ഇരട്ട വേഷങ്ങളിലാണ്‌ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. ഭൂതമായും, ബൈക്ക്‌ ജമ്പര്‍ ജിമ്മിയായും. മമ്മൂട്ടിയുടെ പ്രതിഭയുടെ ഒരംശം പോലും ചൂഷണം ചെയ്യാന്‍ കഴിയാത്ത കഥാപാത്രമാണ്‌ രണ്ടും. ഇന്നസെന്‍‌റ്റും സലീം കുമാറും രാജന്‍ പി.ദേവുമൊക്കെ ഈ സിനിമയില്‍ വെറുതെ കറങ്ങി നടക്കുന്ന കഥാപാത്രങ്ങളായി മാറി. കാവ്യ മാധവന്‍ ആദ്യമായും അവസാനമായും മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച ചിത്രവും കൂടിയാണിത്‌, പക്ഷേ എത്ര ആലോചിച്ചിട്ടും ഈ കഥാപാത്രത്തിന്റെ ആവശ്യകത എന്തായിരുന്നു എന്ന്‌ മനസ്സിലായില്ല. ഹാസ്യ രംഗങ്ങളില്‍ സുരാജ്‌ മികച്ചു നിന്നപ്പോള്‍, ഉണ്ടപക്രു നല്ല പിന്തുണയാണ്‌ നല്‍കിയത്‌. അണ്ണന്‍ തമ്പി എന്ന ചിത്രത്തിലെ എസ്‌.ഐ റോളിന്റെ തുടര്‍ച്ചയാണെന്ന്‌ തോന്നുന്നു സലീം കുമാര്‍ ചെയ്തത്‌. കഥയില്‍ കുറെ കഥാപാത്രങ്ങള്‍ എന്നതിലുപരി, കഥാപാത്രങ്ങള്‍ക്ക്‌ വേണ്ടത്ര ആഴമില്ല.

കുട്ടികള്‍ക്കിഷ്ടപ്പെടുന്ന രീതിയിലാണ്‌ ജോണി ആന്‍‌റ്റണി ചിത്രത്തെ ഒരുക്കിയിരിക്കുന്നത്‌. നര്‍മ്മ രംഗങ്ങളിലൂടെ കഥ പറയുവാന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നു. പിന്നെ ഭൂതവും കുട്ടികളുമായുള്ള ബന്ധം നന്നായി ചിത്രീകരിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍ മമ്മൂട്ടി എന്ന നടനെ അല്‍പം പോലും ഉപയോഗിക്കാന്‍ സംവിധായകന്‌ കഴിഞ്ഞിട്ടില്ല. ലളിതമായ കഥാതന്തുവില്‍, വഴിപോക്കരെ പോലെ വരുന്ന കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂ... ഇന്നസെന്‍‌റ്റിനേയോ കാവ്യമാധവനെയോ കേന്ദ്രഭാഗത്ത്‌ കൊണ്ടുവരാന്‍ പോലും സംവിധായകന്‍ ശ്രമിച്ചിട്ടില്ല എന്നത്‌ പ്രധാന ന്യൂനതയായി പറയാം. ഇങ്ങനെയൊക്കെയായാലും രണ്ടര മണിക്കൂര്‍ നേരം കുട്ടികളെ തീയേറ്ററില്‍ പിടിച്ചിരുത്താന്‍ അദ്ദേഹത്തിന്‌ കഴിയുന്നു എന്നത്‌ വിജയമായി അദ്ദേഹത്തിന്‌ അവകാശപ്പെടാം.

ഒരു ഫാന്‍‌റ്റസി ചിത്രമെന്ന നിലയില്‍ നല്ല ഇഫക്ടുകള്‍ ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്‌. പലപ്പോഴും മലയാള ചിത്രങ്ങളില്‍ ഗ്രാഫിക്സ്‌ ഉപയോക്കുമ്പോള്‍ അരോചകമായി തോന്നിയിരുന്നു. ഈ ചിത്രത്തില്‍ അത്‌ അല്പം ഭേദമായി തോന്നുന്നു. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ബോധപൂര്‍വ്വമായൊരു ശ്രമം ഈ ചിത്രത്തിന്റെ ഇഫക്ടുകള്‍ ചെയ്ത ദുര്‍ഗ്ഗാപ്രസാദിന്‍‌റ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്‌ എന്നു തോന്നുന്നു. അതേ സമയം, ഛായാഗ്രഹണം നിലവരത്തിലേക്ക്‌ ഉയര്‍ന്നില്ല. രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിങ്‌ മികച്ച നിലവാരം പുലര്‍ത്തി. മനു ജഗത്തിന്‍‌റ്റെ കലാസംവിധാനം ശരാശരിയിലൊതുങ്ങി എന്നു പറയാം. മാഫിയ ശശിയാണ്‌ സംഘട്ടന രംഗങ്ങള്‍ ചെയ്തിരിക്കുന്നത്‌. ചില ആക്ഷന്‍ സീക്വന്‍സുകള്‍ കണ്ടപ്പോള്‍, പ്രത്യേകിച്ച്‌ ബൈക്ക്‌, കുതിര സവാരി ഷോട്ടുകള്‍, മമ്മൂട്ടിയെന്താ രജനീകാന്തിനു പഠിക്കുവാണോ എന്നു തോന്നുപ്പോകും. അതില്‍ തന്നെ, കയറു കെട്ടിയാണ്‌ ഇത്‌ ചെയ്തിരിക്കുന്നത്‌ എന്ന്‌ വ്യക്തമായി പ്രേക്ഷകന്‌ തിരിച്ചറിയാന്‍ കഴിയുന്നത്‌ കല്ലുകടിയായി മാറി.

ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ ഷാന്‍ റഹ്മാനാണ്‌. ഗിരീഷ്‌ പുത്തഞ്ചേരിയാണ്‌ ഗാന രചന. "മാമരങ്ങളേ....", "അടിപൊളീ ഭൂതം.." എന്നീ ഗാനങ്ങള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളവയാണ്‌.... അതില്‍ മാമരങ്ങളേ എന്ന ഗാനം മനോഹരമായി ചിത്രീകരിച്ചിട്ടുമുണ്ട്‌. എന്നാല്‍ അടിപൊളി ഭൂതം എന്ന ഗാനം കുട്ടികളെ മാത്രമേ രസിപ്പിക്കൂ.. അതു മാത്രമല്ല, ഇതൊരു തിരുകി കയറ്റലായി തോന്നുകയും ചെയ്യും. മമ്മൂട്ടി നൃത്ത രംഗങ്ങളില്‍ കുറച്ചു കൂടി മെച്ചപ്പെട്ടിട്ടുണ്ട്‌. അതിന്റെ ക്രെഡിറ്റ്‌ കൂള്‍ ജയന്തിന്‌ തന്നെ നല്‍കാം. മമ്മൂട്ടിക്കായി ചെയ്യാന്‍ പറ്റുന്ന നൃത്തച്ചുവടുകളുണ്ടാക്കാന്‍ നന്നേ കഷ്ടപ്പെട്ടിരിക്കും. "ചാം ചക്ക " ഗാനം വൃത്തികേടായിട്ടില്ല എന്നു പറയാം. രാജാമണിയുടെ പശ്ചാത്തല സംഗീതം പൊതുവേ നല്ലതാണെങ്കിലും, പല രംഗങ്ങളിലും അതൊരു അഭംഗിയായി തോന്നി.

+
- വളരെക്കാലത്തിനു ശേഷം കുട്ടികള്‍ക്കയി ഒരു ചിത്രം
- നല്ല ഗ്രാഫിക്സ്‌
- ഷാന്‍ റഹ്മാന്‍ എന്ന സംഗീത സംവിധായകന്‍
- സുരാജിന്റെ പ്രകടനം

-
- സ്ഥിരം ഫോര്‍മുല
- ദുര്‍ബലമായ കഥാതന്തുവും
- കഥാപാത്രങ്ങളുടെ ആഴമില്ലായ്മ.

മമ്മൂട്ടി ഭൂതമാകുന്നു എന്നതൊഴിച്ച്‌, ഒരു പുതുമയും ഈ ചിത്രത്തില്‍ അവകാശപ്പെടാനില്ല. നമ്മള്‍ കാലാകാലങ്ങളായി കണ്ടു വന്ന ഭൂത ചിത്രങ്ങളുടെ ഫോര്‍മുല തന്നെ ഇവിടേയും, പക്ഷേ ഒരു പുതിയ കുപ്പിയിലാണെന്നു മാത്രം. കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രം, ഒരു പക്ഷേ അവരുടെ രക്ഷിതാക്കള്‍ക്ക്‌ ദഹിക്കാതെ പോയേക്കാം. അമിത പ്രതീക്ഷകളില്ലാതെ തീയേറ്ററില്‍ പോയാല്‍ സമാധാനമായി പടം കണ്ടിറങ്ങിപ്പോരാം. എന്തായാലും ലവ്‌ ഇന്‍ സിംഗപ്പൂര്‍ പോലെയൊരു ദുരന്തമായി ഇതു മാറില്ല എന്ന്‌ ഉറപ്പിക്കാം. കുട്ടികളെ ലക്‌ഷ്യമാക്കി ഇറക്കിയ ഈ ചിത്രം അവധിക്കാലത്ത്‌ റിലീസ്‌ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു എന്നു തോന്നി. ഈ മഴക്കാലത്ത്‌ ഇതൊരു വന്‍ റിസ്കാണ്‌....


ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.