Sunday, February 28, 2010

ആഗതന്‍ - The one who came

ഒരു ഇടവേളയ്ക്കു ശേഷം ദിലീപിനെ നായകനാക്കി കമല്‍ ഒരുക്കുന്ന ചിത്രമാണ് ആഗതന്‍ - The one who came. വിയ മീഡിയ എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ മാത്യു ജോസഫാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കമലും കലവൂര്‍ രവികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ദിലീപിന്റെ നായികയായി തെന്നിന്ത്യന്‍ നായിക ചാര്‍മ്മി എത്തുന്നു. ബിജു മേനോന്‍, ലാല്‍, സെറീനാ വഹാബ്‌, ഇന്നസെന്റ്, ഷബ്‌ന, ശില്പാ ബാല, അംബികാ മോഹന്‍ എന്നിങ്ങനെ ഒരു വന്‍ താരനിരയെ കൂടാതെ തമിഴ്‌ സൂപ്പര്‍ താരം സത്യരാജും ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.




ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയില്‍ ജോലി നോക്കുകയാണ് ഗൌതം മേനോന്‍ (ദിലീപ്‌). ചെറുപ്പത്തില്‍ തന്നെ, ഒരു തീവ്രവാദി ആക്രമണത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടയാളാണ് ഗൌതം. ശ്രീനഗറില്‍ ബാങ്കുദ്യോഗസ്ഥാനായി ജോലി നോക്കിയിരുന്ന മുകുന്ദന്‍ മേനോനായിരുന്നു ഗൌതമിന്റെ അച്ഛന്‍. അവിടെ വച്ച്‌ കുടുംബാംഗങ്ങള്‍ മരിക്കുന്നത്തോടെ ഗൌതമിനെ ഡോക്ടര്‍ ഉണ്ണിത്താന്‍ എടുത്തു വളര്‍ത്തുന്നു. അവിചാരിതമായാണ് അയാള്‍ ശ്രേയയെ (ചാര്‍മ്മി) കണ്ടുമുട്ടുന്നത്‌. പിന്നീട്‌ പലപ്പോഴായി വീണ്ടും അവളെ കാണുന്നുവെങ്കിലും ഗൌതം അവളോട് അകലം സൂക്ഷിക്കുന്നു. എന്നാല്‍ ഗൌതമിന്റെ അടുത്ത സുഹ്രുത്തു കൂടിയായ സുധീറിന്റെ ബന്ധുവാണ് ശ്രേയ, അങ്ങനെ പതിയെ ആ ബന്ധം വളരുകയും, കല്യണത്തിലേക്ക്‌ എത്തുകയും ചെയ്യുന്നു. എന്നാല്‍ കല്യാണത്തിനായി ശ്രേയയുടെ മാതാപിതാക്കളുടെ അടുത്തെത്തുന്ന ഗൌതമിന്റെ ഉദ്ദേശം ഗൂഢമാണ്... ആഗതന്‍ എന്ന ചിത്രം നമുക്കായി സമ്മാനിക്കുന്നത്‌ ഈ സസ്‌പെന്‍‌സാണ്....

വളരെ സാധാര രീതിയില്‍ പുരോഗമിക്കുന്ന ഒരു കഥ, എന്നാല്‍ പ്രതീക്ഷിക്കാതൊടുവില്‍ ഒരു സസ്‌പെന്‍സ്.. ഇതാണ് ആഗതനെന്ന ചിത്രത്തിന്റെ കഥാഗതി. കഥയുടെ പോക്ക്‌ പ്രവചനാതീതം എന്നു പറയുക വയ്യെങ്കിലും നായകന്റെ ഉദ്ദേശ്യം മറച്ചു വച്ച്‌ കഥയെ മുന്നോട്ടു കൊണ്ടു പോകുവാന്‍ തിരക്കഥയ്ക്ക്‌ കഴിയുന്നുണ്ട്‌. അതിനു സഹായകമായ രീതിയില്‍ ഒരുക്കിയ തിരക്കഥ അല്പമെങ്കിലും പാളുന്നത്‌, നായകന്റെ ബുദ്ധിപരമായ നീക്കങ്ങള്‍ ബുദ്ധിരഹിതമല്ലേ എന്നു പ്രേക്ഷകനു തോന്നുമ്പോഴാണ്. എന്നാല്‍ സംഭാഷണങ്ങളില്‍ പാലിച്ചിരിക്കുന്ന മിതത്വം എടുത്തു പറയേണ്ട കാര്യമാണ്. ചിത്രത്തിന്റെ തുടക്കം തന്നെ കാശ്മീര്‍ താഴ്വരയില്‍ ചിത്രീകരിച്ച മനോഹരമായ ഒരു ഗാനത്തിലൂടെയാണ്. എന്നാല്‍ പിന്നീടങ്ങോട്ട്‌ ഗാനങ്ങള്‍ അവിടേയും ഇവിടേയും തിരുകി കയറ്റിയിരിക്കുകയാണ്. അനാവശ്യ സന്ദര്‍ഭത്തിലുള്ള ഗാനങ്ങള്‍ കഥാഗതിയെ ഒട്ടും തന്നെ സഹായിക്കുന്നില്ല എന്നത്‌ ഒരു ന്യൂനതയാണ്. ഈ തിരക്കഥയെ സിനിമയാക്കിയിരിക്കുമ്പോള്‍ സംവിധായകന്റെ മികവുമാത്രമാണ് പ്രേക്ഷകരെ തീയേറ്ററില്‍ പിടിച്ചിരുത്തുന്നത്‌.

ആരുടേയും അഭിനയം, മികച്ച പ്രകടനം എന്നു പറയുന്ന ഗണത്തില്‍ പെടുത്തുവാന്‍ കഴിയുകയില്ല. സൂത്രശാലിയായ കഥാപാത്രമായി ദിലീപ്‌ നന്നയി അഭിനയിച്ചിരിക്കുന്നു, എന്നാല്‍ ചാര്‍മ്മിയുടേ ശ്രേയ എന്ന കഥാപാത്രത്തിന് അധികമായി ഒന്നും തന്നെ ചെയ്യുവാനില്ല. കഥാനായകന്റെ പ്രതികാര നടപടികളിലൊരു വഴികാട്ടിയായി മാത്രം ആ കഥാപാത്രം മാറുന്നു. അഭിനയ മികവ്‌ പുറത്തെടുക്കുവാനുള്ള രംഗങ്ങളൊന്നും തന്നെ ചാര്‍മ്മിക്കീ സിനിമയില്‍ ഇല്ല എന്നതാണ് സത്യം. ശ്രേയയുടെ പിതാവായ ജനറല്‍ ഹരീന്ദ്ര വര്‍മ്മ എന്ന കഥാപാത്രമാണ് സത്യരാജിന് ഈ ചിത്രത്തില്‍. കഥാപാത്രം ശക്തമെങ്കിലും, അത്‌ അഭിനയിച്ച്‌ ഫലിപ്പിക്കുന്നതിലും, ഡബ്ബിങ്ങിലെ പാളിച്ചകളും അദ്ദേഹത്തിനു തിരിച്ചടിയായി. സായ്‌കുമാറാണ് സത്യരാജിനു വേണ്ടി ഡബ്ബിങ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. അദ്ദേഹം അതു നന്നായി ചെയ്തിരിക്കുന്നുവെങ്കിലും, മലയാ‍ളികള്‍ക്ക് സുപരിചിതനായ സായികുമാറിന്റെ ശബ്ദം ഒരു രീതിയിലും സത്യരാജിന് ഇണങ്ങുന്നില്ല എന്നതാണ് സത്യം. അത്‌ ചിത്രത്തിലുടനീളം മുഴച്ചു നില്‍ക്കുകയും ചെയ്യുന്നു. കലണ്ടര്‍ എന്ന ചിത്രത്തിനു ശേഷം സറീന വഹാബ്‌ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്‌. ഭേദപ്പെട്ട അഭിനയമാണ് സെറീനയുടേത്‌. ചിത്രത്തില്‍ എറ്റവും നന്നായി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌ ലാലാണ്. ജോര്‍ജ്ജെന്ന കഥാപാത്രത്തെ അതി മനോഹരമായി അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു. ബിജു മേനോനും, ഇന്നസെന്റും, ബാബു നമൂതിരിയുമെല്ലാം തങ്ങളുടെ കഥാപാത്രത്തോട്‌ നീതിപുലര്‍ത്തുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്‌.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗമാകും പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുക. ഭ്രമരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്‌ പിച്ച വെച്ച അജയന്‍ വിന്‍സെന്റിന്റെ മികച്ച ഛായാഗ്രഹണമാണ് ആഗതനില്‍ നാം കാണുന്നത്‌. കാശ്മീര്‍ താഴ്വരയുടേയും കൂര്‍ഗ്ഗിലെ മുന്തിരി തോട്ടങ്ങളുടേയും ഭംഗി, മികച്ചരീതിയില്‍ പകര്‍ത്തുവാന്‍ അജയനു കഴിഞ്ഞിട്ടുണ്ട്. അതു പോലെ തന്നെ ബാംഗ്ലൂര്‍ നഗരത്തിന്റെ വിവിധ കാഴ്ചകളും അതിമനോഹരമായി അദ്ദേഹം ഒപ്പിയെടുത്തിരിക്കുന്നു. അതിനൊപ്പം വി. സാജന്റെ ചിത്രസംയോജനം കൂടി ചേരുന്നതാണ് ചിത്രത്തെ ആകര്‍ഷകമാക്കുന്നത്‌. പാണ്ഡ്യന്‍ നിര്‍വഹിച്ചിരിക്കുന്ന ചമയം, അരുണ്‍ സീനുവിന്റെ ശബ്ദമിശ്രണം, സമീറാ സനീഷിന്റെ വസ്ത്രാലങ്കാരം, പ്രശാന്തിന്റെ കലാ സംവിധാനം എന്നിവയും ചിത്രത്തോടു ചേര്‍ന്നു പോകുന്നുണ്ട്‌. ഒരു പക്ഷേ മികവാണ് പലപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ തിരിച്ച്‌ തിരക്കഥയിലെ ഓട്ടകള്‍ അടയ്ക്കുന്നതെന്ന്‌ പറയാതെ വയ്യാ.

ചിത്രത്തിലെ ഗാനങ്ങള്‍ അങ്ങിങ്ങായി തിരുകി കയറ്റപ്പെട്ടവയാണെങ്കിലും, കേള്‍ക്കാന്‍ ഇമ്പമുള്ളവയാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച്, ഔസേപ്പച്ചന്‍ ഈണം പകര്‍ന്ന ഗാനങ്ങളാണിവ. രഞ്ജിത്ത്‌ ആലപിച്ച ഞാന്‍ കനവില്‍ കണ്ട, കാര്‍ത്തിക്കും ശ്രേയാ ഘോഷാലും ആലപിച്ച മഞ്ഞുമഴക്കാട്ടില്‍.. എന്നിവയാണ് അവയില്‍ മികച്ച ഗാനങ്ങള്‍. ശ്രേയാ ഘോഷാല്‍ വീണ്ടും മലയാളത്തിലൊരു നല്ല ഗാനം ആലപിച്ചിരിക്കുന്നു എന്നത്‌ എടുത്തു പറയേണ്ട കാര്യമാണ്. ഓരോ കനവും..., മുന്തിരിപ്പൂവിന്‍ വര്‍ണ്ണജാലം... എന്നിവയും ശ്രവണ സുഖം തരുമെങ്കിലും അത്ര ആകര്‍ഷകമല്ല. ഗാനങ്ങള്‍ക്കൊപ്പമൊരുക്കിയിരിക്കുന്ന ന്രുത്ത രംഗങ്ങള്‍ അത്ര ആകര്‍ഷകമല്ല. സുജാതയുടെ ചുവടുകള്‍ ശരാശരിയില്‍ ഒതുങ്ങുന്നു എന്നതാണ് സത്യം.

സ്വന്തം സഹോദരിയുടെ മരണത്തിനു പ്രതികാരം ചെയ്യാനെത്തുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ആഗതന്‍ നമ്മെ നിരാശപ്പെടുത്തുന്നില്ല. സംവിധായകന്റെ കഴിവിലും, സാ‍ങ്കേതിക വിഭാഗത്തിന്റെ മികവിലും ഈ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കും. പക്ഷേ ചിത്രം അവസാനിക്കുമ്പോഴും തിരക്കഥയിലെ പാളിച്ചകള്‍ പ്രേക്ഷക മനസ്സുകളില്‍ ചോദ്യങ്ങള്‍ അവശേഷിപ്പിക്കും എന്നുള്ളത്‌ തീര്‍ച്ചയാണ്. എന്നിരുന്നാലും ദിലീപിന്റെ കോമാളീ വേഷങ്ങളില്‍ നിന്നും വിപരീതമായി നല്ലൊരു കഥാപാത്രത്തെ കാണുവാന്‍ കഴിഞ്ഞു എന്ന ആശ്വാസത്തോടെയാവും പ്രേക്ഷകര്‍ തീയേറ്റര്‍ വിടുക. ഒരു സൂപ്പര്‍ ഹിറ്റായില്ലെങ്കിലും സാമ്പത്തികമായി ചിത്രം വിജയിക്കുമെന്നു തന്നെ കരുതാം..

ആഗതന്‍ : ഞാന്‍ കനവില്‍ കണ്ടൊരു...
ആഗതന്‍ : മഞ്ഞു മഴക്കാറ്റില്‍...

ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

2 comments:

  1. പോസ്റ്ററും ഒരു പാട്ടും കണ്ടാല്‍ കഥ ഊഹിച്ച്ചെടുക്കാം എന്നതാണ് മറ്റൊരു 'പ്രത്യേകത' ..
    അതിനാല്‍ പുതുമ ഉണ്ടെന്നു തോന്നുന്നില്ല.. ഗാനങ്ങള്‍ ഗംഭീരം.. ഇന്ത്യന്‍ സൈന്യം ഒക്കെ ഒരുപാട് മാറി എന്നു കമല്‍ മറന്നു പോയെന്നു തോന്നുന്നു

    ReplyDelete
  2. @ മഹേഷ്‌
    പ്രവചനാതീതമായ സസ്‌പെന്‍സ്‌ എന്നു പറയാന്‍ കഴിയില്ല. എന്നാല്‍ സംഭാഷണങ്ങള്‍ ഒരുക്കിയ രീതി കൊള്ളാം. പതിവില്‍ കവിഞ്ഞ ഒരു മിതത്വം ഫീല്‍ ചെയ്തു. ഒരു പക്ഷേ ഒരു 30 വര്‍ഷം മുന്നിലത്തെ സംഭവമല്ലേ ഇത്‌, അന്നത്തെ സൈന്യത്തെക്കുറിച്ചാവാം കമല്‍ പറയാന്‍ ഉദ്ദേശിച്ചത്‌.

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.