Monday, February 15, 2010

സൂര്യകിരീടം വീണുടഞ്ഞു....

ഫെബ്രുവരി 11, 2010, മലയാ‍ള ഗാന ശാഖയ്ക്ക്‌ ഒരിക്കലും മറക്കാനാവാത്ത ഒരു ദിനം.. പിന്നെയും പിന്നെയും മനസ്സിന്റെ പടി കടന്നു വരുന്ന ഗാനങ്ങള്‍ മലയാളിക്ക്‌ സമ്മാനിച്ച മലയാളിയുടെ പ്രിയ ഗാനരചയിതാണ് ഗിരീഷ്‌ പുത്തഞ്ചേരി നമ്മോട്‌ വിട പറഞ്ഞ ദിനം. അസാമാന്യമായ കാവ്യഭാന കൊണ്ട്‌ അനുഗ്രഹീതനായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി. തിരക്കഥയിലേക്കിറങ്ങിച്ചെല്ലാനും കഥാപാത്രങ്ങളുടെ മാനസിക സ്ഥിതി തിരിച്ചറിഞ്ഞ് വരികളൊരുക്കുവാനുമുള്ള കഴിവ്‌ ഗിരീഷിനുണ്ടായിരുന്നു. മറ്റു ഗാനരചയിതാക്കളില്‍ നിന്നും വ്യത്യസ്തമായി, സംഗീതത്തിലുണ്ടായിരുന്ന അവഗാഹം, താളാത്മകവും മനോഹരവുമായ വരികളൊരുക്കുന്നതിന് ഗിരീഷിനെ സഹായിച്ചിരുന്നു, ഒരു പക്ഷേ അതു തന്നെയാവും ഗിരീഷിനെ വ്യത്യസ്തനാക്കിയത്‌.

കോഴിക്കോട്ടെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഗിരീഷ്, ജന്മം കൊണ്ടു തന്നെ അനുഗ്രഹീതനായിരുന്നു. എന്നാല്‍ ഉപജീവനാര്‍ഥമാണ് അദ്ദേഹം ഗാന രംഗത്തേക്ക്‌ തിരിഞ്ഞത്‌. വിദ്യാഭ്യാസകാലത്തുതന്നെ കവിതാരചനയില്‍ കഴിവ്‌ തെളിയിച്ച അദ്ദേഹം പിന്നീട് ആകാശവാണിയുടെ വിവിധ നിലയങ്ങള്‍ക്കായി ലളിതഗാനങ്ങള്‍ എഴുതിക്കൊണ്ടാണ് സജീവമായത്‌. അതിനു ശേഷം എച്ച്.എം.വി., തരംഗിണി തുടങ്ങിയ റെക്കോഡിങ് കമ്പനികള്‍ക്കുവേണ്ടിയും ടെലിവിഷന്‍ ചാനലുകള്‍ക്കുവേണ്ടിയും ഒട്ടേറെ ഗാനങ്ങള്‍ രചിച്ചു. എന്നാല്‍ സിനിമാ രംഗത്തേക്ക്‌ കടന്ന ഗിരീഷിന്റെ തുടക്കം അത്ര മികച്ചതായില്ല. ആദ്യം കുറെ ചിത്രങ്ങള്‍ക്കായി വരികളൊരുക്കിയെങ്കിലും ഒന്നും തന്നെ ശ്രദ്ധിക്കപ്പെട്ടില്ല. രണ്ടു ദശാബ്ദംമുമ്പ് പുറത്തിറങ്ങിയ 'ചക്രവാളത്തിനപ്പുറം' എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യഗാനം എഴുതിയത്. എന്നാല്‍ രഞ്ജിത്തെഴുതി ജയരാജ്‌ സംവിധാനം ചെയ്ത ജോണിവാക്കറില്‍, എസ്.പി വെങ്കിടേഷിന്റെ ഈണത്തിന് വരികളൊരുക്കിയ ഗിരീഷിന്റെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായി. അതോടെ ഗിരീഷ്‌ ശ്രദ്ധിക്കപ്പെട്ടും. ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു എന്ന ഗാനത്തിന് വരികളെഴുതിയ ഗിരീഷിന്, പിന്നീട്‌ ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏകദേശം 328 ചിത്രങ്ങളിലായി 1556 ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. 'അഗ്‌നിദേവനി'ലെ ഗാനത്തിന് 1995-ല്‍ ആദ്യത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അദ്ദേഹത്തെത്തേടിയെത്തി. 1997 (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്), 1999 (പുനരധിവാസം), 2001 (രാവണപ്രഭു), 2002 (നന്ദനം), 2003 (ഗൗരീശങ്കരം), 2004 (കഥാവശേഷന്‍) എന്നീ വര്‍ഷങ്ങളിലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഗിരീഷ് സ്വന്തമാക്കി.

ഗിരീഷ്‌ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സ്രുഷ്ടിച്ചത്‌ വിദ്യാസാഗറിനൊപ്പമായിരുന്നു. അവര്‍ തമ്മിലുള്ള ആത്മബന്ധം വളരെയധികം ഹിറ്റുഗാനങ്ങള്‍ മലയാളിക്ക്‌ സമ്മാനിച്ചു. ട്യൂണിട്ട്‌ പാട്ടെഴുതുക എന്നതിലുപരി, ഗിരീഷിന്റെ വരികള്‍ക്ക്‌ സംഗീതം നല്‍കുക എന്നതാണ് വിദ്യാസാഗര്‍ ചെയ്തത്‌. അതു കൊണ്ടു തന്നെ കവിതാ സ്പര്‍ശമുള്ള വളരെയധികം ഗാനങ്ങള്‍ ആ കൂട്ടുകെട്ടില്‍ നിന്നും പിറന്നു. പിന്നെയും പിന്നെയും, ആരോ വിരല്‍ മീട്ടി, എത്രയോ ജന്മമായി, ഒരു രാത്രി കൂടി വിട വാങ്ങവേ, മറന്നിട്ടുമെന്തിനോ, ആരോരാള്‍ പുലര്‍മഴയില്‍, കരിമിഴി കുരുവിയെ, തൊട്ടുരുമ്മി ഇരിക്കാന്‍, കണ്ണാടി കൂടും കൂട്ടി... അങ്ങനെ തുടരുന്നു ആ നീണ്ട നിര. അന്തരിച്ച സംഗീത സംവിധായകന്‍ രവീന്ദ്രന്റേയും പ്രിയപ്പെട്ട ഗാനരചിയിതാവായിരുന്നു ഗിരീഷ്‌. വരികളെഴുതുന്നത്‌ ഗിരീഷെങ്കില്‍, സംഗീതമൊരുക്കാ‍ന്‍ തനിക്കൊരു പ്രയാസവുമില്ല എന്നായിരുന്നു രവീന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞത്‌. കാര്‍മുകില്‍വര്‍ണന്റെ, കളഭം തരാം, ഒരു കിളി പാട്ട് മൂളവേ, ഹരി മുരളീരവം, പാടി തൊടിയിലേതോ, ഗംഗേ തുടങ്ങിയ ഹിറ്റു ഗാനങ്ങള്‍ ഈ കൂട്ടുകെട്ടിന്റെ സംഭാവനയാണ്. എം.ജയചന്ദ്രന്‍, എം.ജി രാധാക്രുഷ്ണന്‍, ജോണ്‍സണ്‍ എന്നിവരുമായും ഗിരീഷിന്റെ കൂട്ടുകെട്ട്‌ ഒട്ടേറെ ഹിറ്റു ഗാനങ്ങള്‍ മലയാളിക്ക്‌ സമ്മാനിച്ചു. ഗിരീഷ്‌ ഗാനരചന നടത്തിയ ജോണി വാക്കര്‍, കാശ്മീരം, മിന്നാരം, കാലാപാനി, ഈ പുഴയും കടന്ന്, ചന്ദ്രലേഖ, ഒരു യാത്രാമൊഴി, സമ്മര്‍ ഇന്‍ ബത്‌ലഹേം, കന്മദം, ഒരു മറവത്തൂര്‍ കനവ്, നിറം, രാക്കിളിപ്പാട്ട്, ഗ്രാമഫോണ്‍, മീശമാധവന്‍, ബാലേട്ടന്‍, അച്ചുവിന്റെ അമ്മ, കഥപറയുമ്പോള്‍, വടക്കുംനാഥന്‍, ബനാറസ് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു. ഗാനരചനയില്‍ മാത്രമല്ല, മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിന്റെ കഥയും 'കിന്നരിപ്പുഴയോരം', 'പല്ലാവൂര്‍ ദേവനാരായണന്‍', 'വടക്കുംനാഥന്‍', 'മേഘതീര്‍ഥം' എന്നിവയുടെ തിരക്കഥ, സംഭാഷണം എന്നിവയും അദ്ദേഹം രചിച്ചു. ഷഡ്ജം, തനിച്ചല്ല എന്നീ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ട്യൂണിട്ട്‌ ഗാനമെഴുതുമ്പോള്‍ പല ഗാനരചയിതാക്കളും വാക്കുകള്‍ കൊണ്ട്‌ സര്‍ക്കസ്സുകള്‍ കാണിക്കുന്നത്‌ നാം കണ്ടിട്ടുണ്ട്‌. എന്നാല്‍ ഗിരീഷ്‌ വ്യത്യസ്തനായത്‌ അവിടെയാണ്. സംഗീത സംവിധാ‍യകര്‍ ചിട്ടപ്പെടുത്തുന്ന ട്യൂണുകള്‍ക്ക്‌ അനായാസം വരികളെഴുതുക എന്നത്‌ ഗിരീഷിന്റെ കഴിവായിരുന്നു, എന്നു മാത്രമല്ല, ആ വരികള്‍ക്ക് കാവ്യഭഗി ഒട്ടും നഷ്ടപ്പെടുകയും ചെയ്തിരുന്നില്ല. വെറുതെ ട്യൂണുകള്‍ക്ക്‌ വരികളെഴുതാതെ, തിരക്കഥയെയും കഥാ സന്ദര്‍ഭത്തെയും അടുത്തറിയുവാനും, അതിനൊപ്പിച്ച്‌ വരികളെഴുതുവാനും ഗിരീഷിന് കഴിഞ്ഞിരുന്നു എന്ന്‌ പ്രമുഖ സംവിധായകരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. കഥാ സന്ദര്‍ഭത്തിന് ചേരുന്നതു വരെ എഴുതിയ വരികളില്‍ മാറ്റം വരുത്തുവാനും ഗിരീഷ്‌ തയ്യാറായിരുന്നു എന്നും അവര്‍ ചൂണ്ടിക്കാണീക്കുന്നു. ഉപജീവന മാര്‍ഗ്ഗത്തിനായി ഗാന രചന ആരംഭിച്ച തന്റെ ശക്തി, വാക്കുകളൊടുങ്ങാത്ത ആവനാഴിയാണെന്ന്‌ അഭിമാനത്തോടെ ഗിരീഷ്‌ പറയുമായിരുന്നു. ഇത്രയധികം വൈവിധ്യം പ്രകടമാക്കുന്ന ഒരു ഗാനരചയിതാവും നമുക്കിന്നില്ല എന്നത്‌ ദുഖകരമായ സത്യമാണ്. ഗിരീഷിന്റെ വിടവാങ്ങല്‍ നമുക്കിടയില്‍ സ്രുഷ്ടിച്ച ആ ശൂന്യത അങ്ങനെ തന്നെ നില്‍ക്കും...

ആ മഹാനായ കലാകാരനു മുന്നില്‍ സാഷ്ടാംഗം നമിക്കുന്നു... ആദരാഞ്ജലികള്‍...

2 comments:

 1. nalla article JK...

  malyala gana rachanaa lokathe kireedam veykaatha raajavinte veezhchayil njan ulpade sakala janangalum thala kunikkunnu.
  Adhehathinte virahathil vedanikkunna nammude sokathe varikalaakkuvan adheham swargathil irunnu sramikkunnundaakum...

  ReplyDelete
 2. @ മേഘസംഗീതം
  എല്ലാ കലാകാരന്മാര്‍ക്കും ജീവിച്ചിരിക്കുമ്പോള്‍ അവഗണനയും, മരണ ശേഷം വന്‍ ആദരവുമാണ്? എന്താണ് അങ്ങനെ..?

  ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.