Monday, November 29, 2010

മമ്മൂട്ടി: ഭാഷയും ദേശവും : കടപ്പുറം ഭാഷയുടെ അമരത്ത്‌ (ഭാഗം നാല്)

ചെമ്മീന്‍ നോവലിന്റെ ഇരുപതാം പതിപ്പില്‍ 'എന്റെ ചെമ്മീനിന്റെ കഥ' എന്ന തലക്കെട്ടില്‍ തകഴി എഴുതിയ കുറിപ്പ് കടലോരജീവിതം എത്രമാത്രം അദ്ദേഹത്തിന് സുപരിചിതമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. നോവലെഴുത്തിന്റെ നാളുകള്‍, അതു നേടിയ രാജ്യാന്തരശ്രദ്ധ, സാമൂഹ്യപശ്ചാത്തലം, ഭാഷ തുടങ്ങി സ്വന്തം മാസ്റ്റര്‍പീസ് രചനയുടെ നാനാവശങ്ങളെപ്പറ്റി ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം വിവരിച്ചിരിക്കുന്നു- 'ഏനച്ചേം വള്ളോം വലേം മേടിക്കാനെക്കൊണ്ട് പോവുകാണല്ലോ എന്നങ്ങ് എഴുതിത്തുടങ്ങി. എന്റെ ഒന്‍പതുവയസ് മുതല്‍ കേട്ട സംസാരരീതിയാണ്'. ചെറുപ്പം മുതല്‍ കേട്ടുശീലിച്ച ഭാഷാഭേദത്തെ അവലംബിച്ച് തകഴി എഴുതിയ ചെമ്മീന്‍ സിനിമയായതിനു ശേഷം ദശകങ്ങള്‍ കഴിഞ്ഞാണ് അത്തരം ഭാഷണസവിശേഷതകളോടെ മറ്റൊരു ചലച്ചിത്രം പുറത്തിറങ്ങിയത്. ഭരതന്‍ സംവിധാനം ചെയ്ത അമരമായിരുന്നു അത്. (കടലോരത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും ഭാഷണവൈവിധ്യപ്രധാനമായിരുന്നില്ല.)

മകള്‍ക്കും കടലിനും അപ്പുറം മറ്റൊരു ലോകമില്ലാത്ത അരയനാണ് അച്ചു. പുറമെ നിന്നു നോക്കുമ്പോള്‍ ചെറുതെന്നു മറ്റുള്ളവര്‍ നിരൂപിച്ചേക്കാവുന്ന, കടപ്പുറത്തിന്റെ ജീവിതസമ്മര്‍ദ്ദങ്ങളും ഗൗരവസാഹചര്യങ്ങളും അച്ചുവെന്ന പ്രതീകത്തെ മുന്‍നിര്‍ത്തിയാണ് അമരം പറഞ്ഞത്. കടപ്പുറം ഭാഷയുടെ സമൃദ്ധമായ ആദേശം തന്നെയായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. അതേ സമയം കേന്ദ്രകഥാപാത്രമായി പരകായപ്രവേശം ചെയ്യുന്നതിലും ഭാഷയുടെ കരുത്തു കാട്ടുന്നതിലും മമ്മൂട്ടി എന്ന നടന്‍ എക്കാലത്തേയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. മമ്മൂട്ടിക്കൊപ്പം മുരളി, കെ പി എ സി ലളിത, അശോകന്‍, ചിത്ര, മാതു തുടങ്ങിയവരും അണിനിരന്നതോടെ ആലപ്പുഴ ജില്ലയിലെ ഓമനപ്പുഴ കടപ്പുറത്തും പരിസരങ്ങളിലുമുള്ള കടലോരഭാഷ മലയാളികള്‍ക്ക് സുപരിചിതമായി മാറി.


ചിത്രത്തിന്റെ ആലോചനാവേളയില്‍ ഭാഷ സംബന്ധിച്ച് വേണ്ടത്ര മുന്‍കരുതലെടുത്തിരുന്നില്ലെങ്കിലും ഷൂട്ടിംഗ് തുടങ്ങുമ്പൊഴേക്കും ഏറെക്കുറെ കൃത്യമായ ധാരണയോടെ ലോഹിതദാസ് സംഭാഷണം തയ്യാറാക്കിയിരുന്നു. നേരത്തെ തന്നെ കടലോരമേഖലകളില്‍ അദ്ദേഹം താമസിക്കുകയും ആള്‍ക്കാരുമായി ഇടപഴകുകയും ചെയ്തിരുന്നു. സ്‌ക്രിപ്‌റ്റെഴുതുന്ന ദിവസങ്ങളില്‍ ആലപ്പുഴയിലെ തീരപ്രദേശങ്ങളിലെ ഒട്ടേറെ ആള്‍ക്കാരുമായി ലോഹിതദാസ് സൗഹൃദം സ്ഥാപിക്കുകയും അവരുടെ ജീവിതരീതിയും ഭാഷണവൈവിധ്യങ്ങളും അടുത്തറിഞ്ഞു പഠിക്കുകയും ചെയ്തു. ചിത്രത്തിന്റെ സമഗ്രതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സംവിധായകന്‍ ഭരതന്‍ ആര്‍ട്ടിസ്റ്റുകളോട് കടപ്പുറത്ത് ഇറങ്ങിനടക്കാനും ഭാവഹാവാദികളും പ്രാദേശിക ഭാഷാപ്രയോഗങ്ങളും മനസ്സിലാക്കാനും ആവശ്യപ്പെട്ടിരുന്നു.

അമരത്തിന്റെ ആദ്യപകുതിയിലെ ഒരു സീന്‍ പരിശോധിക്കാം.
അച്ചു : മുത്തേ...ആഹാ;ഇതുകൊള്ളാവല്ലോ.ഈ നടുപ്പാതിരാക്ക് നീയെന്നാടുക്കാണിവിടെ
മുത്ത് : ഞാന്‍ വെറുതെ... ഒറക്കം വരുന്നില്ലച്ഛാ.
അച്ചു : ഇതെന്തു പണ്ടാരവാണ്് നെനക്കു പറ്റിയത്.വെശപ്പില്ല...ഒറക്കമില്ല.
മുത്ത് : നാളെ റിസള്‍ട്ടറിയുന്ന ദിവസമാ.
അച്ചു : അതിനൊറങ്ങാന്‍ പാടില്ലേ... പട്ടിണി കിടക്കണോ...ഇത്രേം ക്ലാസു പഠിച്ചിട്ടിങ്ങനേന്നുവൊണ്ടായിട്ടില്ലല്ലോ.
മുത്ത് : അതു പോലാണോ ഇത്തവണ.ഇത്തവണ എസ് എസ് എല്‍ സിയാ.തോറ്റുപോവുവോന്നൊരു പേടി.
അച്ചു : ത്വോറ്റു പോകുയോ. കണ്ടിച്ചുകളയും ഞാന്‍.ആരു പറഞ്ഞു ത്വോറ്റു പോകുമെന്ന്.ശിശ്റ്ററു പറഞ്ഞോ.
മുത്ത് : ഉച്ചക്കു ഞാന്‍ ഒറങ്ങിയപ്പോ സ്വപ്‌നം കണ്ടു.എല്ലാ വിഷയത്തിനും വട്ടപ്പൂജ്യം.
അച്ചു : എന്റെ ഒടേയതമ്പുരാനെ ഞാനെന്താണീ കേക്കണത്.പിന്നെന്നാത്തിനാടീ ഞാനീ തൊറേ ജീവിച്ചിരിക്കണത്.നെനക്കിതെന്നാത്തിന്റെ കൊറവാണ്.കാശിന് കാശ്... പുത്തകത്തിന് പുത്തകം...കുപ്പായത്തിന് കുപ്പായം...ഒരു ചായ കുടിച്ചില്ലേലും ഞാന്‍ നാന്റെ കാര്യത്തിനെന്തേലും മൊടക്കം വരുത്തീട്ടൊണ്ടോ.ഒരല്ലലുമറിയിക്കാതെയാണ് നിന്നെ ഞാന്‍ വളത്തിയത്.അന്നിട്ട് വട്ടപ്പൂജ്യം.കരക്കാരടെ മെകത്ത് ഞാനെങ്ങനെ നോക്കും തമ്പുരാനെ.
മുത്ത് : തോറ്റാ ഞാന്‍ കടലിച്ചാടി ചാവുവേള്ളു.
അച്ചു : വെടക്കത്തരം പറഞ്ഞാ മോന്തക്കിട്ട് ഞാനോരു വീക്കുവച്ചു തരും പറഞ്ഞേക്കാം...
മുത്ത് :അന്നാ അച്ചനേങ്ങോട്ടു കൊല്ല്. അതാ നല്ലത്.മനസ്സമാതാനമ്പോയല്ലോ.

കഥയുടെ വികാസഘട്ടത്തില്‍ അച്ചുവും മകളും തമ്മില്‍ നടക്കുന്ന സംഭാഷണമാണിത്. അമരം എന്ന ചിത്രത്തിന്റെ നട്ടെല്ല് തന്നെ ഈ ഭാഷയാണെന്നു പറയാം.

' ഈ പ്രത്യേകഭാഷ പ്രശ്‌നമായേക്കുമെന്ന് ആദ്യം ഞങ്ങള്‍ക്ക് പേടിയുണ്ടായിരുന്നു. അതുപോലെ തന്നെ മമ്മൂട്ടി പാന്റും കോട്ടും ടൈയുമൊക്കെയായി അഭിനയിച്ചു വരുന്ന സമയമാണത്. പെട്ടെന്നിങ്ങനെയൊരു അരയന്റെ വേഷത്തില്‍ വന്നാല്‍ അദ്ദേഹത്തെ ജനം സ്വീകരിക്കുമോയെന്നു പോലും ചെറിയൊരു ഭയമുണ്ടായിരുന്നു.  പടം തുടങ്ങി ആദ്യത്തെ അഞ്ചെട്ട് മിനിട്ട് കൊണ്ട് കാണികള്‍ കൂടെ വരണം; വന്നില്ലെങ്കില്‍ പ്രശ്‌നമാണ്. എന്തായാലും പടം റിലീസ് ചെയ്തതോടെ സ്ഥിതി മാറി . കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെയുള്ളവര്‍ രണ്ടുകയ്യും നീട്ടി പടത്തെ സ്വീകരിക്കുകയായിരുന്നു. 'സിനിമയുടെ നിര്‍മ്മാതാവ് ബാബു തിരുവല്ല ഓര്‍ക്കുന്നു.


ശക്തമായ ഒരു ഫോക് സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന ഭാഷയുടെ പശ്ചാത്തലഘടകങ്ങള്‍ മിക്കപ്പോഴും ഭൂമിശാസ്ത്രം,അനുഷ്ഠാനങ്ങള്‍, തൊഴില്‍,ജാതി തുടങ്ങിയവയായിരിക്കും. പരസ്​പരം സഹകരിക്കാന്‍ സമൂഹം ഉപയോഗിക്കുന്ന സ്വേച്ഛാപരവാച്യ ചിഹ്നങ്ങളുടെ വ്യവസ്ഥക്ക് അടിത്തറയാകുന്ന ഇത്തരം കാരണങ്ങളേപ്പറ്റി ഭാഷയിലെ പ്രാദേശികഭേദങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഭാഷാഭേദഗവേഷക(Dialectologist)രും ഭാഷണശൈലിക്കും സന്ദര്‍ഭത്തിനും പ്രസക്തി നല്‍കുന്ന സാമൂഹികഭാഷാശാസ്ത്രജ്ഞ(Sociolinguist)രും സമാനചിന്താഗതിക്കാരാണ്. ഈ ഘടകങ്ങളെല്ലാം ആനുപാതികമായി സമന്വയിച്ച് കേരളത്തിന്റെ പശ്ചിമാതിര്‍ത്തിയിലുടനീളം വ്യാപിക്കുന്ന ഭാഷാസംസ്‌കാരമാണ് കടപ്പുറം ഭാഷ. തുറകളെയും മത്സ്യത്തൊഴിലാളികളെയും കോര്‍ത്തിണക്കുന്ന ഈ ഭാഷക്ക് ഒരു പൊതുസംസ്‌കാരത്തിന്റെ ഏകമുഖമുണ്ടെങ്കിലും പ്രാദേശികമായി രൂപപ്പെടുന്ന വ്യക്തമായ ഭാഷണവൈചിത്ര്യങ്ങളുമുണ്ട്.

ലാറ്റിന്‍ കാത്തലിക് വിഭാഗത്തിനും ഹിന്ദു അരയന്‍മാര്‍ക്കും നിര്‍ണ്ണായകസ്വാധീനമുള്ള മേഖലകളിലായിരുന്നു അമരം ചിത്രീകരിച്ചത്. പുന്നപ്ര മുതല്‍ ഏകദേശം ചെല്ലാനം വരെ നീളുന്ന ഭാഷണരീതിയാണിവിടെയുള്ളത്. സാധാരണയില്‍ക്കവിഞ്ഞ നീട്ടലുള്ള 'എക്‌സ്​പ്രഷന്‍സി'ലധിഷ്ഠിതമായ ഭാഷയാണത്. സംസ്ഥാനത്തെ മത്സ്യബന്ധനമേഖലയിലെ 40%ത്തോളം വരുന്ന ഹിന്ദൂക്കള്‍ക്കും, 35% ക്രിസ്ത്യാനികള്‍ക്കും, 25% മുസ്ലീം ജനതക്കുമിടയില്‍ പ്രാദേശികതയും ജാതിയും മറ്റും ചേര്‍ന്ന് സൃഷ്ടിക്കുന്ന നിരവധി ഭാഷാപരമായ വ്യതിയാനങ്ങള്‍ ഉണ്ടെങ്കിലും കടലോരത്തിന് മൊത്തത്തില്‍ സമാനമായ ഒരു സംസ്‌കാരമാണുള്ളത്. ജീവിതസാഹചര്യങ്ങള്‍ തീര്‍ത്ത പൊതുവായ ചരടില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്ന ഈ കടലോരജനത മറ്റുള്ളവരെ അപേക്ഷിച്ച് പരസ്​പരം കൂടുതല്‍ ഇടപഴകുന്നവരാണ്. അയല്‍പക്കങ്ങള്‍ക്കിടയില്‍ അടഞ്ഞ വാതിലുകളുടെ പ്രതിബന്ധങ്ങള്‍ പോലും പലപ്പോഴും ഉണ്ടാകാറില്ല. സാങ്കേതികതയിലൂന്നിയ വ്യത്യസ്തതകള്‍ എത്രതന്നെ ചൂണ്ടിക്കാട്ടിയാലും ശരി അത്തരക്കാരുടെ ഭാഷക്ക് കടപ്പുറം ഭാഷയെന്ന ശക്തമായ പൊതുധാരയില്‍ നിന്ന് മാറിനില്‍ക്കാനാവില്ല.

സൂക്ഷ്മാംശബദ്ധമായി പഠനാര്‍ഹമാക്കിയില്ലെങ്കില്‍ക്കൂടി കടപ്പുറം ഭാഷയെ നമുക്ക് പ്രാദേശികമായി വിഭജിക്കാന്‍ കഴിയും; വിഴിഞ്ഞം -പുന്നപ്ര,പുന്നപ്ര-മുനമ്പം, മുനമ്പം- ബേപ്പൂര്‍, ബേപ്പൂര്‍-ബേക്കല്‍ എന്നിങ്ങനെ. ഇതില്‍ ഓരോ സോണിലും ഭാഷയില്‍ പ്രാദേശികമായ ചില കൂട്ടിച്ചേര്‍ക്കലും കൊഴിച്ചുനീക്കലും നടക്കുന്നു. ഒപ്പം തനതായ ആംഗികസംവേദനങ്ങള്‍ ഓരോ സ്ഥലത്തിന്റെയും പ്രത്യേകതയായും മാറുന്നു. കേരളത്തിലെ തീരമേഖലയിലെ 8.5 ലക്ഷത്തിലധികം വരുന്ന ജനതക്കിടയിലെ നിര്‍ണ്ണായകവിഭാഗത്തിന്റെ ജീവല്‍ഭാഷയാണ് കടപ്പുറം ഭാഷയായി അറിയപ്പെടുന്നത്. ഏതൊരു പ്രാദേശികഭാഷയിലുമെന്നതുപോലെ കടപ്പുറം ഭാഷയിലും അതിന്റെ ചട്ടക്കൂടിന് പുറത്തു നില്‍ക്കുന്ന ഒരാള്‍ക്ക് ആദ്യം കണ്ടെത്താന്‍ കഴിയുന്നത് ഹാസ്യരസമാണ്.

'എല്ലാ സ്ഥലത്തെ ഭാഷയും നമുക്ക് കേള്‍ക്കുമ്പോള്‍ ഈയൊരു ഹാസ്യം തോന്നാം. അത് മലബാറോ തൃശൂരോ കുന്നംകുളമോ പാലക്കാട്ടോ എന്നുള്ളതല്ല; ഹാസ്യമായി അവതരിപ്പിക്കപ്പെടുന്നതു കൊണ്ടാണ്. ഒരു പെര്‍ഫോമന്‍സ് ആയി വരുന്നു. മോക്കു ചെയ്യപ്പെടുകയാണവിടെ. അതുകൊണ്ടാണ് ഹാസ്യം അനുഭവപ്പെടുന്നത്. അമരം എന്ന സിനിമയില്‍ ആദ്യാവസാനം കടലോരത്തെ ഭാഷ നിലനിര്‍ത്തിയിട്ടുണ്ട്. കടലോരത്തെ മത്സ്യത്തൊഴിലാളികളുടെ ഭാഷ നമ്മള്‍ പറയുമ്പോള്‍ അതില്‍ തമാശ മാത്രമല്ല വരുന്നത്. അവരുടെ ഭാഷയും സംസാരരീതിയും ജീവിതവുമാണ് സിനിമയിലുള്ളത്.' -അച്ചൂട്ടി എന്ന നായകനിലൂടെ കടപ്പുറത്തിന്റെ സന്തോഷവും സങ്കടവും ഏകപക്ഷീയമായ വികാരങ്ങളും ഒരു തിരത്തള്ളല്‍ പോലെ അനുഭവിച്ച് അഭിനയിച്ച മമ്മൂട്ടി അഭിപ്രായപ്പെടുന്നു

അച്ചു ; വെറുക്കാന്‍ മേലാത്ത മൂന്നു കാര്യമേ അച്ചൂനുള്ളൂ. ഒന്നെന്റെ മുത്ത്. പിന്നെയീ കടാല്.പിന്നെ നീ...
ചന്ദ്രി : ഊം;മയക്കണ വര്‍ത്താനം പറയാനറിയാം.
അച്ചു : ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവാണല്ലോ. ചീത്തപ്പേരു കേപ്പിക്കാണ്ട് വേഗം പോ.
ചന്ദ്രി : ചങ്കൊന്നെടുത്തുകാണേണ്ടെന്റെ പൊന്നേ. എനിക്കറിയാം. മുരപ്പത്തരം കാണിക്കുമ്പോഴും എന്നോടിഷ്ടമാണെന്ന്.

'ഈയൊരു സ്ലാംഗ് തന്നെയാണ് ചിത്രത്തിന്റെ വന്‍വിജയത്തിന് കാരണമായത്. മമ്മൂട്ടി വളരെയധികം പെയിന്‍ എടുത്തിരുന്നു. പ്രത്യേകിച്ചും ഭാഷയുടെ കാര്യത്തില്‍.  ചിത്രത്തില്‍ ഏറ്റവും കണ്‍സിസ്റ്റന്റ് ആയി ഭാഷ പറഞ്ഞിരിക്കുന്നത് മമ്മൂട്ടിയാണ്.' - അമരത്തിന്റെ സംവിധാനസഹായി ആയിരുന്ന ജോര്‍ജ്ജ് കിത്തു പറയുന്നു. ഭാഷയുടെ കാര്യത്തില്‍ പല അഭിനേതാക്കള്‍ക്കും പ്രചോദനം മമ്മൂട്ടിയായിരുന്നു. അവരില്‍ പലര്‍ക്കും അദ്ദേഹം പരിശീലനവും നല്‍കി. 'മമ്മൂട്ടിക്ക് വളരെ വേഗം ഭാഷ വഴങ്ങുന്ന രീതിയാണ് അവിടെക്കണ്ടത്. എല്ലാ ദിവസവും പുള്ളി ലൊക്കേഷനിലുണ്ടായിരുന്നു . അദ്ദേഹത്തിന് വര്‍ക്കുമുണ്ടായിരുന്നു. കടപ്പുറത്ത് അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വീടായി സെറ്റിട്ടിരുന്ന സ്ഥലത്തായിരുന്നു ഇരിപ്പൊക്കെത്തന്നെ.' ഭാഷയുടെ കാര്യത്തില്‍ അഭിനന്ദനാര്‍ഹമായ പ്രകടനം അമരത്തില്‍ കാഴ്ചവച്ച കെ പി എ സി ലളിതക്ക് ഷൂട്ടിംഗ് ദിനങ്ങള്‍ ഇന്നും കണ്‍മുന്നില്‍ത്തന്നെയുണ്ട്.


ആശയത്തിന്റെ ചാലകമായിരിക്കുന്നതിനൊപ്പം സഞ്ചിതസംസ്‌കാരത്തിന്റെ ഉപാധി കൂടിയാണ് ഭാഷ. ഇത്തരം ആശയവ്യാപനത്തിന്റെ സ്വഭാവം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഭാഷാപരമായ വ്യത്യാസങ്ങള്‍ ലിംഗഭേദമനുസരിച്ചു പോലും പ്രകടമായേക്കാം. അതിനര്‍ത്ഥം പുരുഷന്‍മാരുടേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സ്ത്രീകളുടെ ഭാഷ എന്നല്ല. ഭാഷാശാസ്ത്രജ്ഞനുമാത്രം താല്‍പ്പര്യം തോന്നുന്ന ചില പ്രത്യേകതകള്‍ ഇരുകൂട്ടരുടെയും കടലോരഭാഷയില്‍ കണ്ടെത്താം. ഭാഷക്കുള്ളിലെ ഭാഷ എന്നാണതിനെ വിളിക്കുന്നത്. കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കിലെ മുക്കുവഭാഷ തന്നെ ഉദാഹരണം. ഇവിടെ സ്ത്രീപുരുഷന്‍മാര്‍ക്കിടയില്‍ ഭാഷാഭേദമുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
( സത്രീഭാഷ : പഴം,കഞ്ചി, കുഴി
പുരുഷഭാഷ : പളം,കഞ്ചു,കുളി
അര്‍ത്ഥം : പഴം,കഞ്ഞി,കുഴി )
കടലിലും തീരത്തുമായി മത്സ്യബന്ധനത്തൊഴിലാളികളായ പുരുഷന്‍മാരുടെ ഭാഷ ഒതുങ്ങുമ്പോള്‍ സ്ത്രീകളില്‍ പലര്‍ക്കും ഇതരസമൂഹവുമായി ഇടപഴകാന്‍ അവസരം ലഭിക്കുന്നു. മത്സ്യം വിറ്റുനടക്കുമ്പോള്‍ മറ്റു വിഭാഗക്കാരുമായി ആശയവിനിമയം സാധ്യമാകുന്നതോടെ മുക്കുവസ്ത്രീകളില്‍ പലര്‍ക്കും ഭാഷ കുറെക്കൂടി മെച്ചപ്പെടുന്നു. അവരുടെ ഭാഷ പുരുഷന്‍മാരുടേതില്‍ നിന്ന് ചെറിയ തോതിലെങ്കിലും വ്യത്യസ്തമാകുന്നതിന്റെ യുക്തി അതാണ്.

ചെമ്മീനിലെയും അമരത്തിലെയും ഭാഷ മാത്രമല്ല, ഉടനീളമുള്ള കടലോരഭാഷ തന്നെ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നുവെന്ന് വേണം കരുതാന്‍. മത്സ്യബന്ധനത്തിനപ്പുറമുള്ള തൊഴില്‍ മേഖലകളും വിദ്യാഭ്യാസപുരോഗതിയുമാണ് ഇതിന്റെ പ്രധാനകാരണം. കടലോര ഭാഷയുടെ ആര്‍ജ്ജവം നിഷ്‌കളങ്കതയും നൈര്‍മ്മല്യവുമാണ്. തകഴിയുടെ ചെമ്മീനിലെ ചക്കിയെയും കറുത്തമ്മയെയും നോക്കുക. പരീക്കുട്ടിയുമായി അടുപ്പമുണ്ടെന്ന ശങ്കയില്‍ മകളെ ചക്കി ഉപദേശിക്കുന്നത് ഇപ്രകാരമാണ്.
-ഈ കടാലു ചെലപ്പം കരിയേണതെന്താന്നാ വച്ചാ, കടലമ്മാക്കു ദേഷ്യം വന്നാലെക്കൊണ്ടു എല്ലാം മുടിക്കും. ഇല്ലേല് മക്കാക്ക് എല്ലാം തരും. കനകക്കട്ടിയോണ്ടു മൊകാളെ കടലീല് ,കനകാക്കട്ടി.
-ശുത്തമാ മൊകാളെ വലുത്. ശുത്തം. മരക്കാന്റെ സൊത്തു മരക്കാത്തീന്റെ ശുത്തമാ
-ഈ കരേല് കേറ്റി വാച്ചവള്ളാത്തിന്റെ മറയും കുറ്റിക്കാടും ഓക്കേ സൂക്ഷിക്കേണ്ടേടമാ.
-നിനാക്കു മൊലേം തലേം വന്ന പ്രായമാകൊച്ചുമൊതലാളിമാരും ഇപ്പാഴത്തേ കണ്ണും തലേമില്ലാത്ത ചെറുവാല്യാക്കാരും നിന്റെ കുണ്ടീക്കും നെഞ്ചാത്തും തൊളച്ചുനോക്കും
-എന്റെ മൊകാളു മേലം കടാലു കരീച്ച് തൊറേലൊള്ളോരെടെ വായി മണ്ണടിക്കല്ലേ.

ഉപയോഗിച്ച കടപ്പുറം ഭാഷക്ക് അഭിനന്ദനങ്ങള്‍ക്കൊപ്പം പ്രതിഷേധശരങ്ങളും ഏറ്റുവാങ്ങേണ്ടതായി വന്നു. ഭാഷാപരമായി മാത്രമല്ല കടലോരജനതയെ അവതരിപ്പിച്ച രീതിയും വിമര്‍ശിക്കപ്പെട്ടു. അമരം എന്ന സിനിമക്കും ഇതേ അനുഭവം തന്നെയുണ്ടായി. ഒരു ജനതയെ അപമാനിക്കുന്ന ഭാഷാപ്രയോഗമാണ് ചിത്രത്തിലേതെന്ന ആരോപണത്തോടൊപ്പം ഷൂട്ടിംഗ് സ്ഥലത്ത് സമരഭീഷണിയും ഉയര്‍ന്നു. ഭാഷയെ തമാശയാക്കിക്കാട്ടുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ചിത്രം റിലീസ് ചെയ്തതോടെ വിമര്‍ശനങ്ങള്‍ അപ്രസക്തമായി. കടപ്പുറത്തിന്റെ യഥാര്‍ത്ഥ സ്​പന്ദനം അമരത്തിലൂടെ അനാവൃതമാകുകയായിരുന്നു.

വക്താവിന്റെ ആന്തരികാനുഭവങ്ങളുടെ പ്രതിഫലനമാണ് ഭാഷ. അനുഭവതീവ്രതയനുസരിച്ച് ഭാഷാപ്രകടനത്തിലും ഭാവാംശങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. യന്ത്രവല്‍കൃതമത്സ്യബന്ധനമില്ലാത്ത കാലത്ത് രൂപപ്പെട്ട ഭാഷണവൈവിധ്യമാണ് കടപ്പുറം ഭാഷയുടേത്. കടലിരമ്പത്തെ മറികടക്കുന്ന ശബ്ദഭാഷ അവിടെ അനിവാര്യമാണ്. സാധാരണ സംഭാഷണം പോലും പതിവില്‍ കൂടുതല്‍ ശബ്ദമുയര്‍ത്തിയുള്ളതായിരിക്കും; ശബ്ദത്തിന്റേതായ 'ഡബിള്‍ ഇഫക്ട് '. പെട്ടെന്ന് ക്ഷോഭിക്കുകയും പെട്ടെന്ന് ശാന്തമാകുകയും ചെയ്യുന്ന ശീലവും ഇക്കൂട്ടരില്‍ ആരോപിക്കാം. അമരത്തിലെ അച്ചു ജീവിക്കുന്നത് മകള്‍ക്കുവേണ്ടി മാത്രമാണ്. മകളുടെ എസ് എസ് എല്‍ സി പരീക്ഷാറിസള്‍ട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ്, അവളെ ഡോക്ടറാക്കുന്നതിനുള്ള മാനസികമായ തയ്യാറെടുപ്പുകള്‍, എല്ലാ സ്വപ്‌നങ്ങളും തച്ചുടക്കപ്പെടുമ്പോഴുണ്ടാകുന്ന വ്യക്തിപരമായ തകര്‍ച്ച... ഇങ്ങനെ അച്ചുവില്‍ നാം ദര്‍ശിക്കുന്നത് വികാരപ്രകടനങ്ങളുടെ കടലിരമ്പമാണ്. അസാധാരണമായ ഭാവപ്രകടനം സമ്യക്കായി ഭാഷയില്‍ ലയിപ്പിക്കാന്‍ മമ്മൂട്ടിക്കു കഴിഞ്ഞതോടെ പ്രേക്ഷകലക്ഷങ്ങള്‍ കടപ്പുറം ഭാഷക്ക് വിജയവീഥിയൊരുക്കുകയും ചെയ്തു.

'ആരൊക്കെ കൈവിട്ടാലും വിടാത്ത ഒരാളുണ്ട്...കരയണ കണ്ടാ സമാധാനിപ്പിക്കും.ചിരിക്കണ കണ്ടാ കൂടെ ചിരിക്കും...കണ്ടാ വിളിക്കണ കണ്ടാ;സമാധാനിപ്പിക്കാനാണ്.കരയണ്ടെന്നും പറഞ്ഞ് സമാധാനിപ്പിക്കാന്‍.'
ഒരു കടലോളം വികാരവിക്ഷോഭങ്ങളുമായി അവസാനത്തെ സീനില്‍ ആഴക്കടലിലേക്ക് ചെറുവള്ളം തുഴഞ്ഞകലുന്ന അച്ചു എന്ന അരയന്‍ കടപ്പുറം ഭാഷയുടെ അമരത്തിരുന്നുകൊണ്ട് പ്രേക്ഷകമനസ്സിലേക്കുള്ള കടന്നുകയറ്റം കൂടിയാണ് നടത്തിയത്.

കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

Tuesday, November 23, 2010

കോളേജ് ഡേയ്സ് (College Days)


നവാഗതനായ ജി.എന്‍. കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ഇന്ദ്രജിത്ത് ചിത്രമാണ്‌ 'കോളേജ് ഡേയ്സ്'. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ചന്ദ്രകാന്തം ഫിലിംസിന്റെ ബാനറില്‍ സീന സാദത്താണ്‌ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രജിത്തിനു പുറമെ, ജഗതി ശ്രീകുമാര്‍, ബിജു മേനോന്‍, ധന്യ മേരി വര്‍ഗ്ഗീസ്, ഭാമ എന്നിവരും അഭിനയിച്ചിരിക്കുന്നു. 
ആതിര (ഭാമ) എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. ആ കോളേജിലെ നോട്ടപ്പുള്ളികളായ ഒരു ഗ്യാങ്ങിനെ സംശയിക്കുന്നുവെങ്കിലും, ഉന്നത സ്വാധീനമുള്ള അവര്‍ രക്ഷപ്പെടുന്നു. കുറച്ചു നാള്‍ കഴിഞ്ഞ് രോഹിത് മേനോന്‍ (ഇന്ദ്രജിത്ത്) ആ കോളേജില്‍ ഹൌസ് സര്‍ജനായി എത്തുന്നു. എന്നാല്‍ ആദ്യ ദിനം തന്നെ രോഹിതിന് ഈ ഗ്യാങ്ങുമായി ഉടക്കേണ്ടി വരുന്നു. എന്നാല്‍ രോഹിത് കൊല്ലപ്പെടുന്നതോടെ കാര്യങ്ങള്‍ മാറി മറിയുന്നു. കേസന്വേഷിക്കാന്‍ കമ്മീഷണര്‍ സുദീപ് ഹരിഹരന്‍ (ബിജു മേനോന്‍) എത്തുന്നു. അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ എത്തിച്ചേരുന്നത് ഞെട്ടിക്കുന്ന ചില രഹസ്യങ്ങളിലാണ്. പിന്നീടുള്ള ഉദ്വേഗഭരിതമായ കഥയാണ് കോളേജ് ഡേയ്സ് പറയുന്നത്.
ഇത്തരം കഥകള്‍ നാം മുന്നേയും കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊന്നും അധികം വ്യത്യസ്തമല്ലാതെയാണ് ഈ ചിത്രവും നമുക്കായി എത്തിയിരിക്കുന്നത്. കൊലപാതകവും പ്രതികാരവും വിഷയമാകുന്ന അവസരത്തില്‍, ഇവിടെ ഈ ചിത്രത്തെ ചതിച്ചിരിക്കുന്നത് ഇതിന്റെ തിരനാടകമാണ്. ഇത്തരം സസ്പെന്‍സ് ത്രില്ലറുകള്‍ ഒരുക്കുമ്പോള്‍, അല്ലെങ്കില്‍ ഒരുക്കുവാന്‍ ശ്രമിക്കുമ്പോള്‍ അല്പമെങ്കിലും “യുക്തി” മേമ്പോടി ചാലിച്ചിരുന്നെങ്കില്‍ എന്ന് അറിയാതെ ആഗ്രഹിച്ചു പോകും. സസ്പെന്‍സ് ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍, ആദ്യമെ തന്നെ കൊലയാളിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കി, പിന്നീട് ഒരു പ്രേക്ഷകരെ വഴി തെറ്റിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുകയാണ് കൃഷ്ണകുമാര്‍ ചെയ്യുവാന്‍ ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ അത് അമ്പേ പാളുന്നു. എവിടെ അവസാനിപ്പിക്കണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന തിരക്കഥാകൃത്തിനെ നമുക്കിതില്‍ കാണാം പാത്ര സൃഷ്ടിയും തഥൈവ. ആവശ്യമുള്ള കഥാപാത്രങ്ങളേക്കാള്‍ അനാവശ്യമായ കഥാപാത്രങ്ങളാണ് ചിത്രത്തിലധികവും. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്ന അജിയും തന്റെ കര്‍ത്തവ്യത്തില്‍ പരാജയപ്പെടുന്നതോടെ സംവിധായകന്റെ ശ്രമം വ്യഥാവിലാകുകയാണ്. അഭിനയത്തില്‍ ഇന്ദ്രജിത്ത് മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. അദ്ദേഹത്തിലെ നടനെ മലയാളം സിനിമ ഇനിയും വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ല എന്നു വിളിച്ചു പറയുന്ന പ്രകടനമാണ് ഇന്ദ്രജിത്തിന്റേത്. ബിജു മേനോന്റെ കമ്മീഷണറും മോശമില്ല എന്നു പറയാം. യുവതാരങ്ങളായ ധന്യാ മേരി വര്‍ഗ്ഗീസ്, റിയാന്‍, ഗോവിന്ദ് പത്മസൂര്യ എന്നിവര്‍ തങ്ങളുടെ റോളുകളോട് നീതി പുലര്‍ത്തിയിരിക്കുന്നു. അബദ്ധജഡിലമായ തിരനാടകത്തില്‍ അവര്‍ അവരുടെ ഭാഗം ഒരുപരിധി വരെ ഭംഗിയായാക്കി എന്നു പറയാം.


ചിത്രത്തിന്റെ ടെക്കിനിക്കല്‍ ഭാഗം ശരാശരിക്കു മുകളില്‍ നില്‍ക്കുന്നു എന്നതാണ് രണ്ടു മണിക്കൂര്‍ നാല്പത് മിനിട്ട് ഈ ചിത്രം കാണുവാന്‍ നമ്മെ സഹായിക്കുന്ന ഘടകം. ചിത്രത്തെ മനോഹരമായി പകര്‍ത്തിയിരിക്കുന്ന സുജിത് വാസുദേവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. വ്യത്യസ്തതയാര്‍ന്ന ആംഗിളുകളും, ഫാസ്റ്റ്-സ്ലോ മോഷനുകള്‍ ഇടകലര്‍ത്തിയുള്ള ചിത്രീകരണവും ഇടക്കെങ്കിലും നമ്മെ പിരിമുറുക്കത്തിലെത്തിക്കുന്നുണ്ട്. അതിന് ബാബു രത്നത്തിന്റെ ചിത്രസംയോജനത്തോടും നന്ദി പറയേണ്ടതാണ്. ഇത്തരം ത്രില്ലറുകളില്‍ പശ്ചാത്തല സംഗീതത്തിന്റെ പ്രാധാന്യം വളരെയധികമാണ്. തുടക്കക്കാരനായ റോണി റാഫേല്‍ ആ ജോലി തന്നാല്‍ കഴിയുന്ന വിധം നന്നാക്കിയിട്ടുണ്ട്. കൈതപ്രമെഴുതിയ, ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നതും റോണീ തന്നെയാണ്. ശ്രീനിവാസ് പാടിയ വെണ്ണിലാവിന്‍ ചിറകിലേറി എന്ന ഗാനമാണ് മികച്ച നിലവാരം പുലര്‍ത്തിയിരിക്കുന്നത്. ശങ്കര്‍ മഹാദേവന്‍ പാടിയ ജഗനു ജഗനു എന്ന ഗാനവും,  ജാസി ഗിഫ്റ്റ് അഫ്സല്‍, റിമി ടോമി എന്നിവര്‍ ചേര്‍ന്നു പാടിയ തുമ്പിപ്പെണ്ണേ എന്ന ഗാനവും കൊള്ളാം എന്നല്ലാതെ മികച്ചത് എന്നു പറയാനാവില്ല. 
ഒരു സസ്പെന്‍സ് ത്രില്ലര്‍ എന്ന നിലയില്‍ ഒരു പിരിമുറുക്കം സൃഷ്ടിക്കുന്നതില്‍ കോളേജ് ഡേയ്സ് പരാജയപ്പെടുന്നു. കണ്ടു മറന്ന കഥ തന്നെ തന്റെ ആദ്യ സിനിമയ്ക്കായി തിരഞ്ഞെടുത്ത കൃഷ്ണകുമാറിന്റെ ധൈര്യത്തെ അനുമോദിച്ചാലും, അതു സ്വയം തന്നെ തിരക്കഥയാക്കാനുള്ള തീരുമാനം, വിവേകമില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്ന് ചിത്രം കാണുന്നവര്‍ക്കു മനസ്സിലാകും. ആ പണി ഭംഗിയായി ചെയ്യാന്‍ അറിയാവുന്ന ആരെയെങ്കിലും അത് ഏല്‍പ്പിച്ചിരുന്നെങ്കില്‍ മനോഹരമായ ഒരു ചിത്രമായി കോളേജ് ഡേയ്സ് മാറിയേനെ എന്നു ഇപ്പോള്‍ തോന്നുന്നു. ഒരു പക്ഷേ കൃഷ്ണകുമാറും അതു തിരിച്ചറിഞ്ഞിട്ടുണ്ടാവും എന്നു കരുതാം. ഒരു സംവിധായകനെന്ന നിലയില്‍ കൃഷ്ണകുമാര്‍ ഇപ്പോഴും കാതങ്ങള്‍ പിറകിലാണെന്ന സൂചനയാണ് ചിത്രം തരുന്നത്.  എന്നാല്‍ ഇന്ദ്രജിത്തിന്റെ പ്രകടനവും, ടെക്കിനിക്കല്‍ വിഭാഗത്തിന്റെ മേന്മയും ഒരു പക്ഷേ ഈ ചിത്രത്തെ ശരാശരിയാക്കി മാറ്റിയേക്കും. സമീപകാല ചിത്രങ്ങളുടെ അവസ്ഥ കാണുമ്പോള്‍, അതിനു സാധ്യതയുണ്ടെന്നു വ്യക്തവുമാണ്.

എന്റെ റേറ്റിങ് : 4.75/10

Friday, November 5, 2010

ദീപാവലി ആശംസകള്‍

"ജ്ഞാനപ്രകാശം പരക്കട്ടെ വിണ്ണില്‍..
അജ്ഞാനാന്ധകാരം ഉളിക്കട്ടെ ഓടി..
നന്മതന്‍ വിത്തു വിതയ്കുവാനെത്തുന്ന
ദീപാവലി സുസ്വാഗതം നിനയ്കായ് .."


മണിച്ചിമിഴിന്റെ എല്ലാ വായനക്കാര്‍ക്കും ഹൃദയംഗമമായ ദീപാവലി ആശംസകള്‍....

Tuesday, November 2, 2010

മമ്മൂട്ടി: ഭാഷയും ദേശവും : കുഞ്ഞച്ചന്റെ വാമൊഴിവഴക്കങ്ങള്‍ (ഭാഗം മൂന്ന്)

കോട്ടയം നഗരമധ്യത്തില്‍ ഒരു കോമ്പസ് കുത്തിനിര്‍ത്തി പത്തുപതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു വൃത്തം വരക്കുന്നുവെന്നിരിക്കട്ടെ ആ വൃത്തത്തിനുള്ളില്‍ അതിന്റേതായ ഒരു തനത് ഭാഷയുണ്ട്. ചങ്ങനാശ്ശേരി പരിസരവും ഏറ്റുമാനൂരും കുമരകവുമെല്ലാം ഉള്‍പ്പെടുന്ന പ്രദേശത്തിന്റേതായ ഒരു ഭാഷ. ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ മുസ്ലീമെന്നോ വിവേചനമില്ലാതെ, ഏതാണ്ടെല്ലാ വിഭാഗം ആളുകള്‍ക്കിടയിലും വ്യവഹാരത്തിലുള്ള സമാനഭാഷ. ആഹാരരീതിയില്‍ പോലും ഏറെയൊന്നും വൈജാത്യങ്ങളില്ലാത്ത ഈ ഏകീകൃതസമൂഹത്തിന്റെ ഭാഷ മാത്രമായിരുന്നില്ല കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമക്കു വേണ്ടി നിശ്ചയിച്ചത്. കറകളഞ്ഞ കോട്ടയം ഭാഷ സംസാരിക്കുന്ന ചില കഥാപാത്രങ്ങള്‍ക്കിടയില്‍ നായകന്റെ പേരിന് വിശേഷണമായി കോട്ടയം എന്ന സ്ഥലനാമം കൂടി ചേര്‍ക്കുമ്പോള്‍ ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഒരു പക്ഷേ വിപണിയിലധിഷ്ഠിതമായ കാഴ്ചപ്പാടും ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ പല ദേശങ്ങളും ചുറ്റിത്തിരിഞ്ഞ് ഒടുവില്‍ ജയിലിലും എത്തിപ്പെട്ട കുഞ്ഞച്ചന്റെ ഏറിയും കുറഞ്ഞുമിരിക്കുന്ന മധ്യതിരുവിതാംകൂറിലെ സമ്മിശ്രഭാഷയുടെ ആദേശത്തിന് കോട്ടയം എന്ന നാമവിശേഷണം ശക്തമായ അച്ചുതണ്ടൊരുക്കുകയായിരുന്നു എന്നു വേണം കരുതാന്‍.

മീനച്ചില്‍, മണിമല,മൂവാറ്റുപുഴ എന്നീ നദികള്‍ ഒഴുകുന്ന മലയോരമേഖലകള്‍ കൊണ്ട് സമ്പന്നമായ ഒരു ജില്ലയിലെ കാര്‍ഷികവൃത്തിക്കുമേല്‍ക്കൈയുള്ള ജനതയുടെ നാട്ടുഭാഷ അതേപടി പകര്‍ത്തുന്ന കഥാപാത്രങ്ങള്‍ കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തില്‍ നിരവധിയുണ്ട്. ഏലിയാമ്മച്ചേടത്തിയും,മിഖായേലും,കോരയുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. നാണ്യവിളകളുടെ നാട്ടിലെ ഒരു ശരാശരി റബ്ബര്‍ അച്ചായന്റെ സംഭാഷണപ്രകൃതം നമുക്കുവരില്‍ നിഷ്പ്രയാസം ആരോപിക്കാം. മകള്‍ക്കു കല്യാണാലോചനയുമായെത്തിയ ചെറുക്കനെ കളിയാക്കി പിന്തിരിപ്പിച്ച കുഞ്ഞച്ചനോടുള്ള ഏലിയാമ്മയുടെ പരിഭവവും ശകാരവും തന്നെ ഉദാഹരണം. 'എനിക്കാ കോട്ടയം കൊജ്ഞാണനോട് രണ്ട് വര്‍ത്താനം ചോദിക്കാതെന്റെ നാക്കിന്റെ ചൊറിച്ചില്‍ മാറത്തില്ല... കുഞ്ഞച്ചോ അവിടെ നിന്നേ;അല്ലാ നീയിതെന്നാ കാട്ടായമാ കുഞ്ഞച്ചാ നീ കാണിച്ചത് ?'
ഇത്തരം തനി കോട്ടയം ഭാഷ മാത്രം പറഞ്ഞുതീര്‍ക്കുന്നതല്ല കുഞ്ഞച്ചന്റെ വാമൊഴിപ്പെരുമ .സംഘത്തിലും നസ്രാണിയിലും മറ്റും മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും കുഞ്ഞച്ചന്‍ വിഭിന്നനാകുന്നതിന്റെ ഒരു കാരണവും ഇതുതന്നെയാണ്. വ്യവഹരിക്കുന്ന ചെറുഭൂപ്രകൃതിയുടെ അതിരുകള്‍ക്കുള്ളില്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങള്‍ സ്വത്വം നിലനിര്‍ത്തുമ്പോള്‍ കോട്ടയം കുഞ്ഞച്ചന്റെ വാമൊഴിവഴക്കത്തിന്റെ ഭൂമിക കുറേക്കൂടി വിപുലപ്പെട്ടിരിക്കുന്നു. നീളന്‍ ജുബ്ബയുമിട്ട് വേഷ്ടിയുടെ കോന്തലുമുയര്‍ത്തിയുള്ള ആ നില്‍പ്പില്‍പ്പോലും ഒരു പത്തനംതിട്ട-തിരുവല്ലക്കാരനെക്കൂടി ആരോപിക്കാന്‍ കഴിയും

ആകാരപരമായി കോട്ടയം എന്ന 'ഠ' വട്ടത്തിനപ്പുറത്തേക്ക് നായകകഥാപാത്രം നേടിയ സ്വീകാര്യത ഭാഷയുടെ കാര്യത്തിലും ശരിയെന്നു കാണാന്‍ ചിത്രത്തില്‍ കുഞ്ഞച്ചനായെത്തുന്ന മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ മാത്രം മതി. വ്യത്യസ്തമായ അഭിനയ-ഭാഷണശൈലിക്ക് മമ്മൂട്ടി തുടക്കമിടുന്നത് ഈ സംഭാഷണശകലങ്ങളിലൂടെയാണ്.

കുഞ്ഞച്ചന്‍ : എടോ... കഴിഞ്ഞ കൊല്ലം ക്രിസ്മസിന് ഞാന്‍ പരോളി വന്നപ്പോ താനെന്നാ പറഞ്ഞെ. അന്നും ചന്ത കൊച്ചിക്കു പോയിട്ടൊല്ലോടോ. അന്ന് നാഷണല്‍ ഹൈവേയുല്ലോടോ.അന്നു താനെന്നാ പറഞ്ഞേ.നിന്നെയെറങ്ങിയിങ്ങോട്ടു കെട്ടിയെടറാ;നെനക്കു വര്‍ക്കുഷാപ്പല്ല വണ്ടിക്കമ്പനി തൊടങ്ങാനുള്ള കാശുതരാമെന്ന്.തനിക്കുവേണ്ടിയല്ലിയോടോ ഞാനവനെ കുത്തിമലത്തിയത്.
മുതലാളി : കൊല്ലാനൊന്നും പറഞ്ഞില്ലല്ലോ.ഒരെണ്ണം കൊടുക്കാനല്ലേ പറഞ്ഞൊള്ളൂ.
കുഞ്ഞച്ചന്‍ : അതുശരി...അടിപിടിയാവുമ്പോ അടി ചെലപ്പോ കുത്തിലെത്തിയെന്നു വരും. കുത്തുകൊണ്ടവന്‍ ചെലപ്പോ ചത്തെന്നും വരും.
മുതലാളി : നിന്റെ കേസിന് ഞാന്‍ രൂപ ഒന്നും രണ്ടുമല്ലല്ലോ ചെലവാക്കിയത്. അതൊന്നും കുഞ്ഞച്ചന്‍ മറന്നിട്ടില്ലല്ലോ.
കുഞ്ഞച്ചന്‍ : ഓ ഇയാളങ്ങൊലത്തിച്ചെലവാക്കി എന്നെയങ്ങ് രച്ചപ്പെടുത്തി. കൊല്ലമഞ്ചെട്ട് അതിനകത്തു കെടന്നിട്ടാടോ ഞാന്‍ വരുന്നത്.
ഈ സംഭാഷണം വിശദമായി പരിശോധിച്ചാല്‍ അതില്‍ കോട്ടയത്തിന്റെയും സമീപപ്രദേശങ്ങളുടെയും മധ്യതിരുവിതാംകൂറിലെ തന്നെ മറ്റു പ്രദേശങ്ങളുടെയും ഭാഷണവൈവിധ്യത്തിന്റെ സാന്നിധ്യം പ്രകടമാണ്.

കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ പ്ലോട്ടൊരുങ്ങിയത് ജനപ്രിയനോവലിസ്റ്റ് മുട്ടത്തു വര്‍ക്കിയുടെ വേലി എന്ന നോവലിനെ ആധാരമാക്കിയായിരുന്നു. വേലിയില്‍ നിന്നും ചില അംശങ്ങള്‍ സ്വീകരിച്ചപ്പോള്‍ തന്നെ അതില്‍ വില്ലനായ കുഞ്ഞച്ചനെ സിനിമയില്‍ നായകസ്ഥാനത്തേക്ക് അവരോധിച്ചു. നൂറു ശതമാനം വാണിജ്യപ്രധാനമായ സിനിമയില്‍ വ്യവസ്ഥാപിതനായകനു നിരക്കാത്ത റിയലിസ്റ്റിക് സമീപനവും സ്വീകരിച്ചു. കുഞ്ഞച്ചനടക്കം കഥാപാത്രങ്ങളെ അച്ചായന്‍ഭാഷ സംസാരിപ്പിക്കുന്നതായിരുന്നു മുട്ടത്തു വര്‍ക്കിയുടെ നോവല്‍.


സാഹിത്യ രചനയില്‍ ചന്തുമേനോനും മറ്റും അനുവര്‍ത്തിച്ച പ്രാദേശികഭാഷാവഴക്കം ഒരിടവേളക്കു ശേഷം തിരിച്ചുപിടിച്ച മുട്ടത്തു വര്‍ക്കികൃതികളുടെ മണവും ഗുണവും തന്നെയായിരുന്നു വേലിയിലും പ്രകടമായത്. പാടാത്ത പൈങ്കിളിയിലൂടെ വാമൊഴിവഴക്കത്തോടടുത്തുനില്‍ക്കുന്ന ഒരു സാഹിത്യശൈലിക്ക് തുടക്കമിട്ട അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മയിലാടും കുന്ന് എന്ന നോവലിലെ ചെറിയൊരുസന്ദര്‍ഭം തന്നെയെടുക്കാം:
'ജോയിച്ചന്‍ പോയോ ഏല്യേ?'
ബോധം തിരിച്ചെത്തിയപ്പോള്‍ കൊച്ചുമറിയത്തിന്റെ ചുണ്ടുകള്‍ അനങ്ങി.
'അവന്‍ പോയി ചേടത്തീ.' ഏലി സാന്ത്വനപ്പെടുത്തി.
'അവന്‍ എവിടെ നിന്നെങ്കിലും ലിസാമ്മയെ കൂട്ടിക്കൊണ്ട് വരും .ചേടത്തി അതോര്‍ത്തു ദു;ഖിക്ക. ദൈവം അവള്‍ക്കൊന്നും വരുത്തത്തില്ല.'
'എങ്കിലും ന്റേലീ ഞാനെങ്ങനെ സഹിക്കുമെടീ?'
കൊച്ചുമറിയം ഓര്‍ത്തോര്‍ത്തു പറഞ്ഞു.
'എങ്ങനെ സഹിക്കും; എന്റെ പെറ്റ വയറെരിയുന്നല്ലോടീ...ഏല്യേ,എന്റേലീ'
ഏലിയുടെ തോളത്തു മുഖം അടുപ്പിച്ചു കൊണ്ട് കൊച്ചുമറിയം പിന്നെയും ഏങ്ങിയേങ്ങിക്കരയുകയാണ്
'ഇനി ഞാനെന്തിനാടീ ജീവിച്ചിരിക്കുന്നെ?'
'ചേടത്തി ചുമ്മാ വല്ലതുമൊക്കെ പറയാതെ '
കൊച്ചുമറിയത്തിന്റെ പതറിക്കിടന്ന തലമുടി ഒതുക്കിക്കൊണ്ട് ഏലി പറഞ്ഞു.
' ദൈവം തരുന്ന സങ്കടോം ദുരിതോമൊക്കെ രണ്ടു കയ്യും നീട്ടിമേടിക്കാണ്ടൊക്കുമോ.ചേടത്തീ നമ്മളെക്കൊണ്ടുതന്നെ വല്ലോം സാധിക്കുമോ.?'
ഇത് കോട്ടയത്തും പാലയിലും മറ്റുമുമുള്ള നസ്രാണി ഭാഷയുടെ കൃത്യമായ മാതൃകയാണ്. മധ്യകേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വാമൊഴിവഴക്കങ്ങള്‍ വര്‍ക്കി സ്വീകരിച്ചതുപോലെ തന്നെ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയിലേക്കും ആവിഷ്‌കരിക്കുകയായിരുന്നു.

മുതിര്‍ന്നവരെ സിറിയന്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ അല്ലെങ്കില്‍ നസ്രാണികള്‍ക്കിടയില്‍ പൊതുവെ സംബോധന ചെയ്യുന്നത് 'അച്ചായന്‍' എന്നാണ്. കോട്ടയം,പത്തനംതിട്ട,ഇടുക്കി എന്നീ ജില്ലകളിലെല്ലാം നസ്രാണികള്‍ക്കിടയില്‍ ഇതു തന്നെയാണ് പ്രചാരത്തിലുള്ളത്. അതേ സമയം ഇതിനുള്ള അപവാദങ്ങള്‍ ചുരുക്കം ചിലയിടങ്ങളില്‍ പ്രാദേശികമായി കെണ്ടത്താം. കോട്ടയം ചുറ്റുവട്ടത്തില്‍ (വേളൂര്‍,കുമരകം പോലെയുള്ള സ്ഥലങ്ങള്‍ ഉദാഹരണം) 'അച്ചായന്‍' സംബോധനപോലെ തന്നെ ക്രിസ്ത്യാനികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരത്തിലുള്ള 'ചേട്ടന്‍' എന്ന പദം പരിശോധിക്കാം.ഏലിയാമ്മച്ചേടത്തിയുടെ പെണ്‍മക്കള്‍ രണ്ടുപേരും കുഞ്ഞച്ചനെ 'ചേട്ട'നെന്ന് സംബോധനചെയ്യുമ്പോള്‍ തനി കോട്ടയത്തുകാര്‍ ആയിമാറുന്നു. അതേസമയം മിഖായേലിനെ 'ചേട്ടാ' എന്നു വിളിച്ചുകൊണ്ട് കോട്ടയത്തുകാരനാകാനും 'എന്തോന്നാ' തുടങ്ങിയ പ്രയോഗങ്ങളിലൂടെ അച്ചായന്‍നാടിന്റെ അതിരുകള്‍ക്കൊപ്പം മധ്യതിരുവിതാംകൂറിന്റെ ശബ്ദമാകാനും കുഞ്ഞച്ചന് കഴിയുന്നു.
ജന്മം കൊണ്ട് കോട്ടയത്തുകാരനായ മമ്മൂട്ടിയുടെ അനായാസമായ ഭാഷാപ്രയോഗനൈപുണ്യവും കൂടിച്ചേര്‍ന്നതോടെ കോട്ടയം കുഞ്ഞച്ചന്‍ ജനങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രമായി.മിഖായേലിന്റെ വീട്ടില്‍ രാത്രിയില്‍ മദ്യപിച്ചെത്തി കോപവും താപവും അവമാനവും സഹിക്കാതെ വെല്ലുവിളി നടത്തുന്ന കോട്ടയം കുഞ്ഞച്ചന്റെ വാക്കുകള്‍ തന്നെ നോക്കൂ.

'എറങ്ങിവാടാ കോരക്കഴുവെറടാമോനേ. എടാ പാപ്പീ... അപ്പീ...മാത്താ...പോത്താ...എവിടറാ.നിന്റെ ചേട്ടന്‍ ചത്തോടാ.ഏറക്കിവിടറാ അവനെ.ഇന്നവന്റെ കൊടലെടുത്ത് മപ്പാസടിച്ചിട്ടുതന്നെ കാര്യം.കോട്ടയം കുഞ്ഞച്ചനെ തല്ലാന്‍ ചങ്കൊറപ്പുള്ള ഏത് ഉപ്പുകണ്ടം ചട്ടമ്പിയാടാ ഉള്ളത്.കണ്ണീ മണ്ണു വാരിയിട്ടിട്ടാണോടാ ആമ്പിള്ളേരെ തല്ലുന്നെ.ഇതെന്നാടാ പൂഴിക്കടകനടിയോ.നീയാരാടാ തച്ചോളി ഒതേനനോ പന്നക്കഴുവെറടാമോനെ.എറങ്ങി വരികേലെടാ...എറങ്ങിവരികേല...എനിക്കറിയാം;നീയൊക്കെ എട്ടും പത്തും പേരും കൂടി ഓര്‍ക്കാപ്പുറത്തുവന്നു തല്ലും.നിന്റെ വീട്ടുമുറ്റത്താടാ നിക്കുന്നെ.ധൈര്യമൊണ്ടേ ആണാണേയെറങ്ങിവാടാ കോരക്കഴുവേറീ.'
വാമൊഴി വഴക്കത്തിലും അതിന്റെ ആവിഷ്‌കരണത്തിലും തികഞ്ഞ പൂര്‍ണ്ണതയാണ് മമ്മൂട്ടി ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്. ആ കയ്യടക്കമാണ് കോട്ടയത്തും ചുറ്റുവട്ടത്തുമുള്ള ഭാഷയെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതമാക്കിയതും.

'മധ്യതിരുവിതാംകൂര്‍ എന്നു പറയുമ്പോള്‍ അതിനെന്തെങ്കിലും മാറ്റം വരുന്നത് ശരിക്കും ഓണാട്ടുകരക്ക് പോകുമ്പോഴാണ്. കായലിന് ചുറ്റുമുള്ള കരകളില്‍ ഭാഷയില്‍ വ്യത്യാസം വരും. ഓണാട്ടുകര വരെ ഇതിന്റെ വേരിയേഷന്‍സ് ആണ് .മധ്യതിരുവിതാംകൂറിലാണ് കുറച്ചുകൂടെ സ്​പഷ്ടവും സ്ഫുടവുമായ മലയാളം.പിന്നെ അവരുടെ ചില എക്‌സ്​പ്രഷന്‍സാണ്...എന്തുവാടേ എന്നൊക്കെ...അതു മാത്രമേ മാറുന്നുള്ളൂ.ഞാനിപ്പോ സാധാരണ സംസാരിക്കുന്ന ഭാഷയുടെ ഒരു ഏറ്റക്കുറച്ചിലുണ്ടല്ലോ...അതുതന്നെ .ഞാന്‍ ശരിക്കും കോട്ടയത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുകാരനാണ്.അതുകൊണ്ടുതന്നെ കോട്ടയം ഭാഷ എന്നെ സ്വാധീനിച്ചിട്ടില്ല. അതേ സമയം ആ ഭാഷ ഞാന്‍ സ്വാംശീകരിച്ചിട്ടുണ്ട്.-മമ്മൂട്ടി അഭിപ്രായപ്പെടുന്നു.

സംസാരിക്കുന്നവരുടെ സാമൂഹ്യസ്ഥിതി അനുസരിച്ച്് ഭാഷക്ക് ഉച്ചനീചത്വങ്ങള്‍ കല്‍പ്പിക്കപ്പെടുന്നത് സാധാരണമാണ്. കോട്ടയം,ചങ്ങനാശ്ശേരി,പാലാ എന്നിവിടങ്ങളിലൊക്കെ ഭാഷയില്‍ കത്തോലിക്കരുടെയും ക്‌നാനായക്കാരുടെയും ആധിപത്യമാണുള്ളത്.സാമ്പത്തികമായും അധീശത്വപരമായും മേല്‍ക്കൈയുള്ളതുകൊണ്ട് അവരുടെ ഭാഷയും ആധിപത്യം പുലര്‍ത്തുന്നുവെന്നു പറയാം.തിരുവല്ല,കോഴഞ്‌ചേരി,പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് വരുമ്പോള്‍ പ്രസ്തുതഭാഷയില്‍ പ്രകടമായ വ്യത്യാസം സംഭവിക്കുന്നു.ഹിന്ദു സംസ്‌കാരത്തോട് അതിന് കൂടുതല്‍ അടുപ്പമുണ്ട്. ഭാഷാപരമായ പങ്കുവക്കല്‍ ഇവിടെ വേണ്ടുവോളം നടക്കുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ സ്വാധീനമേഖലയിലെത്തുമ്പോഴേക്കും ഭാഷയുടെ കാര്യത്തിലുള്ള യാഥാസ്ഥിതികനില മാറുകയും അത് കൂടുതല്‍ വശഗമാകുകയും ചെയ്യുന്നു. മതം മാറിയുള്ള കല്യാണമടക്കം പൊതുധാരയിലുള്ള അവര്‍ കുറേക്കൂടി ഭാഷാപരമായ കൊണ്ടുകൊടുക്കലുകള്‍ക്ക് തയ്യാറാവുന്നു.അതേ സമയം റോമന്‍ കാത്തലിക് വിഭാഗത്തിനിടയില്‍ മതം മാറിയുള്ള വിവാഹവും മറ്റും അനുവദനീയമല്ല. അവരുടെയിടയിലാണ് 'അച്ചായന്‍ഭാഷ' പരമാവധി പ്രാദേശികസ്വഭാവം ആര്‍ജ്ജിച്ചിട്ടുള്ളതും.

സ്വന്തം കുലത്തില്‍ നിന്നല്ലാതെ ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് വിവാഹം അനുവദനീയമല്ലാത്ത ഒരു ജനതക്കിടയില്‍ കുഞ്ഞച്ചനിലെ അച്ചായന്‍ ഭാഷ വിതുമ്പുന്നതിപ്രകാരമാണ്.
കുഞ്ഞച്ചന്‍ : ഞാനൊരനാഥനും പോക്രീമായതുകൊണ്ട് എനിക്കാരും പെണ്ണു തരികേലന്നേ.ഞാനെന്നാ ചെയ്യാനാ...?'
മിഖായേല്‍ : എന്നാലും ഒരു പെണ്ണൊക്കെ വേണ്ടേ?
കുഞ്ഞച്ചന്‍ : ഓ;രണ്ടുമൂന്നു പെണ്ണുങ്ങടെ കൂടെ ഞാന്‍ പൊറുത്തതാ.ഒന്നും കൊണമില്ല.കൊറേയെണ്ണം എന്നെയിട്ടേച്ചും പോയി.ബാക്കിയൊള്ളതിനെ ഇട്ടേച്ചു ഞാനുമിങ്ങുപോന്നു.
 കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശിയായ തിരക്കഥാകൃത്ത് ഡന്നീസ് ജോസഫ് തീര്‍ത്തും പരിചിതമായ ഒരു വാമൊഴിവഴക്കത്തിനകത്ത് നിന്നുകൊണ്ടാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് സംഭാഷണം രചിച്ചത്.കോട്ടയത്തിന്റെ നാട്ടുഭാഷാവഴക്കങ്ങളുടെ മിനിയേച്ചറായ കുറുവിലങ്ങാട് ദേവമാതാ കോളജിലെ അഞ്ചുവര്‍ഷത്തെ വിദ്യാഭ്യാസവും അവിടുത്തെ ഹോസ്റ്റല്‍ ജീവിതവും രചനാഭാഷയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായിരുന്നെന്നും സംഘമെന്ന സിനിമയിലെ കുട്ടപ്പായിയെ സൃഷ്ടിച്ചതും ഭാഷാപരമായി ഇതേ പാറ്റേണില്‍ തന്നെയായിരുന്നെന്നും ഡെന്നീസ് ജോസഫ് ഓര്‍ക്കുന്നു.
'പടം തുടങ്ങുന്നതിന് മുന്‍പ് മമ്മൂട്ടി മുഴുവന്‍ സ്‌ക്രിപ്റ്റും വാങ്ങിയിരുന്നു.അതിലഭിനയിച്ച പല ആളുകളെയും കോട്ടയം ഭാഷ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. '-ഡന്നീസ് ജോസഫ് പറയുന്നു.

ലേക്ക്‌സ്,ലാറ്റക്‌സ്,ലെറ്റേഴ്‌സ് എന്നിവയുടെ ജില്ലയെന്നാണ് കോട്ടയം അറിയപ്പെടുന്നതുതന്നെ.1991ലെ സെന്‍സസ് അനുസരിച്ച്് ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ പട്ടണം കോട്ടയമാണ്. 1962 ല്‍ സാര്‍വത്രികസഭയുടെ ഇരുപതാം വത്തിക്കാന്‍ സുന്നഹദോസ് ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ കൈക്കൊണ്ട നിര്‍ണ്ണായക തീരുമാനങ്ങളിലൊന്ന്് അതത് രാജ്യങ്ങളുടെയും ദേശങ്ങളുടെയും സാംസ്‌കാരികസ്ഥിതിയുമായി സമരസപ്പെട്ട് സഭാപ്രവര്‍ത്തനവും ആരാധനാരീതിയും ക്രമീകരിക്കുക എന്നതായിരുന്നു. പൊതുആരാധനയുടെ നിര്‍ദ്ദിഷ്ടമുറകള്‍ വരെ മലയാളഭാഷയുടെ പ്രാദേശികസ്വഭാവം സ്വീകരിച്ചതങ്ങനെയാണ്.എങ്കില്‍പ്പോലും വിഭിന്നമായ എക്‌സ്​പ്രഷന്റെ, നീട്ടലിന്റെയും കുറുക്കലിന്റെയും ,പുറംചട്ട അതില്‍ അന്തര്‍ലീനമായിരുന്നു.

നിയോജകങ്ങളുടെ ഉപയോഗത്തിലാണ് ഈ പ്രാദേശിക ഭാഷാഭേദത്തിന്റെ മറ്റൊരു സവിശേഷത പ്രകടമാകുന്നത്.ബഹുമാനസൂചക നിയോജകങ്ങളായ വരൂ,തരൂ എന്നിവ സാധാരണ സംഭാഷണങ്ങളില്‍ കടന്നുവരാറില്ല. പകരം ഏകവചന നിയോജകങ്ങളാണ് ഉപയോഗിക്കുന്നത്.ഭയത്തിന് പകരം ഫയമെന്നു പറയുക.വാക്കുകള്‍ക്ക് പൊതുവെ ദീര്‍ഘം കൂടുതല്‍ ഉപയോഗിക്കുക(പ്രത്യേകിച്ചും കോട്ടയം ജില്ലയിലെ പാലയിലും മറ്റുമെത്തുമ്പോള്‍ ഭാഷയിലെ നീട്ടലുകള്‍ വര്‍ദ്ധിക്കും) 'ഓ;എന്നതാ മറിയക്കൊച്ചേ 'എന്നും മറ്റുമുള്ള ഉച്ചാരണങ്ങളും വരാറണ്ട്

പറയുന്ന ഭാഷാഭേദത്തില്‍ത്തന്നെ ചിലരെങ്കിലും എഴുതുക,പൊന്തക്കാടെന്നും കുറ്റിക്കാടെന്നുമൊക്കെപ്പറയുന്നതിന്് പകരം പൊള്ളക്കാടെന്ന തരത്തില്‍ ഒറ്റപ്പെട്ട തീര്‍ത്തും പ്രദേശികമായ വാക്കുകള്‍ക്ക് രൂപം നല്‍കുക തുടങ്ങി നിരവധി കൗതുകങ്ങളും ഈ വാമൊഴിവഴക്കത്തിന്റെ ഭാഗമാണ്. നസ്രാണി,മാപ്പിള എന്നിങ്ങനെയുള്ള സാധാരണ വിശേഷണങ്ങള്‍ കൂടാതെ താരിഫ് എന്ന പദവുമായി ബന്ധപ്പെട്ട തരകന്‍,മിലിട്ടറി ട്രെയിനിംഗിലെ പ്രാവീണ്യം മുന്‍നിര്‍ത്തി പണിക്കര്‍ തുടങ്ങിയ പ്രത്യേകപദങ്ങളും ഈ ഭാഷയുടേതായി ചൂണ്ടിക്കാട്ടാനുണ്ട്.

'കോട്ടയത്തിന്റെ കഥ പറയുന്ന സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യണമെന്നായിരുന്നു നിര്‍മ്മാതാവിന്റെ ആവശ്യം.നെയ്യാറ്റിന്‍കരക്കടുത്തുള്ള അമ്പൂരി കോട്ടയം പറിച്ചുനട്ടതു പോലെയുള്ള സ്ഥലമാണ്.സ്‌ക്രിപ്റ്റില്‍ എന്തെല്ലാമുണ്ടോ അതെല്ലാമവിടെയുണ്ട്. റബര്‍-കുരുമുളക് കൃഷി, വലിയ പള്ളി,താറിടാത്ത റോഡ്... എല്ലാം കൂടൊരു നല്ല ലുക്ക് ... ആ സ്ഥലമാണ് ഓടാങ്കര എന്ന ഗ്രാമമാക്കി മാറ്റിയെടുത്തത് .ക്രിസ്ത്യന്‍സ്ലാങ്ങും കള്‍ച്ചറും പശ്ചാത്തലമാക്കിയ ചിത്രങ്ങള്‍ പൊതുവെ ഓടാറുണ്ടായിരുന്നില്ല.കോട്ടയം,ചങ്ങനാശ്ശേരി ഏരിയ സിനിമാ ചരിത്രത്തില്‍ത്തന്നെ ക്ലിക്കായിട്ടില്ലന്നു പറയാം. ആ ചരിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍ തിരുത്തിയത്' -സംവിധായകന്‍ ടി എസ് സുരേഷ് ബാബു പറയുന്നു.
പ്രാദേശികഭാഷാവിനിമയം പരിചിതമാക്കുന്നതില്‍ കോട്ടയം കുഞ്ഞച്ചന്‍ നേടിയത് അസൂയാവഹമായ വിജയമായിരുന്നു.ചലച്ചിത്രത്തിന്റെ ജയാപജയങ്ങളെക്കുറിച്ചുള്ള മുന്‍വിധികളെയെല്ലാം അപ്രസക്തമാക്കിയതിന് പ്രധാനകാരണം മമ്മൂട്ടിയുടെ താരസാന്നിധ്യം തന്നെയാണ് .ഉറച്ച ആത്മവിശ്വാസത്തോടെ ചിത്രത്തിലോരിടത്ത് കുഞ്ഞച്ചനുയര്‍ത്തുന്ന വെല്ലുവിളിയില്ലേ;'കോട്ടയമെവിടെക്കെടക്കുന്നു ഉപ്പുകണ്ടമെവിടെക്കെടക്കുന്നു. കുഞ്ഞച്ചനോടാണോടാ കളി.'എന്നിങ്ങനെ.വാമൊഴിവഴക്കത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതിലും പുനരാവിഷ്‌കരിക്കുന്നതിലും മമ്മൂട്ടി എന്ന നടന്റെ അപ്രതിരോധ്യമായ അധീശത്വത്തെ ഈ വാക്കുകള്‍ പോലും പ്രതീകവല്‍ക്കരിക്കുന്നുണ്ട്. 

കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.