Saturday, March 5, 2011

സജി സുരേന്ദ്രനുമായുള്ള അഭിമുഖം ( ഭാഗം ഒന്ന് )

സീരിയല്‍ രംഗത്തു നിന്നും ചലച്ചിത്ര ലോകത്തെത്തി, ആദ്യ ചിത്രം മുതല്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ശ്രീ.സജീ സുരേന്ദ്രനാ‍ണ് നമ്മുടെ അതിഥി.  അദ്ദേഹത്തെ പാഥേയം മാഗസിന്റെ മുഖാമുഖത്തിലേക്ക് സ്വാഗതം ചെയ്യാം.

ജെ.കെ – സജിയേട്ടാ, നമസ്കാരം, പാഥേയത്തിന്റെ മുഖാമുഖത്തിലേക്ക് സ്വാഗതം.
സജി സുരേന്ദ്രന്‍ – നമസ്കാരം

ജെ.കെ – ആദ്യമായി തിരക്കുള്ള ഈ അവസരത്തില്‍ ഞങ്ങള്‍ക്കായി ഒരു ആഭിമുഖം അനുവദിച്ചതിന് പാഥേയത്തിന്റെ പേരിലും, പാഥേയം വരിക്കാരുടെ പേരിലും നന്ദി അറിയിക്കുന്നു. നമുക്ക് അഭിമുഖത്തിലേക്ക് നേരിട്ടു കടന്നാലോ?
സജി സുരേന്ദ്രന്‍ – തീര്‍ച്ചയായും.

ജെ.കെ - എങ്ങനെയാണ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്?
സജി സുരേന്ദ്രന്‍ – സ്കൂളില്‍ പഠിക്കുന്ന സമയം മുതല്‍ക്കു തന്നെ, അതായത് ഒരു ആറ് – ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന അവസരത്തില്‍ തന്നെ എനിക്ക് സിനിമ എന്നത് വളരെ ക്രേസായിരുന്നു. സിനിമയില്‍ ഒരു നടനായി മാറണം എന്ന ആഗ്രഹം മുളപൊട്ടി വരുന്ന ഒരു സമയമായിരുന്നു അത്. ചെറുപ്പമായതു കൊണ്ടു തന്നെ, എങ്ങനെ അവിടെ എത്തിപ്പെടും എന്നറിയില്ലായിരുന്നു. ആ കാലഘട്ടത്തില്‍ ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയുമായിരുന്നു, സിനിമയില്‍ ഞാന്‍ വലിയൊരു നടനായി മാറുമെന്ന്. ആ സമയത്താണ് ജയറാമേട്ടന്‍ ചലച്ചിത്ര ലോകത്തെത്തുന്നത്. പെരുവണ്ണാപുരത്തെ വിശേഷങ്ങളൊക്കെ ഇറങ്ങി, ഞാന്‍ ജയറാമേട്ടന്റെ വലിയിരു ആരാധകനായി മാറുന്നതും ആ കാലത്താണ്. ഞാന്‍ ജയറാമേട്ടനെ പോലെ വലിയ ഒരു നടനാകുമെന്ന് പറയുമ്പോള്‍, സുഹൃത്തുക്കളൊക്കെ കളിയാക്കുമായിരുന്നു. പക്ഷേ അപ്പോഴും എനിക്കറിയില്ല, എങ്ങനെ സിനിമയിലെത്താം എന്ന്. അതിനായി പ്രധാനമായും ചെയ്തിരുന്ന ഒരു കാര്യം, സിനിമാ വാരികകളായ നാന, വെള്ളിനക്ഷത്രം എന്നിവയൊക്കെ വാങ്ങി, അതിലൊരു പേജില്‍ സംവിധയകരുടെ ഒക്കെ മേല്‍ വിലാസം ഉണ്ടാകും. അതിലൊക്കെ, അഭിനയിക്കാനാഗ്രഹമുണ്ടെന്ന് കാണിച്ച് കത്ത് നിരന്തരമായി അയക്കുമയിരുന്നു. പക്ഷേ ഒരിക്കല്‍ പോലും എനിക്കൊരു മറുപടി ലഭിച്ചിട്ടില്ല. അതിനു ശേഷം, അഭിനയം പഠിക്കാനായി ശ്രമിച്ചു തുടങ്ങി. പത്രങ്ങളിലൊക്കെ പല ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളും തപാലില്‍ അഭിനയം പഠിപ്പിക്കുന്നതായി കണ്ട്, അവര്‍ക്ക് കാശ് മണി ഓര്‍ഡറായി അയച്ചു കൊടുക്കുകയും, അവിടെ നിന്ന് ചില ബുക്കുകള്‍ വരികയും. അതുപയോഗിച്ച് കണ്ണാടിയില്‍ നോക്കി അഭിനയം പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അതൊക്കെ ഒരു തട്ടിപ്പാണെന്ന് പിന്നീട് തിരിച്ചറിയുന്ന ഒരു പ്രക്രിയയും ഉണ്ടായിരുന്നു. അങ്ങനെ നിരന്തരം ശ്രമിച്ച് ഒടുവില്‍ പത്താം ക്ലാസിലെത്തി. അന്നൊക്കെ ജയറാമിനെ അനുകരിച്ച് നടന്ന എനിക്ക്, പലരും ഓട്ടോഗ്രാഫില്‍ എഴുതി തന്നത്, “ഡിയര്‍ ജയറാം” എന്നൊക്കെയാണ്.  അതിലൊരു കളിയാക്കലിന്റെ സ്വരമുണ്ടായിരുന്നുവെങ്കിലും, ഞാന്‍ സിനിമയില്‍ എത്തും എന്ന് ഒരു ഉറച്ച വിശ്വാസം ഉണ്ടായിരുന്നു.

ജെ.കെ –  വീട്ടുകാര്‍ എങ്ങനെയായിരുന്നു ഈ അഭിനയത്തിനോടുള്ള അഭിനിവേശത്തെ കണ്ടത് ? അവര്‍ അതിനെ പ്രോത്സാഹിപ്പിച്ചോ അതോ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നൊ?
സജി സുരേന്ദ്രന്‍ –  ആ സമയമായപ്പോഴേക്കും എന്റെ ഈ അഭിനിവേശം വീട്ടില്‍ അറിഞ്ഞിരുന്നു. അച്ഛനും അമ്മയും എതിര്‍ത്തൊന്നും ഇല്ല. പക്ഷേ അവര്‍ പറഞ്ഞത്, ഇതുമായി മുന്നോട്ടു പോകുന്നതില്‍ തെറ്റില്ല, പക്ഷേ അതിനു മുന്നെ ഒരു ഡിഗ്രി എടുക്കണം, അതു അത്യവശ്യമാണെന്നു മാത്രമെ അച്ഛന്‍ പറഞ്ഞുള്ളൂ. പത്താം ക്ലാസിനു ശേഷം റിസള്‍ട്ട് കാത്തിരുന്ന സമയത്ത് ശ്രീ. പപ്പന്‍ പയറ്റു വിള എന്ന സംവിധായകന്റെ ടെലിഫിലിമിലേക്ക് പതിനാറു വയസ്സില്‍ താഴെയുള്ളവരെ എടുക്കുന്നു എന്ന പരസ്യം കാണുകയും, അതിലേക്ക് ആപ്ലിക്കേഷന്‍ അയച്ചു, എന്നെ അഭിമുഖത്തിനു വിളിക്കുകയും, ഏകദേശം 200 പേരില്‍ നിന്നും എന്നെ തിരഞ്ഞെടുത്തു. അങ്ങനെ ഞാന്‍ ആദ്യമായി ഒരു ടെലിഫിലിമില്‍ അഭിനയിച്ചു. എനിക്ക് ലോകം കീഴടക്കിയ പ്രതീതിയായിരുന്നു. ഞാന്‍ സിനുമയിലെത്തി എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുകയും, ഞാന്‍ അഭിനയിച്ചു തുടങ്ങിയെന്നും, ഇനി വെള്ളിത്തിരയില്‍ കാണാമെന്നുമെല്ലാം, ബന്ധുക്കളേയും സുഹൃത്തുക്കളേയും കത്തിലൂടെ അറിയിക്കുകയും ചെയ്തു.

ജെ.കെ – എങ്ങനെയായിരുന്നു ആ അനുഭവം ?
സജി സുരേന്ദ്രന്‍ –  അഭിനയിക്കാന്‍ പോയി അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ തന്നെ എനിക്കു മനസിലായി അഭിനയം അല്പം പാടുള്ള പണിയാണെന്ന്. നമ്മുടെ ആഗ്രഹം പോലെ അത്ര എളുപ്പമല്ല എന്നു. അത്യാവശ്യം അതില്‍ നന്നായി അഭിനയിച്ചു എന്ന് അവര്‍ പറഞ്ഞുവെങ്കിലും, ഞാന്‍ വളരെ കൌതുകത്തോടെ നോക്കിയത്, അവിടുത്തെ ടെക്കിനിക്കല്‍ സൈഡായിരുന്നു. പപ്പന്‍ സാറിന്റെ സംവിധാന രീതി, ആക്ഷന്‍, കട്ട്, ട്രോളി, ക്യാമറാമാന്‍ ലൈറ്റ് അപ് ചെയ്യുന്നത് തുടങ്ങി ഇതിന്റെ ടെക്കിനിക്കല്‍ സൈഡ് എന്നെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, സാര്‍ എനിക്ക് ഇതിനോട് ഒരു ആകര്‍ഷണം തോന്നുന്നു. അടുത്ത ടെലിഫിലിം മുതല്‍ എന്നെ കൂടെ അസിസ്റ്റന്‍റ്റ് ആക്കാമോ എന്ന്. അഭിനയത്തേക്കള്‍ താല്പര്യം ഇതില്‍ തോന്നുന്നു എന്നു പറഞ്ഞപ്പോള്‍ പപ്പന്‍ സാര്‍ സമ്മതിക്കുകയും, അദ്ദേഹത്തിന്റെ അടുത്ത സീരിയല്‍ മുതല്‍ അദ്ദേഹത്തിന്റെ അസിസ്റ്റാന്റായി ചേര്‍ന്നു. അതായിരുന്നു ശരിക്കുള്ള തുടക്കം.

ജെ.കെ – പഠനവും സഹസംവിധാനവും കൂടി എങ്ങനെ മുന്നോട്ടു കൊണ്ടു പോയി ?
സജി സുരേന്ദ്രന്‍ – പിന്നീട് പ്രീ ഡിഗ്രിക്കു ചോയിന്‍ ചെയ്തു. അതിനൊപ്പം ഇടവേളകളില്‍ സാരിന്റെ ചെറിയ ചെറിയ വര്‍ക്കുകള്‍ ചെയ്തു. പിന്നീട പല പല സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്തു, കള്ളിക്കാട് രാമചന്ദ്രന്‍ നായര്‍ സാര്‍, കണ്ണാടി അവതരിപ്പിക്കുന്ന ടി. എന്‍ ഗോപകുമാര്‍ സാറിന്റെ വേരുകള്‍ എന്ന സീരിയല്‍, അനില്‍ കൊമ്പാശ്ശേരില്‍, ഹാരിസണ്‍ അങ്ങനെ പല സംവിധയകരുടെ കൂടെയും അസിസ്റ്റന്റായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ സമയത്താണ് രാമു മംഗലപ്പള്ളി, അദ്ദേഹമായിരുന്നു എന്റെ ആദ്യത്തെ ടെലിഫിലിമിന്റെ കണ്‍ട്രോളര്‍, അദ്ദേഹത്തിന് എന്നെ വലിയ കാര്യമായിരുന്നു. അദ്ദേഹമാണ് എന്നെ പല സംവിധായകര്‍ക്കും പരിചയപ്പെടുത്തിയത്. അദ്ദേഹം വഴി, ഞാന്‍ ശ്യാമപ്രസാദ് സാറിന്റെ അസിസ്റ്റന്റാകാന്‍ വന്നുവെങ്കിലും അതിനു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായിരുന്നു ഞാന്‍. വര്‍ക്ക് ചെയ്യാന്‍ അന്ന് അദ്ദേഹത്തിന്റെ കൂടെ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. ആ വര്‍ക്കിന് അസോസിയേറ്റായിരുന്ന അലക്സ് ഐക്കടവില്‍ എന്നൊരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹമന്ന് വിജി തമ്പി സാറിന്റെ ഒരു സീരിയലിനു വേണ്ടി സ്ക്രിപ്റ്റെഴുതുന്ന സമയമായിരുന്നു. അദ്ദേഹമാണ് എന്നെ വിജി തമ്പി സാറിന്റെ അടുത്തെ കൊണ്ടു ചെന്നാക്കുന്നത്. വിജി തമ്പി സാര്‍ ആദ്യമായി സീരിയല്‍ ചെയ്യുന്ന അവസരമായിരുന്നു അത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റായി സീരിയലില്‍ പരിചയമുള്ള ആളെ വേണം എന്നു പറഞ്ഞിരിക്കുന്ന സമയത്താണ്, അദ്ദേഹം എന്നെ വിജി തമ്പി സാറിന്റെ അടുത്തെത്തിക്കുന്നത്.

ജെ.കെ - വിജി തമ്പി സാറുമായുള്ള ആ ബന്ധം എങ്ങനെയാണ് താങ്കളുടെ കരിയറില്‍ ഗുണം ചെയ്തത്?
സജി സുരേന്ദ്രന്‍ – വിജി തമ്പി സാറിന്റെ കൂടെ വര്‍ക്ക് ചെയ്തകാലമാണ് എന്റെ കരിയറിലെ സ്കൂള്‍ എന്നു പറയുന്നത്. ഏകദേശം ഒരു അഞ്ചര വര്‍ഷം തുടര്‍ച്ചയായി ഞാന്‍ വിജി തമ്പി സാറിന്റെ കൂടെയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്ത സമയം, എനിക്ക് രണ്ടു മീഡിയകള്‍, അതായത് ടെലിവിഷനും സിനിമയും അടുത്തറിയുവാനും മനസ്സിലാക്കുവാനും സാധിച്ചു. അദ്ദേഹം ഒരു സീരിയല്‍ കഴിഞ്ഞാല്‍ ഒരു സിനിമാ, അതു കഴിഞ്ഞാല്‍ ഒരു സീരിയല്‍ ആ രീതിയിലായിരുന്നു അന്ന് വര്‍ക്ക് ചെയ്തിരുന്നത്. അത് എനിക്കീ രണ്ടു മീഡിയാകളേയും അടുത്തറിയുവാന്‍ സഹായിച്ചു. അവിടെ നിന്നുമാണ് ഞാന്‍ ശരിക്കും സീരിയലിനേക്കുറിച്ചും, സിനിമയേക്കുറിച്ചും പഠിക്കുന്നത്. ശരിക്കും ഒരു തുടക്കം എന്ന് പറയാവുന്നത് അവിടെ നിന്നാണ്.

ജെ.കെ – ഒരു അസിസ്റ്റന്റ് എന്ന നിലയില്‍ നിന്നും, എങ്ങനെയാണ് സ്വതന്ത്ര സംവിധായകനായി മാറിയതെങ്ങനെയാണ് ?
സജി സുരേന്ദ്രന്‍ – വിജി തമ്പി സാര്‍ ഒരു ബ്രേക്കെടുത്ത അവസരത്തിലാണ് സ്വതന്ത്ര സവിധായകനിലേക്കുള്ള എന്റെ യാത്ര ആരംഭിക്കുന്നത്. വിജി തമ്പി സാറിന്റെ കൂടെ വര്‍ക്കു ചെയ്യുന്ന അവസരത്തിലാണ്, ഞാന്‍ തിരക്കഥാകൃത്ത് ജി.എ.ലാലിനെ പരിചയപ്പെടുന്നത്. ഞങ്ങള്‍ അദ്ദേഹത്തെ ലാലേട്ടന്‍ എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ല. തമ്പി സാറിന്റെ സത്യമേവ ജയതേ പോലുള്ള ചിത്രങ്ങളില്‍ ലാലേട്ടനായിരുന്നു തിരക്കഥയെഴുതിയത്. തമ്പി സാറിന്റെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്ന അവസരത്തിലാണ്, ലാലേട്ടനുമായി ഞാന്‍ ഒരു സുഹൃദ് ബന്ധം സ്ഥാപിക്കുന്നതും, ഞങ്ങളില്‍ ഒരു ചേട്ടന്‍-അനിയന്‍ ബന്ധം ഉണ്ടാവുന്നതുമെല്ലാം. അങ്ങനെ തമ്പി സാര്‍ ഒരു ബ്രേക്കെടുത്ത അവസരത്തില്‍, ഞാന്‍ ലാലേട്ടനോടു പറഞ്ഞു, ലാലേട്ട എനിക്കു സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നാഗ്രഹമുണ്ട്. ഒന്നുമില്ല, ഒരു അരമണിക്കൂറിന്റെ ടെലിഫിലിമായാലും മതി. ലാലേട്ടന്‍ കുറെ കഥകള്‍ എടുത്തു തന്നിട്ടു പറഞ്ഞു, നീ ഇതില്‍ നിന്നിന്നും ഇഷ്ടപ്പെട്ട ഒരെണ്ണം എടുക്കാന്‍ പറഞ്ഞ്, അതെല്ലാം വായിക്കാന്‍ തന്നൂ. ആ കഥകള്‍ വായിക്കുന്ന അവസരത്തില്‍ അതില്‍ ഒരു കഥ എനിക്കിഷ്ടപ്പെട്ടു. ആ അവസരത്തിലാണ് ഞാന്‍ എന്റെ സുഹൃത്തായ ശ്രീ. അനൂപ് മേനോന്‍, ഇപ്പോള്‍ കോക്ക് ടെയിലിലെ നായകനും തിരക്കഥാകൃത്തുമായ അനൂപ്., അദ്ദേഹത്തെ വിളിച്ച് ഒരു ടെലി മൂവി ചെയ്യുന്ന കാര്യം സംസാരിക്കുന്നത്. അന്ന് അദ്ദേഹം കൈരളി ടിവിയിലെ അവതാരകനാണ്. ഇതു സംസാരിച്ചപ്പോള്‍, അദ്ദേഹം എന്നെ ചാനലിലേക്ക് വിളിക്കുകയും, അവിടെ വേണു നാഗവള്ളി സാറിനെ പരിചയപ്പെടുത്തുകയും ചെയ്തു. കാര്യം അവതരിപ്പിച്ചപ്പോള്‍, വേണു സാര്‍ ഇതു പാടാണെന്നു പറഞ്ഞുവെങ്കിലും, ഇതിന്റെ സബ്ജക്ട് കേട്ടപ്പോള്‍ അദ്ദേഹത്തിന് ഇതില്‍ താല്പര്യം ജനിക്കുകയും, അവിടുത്തെ മീറ്റിങ്ങില്‍ ഒരു പാട് എതിര്‍പ്പുകളെ അവഗണിച്ച്, എനിക്ക് അപ്രൂവല്‍ വാങ്ങി തരികയും ചെയ്തു. അങ്ങനെയാണ് ആദ്യമായി ഒരു അരമണിക്കൂര്‍ ടെലിഫിലിമിന് എനിക്ക് അവസരം ലഭിച്ചു.  അതാണ് ഞാന്‍ സ്വതന്ത്രനായി ചെയ്യുന്ന ആദ്യത്തെ വര്‍ക്ക്. അതിന്റെ പേരാണ് ഡിസംബര്‍ മിസ്റ്റ്. അനൂപായിരുന്നു നായകനായി അഭിനയിച്ച വളരെ നൊസ്റ്റാള്‍ജിക്കായ ഒരു വര്‍ക്കായിരുന്നു അത്. അത് എനിക്ക് ഒരുപാട് അപ്രീസിയേഷന്‍ നേടി തന്നു. അതു പോലെ തന്നെ അവാര്‍ഡുകളും. ആ വര്‍ഷത്തെ മികച്ച ടെലിഫിലിം, മികച്ച സംവിധായകന്‍, മികച്ച ടെലിഫിലിമിനുള്ള ക്രിട്ടിക്സ് അവാര്‍ഡ് അങ്ങനെ കുറച്ച് അവാര്‍ഡുകള്‍ കിട്ടി. പിന്നീട് തമ്പി സാര്‍ മടങ്ങിയെത്തിയപ്പോള്‍ ഞാന്‍ വീണ്ടു അദ്ദേഹത്തിന്റെ അസോസിയേറ്റായി ജോയിന്‍ ചെയ്തു.

ജെ.കെ – സ്വതന്ത്ര സവിധായകനായി ഇത്ര നല്ല തൂടക്കം ലഭിച്ചെങ്കിലും, പിന്നീട് എന്തുകൊണ്ടാണ് വീണ്ടും അസോസിയേറ്റായി മാറിയത്?
സജി സുരേന്ദ്രന്‍ – അദ്ദേഹത്തിന്റെ ഒപ്പം അസോസിയേറ്റായി സിനിമയും സീരിയലും മാറി മാറി ചെയ്യുന്ന അവസരത്തില്‍, ഞാന്‍ വീണ്ടും ഒരു ടെലി ഫിലിം കൂടി ചെയ്തു. ആഴം എന്നായിരുന്നു അതിന്റെ പേര്. അത് ഇന്റര്‍നാഷണല്‍ വീഡിയോ ഫെസ്റ്റിവലില്‍ സെലക്ട് ചെയ്യുന്നു. തമ്പി സാറിന്റെ കൂടെ വര്‍ക്കു ചെയ്യുന്ന സമയത്തു കിട്ടുന്ന ചെറിയ ഇടവേളകളില്‍, ഞാനും-ലാലേട്ടനും-അനൂപും, ഈ ത്രയം ടെലിഫിലിംസ് ചെയ്യാന്‍ തുടങ്ങി. എല്ലാ ടെലിഫിലിമിലും, അനൂപ് നായകന്‍, ഞാന്‍ സംവിധാനം, ലാലേട്ടന്‍ തിരക്കഥ. അതായിരുന്നു ഞങ്ങളുടെ ആ കൂട്ടുകെട്ട്. അതില്‍ മൂന്നാമത്തെ ടെലിഫിലിം, വിലോലം. അതിനും മികച്ച ടെലിഫിലിമിനുള്ള അവാര്‍ഡടക്കം പല അവാര്‍ഡുകളും കിട്ടി. അങ്ങനെ ഇരിക്കുന്ന അവസരത്തിലാണ് ഒരു സീരിയല്‍ ചെയ്യാനായി, സീ ട്രാക്ക് സ്റ്റുഡിയോയുടെ ഓണര്‍ ശ്രീ.ബൈജു ദേവരാജ് എന്നെ വിളിക്കുന്നത്. അതായിരുന്നു സീരിയലിലേക്കുള്ള എന്റെ സ്വതന്ത്രമായുള്ള കടന്നു വരവ്, സീരിയലിന്റെ പേര് ആലിപ്പഴം. ആലിപ്പഴം കഴിഞ്ഞപ്പോള്‍, എന്നെ മാതൃഭൂമി വിളിച്ചു സീരിയല്‍ ചെയ്യാന്‍, മേഘം എന്നായിരുന്നു ആ സീരിയല്‍. പിന്നീട് അവിടെ നിന്നു കുറെ സീരിയലുകളാണ്, മേഘം കഴിഞ്ഞ് മന്ദാരം, ദയ, മാധവം, അമ്മയ്ക്കായ്.. അങ്ങനെ കുറെ അധികം സീരിയലുകള്‍.. അങ്ങനെ സീരിയലുകളില്‍ തിരക്കിലായി മാറി…

ജെ.കെ – ഒരു പക്ഷേ പ്രേക്ഷകര്‍ക്ക് സീരിയല്‍ സംവിധായ്കനായ സജി സുരേന്ദ്രനെയെ അറിയൂ. ടെലിഫിലിമിന്റെ കാര്യം അധികം പ്രേക്ഷകര്‍ക്കും അറിയില്ല എന്നു തോന്നുന്നു.
സജി സുരേന്ദ്രന്‍ – ശരിയാണ്. അധികമാര്‍ക്കും അറിയില്ല. കാരണം, ടെലിമൂവീസ് അധികമാരും കാണാന്‍ സാധ്യതയില്ല. എപ്പോഴെങ്കിലും ഒരു അര മണിക്കൂര്‍ ടെലികാസ്റ്റു ചെയ്താല്‍ പിന്നെ അതിന്റെ ലൈഫ് കഴിഞ്ഞു. പക്ഷേ ഡിസംബര്‍ മിസ്റ്റ് ഒരുപാടു തവണ ടെലികാസ്റ്റു ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. അതു കൈരളി തന്നെ നിര്‍മ്മിച്ചതിനാല്‍ പ്രത്യേക ദിവസങ്ങളില്‍ പലപ്പോഴും ഇതു ടെലികാസ്റ്റ് ചെയ്യാറുണ്ട്. ഒരു പ്രണയകഥയായതിനാല്‍, വാലന്റൈന്‍സ് ഡേക്കും, പിന്നെ ന്യൂ ഇയറിനുമൊക്കെ പല തവണ കൈരളി ഇതു ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. അതു കൊണ്ടു തന്നെ, പ്രേക്ഷകര്‍ ഡിസംബര്‍ മിസ്റ്റ് കണ്ടിരിക്കുവാന്‍ സാധ്യതയുണ്ട്. എന്നാല്‍ മറ്റു രണ്ട് ടെലി ഫിലിംസും അധികം കാണുവാന്‍ സാധ്യതയില്ല. ഇപ്പോഴും ടെലിഫിലിംസ് ചെയ്യാന്‍ വളരെ ഒരു ക്രേസാണ്. പക്ഷേ വിലോലത്തിനു ശേഷമാണ് ലാലേട്ടനെ ഞങ്ങളെ വിട്ടു പിരിഞ്ഞത്. അതിനെ തുടര്‍ന്ന്, ഞാന്‍ ടെലിഫിലിംസി ചെയ്തിട്ടേ ഇല്ല. മറ്റൊരാളുടെ തിരക്കഥയില്‍ ചെയ്യാനായി മാനസികമായി ഒരു കംഫര്‍ട്ട് തോന്നിയില്ല. അങ്ങനെ ടെലിഫിലിംസ് നിര്‍ത്തുകയായിരുന്നു.

ജെ.കെ – സീരിയലില്‍ നിന്നും സിനിമയിലേക്കുള്ള ആ പ്രയാണം എങ്ങനെ ആയിരുന്നു ?
സജി സുരേന്ദ്രന്‍ – മേഘം ചെയ്യുമ്പോഴേ സിനിമ ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു. സീരിയലിലേക്കു വരുമ്പോള്‍ തന്നെ, അള്‍ട്ടിമേറ്റ് എയിം സിനിമ തന്നെയാണ്. പക്ഷെ പ്രായം, വളരെ ചെറുപ്പമായിരുന്നു. ഡിഗ്രി കഴിഞ്ഞ  അവസരത്തില്‍, ഇരുപതാമത്തെ വയസ്സിലാണ് ആദ്യത്തെ ടെലിഫിലിം ചെയ്യുന്നത്, ഇരുപത്തി നാലാം വയസ്സിലാണ് ആദ്യത്തെ സീരിയല്‍ ചെയ്യുന്നത്. ഇരുപത്തി നാല് വയസ്സെന്നു പറഞ്ഞാല്‍, മലയാള സിനിമാ സംവിധായകനാകാനുള്ള പക്വതയായില്ല എന്നു പറഞ്ഞു മാറ്റി നിര്‍ത്തുന്ന സമയമായിരുന്നു. എന്നിരുന്നാലും ഞാന്‍ ട്രൈ ചെയ്തിരുന്നു, പക്ഷേ പല പല കാരണങ്ങള്‍ക്കൊണ്ട് നടക്കുന്നില്ല. മേഘത്തിനു ശേഷം എനിക്കൊരു നിര്‍മ്മാതാവിനെ കിട്ടുന്നു, ഞാന്‍ ദോഹയില്‍ പോയി അതിന്റെ ഡിസ്കഷന്‍ ഒക്കെ നടത്തുന്നു. പക്ഷേ സീരിയലില്‍ നിന്നും വരുന്നതു കൊണ്ടുള്ള അവഗണനയും മാറ്റി നിര്‍ത്തലുമുണ്ടായിരുന്നു സിനിമയില്‍, ആദ്യ സമയത്ത്. ഞാന്‍ ഓരോ സീരിയലു കഴിയുമ്പോഴും സിനിമയ്ക്കായി ട്രൈ ചെയ്യും. ഒന്നോ രണ്ടോ മാസം അങ്ങനെ പോകും, പിന്നെ സീരിയല്‍ വരും തിരക്കാകും, ആ സീരിയല്‍ കഴിയുന്ന ഗ്യാപ്പില്‍ വീണ്ടു ട്രൈ ചെയ്യും. അങ്ങനെ തുടര്‍ന്നു പോയ്ക്കോണ്ടിരുന്നു. ഏകദേശം ആറു മെഗാസീരിയില്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു തീരുമാനം എടുത്തു. ഇനി സിനിമ, സീരിയല്‍ തല്‍ക്കാലം നിര്‍ത്തി പൂര്‍ണ്ണമായും സിനിമയ്ക്കായി ട്രൈ ചെയ്യുക, സിനിമയില്‍ എത്തിയിട്ടേ ഇനി സീരിയലിനെക്കുറിച്ചു ചിന്തിക്കുന്നുള്ളൂ എന്നൊരു തീരുമാനമങ്ങെടുത്തു. ഞാനും കൃഷ്ണേട്ടനും, അനി ചേട്ടനും, ആര്‍ട്ട് ഡയറക്ടറും അസോസിയേറ്റ്സും എല്ലാരും ചേര്‍ന്ന് ഉറച്ച തീരുമാനമായിരുന്നു അത്. അതിന്റെ ഫലമായാണ് ഇവര്‍ വിവാഹിതരായാല്‍ ഉണ്ടാകുന്നത്.

ജെ.കെ - ആദ്യ സിനിമ, അതിനായി എത്രത്തോളം പ്രത്നിക്കേണ്ടി വന്നു?
സജി സുരേന്ദ്രന്‍ – ആദ്യ സിനിമ, അതു പെട്ടെന്നു ഉണ്ടായതല്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ പല, പല തടസ്സങ്ങള്‍ ഉണ്ടായിരുന്നു. നിര്‍മ്മാതാവിനെ കിട്ടിമ്പോള്‍, വിതരണക്കാരനുണ്ടാവില്ല, വിതരണക്കാരനെ കിട്ടുമ്പോള്‍, നിര്‍മ്മാതാവുണ്ടാകില്ല, ചിലപ്പോള്‍ ആര്‍ട്ടിസ്റ്റുണ്ടാകില്ല. അങ്ങനെ പല പ്രശ്നങ്ങള്‍. ഇതു പോലെ നിര്‍മ്മാതാവ് ഇല്ലാതിരിക്കുന്ന സമയത്ത് നടന്ന ഒരു മദ്രാസ് യാത്രയില്‍, അന്നു കൃഷ്ണേട്ടനും കൂടെയുണ്ട്. കൃഷ്ണേട്ടന്റെ ഒരു ബന്ധു, മിസ്റ്റര്‍ ഗോപകുമാറിനെ അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ച് കാണുവാനും പരിചയപ്പെടുവാനുമിടയായി. അദ്ദേഹവുമായി സംസാരിച്ചിരുന്ന അവസരത്തില്‍, ഞങ്ങളുടെ സിനിമാ മോഹങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. ഇതൊക്കെ കേട്ടപ്പോള്‍, അദ്ദേഹം ചോദിച്ചത്, പിന്നെ എന്തു കൊണ്ട് നിങ്ങള്‍ സിനിമയില്‍ വരുന്നില്ല എന്നാണ്. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞത്, സീരിയലുകാര്‍ സിനിമയില്‍ വരുമ്പോഴൂണ്ടാകുന്ന സ്ഥിരം പ്രശ്നങ്ങള്‍ തന്നെ. പിന്നെ എന്റെ കൂടെ എന്റെ സെറ്റു പൂര്‍ണ്ണമായും ഉണ്ട്. എന്റെ ടെക്നീഷ്യന്മാരെല്ലാം, ഞാന്‍ സിനിമയിലേക്കു പോകുമ്പോള്‍ കൂടെ ഉണ്ടാകണം എന്നൊരു തീരുമാനം ഞാനെടുത്തിരുന്നു. അവരെ എല്ലാവരേയും ഒരു മിച്ച് ഉപയോഗിക്കുവാന്‍ പലപ്പോഴും നിര്‍മ്മാതാക്കള്‍ തയ്യാറല്ല, അതിലുപരി അവര്‍ക്കത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി. ഗോപകുമാര്‍ ചേട്ടന്‍ ഒരു ബിസിനസ്സുകാരനാണ്. അദ്ദേഹം പെട്ടെന്നു ചോദിച്ചു, എത്ര രൂപ വേണ്ടി വരും സിനിമ ചെയ്യാനെന്ന്. ഞാന്‍ പറഞ്ഞു, ഞങ്ങളുടെ ഈ കഥ ചെയ്യാന്‍ ഇത്ര രൂപ വേണ്ടി വരും. പുള്ളിക്കാരന്‍ പറഞ്ഞു. ഈ പൈസ ഞാന്‍ തരാം, നിങ്ങള്‍ സിനിമ ചെയ്യൂ. അതി വിജയിക്കുകയോ പരാജയപ്പെടുകയോ എന്നുള്ളത് പ്രശ്നമല്ല. പക്ഷേ നിങ്ങളുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് ഇതു പരാജയപ്പെടുമെന്നു തോന്നുന്നില്ല, ഇനി പരാജയപ്പെട്ടാലും, അതു നമ്മുടെ കയ്യിലല്ല, മുകളില്‍ ഒരാളുണ്ടല്ലോ. അതു വിട്ടേക്ക്, നിങ്ങള്‍ സിനിമ ചെയ്യാന്‍ പറഞ്ഞു. അങ്ങനെ പുള്ളി നമ്മളില്‍ അര്‍പ്പിച്ച വിശ്വാസത്തിലാണ് ഞങ്ങള്‍ “ഇവര്‍ വിവാഹിതരായാല്‍” ചെയ്യുന്നത്.

ജെ.കെ – ആദ്യ സിനിമയുടെ വിജയം, അതെങ്ങനെയാണ് നോക്കി കാണുന്നത്?
സജി സുരേന്ദ്രന്‍ – മുന്നെ പറഞ്ഞതു പോലെ, ഗോപകുമാറേട്ടന്‍ പകര്‍ന്നു തന്ന ഒരു ആത്മവിശ്വാസതിലാണ് ആ ചിത്രം ഞങ്ങള്‍ ചെയ്യുന്നത്. ആ ചിത്രത്തിന്റെ വിജയം വളരെയധികം ആത്മവിശ്വാസം പകര്‍ന്നു. ചിത്രം ഹിറ്റായതോടെ, ഞങ്ങള്‍ അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്നമായ നിര്‍മ്മാതാകളെ കിട്ടാനുള്ള പ്രയാസം മാറി. ഒരു ഹിറ്റ് ചിത്രം വന്നതോടെ വളരെയധികം നിര്‍മ്മാതാക്കള്‍ ഞങ്ങള്‍ സമീപിച്ചു. അതു സാധാരണമല്ലേ…

ജെ.കെ – സിനിമയും ടെലിവിഷനും, രണ്ടും രണ്ട് മാധ്യമങ്ങളാണ്. അതെങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്നു തോന്നുന്നു?
സജി സുരേന്ദ്രന്‍ – എനിക്ക് രണ്ടിലും ടെക്കിനിക്കലായി അധികം വ്യത്യാസം തോന്നിയിട്ടില്ല. പക്ഷേ സാമ്പത്തിക കാര്യങ്ങള്‍ നോക്കുമ്പോള്‍ സിനിമ എന്നത് റിസ്കാണ്. സീരിയലില്‍ അങ്ങനെ ഇല്ല. ഓരോ സീരിയലിനും നമുക്ക് ചാനലില്‍ നിന്നും ഒരു നിശ്ചിതമായ ഒരു എമൌണ്ട് തരും. അതിനുള്ളില്‍ നിന്നു കൊണ്ട് നമുക്ക് ചെയ്താല്‍ മതി, നിര്‍മ്മാതാവിന് ലാഭം വരും. സിനിമ അങ്ങനെ അല്ല, സിനിമയില്‍ ബള്‍ക്ക് ഇന്‍ വെസ്റ്റ്മെന്റുമായി ഇറങ്ങി, ആദ്യ ദിവസം ആദ്യത്തെ ഷോ കഴിയുമ്പോള്‍ അറിയുവാന്‍ കഴിയും പൈസ തിരിച്ചു കിട്ടുമോ ഇല്ലയോ എന്ന്, അതു പോലെ എത്ര ലക്ഷം പോകും, എത്ര കിട്ടും എന്നൊക്കെ. ആ റിസ്ക് ഫാക്ടറാണ് എനിക്കു പ്രധാനമായും തോന്നിയിട്ടുള്ളത്. ബാക്കിയൊന്നും എനിക്ക് വ്യത്യസ്തമായി തോന്നിയിട്ടില്ല. എന്റെ മുഴുവന്‍ ടെക്ക്നീഷ്യന്മാരുമായാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ക്യാമറയ്ക്ക് അല്പം വലിപ്പം കൂടുതലാണ്, കുറച്ച് ഇന്‍ ഫ്രാസ്ട്രക്ചറുകള്‍ കൂടുതല്‍ കിട്ടും, കുറച്ച് സമയം കൂടുതല്‍ കിട്ടും തുടങ്ങി ചില അഡ് വാന്റേജുകള്‍ ഒഴിച്ചാല്‍ എനിക്കു വലിയ വ്യത്യാസം തോന്നിയിട്ടില്ല. നമ്മള്‍ ചെയ്തോട്ടിരുന്ന ജോലി ചെയ്യുന്നതു പോലെ തന്നെ. വലിയ താരങ്ങളുണ്ട്, കുറച്ചു കൂടെ റിലാക്സ് ചെയ്ത് ചെയ്യാം, പിന്നെ സാമ്പത്തികമായി റിസ്ക് കൂടും എന്നിങ്ങനെയുള്ള വ്യത്യാസങ്ങളെ എനിക്കു തോന്നിയിട്ടുള്ളൂ.

ജെ.കെ – സിനിമയും സീരിയലും, ഏതാണ് കൂടുതല്‍ സംതൃപ്തി തരുന്നത്?
സജി സുരേന്ദ്രന്‍ –  രണ്ടും രണ്ടു രീതിയിലാണ്. സീരിയല്‍ വീടുകളിലേക്ക് ഡയറ്ക്ടായി ഫ്രീ ആയി ചെല്ലുന്ന ഒരു സാധനമാണ്. അതു കൊണ്ടു തന്നെ കൂടുതല്‍ ആളുകള്‍ ഇതു കാണുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യും. പക്ഷേ ഒരിക്കല്‍ ഇതു സം പ്രേക്ഷണം ചെയ്തു കഴിഞ്ഞാല്‍ ഇതു കഴിഞ്ഞു. പിന്നെ അത് രേഖകളിലേ ഇല്ല. പക്ഷേ സിനിമ അങ്ങനെ അല്ല. ലോകമുള്ളടത്തോളം കാലം, അല്ലെങ്കില്‍ സിനിമയുള്ളടത്തോളം കാലം, നമ്മുടെ പേരും ചരിത്രത്തില്‍ എവിടെയെങ്കിലും എഴുതി ചേര്‍ക്കപ്പെടും. ഓരോ സിനിമ ഇറങ്ങുമ്പോഴും, നമ്മള്‍ ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്.  പിന്നെ ഒരു സിനിമാ സംവിധായകനു കിട്ടുന്ന പോപ്പുലാരിറ്റി, റെസ്പെക്റ്റ് എല്ലാം ഒരിക്കലും ഒരു സീരിയല്‍ സംവിധായകനു കിട്ടില്ല. അതു പോലെ സാമ്പത്തികമായാലും, നമുക്കു കിട്ടുന്ന ഫെസിലിറ്റീസിന്റെ കാര്യമായാലും, അംഗീകാരത്തിന്റെ കാര്യമാലും ഒരു സിനിമാ സംവിധായകനു കിട്ടുന്നത് ഒരിക്കലും ഒരു സീരിയല്‍ സവിധായകനു ലഭിക്കില്ല. പക്ഷേ, സിനിമയില്‍ വിജയമുള്ളടത്തേ നിലനില്‍പ്പുള്ളൂ. സീരിയലില്‍ ഒരെണ്ണം പരാജയപ്പെട്ടാല്‍, അടുത്ത ചാനലില്‍ അടുത്ത സീരിയല്‍ കിട്ടും. സിനിമയില്‍ ഒരു സിനിമ വിജയിക്കുമ്പോഴാണ് നിര്‍മ്മാതാക്കള്‍ നമ്മളെ തേടി വരുന്നത്.  രണ്ടിലും രണ്ടു രീതിയിലുള്ള സംതൃപ്തി കിട്ടിയിട്ടുണ്ട്.

ജെ.കെ – സീരിയല്‍ ചെയ്തു കൊണ്ടിരുന്ന സമയത്ത് കൂടുതല്‍ കണ്ണീര്‍ സീരിയലുകള്‍ ചെയ്തിരുന്ന താങ്കള്‍, സിനിമയിലേക്കെത്തിയപ്പോള്‍ ഹ്യൂമറിലേക്ക് വഴി മാറി. എങ്ങനെയാണ് അങ്ങനെ ഒരു മാറ്റം സംഭവിച്ചത്?
സജി സുരേന്ദ്രന്‍ –   അത് ശരിക്കും ഞങ്ങള്‍ എടുത്ത ഒരു തീരുമാനം ആയിരുന്നു. സീരിയലുകളില്‍ നമ്മള്‍ ചെയ്തു കൊണ്ടിരുന്ന വിഷയങ്ങള്‍ സിനിമയില്‍ ചെയ്താല്‍ ഒരു പേരുദോഷമാവും എന്നുറപ്പായിരുന്നു. അതു മാത്രമെ ഇവര്‍ക്കു ചെയ്യാന്‍ അറിയാവൂ, അതു തന്നെയെ ഇവര്‍ ചെയ്യൂ, ബിഗ് സ്ക്രീനില്‍ വന്നു സീരിയല്‍ ചെയ്യുന്നു എന്നൊക്കെ പറയും. അതല്ലാതെ ചെയ്തിട്ടേ ആ പേരു കേട്ടൂ. മനസ്സിലായില്ലേ.. (ചിരിക്കുന്നു..) അവിടെ ഇവിടെ നിന്നും.. നമ്മള്‍ അതു കേള്‍ക്കാന്‍ പോയില്ല. സീരിയലില്‍ നിന്നു വരുന്നതു കൊണ്ടു തന്നെ അങ്ങനെയുള്ള വിമര്‍ശനങ്ങള്‍ നമ്മള്‍ കേള്‍ക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. അതു കൊണ്ടു തന്നെ, അതിന് അധികം മുഖം കൊടുക്കാന്‍ പോയില്ല. നമ്മള്‍ ആദ്യമെ തന്നെ ഒരു തീരുമാനം എടുത്തു, സീരിയലില്‍ വന്നിരുന്ന കൂടുതല്‍ സീരിയസ്സയുള്ള കഥകള്‍, ഞാന്‍ കണ്ണീരിനേക്കാള്‍ കൂടുതല്‍ ചെയ്തത് പ്രണയകഥകളും, അതിനൊപ്പം ഫാമിലി സ്റ്റോറീസുമാണ്, അവയൊക്കെ ഒഴിവാക്കാം, എന്തെങ്കിലും മാറി ചെയ്യാം എന്ന്. സീരിയലിനെ സംബന്ധിച്ചിടത്തോളം, വീട്ടിലിരുന്ന് ഫ്രീ ആയി കാണുന്നതിനാല്‍ എന്തു രീതിയിലുള്ള കഥ വേണമെങ്കിലും പറയാം. ഹൊറര്‍, ഫാന്റസി, സീരിയസ്, കുടുംബ കഥകള്‍, പ്രണയം, അവിഹിത ബന്ധങ്ങള്‍ അങ്ങനെ ഏതു ടൈപ്പു കഥ വേണമെങ്കിലും പറയാം. അതു നമ്മുടെ ഇഷ്ടമാണ്. പക്ഷേ മുന്നോട്ടുള്ള പോക്ക് അതിന്റെ റേറ്റിങ്ങിനെ ആശ്രയിച്ചിരിക്കും. പക്ഷേ സിനിമയെ സംബന്ധിച്ചിടത്തോളം കൂടുതലും എന്റര്‍ടെയിനേഴ്സിനാണ് നിലനില്‍പ്പുള്ളത്, അല്ലെങ്കില്‍ ഫാമിലി ഓറിയെന്റടായിട്ടുള്ള എന്റര്‍ടെയിനേഴ്സിന്. എന്റര്‍ടെയിനേഴ്സ് എന്നു പറഞ്ഞാല്‍ കൂടുതല്‍ ചിരിപ്പിക്കുന്നതിന്. മലയാളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍, 200ഉം 300ഉം ദിവസങ്ങള്‍ ഓടിയിട്ടുള്ളത്, ആ ഗണത്തില്‍ പെടുന്ന പ്രിയന്‍ സാറിന്റെ, സിദ്ധിഖ്-ലാലിന്റെ ചിത്രങ്ങളാണ്. എനിക്കും അത്തരം ചിത്രങ്ങളാണ് തീയേറ്ററുകളില്‍ പോയി കാണാന്‍ ഇഷ്ടം. നമുക്ക്, ആകാശദൂതും, കിരീടവും, എന്റെ വീട് അപ്പൂന്റെയും പോലെയുള്ള ചിത്രങ്ങള്‍ ഇഷ്ടമാണെങ്കിലും, കിലുക്കമാണ് നമുക്ക് കുറച്ച് കൂടുതല്‍ ഇഷ്ടം. അതു ആസ്വദിക്കുന്ന ഒരാളാണ് ഞാന്‍. അതു കൊണ്ടാണ്, എനിക്ക് അറിഞ്ഞു കൂടാത്ത മേഖലകളിലൂടെ ഞാന്‍ കൂടുതല്‍ സഞ്ചരിച്ചത്. രണ്ടാം സിനിമ, ഹാപ്പി ഹസ് ബന്‍ഡ്സ്, ഒരിക്കലും ഞാന്‍ ചെയ്യുമെന്ന് കരുതാത്ത സ്ലാപ്സ്റ്റിക്ക് മേഖലയിലൂടെ സഞ്ചരിച്ച ഒരു റിസ്കി അറ്റെംപ്റ്റായിരുന്നു. ഒരു നൂല്‍ പാലം പോലെ എവിടെ വേണമെങ്കിലും പൊട്ടാം, പക്ഷേ ദൈവാധീനം കൊണ്ട് അതു നല്ല രീതിയില്‍ പോയി. ചെറിയ റിസ്കെടുത്തു നോക്കിയതാണ്.

ജെ.കെ - അതില്‍ നിന്നൊരു മാറ്റമാണല്ലോ ഫോര്‍ ഫ്രണ്ടസ്?
സജി സുരേന്ദ്രന്‍ – ആദ്യത്തെ രണ്ടു സിനിമകള്‍ ആള്‍ക്കാര്‍ക്ക് എത്രത്തോളം ഇഷ്ടപ്പെട്ടു എന്നു മനസ്സിലായത്, മൂന്നാമത്തെ സിനിമയായ ഫോര്‍ഫ്രണ്ട്സ് ഇറങ്ങിയപ്പോഴാണ്. ഞാന്‍ ഒരു ചേഞ്ച് നോക്കി, ആദ്യത്തെ രണ്ടു സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു സീരിയസ് ആയിട്ടുള്ള വിഷയവും, സീരിയസ് ആയിട്ടുള്ള അപ്രോച്ചും, ആഗ്രഹിച്ചാണ് ഫോര്‍ ഫ്രണ്ട്സ് ചെയ്തത്. അതു വളരെ സീരിയസ് ആയുള്ള വിഷയമാണ്. നല്ല ഡെപ്തുള്ള ഒരു വിഷയമാണത്. പക്ഷേ ചിത്രമിറങ്ങി കഴിഞ്ഞപ്പോള്‍, എല്ലാവരും പറയുന്നു, നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചത് ഹാപ്പി ഹസ് ബന്‍ഡ്സ് പോലെയുള്ള ഒരു ചിത്രമാണ്. അപ്പോഴാണ് ആളുകള്‍ മുന്‍ ധാരണയോടെയാണ് സിനിമ കാണാന്‍ പോകുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്, അല്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് നമ്മളില്‍ എത്രത്തോളം എസ്പക്റ്റേഷന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണ്. ഫോര്‍ ഫ്രണ്ട്സില്‍ ഹ്യൂമര്‍ ഉണ്ടെങ്കില്‍ പോലും, കൂടുതല്‍ സീരിയസായുള്ള പ്രമേയമാണ്. ഞാന്‍ തന്നെ ഒന്നു മാറി ചിന്തിച്ചു നോക്കിയതാണ്, എല്ലാ സിനിമകളും ഒരേ പാറ്റേണില്‍ വരാതിരിക്കാന്‍. പക്ഷേ പ്രേക്ഷകരുടെ അഭിപ്രായം, ഹ്യൂമര്‍ എലമെന്റുള്ള ചിത്രങ്ങള്‍ മതി എന്നാണ്. അതു കൊണ്ടു തന്നെ അടുത്ത പടം മുഴു നീള ഹ്യൂമര്‍ ചിത്രമാണ്.

ജെ.കെ – മൂന്നു ചിത്രങ്ങളിലും കൃഷ്ണ പൂജപ്പുരയായിരുന്നു തിരക്കഥ. അദ്ദേഹവുമായുള്ള ഒരു വ്യക്തി ബന്ധം എങ്ങനെയാണ്? അതെങ്ങനെയാണ് ചിത്രങ്ങളെ സഹായിച്ചിട്ടുള്ളത്?
സജി സുരേന്ദ്രന്‍ – ഞങ്ങള്‍ തമ്മിലുള്ള വ്യക്തി ബന്ധം തുടങ്ങുന്നത് ഞാന്‍ വിജി തമ്പി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന സമയത്താണ്. സത്യമേവ ജയതേ എന്ന ചിത്രത്തിനു ശേഷം തമ്പി സാര്‍ ഒരു സീരിയല്‍ ചെയ്യാനായി വന്നു. അതൊരു ഹ്യൂമര്‍ സീരിയല്‍ ആയിരുന്നു. മഹാത്മാഗാന്ധി കോളനി എന്നായിരുന്നു ആ സീരിയലിന്റെ പേര്. അതില്‍ ഞാന്‍ തമ്പി സാറിന്റെ അസോസിയേറ്റായിരുന്നു, ആ സീരിയലായിരുന്നു കൃഷ്ണേട്ടന് ആദ്യമായി എഴുതുന്ന സീരിയല്‍. അദ്ദേഹം ലൈഫില്‍ ആദ്യമായി എഴുതുന്ന സീരിയലായിരുന്നു അത്. അതിനു മുന്നെ കുഞ്ഞു കുഞ്ഞു നുറുങ്ങുകള്‍, ഇരുപതു മിനിട്ടിന്റെ ഹാസ്യ പരിപാടികള്‍ ഒക്കെയേ എഴുതുതിയിട്ടുള്ളൂ. ഒരു പരമ്പര ആദ്യമായി എഴുതുന്നത് ഇതായിരുന്നു. തമ്പി സാറിന്റെ അസോസിയേറ്റായതിനാല്‍, ഇതിന്റെ ചാര്‍ട്ടിങ് ഒക്കെ ചെയ്തിരുന്നത് ഞാനായിരുന്നു. ഞാനുമായിട്ടായിരുന്നു അദ്ദേഹം ഏറ്റവും കൂടുതല്‍ അസോസിയേറ്റു ചെയ്തിരുന്നത്. അവിടെ തുടങ്ങുന്ന ഒരു വ്യക്തി ബന്ധമാണ് ഞങ്ങളുടേത്. അദ്ദേഹത്തെ ഞങ്ങളെല്ലാം ഇഷ്ടപ്പെട്ടു പോകുന്നതിന്റെ കാര്യം, സെറ്റില്‍ ഞങ്ങളെയെല്ലാം തമാശകള്‍ പറഞ്ഞ് ചിരിപ്പിച്ച്, വളരെയധികം സന്തോഷകരമായ ഒരു അന്തരീക്ഷം അദ്ദേഹം സൃഷ്ടിക്കുമെന്നതിനാലാണ്. നമ്മുടെ ജീവിതത്തില്‍, പോസിറ്റീവായ കാര്യങ്ങളും, സന്തോഷം പകരുന്ന കാര്യങ്ങളുമെല്ലാം നമുക്കെപ്പോഴും ഇഷ്ടമാണ്. ഒരാള്‍ നമ്മളെ എപ്പോഴും സന്തോഷിപ്പിക്കുന്നു, കുഞ്ഞു നര്‍മ്മങ്ങള്‍ പറഞ്ഞു തരുന്നു, അങ്ങനെ ആ പരിചയം, ഒരു ചേട്ടനും അനിയനും തമ്മിലുള്ള ബന്ധമായി വളര്‍ന്നു. അങ്ങനെ അസോസിയേറ്റായിരിക്കുമ്പോള്‍ തന്നെ കൃഷ്ണേട്ടനുമായുള്ള ബന്ധമാണ്. ആദ്യമായി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹത്തോടെ, ഊര്‍വ്വശി ചേച്ചി വിളിച്ചിട്ട് ഒരു മദ്രാസ് യാത്ര നടത്തിയപ്പോള്‍, ഡിസ്കഷനായി ഞാന്‍ ആദ്യം വിളിച്ചു വരുത്തുന്നത് കൃഷ്ണേട്ടനെയാണ്. മേഘം എന്ന സീരിയല്‍ കഴിഞ്ഞ അവസരത്തിലാണത്. അവിടെ നിന്നും നാലഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമേ ചെയ്യാന്‍ പറ്റിയുള്ളൂ. പക്ഷേ കൃഷ്ണേട്ടന്‍ ആദ്യമായി മദ്രാസ് കാണുന്നത് ഞാന്‍ വിളിച്ചു വരുത്തുമ്പോഴാണ്. അന്നേ കൃഷ്ണേട്ടന്റെ ഹ്യൂമര്‍ എഴുതാനുള്ള പൊട്ടന്‍ഷ്യന്‍ മറ്റാരേക്കാളും എനിക്കറിയാം. പക്ഷേ ഒളിഞ്ഞു കിടക്കയാണ്, ആരും കണ്ടെത്തുന്നില്ല. ഞാന്‍ അന്നേ തീരുമാനിച്ചു, ഞാന്‍ ഒരു ഹ്യൂമര്‍ സിനിമയാണ് ചെയ്യുന്നതെങ്കില്‍ അത് കൃഷ്ണേട്ടനായിരിക്കും എഴുതുക എന്ന്. ഞാന്‍ അന്നു പോയി നടന്നില്ല, പിന്നെ മന്ദാരം ചെയ്ത ശേഷം ഒരു സിനിമയ്ക്കായി ശ്രമിച്ചു, ശ്രീനിവാസനെ കഥാപാത്രമാക്കി ഒരു ചിത്രം, അതും നടന്നില്ല. കൃഷ്ണേട്ടന്‍ പലര്‍ക്കു വേണ്ടിയും സീരിയലെഴുതുന്നു, ഞാന്‍ വേറെ പലരുടേയും തിരക്കഥയില്‍ സീരിയലുകള്‍ ചെയ്യുന്നു, എന്നിരുന്നാലും സിനിമയെക്കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ കൃഷ്ണേട്ടനായിരുന്നു മനസ്സില്‍, കാരണം കൃഷ്ണേട്ടന്‍ എന്തു നന്നായി എഴുതും എന്നു എനിക്കറിയാമായിരുന്നു. അങ്ങനെ, ഒടുവില്‍ കൃഷ്ണേട്ടന്‍ എനിക്കായി ഒരു സീരിയല്‍ എഴുതാനായി വന്നു, അതാണ് അമ്മയ്ക്കായ്, എന്റെ അവസാന സീരിയല്‍. അങ്ങനെ ഒരു വര്‍ഷക്കാലം ഞങ്ങളിങ്ങനെ ഒരുമിച്ചു വീണ്ടും വര്‍ക്ക് ചെയ്തു. ആയിടയ്ക്കു ഞങ്ങള്‍ക്കിടയില്‍ നടന്നിരുന്ന സംഭാഷണങ്ങളില്‍ മിക്കതും സിനിമയെ സംബന്ധിച്ചുള്ളതായിരുന്നു. വളരെക്കാലമായി സിനിമാ മോഹവുമായി നടക്കുന്ന ആളുകളായിരുന്നു ഞങ്ങള്‍ 2001 മുതല്‍ 2008 വരെ ഏകദേശം 7 വര്‍ഷത്തില്‍ ആറു മെഗാസീരിയലുകള്‍ ചെയ്തു. ഇനിയെങ്കിലും സിനിമ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെന്ന തീരുമാനം ഉണ്ടാകുന്നത് ആ കാലത്താണ്. പക്ഷേ കൃഷ്ണേട്ടന് സിനിമയോട് അത്ര താല്പര്യമില്ലായിരുന്നു, എന്റെ നിര്‍ബന്ധം മൂലം മാത്രമാണ് അദ്ദേഹം ഡിസ്കഷനൊക്കെ വന്നിരുന്നു. എന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെയാണ്, ഇവിടെ സീരിയല്‍ ഒക്കെ നിര്‍ത്തി ഞങ്ങള്‍ സിനിമയ്ക്കായി ശ്രമം തുടങ്ങിയത്. കൃഷ്ണേട്ടനെ കൂട്ടി ഞാന്‍, എന്റെ അങ്കിളിന്റെ വര്‍ക്കലയിലുള്ള റിസോര്‍ട്ടിലേക്കു പോകുന്നു. ഞാന്‍ അങ്കിളിനെ വിളിച്ച് ചോദിച്ചു, എന്റെ കയ്യില്‍ കാശൊന്നുമില്ല, ഞാന്‍ റിസോര്‍ട്ടില്‍ വന്ന് ഒരു കഥ എഴുതിക്കോട്ടേ എന്ന്. അങ്കിള്‍ നല്ലോരു വ്യക്തിയായിരുന്നു, അദ്ദേഹം സിനിമ നിര്‍മ്മിച്ചിട്ടുമുണ്ട്, അതു കൊണ്ടു തന്നെ സിനിമയുടെ ബുദ്ധിമുട്ടുകള്‍ അറിയാം. അദ്ദേഹമാണ് സുകൃതം നിര്‍മ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പേര് രാജന്‍ എന്നാണ്. അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, എത്ര കോട്ടേജു വേണമെങ്കിലുമെടുത്തോ, റെസ്റ്റോറന്റില്‍ എന്തെങ്കിലും ബില്ലാകുന്നെങ്കില്‍ കൊടുത്തേക്കാന്‍ മാത്രമാണ്. അങ്ങനെ അവിടെ ഇരുന്നാണ് ഇവര്‍ വിവാഹിതരായാല്‍ ഞങ്ങള്‍ എഴുതുന്നത്.  അങ്ങനെയാണ് കൃഷ്ണേട്ടനുമായിട്ടുള്ള ഒരു ബന്ധം. പൊതുവെ എന്റെ സെറ്റിലെ ആള്‍ക്കാരെല്ലാം എപ്പോഴും ഒന്നു തന്നെ ആയിരിക്കും. അതു അസിസ്റ്റന്‍സായാലും പ്രൊഡക്ഷന്‍ ബോയി ആയാലും, ഒരു ടീമായി മാറിക്കഴിഞ്ഞാല്‍ പിന്നെ അത് മാറ്റാന്‍ എനിക്കു താല്പര്യമില്ല. സീരിയല്‍ മുതല്‍ ഞാന്‍ തുടര്‍ന്നു വരുന്ന ഒരു കാര്യമാണത്. ഇവര്‍ വിവാഹിതരായാലിനു ശേഷം അടുത്ത ചിത്രം വന്നപ്പോഴും എന്റെ ചോയിസ് കൃഷ്ണേട്ടന്‍ തന്നെ ആയിരുന്നു. ഇനി മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തിലും കൃഷ്ണേട്ടന്‍ തന്നെയാണ്.  തല്‍ക്കാലം അതില്‍ മാറ്റമില്ല, ഇനി ഭാവിയില്‍ കൃഷ്ണേട്ടന്‍ ബിസിയായി അദ്ദേഹത്തിനു ചെയ്യാന്‍ സാധിക്കാത്ത ഒരവസ്ഥയില്‍ അദ്ദേഹം ഇങ്ങോട്ടു പറയുന്നതു വരെ ഒരു പക്ഷേ കൃഷ്ണേട്ടനാകും എനിക്കു വേണ്ടി എഴുതുന്നത്. പിന്നെ ഇതൊന്നും നമ്മുടെ നിയന്ത്രണത്തില്‍ അല്ലല്ലൊ..

ജെ.കെ – അടുത്തകാലത്തായി മലയാള സിനിമയിലേക്ക് ഒരു പാട് പുതു മുഖ സംവിധായകര്‍ കടന്നു വന്നു. പക്ഷേ അവര്‍ക്കാര്‍ക്കും ലഭിക്കാത്ത ഒരു മഹാഭാഗ്യമാണ് താങ്കള്‍ക്ക്, കമലഹാസനനെന്ന അതുല്യ നടനെ മലയാളത്തില്‍ അഭിനയിപ്പിക്കുവാന്‍ കഴിഞ്ഞത്. എങ്ങനെയാണ് കമലഹാസന്‍ ഈ പ്രൊജക്ടിലേക്ക് എത്തുന്നത് ?
സജി സുരേന്ദ്രന്‍ – അതിന് പൂര്‍ണ്ണമായും നന്ദി പറയേണ്ടത് ജയറാമേട്ടനോടാണ്. ജയറാമേട്ടന്‍ എന്നൊരു വ്യക്തി ഇല്ലെങ്കില്‍ അതു സംഭവിക്കില്ലായിരുന്നു. അതെങ്ങനെ സംഭവിച്ചു എന്നു വച്ചാല്‍, ഫോര്‍ ഫ്രണ്ട്സിന്റെ കഥ രൂപപ്പെടുന്ന സമയത്തു തന്നെ ഇത്തരം ഒരു ആലോചന ഉണ്ടായിരുന്നു. കമലഹാസന്‍ വന്നു സംസാരിക്കുന്ന 12 മിനിട്ടു നേരമുള്ള ആ രംഗം, ഇന്ത്യന്‍ സിനിമയില്‍ കമലഹാസനല്ലാതെ മറ്റാരു പറഞ്ഞാലും ശരിയാകില്ല, ഫോര്‍ ഫ്രണ്ട്സ് കണ്ടവര്‍ക്ക് അതു പെട്ടെന്നു മനസ്സിലാകും. അത്രമാത്രം ലൈഫുമായി ഇഴകി ചേര്‍ന്ന ഒരു കഥാപാത്രമാണ് നമ്മുടെ സിനിമയില്‍ അദ്ദേഹം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നുമെടുത്ത ഒരുപാട് പോയിന്റ്സ് അദ്ദേഹം ആ സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രം, മറ്റു നാലു കഥാപാത്രങ്ങളോട് പറയുന്നുണ്ട്. ആ പറയുന്നത്, ആ നാലു കഥാപാത്രങ്ങള്‍ക്കു മാത്രമല്ല, ഈ സമൂഹത്തിനു മുഴുവനായാണ് കിട്ടുന്നത്. ഞാന്‍ ആ സിനിമ കാണുമ്പോള്‍ അത് എന്നോട് പറയുന്നതായി തോന്നും. ഞാന്‍ ജീവിതത്തെ ഭയക്കുന്ന, മരണത്തെ ഭയക്കുന്ന ഒരാളാണെങ്കില്‍, എനിക്കൊരു മോട്ടിവേഷന്‍ നല്‍കാന്‍ അതിനു കഴിയുന്നുണ്ട്. കഥയെഴുതി ഇത്തരമൊരു പോയിന്റില്‍ വന്നു നിന്നപ്പോള്‍, കമല്‍ സാര്‍ വന്നാല്‍ നന്നായിരിക്കും എന്ന് ജയറാമേട്ടനോട് പറയുമ്പോള്‍, ജയറമേട്ടനാണ് പറഞ്ഞത്, ഇത്തരമൊരു കാര്യം പറയാനാണ് വിളിക്കുന്നതെങ്കില്‍ ചിലപ്പോള്‍ അദ്ദേഹം വരും, സൌഹൃദത്തിന്റെ പേരില്‍ ഞാന്‍ പറഞ്ഞു നോക്കാം എന്ന്. ജയറാമേട്ടന്‍ അതു പുള്ളിയോട് പറഞ്ഞപ്പോള്‍, രണ്ടാമതൊന്ന് ആലോചിക്കാതെ കമല്‍ സാര്‍ സമ്മതികുകയായിരുന്നു. നാളെ പറയാം, മറ്റന്നാള്‍ പറയാം എന്നൊന്നും പുള്ളി പറഞ്ഞില്ല, ആ നിമിഷത്തില്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ ഇതു ചെയ്യുന്നു. അത്, ഇത്രാം തീയതി മുതല്‍ ഇത്രാം തീയതി വരെ ഞാന്‍ ചെന്നൈയില്‍ ഉണ്ടാകും നിങ്ങള്‍ പ്ലാന്‍ ചെയ്തോളൂ, നമുക്കിത് ചെന്നെയില്‍ ഷൂട്ടു ചെയ്യാം എന്ന് ആ സ്പോട്ടില്‍ പുള്ളി പറയുകയായിരുന്നു. ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ത്രില്‍ഡ് ആയിരുന്നു. ഞങ്ങള്‍ക്ക് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല, ഞങ്ങള്‍ ജയറാമേട്ടനെ കൊണ്ട് വീണ്ടും അദ്ദേഹത്തെ വിളിപ്പിച്ചു, അതൊന്നു കണ്‍ഫം ചെയ്യാനായി. പുള്ളി പറഞ്ഞത്, ഞാനൊരു വാക്കു പറഞ്ഞാല്‍ പിന്നെ അതില്‍ നിന്നും ഒരു മാറ്റവും ഇല്ല. ഞങ്ങളെയല്ലാം ഞെട്ടിപ്പിച്ച കാര്യം, ഒരു രൂപ പോലും അദ്ദേഹം പ്രതിഫലം വാങ്ങിയില്ല. ഒരു മണിക്കൂറുള്ള ഒരു ഉദ്ഘാടനം ചെയ്താ ചിലപ്പോള്‍ അദ്ദേഹത്തിന് അമ്പതു ലക്ഷമോ ഒരു കോടിയോ ഒക്കെ കിട്ടും. അങ്ങനത്തെ ഐക്കണ്‍സാണല്ലോ അവര്‍. പുള്ളി ഒരു രൂപ പോലും വാങ്ങിയില്ല. സ്വന്തം കാറില്‍ വന്ന്, സ്വന്തം കോസ്റ്റ്യൂം ഉപയോഗിച്ച്, ഇങ്ങോട്ടു വിളിച്ചു പറഞ്ഞിട്ടു വന്നു ഡബ്ബ് ചെയ്തു, ഞങ്ങളെയെല്ലാം ഞെട്ടിപ്പിച്ച ഒരു പ്രതിഭാസമായിരുന്നു അദ്ദേഹം. അദ്ദേഹത്തിനെ പാഷന്‍, ഡെഡിക്കേഷന്‍, കമിറ്റ്മെന്റ്, ഡിറ്റര്‍മിനേഷന്‍, സിനിമയോടുള്ള ഒരു ആറ്റിറ്റ്യൂഡ് ഇതൊക്കെ, ഓരോ വ്യക്തിയും കണ്ടു പഠിക്കേണ്ടതാണ്. ഞാന്‍ രണ്ടു സിനിമ മാത്രം ചെയ്ത തുടക്കക്കാരനാണ്. അദ്ദേഹം എന്റെയടുത്തു വന്ന്, സാര്‍, എല്ലാം ഓ.കെയാണോ സാര്‍ എന്നൊക്കെ ചോദിക്കുമ്പോള്‍, ഞാന്‍ വല്ലാതെ ചൂളിപ്പോയിട്ടുണ്ട്. അദ്ദേഹം നോക്കിയതു വയസ്സോ എക്സ്പീരിയന്‍സോ അല്ല. സംവിധായകന്‍ എന്ന ആ പദവിക്ക് അദ്ദേഹം ഒരു ബഹുമാനം കൊടുക്കുകയാണ്. ഞാന്‍ മലയാളത്തില്‍ കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് അഭിനയിക്കുന്നത്, എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ പറയണം, നമുക്ക് വീണ്ടും എടുക്കാം, പറയാനൊന്നും വിഷമിക്കരുത് കേട്ടോ, ഒരു പ്രാവശ്യം തെറ്റി എന്നു വച്ച് പറയാന്‍ മടിക്കരുത് എന്നൊക്കെ അദ്ദേഹം പറഞ്ഞു. ഒന്നും തെറ്റിയിട്ടുമില്ല, അദ്ദേഹം ഏതു ചെയ്താലും പെര്‍ഫെക്ടാണ്. സിനിമ കാണുമ്പോള്‍ അറിയാം, അതില്‍ ഏകദേശം നാല് നാലര മിനിട്ടു വരുന്ന ഒരു സിംഗിള്‍ റൌണ്ട് ട്രോളി ഷോട്ടുണ്ട്. ഫസ്റ്റ് ടേക്ക് ഓ കെയാണ്, പ്രോംറ്റിങ് ഇല്ലാതെ. ഇവിടുത്തെ ആര്‍ട്ടിസ്റ്റുകള്‍ പ്രോംറ്റിങ്ങിന്റെ സഹായം തേടാറുണ്ട് പലപ്പോഴും. അദ്ദേഹം ഒരു മൂന്നു ആവര്‍ത്തി ഡയലോഗുകള്‍ വായിച്ച് കാണാതെ പഠിച്ചിട്ട്, ഒറ്റ ടേക്കാണ്. ഈ ഒറ്റ ടേക്കില്‍ ഡയലോഗ് മെമ്മറിയില്‍ വരണം, ടൈമിംഗ്, ക്യാമറക്കൊപ്പിച്ച് പൊസിഷന്‍സ് വരണം, എല്ലാവരേയും ഫേവര്‍ ചെയ്യണം, ഇത്രയും കാര്യങ്ങള്‍ ആദ്യത്തെ ടേക്കില്‍, മലയാളത്തില്‍ 22 വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയിക്കുന്ന അദ്ദേഹം ചെയ്തപ്പോള്‍, നമ്മളോക്കെ അത്ഭുതപ്പെട്ടുപ്പോയി, ഒടുവില്‍ കയ്യടിച്ചു പോയി. ഓരോ ഷോട്ടു കഴിഞ്ഞും ഞങ്ങളെ വിളിച്ചു കൊണ്ടു പോയി, പഴയ കാര്യങ്ങള്‍ പറഞ്ഞും, കളി തമാശ ചിരിയൊക്കെയായി, ഒരുപാട് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പറയുക, അങ്ങനെ ഞങ്ങളെ ടോട്ടലി അത്ഭുതപ്പെടുത്തിയ പ്രതിഭാസമാണ്. താങ്കള്‍ ചോദ്യത്തില്‍ പറഞ്ഞതു പോലെ അതൊരു ദൈവാനുഗ്രഹമാണ്, ഒരു മഹാഭാഗ്യമാണ്. എത്രത്തോളം ഇവിടുത്തെ ആളുകള്‍ അതു മനസ്സലാക്കിയിട്ടുണ്ടെന്ന് എനിക്കറിയില്ല. ജയറാമേട്ടനിലൂടെ ദൈവം ഞങ്ങള്‍ക്കാ ഭാഗ്യം തന്നു, അത്രയുമേ പറയാന്‍ പറ്റൂ…

ജെ.കെ – താങ്കള്‍ ചെയ്ത മൂന്നു ചിത്രങ്ങള്‍ നോക്കിയാലും, അതില്‍ കോമണായുള്ള ഫാക്ടര്‍ ജയസൂര്യയാണ്. വളരെയധികം വ്യത്യസ്തങ്ങളായ വേഷങ്ങളില്‍ നാമിന്ന് ജയസൂര്യയെ കാണുന്നു. എങ്ങനെയാണ് ജയസൂര്യയുമായുള്ള ആ രസതന്ത്രം?
സജി സുരേന്ദ്രന്‍ – ജയസൂര്യയെ ഞാന്‍ പരിചയപ്പെടുന്നത് സീരിയല്‍ ചെയ്യുന്ന സമയത്താണ്. അതും ഞാനായിട്ട് അങ്ങോട്ടു പരിചയപ്പെട്ടതല്ല. എന്റെ ആദ്യത്തെ ടെലി ഫിലിം ഡിസംബര്‍ മിസ്റ്റിന്റെ കഥ, പ്രിഥ്വിരാജില്‍ നിന്നും കേട്ടിട്ട്, ജയനെന്നെ പോണ്ടിച്ചേരിയില്‍ നിന്നും ഫോണ്‍ വിളിക്കയായിരുന്നു. “ഞാന്‍ ജയസൂര്യയാണ്, സിനിമയിലൊക്കെ അഭിനയിക്കുന്ന ജയസൂര്യ”, “ആ ഞാന്‍ കേട്ടുട്ടുണ്ട്, എന്താ വേണ്ടെ?” ഞാന്‍ അങ്ങനെ കളിയാക്കി ഫോണ്‍ കട്ടു ചെയ്തു. ഞാന്‍ വിചാരിച്ച് എന്നെ പറ്റിക്കാനാരെങ്കിലും ചെയ്യുന്നതാവും, എന്തായാലും ജയസൂര്യ എന്നെ വിളിക്കേണ്ട കാര്യമില്ലല്ലോ. മൂന്നാമത്തെ പ്രാവശ്യം കട്ടു ചെയ്യുന്നതിനു മുന്നെ അദ്ദേഹം പറഞ്ഞു, “ഏയ്, ഒരു സെക്കന്റ് സജി, പ്ലീസ്… കട്ട് ചെയ്യരുത്, സീരിയസിലി ഞാന്‍ ജയസൂര്യയാണ്, ഞാനിപ്പോള്‍ പോണ്ടിച്ചേരിയിലാണ്, എന്റെ തൊട്ടടുത്തെ പ്രിഥ്വിരാജുണ്ട്. ഞാന്‍ വേണമെങ്കില്‍ കൊടുക്കാം. പ്രിഥ്വിരാജാണ് നിങ്ങളെക്കുറിച്ച് പറയുന്നത്. നിങ്ങളുടെ ടെലിഫിലിം ഡിസംബര്‍ മിസ്റ്റിന്റെ കഥ കേട്ടു ഞാന്‍ ഭയങ്കര ത്രില്ലടിച്ചു. ഇത്തരം കഥയെടുത്തെ ടെലിഫിലിമായി ചെയ്യാമെങ്കില്‍, നല്ലൊരു കഥയെടുത്ത് നല്ലൊരു സിനിമ ചെയ്തൂടെ? ഞാന്‍ അതിന്റെ ഫുള്‍ സപ്പോര്‍ട്ടു തരാം. ഡേറ്റാണെങ്കിലും ഞാന്‍ അഡ്ജസ്റ്റ് ചെയ്തു തരാം”, അങ്ങനെ തുടങ്ങുന്ന ഒരു ഫോണ്‍ സൌഹൃദമാണ് ജയസൂര്യയുമായി. ജയന്‍ തന്നെ എനിക്കൊരു പ്രൊഡ്യൂസറെ വിട്ടിട്ടുണ്ട്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിട്ട്, അതൊന്നും നടക്കാതായിട്ടുണ്ട്. എന്റെ ടെലിഫിലിമിന്റെ കഥ കേള്‍ക്കുകയും, പിന്നീട് ആലിപ്പഴം പലപ്പോഴും കാണുകയും, പലപ്പോഴും ഫോണിലൂടെ വിളിച്ച്, “ഈ എപ്പിസോഡ് നന്നായിട്ടുണ്ട്, നിങ്ങളു സിനിമയിലേക്കു വാ”, എന്നു നിരന്തരം പറയുന്ന ഒരു ഫോണ്‍ സൌഹൃദം ഞങ്ങള്‍ക്കിടയില്‍ എങ്ങനെയോ രൂപപ്പെട്ടു. അതും ഞങ്ങള്‍ തമ്മില്‍ കാണുന്നൊന്നുമില്ല. തിരുവനന്തപുരത്ത് എപ്പോഴോ പാസ് ചെയ്തു പോയപ്പോള്‍ എന്റെ ഷൂട്ടിങ് കണ്ട് ലോക്കേഷനിലിറങ്ങി. പിന്നെയും മേഘം കാണുമ്പോഴും, മന്ദാരം കാണുമ്പോഴും വിളിച്ചു പറയും, “നിങ്ങളൊന്നു സിനിമയിലേക്കു വാ മനുഷ്യ, ഞങ്ങളൊക്കെ ഇല്ലേ? “ എന്നൊക്കെ പറഞ്ഞ്, എനിക്കൊരു കോണ്‍ഫിഡന്‍സ് തരുമായിരുന്നു ജയന്‍. അതു പോലെ തന്നെ സിനിമയില്‍ എന്റെ ബെസ്റ്റ് ഫ്രണ്ടെന്നു പറയുന്നത് ഇന്ദ്രജിത്താണ്, ഇന്ദ്രനും ഇതുപോലെ പറയുമായിരുന്നു. പക്ഷേ അപ്പോഴൊന്നും ഒന്നും നടന്നില്ല. പിന്നെ ഇവര്‍ വിവാഹിതരായാലിന്റെ കഥ രൂപപ്പെട്ടപ്പോള്‍, ധൈര്യമായി, ഇവന്‍ എപ്പോഴും പറയുന്നതാണല്ലോ എന്നോര്‍ത്ത് ആ കഥയുമായി ജയനെ സമീപിക്കുന്നത്. ജയനെ വിളിച്ചപ്പോള്‍, “ഞാന്‍ നിന്നെ എത്ര നാളായി വിളിക്കുന്നു, നീയിങ്ങു വാ, ഞാനിവിടെ ലോലിപ്പോപ്പിന്റെ സെറ്റില്‍ ഉണ്ട്”, എന്നു പറഞ്ഞ്, അവിടെ ചെന്നു കഥപറയുകയും, പറഞ്ഞപ്പോള്‍ തന്നെ ജയനത് ഇഷ്ടപ്പെടുകയും ഡേറ്റ് തരികയും, അവിടെ തുടങ്ങുന്നു കുറച്ച് കൂടുതല്‍ അടുപ്പം. അതു ആദ്യമായി. പിന്നെ ഹാപ്പി ഹസ് ബന്‍ഡ്സില്‍ ഒരു കഥാപാത്രം വന്നപ്പോള്‍, മത്തായി എന്ന കഥാപാത്രം അതും ജയനു നല്‍കി. ഒരു പക്ഷേ ജയനു മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു കഥാപാത്രമായിരുന്നു അത്. പക്ഷേ, ഫോര്‍ ഫ്രണ്ട്സിലെ ജയന്റെ കഥാപാത്രം, ഇതൊരു ജയസൂര്യ ചിത്രമെന്നു വേണമെങ്കില്‍ പറയാം. അതു മാത്രമല്ല, ഇതു ജയസൂര്യയുടെ കരിയറിലെ ഏറ്റവും ബെസ്റ്റാണ്. ഈ ചിത്രം കണ്ടിട്ടു പലരും പറഞ്ഞു അത്, മണിയന്‍ പിള്ള രാജു ചേട്ടന്‍ പറഞ്ഞത്, “അടുത്ത വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ്, ജയസൂര്യയ്ക്ക് കൊടുത്താല്‍ പോലും ആരും അത്ഭുതപ്പെടില്ല, കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ” എന്നാണ്. അത്ര നല്ല പെര്‍ഫോര്‍മന്‍സാണ് ജയന്റേത്. അത്ര റിയലിസ്റ്റിക്കായി, കരിയര്‍ ബെസ്റ്റായി ജയന്‍ ഇതു ചെയ്തിട്ടുണ്ട്. ആ ഒരു റാപ്പോ ഉണ്ട് ഞങ്ങള്‍ തമ്മില്‍, ആ ഒരു വേവ് ലെങ്ത് മാച്ച് ഉണ്ട്. പറഞ്ഞു കൊടുക്കുന്നത് ഇരട്ടിയാക്കി അവന്‍ പെര്‍ഫോം ചെയ്യുക, ആ ഒരു കെമിസ്ട്രി നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട്. പിന്നെ ജയനു പറ്റുന്ന ഒരു വേഷം വരുമ്പോള്‍, എനിക്ക് അവനിലും, അവന് എന്നിലും ഒരു വിശ്വാസം. നാലാമത്തെ പടത്തില്‍ അവനില്ല. അടുത്തതില്‍ ചിലപ്പോള്‍ വീണ്ടും കാണും. എന്നാലും ആ ഒരു കെമിസ്ട്രി ഉണ്ട്.

ജെ.കെ – വളരെ കോമണ്‍ ഫാക്ടറായി എനിക്കു തോന്നിയ മറ്റൊരു കാര്യം, സംഗീതം നിര്‍വഹിച്ചിച്ചിരിക്കുന്ന എം,ജയചന്ദ്രനാണ്.? എന്താണ് അതിനു പിന്നിലെ രഹസ്യം?
സജി സുരേന്ദ്രന്‍ – ഒന്നുമില്ല, ജയചന്ദ്രന്‍ ചേട്ടന്‍ സിനിമയില്‍ ബിസി ആകുന്നതിനു മുന്നെ, സ്ഥിരമായി വര്‍ക്ക് കൊടുത്തു കൊണ്ടിരുന്ന ഡയറക്ടര്‍ വിജി തമ്പി സാറാണ്. അതു സീരിയലും അതെ, സിനിമയുമതെ. ഒരു കാലത്തെ വിജി തമ്പി സാറിന്റെ എല്ലാ ചിത്രങ്ങളിലും ജയചന്ദ്രന്‍ ചേട്ടനായിരുന്നു, അന്ന് അദ്ദേഹം സിനിമയിലേക്ക് കയറി വരുന്നതേയുള്ളൂ. ആ സമയത്ത് ഞാന്‍ അവിടെ അസോസിയേറ്റാണ്. അന്നു മുതല്‍, കമ്പോസിങ് സമയത്ത് ഞങ്ങള്‍ ഒരുമിച്ചുണ്ടാകാറുണ്ട്. ഏതെങ്കിലും ഫ്ലാറ്റൊക്കെയെടുത്ത് കമ്പോസിങ്ങിനായി ഇരിക്കുന്ന അവസരത്തില്‍, ഞാന്‍ ഒരു റൂമില്‍, മറ്റെ റൂ‍മില്‍ കുട്ടന്‍ ചേട്ടന്‍, ഞങ്ങള്‍ കുട്ടന്‍ ചേട്ടന്‍ എന്നാണ് വിളിക്കുന്നത്, ഹാര്‍മോണിയവുമായി ഇരിക്കുന്നുണ്ടാകും. അന്നു മുതല്‍ക്കു തന്നെ, കുട്ടന്‍ ചേട്ടനുമായി, ലാലേട്ടന്റെ കാര്യം പറഞ്ഞതു പോലെ ഒരു ചേട്ടന്‍ അനിയന്‍ ബന്ധം ഉടലെടുത്തിരുന്നു. നാച്യുറലി അതു വളര്‍ന്നു വളര്‍ന്ന്, ആദ്യത്തെ ടെലിഫിലിം ഡിസംബര്‍ മിസ്റ്റ് ചെയ്തപ്പോള്‍, കുട്ടന്‍ ചേട്ടന്‍ തന്നെയാണ് ചെയ്തു തന്നത്, പൈസ പോലും മേടിക്കാതെ. രണ്ടാമത്തെ ടെലി ഫിലിം ആഴം ചെയ്തപ്പോഴും കുട്ടന്‍ ചേട്ടന്‍ തന്നെയാണ് ചെയ്തത്. അതിലും പൈസ മേടിച്ചില്ല. വിലോലം ചെയ്തപ്പോള്‍, അദ്ദേഹം പറഞ്ഞു, കുറച്ച് ഇന്‍സ്ട്രമെന്‍സ് ഇതിനായി ആവശ്യം വരും. ഇതു ഷൂട്ടു ചെയ്ത് കുട്ടന്‍ ചേട്ടനെ കാണിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞു, “ഇതു ഉഗ്രന്‍ സാധനമാണ്, മ്യൂസിക്കിന് നല്ല പ്രാധാന്യം കൊടുക്കണം. മദ്രാസില്‍ നിന്നു കുറച്ച് ആളുകളെ വിളിച്ച്, സന്തൂര്‍ സരോദ്, സാരംഗ്, സിത്താര്‍ തുടങ്ങിയ ഇന്‍സ്ട്രമെന്‍സ് തന്നെ വായിച്ചാലെ ശരിയാവുകയു, അല്ലാതെ എനിക്കു വായിക്കാന്‍ തൊന്നുന്നില്ല. അതു കുറച്ച് ചിലവുണ്ടാകും. കുറച്ചു പൈസ ഞാന്‍ എന്റെ കയ്യില്‍ നിന്നും ഇടാം, എനിക്ക് അഞ്ചു പൈസാ വേണ്ടാ, സിദ്ധിഖേട്ടനായിരുന്നു അതിന്റെ നിര്‍മ്മാതാവ്, സിദ്ധിക്കേട്ടന്റെ കയ്യില്‍ നിന്നും കുറച്ചു മുടക്ക്, പറ്റുമെങ്കില്‍ സജിയും കുറച്ചു മുടക്ക്, ഏകദേശം 15 രൂപയോളം വരും അതിന്റെ ചിലവ്” എന്നു പറഞ്ഞു. ആ കാലഘട്ടത്തില്‍ സംഗീതത്തിനാകെ മുടക്കിയിരുന്നത് 1000-1500 രൂപ മാത്രമായിരുന്നു. 15 രൂപ, കുട്ടന്‍ ചേട്ടന്‍ 5, സിദ്ധിഖേട്ടന്‍ 5, പിന്നെ ഞാനും 5, അങ്ങനെ ഇട്ടിട്ടാണ് അതിന്റെ മ്യൂസിക്ക് ചെയ്തത്. വെറൂം 22 മിനിട്ടുള്ള ഷോര്‍ട്ട് ഫിലിമായാലും അതിന് സംഗീതത്തിന് പ്രാധാന്യമുണ്ടെന്ന് പറഞ്ഞതു മാത്രമാണത് ചെയ്തത്. കുട്ടന്‍ ചേട്ടന്റെ റീഡിങ് കറക്ടായിരുന്നു. ആ വര്‍ഷത്തെ, മികച്ച സംഗീത സംവിധായകനുള്ള ടെലിഫിലിം അവാര്‍ഡ് കുട്ടന്‍ ചേട്ടനു കിട്ടി. പിന്നെ കുട്ടന്‍ ചേട്ടനായിരുന്നു എല്ലാം. മേഘം സീരിയല്‍, മന്ദാരം എല്ലാം കുട്ടന്‍ ചേട്ടനായിരുന്നു മ്യൂസിക്ക്. ന്യാചുറലി ഒരു സിനിമ ചെയ്തപ്പോല്‍ എന്റെ ചോയിസ് കുട്ടന്‍ ചേട്ടനായിരുന്നു. ഞാന്‍ അങ്ങോട്ടു തിരിഞ്ഞു പോലും നോക്കിയില്ലെങ്കിലും, ഞാന്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ ഭംഗിയായി കുട്ടന്‍ ചേട്ടന്‍ മ്യൂസിക്ക് ചെയ്യുകയും ചെയ്യും. അതാണ് കുട്ടന്‍ ചേട്ടനിങ്ങനെ തുടര്‍ന്നു വരുന്നത്.

ജെ.കെ – ക്യാമറാ മാന്‍ അനില്‍ നായര്‍, അദ്ദേഹവും താങ്കളുടെ എല്ലാ പ്രൊജക്ടിലും ഉണ്ടായിരുന്നു. സീരിയല്‍ മുതല്‍ തൂടങ്ങിയ സൌഹൃദമാണൊ ഇതിന്റേയും പിറകില്‍?
സജി സുരേന്ദ്രന്‍ – ആലിപ്പഴം മുതല്‍ അനി ചേട്ടന്‍ എന്റെ കൂടെയുണ്ട്. ഇതു വരെ പിരിയാത്ത രണ്ടു പേര്‍ ഞാനും അനി ചേട്ടനുമാണ്. ഇങ്ങു ഫോര്‍ ഫ്രണ്ട്സ് വരെ അനി ചേട്ടനാണ് എന്റെ ക്യാമറാമാന്‍. അതും ഒരു കൂട്ടുകെട്ടാണ്, എനിക്കു തോന്നുന്നു, ഇന്‍ഡസ്ട്രിയിലേ അങ്ങനെ ഒരു കൂട്ടുകെട്ടുണ്ടാവില്ല എന്ന്, കാരണം ഞങ്ങള്‍ അങ്ങനെ ഒരു കൂട്ടുകെട്ടാണ്, സീരിയല്‍ മുതല്‍ സിനിമ വരെ. അനി ചേട്ടനിന്ന് എത്രയോ ഉയരങ്ങളില്‍ എത്തിയിരിക്കുന്നു. ജോഷി സാറിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്സ് ചെയ്യുന്നത് അനി ചേട്ടനാണ്. വളരെ സന്തോഷം നല്‍കുന്ന ഒരു കാര്യമാണത്. നമ്മളെല്ലാം സീരിയലില്‍ നിന്നും വന്ന്, അനി ചേട്ടന്‍ ജോഷി സാര്‍ വരെ എത്തി. അതിനു കാരണം ജോഷി സാറിന്, ഹാപ്പി ഹസ് ബന്‍ഡ്സും ഇവര്‍ വിവാഹിതരായാലും ഭയങ്കരമായിട്ട് ഇഷ്ടമായി. അങ്ങനെയാണ് അനി ചേട്ടനെ ക്രിസ്ത്യന്‍ ബ്രദേഴ്സിലേക്ക് വിളിക്കുന്നത്. അതൊരു ഭയങ്കര സന്തോഷം നല്‍കുന്ന കാര്യമാണ്. നമ്മുടെ കഷ്ടപ്പാടിനു ലഭിക്കുന്ന പ്രതിഫലമോ, അല്ലെങ്കില്‍ സീരിയലില്‍ നിന്നും വന്നതു കൊണ്ട് അകറ്റി നിര്‍ത്തിയിരുന്ന ആള്‍ക്കാര്‍, സിനിമയുടെ ടോപ് ലെവലിലേക്കൊക്കെ പോകുക എന്നു പറയുന്നത്, നമുക്കൊക്കെ അഭിമാനത്തോടെ നോക്കി നില്‍ക്കാവുന്ന ഒരു കാര്യമാണ്. ഈ കൂട്ടുകെട്ടുകളിലുള്ള എല്ലാവരും തന്നെ അടുത്തടുത്തായാണ് താമസിക്കുന്നത്. അനി ചേട്ടനായാലും, കൃഷ്ണേട്ടനായാലും, എഡിറ്റര്‍ മനോജായാലും, കുട്ടന്‍ ചേട്ടനായാലും, എല്ലാ മെയില്‍ ആള്‍ക്കാരും ഇവിടെ ഒരു കിലോമീറ്ററിനുള്ളില്‍ തന്നെയാണ് താമസവും. അതു ഞങ്ങള്‍ തമ്മിലുള്ള കമ്മ്യൂണിക്കേഷനും അസോസിയേഷനും ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്.

ജെ.കെ – ആദ്യ ചിത്രത്തിലെ ഹിറ്റുഗാനം “എനിക്കു പാടാന്‍..”, അതു പാടിയ സൈനോജ്  ഇന്നു നമ്മോടൊപ്പം ഇല്ല. എന്താണ് സൈനോജിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍?
സജി സുരേന്ദ്രന്‍ – അതിന്റെ ഒരു ദുഖം വളരെ വലുതാണ്. സൈനോജിനെ ഞാന്‍ ആദ്യം കാണുന്നത്, കുട്ടന്‍ ചേട്ടന്റെ കൂടെയാണ്. കുട്ടന്‍ ചേട്ടനെ ഞാന്‍ പൂര്‍ണ്ണമായും അങ്ങ് ഏല്‍പ്പിക്കുമ്പോള്‍, ഞാന്‍ ഒരു കാര്യമേ പറഞ്ഞുള്ളു. “എന്റെ ആദ്യത്തെ സിനിമ, ഞാന്‍ ഒരു പുതുമുഖമാണ്. ഞങ്ങളെല്ലാവരും തുടക്കക്കാരാണ് സിനിമയില്‍. ഞങ്ങള്‍ക്കൊപ്പം കുറച്ച് പുതിയ കുട്ടികള്‍ക്കും അവസരം കൊടുക്കണം ഇതില്‍. നാലു പാട്ടില്ലെ, എല്ലാം പുതിയ ആള്‍ക്കാര്‍ പാടട്ടെ. എല്ലാ കുട്ടികളേയും കുട്ടന്‍ ചേട്ടന്‍ തന്നെ സെലക്ട് ചെയ്തോ. പക്ഷേ പുതിയ ആള്‍ക്കാരായിരിക്കണം.“ അങ്ങനെ പുതിയ പിള്ളേരെ സെലക്ട് ചെയ്തപ്പോഴാണ്, കുറെക്കാലമായി കുട്ടന്‍ ചേട്ടന്റെ കൂടി അസിസ്റ്റന്റു പോലെ നില്‍ക്കുന്ന സൈനോജ്, ആദ്യത്തെ ഗന്ധര്‍വ്വ സംഗീതം (2003), അതിലെ വിജയി കൂടിയാണ്. സൈനോജിനെക്കൊണ്ട് ഈ പാട്ട് ട്രാക്ക് പാടിച്ചു. എന്നിട്ട് എന്നെ വിളിച്ച് കേള്‍പ്പിച്ചു. അതു പോലെ രതീഷ് പാടിയ ട്രാക്കും. എല്ലാ പാട്ടും കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, “സൈനോജ് പാടിയതും നന്നായിട്ടുണ്ട്, രതീഷ് പാടിയതും നന്നയിട്ടുണ്ട്. ഇവര്‍ക്കിതൊരു ലിഫ്റ്റാകുമെങ്കില്‍, ഇവര്‍ തന്നെ പാടട്ടേ”. “എന്റെയും മനസ്സില്‍ അതുണ്ട്, പക്ഷേ സജിയാണ് ഒരു തീരുമാനം എടുക്കേണ്ടത്”, എന്നാണ് കുട്ടന്‍ ചേട്ടന്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞു. “എനിക്കു വളരെ സന്തോഷം, കുട്ടന്‍ ചേട്ടന്റെ കോണ്‍ഫിഡന്‍സ് മാത്രം മതി.“ സൈനോജ് ഒരു അസാധ്യ സിങ്ങറാണെന്ന് അന്നേ അറിയാം. എന്നെ ഇതു കേള്‍ക്കാന്‍ വിളിപ്പിച്ചപ്പോള്‍, സൈനോജും മറ്റു പുതിയ പാട്ടുകാരുമെല്ലാം അവിടെ ഉണ്ട്. അന്ന് അവിടെ പാടിയതെല്ലാം തന്നെ എനിക്കിഷ്ടപ്പെട്ടു, അവരെ തന്നെ ഫിക്സ് ചെയ്യുകയും ചെയ്തു. ആ പാട്ടു ഹിറ്റാകുകയും, സൈനോജിന് അതൊരു ബ്രേക്കായി മാറുകയും ചെയ്തത്. പക്ഷേ അതു അധിക കാലം നീണ്ടു നിന്നില്ല എന്നതു മാത്രമാണ് ഒരു സങ്കടം. സൈനോജ് വളരെ സന്തോഷവാനായിരുന്നു, എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം, വളരെ പോസ്റ്റിറ്റീവ് ആറ്റിറ്റ്യൂഡുള്ള ഒരു പയ്യനായിരുന്നു. അടുത്ത പടം വന്നപ്പോള്‍, കുട്ടന്‍ ചേട്ടന്റെ അടുത്തു ഞാന്‍ പറഞ്ഞത്, “പുതിയ ആള്‍ക്കാര്‍ക്ക അവസരം കൊടുക്കണം, പിന്നെ കുട്ടന്‍ ചേട്ടന്റെ ഇഷ്ടം, എനിക്കു എക്സ്പിരിമെന്റ് ചെയ്യാനാണ് ഇഷ്ടം” എന്നാണ്. കുട്ടന്‍ ചേട്ടന്‍ പറഞ്ഞു, “എന്റെയടുത്ത് സൈനോജുണ്ട്, സൈനോജിന് ഈ പടത്തില്‍ പാട്ടില്ല എന്നു സജി തന്നെ പറഞ്ഞേക്ക്”, എന്നു പറഞ്ഞ് ഫോണ്‍ സൈനോജിനു കൊടുത്തു. ഞാന്‍ പറഞ്ഞു, “സൈനോജേ, കുട്ടന്‍ ചേട്ടന്‍ പറഞ്ഞതു കേട്ടല്ലോ, ഇത്തവണ സൈനോജിനു പറ്റിയ പാട്ടില്ല”. “അയ്യോ, ഒരു വിഷവുമില്ല ചേട്ടാ, എല്ലാ സിനിമകളിലും നമ്മള്‍ പാടണമെന്നില്ലല്ലോ, സിനിമയില്‍ പാട്ടു നന്നായാല്‍ മതി, ഇത് ഞാന്‍ കൂടെ നില്‍ക്കുന്നുണ്ട് കുട്ടന്‍ ചേട്ടന്റെ, കമ്പോസിങ് കഴിഞ്ഞു, നാലും നല്ല പാട്ടുകളാണ്, നല്ല രസമായിട്ടു വന്നിട്ടുണ്ട് കേട്ടൊ., ഞാന്‍ പാര്‍ത്ഥിക്കാം”, എന്നൊക്കെ പറഞ്ഞ് ഫോണ്‍ വച്ചു. ഏകദേശം രണ്ടാഴ്ചക്കു ശേഷമായിരുന്നു സൈനോജിന്റെ മരണം. ഒരു പാടു പാട്ടുകള്‍ പാടാന്‍ ബാക്കി വച്ചിട്ടു പോയി എന്നു വേണമെങ്കില്‍ പറയാം. അത്ര നല്ല വോയിസിന്റെ ഉടമസ്ഥനായിരുന്നു സൈനോജ്.

ജെ.കെ – മൂന്നു ചിത്രങ്ങള്‍ ഇറങ്ങി, അതിനു ശേഷം വിമര്‍ശനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
സജി സുരേന്ദ്രന്‍ – വിമര്‍ശനങ്ങള്‍ ഒരുപാട് കിട്ടിയിട്ടുണ്ട്. പക്ഷേ അതിനെ വളരെ പോസിറ്റീവായാണ് ഞാന്‍ എടുക്കുന്നത്. ഇപ്പോള്‍ തന്നെ, സിനിമ ഇറങ്ങി സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയാന്‍ ആരെങ്കിലും വിളിക്കുമ്പോള്‍, ഞാന്‍ അങ്ങോട്ടു പറയുന്ന കാര്യം, “പ്ലീസ്, ദയവായി നെഗറ്റീവ്സ് പറയുക“, കാരണം പുകഴ്ത്തി പറയുവാനും, ഇതു ഭയങ്കര മഹത്തരമാണെന്നു പറയുവാനും ധാരാളം ആളുകള്‍ ഉണ്ടാവും, അതു തന്നെയാണ് കേട്ടുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് നെഗറ്റീവായി തോന്നിയ കാര്യങ്ങള്‍ പറഞ്ഞാലെ, നമുക്ക് അടുത്ത സിനിമയില്‍ അത് കറക്ട് ചെയ്തു പോകുവാന്‍ സാധിക്കുകയുള്ളൂ. അതെനിക്കു കേള്‍ക്കാന്‍ ഇഷ്ടമാണ്, അതിനെ പോസിറ്റീവായി സമീപിക്കുവാനാണ് എനിക്കിഷ്ടം. ഇവര്‍ വിവാഹിതരായം ഇറങ്ങിയപ്പോള്‍, ചിലര്‍ പറഞ്ഞു, അതിലെ ചില രംഗങ്ങള്‍ സീരിയലു പോലെയാണല്ലോ എന്ന്, അതിനെ ഞങ്ങള്‍ വളരെ പോസിറ്റീവായി എടുത്ത്, അടുത്ത സിനിമയില്‍ അതു പരമാവധി ഒഴിവാക്കുവാന്‍ ശ്രമിച്ചു. ഹാപ്പി ഹസ് ബന്‍ഡ്സ് ഇറങ്ങിയപ്പോള്‍ അധികം വിമര്‍ശനങ്ങള്‍ കേട്ടില്ല, അതു ഭയങ്കര സിനിമാറ്റിക്കായിരുന്നു, ബോയിങ് ബോയിങ് പോലെയായിരുന്നു, ആള്‍ക്കാര്‍ അതു നന്നായി ആസ്വദിച്ചു എന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിയുന്നത്. 172 ദിവസമാണ് ആ ചിത്രം ഓടിയത്. കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ചിത്രം അത്രയും ദിവസം ഓടുന്നത്. അതു കഴിഞ്ഞ് ഫോര്‍ ഫ്രണ്ട്സ് ഇറങ്ങിയപ്പോഴാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ വന്നത്. അതായത്, “എന്നില്‍ നിന്നും ഹ്യൂമറാണ് പ്രതീക്ഷിച്ചത്, ഞാന്‍ ഹ്യൂമര്‍ ചെയ്താല്‍ മതി, നിങ്ങളെന്തിനാണ് സീരിയസ് വിഷയം ചെയ്തത്, നിങ്ങളുടെ സിനിമകളില്‍ ചിലപ്പോള്‍ ഏറ്റവും മികച്ച സിനിമയായിരിക്കാം, അതു സംശയമില്ല, പക്ഷേ നിങ്ങളുടെ സിനിമ കാണാന്‍ ഞങ്ങള്‍ തീയേറ്ററിലേക്കു പോകുന്നത് ചിരിച്ച് ആസ്വദിക്കാനാണ്“, അങ്ങനെ പലതും. പക്ഷേ ഞാനെല്ലാം പോസിറ്റീവായാണ് എടുത്തിട്ടുള്ളത്. അതു കൊണ്ട് അടുത്ത സിനിമ ചെയ്യുമ്പോള്‍, ഇതാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെങ്കില്‍, നിര്‍മ്മാതാവ് നമ്മളെ വിശ്വസിച്ച് മുടക്കുന്ന കാശ് തിരിച്ചു കിട്ടണമെങ്കില്‍, അവരുടെ പ്രതീക്ഷക്കൊപ്പിച്ചൊരു പടം നമ്മള്‍ ചെയ്യണം. നമ്മുടെ മാനസികാവസ്ഥയ്ക്കനുസരിച്ചും, നമ്മുടെ സ്വാതന്ത്ര്യത്തിനനുസരിച്ചും, അല്ലെങ്കില്‍ നമ്മുടെ ഇഷ്ടത്തിനനുസരിച്ചും, വര്‍ക്കു ചെയ്യാന്‍ ഒരു പക്ഷേ ഇനിയും വളരെക്കാലം എടുത്തെന്നിരിക്കും. പ്രിയദര്‍ശന്‍ സാര്‍ എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാലാപാനി ചെയ്തത്, അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാഞ്ചീവരം ചെയ്തത്. അതു അദ്ദേഹത്തിന്റെ ആത്മസംതൃപ്തിക്കായി ചെയ്തത്, അതു വരെ നിര്‍മ്മാതാക്കള്‍ക്കായാണ് അദ്ദേഹം ചിത്രങ്ങള്‍ ചെയ്തത്. അതു പോലെ നമ്മളിലും ഒരു പ്രതീക്ഷ പ്രേക്ഷകര്‍ വച്ചു പുലര്‍ത്തുന്നു എന്നറിയുന്നത് ഫോര്‍ ഫ്രണ്ട്സ് ഇറങ്ങിയപ്പോഴാണ്. അതു കൊണ്ടു തന്നെ, വിമര്‍ശനങ്ങളെ വളരെയധികം പോസിറ്റീവായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ. വെറുതെ വിമര്‍ശിക്കാനായി വിമര്‍ശിക്കുന്നതല്ല, ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ ഇഷ്ടമാണ് എപ്പോഴും.

ജെ.കെ – ഹാപ്പി ഹസ് ബന്‍ഡ്സ് എന്ന ചിത്രം ഇറങ്ങിയപ്പോള്‍, പ്രധാനമായും നാം കേട്ട ഒരു വിമര്‍ശനം, അത് ഹിന്ദിയിലെ നോ എന്‍ട്രി എന്ന ചിത്രത്തിന്റെ അനുകരണമാണ് എന്നാണ്. ബ്ലോഗിങ്ങില്‍ സജീവമായിട്ടുള്ള നിരൂപകര്‍ എടുത്തു കാണിച്ച ഒരു കാര്യമായിരുന്നു അത്. എങ്ങനെ വിശദീകരിക്കുന്നു ആ ഒരു സാമ്യം ?
സജി സുരേന്ദ്രന്‍ – ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിനു ശേഷം, ഉടനടി എനിക്കു കിട്ടുന്ന ചിത്രമാണ് ഹാപ്പി ഹസ് ബന്‍ഡ്സ്. ജയറാമേട്ടനെ കേന്ദ്രീകരിച്ച്, അദ്ദേഹത്തിന്റെ ഡേറ്റിനനുസരിച്ചാണ്, ആ പ്രൊജക്ട് മുന്നോട്ടു പോയത്, ശരിക്കും പറഞ്ഞാല്‍ ജയറാമേട്ടനാണ് എന്റെ പേര് നിര്‍മ്മാതാവിന്റെ അടുത്ത് മുന്നോട്ടു വയ്ക്കുന്നതും, നിര്‍മ്മാതാവ് എന്നെ വിളിക്കുന്നതും. ആ പ്രൊജക്ടിനു വേണ്ടി കഥകള്‍ ഫ്രഷായി ആലോചിക്കുന്ന സമയത്ത്, സമയം വളരെ പരിമിതമായിരുന്നു. ഞങ്ങള്‍ പല പല കഥകള്‍ ആലോചിക്കുന്ന സമയത്താണ്, ആ ചിത്രത്തിന്റെ നിര്‍മ്മാതാവായ മിലന്‍ ജലീല്‍ ഞങ്ങള്‍ക്ക് തമിഴ് ചിത്രമായ ”ചാര്‍ളി ചാപ്ലിന്റെ” ഡിവിഡി തരുന്നത്. അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുന്നെ ഈ ചിത്രത്തിന്റെ റൈറ്റ് വാങ്ങി വച്ചിരുന്നു. “ഇതു ഭയങ്കര ഫ്ലോപ്പ് മൂവിയാണ്, ഒന്നു കണ്ടു നോക്ക്“ എന്ന് ജലീല്‍ സാര്‍ പറഞ്ഞു. ഞങ്ങള്‍ അതു കണ്ടു നോക്കി, പക്ഷേ ഞങ്ങള്‍ക്ക് അതു ഭയങ്കര ബോറടിയായാണ് തോന്നിയത്. അതിന്റെ തലേ ദിവസം ഞാനും കൃഷ്ണേട്ടനും കൂടി പറഞ്ഞിരുന്നു, പഴയ മോഹന്‍ലാല്‍ ചിത്രമായ ബോയിങ് ബോയിങ് പോലെയൊരു സിനിമ ചെയ്താലെന്താ എന്ന്. നല്ല രസമായിരിക്കും, പെണ്ണുങ്ങളും, കുരുക്കും കാര്യങ്ങളുമെല്ലാം. പിറ്റേ ദിവസം ഞങ്ങളീ സിനിമ കാണുന്നു. ഞങ്ങള്‍ ആലോചിച്ച അതേ പോലൊരു സാധനം ദാ ദൈവമായിട്ട് മുന്നില്‍ കൊണ്ടു വന്നു തന്നിരിക്കുന്നു. ഈ സിനിമയില്‍ അതിന്റെ ഒരു എലമെന്റുണ്ട്. പക്ഷേ റീ മേക്ക് ചെയ്യാന്‍ പറ്റില്ല. നമുക്ക് ആദ്യം മുതല്‍ ഉണ്ടാക്കേണ്ടി വരും എന്നു തീരുമാനിച്ചു. അന്നു ഞങ്ങളിരുന്നു ഒരു വണ്‍ ലൈന്‍ ഉണ്ടാക്കി, ആ സമയത്ത്, ഞങ്ങള്‍ക്ക് നോ എന്‍ട്രിയെക്കുറിച്ച് അറിയില്ല. ഞങ്ങള്‍ വണ്‍ ലൈനുണ്ടാക്കി ജലീലിക്കയോട് പറഞ്ഞു, അതു കേട്ടപ്പോള്‍ ജലീലിക്ക പറഞ്ഞു, “ഇനി നിങ്ങള്‍ നോ എന്‍ട്രി എന്നു പറയുന്ന സിനിമയൊന്നു കണ്ടു നോക്ക്, നിങ്ങളോട് ആദ്യം അതിനെക്കുറിച്ച് മനപൂര്‍വ്വം പറയാത്തതാണ്“ എന്നു പറഞ്ഞ ജലീലിക്ക പറഞ്ഞു, ഞങ്ങള്‍ അതിരുന്നു കണ്ടു, അതു നന്നായിട്ടു തോന്നി, എന്നിരുന്നാലും ഞങ്ങളുണ്ടാക്കിയ വെര്‍ഷന്‍ കുറച്ചുകൂടി രസകരമായി ഞങ്ങള്‍ക്കു തോന്നി. എന്നാല്‍ ഞങ്ങള്‍ അതിനകത്തു നിന്നും, ഇന്ദ്രജിത്ത് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന രംഗം, ജോലിക്കാരിയുടെ ആദ്യത്തെ സ്വീക്വന്‍സ് അങ്ങനെ രണ്ടോ മൂന്നോ രംഗം മാത്രമാണ്, അതില്‍ നന്നായിരിക്കുന്നു എന്നു തോന്നിയിട്ട് ഞങ്ങള്‍ എടുത്തത്. ഞങ്ങളാ സിനിമയുടെ തുടക്കത്തില്‍ തന്നെ അത് എഴുതിക്കാണിച്ചിട്ടുണ്ട്. പലരും മോഷണമാണ് എന്നു പറഞ്ഞെങ്കിലും, ആ സിനിമയുടെ ക്രെഡിറ്റ് കൊടുത്തു കൊണ്ടാണ് ഞങ്ങളാ ചിത്രം ചെയ്തത്. Story of the movie adapted from the Tamil film ‘Charlie Chaplin’എന്ന് സിനിമയുടെ തുടക്കത്തില്‍ തന്നെ എഴുതി കാണിക്കുന്നുണ്ട്.

ജെ.കെ – ഒരു പക്ഷേ അധികമാരും അതു ശ്രദ്ധിച്ചിട്ടില്ലാ എന്നു തോന്നുന്നു. കാരണം അങ്ങനെ ഒരു വിമര്‍ശനം ഉണ്ടാവണമെങ്കില്‍ അതായിരിക്കും കാരണം.
സജി സുരേന്ദ്രന്‍ – അതാണെന്നു തോന്നുന്നു. പക്ഷേ നാന സിനിമാ വാരിക, ഇതിനെ അഭിനന്ദിച്ചു കൊണ്ട് മൂന്നു പേജുള്ള ഒരു ആര്‍ട്ടിക്കള്‍ തന്നെ എഴുതിയിരുന്നു. ഇവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ഏതു സിനിമയില്‍ നിന്നാണോ ഇതെടുത്തിട്ടുള്ളത്, അവര്‍ക്ക് ക്രെഡിറ്റ് കൊടുത്തുകൊണ്ടാണ് ഇവര്‍ സിനിമ തുടങ്ങിയിരിക്കുന്നത്. ഇവിടെ പലരും അതു ചെയ്യാറില്ല. ഇവിടെ മുഴുവനായി അടിച്ചു മാറ്റുന്ന സിനിമകള്‍ക്കു വരെ ആരും ക്രെഡിറ്റ് കൊടുക്കാറില്ല. അത് ഞങ്ങള്‍ ചെയ്തതിനെ നാന അഭിനന്ദിച്ചിരുന്നു. ഒരു പക്ഷേ അങ്ങനെ ചെയ്യണം എന്നു ഞങ്ങള്‍ നിശ്ചയിച്ച്, അങ്ങനെ തന്നെ ചെയ്തതു കൊണ്ടാവാം. അതിനെ മറച്ചു വയ്ക്കേണ്ട കാര്യമില്ലല്ലോ? പലരും പക്ഷേ നോ എന്‍ട്രിയാണ് വിചാരിച്ചിരിക്കുന്നത്, ചാര്‍ലി ചാപ്ലിനെക്കുറിച്ച് അവര്‍ക്കറിവില്ല. നോ എന്‍ട്രിയുടെ റൈറ്റും ബോണി കപൂര്‍ മേടിച്ചിരിക്കുന്നത്, ചാര്‍ലി ചാപ്ലിനില്‍ നിന്നാണ്. അതു പിന്നെയാണ് ഞങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്നത്. നോ എന്‍ട്രി അവിടെ വളരെ വലിയ ഹിറ്റായിരുന്നല്ലോ.

സജി സുരേന്ദ്രന്‍ – തല്‍ക്കാലം നമുക്കിവിടെ നിര്‍ത്തിയാലോ?
ജെ.കെ – വളരെയധികം ചോദ്യങ്ങള്‍ ഇനിയും ബാക്കിയുണ്ട്.
സജി സുരേന്ദ്രന്‍ – അതു നമുക്ക് അടുത്ത ഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാം. അതു പോരെ?

ജെ.കെ –  ഈ അഭിമുഖം ഇവിടെ അവസാനിക്കുന്നില്ല… അടുത്ത ലക്കത്തില്‍ ഇതു തുടരും.. ഇനിയും ചോദ്യങ്ങള്‍ നമുക്ക് സജിയേട്ടനോട് ചോദിക്കുവാനുണ്ട്, മലയാള സിനിമയുടെ പ്രതിസന്ധിയെക്കുറിച്ചും, സൂപ്പര്‍ താരങ്ങളേക്കുറിച്ചും, അദ്ദേഹത്തിന്റെ ഭാവി പരിപാടികളേക്കുറിച്ചും… ദയവായി കാത്തിരിക്കുക.. അതു വരെ നിങ്ങള്‍ക്കേവര്‍ക്കും എന്റെ നന്ദി നമസ്കാരം…

ഈ അഭിമുഖം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ നോക്കുക.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.