ജെ.കെ – വളരെയധികം ചോദ്യങ്ങള്‍ ബാക്കി വച്ചാണ് നമ്മള്‍ കഴിഞ്ഞ തവണ പിരിഞ്ഞത്. സജിയേട്ടാ, നമുക്ക് നേരെ ചോദ്യത്തിലേക്ക് കടന്നാലോ…?
സജി സുരേന്ദ്രന്‍ - ശരിയാണ്, നമുക്ക് തുടരാം.
ജെ.കെ – അറുപതോളം ചിത്രങ്ങളിറങ്ങുന്ന ഒരു വര്‍ഷം, ഹിറ്റാകുന്നത് പത്തു സിനിമയില്‍ താഴെയാണ്. എന്താണ് മലയാള സിനിമയുടെ ശരിയായ പ്രതിസന്ധി ?
സജി സുരേന്ദ്രന്‍ – കഥ. തീര്‍ച്ചയായിയിട്ടും കഥ തന്നെയാണ് പ്രതിസന്ധി. ഇവിടെ സൂപ്പര്‍ സ്റ്റാര്‍ എന്നു പറയുന്നത് കഥയാണ്. നമ്മള്‍ എത്ര നല്ല ബ്രില്ല്യന്റ് മേക്കിങ് കൊണ്ടു വന്നിട്ടോ, ഹോളിവുഡ് സ്റ്റൈലില്‍ തന്നെ അനുകരിച്ചിട്ടോ മലയാളത്തില്‍ ഒരു കാര്യവുമില്ല. മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്നത് കഥയെ തന്നെയാണ്. അവര്‍ക്ക് relate ചെയ്യാന്‍ പറ്റുന്ന കഥ, അതു ബഹളമയമല്ലാത്ത രീതിയില്‍ പറഞ്ഞാല്‍ പോലും അവര്‍ അത് സ്വീകരിക്കും, അടുത്ത കാലത്തെ ഒരു ഉദാഹരണം പറഞ്ഞാല്‍, വെറുതെ ഒരു ഭാര്യ. സിനിമകള്‍ അറുപതും എമ്പതും ഒക്കെ ഇറങ്ങുന്നുണ്ട്. കഥയില്ലായ്മയാണ് പല ചിത്രങ്ങളും പരാജയപ്പെടുന്നതിന്റെ കാര്യം. മമ്മൂട്ടിയോ മോഹന്‍ലാലോ ദിലീപോ ജയറാമേട്ടനോ ആര് അഭിനയിച്ചാലും, നല്ല കഥയല്ലെങ്കില്‍ പ്രേക്ഷകര്‍ അതിനെ തള്ളിക്കളയും. അതാണ് ഇപ്പോള്‍ നാം കണ്ടു കൊണ്ടിരിക്കുന്നത്.
ജെ.കെ – കുറച്ചു ഓഫ് ബീറ്റ് ചിത്രങ്ങള്‍ കാണുവാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഈ വര്‍ഷമിറങ്ങിയ ഒരു ചിത്രമായിരുന്നു ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി. ഒരു പക്ഷേ ആ ചിത്രം പ്രേക്ഷകര്‍ അപ്പാടെ തള്ളിക്കളഞ്ഞു. നല്ല ചിത്രങ്ങള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നത് ഭൂഷണമാണോ?
സജി സുരേന്ദ്രന്‍ – ഞാന്‍ ആ ചിത്രം കണ്ടിട്ടില്ല. കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ നടന്നില്ല. ചോദ്യത്തില്‍ സൂചിപ്പിച്ച പോലെ, ഓഫ് ബീറ്റ് എന്ന ധാരണ പ്രേക്ഷക മനസ്സില്‍ കിടക്കുന്നതു കൊണ്ടാണ് ഇതു സംഭവിക്കുന്നത്. ഓഫ് ബീറ്റ് ചിത്രമെന്നാല്‍ അവാര്‍ഡ് ചിത്രങ്ങളെന്ന മുന്‍ ധാരണയും ഒരു പ്രശ്നമാകാം. പിന്നെ, ഇത്തരം ചിത്രങ്ങള്‍ അധികം മാര്‍ക്കറ്റ് ചെയ്യപ്പെടാറില്ല, വലിയ താര നിരയുണ്ടാവില്ല. എന്നും സിനിമ കാണാനുള്ള വരുമാനമുള്ളവരല്ല മലയാളികള്‍. കുടുംബത്തിനൊത്തോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പമോ സിനിമ കാണാന്‍ ഇറങ്ങുമ്പോള്‍, ടിക്കറ്റും സ്നാക്സും, കാപ്പിയുമൊക്കെ ചേര്‍ത്ത് ബഡ്ജറ്റ് വളരെ പരിമിതമായിരിക്കും. ആ സമയം നമ്മള്‍ choose ചെയ്യുന്നത് ഒരു താരത്തിന്റെയോ, അല്ലെങ്കില്‍ വളരെയധികം അഭിപ്രായമുള്ള ഒരു തമിഴ് സിനിമയൊ ആയിരിക്കാം. ആ സമയത്ത് വലിയ താര നിരയൊന്നുമില്ലാത്ത ഇത്തരം ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകാം. മോഹന്‍ ചേട്ടന്റെ ആദ്യത്തെ ചിത്രമായിരുന്നു അത്. ചിലപ്പോള്‍ ഒരു നിര്‍മ്മാതാവിനെ തന്നെ കിട്ടിയതു കഷ്ടിയായിരിക്കാം. നല്ലൊരു വിതരണക്കാരെ കിട്ടിയില്ലെങ്കില്‍, ഇതിന്റെ മാര്‍ക്കറ്റിങ്ങും കുറവായിരിക്കും. അതു കൊണ്ട് ഇതു ആദ്യ ദിവസം മുതലെ ഹോള്‍ഡ് ഓവറിലാണ് കളിച്ചു തുടങ്ങുന്നത്. ആദ്യ ദിവസം ഹോള്‍ഡ് ഓവറായാല്‍, രണ്ടാം ദിവസം പടം എടുത്തു മാറ്റാനുള്ള അവകാശം ആ തീയേറ്ററുടമയ്ക്ക് ഉണ്ട്. ഇതൊക്കെയാണ് പ്രശ്നം. ഇതു ഒരു സംസാര വിഷയമായി നല്ല സിനിമയാണെന്നു കേട്ട്, ഞാന്‍ കാണാന്‍ ചെന്നപ്പോള്‍ ഇതു പോയി തീയേറ്ററില്‍ നിന്ന്. അതു തിരിച്ചു കൊണ്ടുവരാനുള്ള capacity ചിലപ്പോഴാ വിതരണക്കാരനുണ്ടാവണമെന്നില്ല. ഒന്നെങ്കില്‍ തീയെറ്ററുകാര്‍ക്കൊരു ക്ഷമ വേണം, ആളു കയറുന്നതു വരെ ഇതിടാന്‍. പക്ഷേ അതിനുള്ള ചിലവ് താങ്ങാന്‍ അവരെക്കൊണ്ട് കഴിയില്ല എന്നാണ് അവര്‍ പറയുന്നത്. തമിഴ് നാട്ടില്‍, പുതിയ സംവിധായകര്‍, പുതിയ പ്രമേയം എന്നിവയ്ക്കൊക്കെ അതിന്റേതായ പ്രാധാന്യം കൊടുക്കുന്നുണ്ട്. എന്നാല്‍ ഇവിടെ അതു കിട്ടുന്നില്ല. ഞാന്‍ പുതിയതായി വന്ന ഒരാളാണ്. ഞാന്‍ ടി.ഡി ദാസന്‍ പോലെ ഒരു പ്രമേയവുമായി വന്നിരുന്നെങ്കില്‍ ചിലപ്പോള്‍ എന്റെ അവസ്ഥയും ഇതു തന്നെ ആയേനെ. ഇപ്പോള്‍ ഫോര്‍ഫ്രണ്ട്സ് ഇറങ്ങിയപ്പോള്‍, ചിരിപ്പിച്ചോണ്ടിരുന്ന ഞാന്‍ എന്തിനാ ഇത്ര സീരിയസ് വിഷയം ചെയ്തതെന്നാണ് ചോദ്യം.
ജെ.കെ - പഴയ കാല മലയാള സിനിമകളാകുമല്ലോ സജിയേട്ടന്‍ കണ്ടു തുടങ്ങിയിരിക്കുക, അവയും ഇപ്പോഴത്തെ മലയാള സിനിമകളും തമ്മിലുള്ള വ്യത്യാസം എങ്ങനെയാണ് നോക്കികാണുന്നത്?
സജി സുരേന്ദ്രന്‍ – പഴയകാല സിനിമകളില്‍ കഥയ്ക്കായിരുന്നു പ്രാധാന്യം. മേക്കിങ് സൈഡൊന്നും ആരും ശ്രദ്ധിച്ചിരുന്നതേയില്ല. ബാലചന്ദ്രന്‍ മേനോന്‍ സാറിന്റെ പേരെഴുതി കാണിച്ചാലെ, കുടുംബങ്ങള്‍ തീയേറ്ററുകള്‍കളിലേക്ക് തള്ളിക്കയറുന്ന ഒരു സമയമുണ്ടായിരുന്നു. അവിടുന്നിങ്ങോട്ട് പ്രിയദര്‍ശന്‍ സാറൊക്ക, ഇന്ന് ഹിന്ദിയിലെടുക്കുന്ന രീതിയിലേയല്ല, പൂച്ചക്കൊരു മൂക്കുത്തി മുതല്‍ വന്ദനം വരെയുള്ള സിനിമകളൊക്കെയെടുത്തിട്ടുള്ളത്. കഥയ്ക്കായിരുന്നു പ്രാധാന്യം. പിന്നീട് കിലുക്കം മുതലാണദ്ദേഹം മേക്കിങ്ങിനും സിനിമാട്ടോഗ്രാഫിക്കുമൊക്കെ പ്രാധാന്യം കൊടുത്തു തുടങ്ങിയത്. ഇപ്പോഴത്തെ സിനിമയിലേക്കെത്തുമ്പോള്‍, കാലഘട്ടത്തിനനുസരിച്ച് എല്ലാം മാറി. പഴയ തമിഴ് സിനിമയല്ല ഇപ്പോഴത്തെ തമിഴ് സിനിമ, പഴയ ഹിന്ദി സിനിമയല്ല, ഇപ്പോഴത്തെ ഹിന്ദി സിനിമ, ഒന്നും പഴയതല്ല. എല്ലാവരും മാറുന്നതിനനുസരിച്ച് നമ്മുടെ ഇന്‍ഡസ്ട്രിയും, നമ്മളാല്‍ കഴിയുന്ന രീതിയില്‍, നമുക്ക് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ മാറിക്കൊണ്ടിരിക്കുന്നു. എന്നാലും ഒരു തെലുങ്ക് പടമെടുക്കുന്ന റിച്ച്നെസ്സില്‍ ഒരിക്കലും ഒരു മലയാള ചിത്രമെടുക്കാന്‍ നമുക്ക് കഴിയില്ല, അങ്ങനെ ചിന്തിക്കാന്‍ കൂടി കഴിയില്ല. കോസ്റ്റ് ഒരിക്കലും നമുക്ക് താങ്ങാന്‍ കഴിയില്ല. എന്നാലും നാടോടുമ്പോള്‍ നടുവെ എന്ന രീതിയില്‍,നമ്മളും ഓടുന്നു.
ജെ.കെ – സാങ്കേതികമായി എന്തൊക്കെ മാറ്റങ്ങളാണ് സിനിമയില്‍ വന്നിരിക്കുന്നത്?
സജി സുരേന്ദ്രന്‍ – എഡിറ്റിങ്ങിന്റെ കാര്യമെടുത്താല്‍, കൊച്ചു കുട്ടികള്‍ വരെ എഡിറ്റിങ് എന്താണെന്നു മനസ്സിലാക്കിയിരിക്കുന്നു. കാക്കാ കാക്കാ എന്ന എന്ന ചിത്രത്തില്‍, ആന്റണി എന്ന എഡിറ്റര്‍ വന്നപ്പോഴാണ്‍ ആ മാറ്റം ഉണ്ടായത്. മലയാളത്തില്‍ ഫോര്‍ ദി പീപ്പിള്‍, എന്ന ചിത്രത്തില്‍ അതേ എഡിറ്റര്‍ ആന്റണി വന്ന് ഈ രീതിയിലും എഡിറ്റിങ് നടത്താം എന്നു നമുക്ക് കാണിച്ചു തരികയായിരുന്നു. നമ്മള്‍ പണ്ടൊക്കെ, ഒരു ഷോട്ടില്‍ നിന്നും മറ്റൊരു ഷോട്ടിലേക്ക് ഫാസ്റ്റ് കട്ടു ചെയ്തായിരുന്നു. ഇപ്പോള്‍ ആ എഡിറ്റിങ്ങില്‍ വരെ ആളുകള്‍ ശ്രദ്ധ ചെലുത്തി തുടങ്ങി. ഇപ്പോള്‍ സിനിമാട്ടോഗ്രാഫി ഡിജിറ്റലായി. തീയേറ്ററുകള്‍ ഡിജിറ്റലായി, യു.എഫ്.ഓയും, ക്യൂബും വന്നു. ഹൈഡെഫനിഷന്‍ ക്യാമറയായി, റെഡു വരെ മലയാളത്തില്‍ എത്തി. അങ്ങനെ എല്ലാം കാലത്തിനനുസരിച്ചു മാറിക്കൊണ്ടിരിക്കയാണ്. അപ്പോഴും മലയാളികളുടെ ബേസിക് ടേസ്റ്റ് കഥ തന്നെയാണ്. ഒരു സത്യന്‍ അന്തിക്കാട് ചിത്രം എന്നു പറഞ്ഞാല്‍ അതിനൊരു മിനിമം ഓഡിയന്‍സ് ഉണ്ട്, 75-100 ദിവസം വരെ ഓടാന്‍ പറ്റുന്ന ഒരു ഓഡിയന്‍സ്. അന്നും ഇന്നും സത്യന്‍ സാര്‍ ചെയ്യുന്നത് കുടുംബ കഥകളാണെങ്കിലും, കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ആഗ്രഹിക്കുന്നത് അതു തന്നെയാണ്. മലയാളത്തിലിപ്പോള്‍, ബഹളമയമല്ലാത്ത കുടുംബ ചിത്രങ്ങളും അതിനൊപ്പം അമല്‍ നീരദു ചെയ്യുന്നതു പോലെ ടെക്കിനിക്കലി പെര്‍ഫെക്ടായ ചിത്രങ്ങളും ഉണ്ട്. കൂടുതല്‍ മാറ്റങ്ങള്‍ വരണമെന്നു തന്നെയാണ് എന്റെയും ആഗ്രഹം. ഒരു പക്ഷേ യന്തിരന്‍ പോലെ ഹോളിവുഡ് സ്റ്റൈലില്‍ കാശുമുടക്കി എടുക്കുന്ന ചിത്രങ്ങള്‍ കാണുന്ന ഇന്നത്തെ യുവതലമുറ, ഇനിയും മാറ്റങ്ങള്‍ ആഗ്രഹിച്ചു തൂടങ്ങിയിരിക്കുന്നു.
ജെ.കെ - മലയാളത്തില്‍ ഹോളിവുഡ് നിലവാരത്തിലുള്ള ചിത്രങ്ങള്‍ ഉണ്ടാകുമോ?
സജി സുരേന്ദ്രന്‍ – തീര്‍ച്ചയായും, ഉണ്ടാകുമെന്നു തന്നെയാണ് എന്റെ വിശ്വാസം. മലയാളത്തിലും കാശുമുടക്കാന്‍ ആളുണ്ടെങ്കില്‍, ഇത്രയും പണം മുടക്കാന്‍ ആളുണ്ടെങ്കില്‍ ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകും. എന്നാല്‍ പ്രശ്നം അവിടെയല്ല. യെന്തിരന്‍ പോലെയുള്ള ചിത്രങ്ങളുടെ ഏരിയ വലുതാണ്. ഇതൊക്കെ world wide release ആണ്. രജനീകാന്തെന്ന താരം യൂണിവേഴ്സല്‍ സ്റ്റാറാണ്. അദ്ദേഹത്തിന് ജപ്പാനില്‍ വരെ ഫാന്‍സ് അസോസിയേഷനുണ്ട്. ഇവിടെ അതില്ല, എന്നാലും അത്രയൊക്കെ വന്നില്ലെങ്കിലും, ടെക്നോളജി അഡ്വാന്‍സായ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷ. അങ്ങനെ ഉണ്ടാവട്ടേ എന്നു നമുക്ക് ആഗ്രഹിക്കാം.
ജെ.കെ – ഒരു പിടി പുതുമുഖ താരങ്ങള്‍ ഇന്നു മലയാളത്തില്‍ ഉണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും കടന്നു പോയിക്കഴിയുമ്പോള്‍ അവരാണ് കടന്നു വരേണ്ടത്. അവരെ എങ്ങനെ വിലയിരുത്തുന്നു?
സജി സുരേന്ദ്രന്‍ – അവരെ വിലയിരുത്താന്‍ ഞാനൊരാളല്ലെന്നു തോന്നുന്നു. എന്നാലും ഇപ്പോഴത്തെ ഒരു ട്രെന്‍ഡ് വച്ചു നോക്കുമ്പോള്‍, രാജു (പ്രിഥ്വിരാജ്), മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാല്‍, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഇനിഷ്യല്‍ കിട്ടുന്ന ഒരു താരമാണ്. രണ്ടോ മൂന്നോ തീയേറ്ററുകളുല്‍ രാജുവിന്റെ പടം റിലീസ് ചെയ്താലും, ടിക്കറ്റു കിട്ടാതെ ആളുകള്‍ മടങ്ങിപ്പോകുന്ന ഒരു കാഴ്ച, പുതിയമുഖമെന്ന ചിത്രത്തിനു ശേഷം കാണുവാന്‍ സാധിക്കുന്നുണ്ട്. ഒരു പക്ഷേ ആക്ഷന്‍ പരിവേഷത്തിലുള്ള ചിത്രങ്ങള്‍, അതാണ് ഇപ്പോള്‍ കൂടുതലും ചെയ്തുകൊണ്ടിരിക്കുന്നത്, അതു കൊണ്ട് നല്ല ഇനിഷ്യല്‍ രാജുവിന്റെ പടങ്ങള്‍ക്കു കിട്ടുന്നുണ്ട്. അത് നിലനിര്‍ത്താന്‍ രാജു ശ്രമിക്കണം. നല്ല നല്ല വേഷങ്ങള്‍ selecet ചെയ്താല്‍, അടുത്ത ഒരു stardom രാജുവിലേക്കെത്തും. Young genrataion-ന്റെ സൂപ്പര്‍ സ്റ്റാറായി രാജു മാറിക്കൊണ്ടിരിക്കയാണ്. ഇപ്പോള്‍ ലാലേട്ടന്റെ കാര്യമെടുത്താല്‍, ഭൂമിയിലെ രാജാക്കന്മാരും, ഇരുപതാം നൂറ്റാണ്ടുമൊക്കെ ചെയ്യുന്ന അതേ സമയത്തു തന്നെയാണ് ടി.പി ബാലഗോപാലനും സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ഒക്കെ ചെയ്യുന്നത്. അത്ര versatile ആയിട്ടാണ് ലാലേട്ടന്‍ വേഷങ്ങള്‍ ചെയ്തിരുന്നത്. അതു പോലെ രാജു ഈ രണ്ടു ടൈപ്പ് കഥാപാത്രങ്ങളും ചെയ്തു കൊണ്ടിരുന്നാല്‍, രാജുവിന്റെ മലയാളത്തിലെ ഭാവി ശോഭനമാണെന്നു ഉറപ്പിക്കാം. ഇതു ഞാന്‍ പറയേണ്ട കാര്യമില്ല, എന്നാലും എന്റെ മനസ്സില്‍ തോന്നിയ ഒരു വസ്തുതയാണ്.
ജെ.കെ – പക്ഷേ വ്യത്യസ്തത കൊണ്ട് നമ്മെ എന്നും ആകര്‍ഷിക്കുന്ന നടന്‍ ജയസൂര്യയല്ലേ?
സജി സുരേന്ദ്രന്‍ – അതെ, ജയസൂര്യ, ഇപ്പൊഴെ പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുന്ന, innovative ആയി ചിന്തിക്കുന്ന ഒരു നടനാണ്. ജയന്‍ വളരെ brilliant ആണ്. ഓരോ സിനിമയിലും ഓരോ get-up കൊണ്ടു വരിക ഓരോ appearance-ല്‍ വരിക, costumes ശ്രദ്ധിക്കുക. ആ ഒരു attitude, ഒരു കഥാപാത്രം വിജയിപ്പിക്കാനായി ആദ്യവസാനം പരിശ്രമിക്കുക. അതുകൊണ്ട് വരും കാലങ്ങളില്‍ വളരെ വ്യത്യസ്തതയാര്‍ന്ന റോളുകള്‍ അവനെ തേടിയെത്തുമെന്നതില്‍ സംശയമില്ല. അതു പോലെ തന്നെ, കുടുംബങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു നിഷ്കളങ്കത, അനായാസമായി ഹ്യൂമര്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്, നെഗറ്റീവ് റോളുകള്‍ ചെയ്യാനുള്ള കഴിവ്, അങ്ങനെ ഏതു റോളും ചെയ്യാനുള്ള ഒരു മനോഭാവവും കഴിവും ജയനിലുണ്ട്. കഥാപാത്രങ്ങള്‍ സെലക്ട് ചെയ്യുന്നതില്‍ അല്പം ശ്രദ്ധിക്കുകകൂടി ചെയ്താല്‍ ജയനും ഭാവിയില്‍ ഒരു stardom-ലേക്ക് ഉയരുവാന്‍ കഴിയും എന്നു തന്നെയാണ് എന്റെ വിശ്വാസം.
ജെ.കെ - ഒരു പക്ഷേ പ്രതീക്ഷിച്ച മൈലെജ് നേടാന്‍ കഴിയാതെ പോയ ഒരു നടനല്ലേ ഇന്ദ്രജിത്ത് ?
സജി സുരേന്ദ്രന്‍ – ഇന്ദ്രനെക്കുറിച്ച് പറയുകയാണെങ്കില്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇന്ദ്രജിത്ത്. ഇന്ദ്രനെ മലയാള സിനിമ ഉപയോഗിക്കുന്നുണ്ടോ എന്ന് എനിക്ക് നല്ല സംശയമുണ്ട്. കാരണം, ഇത്രയും talent ഉം potential ഉം ഉള്ള മറ്റൊരു നടന്‍ ഇന്നു മലയാളത്തിലുണ്ടോ എന്ന് എനിക്ക് സംശയമാണ്. ഇന്ദ്രന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ എനിക്കത് മനസിലായി. അനായാസമായാണ് ഹ്യൂമര്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ഒരു പക്ഷേ ലാലേട്ടനൊക്കെ ചെയ്തിരുന്ന ആ നിലവാരത്തിലാണ് ഇന്ദ്രന്‍ ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നത്. അതേ സമയം, ഈപ്പന്‍ പാപ്പച്ചിയെപ്പോലുള്ള വില്ലന്‍ റോളുകളും ചെയ്യാന്‍ പറ്റുന്ന രീതിയില്‍, ഇന്നെന്താണോ മലയാള സിനിമയ്ക്ക് വേണ്ടത് അതെല്ലാം ചെയ്യാനുള്ള കഴിവും physiqueഉം എല്ലാം ഇന്ദ്രനുണ്ട്. പക്ഷേ എന്തോ ഒരു ഭാഗ്യക്കുറവുണ്ട്, അതാണ് ക്ലിക്കാവാത്തത്. ഒരു പക്ഷേ സമയമായിട്ടില്ലായിരിക്കാം. ഇന്ദ്രന്റെ കാര്യത്തില്‍, എനിക്കു തോന്നുന്നത്, അവന്‍ ഒരു വര്‍ഷം സിനിമയൊന്നും ചെയ്യാതെ മാറി നിന്നിട്ട്, ഒരല്പം ഹീറോയിസവും, ഹ്യൂമറും, നെഗറ്റീവ് ടച്ചുമുള്ള, അല്ലെങ്കില്‍ എല്ലാം കൂടി കലര്‍ന്ന ഒരു fun loving സിനിമയുമായി വന്നാല്‍ അതു ക്ലിക്കാവും, പിന്നെ അവനെ പിടിച്ചാല്‍ കിട്ടില്ല, അതെനിക്കുറപ്പാണ്. ഈ ചെറിയ വേഷങ്ങളില്‍ നിന്നു മാറി, ഒരു freshness-ഓടു കൂടി തിരിച്ചു വന്നാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് എനിക്കു തോന്നുന്നു, എനിക്കറിയില്ല അതെത്രത്തോളം practical-ആണെന്ന്. പക്ഷേ അതു ചെയ്യാന്‍ പറ്റുന്ന ടാലന്റടായ വ്യക്തിയാണ് ഇന്ദ്രന്‍. അപ്പോള്‍ ഇവരെല്ലാം തന്നെ മലയാള സിനിമയുടെ ഭാവിയില്‍ തിളങ്ങാന്‍ പോകുന്ന താരങ്ങളാണ്.
ജെ.കെ - തിരക്കഥ എന്ന ചിത്രത്തിനു ശേഷം അനൂപ് മേനോനും മുന്‍ നിരയിലേക്ക് കടന്നു വരുന്നുണ്ടല്ലോ? വ്യക്തിപരമായി അറിയുന്ന ആളെന്ന രീതിയില്‍ എങ്ങനെയാണ് അനൂപിനെ വിലയിരുത്തുന്നത്?
സജി സുരേന്ദ്രന്‍ – വളരെ ടാലന്റടായിട്ടുള്ള നടനാണ് അനൂപ്. എനിക്ക് അനൂപിന്‍ വ്യക്തിപരമായി വളരെ അടുത്തറിയാം, എന്റെ സ്വന്തം സഹോദരനെപ്പോലെയാണവന്‍. അവന്‍ അധികം ഹ്യൂമര്‍ കൈകാര്യം ചെയ്തു ഞാന്‍ കണ്ടിട്ടില്ല, പക്ഷേ അവന്റെ ടാലന്റ് എനിക്ക് നന്നായി അറിയാം. ഏതു വേഷവും കൈകാര്യം ചെയ്യാന്‍ കഴിയും, നന്നായി എഴുതും, Physique-ഉം നല്ല height, chubby-യാണ് ഏതു വേഷത്തിനും ഇണങ്ങും. ഒരു പക്ഷേ, ഞാന്‍ ഇന്ദ്രന്റെ കാര്യത്തില്‍ പറഞ്ഞതു പോലെ, അനൂപും ഇതുവരെ ശരിക്കും ക്ലിക്കായിട്ടില്ല. അവന്റെ ഭാവി എന്നത് അവന്‍ തിരഞ്ഞെടുക്കാന്‍ പോകുന്ന കഥാപാത്രങ്ങളെ അനുസരിച്ചായിരിക്കും. കണ്ടതെല്ലാം വലിച്ചു വാരി ചെയ്യാതെ, അല്പം സെലക്ടീവായി മാറി്യാന്‍ അവന്റെ ഭാവി ശോഭനമാണ്.
ജെ.കെ – എനിക്കു തോന്നുന്നു അനൂപ് കുറച്ച് choosy ആണെന്ന്….
സജി സുരേന്ദ്രന്‍ – അതെ, അവന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്. അവനെഴുതിയ പകല്‍നക്ഷത്രങ്ങളാണെങ്കിലും, മറ്റു ചിത്രങ്ങളാനെങ്കിലും അവന്‍ choosy ആവാന്‍ ശ്രമിക്കുന്നുണ്ട്. രഞ്ജിയേട്ടന്‍ അവന്‍ കൊടുത്ത കഥാപത്രങ്ങളെല്ലാം നല്ലതായിരുന്നു. കൈയ്യൊപ്പിലെ ഡോക്ടാറുടെ വേഷം അതെല്ലാം നല്ല കഥാപാത്രങ്ങളായിരുന്നു. അങ്ങനെ സെലക്ടീവായാല്‍ അനൂപും, പുതിയ തലമുറയിലെ പ്രതീക്ഷ നല്‍കുന്ന താരമായി മാറും. ഇപ്പോള്‍ കോക്ക്ടെയില്‍ അവനെ സംബന്ധിച്ച് നല്ലോരു ബ്രേക്കാണെന്നു തോന്നുന്നു.
ജെ.കെ – അനൂപ് മേനോനുമായുള്ള വ്യക്തി ബന്ധം അതെങ്ങനെയാണ്?
സജി സുരേന്ദ്രന്‍ – ഞങ്ങള്‍ സഹോദരങ്ങളെപ്പോലെയാണ്, അതാണ് ഞങ്ങളുടെ വ്യക്തി ബന്ധം, ഞങ്ങള്‍ ഒരേ വീട്ടില്‍ ജനിച്ചില്ല എന്നേയുള്ളൂ. ഞങ്ങളുടെ സീരിയല്‍ സമയത്തു തന്നെ, സിനിമ സ്വപ്നം കണ്ടിരുന്നു, ബീച്ചില്‍ പോയിരുന്നു കഥകള്‍ പറഞ്ഞ ആളുകളാണ്. ഈ അടുത്ത കാലത്തിറങ്ങിയ കോക്ക്ടെയിലെനെക്കുറിച്ച അവന്‍ ആദ്യമായി സംസാരിച്ചതില്‍ ഒരാള്‍ ഞാനാണ്. ഇവിടെ എന്റെ വീട്ടിലിരുന്നാണ് ഞങ്ങള്‍ അതിന്റെ english version-ആയ butterfly on a wheel കാണുന്നത്. അന്നു ഞങ്ങള്‍ അതു ചെയ്യാം എന്നു പറഞ്ഞുവെങ്കിലും, പല കാരണങ്ങള്‍ കൊണ്ട് അതു നടക്കാതെ പോയി. പക്ഷേ ഞാന്‍ സിനിമയിലെത്തുന്നതിനു മുന്നെ തന്നെ അനൂപ് സിനിമയിലെത്തുന്നു. ഞങ്ങളൊക്കെ വളരെയധികം സന്തോഷിച്ച ഒരു കാര്യമായിരുന്നു അത്. കാരണം, ഞങ്ങളിലൊരാള്‍ സിനിമയിലെത്തി, അവന്‍ പടവുകള്‍ കയറുമ്പോള്‍ നമുക്കും ഒപ്പം കയറിയെത്താന്‍ കഴിയുമെന്ന ആത്മ വിശ്വാസം അതു നല്‍കിയിരുന്നു. എന്റെ സീരിയലായ മാധവത്തില്‍ അഭിനയിക്കുമ്പോഴാണ് റോക്ക് ആന്‍ഡ് റോളില്‍ മോഹന്‍ലാലിന്റെ പ്രതിനായകനായ വേഷം കിട്ടുന്നത്. ഞങ്ങളന്ന് വളരെ വലിയ ഒരു sent off ആണ് അവനു കൊടുത്തത്. സിനിമ ഇറങ്ങിയപ്പോള്‍ മുഴുവന്‍ യൂണിറ്റിനും അവന്‍ ടിക്കറ്റെടുത്തു തന്ന് ഞങ്ങള്‍ ഒരുമിച്ചാണ് ചിത്രം കണ്ടത്. അവിടെ നിന്നും തിരക്കഥയിലെത്തിക്കഴിഞ്ഞപ്പോള്‍ പിന്നെ നല്ല നല്ല വേഷങ്ങള്‍ അവനെ തേടിയെത്തി.
ജെ.കെ – പുതിയ തലമുറയില്‍ പുതിയ ആളുകള്‍ വന്നു കഴിഞ്ഞുവല്ലോ ?
സജി സുരേന്ദ്രന്‍ – അതെ, ആസിഫ് അലി, നിഷാന്‍, കൈലാഷ്. അതില്‍ ആസിഫിനെ മലയാളികള്‍ ഇഷ്ടപ്പെടും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. ഈയിടെ എനിക്ക് സര്‍പ്രൈസിങ്ങായി തോന്നിയത് ഫാസില്‍ സാറിന്റെ മകന്‍ ഷാനുവിന്റെ പെര്‍ഫോര്‍മന്‍സ് ആണ്. കോക്ക്ടെയിലിന്‍ അദ്ദേഹത്തിന്റെ പ്രകടനം അസാധ്യമായിരിക്കുന്നു. മൂന്നോ നാലോ സീനുകളേയുള്ളൂ, എന്നാലും എന്ത് അനായാസമായാണ് ഷാനു അതില്‍ അഭിനയിച്ചിരിക്കുന്നത്. ഷാനുവിന്റെ ആദ്യ സിനിമ, ഫാസില്‍ സാറെടുത്ത ചിത്രം, അതില്‍ നിന്നും എത്രത്തോളം അയാള്‍ മുന്നോട്ടു പോയിരിക്കുന്നു എന്നത് ഈ പ്രകടനം വ്യക്തമാക്കുന്നു. ഇതിനു മുന്നെയും അയാളെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, കേരളാ കഫേയില്‍ ഒരു ചെറു വേഷത്തില്‍ അയാള്‍ നന്നായി അഭിനയിച്ചിരുന്നു. അതിലൊക്കെ അയാളിലുണ്ടായ മാറ്റം പ്രകടമായിരുന്നു. അനൂപുമായുള്ള സൌഹൃദത്തിലൂടെയാണ് ഞാന്‍ ഷാനുവിനെ പരിചപ്പെടുന്നത്. അങ്ങനെ ഫോണ്‍ വിളിക്കുന്ന ഒരു സൌഹൃദം ഞങ്ങളുടെ ഇടയിലുണ്ടായിരുന്നു. പ്രമാണിയിലും വളരെ നന്നായാണ് അവന്‍ അഭിനയിച്ചത്. പക്ഷേ കോക്ക്ടെയില്‍ കണ്ടപ്പോള്‍ ഞാന്‍ ഷാനുവിനെ വിളിച്ച് പറഞ്ഞിരുന്നു. ഞാനത് ജയനോടും (ജയസൂര്യ) പറഞ്ഞിരുന്നു, ഷാനു ഒരു സര്‍പ്രൈസ് പാക്കേജ് ആയിരുന്നു എന്ന്. അങ്ങനെ എന്റെ അടുത്ത സിനിമയില്‍ ഞാന്‍ ഷാനുവിനെ കാസ്റ്റ് ചെയ്തു കഴിഞ്ഞു. ഒരു ഹ്യൂമറസായ, വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ഷാനു ചെയ്യുവാന്‍ പോകുന്നത്. അങ്ങനെ പുതു തലമുറ നമുക്കിങ്ങനെ സര്‍പ്രൈസ് തരുന്നത് സന്തോഷകരമായ കാര്യമാണ്.
ജെ.കെ – ഇനി എനിക്ക് ചോദിക്കുവാനുള്ളത്, പ്രേക്ഷകര്‍ ആകാംഷയോടെ ഉത്തരം കാത്തിരിക്കുന്ന ഒരു ചോദ്യമാണ്. എന്നാണ് സജി സുരേന്ദ്രന്റെ ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം പുറത്തു വരുന്നത്?
സജി സുരേന്ദ്രന്‍ – കൃത്യസമയത്താണ് ഈ ചോദ്യം. ഒരു ആഴ്ച മുന്നെയാണ്, ഞാന്‍ ടെക്നോപാര്‍ക്കില്‍ വച്ച് മമ്മൂക്കയെ കണ്ട് ഒരു കഥ പറഞ്ഞത്. മുന്നെ ഞങ്ങള്‍ ഒരു കഥാതന്തു അദ്ദേഹത്തോട് പറഞ്ഞിരുന്നു. എപ്പോഴും പുളു പറയുന്ന, പുളുവനായിട്ടുള്ള ഒരു മത്തായിയുടെ കഥ പൂര്‍ണ്ണമായും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ആ പുളുകൊണ്ട് ഉണ്ടാവുന്ന നല്ല കാര്യങ്ങളും, പ്രശ്നങ്ങളുമെല്ലാം ചേര്‍ന്ന് വളരെ രസകരമായ ഒരു കഥ. അദ്ദേഹം പറഞ്ഞത്, 2011ല്‍ അദ്ദേഹത്തിന്റെ ഡേറ്റെല്ലാം കൊടുത്തു കഴിഞ്ഞു, 2012ലാണ് ചെയ്യുവാന്‍ പറ്റുന്നത്. എന്തായാലും തിരക്കഥയായി വരൂ, നമുക്ക് എന്താണെന്നു വച്ചാല്‍ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എനിക്കു തോന്നുന്നത്, നടക്കുന്നെങ്കില്‍, ആദ്യമായി നടക്കാന്‍ പോകുന്നത് ഈ ചിത്രമായിരിക്കും. ലാലേട്ടനോടും ഒരു കഥ പറഞ്ഞിട്ടുണ്ട്. അതും ഒരു മുഴു നീള ഹാസ്യ ചിത്രമാണ്, ഒരു ഡബിള്‍ റോള്‍ കഥാപാത്രമാണ് ലാലേട്ടന്റെ, അതും അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടിട്ട് എഴുതിക്കൊണ്ടു വരാന്‍ പറഞ്ഞിരിക്കയാണ്. അതെഴുതി കഴിഞ്ഞ് രണ്ടു പേരെയും കാണിച്ചാലെ എന്ന്‍ എന്ന ചോദ്യത്തിന് ഒരുത്തരം കിട്ടൂ. പക്ഷേ ലക്ഷ്യം അതു തന്നെയാണ്. അവര്‍ക്ക് കഥ ഇഷ്ടപ്പെടും എന്നു കരുതാം. ഞങ്ങള്‍ക്കു നല്ല പ്രതീക്ഷയുണ്ട്. മലയാള സിനിമാ രംഗത്ത് ചിത്രമെടുക്കുന്ന ആരുടേയും ലക്ഷ്യം ഈ രണ്ടു മഹാന്മാരുടെ ചിത്രം തന്നെയാണ്. ഞങ്ങളും അങ്ങനെ തന്നെ. ശരിക്കും പറയുകയാണെങ്കില്‍ മമ്മൂക്കയുടെ പ്രൊജക്ട് confirmed ആണ്. Announcement ഒക്കെ മാഗസിനിലൊക്കെ വന്നു കഴിഞ്ഞു. അദ്ദേഹത്തിനും കഥ ഇഷ്ടമായി. 2011ലോ അതോ 2012ലോ എന്ന ചോദ്യമേ ഇപ്പോള്‍ ബാക്കി നില്‍ക്കുന്നുള്ളൂ.
ജെ.കെ – കേരളത്തിലെ സിനിമാ പ്രേമികള്‍ക്ക് ഒരു പുതുമ സമ്മാനിച്ച പരീക്ഷണമായിരുന്നു കേരളാ കഫേ. മൂന്നു ടെലിഫിലിം ചെയ്ത് പുരസ്കാരങ്ങള്‍ വാങ്ങിയ താങ്കള്‍, ഇനി കേരളാ കഫേ പോലൊരു ചിത്രമിറങ്ങിയാല്‍ അതിലേക്ക് contribute ചെയ്യുമോ?
സജി സുരേന്ദ്രന്‍ – കേരളാ കഫേ കണ്ടപ്പോള്‍ എനിക്കു തോന്നി, എനിക്കതില്‍ ഒരു കഥ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്. മലയാളത്തിലെ മികച്ച 10 സംവിധായകരെ തിരഞ്ഞെടുത്തിട്ടാണ് രഞ്ജിയേട്ടന്‍ ആ പരീക്ഷണം നടത്തിയത്. അന്നു ഞാന്‍ ആകെ ഒരു സിനിമയെ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ, നമ്മള്‍ ആ ലിസ്റ്റിലേക്ക് വരാന്‍ സമയമായില്ല. പക്ഷേ, ഇതിനു മുന്നെ ലാലേട്ടനുമായി ചേര്‍ന്ന് ഷോര്‍ട്ട് ഫിലിംസ് ചെയ്തിട്ടുള്ളത് കൊണ്ട്, എനിക്ക് തോന്നി എനിക്കതില്‍ ഒരു കഥ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്. പ്രത്യേകിച്ചും അന്‍വറിന്റെ ബ്രിഡ്ജ് ഒക്കെ കണ്ടപ്പോള്‍, വളരെ ടച്ചിങ്ങായിരുന്നു. ഇനിയൊരെണ്ണം സംഭവിക്കുകയാണെങ്കില്‍, ഞാന്‍ ആ ലിസ്റ്റില്‍ പെട്ടാല്‍ ഭാഗ്യം എന്നേ പറയാന്‍ കഴിയൂ.
ജെ.കെ – ഇനി അല്പം വ്യക്തിപരമായ ചോദ്യങ്ങളാവാം. കുടുംബത്തെക്കുറിച്ച്.
സജി സുരേന്ദ്രന്‍ – ഇവിടെയിപ്പോള്‍ ഞാനും ഭാര്യയും മാത്രം. ഭാര്യ സംഗീത. അച്ഛന്‍ സുരേന്ദ്രന്‍ നാട്ടിലാണ്, നെടുമങ്ങാട്. അമ്മയും അവിടെ തന്നെ. അനിയന്‍ അജി സുരേന്ദ്രന്‍, ഷെയര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നു. ഒരു സഹോദരി ആശ, കല്യാണം കഴിഞ്ഞു. ഇതാണ് ഞങ്ങളുടെ കുടുംബം എന്നു പറയുന്നത്.
ജെ.കെ – ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികള്‍
സജി സുരേന്ദ്രന്‍ – ഞാന്‍ മുന്നെ പറഞ്ഞ, മരിച്ചു പോയ ലാലേട്ടന്‍. അദ്ദേഹത്തിനെ മനോഭാവവും, എഴുത്തുമെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. സിനിമയില്‍ എനിക്ക് ഇഷ്ടമുള്ള സംവിധായകന്‍ പ്രിയദര്‍ശനാണ്, അദ്ദേഹത്തിന്റെ എല്ലാ സിനിമകളും എന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം collect ചെയ്തു സൂക്ഷിക്കുക, സമയം കിട്ടുമ്പോഴെല്ലാം അത് കാണുക എന്നത് എന്റെ ഒരു ഹോബിയാണ്. അതു പോലെ തന്നെ നമ്മുടെയെല്ലാം പ്രിയങ്കരനായ മണിരത്നം, രാംഗോപാല്‍ വര്‍മ്മ, കരണ്‍ ജോഹര്‍ എന്നിങ്ങനെ, ഇവരും ഇവരുടെ സിനിമകളും എല്ലാം സ്വാധീനിച്ചിട്ടുണ്ട്. അതു പോലെ വ്യക്തിത്വമെന്നു പറയാന്‍, സച്ചിന്‍ ടെണ്ടൂല്‍ക്കറുടെ വ്യക്തിത്വം എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. എനിക്ക് രാഷ്ട്രീയമില്ല, പക്ഷേ രാഹുല്‍ ഗാന്ധിയോട് വല്ലാത്ത ഒരു ഇഷ്ടമുണ്ട്. അങ്ങനെ പല ആളുകളും പല മേഖലയിലും എന്നെ സ്വാധീനിച്ചിട്ടുണ്ട്.
ജെ.കെ - എന്തൊക്കെയാണ് പ്രധാനമായ ഹോബീസ് ?
സജി സുരേന്ദ്രന്‍ – സിനിമ കാണുക എന്നതാണ് എന്റെ പ്രധാന്‍ ഹോബി. സിനിമയല്ലാതെ, ക്രിക്കറ്റ് കാണും, അതു കഴിഞ്ഞാല്‍ പിന്നെ ടെന്നീസ് കാണും, പാട്ടു കേള്‍ക്കും. വണ്ടിയോടിക്കുമ്പോള്‍, അതും ഒരു 60-80ല്‍ വണ്ടിയോടിക്കുക, കൂടെ പാട്ടു കേട്ടു പോകുക. ഇതൊക്കെയാണ് പ്രധാന ഹോബീസ്.
ജെ.കെ – വായന, എഴുത്ത് ?
സജി സുരേന്ദ്രന്‍ – വായന ഇല്ല. വളരെ കുറവാണ്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അതു തരണമേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. കുറച്ച എഴുതാനുള്ള ഒരു കഴിവും വായനയും തരണമേ എന്നു പ്രാര്‍ത്ഥിക്കാറുണ്ട്. മറ്റുള്ളവര്‍ എഴുതുന്നതു കാണുമ്പോള്‍ ഞാന്‍ അസൂയയോടെ നോക്കാറുണ്ട്. ഇതെങ്ങനെ സാധിക്കുന്നു എന്ന്. ഞാന്‍ പണ്ട് ലാലേട്ടനോട് ചോദിച്ചിട്ടുണ്ട്. ഇതെങ്ങനെയാണ് കൃത്യമായി സീനുകള്‍ എഴുതുന്നത് എന്ന്. അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞ മറുപടി, “അതു ദൈവം തരുന്ന ഫാക്സാണടാ, ഞാന്‍ പേനയെടുത്തെ പേപ്പറിന്റെ മുകളില്‍ വയ്ക്കുമ്പോള്‍ ഒരു ഫാക്സ പോലെ അതിങ്ങ് വരും. അതങ്ങനെ സംഭവിക്കുന്നതാണ്. “ എന്നാണ്. അതെന്നെ ഭയങ്കരമായി അത്ഭുതപ്പെടുത്തിയ മറുപടിയായിരുന്നു. അങ്ങനെ അത്യാവശ്യം എഴുത്തും വായനയും തരണമേ എന്നാണ് പ്രാര്‍ത്ഥിക്കുന്നത്.
ജെ.കെ – പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്, ഒരു സംവിധായകന്‍, എഴുത്തുകാരന്‍ കൂടിയാണെങ്കില്‍, നല്ല ചിത്രങ്ങള്‍ ജനിക്കും എന്ന്…
സജി സുരേന്ദ്രന്‍ – അതെ, അതു വളരെ ശരിയാണ്. അതാണ് എനിക്ക് രഞ്ജിയേട്ടനെ (സംവിധായകന്‍ രഞ്ജിത്ത്) ഭയങ്കര ഇഷ്ടം. എന്റെ പ്രിയപ്പെട്ട സംവിധായകന്‍ പ്രിയന്‍ സാറാണെങ്കിലും, രഞ്ജിയേട്ടനെ എനിക്കു ഭയങ്കര ഇഷ്ടമാണ്. ഇത്രയും versatile ആയി എഴുതുന്ന മറ്റൊരു സംവിധായകനില്ല. രാവണപ്രഭുവും, നരസിംഹവും ഒക്കെ എഴുതിയ ആളാണ് നന്ദനം എഴുതിയത് എന്നു പറയുമ്പോള്‍ അവിശ്വസനീയമായി തോന്നും. അദ്ദേഹം തന്നെയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എഴുതിയതെന്നു തോന്നിപ്പോകും. അങ്ങനെ പല ചിത്രങ്ങളും നമ്മെ അമ്പരപ്പിച്ചിട്ടുണ്ട്. മിക്കവരും type-caste ആവുമ്പോള്‍, ഇങ്ങനെ ഇത്രയും varieties കൊണ്ടുവരുവാന്‍ കഴിയുക എന്നത് അസാധ്യമാണ്. അദ്ദേഹമിന്ന് പാലേരി മാണിക്യവും പ്രാഞ്ചിയേട്ടനിലുമെത്തി നില്‍ക്കുമ്പോള്‍, അദ്ദേഹത്തിന്റെ ആ ഒരു കഴിവ് സമ്മതിക്കാതെ വയ്യ. അതിനിടയില്‍, സാമ്പത്തിക വിജയം നേടിയില്ലെങ്കിലും, റോക്ക് ആന്‍ഡ് റോള്‍ പോലെയുള്ള ഒരു അടിപൊളി ആഘോഷ ചിത്രം. ആ മനുഷ്യനെ ഞാന്‍ അസൂയയോടെയാണ് നോക്കി കാണുന്നത്.
ജെ.കെ – ഇന്ന് മലയാള സിനിമയില്‍ നോക്കിയാല്‍ അവാര്‍ഡുകള്‍ സര്‍വ്വ സാധാരണമാണ്, ചാനലുകളുടെ അവാര്‍ഡ്, ക്രിട്ടിക്സ് അവാര്‍ഡ്. എന്നാല്‍ സംസ്ഥാന – ദേശീയ അവാര്‍ഡുകളെ എങ്ങനെ നോക്കി കാണുന്നു?
സജി സുരേന്ദ്രന്‍ - അവാര്‍ഡുകളെ ഞാന്‍ പോസിറ്റീവായാണ് നോക്കി കാണുന്നത്. കേരളത്തിലെ സര്‍ക്കാര്‍, ഒരു ജൂറിയെ വച്ച്, മലയാളത്തിലിറങ്ങുന്ന സിനിമകളെ വിലയിരുത്തി, അവയില്‍ നിന്നും മികച്ചവയെ കണ്ടെത്തി അംഗീകാരം നല്‍കുകയാണല്ലോ ചെയ്യുന്നത്. ടെലിവിഷനില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് മൂന്നു തവണ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മികച്ച ടെലിഫിലിമിനും, ഒരു വര്‍ഷം മികച്ച സീരിയലിനും. കേരളാ സര്‍ക്കാര്‍ ആദരിക്കുമ്പോഴാണ് നമുക്ക് ഏറ്റവും സന്തോഷം തോന്നുന്നത്. സര്‍ക്കാരിന്റെ പുരസ്കാരം (ഷോകേസിലേക്ക് ചൂണ്ടികാണിക്കുന്നു) നമ്മുടെ വീട്ടിലിരിക്കുക എന്നു പറഞ്ഞാല്‍ അതു പ്രോത്സാഹനം നല്‍കുന്നതാണ്. അടുത്ത പ്രൊജക്ട് ചെയ്യുമ്പോള്‍ ഉത്തരവാദിത്വം കൂടുവാനനും, നമ്മളെ ഒന്ന് അലേര്‍ട്ട് -ആക്കുവാനും, സമൂഹത്തിനോട് നമുക്കൊരു കമ്മിട്മെന്റ്റ് ഉണ്ടെന്ന് നമ്മെ ഓര്‍മ്മിക്കുവാനും അതു സഹായിക്കും. ആ ഓര്‍മ്മപ്പെടുത്തല്‍ കൊണ്ട് നാം, അടുത്ത പ്രോജക്ടിനെ നന്നാക്കുവാനെ ശ്രമിക്കുകയുള്ളൂ. അതാണ് ഒന്നിനു പിറകെ ഒന്നായി അടുത്തത് കിട്ടാനുള്ള സാധ്യതയും വരുന്നത്. ദേശീയ അവാര്‍ഡ്, ഇന്ത്യ തന്നെ ആദരിക്കുന്ന ഒരു പുരസ്കാരം, ഇന്ത്യയിലേ തന്നെ മികച്ചത്, രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും വാങ്ങിക്കുന്ന ഒരു അവാര്‍ഡ്, അങ്ങനെ ഏതൊരു സിനിമാകാരന്റേയും സ്വപ്നമാണത്. എനിക്കും അങ്ങനെ തന്നെ. പിന്നെ ആരെങ്കിലും നമ്മുടെ പേര് ശുപാര്‍ശ ചെയ്തിട്ടു കിട്ടുന്ന അംഗീകാരത്തോട് എനിക്ക് താല്പര്യമില്ല, എനിക്കങ്ങനെ കേള്‍ക്കുന്നതു പോലും ഇഷ്ടമല്ലാത്തയാളാണ്. “ഞാന്‍ നിന്റെ പേരു പറഞ്ഞിട്ടുണ്ട് “ എന്നാരെങ്കിലും പറഞ്ഞാല്‍ പിന്നെ ആ അവാര്‍ഡ് വാങ്ങിക്കുവാന്‍ ഞാന്‍ പോകില്ല, അതുറപ്പാണ്. അങ്ങനെയല്ല അംഗീകാരങ്ങള്‍ വരേണ്ടത്. അംഗീകാരങ്ങള്‍ നമ്മേ തേടി വരണം. നമുക്ക് ഒരു അവാര്‍ഡ് കിട്ടുമ്പോള്‍, പിന്നീട് ആ അവാര്‍ഡ് നമ്മുടെ ഷെല്‍ഫിലിരുന്ന്, നമ്മെ നോക്കി കൊഞ്ഞനം കുത്താന്‍ പാടില്ല. നമുക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ പറ്റുന്നതായിരിക്കണം നമുക്ക് കിട്ടുന്ന അവാര്‍ഡുകള്‍. നമുക്ക് deserving ആയ ഒരു അവാര്‍ഡ് ആണെങ്കില്‍, അത് ഏറ്റവും ചെറിയ ഒരു ക്ലബ്ബിന്റെ അവാര്‍ഡ് ആയാല്‍ പോലും വാങ്ങുകയും, അതിനെ അതിന്റെ പ്രാധാന്യത്തോടെ കാണാന്‍ ശ്രമിക്കുകയും ചെയ്യുന്ന അവാര്‍ഡാണ്.
ജെ.കെ – സീരിയലിലായിക്കോട്ടേ, സിനിമയലിലാകട്ടേ, ഇതു വരെ ലഭിച്ചതില്‍ ഏറ്റവും വിലമതിക്കുന്ന അവാര്‍ഡ് അല്ലെങ്കില്‍ പ്രോത്സാഹനം ഏതാണ് ?
സജി സുരേന്ദ്രന്‍ - (വീണ്ടും ഷെല്‍ഫിലേക്ക് ചൂണ്ടിക്കാണിക്കുന്നു…) ഈ ഇരിക്കുന്ന അവാര്‍ഡുകളെല്ലാം എനിക്കു കിട്ടിയ പുരസ്കാരങ്ങളാണ്. എന്നാല്‍ അതിനേക്കാള്‍ ഞാന്‍ വിലമതിക്കുന്ന ഒരു സമ്മാനം എനിക്കു കിട്ടിയിട്ടുണ്ട്. അതെനിക്കു കിട്ടിയത് ഗിരീഷേട്ടന്റെ (ഗിരീഷ് പുത്തഞ്ചേരിയുടെ) കൈകളില്‍ നിന്നാണ്. അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത് ഞാന്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്ന സമയത്താണ്. ഞാന്‍ ആദ്യമായി സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തപ്പോള്‍ ഗിരീഷേട്ടനായിരുന്നു പാട്ടെഴുതിയത്‍, രണ്ടു സിനിമയിലും, ഗാനരചന ഗിരീഷേട്ടനായിരുന്നു. ഏഴു പാട്ടും ഗിരീഷേട്ടന്‍ തന്നെയാണ് എഴുതിയത്. ആദ്യ സിനിമയ്ക്ക് പാട്ടെഴുതാനായി അദ്ദേഹത്തെ കാണാന്‍ ഹോട്ടലിലാണ് ചെന്നത്. അവിടെയത്തിയപ്പോള്‍, അദ്ദേഹം കിടക്കുകയാണ്. ചെന്ന പാടേ സ്വയം പരിചയപ്പെടുത്തി, കുട്ടന്‍ ചേട്ടനും കൂടെയുണ്ട്. ആ കിടപ്പില്‍ തന്നെ അദ്ദേഹം ചോദിച്ചു, “എന്താ കഥ?“ അങ്ങനെ ഞാന്‍ ഇവര്‍ വിവാഹിതരായാലിന്റെ കഥ പറയുന്നു. കഥ പുരോഗമിച്ചപ്പോള്‍, കിടന്നിരുന്ന ഗിരീഷേട്ടന്‍ പതിയെ എഴുന്നേറ്റിരുന്നു. കഥ കേട്ടു കഴിഞ്ഞപ്പോള്‍ പറഞ്ഞു, “വളരെ നല്ല കഥയാണ്, കൊള്ളാം, സമൂഹത്തിനൊരു മെസേജുള്ള കഥയാണ്. ഇങ്ങനെയുള്ള കഥകളിപ്പോള്‍ ഇല്ല. അച്ഛനമ്മമാരാണ് മക്കള്‍ക്ക് മാതൃകയാകേണ്ടത് എന്നൊരു ശക്തമായ സന്ദേശം ഇതിലുണ്ട്. നോക്കിക്കോ ഈ സിനിമ നന്നായി വരും“. അതു കഴിഞ്ഞ ഞങ്ങള്‍ പോന്നു, അദ്ദേഹം പാട്ടുകളെഴുതി, പടമിറങ്ങി, സിനിമയും പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. അതു കഴിഞ്ഞ് ഹാപ്പി ഹസ്ബന്‍ഡ്സിനു പാട്ടെഴുതാനായി വീണ്ടും ഗിരീഷേട്ടനെ കാണാന്‍ പോയി. കൂടെ കുട്ടന്‍ ചേട്ടനുമുണ്ട്. ഹോട്ടല്‍ റൂമില്‍ ചെന്നപ്പോള്‍ ഗിരീഷേട്ടന്‍ കിടക്കുകയായിരുന്നു. എന്നെ കണ്ടതും, ചാടി എഴുന്നേറ്റ് ഓടി വന്ന് എന്നെ കെട്ടിപ്പെടിച്ചു. “എടാ, മോനെ, നിന്നെ ഞാന്‍ എത്ര നാളായി വിളിക്കണമെന്നു വിചാരിച്ചിട്ട്..”. എനിക്ക് അപ്പോള്‍ സംശയമായി, എന്നെ തന്നെയാണോ? “അന്നു നിന്നോട് ഞാനെന്താ പറഞ്ഞേ, ആ പടം നന്നായി വരും എന്നല്ലേ? എന്റെ കുട്ടികള്‍ എന്നോട് പറഞ്ഞു, സ്കൂളിലും കോളേജിലുമെല്ലാം ഈ സിനിമ നന്നായിട്ടുണ്ടെന്നു പറയുന്നു. ഒന്നു പോയി കാണണം എന്ന്. എന്റെ കുട്ടികള്‍ ഒരു സിനിമയെക്കുറിച്ചും ഇത്രമാത്രം എന്നോട് പറഞ്ഞിട്ടില്ല. അങ്ങനെ ഞാന്‍ പോയി ആ സിനിമ കണ്ടു. മോനെ, ഗംഭീരമായിട്ടുണ്ട്. Reaction Meter ഒക്കെ കിറുകൃത്യം, നീ സീരിയലില്‍ നിന്നും വന്നതാണെന്നു പറയില്ല. എനിക്കത് അത്രമാത്രം ഇഷ്ടപ്പെട്ടു. അന്നു കുട്ടനെ വിളിച്ച് നമ്പറെടുത്ത് വിളിക്കണം എന്നു കരുതിയതാ, പിന്നെ അതങ്ങ് മറന്നു പോയി” ഇത്രയും പറഞ്ഞ് എനിക്ക് കെട്ടിപ്പിടിച്ചൊരു ഉമ്മയൊക്കെ തന്നു. നിനക്കെന്തെങ്കിലും തരണമല്ലോ എന്നു പറഞ്ഞ്, അദ്ദേഹം പെട്ടെന്ന് പോക്കറ്റില്‍ കിടന്ന ഒരു പേന, “ദാ, ഇതു നീ വച്ചോ, ഇതു നിനക്കുള്ളതാണ്. ഇത് എനിക്ക് മൂന്നു സംസ്ഥാന അവാര്‍ഡുകള്‍ നേടി തന്ന പേനയാണ്. ഇത് സാധാരണ പേനയല്ല, ഇതൊരിക്കലും നിന്റെ ജീവിതത്തില്‍ കളയരുത്“ എന്നും പറഞ്ഞ് എനിക്ക് തന്നു. ഈയിരിക്കുന്ന എല്ലാ അവാര്‍ഡുകളേക്കാള്‍ ഞാന്‍ വിലമതിക്കുന്നത് ആ അവാര്‍ഡിനാണ്. ഇന്നു ഞാന്‍ കൈരളീ ടിവിയിലെ ഗന്ധര്‍വ്വ സംഗീതത്തില്‍ ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തിനായി ഒരു ഇന്റര്‍വ്യൂ നല്‍കിയതേയുള്ളൂ. അതില്‍ ഞാനീ പേന കാണിച്ച് എടുത്തു പറഞ്ഞു. ഇത് എല്ലാവര്‍ക്കും കിട്ടുന്ന ഒരു പുസ്കാരമല്ല, ഇതൊരു സൌഭാഗ്യമാണ്. ഇന്ന് എവിടെയോ ഇരുന്ന്, അദ്ദേഹത്തിന്റെ അനുഗ്രഹം നമ്മളിലുണ്ടാകുക എന്നു പറഞ്ഞാല്‍ അതൊരു ദൈവാനുഗ്രഹമാണ്. പക്ഷേ അദ്ദേഹത്തിന്റെ വേര്‍പാട് നമുക്കെല്ലാവര്‍ക്കും, മലയാള സിനിമയ്ക്കു തന്നെ ഒരു നഷ്ടമാണ്.
ജെ.കെ - അവാര്‍ഡുകളുടെ സഹയാത്രികനാണ് വിവാദങ്ങള്‍.. അതിനെ കുറിച്ച്…
സജി സുരേന്ദ്രന്‍ – ഞാന്‍ പറയുവാന്‍ തുടങ്ങുകയായിരുന്നു. ഏതൊരു അവാര്‍ഡായാലും, അതിനെ ചുറ്റുപറ്റി വരുന്ന വിവാദങ്ങളോട് എനിക്ക് അമര്‍ഷമാണുള്ളത്. ഒന്നുകില്‍ അതിനെ അംഗീകരിക്കുക, അല്ലെങ്കില്‍ പൂര്‍ണ്ണമായും അതിനെ അംഗീകരിക്കാതിരിക്കുക. ഇപ്പോള്‍ മിക്ക വിവാദങ്ങളും, ജൂറി അങ്ങനെ പറഞ്ഞത് ശരിയായില്ല എന്നൊക്കെയാണ്. നമുക്ക് കിട്ടുമ്പോള്‍ ജൂറി പറഞ്ഞത് ശരിയും, കിട്ടാത്തപ്പോള്‍ ജൂറി പറയുന്നത് തെറ്റും എന്നു പറയുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല. അതൊരു വിശ്വാസം മാത്രമാണ്. ജൂറിയുടെ തീരുമാനത്തില്‍ നാമങ്ങ് വിശ്വസിക്കുക. അത് ഒരു ജൂറിയുടെ കാഴ്ചപ്പാടാണ്, പത്തോ പന്ത്രണ്ടോ പേരടങ്ങുന്ന സമിതിയുടെ കാഴ്ചപ്പാടില്‍ മികച്ചതിനെയാണ് അവര്‍ തിരഞ്ഞെടുക്കുക, അതിനെ മാനിക്കുക. ഞാന്‍ എന്നും അംഗീകാരങ്ങളെ പ്രോത്സാഹനമായും, അതിന്റെ ഒരു spirit-ലുമാണ് കണ്ടിട്ടുള്ളത്.
ജെ.കെ - പാഥേയം എന്ന മാഗസിന്‍ തന്നെ ഒരു ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിലെ സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മയില്‍ നിന്നും ജന്മം കൊണ്ട മാഗസിനാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളെക്കുറിച്ച് എന്താണ് അഭിപ്രായം?
സജി സുരേന്ദ്രന്‍ – എനിക്ക് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് എനിക്ക് ഇഷ്ടമാണ്. ഞാന്‍ Orkut, Facebook എന്നീ സൈറ്റുകളില്‍ സജീവമായിരുന്ന ഒരാളാണ്. ഇപ്പോഴും സമയം കിട്ടുമ്പോള്‍ അതില്‍ കയറുവാനും സംവദിക്കുവാനും പരമാവധി ശ്രമിക്കാറുണ്ട്. ഒരാളെ പോലും ഞാന്‍ reject ചെയ്യാറില്ല. Orkut – ല്‍ ഞാന്‍ രണ്ടാമതൊരു പ്രൊഫൈലും ഞാന്‍ തുടങ്ങിയിരുന്നു. എനിക്ക് നോക്കാന്‍ സമയമില്ലാത്ത സമയത്ത്, ഞാന്‍ എന്റെ സുഹൃത്തും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ മഹാദേവന്‍ തമ്പിയോട് പറഞ്ഞ്, എല്ലാ റിക്വസ്റ്റുകളും accept ചെയ്യിക്കാറുണ്ട്. എന്റെ ഈ സുഹൃത്തുക്കളും അവരുടെ കുടുംബവും മാത്രം നമ്മുടെ സിനിമ കണ്ടാല്‍ പോലും നമുക്ക് നല്ല കളക്ഷനായി, അതു മാത്രമല്ല, മറ്റു പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ accurate response അവരില്‍ നിന്നു കിട്ടും, പോസിറ്റീവായാലും, നെഗറ്റീവായാലും. ഒന്നുകില്‍ നിങ്ങളെ ഈ പണിക്ക് കൊള്ളൂല്ലാ, അല്ലെങ്കില്‍ നിങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടു, അങ്ങനെ Whatever it may be, നമുക്ക് response കിട്ടും. അതു വളരെ നല്ലതാണ്. ഇപ്പോള്‍ നോക്കിയാല്‍ ആരാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ഇല്ലാത്തത്, ലോകത്തെ പ്രമുഖരെല്ലാം, നടന്മാരും, രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം അതിലുണ്ട്. അതിനെക്കുറിച്ച് എനിക്ക് വളരെ പോസിറ്റീവായ അഭിപ്രായമാണ്. അതു ദുരുപയോഗം ചെയ്യുന്നു എന്നുള്ളത് ഇതിനെ തള്ളിക്കളയാനുള്ള കാരണമല്ല, എല്ലാത്തിനും നെഗറ്റീവ് വശമുണ്ടല്ലോ. നമ്മള്‍ അതിന്റെ പോസിറ്റീവ് എടുത്താല്‍ മതി.
ജെ.കെ – ഇന്നത്തെ കാലത്തെ അതൊരു അനിവാര്യതയായി മാറിയിട്ടില്ലേ?
സജി സുരേന്ദ്രന്‍ – തീര്‍ച്ചയായും, അതു മാത്രമല്ല, നമുക്ക് എത്രയോ പഴയ സുഹൃത്തുക്കളെ തിരിച്ചു കിട്ടിയിരിക്കുന്നു. സ്കൂളിലും കോളേജിലും ഒക്കെ കൂടെ പഠിച്ച പഴയകാല സുഹൃത്തുക്കളെയെല്ലാം ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റു വഴി തിരിച്ചു കിട്ടി. Almost എല്ലാ സ്കൂള്‍ ഫ്രണ്ട്സിനേയും ഇതിലൂടെയാണ് തിരിച്ചു കിട്ടിയത്. ഇപ്പോള്‍ സുബായിലൊക്കെ ചെല്ലുമ്പോള്‍ അവരാണ് മിക്കവാറും കൂട്ടിക്കൊണ്ടു പോകാന്‍ വരിക. പണ്ടോക്കെ ഇവരൊക്കെ എവിടെയാണ് എന്നു പോലും അറിയാത്ത അവസ്ഥയുണ്ടായിരുന്നു. ഇപ്പോഴാണെങ്കില്‍ ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വഴി എല്ലാവരേയുംനമുക്ക് തിരിച്ചു കിട്ടിയിരിക്കുന്നു. നമുക്ക് communicate ചെയ്യാനും വളരെയെളുപ്പമാണ്.
ജെ.കെ – ഇനി സീരിയലിലേക്കൊരു മടങ്ങിപ്പോക്കുണ്ടാവുമോ?
സജി സുരേന്ദ്രന്‍ - തീര്‍ച്ചയായും, ഹാപ്പി ഹസ്ബന്‍ഡ്സിനും ഫോര്‍ ഫ്രണ്ട്സിനുമിടയില്‍ ഞങ്ങള്‍ രണ്ടു ചാനലില്‍ ഒരു പ്രൊപോസല്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അതായത് ഞാനും കൃഷ്ണേട്ടനും അനി ചേട്ടനും, ഞങ്ങളുടെ ഒരു കൂട്ടായ്മയില്‍, ഞങ്ങളു തന്നെ നിര്‍മ്മിക്കുന്ന, എന്നും ഓര്‍മ്മയില്‍ നില്‍ക്കത്തക്കവണ്ണമുള്ള നല്ല പ്രൊജക്റ്റ് തരികയാണെങ്കില്‍, ഞങ്ങള്‍ അതു ചെയ്യാം എന്ന്. പക്ഷേ ഞങ്ങള്‍ക്ക് സിനിമ വന്നു കഴിഞ്ഞാല്‍ പോകാനുള്ള permission വേണം. ഇട്ടിട്ട് പോകുക എന്നല്ല, ഞങ്ങള്‍ വിശ്വാസമുള്ള ഒരു episode director നെ ഏര്‍പ്പെടുത്തിയിട്ട് ഞങ്ങള്‍ പോകും. രണ്ടു ചാനലുകളും ഇതിനെ പോസിറ്റീവായി കണ്ടിട്ടുണ്ട്, അതിന്റെ details submit ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. ഈ തിരക്കുകള്‍ അല്പം കുറഞ്ഞാല്‍ അതുമായി proceed ചെയ്യാനാണ് പ്ലാന്‍. അതു തീര്‍ച്ചയായിട്ടുമുണ്ട്. സീരിയല്‍ നമ്മുടെ തറവാടാണ്. അതു മറന്നിട്ടുള്ള ഒരു പരിപാടിയും ഇല്ല.
ജെ.കെ - പണ്ടൊക്കെ സീരിയലുകള്‍ 13 എപ്പിസോഡുകളായിരുന്നു. ഇപ്പോള്‍ എല്ലാം മെഗാ സീരിയലുകള്‍ ആണ്. പഴയ ഫോര്‍മാറ്റിലേക്ക് തിരിച്ചു പോകേണ്ട ആവശ്യകതയുണ്ടോ?
സജി സുരേന്ദ്രന്‍ – 13 ഉം ഉണ്ടായിരുന്നു 52ഉം ഉണ്ടായിരുന്നു. ശരിക്കും 52 എപ്പിസോഡുള്ളതാണ് നല്ലത്. നല്ല പ്രൊജക്ടുകള്‍ ചെയ്യാന്‍ പറ്റും, പത്മരാജന്റെ നക്ഷത്രങ്ങളേ കാവല്‍ പോലെയുള്ള സബ്ജെച്റ്റ്കള്‍ ചെയ്യണം എന്ന് എനിക്ക് ആഗ്രഹവുമുണ്ട്. പക്ഷേ അതില്‍ നമുക്കെത്ര revenue കിട്ടും എന്നു പറയാന്‍ കഴിയില്ല. ഒരു നിമ്മാതാവിന് പണം തിരിച്ചു കിട്ടുന്നത് എപ്പോഴും മെഗാസീരിയലിലൂടെയാണ്. 13 അല്ലെങ്കില്‍ 52 എപ്പിസോഡില്‍ മുതല്‍മുടക്ക് കൂടുതലും, revenue കുറവുമാണ്. സീരിയലുകള്‍ 20 മുതല്‍ 30 എപ്പിസോഡുകള്‍ കഴിയുമ്പോഴാണ് ഇത് റേറ്റിങില്‍ വരുന്നതും, അവിടം മുതല്‍, TAM rating വന്നതിനു ശേഷമാണ് addകള്‍ ലഭിക്കുന്നത്. അപ്പോഴേക്കും 13 എപ്പിസോഡുകള്‍ കഴിഞ്ഞു പോകില്ലേ? പണം നഷ്ടപ്പെടുത്താന്‍ കണക്കാകിയിട്ടേ അതെടുക്കാന്‍ കഴിയൂ. അല്ലെങ്കില്‍ അവാര്‍ഡുകളെ മുന്‍നിര്‍ത്തി മാത്രം. അതു കൊണ്ട്, 13 എപ്പിസോഡുകള്‍ തിരിച്ചു വരാന്‍, ചാനലുകള്‍ എത്രത്തോളം അതിനെ support ചെയ്യും എന്ന് എനിക്ക് സംശയമാണ്. വന്നാല്‍ തന്നെ, prime time (6:30-10:30) ഒരിക്കലും കിട്ടില്ല. ഈ അടുത്ത കാലത്ത് അമൃതാ ടിവിയൊക്കെ അത്തരം സീരിയലുകള്‍ ചെയ്തിരുന്നു, ക്ലാസിക്സ് എന്നു പറഞ്ഞു, പക്ഷേ അത് അധികം മുന്നോട്ടു പോയില്ല എന്നാണ് തോന്നുന്നത്. Revenue തിരിച്ചു വരില്ല, അതാണ് പ്രശ്നം.
ജെ.കെ – ഏതാണ് അടുത്ത പ്രൊജക്ട്?
സജി സുരേന്ദ്രന്‍ – അടുത്ത ചിത്രം, മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന താമരശ്ശേരി ടു തായലാണ്ട് എന്ന ചിത്രമാണ്. ഒരു out & out fun ചിത്രമാണ്. ചിരിപ്പിക്കാനുള്ള ഒരു ശ്രമമാണ്, ജനം ചിരിക്കുമോ എന്നെനിക്കറിയില്ല. പഴയ ധിം തരികിട ധോം, ഓടരുതമ്മാവാ ആളറിയാം അങ്ങനെ ഒരു ബഹളമയമായ സിനിമ. ജഗതി, ഇന്നസെന്റെ, നെടുമുടി വേണു, ലാല്‍, സുരാജ്, സിദ്ധിഖ്, സലീം കുമാര്‍, ഷാനു ഫാസില്‍, പുതിയ നായിക ആന്‍ അഗസ്റ്റിന്‍, കെ.പി,എ.സി ലളിത, കല്പന, ബിന്ദു പണിക്കര്‍ അങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക കോമഡി താരങ്ങളും സ്വഭാവ നടീനടന്മാരും ഇതിലുണ്ട്. ഷൂട്ടിങ് പുരോഗമിക്കുന്നു. റിലീസിങ് ഫൈനലൈസ് ചെയ്തിട്ടില്ല..
ജെ.കെ – അപ്പോള്‍ അവസാന ചോദ്യം. എന്താണ് ഡ്രീം പ്രോജെക്റ്റ് ?
സജി സുരേന്ദ്രന്‍ – (ചിരിയോടെ) ഡ്രീം പ്രോജെക്റ്റ് എന്ന ഒന്നിനെ പറ്റി ഞാന്‍ ഇപ്പോള്‍ ആലോചിച്ചിട്ടില്ല പ്രിയന്‍ സര്‍ ചെയ്ത കാലാപാനിപോലെ ദേശഭക്തിയും സോഷ്യല്‍ കമിറ്റ്മെന്‍റും ഒക്കെയുള്ള സിനിമകള്‍ മനസ്സില്‍ പലപ്പോളും എത്താറുണ്ട് പക്ഷേ ഇപ്പോ അത്തരം ഒരു സിനിമ ചെയ്യുന്നതിനെ പറ്റി ആലോചിച്ചിട്ടില്ല .ഇപ്പോളത്തെ ആഗ്രഹം മലയാള സിനിമയുടെ ഐക്കണുകളായ മമ്മൂട്ടി,മോഹന്‍ ലാല്‍ എന്നിവരെ വച്ച് സിനിമ ചെയ്യുക എന്നാണ്.
ജെ.കെ – ഇത്രയും തിരക്കിനിടയിലും പാഥേയത്തിന് വേണ്ടി ഇത്രയും സമയം വിലപ്പെട്ട സമയം ചിലവഴിച്ചതിന് നന്ദി രേഖപ്പെടുത്തുന്നു.ഒപ്പം മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഒരു സംവിധായകന്‍ ആയി മാറാട്ടെ എന്ന്‍ ആശംസിക്കുന്നു …
സജി സുരേന്ദ്രന്‍ – തിരക്കുള്ള ആളൊന്നും ആയില്ലെങ്കിലും ഇടക്കൊക്കെ പടം ചെയ്യാന്‍ പാടുന്ന ഒരാള്‍ ആയാല്‍ മതി എന്നാണ് ആഗ്രഹം. ഈ അവസരത്തില്‍ പാഥേയത്തോടും എന്റെ നന്ദി പ്രകാശിപ്പിക്കുന്നു. പാഥേയം ഉയരങ്ങളിലെത്തട്ടേ എന്നാശംസിക്കുന്നു. നന്ദി നമസ്കാരം.
ജെ.കെ – ഈ അവരത്തില്‍ ഈ മുഖാമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച രണ്ടു വ്യക്തികളെ ഞാന്‍ സ്നേഹപൂര്‍വം സ്മരിക്കുന്നു. ഈ അഭിമുഖത്തിനു വഴിയൊരുക്കിയ റീബാ റോയിയോടുള്ള പാഥേയത്തിന്റെ നന്ദി ഞാന്‍ ഈ അവസരത്തില്‍ പ്രകാശിപ്പിക്കുകയാണ്. അതു പോലെ, ഈ അഭിമുഖം യാഥാര്‍ത്ഥ്യമാകുവാന്‍ എല്ലാ സഹായങ്ങളും ചെയ്തു തന്നെ, പാഥേയം കുടുംബാംഗം ഷാജി വിജയനോടും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു. ഈ അഭിമുഖം നിങ്ങള്‍ക്കേവര്‍ക്കും ഇഷ്ടപ്പെട്ടു എന്നു കരുതട്ടേ. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി നമസ്കാരം.
ഈ അഭിമുഖം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ നോക്കുക.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...