Wednesday, February 8, 2012

മമ്മൂട്ടി:ഭാഷയും ദേശവും- വിധേയന്റെ ശബ്ദം;അധീശന്റെയും ( ഭാഗം പതിനൊന്ന്‍)

'ടേയ്...ഇല്ലി ബാരോ ബഡ്ഡിമകനേ'

തൊമ്മിയെന്ന വയനാടന്‍ കുടിയേറ്റകര്‍ഷകന്റെ അപകര്‍ഷതകളിലേക്ക് സാഡിസത്തിന്റെയും അസഹിഷ്ണുതയുടെയും വിത്തെറിഞ്ഞുവീഴുന്ന ഈ പട്ടേലര്‍ശബ്ദം വിധേയന്‍ എന്ന സിനിമയുടെ ആദ്യസംഭാഷണവും ചിത്രത്തിന്റെ ഭാഷാസവിശേഷതയിലേക്കള്ള കൈചൂണ്ടിയുമായിരുന്നു. സക്കറിയയുടെ 'ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലിനെ ആധാരമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഭാസ്‌കരപട്ടേലര്‍ എന്ന ദക്ഷിണകര്‍ണാടകക്കാരനായി മമ്മൂട്ടിയും തൊമ്മിയായി എം ആര്‍ ഗോപകുമാറുമാണ് വേഷമിട്ടത്. ഒരു വെടിയുണ്ടപോലെ പട്ടേലര്‍ ഉതിര്‍ക്കുന്ന ശബ്ദത്തിന്റെ പ്രതിഫലനവും പ്രതികരണത്തുടര്‍ച്ചയും തൊമ്മിയില്‍ ദര്‍ശിച്ച ശേഷം മാത്രമാണ് നാം പട്ടേലരെ ആദ്യമായി സ്‌ക്രീനില്‍ കാണുന്നത്. ഈ ചിത്രത്തില്‍ ഭാസ്‌കരപട്ടേലര്‍ രണ്ടുതരം സംഭാഷണശൈലികള്‍ക്കാണ് വക്താവാകുന്നത്. തനതുജനതയോടുള്ള ആശയവിനിമയത്തിനുപയുക്തമാക്കുന്ന ഭാഷയാണ് അതില്‍ ഒന്ന്;

പട്ടേലര്‍ -സരോജാ ,നോടെ പുട്ടാ ബന്താ.'' (സരോജാ,ഇതാ നമ്മുടെ മോന്‍.). നന്നമക കൂനൂര്‍ നല്ലി ഓദിദ്ദുസാഗു. ഇന്നു ഇല്ലെല്ലാദ്രു,ദിനാഹോ ഗിബറോ സ്‌കൂല്‍ഗേ സേര്‍സോണാ (എന്റെ മോന്‍ കൂനൂരില്‍ പഠിച്ചതോക്കെ മതി. ഇനി ഇവിടുന്നു പോയി വരാവുന്ന വല്ല സ്‌കൂളിലും ചേര്‍ക്കാം.)

അളിയന്‍ - ഹാഗേ ഹെളീേ്രദ അവനഭവിഷ്യകൂടാ നാവു നോടു ബേഡേ ? പുട്ടാ എല്ലാറജകളല്ലു ബര്‍ത്തിദാനല്ലാ. (പക്ഷേ അവന്റെ ഭാവി കൂടി നമ്മള്‍ നോക്കണ്ടേ. അവന്‍ എല്ലാ അവധിക്കും വരുന്നുണ്ടല്ലോ.)

അതേസമയം പ്രദേശവാസികളുമായി ഇടപഴകുമ്പോള്‍ പട്ടേലരുടെ ഭാഷ പ്രകടമായിത്തന്നെ മാറുന്നു. അത് കന്നടത്തിന്റെയും തുളുവിന്റെയും മലയാളത്തിന്റെയും ഭാഷാംശങ്ങള്‍, ഉച്ചാരണരീതിയിലെങ്കിലും, കൂടിച്ചേര്‍ന്നതാകുന്നു.
ഭാര്യയെ കൊല്ലാനുള്ള തീരുമാനം പട്ടേലര്‍ തൊമ്മിയോടു പറയുന്ന സന്ദര്‍ഭം ശ്രദ്ധിക്കുക

പട്ടേലര്‍ -എടാ ഞാനു നിന്റെ സരോജാക്കയെ കൊല്ലാനു പോകുന്നു.
തൊമ്മി - അരുതേ...അയ്യോ യജമാനരേ.
പട്ടേലര്‍ - നീ കൂടെ വേണം.
തൊമ്മി - അയ്യോ. എന്തിനാ യജമാനരേ അവരെ കൊല്ലുന്നത്.? നല്ല അക്കയല്ലേ അവര്‍
പട്ടേലര്‍ - അവളുടെ ഉപദേശ കേട്ടു ഞാനു മടുത്തു. എന്നെ ആരും ഉപദേശിക്കുന്നത് എനിക്ക് ഇഷ്ട ഇല്ല. നിനക്കറിഞ്ഞുകൂടേ. ഞാനു എനിക്കു തോന്നിയതുപോലെ ജീവിക്കും.
തൊമ്മി - അയ്യോ യജമാനരേ ! അക്കയെ എന്തിനാ കൊല്ലുന്നത്. അവര്‍ ഒരു വഴക്കും ഉണ്ടാക്കാറില്ലല്ലോ.
പട്ടേലര്‍ - അപകട ഉണ്ടായതുപോലെ വരുത്തണം. ഞാനു തോക്കുനിറക്കുന്നതുപോലെ ഇരിക്കും. അപ്പോളൂ നീ അവളെ ദിണ്ണയിലേക്കു വിളിക്കണം. അബദ്ധത്തില് വെടി തീരും പോലെ സംഭവിക്കും. ഞാനു വെടിവച്ചതാണെന്ന് ്‌വളു അറിയാനു പാടില്ല. ആ സങ്കടത്തില് അവളു മരിക്കരുത്. നീ സങ്കടപ്പെടണ്ട.. അവളുക്കൊരപകട വന്നതായി കരുതിയാലു മതി. നീ സാക്ഷി പറയണം. അവളുടെ ആങ്ങളമാരു അത്ര ശരിയല്ല.

തുളുനാട്ടുകാരനായ ഒരാള്‍ കന്നടവും തുളുവും മലയാളവും ഒരുപോലെ സംഭാഷണപ്രധാനമായ സാമൂഹ്യക്രമത്തില്‍ ബോധപൂര്‍വ്വം മലയാളം സംസാരിക്കവാന്‍ ശ്രമിക്കുമ്പോഴുള്ള ഭാഷയാണ് പട്ടേലരുടേത്. കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ വിപുലമായ ഭാഷ. ദ്രാവിഡഗോത്രത്തില്‍പ്പെട്ട തുളുഭാഷ തെക്കന്‍ കര്‍ണ്ണാടകത്തിലെ കല്യാണഗിരിപ്പുഴയുടെയും വടക്കന്‍ മലബാറിലെ ചന്ദ്രഗിരിപ്പുഴയുടെയും മധ്യേയുള്ള പ്രദേശത്തെ എട്ടുലക്ഷത്തോളം ജനങ്ങളുടെ വാമൊഴിയാണ്. ഇവിടെ നടന്നുവരുന്ന ഭാഷാപരമായ കൊണ്ടകൊടുക്കലുകളുടെ പ്രതീകാത്മകമായ അവതരണമാണ് ഉച്ചാരണശൈലിയിലെ വൈവിധ്യം കൊണ്ട് മമ്മൂട്ടി ആകര്‍ഷകമാക്കിയിരിക്കുന്നത്.

അടിസ്ഥാനപരമായി തുളു മുഖ്യഭാഷയെന്നു കരുതാവുന്ന ദക്ഷിണകര്‍ണ്ണാടകത്തില്‍ മലയാളവും കന്നടവും കൊങ്കിണിയുമൊക്കെ ചേര്‍ന്ന ഒരുതരം ഭാഷാമിശ്രമാണ് നിലനില്‍ക്കുന്നത്. ഇവിടേക്കുള്ള വ്യാപകമായ മലയാളികുടിയേറ്റത്തിന് നൂറ്റാണ്ടോളം പഴക്കമുണ്ട്. അതോടെ അന്നാട്ടുകാര്‍ മലയാളം പറയാന്‍ പഠിച്ചു; മലയാളികള്‍ തുളു പറയാനും . തുളു മാത്രമല്ല കന്നടയും കൊങ്കിണിയുമെല്ലാം ഭാഷണഭേദങ്ങളില്‍ ഉള്‍പ്പെട്ടു. അത്തരത്തില്‍ തുളുനാട്ടുകാരന്‍ പറയുന്ന മലയാളമാണ് ഭാസ്‌കരപട്ടേലരുടേത്. മലയാളത്തിന്റെ ഉച്ചാരണരീതി പട്ടേലര്‍ക്കു വഴങ്ങുന്നില്ല. തുളു പറയുന്നതുപോലെയാണ് അയാള്‍ മലയാളം പറയുന്നത്. വിധേയന്റെ കഥാഭൂമികയില്‍ എല്ലാ ഭാഗത്തുനിന്നുമുള്ള മലയാളികളുണ്ടെങ്കിലും മധ്യകേരളത്തില്‍ നിന്നുള്ള കുടിയേറ്റകൃസ്ത്യാനികളാണ് അധികവും. ദക്ഷിണകര്‍ണ്ണാടകത്തിലെ പുത്തൂര്‍ താലൂക്കും പരിസരവുമാണ് വിധേയനിലെ കഥാഭൂമിക. മംഗലാപുരത്തുനിന്ന് കുമാരധരനദിക്കും നേത്രാവതിക്കും ഇടയിലുള്ള ഉപ്പിനങ്ങാടി, നെല്ലിയാടി വില്ലേജ് വഴി സകലേശ് പുരത്തേക്ക്... പിന്നെ ഹാസനിലേക്കുള്ള ഹൈവേ... ഇവിടെയെല്ലാം രൂഢമൂലമായ കുടിയേറ്റമാണ് നടന്നിട്ടുള്ളത്. കാസര്‍കോഡ് ജില്ലയിലെ ബന്തടുക്ക വഴിയും ഇവിടേക്കെത്താം. സമ്മിശ്രഭാഷാസംസ്‌കാരമാണ് ഇവിടെയെല്ലാം പ്രകടമാകുന്നത്. മധ്യകേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ക്കും മുന്‍പെ കച്ചവടത്തിനും മറ്റുമായി മലബാര്‍ജില്ലകളില്‍ നിന്നുമെത്തിയ മുസ്ലീങ്ങളുടെ സംഭാഷണഭാഷ മലയാളമാണോയെന്നുപോലും തിരിച്ചറിയാനാവാത്തവിധം തുളുവും കൊങ്കിണിയും കന്നടയുമായി കൂടിക്കുഴഞ്ഞുകിടക്കുന്നു.

ഭാസ്‌കരപട്ടേലര്‍ക്കും തൊമ്മിക്കും ജീവന്‍ നല്‍കാന്‍ യഥാര്‍ത്ഥജീവിതത്തില്‍ നിന്നും രണ്ടു വ്യക്തികളെ കണ്ടെടുക്കുകയായിരുന്നു സക്കറിയ. രണ്ടു ദശാബ്ദത്തോളം മണ്ണഗുണ്ടിയില്‍ തോട്ടം നടത്തിയിരുന്ന സക്കറിയക്ക് കുടിയേറ്റക്കാരനും വസ്തു ഇടനിലക്കാരനുമായിരുന്ന കുഞ്ഞുകുഞ്ഞുചേട്ടനില്‍ നിന്നാണ് തൊമ്മിയെയും ഭാസ്‌കരപട്ടേലരെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഭാസ്‌കരപട്ടേലര്‍ എന്ന മുഖ്യകഥാപാത്രത്തിന് പ്രചോദനമായ ശേഖരപട്ടേലരെക്കുറിച്ചുള്ള സംഭവകഥകള്‍ വളരെ വിഭിന്നമായിരുന്നു.

മണ്ണഗുണ്ടിയില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെ ഉദിനചന്തയില്‍ കുഞ്ഞുകുഞ്ഞുചേട്ടന്റെ സഹോദരന്റെ കള്ളുഷാപ്പില്‍ കള്ളൊഴിച്ചുകൊടുക്കുന്ന ജോലിക്കാരനായിരുന്നു തൊമ്മി. കുഞ്ഞുകുഞ്ഞുചേട്ടന്‍ ഒരു ദിവസം തൊമ്മിയെ സക്കറിയക്കു കാട്ടിക്കൊടുത്തു. അന്നാണ് അയാള്‍ക്ക് ശേഖരപട്ടേലരില്‍ നിന്നും ഒളിവെടികൊണ്ട കഥ പറഞ്ഞതും. മംഗലാപുരത്ത് ഹോസ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും വെടിച്ചീളുകള്‍ പുറത്തെടുക്കുന്നത് ചെലവുള്ളകാര്യമായിരുന്നു. എന്നുമാത്രമല്ല അതവിടെയിരിക്കുന്നതുകൊണ്ട് കാര്യമായ പ്രശനങ്ങളൊന്നുമുണ്ടാകാന്‍ സാധ്യതയുമില്ലായിരുന്നു. അതുകൊണ്ടുതന്നെ വെടിച്ചീളുകള്‍ നീക്കം ചെയ്ിതില്ല. ചില്ലിരിക്കുന്ന ഭാഗം തൊമ്മി തന്നെയാണ് സക്കറിയക്കുകാട്ടിക്കൊടുത്തതും. ഇത്തരം നിരവധി സൂചനകളില്‍ നിന്നുമാണ് ഭാവനാഭരിതമായ കഥ സക്കറിയ എഴുതുന്നത്.'ഒരുതരം തുളുമലയാളമാണ് പട്ടേലരുടെ ഭാഷ.1982 മുതല്‍ 2000 വരെയുള്ള കാലത്തായിരുന്നു എനിക്കവിടെ തോട്ടമുണ്ടായിരുന്നത്. ഞാന്‍ പഠിച്ചത് മൈസൂറിലും ബാംഗഌരിലുമൊക്കെയായിരുന്നു. അതുകൊണ്ട് കന്നട എനിക്കറിയാം. അന്ന് ഹോസ്റ്റലിലും മറ്റും തുളു പറയുന്ന കുട്ടികള്‍ ധാരാളമുണ്ടായിരുന്നു; പ്രത്യേകിച്ചും മൈസൂറില്‍... വളരെ മധുരമുള്ള ഭാഷയാണ് തുളു. കൊച്ചുകുട്ടികള്‍ സംസാരിക്കുന്നതു പോലെയാണത്. ഞാന്‍ കണ്ട പട്ടേലരെ ഏറ്റവും ശക്തമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്. വളരെ ജനുവിനായ പെര്‍ഫോര്‍മന്‍സ്. ക്യാരക്ടറിനെ ഉള്‍ക്കൊണ്ടതുമാത്രമല്ല; എനിക്കു തോന്നുന്നത് മമ്മൂട്ടി അന്നാട്ടിലെത്തി വളരെ കഷ്ടപ്പെട്ട് ആ ഭാഷയുടെ ഇന്‍ോണേഷന്‍ നന്നായി പഠിച്ചിട്ടുണ്ടാവുമെന്നാണ് .സാധാരണനിലയില്‍ അത്തരം ഭാഷ നമ്മള്‍ വഴിയിലൊക്കെ നിന്നു കേള്‍ക്കുമ്പോഴും ഒരു ആര്‍ട്ടിസ്റ്റ് പ്രസന്റ് ചെയ്യുമ്പോഴും രണ്ടും രണ്ടു രീതിയിലാണ് വരുന്നത്. എന്നാലിവിടെ മമ്മൂട്ടി തുളുമലയാളം സംസാരിച്ചപ്പോള്‍ അതിന് വേറൊരു മാനം വന്നു ചേര്‍ന്നു. അദ്ദേഹമത് നന്നായി പഠിച്ച് അവതരിപ്പിക്കുകയാണുണ്ടായത്.'-സക്കറിയ പറയുന്നു

ഭാസ്‌കരപട്ടേലരുടെ കന്നടയും തുളുവും കലര്‍ന്ന ഭാഷ മറ്റു സിനിമകള്‍ക്കും പ്രചോദനമായി. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് അത്തരം സിനിമയാണ്. മലയാളഭാഷ അറിയാത്തതിനാല്‍ കുറ്റാരോപിതനായ ഒരു കര്‍ണ്ണാടകക്കാരന്‍ ബാലന്റെ കഥയാണത്. പിന്നീട് കാലാന്തരത്തില്‍ ഇന്നാട്ടുകാരുമായി കൂടുതല്‍ ഇടപഴകുന്ന അയാള്‍ കന്നടയും തുളുവും കലര്‍ന്ന മലയാളത്തിലാണ് സംസാരിക്കുന്നത്.

'വിധേയന്‍ എന്ന പടത്തിലെ മമ്മൂക്കയുടെ പ്രസന്റേഷന്‍ തന്നെയാണ് അതിന് ഇന്‍സ്പിറേഷനായത്. അതിലദ്ദേഹം ആ സ്ലാംഗ് നന്നായി അവതരിപ്പിച്ചിട്ടണ്ട്. എന്നാലത് ഒരു ക്ലാസ് ഓഡിയന്‍സ് മാത്രമേ കണ്ടിട്ടുള്ളൂ. അങ്ങനെയാണ് കോമണ്‍ ഓഡിയന്‍സിനു മൊത്തത്തില്‍ രസകരമാകുന്ന വിധത്തില്‍ ഈയൊരു ഭാഷ സംസാരിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചത്. കുറച്ചുവാക്കുകളേ എനിക്കു കന്നടയിലും തുളുവിലുമൊക്കെയായി അറിയാമായിരുന്നുള്ളൂ.. ഭാഷ കുറച്ചു സ്റ്റഡി ചെയ്യേിവന്നു. കന്നട ഭാഷയിലെ ഒരു അസിസ്റ്റന്റ് ഡയറക്ടറെ ഈ ഭാഷ മുന്‍നിര്‍ത്തി പോസ്റ്റ് ചെയ്തു. അയാളുടെ സഹായത്തോടെയാണ് ഷൂട്ടിംഗ് സമയത്ത് ഭാഷയില്‍ മാറ്റങ്ങള്‍  വരുത്തിയത്. ഭാഷ അറിയുന്ന ഒരാള്‍ കൂട്ടത്തില്‍ വേണമെന്ന് മമ്മൂക്ക തന്നെയാണ് ആവശ്യപ്പെട്ടത്. ലൊക്കേഷനില്‍ വച്ച് സ്‌ക്രിപ്റ്റിലെ പല വാക്കുകളും കന്നടയിലും തുളുവിലും ചേര്‍ക്കുന്നതിനുള്ള ഇന്‍സ്ട്രക്ഷനും മമ്മൂക്കയുടെ ഭാഗത്തുനിന്നുമുണ്ടായി. 'ചട്ടമ്പിനാടിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ഓര്‍ക്കുന്നു.

തുളുമലയാളങ്ങള്‍ക്ക് ഒരു കാലത്ത് ഒരൊറ്റ ലിപി നടപ്പുണ്ടായിരുന്നുവെന്നുവേണം കരുതാന്‍. തുളു ലിപി കാലഹരണപ്പെട്ടതെങ്ങനെയെന്ന് തുളു അക്കാദമി മുന്‍സെക്രട്ടറി പാല്‍ത്താഡി രാമകൃഷ്ണആചാര്‍ നിരീക്ഷിക്കുന്നതിങ്ങനെയാണ് : തുളുനാട് കര്‍ണ്ണാടകത്തിന്റെ അധീനതയിലായതോടെ തുളുവര്‍ക്കും കന്നട അനിവാര്യമായി. ഔദ്യോഗികഭാഷ കന്നടമായപ്പോള്‍ എഴുത്തുകുത്തുകളെല്ലാം ആ ഭാഷയിലായി. അങ്ങനെ കന്നടലിപി മേല്‍ക്കോയ്മ നേടി. തുളുഗ്രന്ഥങ്ങള്‍ കന്നടഭാഷയില്‍ എഴുതുന്ന പതിവ് തുടങ്ങിയതും അങ്ങനെയാണ്.

തുളുമഹാഭാരതവും വിഷ്ണുതുംഗന്റേതെന്നു കരുതുന്ന മഹാഭാഗവതവും പിന്നീട് ലഭ്യമായ കാവേരിമാഹാത്മ്യവും ദേവീമാഹാത്മ്യവുമടക്കമുള്ള പ്രാചീനകൃതികളെല്ലാം തുളു ലിപിയില്‍ എഴുതപ്പെട്ടവയായിരുന്നു. പിന്നീട് ബാസല്‍മിഷന്‍കാര്‍ രചനാപ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജിതമാക്കാനും തുളുലിഖിതസാഹിത്യത്തിന് കന്നട ലിപി വ്യാപകമാക്കാനും ഇടയൊരുക്കി. 'മത്തായന സുവാര്‍ത്തെ(മത്തായിയുടെ സുവിശേഷം)'യാണ് കന്നടലിപിയില്‍ അച്ചടിച്ച ആദ്യ തുളുകൃതി. കൃഷ്ണസാലിയനും മാധവപെരാജെയും മംവിട്ടലനുമടക്കം ഒട്ടേറെ പേര്‍ ഗദ്യസാഹിത്യത്തിലും മറ്റും വിരാജിച്ചതങ്ങനെയാണ്.

മന്ദരകേശവഭട്ടിന്റെ 'മന്ദരരാമായണ' ആധുനികകവിതാശാഖയിലെ പ്രമുഖരചനയാണ്.
മലയാളം, തുളു, കന്നട എന്നീ ഭാഷകളെല്ലാം ദ്രാവിഡ ഭാഷാഗോത്രത്തില്‍പ്പെട്ടവയാണെന്നതുകൊണ്ടു തന്നെ കൗതുകകരമായ സമാനതകളും ശ്രദ്ധേയമായ ഭിന്നതകളും അവക്കുണ്ടുതാനും. ഉദാഹരണത്തിന് മാനവേതരപ്രത്യയങ്ങള്‍ തന്നെയെടുക്കാം. തുളുഭാഷയില്‍ അവ രണ്ടുതരത്തിലാണുള്ളത്; ' ലു ' വും ' കുലു 'വും
ബോറി (കാള) - ബോറിലു (കാളകള്‍)
മര (മരം) - മരകുലു (മരങ്ങള്‍)
മലയാളത്തില്‍ ഈ സ്ഥാനത്ത് 'കല്‍' പ്രത്യയവും കന്നടത്തില്‍ 'ഗളു' പ്രത്യയവുമാണുള്ളത്
മരം- മരങ്ങള്‍ (മലയാളം)
മറ - മറഗളു (കന്നട)

മലയാളം,തുളു, കന്നട ബന്ധം വ്യക്തമാക്കുന്ന വാക്കുകളില്‍ ചിലത് ചുവടെ കൊടുക്കുന്നു.
്മലയാളം - വില, എതിര്‍ , കോഴി , പെണ്ണ്, വേണ്ട
തുളു - ബിലെ , എദിര് , കോറി , പൊണ്ണ് , ബോഡ്ചി
കന്നട - ബെലെ , എദുറു , കോളി , ഹെണ്ണു , ബേഡ


വിഭക്തിയിലും സര്‍വ്വനാമങ്ങളിലുമെല്ലാം കൗതുകകരമായ ഈ ബന്ധം നിലനില്‍ക്കുന്നു. ക്രിയാരൂപങ്ങളുടെ പ്രത്യേകത തന്നെ നോക്കൂ
നിങ്ങള്‍ എഴുതുന്നു(മലയാളം) - ബറെയുത്തീറി(കന്നട) - ബറെപറെ(തുളു)

അതിര്‍ത്തിഭാഷ മേല്‍ക്കൈ നേടിയ ഒട്ടേറെ രചനകള്‍ മലയാളത്തിലുമുണ്ട്. തുളുവും കന്നടയും സംഭാഷണഭാഷയായ അതിര്‍ത്തിഗ്രാമങ്ങളുടെ വികാരഭേദങ്ങള്‍ പങ്കുവക്കുന്ന ഈ കൃതികളുടെ ആകര്‍ഷണം തന്നെ മിക്കപ്പോഴും നാട്ടുഭാഷകളാണ്

'ഈ സഭെക്ക് ബത്ത്്ണ ശ്രീരാമഗ്ല ബാക്കി മാത്തെരഗ്ല സ്വാഗത. ചീയോദ കൃഷികര്‌ന സഭെ ആത്തിപ്പുണ്ടു. എനി മുളു നടപ്പുണെം സുമാര്‍ ദിനാന്ത് ഇന്‍ച്ചിനെ ഒഞ്ച് സഭെ നടപ്പാവൗഡുന്ത് യോജനെ മാര്‍പ്പുണെ...'
ശ്രീരാമയെ അധ്യക്ഷനായി വിളിച്ച് സ്വാഗതപ്രാസംഗികന്‍ വാക്കുകള്‍ അവസാനിപ്പിച്ചു. ശ്രീരാമ എഴുനേറ്റു
'ഏന് ലാസ്റ്റ്‌ഗെ പാത്തെര്‍വ്വെ. നിക്ക്‌ല് മാത്താര്‍ള നിക്ക്‌ല് അഭിപ്രായപണ്‍ലേ. എന്‍ക്കളെഗ് എഞ്ചിണ മണ്‍പൊളി '
നീലകണ്ഠന്‍ പതുക്കെ ചോദിച്ചു
'തുളു ഭാഷയാണോ '
സുബ്ബനായിക് തലകുലുക്കി.
' ഹൗതു . ഈടെ മറാഠിയും കറാഡഭാഷയും കന്നടയും വീട്ടില്‍ പറയ്ന്നവര്ണ്ട് പക്ഷേല് ഒന്നിച്ചുകൂടിയാല് എല്ലാവരും തുളുഭാഷയേ പറിയൂ'
(എന്‍മകജെ / നോവല്‍ / അംബികാസുതന്‍ മാങ്ങാട്)

തെയ്യം,യക്ഷഗാനം,പാവകളി,തുടിനൃത്തം തുടങ്ങിയ അനുഷ്ഠാനകലകളിലും തൗളവസങ്കല്‍പ്പം പ്രകടമാണ്. പാടിപ്പതിഞ്ഞതും സര്‍വ്വസാധാരണവുമായ പഴംപാട്ടുകള്‍ മിക്കതും തുളുനാടന്‍ജനതയുടെ ജീവനസാഹചര്യങ്ങളുടെ തുറന്നുപറച്ചില്‍ കൂടിയാണ്. കൂട്ടുകുടുംബങ്ങളെപ്പോലെ കഴിഞ്ഞിരുന്ന തുളുനാട്ടിലെ ജനവിഭാഗങ്ങള്‍ കാലക്രമേണ തൊഴില്‍ക്കൂട്ടങ്ങളായതിനെ ആധാരമാക്കിയുള്ള പഴം പാട്ടാണ് ചുവടെ;

മല്ല മല്ല ഒക്കെലാക്‌ലു
പട്ടണേരെ മെഗ്ദി ബാലെലു
മഡലേരെ പല്‍ദി ബാലെലു ലേലെലേലെലാ
കഡലേര് മഡലേര് പാല് പാല് കൊണ്ടെര്
പാല് മല്‍ത്തൊണ്ടേര്
ഒഡിദാംതി ഉപ്പുനീര കഡലകണ്ട
മരകലെര് പാല് ദെത്തെര്
ചപ്പെനീര നെലകണ്ട ബാറെഗെര്
പാല് ദെത്തെര്
കരെ ബരിതചീപ നീര മരനകല
ബെംദെര് മഡലെരെഡോ...

മലയാളഭാഷ ഈ ജനതയുടെ വാമൊഴിവഴക്കങ്ങളിലേക്കും തുളുനാടന്‍ ഭാഷാഭേദങ്ങള്‍ മലയാളികളിലേക്കും പരസ്പരപൂരകമായി ചേര്‍ന്നതോടെയാണ് അതിര്‍ത്തിഗ്രാമങ്ങളിലെ സമ്മിശ്രഭാഷ ഉടലെടുത്തത്. തുളു-മലയാളം ബന്ധത്തിന്റെ ഗാഢത തിരിച്ചറിയാന്‍ വടക്കന്‍പാട്ടുകള്‍ മാത്രം മതിയാവും. തുളുനാടന്‍ കളരിയും ,തുളുനാടന്‍ കോട്ടയും ,തുളുനാടന്‍ ഗുരിക്കളും തുളുനാടന്‍ വിദ്യയും വടക്കന്‍പാട്ടുകളുടെ ജീവസ്പന്ദങ്ങളാണ്. 'അമ്പരപ്പ,അഡുക്കള,കീശാന്തി,ഓലക്കുട' തുടങ്ങി തുളുനിഘണ്ടുവില്‍ നിന്നെടുത്ത നിരവധി പദങ്ങളും പരസ്പരാദേശങ്ങളിലൂടെ സമാനപദങ്ങളായിട്ടുണ്ട്. തുളു മലയാളസംസ്‌കാരത്തിന്റെ ഭാഗമായ പൊലിപ്പാട്ടുകള്‍ രണ്ട് നാടുകളിലെയും സാംസ്‌കാരികസമാനതയുമാണ്. കാസര്‍ഗോഡും അതിര്‍ത്തിപ്രദേശങ്ങളിലുമൊക്കെ ഭാഷാഭേദങ്ങളില്‍ വൈവിധ്യങ്ങള്‍ ഒട്ടേറെയുണ്ട്. ചെറുവത്തൂരും നീലേശ്വരത്തുമുള്ള മലയാളഭാഷാഭേദങ്ങളല്ല കാഞ്ഞങ്ങാടും ബേക്കലുമുള്ളത്. ഇപ്രകാരമുള്ള വടക്കന്‍ഭാഷാഭേദങ്ങളുടെ വൈവിധ്യത്തെ തെല്ലൊന്നുമല്ല തുളുഭാഷ പരിപോഷിപ്പിച്ചിട്ടുള്ളത്. തുളുനാട്ടിലെ പല ആചാരങ്ങളും പദങ്ങളും അതിര്‍ത്തി പ്രദേശങ്ങളിലേക്കു കടന്നുകയറിയതോടെ തെക്കന്‍ മലയാളത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമായൊരു ഭാഷാഭേദം രൂപപ്പെട്ടുവെന്നുവേണം പറയാന്‍. ബങ്കരമഞ്ചേശ്വരം, വൊര്‍ക്കാടി തുടങ്ങിയ അതിര്‍ത്തിപ്രദേശങ്ങളിലെ ഭാഷണമലയാളം മനസ്സിലാക്കാന്‍ പോലും പ്രയാസമാണ്. തുളു-കന്നട ഭാഷകളുടെ ആധിക്യവും അവ്യക്തമലയാളവും കൂടിച്ചേര്‍ന്ന ദുര്‍ഗ്രഹഭാഷാഭേദമായി ചിലപ്പോഴെങ്കിലും അതു മാറുന്നു.


കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.