Wednesday, January 9, 2008

കഥ പറയുമ്പോള്‍…. ഒരു നിരൂപണം…


ഈ ക്രിസ്ത്മസ്‌ അവധിക്കാലത്ത്‌ നാട്ടിലേക്കു പോയപ്പോള്‍, വളരെക്കാലത്തിനു ശേഷം, തീയേറ്ററില്‍ പോയി ഒരു സിനിമ കാണുവാനിടയായി. അങ്ങനെ ഒരു ആശയം മനസ്സിലുദിച്ചപ്പോള്‍ തന്നെ ഏതു സിനിമ എന്നൊരു ചോദ്യവുമുണ്ടായി. മലയാള സിനിമയുടെ നിലവാര തകര്‍ച്ച കാരണം സിനിമ കാഴ്ച ഒരു പരിധി വരെ ഉപേക്ഷിച്ചതിനാല്‍ തീയേറ്ററില്‍ പോകുന്നതിന്‌ പൊതുവേ ഒരു മടി ഉണ്ടായിരുന്നു. അനുദിനം മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ലാലേട്ടണ്റ്റെ സിനിമയായ ഫ്ളാഷാണ്‌ ആദ്യം പരിഗണനയ്ക്കെത്തിയത്‌. ആ അഭിപ്രായം പെട്ടെന്നു തന്നെ തള്ളിക്കളയപ്പെട്ടു. റോമിയോ, കങ്കാരു എന്നുള്ള്‌ പേരുകള്‍ കേട്ടപ്പോള്‍ തന്നെ പലരും അതൃപ്തി പ്രകടിപ്പിച്ചുവെങ്കിലും, അവസാനം കങ്കാരു കാണാന്‍ ഒരു തീരുമാനമായി. തീയേറ്ററില്‍ എത്തിയപ്പോള്‍ ടിക്കറ്റ്‌ കിട്ടാതിരുന്നതു കൊണ്ടുമാത്രം “കഥ പറയുമ്പോള്‍..” എന്ന ശ്രീനിവാസന്‍ മമ്മൂട്ടി ചിത്രത്തിനു കയറി. ഒരെയൊരു പ്രതീക്ഷ ശ്രീനിവാസണ്റ്റെ തിരക്കഥയിലായിരുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ ശ്രീനിവാസനും മുകേഷും ചേര്‍ന്നാണ്‌. സംവിധാനം നവാഗതനായ എം.മോഹനന്‍ ആണ്‌. ചിത്രം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഇഴച്ചില്‍ അനുഭവപ്പെട്ടു തുടങ്ങി. ഇതിനു കയറിയതു തന്നെ അബദ്ധമായോ എന്നു തോന്നി തുടങ്ങി. പക്ഷേ പതിവു പോലെ കഥ ശക്തമാകുകയും ഒരു ശുഭ പര്യവസായിയില്‍ എത്തുകയും ചെയ്തു.

പ്രണയിച്ചു വിവാഹം കഴിച്ച്‌ നാടുവിട്ട ബാലചന്ദ്രന്‍ (ശ്രീനിവാസന്‍) എന്ന ബാര്‍ബറിണ്റ്റെ കഥയാണിത്‌. ബാലചന്ദ്രന്‍ ഈരാറ്റുപേട്ടയില്‍ നിന്നും മേലുകാവില്‍ വന്ന്‌ താമസിക്കുകയാണ്‌, ഭാര്യയുടേയും കുട്ടികളുടേയുമൊപ്പം. അവിടെ അയാള്‍ക്കു നേരിടേണ്ടി വരുന്ന ദുരിതങ്ങളാണ്‌ ആദ്യ പകുതി വരച്ചു കാട്ടുന്നത്‌. സ്വന്തം ജോലിയില്‍ നിന്നു്‌ വേണ്ടത്ര വരുമാനം കിട്ടാതെ നട്ടം കറങ്ങുന്ന ബാലണ്റ്റെ ജീവിതത്തിലേക്ക്‌ കൂനില്‍മേല്‍ കുരുവെന്ന പോലെ അദ്ദേഹത്തിണ്റ്റെ പഴയ സുഹൃത്തും സൂപ്പര്‍സ്റ്റാറുമായ അശോക്‌ രാജ്‌ (മമ്മൂട്ടി) കടന്നു വരികയാണ്‌. ഒരു പിടി നീറുന്ന പ്രശ്നങ്ങള്‍ക്കു നടുവില്‍ ജീവിക്കുന്ന ബാലന്‌ ഈ പഴയ സൌഹൃദം ഒരു ഊരാക്കുടുക്കയി മാറുകയാണ്‌. ഈപ്പച്ചന്‍ മുതലാളിയും (ഇന്നസെണ്റ്റ്‌), വേണു മാഷും (മുകേഷും) കവി ദാസ്‌ വടക്കേമുറിയും (സലിം കുമാര്‍) മകളുടെ സ്കൂള്‍ ടീച്ചര്‍മാരും കാര്യ ലബ്ധിക്കായി ബാലനെ സമീപിക്കുന്നതോടെ പ്രശ്നം സങ്കീര്‍ണ്ണമാകുകയാണ്‌. ജീവിതത്തിണ്റ്റെ രണ്ടു തട്ടുകളില്‍ നില്‍ ക്കുന്ന ബാലനും അശോക്‌ രാജും തമ്മിലുള്ള സൌഹൃദം വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്‌. അതു തന്നെയാണീ സിനിമയുടെ കാതല്‍. ജഗദീഷിണ്റ്റെ ബാര്‍ബര്‍ സരസനും, കോട്ടയം നസീറിണ്റ്റേയും മാമുക്കോയയുടേയും കഥാപാത്രങ്ങള്‍ ഈ സിനിമയോട്‌ ചേറ്‍ന്നു നില്‍ക്കുന്നവയാണ്‌. ഒന്നാം പകുതിയില്‍, തണ്റ്റെ പിറകേ കൂടിയിരിക്കുന്നവരെ ഒഴിവാക്കാനായി പെടാപ്പാടുപെടുന്ന ബാലന്‍, രണ്ടാം പകുതിയില്‍, അശോക്‌ രാജിനെ കാണുവാനുള്ള് ശ്രമങ്ങളാണ്‌ നടത്തുന്നത്‌. അത്‌ ബാലണ്റ്റെ ഗതികേടുകൊണ്ടാണെന്ന്‌ വളരെ ഭംഗിയായി തന്നെ നമ്മെ അറിയിക്കുന്നുണ്ട്‌. ഒടുവില്‍, എല്ലാവരാലും അപമാനിതനാകുന്ന ബാലണ്റ്റെ അടുത്തേക്ക്‌ ഒരു സ്വാന്തനമായി അശോക്‌ രാജ്‌ കടന്നു വരുന്നതോടെ ഈ ചിത്രത്തിന്‌ തിരശ്ശീല വീഴുകയായി.

ഈ ചിത്രത്തെ മൊത്തമായി വിലയിരുത്തിയാല്‍, ഒരു നല്ല കുടുംബ ചിത്രം എന്നു തന്നെ പറയാം. ശ്രീനിവാസനും, മമ്മൂട്ടിയും, മീനയും, ശ്രീനിവാസണ്റ്റെ മകളായി അഭിനയിക്കുന്ന കുട്ടിയുടേയും അഭിനയം ശ്രദ്ധേയമാണ്‌. ഇതിലെ കഥാപാത്രങ്ങളെല്ലാം തന്നെ കഥയോടിണങ്ങിച്ചേരുന്നവയാണ്‌. ആരെയും നമുക്കൊരധികപറ്റായി പറയാന്‍ കഴിയുകയില്ല. പാത്ര രചന മനോഹരം എന്നു തന്നെ പറയാം. ചിത്രം തുടങ്ങുന്നത്‌ തന്നെ ബാലന്‍ എഴുതിയ ഒരു കത്ത്‌ വായിച്ഛു കൊണ്ടാണ്‌. ആക്ഷേപ ഹാസ്യത്തിന്‌ ഒരു നല്ല ഉദ്ദാഹരണമാണിത്‌. പക്ഷേ വളരെ ചെറിയ ഒരു കഥാപാത്രത്തിനായി ജഗതി ശ്രീകുമാറിനെ അവിടെ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നോ എന്നൊരു സംശയം തോന്നി. ഈ ചിത്രത്തിലെ ഗാനങ്ങളും വളരെ മനോഹരങ്ങളാണ്‌. അനില്‍ പനച്ചൂരാന്‍ എന്ന രചയിതാവ്‌ ഇതിനൊരു പ്രത്യേക അഭിനന്ദനം അറ്‍ഹിക്കുന്നു. വ്യത്യസ്ത്നാമൊരു എന്ന ഗാനം വ്യത്യസ്തമായി ആലപിച്ചിരുക്കുന്ന പ്രദീപ്‌ പള്ളുരുത്തി തണ്റ്റെ കഴിവ്‌ വിളിച്ചറിയിച്ചിരിക്കുകയാണ്‌. മമ്മൂട്ടി പാടി അഭിനയിച്ചിരിക്കുന്ന ഗാനം കഥയെ സംബന്ധിച്ച്‌ അനാവശ്യമെങ്കിലും മനോഹരമായ ആലാപന ശൈലിയിലൂടി വിനീത്‌ ശ്രീനിവാസന്‍ കയ്യടി നേടുന്നു. എടുത്ത്‌ പറയേണ്ട മറ്റൊരു ഘടകം പി.സുകുമാറിണ്റ്റെ ഛായാഗ്രഹണമാണ്‌. ഒരു നാട്ടിന്‍ പുറത്തിണ്റ്റെ ഭംഗി അദ്ദേഹം ക്യാമറയാല്‍ ഒപ്പിയെടുതിരിക്കുന്നു

രാജാമണിയുടെ പശ്ചാത്തല സംഗീതം വളരെ മനോഹരമായിരിക്കുന്നു. ചിത്രത്തിലുടനീളം കേള്‍പ്പിക്കുന്ന ഒരു സംഗീത ശകലം ഹൃദയ സ്പര്‍ശിയാണ്‌. മനസ്സിലെ നൊമ്പരങ്ങളെ തൊട്ടുണര്‍ത്തുന്ന രംഗങ്ങളില്‍ ഈ പശ്ചാത്തല സംഗീതം നമ്മുടെ മനസ്സിലൊരു പിടച്ചില്‍ ഉണ്ടാക്കുക തന്നെ ചെയ്യും. ശ്രീനിവാസണ്റ്റെ തിരക്കഥകളുടെ മൂര്‍ച്ഛ കുറയുന്നുണ്ടോ എന്നൊരു സംശയവും തോന്നി. ആക്ഷേപ ഹാസ്യം നന്നയി ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ചില തമാശകള്‍ പഴയ പോലെ ഏശുന്നില്ല എന്നുള്ളത്‌ ഒരു വസ്തുതയാണ്‌. അതു പോലെ ശ്രീനിവാസണ്റ്റെ സ്ഥിരം കളിയാക്കലുകളായ പൊക്കമില്ലായ്മയും ഇരുണ്ട നിറവും ഇതിലുണ്ട്‌. അതൊരു ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നില്ലെ എന്നൊരു സംശയമുളവാക്കുന്നു. ഇതൊക്കെയാണെങ്കിലും ഇതിണ്റ്റെ അവസാന രംഗങ്ങള്‍ നമ്മെ പഴയ സൌഹൃദങ്ങളെക്കുറിച്ചോര്‍മ്മിപ്പിക്കുകയും, കണ്ണുകളെ ഈറനണിയികുകയും ചെയ്യും. യഥാര്‍ത്ഥ സുഹൃദ്‌ ബന്ധം എന്താണെന്നൊരു സന്ദേശവും ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്‌. മമ്മൂട്ടിയുടെ അശോക്‌ രാജെന്ന സൂപ്പറ്‍ സ്റ്റാറ്‍ കഥാപാത്രം സംസാരിക്കുന്നത്‌ മുഴുവന്‍ മലയാള സിനിമയിലെ മോശം പ്രവണതകളെക്കുറിച്ചാണ്‌. ഫാന്‍സിനും ലോബികള്‍ക്കുമെതിരെ ശ്രീനിവാസന്‍ ആ കഥാപാത്രത്തിലൂടെ ആഞ്ഞടിച്ചിരിക്കുന്നു. മോശം സിനിമകള്‍ കാണേണ്ടന്നും അവയെ പ്രോത്സാഹിപ്പിക്കരുതെന്നും, സിനിമകളിലെ കഥാപാത്രത്തങ്ങളെ സൃഷ്ടിച്ചവറ്‍ക്കു മതിയായ അംഗീകാരം നല്‍കണം എന്നുള്ള സംഭാഷണ ശകലങ്ങള്‍ മലയാള സിനിമയില്‍ പല അവിഭാജ്യ കഥാപാത്രങ്ങള്‍ക്കുമെതിരെയുള്ള ഒരു താങ്ങല്‍ തന്നെയാണ്‌..

വളരെക്കാലത്തിനു ശേഷം ഒരു നല്ല സിനിമ, അല്ല ഒരു നന്‍മ നിറഞ്ഞ ചിത്രം കണ്ട സംതൃപ്തിയോടെയാണ്‌ ഞാന്‍ തീയേറ്ററില്‍ നിന്നിറങ്ങിയത്‌. കൂടെ പുറത്തിറങ്ങിയവരില്‍ പലരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നത്‌ കണ്ടപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി, ഈ സിനിമ എന്നെ മാത്രമല്ലാ സ്വാധീനിച്ചിട്ടുള്ളതെന്ന്‌… ഒരവസരം കിട്ടുകയാണെങ്കില്‍ തീറ്‍ച്ചയായും ഈ ചിത്രം എല്ലാവരും കാണേണ്ടതു തന്നെയാണ്‌…

കഥ, തിരക്കഥ, സംഭാഷണം : ശ്രീനിവാസന്‍
ഗാനങ്ങള്‍ : അനില്‍ പനച്ചൂരാന്‍, ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം. ജയചന്ദ്രന്
‍നിര്‍മ്മാണം: ശ്രീനിവാസന്‍-മുകേഷ്‌.
സംവിധാനം: എം.മോഹനന്‍.
അഭിനേതാക്കള്‍: ശ്രീനിവാസന്‍, മമ്മൂട്ടി, മീന, മുകേഷ്‌, ഇന്നസെണ്റ്റ്‌, ജഗദീഷ്‌, സുരാജ്‌ വെഞ്ഞാറമൂട്‌, സലീം കുമാറ്‍.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.