Wednesday, January 30, 2008

നിയോഗം - ഒരു ചെറുകഥ

ഭാഗം - 1

"കുന്ദമംഗലം.. കുന്ദമംഗലം..." ബസ്സിലെ ക്ളീനറുടെ വിളികേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്‌. എനിക്കിറങ്ങേണ്ട സ്ഥലമായിരിക്കുന്നു. ബസ്സില്‍ കയറിയിരുന്ന്‌ എന്തൊക്കെയോ ആലോചിച്ചങ്ങുറങ്ങിപ്പോയി. വളരെക്കാലത്തിനു ശേഷം കുന്ദമംഗലത്തു ഞാന്‍ കാലുകുത്തുകയാണ്‌. കൃത്യമായി പറഞ്ഞാല്‍ 32 വര്‍ഷം. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ എണ്റ്റെ ജീവിതത്തില്‍ നിന്നും പറിച്ചെറിഞ്ഞൊരേടാണീ ഗ്രാമം. പക്ഷേ, ഇപ്പോളിതാ ആ പഴ്‌യ കടപ്പാട്‌ എന്നെ വീണ്ടുമീ മണ്ണില്‍ എത്തിച്ചിരിക്കുന്നു. ഒരിക്കല്‍ പോലും വരണമെന്നാഗ്രഹിച്ചതല്ല. മാധവേട്ടന്‍ വിളിച്ചാല്‍ പിന്നെ വരാതെ വയ്യല്ലോ? അത്രക്കുണ്ടാ ആത്മ ബന്ധം. ഇടക്കിടെ കത്തുകളിലൂടെ ബന്ധം പുതുക്കിയിരുന്നുവെങ്കിലും, 32 വര്‍ഷത്തിണ്റ്റെ അകലം ഉണ്ടാ ബന്ധത്തിനിപ്പോള്‍. അസുഖം കലശലാണ്‌, അവസാനത്തെ ആഗ്രഹം എന്ന നിലയിലെങ്കിലും വന്നു കൂടെ എന്ന സരോജേച്ചിയുടെ കത്തു കണ്ടപ്പോള്‍ പിന്നെ ഒന്നും ഓര്‍ത്തില്ല. ശ്രീദേവിയെ വിളിച്ചു, ഒരു യാത്ര പോകയാണ്‌, നാളെയെ എത്തു എന്നു പറഞ്ഞു. ഫ്ളാറ്റില്‍ ചെന്നു അത്യാവശ്യം വേണ്ട രണ്ട്‌ ജോഡി ഡ്രെസ്സുകള്‍ എടുത്തിറങ്ങിയതാണ്‌.

കവലയില്‍ ഇറങ്ങിയപ്പോള്‍ മറ്റെവിടേയോ വന്നിറങ്ങിയ പ്രതീതി. കുന്ദമംഗലം ആകെ മാറിയിരിക്കുന്നു. കാലത്തിനൊപ്പമുള്ള ഒരു മുന്നേറ്റം എന്നു തന്നെ പറയാം. പരമു നായരുടെ ചായക്കടയിരുന്നിടത്തിപ്പോള്‍ ഒരു വെജിറ്റേറിയന്‍ ഹോട്ടലാണ്‌. കൌണ്ടറിലിരിക്കുന്ന ആളെ പരിചയമില്ല. ഒരു പക്ഷേ പരമു നായരുടെ മകനാവും. അതിനടുത്തുണ്ടായിരുന്ന ബാറ്‍ബറ്‍ ഷാപ്പിനും രൂപ ഭാവം സംഭവിച്ചിരിക്കുന്നു. അതൊരു മെന്‍സ്‌ ബ്യൂട്ടി പാറ്‍ലറ്‍ ആയി മാറിയിരിക്കുന്നു. ചെറു ചെറു കെട്ടിടങ്ങള്‍ മാറി വലിയ ഇരുനില കെട്ടിടങ്ങളും മറ്റും വന്നിരിക്കുന്നു. കുന്ദമംഗലം പുരോഗമിച്ചു എന്നു പറയാതെ വയ്യ. എണ്റ്റെ കണ്ണുകള്‍ ചുറ്റും പരതിയത്‌ ഞാന്‍ ഒരുകാലത്ത്‌ വിഹരിച്ചിരുന്ന ആ വായനശാലയായിരുന്നു. പക്ഷേ അതവിടെയൊന്നും കാണുവാന്‍ കഴിഞ്ഞില്ല. കുറച്ചു കൂടി മുന്നോട്ട്‌ നടന്നപ്പോള്‍ വായനശാലയുടെ ബോറ്‍ഡ്‌ ഞാന്‍ കണ്ടു. ജീറ്‍ണ്ണിച്ചവശതയിലായതു പോലെയുണ്ടത്‌. അതിനു നേരെ ഒരു നിമിഷം നിന്ന്‌ നെടുവീറ്‍പ്പിട്ടു കൊണ്ട്‌ ഞാന്‍ മുന്നോട്ടു നടന്നു. വളരെയധികം മാറ്റങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഭഗവതിക്കാവിലേക്കുള്ള വഴി അവിടെ കണ്ട ഒരു പെട്ടിക്കടക്കാരനോട്‌ ചോദിച്ചു. അയാള്‍ ചൂണ്ടിക്കാണിച്ച വഴിയേ ഞാന്‍ നടന്നു തുടങ്ങി...

കാലം എത്രകണ്ടു മുന്നോട്ടു പോയി എന്നെനിക്കു മനസ്സിലായത്‌ ഞാന്‍ മുന്നോട്ടു നടക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ്‌. കുന്ദമംഗലം കവലയില്‍ നിന്നും ഭഗവതിക്കാവിലേക്ക്‌ ഒരു ഇടവഴി മാത്രമായിരുന്നു പണ്ട്‌. ഉയരം കൂടിയ ഭിത്തികളുള്ള ഒരിടവഴി, അതിനിരുപുറവും ഇടതൂര്‍ന്ന മരങ്ങള്‍, അതവസാനിക്കുന്നത്‌ ഒരു വലിയ പാടശേഖരത്തിണ്റ്റെ അടുത്തായിരുന്നു. അതിനപ്പുറത്താണ്‌ ഭഗവതിക്കാവ്‌. ഈ ഇടവഴി എനിക്കെന്നുമൊരു പേടി സ്വപ്നമായിരുന്നു. പാമ്പുകളും മറ്റ്‌ ഇഴജന്തുക്കളും പകല്‍ സമയം പോലും കാണുന്ന സ്ഥലമാണത്‌. പൊതുവേ ആള്‍സഞ്ചാരവും കുറഞ്ഞ ഇടവഴി. ഇന്നതിനു മാറ്റം വന്നിരിക്കുന്നു. അതൊരു ചെറു വഴിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വഴിയിലൂടെ പതുക്കെ മുന്നോട്ട്‌ നടക്കുമ്പോള്‍ എണ്റ്റെ മനസ്സില്‍ മുഴുവനും, വഴിക്കൊടുവിലുള്ള പാടശേഖരവും, അതിലെ ആ കാറ്റുമായിരുന്നു. പണ്ടൊക്കെ സ്ഥിരമായി ആ കാറ്റുകൊണ്ട്‌ വരമ്പത്തിരുന്നിട്ടുണ്ട്‌. നെല്‍ക്കതിരില്‍ ചുംബിച്ചുകൊണ്ടു്‌ കടന്നു വരുന്ന ആ കാറ്റിന്‌ ഒരു പ്രത്യേക സുഗന്ധമായിരുന്നു. പാടത്തിനരികിലൂടൊഴുകുന്ന ചെറു തോട്ടിലെ പരല്‍മീനുകളുമായി കളിക്കുന്ന ഒരു കാലവും വര്‍ഷങ്ങള്‍ക്കു മുന്നെ ഉണ്ടായിരുന്നു. വര്‍ഷകാലങ്ങളില്‍ ഒരു മീന്‍പിടുത്ത കേന്ദ്രമായി മാറുമെന്നൊരു പ്രത്യേകതയും ഈ പാടത്തിനുണ്ട്‌.

പക്ഷേ ആ ചെറുവഴിക്കൊടുവില്‍ എന്നെ സ്വാഗതം ചെയ്തത്‌ ആ പാടശേഖരമായിരുന്നില്ല. ഒരു വലിയ മൈതാനമായിരുന്നു. അതില്‍ അങ്ങിങ്ങായി ചില വലിയ കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌. അതിനു നടുവിലൂടെ ഒരു ടാറിട്ട റോഡ്‌. ഇരു വശങ്ങളിലേയും സ്ഥലങ്ങള്‍ മുള്ളുകമ്പികള്‍കൊണ്ട്‌ കെട്ടി തിരിച്ചിരിക്കുന്നു. ഏതോ ഒരു വലിയ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിണ്റ്റെ ഒരു സൂചന.ഞാന്‍ ആ ചേറു തോടിനായി കണ്ണോടിച്ചുവെങ്കിലും, അതിണ്റ്റെ ലാഞ്ജന പോലുമുണ്ടായിരുന്നില്ല. പിന്നേയും മുന്നോട്ടു നടന്നോപ്പോള്‍ ഭഗവതിക്കവില്‍ നിന്നാണെന്നു തോന്നുന്നു, ഒരു ഭക്തി ഗാനം ഒഴുകി വരുന്നു. കുറച്ചുകൂടെ നടന്നപ്പോള്‍ മനസ്സിലായി, ഞാന്‍ കണ്ടത്‌ കേരളത്തിലേക്ക്‌ പുതിയതായി വരുന്ന ടെക്നോ സിറ്റിയുടെ നിര്‍ദ്ദിഷ്ട കാമ്പസാണെന്ന്‌. പതിയെ നടന്നു ഞാന്‍ മറ്റൊരു കവലയിലെത്തി. ഏതാനും മുറുക്കാന്‍ കടകളും ചെറിയ ഹോട്ടലുമുള്ള ഒരു ചെറിയ കവല. അവിടെ നിന്നും ഞാന്‍ ഭക്തി ഗാനം കേള്‍ ക്കുന്ന സ്ഥലത്തെ ലക്ഷ്യമാക്കി നടന്നു. ഒടുവില്‍ ഞാന്‍ ഭഗവതി ക്ഷേത്രത്തിണ്റ്റെ സമീപമെത്തി. ആ നാടിനെന്ന പോലെ കാവിനുമുണ്ട്‌ മാറ്റങ്ങള്‍, ചുറ്റുമതില്‍ വന്നിരിക്കുന്നു. ഉള്ളിലും ഒരു പുനരുദ്ധാരണം നടന്ന ലക്ഷണങ്ങള്‍ ഉണ്ട്‌. കാവിനു പിറകിലെത്തിയപ്പോള്‍ ചിറ്റേടത്തെക്കുള്ള ഇടവഴി ഇപ്പോഴുമുണ്ടാകുമോ എന്നുള്ള ഒരു സംശയം മനസ്സിലുണ്ടായിരുന്നു... പക്ഷേ അതിനൊരു മാറ്റവുമുണ്ടായിരുന്നില്ല....

ആ ചെറു വഴിയിലൂടെ മുന്നോട്ടു നടന്നപ്പോള്‍, അവിടൊന്നും അധികം മാറിയിട്ടില്ല എന്നു തോന്നി. സര്‍പ്പക്കാവും അതിലെ വന്‍മരങ്ങളുമെല്ലാം അതു പോലെ തന്നെയുണ്ട്‌. അല്‍പം കാടു പിടിച്ചിട്ടുണ്ടോ എന്നൊരു സംശയം. വഴികണ്ടിട്ടഥികം കാല്‍പെരുമാറ്റം ഇല്ലാത്ത ഒന്നു പോലെ തോന്നി. നേരം സന്ധ്യമയങ്ങിയതിനാല്‍ വളരെ സൂക്ഷിച്ചാണു ഞാന്‍ മുന്നോട്ടു നീങ്ങിയത്‌. കുറച്ചു നടന്നതോടെ, അകലെ പടിപ്പുര കണ്ടു തുടങ്ങി. അതിനടുത്തേക്കു നടന്നു നീങ്ങിയപ്പോള്‍ പഴയ ഓറ്‍മ്മകള്‍ മനസ്സില്‍ തിരതല്ലി തുടങ്ങി. ഒടുവില്‍ ആ പടിപ്പുരയുടെ അടുത്തെത്തിയപ്പോള്‍, അതിണ്റ്റെ ഇന്നത്തെ അവസ്ഥ എനിക്കു വിശ്വസിക്കുവാനായില്ല. ജീറ്‍ണ്ണിച്ചു പൊളിഞ്ഞു വീഴാറായ പടിപ്പുര. പാതിയിലധികം ഓടുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. പടിപ്പുര വാതിലും തകറ്‍ന്ന നിലയില്‍. ആരും ഉപയോഗിക്കാറില്ല എന്നു തോന്നി. പതുക്കെ പടിപ്പുര വാതില്‍ തള്ളിത്തുറന്നു. ഒരു കര കര ശബ്ദത്തോടെ അതെണ്റ്റെ മുന്നില്‍ തുറന്നു നിന്നു. അവിടെ വരെ ആവേശപൂറ്‍വ്വം നടന്നു വന്ന എനിക്ക്‌ മുന്നോട്ട്‌ നടക്കുവാന്‍ സാധിച്ചില്ല. പഴയ ഓറ്‍മ്മകള്‍ എന്നെ പിന്നോട്ടു വലിച്ചു. കുട്ടിക്കാലത്ത്‌ പല തവണ ഓടിക്കളിച്ച മുറ്റമാണിത്‌. ഒരു വാല്യക്കാരണ്റ്റെ മകന്‍ എന്നതിലുപരി സ്വന്തം മകനെപ്പോലെയാണ്‌ തമ്പുരാന്‍ എന്നെ കണ്ടിരുന്നത്‌. അതു കൊണ്ടു തന്നെ കൊച്ചു തമ്പുരാന്‍ എനിക്കു മാധവേട്ടനായി. കളിയും ചിരിയും പഠനവുമെല്ലാം ഒരുമിച്ച്‌. മാധവേട്ടനും എന്നെ ഒരനുജനെപ്പോലെ കണ്ടിരുന്നതിനാല്‍ എനിക്ക്‌ തറവാട്ടില്‍ നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു. തറവാട്ടു വക കുളത്തില്‍ മുങ്ങാം കുഴിയിടുന്നതും, വയല്‍ വരമ്പുകളിലൂടെ ഓടിക്കളിക്കുന്നതുമെല്ലാം എണ്റ്റെ മനസ്സിലേക്കു കടന്നു വന്നു. പക്ഷേ എണ്റ്റെ മനസ്സിലേക്ക്‌ വീണ്ടും വീണ്ടും കടന്നുവന്നത്‌ കുറവന്‍മലയിലെ സ്വാമീ ക്ഷേത്രമായിരുന്നു. വളരെ ദുര്‍ഘടമായ പാതയിലൂടെ ഏകദേശം മൂന്നു മണിക്കൂറ്‍ മലകയറിയാലേ കുറവന്‍മലയുടെ മുകളിലുള്ള ആ ക്ഷേത്രത്തിലെത്താന്‍ കഴിയൂ. വളരെ സാഹസികമായ ആ യാത്ര ഞങ്ങളുടെ ഒരു രഹസ്യ വിനോദമായിരുന്നു. പടിപ്പുരയില്‍ നിന്നും ഒന്നു പാളി തെക്കോട്ടു നോക്കിയപ്പോള്‍ ഇരുട്ടില്‍ അവ്യക്തമായി കുറവന്‍മല തെളിഞ്ഞു കണ്ടു.

പടിപ്പുരയില്‍ നിനും മുന്നൊട്ടിറങ്ങി, പതിയെ പൂമുഖത്തെ ലക്ഷ്യമാക്കി നടന്നു. ആ തുളസിത്തറ അതു പോലെ തന്നെയുണ്ടവിടെ. കാവില്‍ നിന്നും ദീപാരാധനയുടെ മേളം കേട്ടു തുടങ്ങി. പൂമുഖത്തെങ്ങും വെളിച്ചം കാണാതിരുന്നപ്പോള്‍ അവിടെയാരുമില്ലെ എന്നു തോന്നി. പൂമുഖത്ത്‌ പണ്ടെയുള്ള മണിയടിക്കാന്‍ തുടങ്ങിയപ്പോള്‍, മുന്‍ വശത്തെ വാതില്‍ തുറന്ന്‌ ഒരു ചെറിയ പെണ്‍കുട്ടി പുറത്തേക്കു വന്നു. അവള്‍ വന്നത്‌ സന്ധ്യാ ദീപവുമായാണ്‌. പടിയിറങ്ങി തുളസിത്തറയില്‍ തിരി വച്ചു തിരിഞ്ഞപ്പോഴാണവള്‍ എന്നെ ശ്രദ്ധിച്ചതു തന്നെ. ഒരു നിമിഷം തുറിച്ചു നോക്കിയതിനു ശേഷം, ഉടനെ വന്നു ചോദ്യം. "ആരാ? എന്തു വേണം?"

പ്രായത്തിനൊപ്പിച്ചുള്ളതിനേക്കാള്‍ ഗൌരവം മുഖത്തു കണ്ടതിനാല്‍, ഞാന്‍ ഒരു ചിരിയോടെ നോക്കി നിന്നു.

"നിങ്ങളോടല്ലെ ചോദിച്ചത്‌ എന്തു വേണമെന്ന്‌?, ചെവി കേള്‍ക്കില്യാന്നുണ്ടോ?", അവള്‍ ദേഷ്യത്തോടെ ചോദിച്ചു.

ഞാന്‍ വീണ്ടും ചിരിച്ചു. മാധവേട്ടണ്റ്റെ മകളായിരിക്കും, അല്ല മാധവേട്ടണ്റ്റെ മകള്‍ തന്നെ, തീറ്‍ച്ച... ‌. അതേ പ്രകൃതം. അവള്‍ ദേഷ്യപ്പെട്ടുകൊണ്ട്‌ അകത്തേക്ക്‌ നടന്നു. പോകുന്ന വഴിയെ വിളിച്ചു പറഞ്ഞു. "അമ്മേ, ദേ ആരോ വന്നിരിക്കുന്നു. പൊട്ടനാണെന്നു തോന്നുന്നു, ചോദിച്ചിട്ടൊന്നും മിണ്ടണില്യ!".

ഒരു നിമിഷം ഞാനവിടെ കാത്തു നിന്നു. അകത്തു നിന്നും കുലീനത്വം നിറഞ്ഞ ഒരു സ്ത്രീ ഇറങ്ങി വന്നു. ഒരൊറ്റ നോട്ടത്തില്‍ തന്നെ എനിക്കാളെ മനസ്സിലായി, സരോജേച്ചി. മാധവേട്ടണ്റ്റെ കല്യാണത്തിന്‌ കണ്ടതാണ്‌ ചേച്ചിയെ. അധികം മാറ്റമൊന്നുമില്ല. അല്‍പം ക്ഷീണിച്ചിരിക്കുന്നു. മുടിയില്‍ നര വീണു തുടങ്ങിയിരിക്കുന്നു. അവറ്‍ പതുക്കെ നടന്നുവന്ന്‌ എന്നോടായി ചോദിച്ചു, " ആരാ? എവിടെ നിന്നും വരുന്നു? എന്തു വേണം?".

ഞാന്‍ ചിരിച്ചു കൊണ്ട്‌ ചോദിച്ചു, "സരോജേച്ചിയല്ലെ?".

പെട്ടെന്നൊരമ്പരപ്പ്‌ ആ മുഖത്ത്‌ പരക്കുന്നതു ഞാന്‍ കണ്ടു. ഒരു ചുമ ശബ്ദം കെട്ടു ഞാന്‍ അകത്തേക്കു നോക്കി.

"ആരാ അവിടെ? കുഞ്ഞിരാമനാണോ?", അകത്തു നിന്നൊരു ചോദ്യം കേട്ടു.

മറുപടി പറയുവാന്‍ സരോജേച്ചി തിരിഞ്ഞുവെങ്കിലും, പറഞ്ഞത്‌ ഞാനായിരുന്നു.

"അതെ മാധവേട്ടാ, ഇതു ഞാനാണ്‌, കുഞ്ഞിരാമന്‍".

പേരു രാമകൃഷ്ണന്‍ എന്നാണെങ്കിലും, മാധവേട്ടന്‌ ഞാന്‍ കുഞ്ഞിരാമനായിരുന്നു. കുഞ്ഞു നാള്‍ മുതല്‍ വിളിച്ചു ശീലിച്ചതാണത്‌. വാതിക്കലേക്കു നോക്കിയപ്പോള്‍, ഇരുണ്ട്‌ വെളിച്ചത്തില്‍ ആ മെലിഞ്ഞു ക്ഷീണിച്ച രൂപം ഞാന്‍ കണ്ടൂ. അത്‌ മാധവേട്ടനായിരുന്നു. എനിക്കു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. ദൃഢഗാത്രനായിരുന്ന മാധേട്ടണ്റ്റെ ഇന്നത്തെ ഈ രൂപം അവിശ്വസനീയമായി തോന്നി എനിക്ക്‌. ആരോഗ്യവാനായിരുന്ന മാധവേട്ടണ്റ്റെ ചിരിക്കുന്ന മുഖമായിരുന്നു എന്നും എണ്റ്റെ ഉള്ളില്‍. പക്ഷേ എപ്പോള്‍ മാധവേട്ടനെ കണ്ടപ്പോള്‍, എന്തോ ഒരു വല്ലായ്മ തോന്നി. പതുക്കെ പതുക്കെ നടന്ന്‌ അദ്ദേഹം ചാരു കസേരക്കരുകില്‍ എത്തി. ഇടക്കൊന്നു വേച്ചു പോയപ്പോള്‍, സഹായിക്കാനായി മുന്നോട്ടാഞ്ഞ സരോജേച്ചിയെ അദ്ദേഹം ശാസിച്ചു.

" എനിക്ക്‌ കുഴപ്പമൊന്നുമില്ല, ആരുടേയും സഹായമെനിക്കാവശ്യമില്ല." ചാരുകസേരയില്‍ നിവറ്‍ന്നിരുന്നദ്ദേഹമൊരു ദീറ്‍ഘനിശ്വാസം വിട്ടു. പിന്നീടെന്നോടായി ചോദിച്ചു.

"തനിയേ ഉള്ളോ? എവിടെ ശ്രീദേവിയും മക്കളും?"

ചിരിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു. "ഞാന്‍ തനിയെ വന്നുള്ളു. തിരക്കിട്ടൊരു യാത്രയായിരുന്നല്ലോ?"

"അവറ്‍ ഇതിനു മുന്നെ എവിടെ വന്നിട്ടില്യാലോ? കൊണ്ടുവരാമായിരുന്നു തനിക്കവരെ." മാധവേട്ടന്‍ പറഞ്ഞു.

"കത്തു കിട്ടിയ ഉടനെ പുറപ്പെട്ടതാണ്‌ ഞാന്‍. കത്തു വായിച്ചപ്പോള്‍ ഉടന്‍ പോരണമെന്നു തോന്നി. ശ്രീദേവിക്ക്‌ ഓഫീസുണ്ട്‌ കുട്ടികള്‍ക്ക്‌ സ്കൂളുണ്ട്‌. പെട്ടെന്നൊരു യാത്ര എന്നോക്കെ പറഞ്ഞാല്‍ അത്‌ അങ്ങനെ സാധ്യമല്ല, അതുകൊണ്ടാണ്‌...", ഞാന്‍ പറഞ്ഞു.

"ഞാന്‍ ചോദിച്ചുവെന്നെയുള്ളു. എനിക്കത്‌ മനസ്സിലാകും..." മാധവേട്ടന്‍ പറഞ്ഞു. ആ സ്വരം പതറിയിരുന്നു.

"ഇപ്പോള്‍ കത്തിട്ട്‌ വിളിച്ചു വരുത്തേണ്ട കാര്യമൊന്നുമില്ല എന്നു ഞാന്‍ പറഞ്ഞതാ, മാധവേട്ടനായിരുന്നു നിര്‍ബന്ധം.", സരോജേച്ചി പറഞ്ഞു.

"വെറുതേയല്ലാ, ഇനിയധികം നാളില്ല എന്നൊരു തോന്നല്‍ തുടങ്ങിയിട്ട്‌ കുറച്ചു ദിവസമായി. നിന്നെ കാണാതെ പോകാന്‍ വയ്യ എന്നതുകൊണ്ടാണ്‌ കത്തയക്കാന്‍ പറഞ്ഞത്‌. അതിവള്‍ക്കെങ്ങനെ മനസ്സിലാകും?", മാധവേട്ടന്‍ പറഞ്ഞു.

ഞാനും സരോജേച്ചിയും മുഖത്തോടു മുഖം നോക്കി. സരോജേച്ചിയുടെ മുഖം വിളറിയിരുന്നു.

" ആ, അതു പോട്ടെ, എത്ര കുട്ടികളാ നിനക്ക്‌?" മാധവേട്ടന്‍ ചോദിച്ചു.

"രണ്ടു പേര്‍, അര്‍ജ്ജുനും മാളവികയും", ഞാന്‍ പറഞ്ഞു.

"എന്തു പറയുന്നു അവര്‍? സുഖമായി ഇരിക്കുന്നുവോ?, ചോദ്യം സരോജേച്ചിയുടേതായിരുന്നു.


"അര്‍ജ്ജുന്‍ എട്ടാം തരത്തിലും, മാളവിക അഞ്ചാം തരത്തിലും. രണ്ടുപേര്‍ക്കും സ്കൂള്‍ തന്നെ ലോകം. അതിനു പുറമെ വീടുമാത്രമാണവര്‍ കാണുന്നത്‌." ഞാന്‍ പറഞ്ഞു. മാധവേട്ടണ്റ്റെ നേരെ തിരിഞ്ഞ്‌, "ഇന്നത്തെ തലമുറ നമ്മെപ്പോലൊന്നുമല്ല. പുറത്തു കറങ്ങി നടക്കുന്ന സ്വഭാവം അവര്‍ക്കില്ല. വീടിനകത്തിരുന്നു കൊണ്ടു തന്നെ ലോകത്തെ അറിയുന്നവരാണവറ്‍" ഞാന്‍ പറഞ്ഞു.

ഒരു മൂളല്‍ മാത്രമായിരുന്നു മറുപടി. അദ്ദേഹത്തിണ്റ്റെ മനസ്സ്‌ പഴയ കാലത്തേക്ക്‌ സഞ്ചരിക്കുകയാണെന്നെനിക്കു തോന്നി. അല്‍പസമയത്തെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട്‌ സരോജേച്ചി പറഞ്ഞു. "രാമനിരിക്കൂ, ഞാന്‍ ചായയെടുത്തിട്ടു വരാം.."

ഇത്രയും പറഞ്ഞു ചേച്ചി അകത്തേക്കു നടന്നു. ഞാന്‍ ചിരിച്ചു കൊണ്ട്‌ തിണ്ണയിലിരുന്നു.

"എപ്പോള്‍ എങ്ങനെയുണ്ട്‌ മാധവേട്ടാ?", ഞാന്‍ ചോദിച്ചു.

"അല്‍പം ഭേദപ്പെട്ടിട്ടുണ്ട്‌ എന്ന്‌ വൈദ്യന്‍ പറയുന്നു. എനിക്കത്‌ തോന്നുന്നില്ല രാമാ... നാലു നേരം കഷായവും മരുന്നും, പിന്നെ ഒരേ കിടപ്പും. സഹിക്കാവുന്നതിനപ്പുറമാണ്‌ രാമാ.."അദ്ദേഹം തുടറ്‍ന്നു... "എപ്പോഴും പറമ്പിലും തൊടിയിലുമായി ഓടി നടന്നിരുന്ന എനിക്കിപ്പോളീ വീട്ടിലിരുപ്പ്‌ അസഹ്യമാണെടോ...ഞാനീ തോടികളിലൂടൊന്നു നടന്നിട്ടു തന്നെ മാസങ്ങളായി... അതൊക്കെ ഒരു കാലം..." ഇത്രയും പറഞ്ഞു മാധവേട്ടന്‍ വീണ്ടും ചിന്തകളിലേക്കു വഴുതി വീണു.

അപ്പോഴേക്കും ചൂടു കാപ്പിയുമായി ഞാന്‍ ആദ്യം കണ്ട കുറുമ്പി നടന്നു വന്നു. കപ്പെണ്റ്റെ നേരെ നീട്ടിക്കൊണ്ടവള്‍ പറഞ്ഞു, "ദാ കാപ്പി.."

അവള്‍ ഇപ്പോഴും ഗൌരവത്തില്‍ തന്നെയാണ്‌. അതു കണ്ടെനിക്കു ചിരി വന്നെങ്കിലും, ഗൌരവം കൈ വിടാതെ ഞാന്‍ ചോദിച്ചു, "ശരണ്യ എന്നല്ലെ പേര്‌?".

എന്നെ ഒന്നു തുറിച്ചു നോക്കിക്കൊണ്ടവള്‍ ചോദിച്ചു," അതെങ്ങനെ അറിയാം?"

"അതൊക്കെ എനിക്കറിയാം, ശാരികയെവിടെ?", ഞാന്‍ ചോദിച്ചു.

"ചേച്ചി അകത്തുണ്ട്‌." അവള്‍ പറഞ്ഞു. എന്നിട്ട്‌ മാധവേട്ടനോടായി ചോദിച്ചു. "ഇതാരാ അച്ഛാ?"

മാധവേട്ടന്‍ മറുപടി പറയാന്‍ തുടങ്ങുന്നതിനു മുന്നെ ഞാന്‍ പറഞ്ഞു, "ഞാന്‍ ശരണ്യയുടെ അച്ഛണ്റ്റെ ഒരു സുഹൃത്താണ്‌. സുഹൃത്ത്‌ മാത്രമല്ല, ഒരനുജന്‍ കൂടിയാണ്‌. "

"ഞാനിതുവരെ കണ്ടിട്ടില്ലല്ലോ?" അവള്‍ പറഞ്ഞു.

"നീ കണ്ടിട്ടില്ല. രാമന്‍ ഇങ്ങോട്ടു വന്നിട്ടു തന്നെ വറ്‍ഷങ്ങളായി.", മാധവേട്ടന്‍ പറഞ്ഞു.

"അതെന്താ, വനവാസത്തിനു പോയതായിരുന്നോ?", എണ്റ്റെ താടി നോക്കി അവള്‍ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

"അതെ ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു വനവാസമായിരുന്നു..." അത്രയും പറഞ്ഞു ഞാന്‍ കാപ്പി കുടിച്ച്‌, കപ്പ്‌ അവള്‍ക്കു നേരെ നീട്ടി. അതും വാങ്ങി അവള്‍ അകത്തേക്കു നടന്നു.

"മാധവേട്ടണ്റ്റെ സ്വഭാവം അപ്പാടെ കിട്ടിയിട്ടുണ്ടല്ലോ? ഇടിച്ചു കയറിയത്‌ കണ്ടില്ലെ?" ഞാന്‍ പറഞ്ഞു.

മാധവേട്ടന്‍ ചിരിച്ചു. ഞാനവിടെ കാലു കുത്തിയതിനു ശേഷം ആദ്യമാണാ പുഞ്ചിരി കണ്ടത്‌.

"എന്താ, ശരണ്യ വല്ല കുസൃതിയുമൊപ്പിച്ചോ?" ഇങ്ങനെ ചോദിച്ചു കൊണ്ട്‌ സരോജേച്ചി പുറത്തേക്കുവന്നു.

"ഏയ്‌ അങ്ങനെ ഒന്നുമില്ല. ഞങ്ങള്‍ ഒന്നു പരിചയപ്പെട്ടതാണ്‌. മാധവേട്ടണ്റ്റെ കത്തുകളിലൂടെ എല്ലാവരേയും എനിക്കറിയാം. ആദ്യമായി കാണുന്നുവെന്നെയുള്ളു." ഞാന്‍ പറഞ്ഞു.

സരോജേച്ചി ചിരിച്ചു കൊണ്ട്‌ പറഞ്ഞു, "ദൂര യാത്ര കഴിഞ്ഞു വന്നതല്ലെ, ഒന്നു കുളിച്ച്‌ ക്ഷീണം മാറ്റിക്കോളൂ. തോറ്‍ത്തും മുണ്ടും ശാരികയെടുത്തു തരും. " പിന്നെ മാധവേട്ടനോടായി പറഞ്ഞു," ഇരുട്ടിക്കഴിഞ്ഞിരിക്കുന്നു. പുറത്ത്‌ തണുപ്പുണ്ട്‌, തണുപ്പടിക്കേണ്ടാ എന്നല്ലെ വൈദ്യന്‍ പറഞ്ഞിരിക്കുന്നത്‌? വരൂ, അകത്തു പോയിക്കിടക്കാം."


മാധവേട്ടന്‍ പതിയെ എഴുന്നേറ്റു, സഹായിക്കാന്‍ ചെന്ന സരോജേച്ചിയെ അദ്ദേഹമൊന്ന്‌ നോക്കി. ചേച്ചി പിറകിലേക്കു മാറി നിന്നു. പതുക്കെ അകത്തേക്കു നടക്കുമ്പോള്‍ മാധവേട്ടന്‍ പറഞ്ഞു, "പെട്ടെന്നു കുളിച്ചു വര്യാ, അത്താഴം കാലായിട്ടുണ്ട്‌." ഇത്രയും പറഞ്ഞ്‌ പതിയെ പതിയെ അദ്ദേഹം ഉള്ളിലേക്കു നടന്നു. മാധവേട്ടന്‍ അകത്തേക്കു പോകുന്നതും നോക്കി നില്‍ക്കുകയായിരുന്ന സരോജേച്ചി, പെട്ടെന്നു തിരിഞ്ഞു എന്നോടായി പറഞ്ഞു,

"രാമനെ കണ്ട ഓര്‍മ്മയില്ല. കല്യാണത്തിനു്‌ വന്നിരുന്നു അല്ലെ?".

"അതെ, അന്നു ഞാന്‍ വന്ന്‌ കണ്ട്‌ സംസാരിച്ചിരുന്നു. മാധവേട്ടന്‌ നിറ്‍ബന്ധമായിരുന്നു ഞാന്‍ വരണമെന്ന്‌. ഞാനന്ന്‌ ബോംബെയിലായിരുന്നു ജോലി ചെയ്തിരുന്നത്‌.", ഞാന്‍ പറഞ്ഞു.

"അന്നത്തെ ആ ബഹളത്തില്‍ കണ്ടവരെയൊന്നും ഞാന്‍ ഓര്‍ക്കുന്നു പോലുമില്ല. പക്ഷെ രാമനെ എനിക്കു നല്ല പരിചയമാണ്‌. എല്ലാ കാര്യങ്ങളും മാധവേട്ടന്‍ പറഞ്ഞു തന്നിട്ടുണ്ട്‌. പഴയ കഥകളെല്ലാം!", സരോജേച്ചി പറഞ്ഞു.

ഞാന്‍ വെറുതെ ചിരിച്ചു.

"പഠിച്ചതും വളറ്‍ന്നതുമെല്ലാം ഈ ചിറ്റേടത്തായിരുന്നുവല്ലെ?", സരോജേച്ചി ചോദിച്ചു.


"ഓര്‍മ്മവച്ച നാള്‍ മുതല്‍ കാണുവാന്‍ തുടങ്ങിയതാണീ തറവാട്‌. മാധവേട്ടനോടൊപ്പമാണ്‌ കളിച്ചു വളറ്‍ന്നത്‌. തമ്പുരാന്‍ ഒരു മകനെപ്പോലെ സ്നേഹിച്ചു. എണ്റ്റെ ആഗ്രഹങ്ങള്‍ക്കൊപ്പിച്ച്‌വിദ്യാഭ്യാസം നല്‍കി. ഉപരിപഠനത്തിനു പോലും പോകാന്‍ അനുവദിച്ചു. ഒടുവില്‍ അച്ഛന്‍, ശങ്കുണ്ണി നായര്‍, കാര്യസ്ഥനായിരുന്നു, മരിച്ചപ്പോള്‍ ഞാനൊരു ജോലി അന്വേഷിച്ചിറങ്ങി. അതു ചെന്നവസാനിച്ചത്‌, ബോംബെയിലായിരുന്നു. ഇത്രയും പഠിച്ചതിനു ശേഷം ഒരു കാര്യസ്ഥനായി ജോലി നോക്കാന്‍ തമ്പുരാന്‍ അനുവദിച്ചില്ല, ഞാന്‍ അതാഗ്രഹിച്ചിരുന്നെങ്കില്‍ കൂടി. അത്‌ കാര്യസ്ഥപ്പണിയോടുള്ള അഭിനിവേശം മൂലമായിരുന്നില്ല. മാധവേട്ടനോടൊപ്പം നില്‍ക്കാനുള്ള ആഗ്രഹം കൊണ്ടു മാത്രം. ബോംബെയിലെത്തിയതോടെ ആ ബന്ധം കത്തുകളിലേക്കു ചുരുങ്ങി. പിന്നെ തമ്മില്‍ കണ്ടത്‌ മൂന്നോ നാലോ തവണ മാത്രം. അവസാനം കണ്ടത്‌ കല്യാണത്തിനും.. ജീവിതമായി, കുട്ടികളായി, ജോലിയും തിരക്കുമെല്ലാം, ഈ ഗ്രാമത്തോടുള്ള ബന്ധം തന്നെ മുറിച്ചു എന്നു പറയാം.. " ഇത്രയും പറഞ്ഞുകൊണ്ടു ഞാന്‍ നെടുവീറ്‍പ്പിട്ടു.

"കുറെ കഥകളൊക്കെ ഞാനും കേട്ടിട്ടുണ്ട്‌, മാധവേട്ടന്‍ ഇടക്കിടെ പറയുമായിരുന്നു രാമനെക്കുറിച്ച്‌. കുട്ടികള്‍ക്കു പോലുമറിയാം." സരോജേച്ചി പറഞ്ഞു.

ഞാന്‍ വീണ്ടും ചിരിച്ചു.

"കാലം മാറിയതിനനുസരിച്ചു കുന്ദമംഗലവും മാറിയിട്ടിട്ടുണ്ട്‌. വല്ലാത്തൊരു മാറ്റം..." ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

"ഇപ്പോള്‍ വയലില്‍ കൃഷിയുണ്ടോ ചേച്ചി?" ഞാന്‍ ചോദിച്ചു. അതു കേട്ടപ്പോള്‍ ചേച്ചിയുടെ മുഖഭാവം മാറുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.

"എന്തു പറ്റി ചേച്ചി? എന്താ ഒന്നും മിണ്ടാത്തത്‌?" ഞാന്‍ ചോദിച്ചു.

"ചിറ്റേടത്തുകാറ്‍ക്കിനി തറവാട്ടു മഹിമ മാത്രമെ ബാക്കിയുള്ളു. സ്വത്തുകള്‍ പലതും നശിച്ചു. പലതും ജപ്തി ചെയ്ത്‌ പോയി. ഇനിയതൊക്കെ പരഞ്ഞിട്ടെന്താ കാര്യം?", ചേച്ചി പറഞ്ഞു നിറ്‍ത്തി.

"എന്താ സംഭവിച്ചതെന്ന്‌ തെളിച്ചു പറയു ചേച്ചി..." ഞാന്‍ പറഞ്ഞു.

"ഒന്നും പറയേണ്ട രാമാ. പലരേയും സഹായിച്ചും കൃഷി ചെയ്തുമെല്ലാം സ്വത്തുകള്‍ നഷ്ട്പ്പെട്ടു. ബാങ്കില്‍ പണയം വച്ച മുതലുകളെല്ലാം ജപ്തി വന്നപ്പോള്‍ നഷ്ടപ്പെട്ടു. ഇനി ഈ തറവാടും, ഇതിനോടു ചേര്‍ന്നുള്ള തോടിയും മാത്രമാണ്‌ ബാക്കി. ഒരു ചെറിയ കടം ഇതിണ്റ്റെ പേരിലും ഉണ്ട്‌. അത്‌ മാധവേട്ടണ്റ്റെ ചികിത്സക്കായി എടുത്തതാണ്‌.". ചേച്ചി പറഞ്ഞു.

"പക്ഷേ ഇതൊന്നും മാധവേട്ടന്‍ ഒരെഴുത്തിലും എന്നോടു സൂചിപ്പിച്ചിരുന്നില്ല. മാധവേട്ടനിപ്പോഴും ആ പഴയ ജന്‍മി തന്നെ എന്നാണ്‌ ഞാന്‍ വിചാരിച്ചിരുന്നത്‌." ഞാന്‍ ഒരല്‍പം അമ്പരപ്പോടെ പറഞ്ഞു.

"പേരില്‍ മാത്രമെ ജന്‍മിത്തം ഉള്ളു രാമാ...", ചേച്ചി പറഞ്ഞു.

ഞാനൊന്നും പറയാനാവതെ വേറുതെ ചേച്ചിയെ നോക്കി നിന്നു.

"രാമനു കുളിക്കേണ്ടെ?", ഇങ്ങനെ ചോദിച്ചുകൊണ്ട്‌ ചേച്ചി അകത്തേക്കു നടന്നു തുടങ്ങി.

"വേണം ചേച്ചി, ആറേഴ്‌ മണിക്കൂറ്‍ തുടര്‍ച്ചയായുള്ള യാത്രയായിരുന്നു. നല്ല ക്ഷീണം ഉണ്ട്‌." ഞാന്‍ പറഞ്ഞു.

"ശാരികയോട്‌ വെള്ളം ചൂടാക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്‌. ഞാനൊന്നു നോക്കട്ടെ..", ചേച്ചി പറഞ്ഞു. "അതൊന്നും വേണ്ട ചേച്ചി. നമ്മൂടെ കുളം ഇപ്പോഴുമില്ലെ?" ഞാന്‍ ചോദിച്ചു.

"ഉണ്ട്‌. പക്ഷേ നല്ല തണുപ്പായിരിക്കും, രാമനത്‌ പരിചയമില്ലാത്തതല്ലെ?", ചേച്ചി തിരിച്ചു ചോദിച്ചു.

"നല്ല കാര്യം. എന്നെ പരിചയമില്ലാത്ത ഒന്നും ഈ തൊടിയിലില്ല ചേച്ചി. ആ കുളം തന്നെ ധാരാളം. ഞങ്ങള്‍ക്കും കുറെ വര്‍ഷത്തെ കഥ പറയുവാനുണ്ട്‌. അതിലുപരി പരിഭവമായിരിക്കും", ചിരിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

"എഴുത്തുകാരനായതിനാലാണോ സാഹിത്യ ഭാഷയില്‍ സംസാരിക്കുന്നത്‌?" ചേച്ചിയും ചിരിച്ചു കൊണ്ട്‌ ചോദിച്ചു.

"ഏയ്‌ അല്ല. ഞാന്‍ വേറുതെ പറഞ്ഞുവെന്നെയുള്ളു." അങ്ങനെ പറഞ്ഞു കൊണ്ട്‌ ഞാന്‍ പതുക്കെ അകത്തേക്കു നടന്നു.

അകത്തു ചെന്നപ്പോള്‍ അവിടെ നില്‍ക്കുന്നു നമ്മുടെ കുറുമ്പി. മുഖത്തൊരു കടന്നല്‍ കുത്തിയ ഭാവം. എന്താണ്‌ സംഭവിച്ചതെന്നറിയാതെ ഞാന്‍ ഒരു നിമിഷം നിന്നും.

"ശരണ്യേ, മുറി ശരിയാക്കിയോ?", ചേച്ചി ചോദിച്ചു. മറുപടി ഒരു മൂളല്‍ മാത്രം.

"കുട്ടികളുടെ മുറിയാ രാമന്‌ ശരിയാക്കിയിരിക്കുന്നത്‌. അതാണിവളുടെ മുഖത്ത്‌ കാറ്‍മേഘം ഇരുണ്ട്‌ കൂടിയിരിക്കുന്നത്‌. " ചേച്ചി പറഞ്ഞു,

"അതു വേണ്ടായിരുന്നു ചേച്ചി, ഞാന്‍ ആ തളത്തിലെങ്ങാനും കിടന്നോളാമായിരുന്നു." ഞാന്‍ പറഞ്ഞു.

"നല്ല കാര്യായി. മാധവേട്ടനെങ്ങാനും അറിഞ്ഞാല്‍ പിന്നെ എന്നെ ഇരുത്തി പൊറുപ്പിക്കില്ല." ചേച്ചി പറഞ്ഞു.

ഞാന്‍ വെറുതെ ചിരിച്ചു.

"എന്നാല്‍ രാമന്‍ ഈ വേഷമെല്ലാം അഴിച്ചു മാറ്റി കുളിച്ചു വരൂ.." ചേച്ചി പറഞ്ഞു. അടുക്കളയിലേക്കു നടക്കുന്നതു വഴി ശരണ്യയോടായി പറഞ്ഞു, "രാമന്‌ മുറികാണിച്ചു കൊടുക്കു മോളെ".

അതു കേട്ടപാടെ, "ആ വന്നോളൂ" എന്നു പറഞ്ഞ്‌ ശരണ്യ നടന്നു തുടങ്ങി. അവള്‍ ചെന്നു നിന്നത്‌ തളത്തിനടുത്തുള്ള ഒരു മുറിയിലാണ്‌.

"ഇതാണ്‌ മുറി", ഇത്രയും പറഞ്ഞ്‌ അവള്‍ തിരിഞ്ഞു നടക്കുവാന്‍ തുടങ്ങി.

പെട്ടെന്ന്‌ ഞാന്‍ ചോദിച്ചു, "പത്താം തരത്തിലെ പഠനം എങ്ങനെയുണ്ട്‌?"

"കുഴപ്പമില്ല", അവള്‍ ഒരു നീരസത്തോടെ പറഞ്ഞു.

"കുഴപ്പമില്ല? അത്ര മാത്രമെയുള്ളു? നന്നായി പഠിക്കുന്ന കുട്ടിയാണെന്നാണല്ലോ മാധവേട്ടന്‍ പറഞ്ഞത്‌?", ഞാന്‍ പറഞ്ഞു.

അവളുടെ കണ്ണുകളില്‍ ഒരു തിളക്കം ഞാന്‍ കണ്ടു.

"ശരണ്യ നന്നായി കവിതകളെഴുതുമെന്നും, ചിത്രം വരയ്ക്കുമെന്നും ഞാന്‍ കേട്ടിട്ടുണ്ട്‌. ശരിയാണോ?", ഞാന്‍ ചോദിച്ചു.

അവള്‍ ഒരമ്പരപ്പോടെ എന്നെ നോക്കി. പിന്നെ പതിയെ തല കുലുക്കി.

"അതൊക്കെ ഒന്നെടുത്തു വയ്ക്കൂ, ഞാന്‍ ഒന്നു കാണട്ടെ. ഞാന്‍ കുളി കഴിഞ്ഞു വരുമ്പോഴേക്കും എല്ലാം എടുത്തു വക്കണം കേട്ടോ.." ഞാന്‍ പറഞ്ഞു.

അവള്‍ സമ്മതമെന്ന മട്ടില്‍ തല കുലുക്കി തിരികെ നടന്നു. ഞാന്‍ പതിയെ മുറിയിലേക്കു കയറി, പെട്ടിയില്‍ നിന്നും ലുങ്കിയും തോറ്‍ത്തുമെടുത്ത്‌ കുളത്തിലേക്കു നടന്നു. വഴിയില്‍ സരോജേച്ചി വെളിച്ചവുമായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

"ഈ വെട്ടം കരുതിക്കോളൂ.. ഇഴജന്തുക്കള്‍ ഉള്ള സ്ഥലമാണ്‌. തൊടിക്കെ രാമനെ പരിചയമുള്ളൂ, അവറ്റകള്‍ക്കുണ്ടാവില്ല.", ചിരിച്ചു കൊണ്ട്‌ ചേച്ചി പറഞ്ഞു.

ഞാന്‍ ആ വെട്ടവും വാങ്ങി കുളവും ലക്ഷ്യമാക്കി നടന്നു.


ഭാഗം - 2

കുളി കഴിഞ്ഞ്‌ ഈറനായി വീട്ടിലേക്ക്‌ വന്നു കയറിയ എണ്റ്റെ മുന്നിലേക്ക്‌ രാസ്നാദിപ്പൊടിയുടെ പാത്രവുമായി ശാരികയെത്തി. ഞാന്‍ അവിടെ എത്തിയതിനു ശേഷം ആദ്യമായാണ്‌ ശാരിക എണ്റ്റെ മുന്നില്‍ എത്തുന്നത്‌. ശരിക്കും സരോജേച്ചി തന്നെ. അതെ മുഖച്ഛായ. അതേ ചിരി.

"വെള്ളം പരിചയമില്ലാത്തതല്ലെ? ഇതു തലയില്‍ തിരുമ്മിക്കോളൂ. ജലദോഷം വരില്യ", അവള്‍ പറഞ്ഞു.

"ഇതിവിടെ ഇപ്പോഴും ഒരു പതിവാണല്ലെ?", ഞാന്‍ ചോദിച്ചു.

"അതെ, ഇവളുടെ മുത്തശ്ശിയുടെ ഒരു പതിവ്‌, എല്ലാവരും അത്‌ തുടറ്‍ന്നു പോകുന്നു", സരോജേച്ചി കൂട്ടിച്ചേര്‍ത്തു.

"രാമേട്ടണ്റ്റെ കഥകള്‍ ഞാന്‍ വായിക്കറുണ്ട്‌. പലപ്പോഴും പലതും മനസ്സിലാകാറില്ല.", ഒരു പരിഭവം പോലെ ശാരിക പറഞ്ഞു.

"ഏതാണ്‌ മനസ്സിലാകാതിരുന്നത്‌?" ഞാന്‍ ചോദിച്ചു.

"ഉത്തരാധുനികത എന്നു പറഞ്ഞെഴുതിയ ഒരു കഥയുണ്ടായിരുന്നല്ലോ, അയ്യോ പേരു ഞാന്‍ മറന്നു...", ശാരിക പറഞ്ഞു.

"പ്രഹേളികയാണോ?", ഞാന്‍ ചോദിച്ചു.

"അതു തന്നെ...", അവള്‍ ആവേശത്തോടെ മറുപടി പറഞ്ഞു.

ഞാന്‍ ചിരിച്ചു. എന്നിട്ടു പറഞ്ഞു, "അതൊരു സ്ഥിരം പരാതിയാണ്‌ മോളെ. എണ്റ്റെ ഒരു ജീവിതാനുഭവമാണ്‌ ആ കഥ. അതിലെ നായിക എണ്റ്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. ജയ്പ്പൂരില്‍ വച്ച്‌ പരിചയപ്പെട്ടതാണ്‌. ആദ്യം എഴുതിയത്‌ വളരെ ലളിതമായാണ്‌, പക്ഷേ പിന്നെ അതിനെ ഉത്തരാധുനികത എന്നു പറഞ്ഞു മാറ്റി എഴുതുകയായിരുന്നു., ഒരു തരം ഭ്രാന്ത്‌. ",

"ഒരു അവാറ്‍ഡായിരുന്നോ ഉദ്ദേശം?", കളിയാക്കലെന്ന പോലെ അവള്‍ ചോദിച്ചു.

"മാധവേട്ടണ്റ്റെ ആ നറ്‍മ്മം ശരണ്യക്കു മാത്രമല്ല, ഇവള്‍ക്കും കിട്ടിയിട്ടുണ്ട്‌", ഇത്രയും പറഞ്ഞു ഞാന്‍ ചിരിച്ചു. "അവാറ്‍ഡിനു വേണ്ടിയല്ല. ഒരു പരീക്ഷണമായിരുന്നു അത്‌. പക്ഷേ, അതിലൊരു സംതൃപ്തി കിട്ടിയില്ല. അതോടെ ഉത്തരാധുനികതയോട്‌ വിട പറഞ്ഞു.", ഞാന്‍ കൂട്ടിച്ചേറ്‍ത്തു.

അവള്‍ ചിരിച്ചു.

"നീയാ രാസ്നാദിപ്പൊടി കൊണ്ടെ വച്ചിട്ട്‌ അടുക്കളയിലേക്കു ചെല്ല്‌, സംസാരം അത്താഴം കഴിഞ്ഞിട്ടാവാം.", സരോജേച്ചി പറഞ്ഞു.

"മോള്‍ എത്രടം വരെ പഠിച്ചു?", ഞാന്‍ ചോദിച്ചു.

"പ്രീഡിഗ്രി പാസ്സായി", ഇത്രയും പറഞ്ഞു കൊണ്ടവള്‍ തിരികെ നടന്നു.

അല്‍പനേരത്തെ നിശബ്ദതയ്ക്കു ശേഷം ഞാന്‍ സരോജേച്ചിയോട്‌ ചോദിച്ചു, " എന്തു പറ്റി ചേച്ചി, എന്താ അവളെ മുന്നോട്ട്‌ പഠിപ്പിക്കാതിരുന്നത്‌? പഠിപ്പിലവള്‍ മിടുക്കിയാണെന്ന്‌ മാധവേട്ടന്‍ എഴുതുമായിരുന്നല്ലോ?"

"ആഗ്രഹം ഇല്ല്യാഞ്ഞിട്ടല്ല രാമാ, ഇവിടുത്തെ സാഹചര്യങ്ങള്‍ അങ്ങനെയായിപ്പോയി. സാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല. ശരണ്യയേക്കാള്‍ നന്നായി പഠിക്കുമായിരുന്നു അവള്‍. പക്ഷേ... അവളുടെ തലവരയിതായിപ്പോയി...", സരോജേച്ചി സങ്കടത്തോടെ പറഞ്ഞു.

ഇതൊന്നും എന്തെ മാധവേട്ടന്‍ എന്നെ അറിയിച്ചില്ല? ഞാന്‍ എന്നോട്‌ തന്നെ ചോദിച്ചു. "മാധവേട്ടനിപ്പോള്‍ എങ്ങനെയുണ്ട്‌ ചേച്ചി? എന്തായിരുന്നു അസുഖം?",ഞാന്‍ ചോദിച്ചു.

"അങ്ങനെ പറയത്തക്ക അസുഖമൊന്നും ഉണ്ടായിരുന്നില്ല. ഇടയ്ക്കിടക്ക്‌ തലവേദന വരും. ഇടയ്ക്കതങ്ങു കലശലാകുകയും ചെയ്യും. ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല. പക്ഷേ ഒരു വറ്‍ഷം മുന്നെ പാടത്ത്‌ തലകറങ്ങി വീണപ്പോള്‍, പണിയാളന്‍മാരണ്‌ വൈദ്യണ്റ്റെയടുത്ത്‌ കൊണ്ടു പോയത്‌. തലയ്ക്കുള്ളില്‍ എന്തോ നീറ്‍കെട്ടലാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. അന്നു മുതല്‍ ചികിത്സയിലാണ്‌", സരോജേച്ചി പറഞ്ഞു.

"ഇതു പോലൊരസുഖത്തിന്‌ നാട്ടു ചികിത്സയോ? ആസ്പത്രിയില്‍ കൊണ്ടുപോകാതിരുന്നതെന്താ?", ഞാന്‍ ചോദിച്ചു.

"പോയി രാമാ, ഇടക്ക്‌ പോയിരുന്നു. രണ്ടു മൂന്നുമാസം മരുന്നു കഴിച്ചിട്ട്‌ ഒരു കുറവും ഉണ്ടായില്ല. കാശിത്തിരി ചിലവായത്‌ മിച്ചം. അതിനാല്‍ നാട്ടു നാട്ടുവൈദ്യത്തിലേക്ക്‌ തന്നെ തിരിഞ്ഞു. ഇടക്കു കുറവുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ ഒരു മാസമായി ഇത്തിരി കൂടുതലാണ്‌. എല്ലാവരേയും അറിയിച്ചു കൊള്ളാന്‍ വരെ വൈദ്യര്‍ പറഞ്ഞതാ.. അങ്ങനെയാ രാമന്‌ ഞാന്‍.....", സരോജേച്ചി വിതുമ്പി...

"എല്ലാം ശരിയാകും ചേച്ചി. വിഷമിക്കാതെ. നമുക്ക്‌ മാധവേട്ടനെ എണ്റ്റെ നാട്ടില്‍ കൊണ്ടു പോകാം. അവിടെ എണ്റ്റെ ഒരു സുഹൃത്തിനെ ആസ്പത്രിയുണ്ട്‌. ഇതൊക്കെ ശരിയാകും", ഞാന്‍ പറഞ്ഞു.

സരോജേച്ചി കണ്ണുനീര്‍ തുടച്ചു കൊണ്ട്‌ അടുക്കളയിലേക്കു പോയി...

ഞാന്‍ പതുക്കെ തളത്തിലേക്കു നടന്നു. അവിടെ ശരണ്യ അവളുടെ കവിതകളും ചിത്രങ്ങളുമായി ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ അടുത്തു ചെന്നു ചിത്രങ്ങള്‍ നോക്കി. തിരിഞ്ഞ്‌ അവളുടെ മുഖത്തേക്ക്‌ നോക്കിയപ്പോള്‍, ആകാംഷ നിറഞ്ഞ ഒരു മുഖവുമായി നില്‍ക്കുന്ന അവളെക്കണ്ടു. ഞാന്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞു. "മനോഹരമായിരിക്കുന്നു...ഇനിയും വരയ്ക്കണം...കേട്ടോ?".

അവള്‍ തലകുലുക്കി സമ്മതിച്ചു.

"കവിതകള്‍ ഇങ്ങനെ നോക്കാന്‍ പറ്റില്ല. അവ വായിച്ചു നോക്കി അഭിപ്രായം പറയാം. ഈ ഈറനൊന്നു മാറിക്കോട്ടേ, ഞാന്‍ ഇതാ വരുന്നു.", ഇത്രയും പറഞ്ഞു ഞാന്‍ മുറിയിലേക്കു നടന്നു.


പെട്ടെന്നു തന്നെ വസ്ത്രം മാറി ഞാന്‍ പുറത്തെത്തി. അവള്‍ അപ്പോഴും തളത്തില്‍ തന്നെ ഉണ്ടായിരുന്നു. അവളുടെ ഒപ്പമിരുന്ന്‌ കവിതകള്‍ ഓരോന്നായി നോക്കി. അതെഴുതാന്‍ പ്രചോദകമായ കാര്യങ്ങളെക്കുറിച്ചും ചോദിച്ചു. നല്ല വരികളായിരുന്നു മിക്ക കവിതകളുടേയും ആകറ്‍ഷണം. നല്ല അടുക്കും ചിട്ടയോടും കൂടി എഴുതിയിരിക്കുന്നു. അതിലുപരി നന്നായി മലയാള ഭാഷ കൈകാര്യം ചെയ്തിരിക്കുന്നു. അതു വായിച്ചു കഴിഞ്ഞപ്പോള്‍ സന്തോഷത്തിലുപരി, അഭിമാനമാണ്‌ തോന്നിയത്‌. ഭാവിയിലെ ഒരു കവയിത്രിയുടെ മുന്നിലായിരുന്നു ഞാന്‍ ഇരുന്നത്‌. ഞാനിത്രയും മാത്രമെ പറഞ്ഞുള്ളു.

"വളരെ നന്നായിട്ടുണ്ട്‌..മലയാള ഭാഷയിലെ ഈ പ്രാവീണ്യം കളയരുത്‌. നമ്മുടെ മുന്നില്‍ കാണുന്ന കാര്യങ്ങളെ തൊട്ടറിയാന്‍ ശ്രമിക്കുക. ഇതിലും മനോഹരമായ കവിതകള്‍ മോള്‍ക്കെഴുതാന്‍ കഴിയും.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും... "

അവളുടെ മുഖത്ത്‌ സംതൃപ്തി നിറഞ്ഞൊരു പുഞ്ചിരി ഞാന്‍ കണ്ടു.

"രാമാ.... നീ എന്തെടുക്കുകയാ അവിടെ? ഇത്രേടം വരെ ഒന്നു വര്യാ..", മാധവേട്ടന്‍ വിളിച്ചു പറഞ്ഞു.

ഞാന്‍ എഴുന്നേറ്റ്‌ മാധവേട്ടണ്റ്റെ മുറിയെ ലക്ഷ്യമാക്കി നടന്നു. മുറിയില്‍ ചെന്നു കയറിയപ്പോള്‍, മാധവേട്ടന്‍ കിടക്കുകയായിരുന്നു. എന്നെക്കണ്ടെഴുന്നേറ്റിരിക്കാന്‍ ശ്രമിച്ച മാധവേട്ടനെ വിലക്കിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു.

"കിടന്നോളൂ.., ഞാന്‍ ഈ കട്ടിലില്‍ ഇരിക്കാം... "


"വളരെക്കാലമായല്ലേടോ നമ്മളിതുപോലെ ഒന്നു കൂടിയിട്ട്‌? താന്‍ ഓറ്‍ക്കുന്നുണ്ടോ?", മാധവേട്ടന്‍ ചോദിച്ചു.

ഞാന്‍ വെറുതെ മൂളി, എന്നിട്ടു പറഞ്ഞു, "മുപ്പത്തിരണ്ട്‌ വറ്‍ഷം... "

"കാലം എത്ര പെട്ടെന്നാണല്ലെ കടന്നു പോയത്‌. വറ്‍ഷങ്ങള്‍ കഴിഞ്ഞത്‌ അറിഞ്ഞതേയില്ല. കാലം മാറിയതിനനുസരിച്ച്‌ കോലം മാറാത്തതു കൊണ്ട്‌ ഞാനിന്നീ അവസ്ഥയിലുമെത്തി. എല്ലാം നശിച്ചു, അല്ല നശിപ്പിച്ചു. അങ്ങനെ പറയുന്നതാവും ശരി.", മാധവേട്ടന്‍ പറഞ്ഞു.

"അതിനിപ്പോള്‍ ഇങ്ങനെ വിഷമിക്കേണ്ട കാര്യമുണ്ടോ? ഞാന്‍ സരോജേച്ചിയോട്‌ നഗരത്തില്‍ പോയ്യി ചികിത്സിക്കുന്ന കാര്യം പറഞ്ഞിട്ടുണ്ട്‌. ഇതൊക്കെ അത്ര വലിയ രോഗമൊന്നുമല്ല. ഈ വയ്യായ്കയൊക്കെ നാട്ടുമരുന്ന്‌ ഫലിക്കാത്തതിണ്റ്റെതാണ്‌.", ഞാന്‍ പറഞ്ഞു. "നടന്നതിനെ ഓറ്‍ത്ത്‌ വിഷമിച്ചിട്ട്‌ കാര്യമില്ലല്ലോ? മാധവേട്ടന്‍ ആറ്‍ക്കും ഒരു ദ്രേഹവും ചെയ്തിട്ടില്ലല്ലോ? നല്ലതെ വരൂ.. ഈശ്വരന്‍ അത്ര ക്രൂരനാവില്ലല്ലോ?", ഞാന്‍ തുടറ്‍ന്നു.

"എല്ലാം വിധി. അല്ലാതെ എന്തു പറയാന്‍. അനുഭവിക്കാന്‍ സരോജയ്ക്കും കുട്ടികള്‍ക്കുമാണ്‌ യോഗം. ഞാന്‍ എവിടെ പോയാലും രക്ഷപ്പെടില്ല. നിന്നെ കണ്ടിട്ട്‌ മരിക്കണമെന്നൊരാഗ്രഹമുണ്ടായിരുന്നു. ഈശ്വരന്‍ അതു സാധിച്ചു തന്നു. ഇനി സന്തോഷത്തോടെ മരിക്കാം..", മാധവേട്ടന്‍ പറഞ്ഞു. ആ ശബ്ദം വിറക്കുന്നുണ്ടായിരുന്നു.

"ഇതിപ്പോള്‍ കഴിഞ്ഞ ഒരാഴ്ചയായി ഇങ്ങനെയാ, മരിക്കുന്ന കാര്യം മാത്രമെ പറയുവാനുള്ളു.", ഞങ്ങളുടെ ഇടയിലേക്ക്‌ സരോജേച്ചി കടന്നു വന്നു. ആ കണ്ണൂകള്‍ നിറഞ്ഞിരുന്നു.

"മരണത്തെപ്പറ്റിയൊന്നും ചിന്തിക്കേണ്ട സമയമായില്ല. ഇനിയും ഒത്തിരി നാള്‍ ജീവിക്കാനുള്ളതാണ്‌. ശാരികയേയും ശരണ്യയേയും കല്യാണം കഴിപ്പിച്ചു വിട്ട്‌, അവരുടെ പേരക്കുട്ടികളേയും കളിപ്പിച്ചിട്ടേ മാധവേട്ടന്‌ ഈ ഭൂമിയില്‍ നിന്നും പോകാന്‍ പറ്റൂ. എനിക്കതുറപ്പാണ്‌. ഞാന്‍ അടുത്ത തവണ വരുമ്പോള്‍ നമ്മുക്കാ കുറവന്‍മല കേറണം. ഓറ്‍മ്മയില്ലെ ആ കാലം? ഇനിയും നമുക്ക്‌ രണ്ടു പേറ്‍ക്കും കൂടി ആ മലകയറി സ്വാമിയെ തൊഴണം." ഞാന്‍ പറഞ്ഞു.

"അതൊക്കെ നടക്കുമോ? എന്നെ ആശ്വസിപ്പിക്കാനായി നിനക്കതു പറയാം. ഈ മുറിവിട്ട്‌ പുറത്തിറങ്ങണെങ്കില്‍ പോലും എനിക്കിവളുടെ സഹായം വേണം. പിന്നെയാ കുറവന്‍മല കയറുന്ന കാര്യം. നല്ല തമാശയായി...", വേദന കലറ്‍ന്ന ഒരു പുഞ്ചിരിയോടെ മാധവേട്ടന്‍ പറഞ്ഞു.

"അതിനിപ്പോള്‍ എന്താ കുഴപ്പം. ചികിസ്ത്സ കഴിഞ്ഞാല്‍ മാധവേട്ടന്‍ വീണ്ടും പഴയ ആളായി മാറും. ഇനി തന്നെ കുറവന്‍മല കയറാന്‍ കഴിയില്ലെങ്കില്‍ ഞാനില്ലെ കൂടെ. ഞാന്‍ കൊണ്ടു പോകും മാധവേട്ടനെ. നമ്മുടെ പഴയ താവളങ്ങളിലെല്ലാം നമുക്കൊന്നു കറങ്ങണം.", ഞാന്‍ പ്രോത്സാഹനരൂപേണ പറഞ്ഞു.

ആ മുഖത്തൊരു തെളിച്ചം പ്രകടമായി. "ഇതൊക്കെ സംഭവിക്കുമോ രാമാ?", മാധവേട്ടന്‍ എന്നോട്‌ ചോദിച്ചു, എന്നിട്ട്‌ പ്രതീക്ഷയോടെ എന്നെ നോക്കി.

ആ കൈകളില്‍ പിടിച്ചു കൊണ്ട്‌ ഞാന്‍ പറഞ്ഞു, "സംഭവിക്കും. ഇതെല്ലാം സംഭവിക്കും".

ആ മുഖത്തൊരു ആശ്വാസം പരക്കുന്നത്‌ ഞാന്‍ കണ്ടു.

"ഇങ്ങനെ ഇരുന്നാല്‍ മതിയോ? അത്താഴം കഴിക്കേണ്ടേ? കാലായിട്ട്‌ കുറെ നേരായി.", സരോജേച്ചി പറഞ്ഞു.

"രാമന്‌ നല്ല ക്ഷീണമുണ്ടാകും. അത്താഴം വിളമ്പുക. എനിക്കും എന്നെന്തോ നന്നായി വിശക്കുന്നുണ്ട്‌.", മാധവേട്ടന്‍ സരോജേച്ചിയോടായി പറഞ്ഞു.

സരോജേച്ചി മുറിക്കു പുറത്തേക്കു നടന്നു.

"എന്നാല്‍ നമുക്കും പുറത്തേക്കു പോകാം?", ഞാന്‍ മാധവേട്ടനോടായി ചോദിച്ചു.


"അതിനെന്താ പോകാമല്ലോ", എത്രയും പറഞ്ഞു കൊണ്ട്‌ മാധവേട്ടന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റു. സഹായിക്കനായി ഞാന്‍ തുടങ്ങിയെങ്കിലും, അതു വേണ്ടി വന്നില്ല. തനിയെ എഴുന്നേറ്റദ്ദേഹം പുറത്തേക്കു നടന്നു. നടന്ന്‌ പൂമുഖം വരെപ്പോയി. എന്നിട്ട്‌ തിരിച്ച്‌ ഊണുമുറിയിലെത്തി കൈകഴുകി കസേരയില്‍ ഇരുന്നു.

"പുറത്തിന്ന്‌ നല്ല തണുപ്പുണ്ട്‌, നിലാവുള്ളതു പോലെ തോന്നി", മാധവേട്ടന്‍ എന്നോടായി പറഞ്ഞു.

സരോജേച്ചി തെല്ലൊരമ്പരപ്പോടെ എന്നെ നോക്കി.

"നോക്കി നില്‍ക്കാതെ ചോറു വിളമ്പു സരോജാ", മാധവേട്ടന്‍ പറഞ്ഞു.

സരോജേച്ചി ചോറും കറികളും വിളമ്പി. ഞങ്ങള്‍ ഭക്ഷണം കഴിച്ചു തുടങ്ങി. അതിനിടെ മാധവേട്ടന്‍ ചോദിച്ചു, "എവിടെ ശരണ്യയും ശാരികയും? അവര്‍ കഴിച്ചോ?".

"അവര്‍ അകത്തുണ്ട്‌, ഞങ്ങള്‍ ഒരുമിച്ചു കഴിചോളാം.", സരോജേച്ചി പറഞ്ഞു.

"ചേച്ചി, എന്നെ നാളെ രാവിലെ അഞ്ചരയ്ക്കു തന്നെ വിളീക്കണം. ആറുമണിക്കുള്ള ബസ്സില്‍ പോയാലെ ഉച്ച കഴിയുമ്പോഴെങ്കിലും ഓഫീസിലെത്താന്‍ കഴിയൂ..", ഞാന്‍ പറഞ്ഞു.

"നാളെ തന്നെ പോകുവാണോ?", സരോജേച്ചി ചോദിച്ചു.

"പോണം ചേച്ചി, ഓഫീസില്‍ വളരെയധികം പണി ബാക്കിയുണ്ട്‌. ഒരു മാസത്തെ അവധിക്കു ശേഷം ഞാന്‍ കഴിഞ്ഞ ആഴ്ച തിരികെ പ്രവേശിച്ചതെയുള്ളു, അതാണ്‌", ഞാന്‍ പറഞ്ഞു.

"നാളെ ഒരു ദിവസം നിന്നിട്ടു പോകാം രാമാ, ഒരു ദിവസമല്ലെ. നാളെയീ തൊടിയൊക്കെ നമുക്കൊന്നിച്ചൊന്നു ചുറ്റിക്കറങ്ങാം", മാധവേട്ടന്‍ പറഞ്ഞു.

"നാളെ എന്തായാലും പറ്റില്ല മാധവേട്ടാ, എനിക്കു മടങ്ങിയേ തീരൂ...പക്ഷേ അടുത്ത വെള്ളിയാഴ്ച അവധിയാണ്‌. ഞാന്‍ ശ്രീദേവിയും കുട്ടികളുമായി വരാം. അവര്‍ക്കിവിടെയൊക്കെ കാണുകയും ചെയ്യാം. എന്തു പറയുന്നു മാധവേട്ടാ...?", ഞാന്‍ ചോദിച്ചു.

"അതും ശരിയാണ്‌. നിണ്റ്റെ ഭാര്യയേയും കുട്ടികളേയും ഞാനിതുവരെ കണ്ടിട്ടില്ല. അതും നടക്കുമല്ലോ?", മാധവേട്ടന്‍ പറഞ്ഞു.

"അവര്‍ നിങ്ങളെയെല്ലം കണ്ടിട്ടില്ല എന്നെയുള്ളു. എല്ലാവരേയും അവര്‍ക്കറിയാം.", ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ ഭക്ഷണം കഴിച്ചു കൈകഴുകി എഴുന്നേറ്റു.

"എനിക്ക്‌ മരുന്നും കഷായവും കഴിക്കുവാനുണ്ട്‌. നാളെ രാവിലെ എന്നെ കണ്ടിട്ടേ പോകാവുള്ളൂ... നിനക്ക്‌ നേരത്തെ കിടക്കുന്ന ശീലമില്ലെങ്കില്‍ പതുക്കെ കിടന്നാല്‍ മതി. ഉമ്മറത്തിരുന്നാല്‍ നല്ല കാറ്റ്‌ കിട്ടും.", ഇത്രയും പറഞ്ഞ്‌ മാധവേട്ടന്‍ മുറിയിലേക്ക്‌ നടന്നു. പിറകെ സരോജേച്ചിയും.

ഞാന്‍ ഉമ്മറത്തേക്ക്‌ നടന്നു. നിലാവിണ്റ്റെ വെളിച്ചത്തില്‍ തൊടി കാണാം. ആ തിണ്ണയില്‍ പുറത്തേക്കു നോക്കി കുറേ നേരം ഇരുന്നു. എത്രനേരം അങ്ങനെ ഇരുന്നു എന്നെനിക്കറിയില്ല. ഏതോ ചിന്തയില്‍ മുഴുകി ഇരുന്നു പോയി. ഒടുവില്‍ സരോജേച്ചിയുടെ ശബ്ദം കേട്ടാണ്‌ ഞെട്ടിയുണറ്‍ന്നത്‌.

"കിടക്ക വിരിച്ചിട്ടുണ്ട്‌, ഉറങ്ങാറാകുമ്പോള്‍ കിടക്കാം", ചേച്ചി പറഞ്ഞു.

"ശരി ചേച്ചി, രാവിലെ വിളിക്കുവാന്‍ മറക്കേണ്ടാ", ഞാന്‍ ഓറ്‍മ്മിപ്പിച്ചു.

"മറക്കില്ല രാമാ, കുളിക്കുവാന്‍ വെള്ളം ചൂടാക്കി വച്ചേക്കാം...", ചേച്ചി കൂട്ടിച്ചേറ്‍ത്തു.

"ശരി ചേച്ചി.", ഞാന്‍ പറഞ്ഞു.

"രാമനെ കണ്ടിട്ടാണെന്ന്‌ തോന്നുന്നു, ഇന്ന്‌ മാധവേട്ടന്‌ നല്ല ആശ്വാസമുണ്ട്‌. സാധാരണ അധികം സംസാരിക്കാറില്ല, ഭക്ഷണം കഴിക്കാറില്ല, എഴുന്നേറ്റു നടക്കാറില്ല. എപ്പോഴും ഒരേ കിടപ്പ്‌ തന്നെ. പക്ഷേ എന്ന്‌ വളരെ മാറ്റം വന്നിട്ടുണ്ട്‌. എല്ലാം രാമന്‍ വന്നതു കൊണ്ടാണ്‌", ചേച്ചി പറഞ്ഞു.

"എല്ലാം ശരിയാകുമെന്നു ഞാന്‍ പറഞ്ഞില്ലെ ചേച്ചി... ? ഞാനെ എണ്റ്റെ സുഹൃത്തിനോട്‌ സംസാരിക്കാം, എന്നിട്ട്‌ വെള്ളിയാഴ്ച വരുമ്പോള്‍ അവിടുത്തെ ചികിത്സയുടെ കാര്യങ്ങള്‍ വിശദമായി പറയാം", ഞാന്‍ പറഞ്ഞു. ചേച്ചി തലകുലുക്കി എല്ലാം കേട്ടു.

"ഞാന്‍ കിടന്നോളാം, ചേച്ചി ഭക്ഷണം കഴിച്ചു കിടന്നോളൂ.., ശരണ്യയും ശാരികയും കാത്തിരിക്കുന്നുണ്ടാകും..", ഞാന്‍ പറഞ്ഞു.

"ശരി രാമാ..", ഇത്രയും പറഞ്ഞു ചേച്ചി അകത്തേക്കു നടന്നു.

കുറച്ചു നേരം കൂടി അങ്ങനെ തന്നെ ഞാനവിടെ ഇരുന്നു. പിന്നെ എഴുന്നെറ്റു വാതില്‍ ചാരി, പോയിക്കിടന്നു. കുറച്ചധികം നേരം മച്ചില്‍ നോക്കി കിടന്നു. പിന്നെ എപ്പോഴൊ മയക്കത്തിലേക്കു വഴുതി വീണു.


ഭാഗം - 3


രാവിലെ ചേച്ചി വാതിലില്‍ തട്ടി വിളിക്കുന്നത്‌ കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്‌. വാതില്‍ തുറന്നപ്പോള്‍, കയ്യില്‍ ആവി പറക്കുന്ന കാപ്പിയുമായി ചേച്ചി. കാപ്പി തന്നിട്ട്‌ ചേച്ചി പറഞ്ഞു, "വെള്ളം ചൂടാക്കിയിട്ടുണ്ട്‌, പെട്ടെന്ന്‌ തയാറായിക്കൊള്ളു. അപ്പോഴേക്കും ഞാന്‍ ദോശ ചുടാം".

കാവില്‍ നിന്നും സുപ്രഭാതം കേള്‍ക്കുന്നുണ്ട്‌. ആ ഗ്രാമം ഉണര്‍ന്നു വരുന്നതേയുള്ളു.

"അതൊന്നും വേണ്ട ചേച്ചി, രാവിലെ വെറുതെ കഷ്ടപ്പെടണ്ടാ...", ഞാന്‍ പറഞ്ഞു.

ചേച്ചി ചിരിച്ചു കൊണ്ട്‌ അടുക്കളയിലേക്കു പോയി. കാപ്പി പതിയെ കുടിച്ചു തീര്‍ത്ത്‌ പ്രഭാത കര്‍മ്മങ്ങള്‍ക്കായി ഞാന്‍ കുളിമുറിയിലേക്കു പോയി. കുളി കഴിഞ്ഞ്‌ തിരികെയെത്തി, കുപ്പായമൊക്കെയണിഞ്ഞ്‌ പുറത്തെത്തിയപ്പോള്‍ ദാ ദേശയുമായി ചേച്ചി മുന്നില്‍. തിടുക്കത്തില്‍ രണ്ട്‌ ദോശകഴിച്ചുവെന്നു വരുത്തി ഞാന്‍ ഇറങ്ങാന്‍ തിടുക്കം കൂട്ടി.

"എന്നാല്‍ ഞാനിറങ്ങട്ടെ ചേച്ചി, മാധവേട്ടനുണരുമ്പോള്‍ പറഞ്ഞാല്‍ മതി.", ഞാന്‍ പറഞ്ഞു.

"ആ നല്ല കാര്യമായി. എന്നിട്ടു വേണം ഇന്നു മുഴുവനും ഈ കാര്യം പറഞ്ഞെന്നെ വഴക്കു പറയാന്‍, ഒരു നിമിഷം നില്‍ക്കൂ, ഞാന്‍ മാധവേട്ടനെ വിളീക്കാം..", ഇത്രയും പറഞ്ഞ്‌ സരോജേച്ചി മാധവേട്ടണ്റ്റെ മുറിയുടെ നേരെ നടന്നു.

"ചേച്ചി, ഞാന്‍ ഉമ്മറത്തുണ്ടാവും.", ഇത്രയും പറഞ്ഞു ഞാന്‍ പെട്ടിയുമെടുത്ത്‌ ഉമ്മറത്തെക്കു നടന്നു.

പൊടുന്നനെ അകത്തു നിന്നൊരു നിലവിളീ കേട്ടു. "മാധവേട്ടാ..... എന്നെ വിട്ടിട്ടു പോയല്ലോ മാധവേട്ടാ...." സരോജേച്ചിയുടെ നിലവിളീ ശബ്ദമായിരുന്നു അത്‌. പിന്നീടതൊരു കൂട്ട നിലവിളീയായി.

എണ്റ്റെ കാലിലൂടെന്തോ ഇരച്ചു കയറുന്നതു പോലെ തോന്നി., എനിക്കനങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ആരോ എണ്റ്റെ കാലുകള്‍ ബന്ധിച്ച പോലെ. വീഴാതിരിക്കാനായി, ഉമ്മറത്തിണ്റ്റെ കഴുക്കോലില്‍ പിടിച്ചു ഞാന്‍ നിന്നു... എന്തു ചെയ്യണമെന്നറിയാതെ, നിറ്‍വികാരനായി ഞാന്‍ നിന്നു... ഏതൊക്കെയോ രൂപങ്ങള്‍ അകലെ നിന്നും ഓടി വരുന്നതായി തോന്നി. എനിക്ക്‌ സ്വബോധം നഷ്ടപ്പെട്ടതു പോലെ... അതിനിടെ പടിപ്പുരയില്‍ നിന്നു കൊണ്ട്‌ ആരോ എന്നെ നോക്കി ചിരിക്കുന്നത്‌ പോലെ തോന്നി. ദൈവമേ എണ്റ്റെ തോന്നലാണോ? അല്ല. അത്‌ മാധവേട്ടനാണ്‌.. എണ്റ്റെ നേരെ കൈ വീശിക്കാണിക്കുകയാണ്‌, ഏതോ വലിയ യാത്ര പോകുന്നതു പോലെ. എന്നെ പറ്റിച്ച ഭാവത്തിലുള്ള ഒരു ചിരിയും ആ ചുണ്ടിലുണ്ടായിരുന്നു. അറിയാതെ ഞാനും കൈവീശി...


7 comments:

  1. വളരെ നന്നായി...അഭിനന്ദനങ്ങള്‍...

    ReplyDelete
  2. ജയകൃഷണന്‍ ,

    തുടക്കം മനോഹരം , കുന്ദമങ്ങലത്തിന്‍‌റ്റെയും മറ്റും തുടക്ക വിവരണവും നന്നായിട്ടുണ്ട് ,
    'ഞാന്‍ ' , 'എന്‍‌റ്റെ' എന്ന പ്രയോഗം വളരെ കൂടുതലായോ എന്നൊരു തോന്നല്‍ പ്രത്യേകിച്ചും , ഇടക്ക് എഴുത്തുകാരന് 'ഇനിയും' എഴുതണം എന്ന തോന്നലുണ്ടാക്കിയതാവാം വായനക്കാരനെ വിരികള്‍ ഒഴിവക്കാന്‍ പ്രേരണ നല്‍കിയത്.

    ഒന്നൂടെ നന്നാക്കാമായിരുന്നു എന്ന തോന്നലുള്ളതിനാല്‍ പറഞ്ഞെന്നു മാത്രം ഒന്നും കൂട്ടിയല്ല പലതും കുറച്ചുകൊണ്ട്.

    എഴുതുക വീണ്ടും എഴുതുക :)

    ReplyDelete
  3. Ygവളരെ മനോഹരമായി എഴുതിയിരിക്കുന്നു. ആശംസകള്‍

    ReplyDelete
  4. ആദ്യമായിട്ടാ ജെകെയുടെ കഥ വായിക്കുന്നത്..വളരെ നല്ലതു തന്നെ..ഇത്തിരി നേരം ആ ഭഗവതിക്കാവിലേക്കും, ജീര്‍ണ്ണിച്ച പൂമുഖപ്പടിയിലേക്കും,കുസൃതിപ്പെണ്‍കുട്ടിയിലേക്കും,മാധവേട്ടനോടൊപ്പം മനസ്സും സഞ്ചരിച്ചു...എല്ലാ ആശംസകളും നേരുന്നു..തുടര്‍ന്നും എഴുതുക..

    ReplyDelete
  5. ചെറിയകാര്യം മുഷിപ്പിയ്ക്കാതെ വിസ്തരിച്ചെഴുതുകയാണ് കഥാകൃത്ത് ചെയ്യേണ്ടത് എന്നാരോ പറഞ്ഞുതന്നിട്ടുണ്ട്. എനിയ്ക്കു പറ്റാറില്ല. എന്നാല്‍ അതുകയ്യില്‍ വെയ്ക്കാതെ പറ്റുന്നവര്‍ക്ക് കൊടുത്തുകകളയാം എന്നു വച്ചു.

    ReplyDelete
  6. പിള്ളാച്ചാ,
    കുന്ദമംഗലവും, ചിറ്റേടത്തു തറവാടും നന്നയിട്ടിഷ്ട്ടപ്പെട്ടു. പ്രകൃതിയും, പശ്ചാത്തലവും വളരെ മനോഹരമായി പ്രദീപാതീചിരിക്കുന്നു. ഇതൊന്നും ആധികാരികമായി പറയാന്‍ ഞാനാളല്ല. വായിക്കുന്നതെന്തോ അത് എഴുതിയ ആളിന്‍റെ ഉദ്ദേശ്യം എനിക്കു മനസ്സിലാവണം, വായിച്ചാല്‍ മനസ്സിലാവണം പിന്നെ വായിച്ചു തീര്‍ക്കാന്‍ തോന്നുന്ന ഒരു രസമുണ്ടാവണം.. ഇത്രയുമാണ് എന്‍റെ ഭാഷാ പരിജ്ഞാനം. അതില്‍ താങ്കള്‍ വിജയിച്ചു എന്ന് വേണം കരുതാന്‍. താങ്കളുടെ ബാങ്ങലൂരിലെക്കുള്ള നരകയാത്രയും ഞാന്‍ വായിച്ചു. യാത്രാ വിവരണം പറയുന്ന ആളിന്‍റെ കഥ പറച്ചിലായി ഈ "നിയോഗം" എന്ന് ഞാന്‍ പറഞ്ഞാല്‍.. കഥ നന്നായില്ല എന്ന്നു അര്‍ത്ഥമാക്കരുത്.. ഇനിയും എഴുതണം.. ഇനിയും നന്നാക്കണം..

    ഒന്നുകൂടി- നിയോഗം വായിച്ചു പോയപ്പോള്‍ എവിടെയോ പരിചയമുള്ള ഒരു ആഖ്യാന രീതി തോന്നി.. ഒരു പക്ഷെ കൂടുതല്‍ ഇഷ്ടപെടുന്ന ഏതെങ്കിലും ഒരു കഥാകൃത്തിന്റെ ശൈലി അറിയാതെ കടന്നു വന്നതാകാം..

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.