Friday, October 31, 2008
ബ്രിട്ടീഷ് സെന്‍സേഷന്‍
സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പുരുഷ ടെന്നീസ് താരം ലോക ഒന്നാം നമ്പര്‍ റാഫേല്‍ നഡാലാണ്.എന്നാല്‍ കഴിഞ്ഞ ഒന്നു രണ്ടു മാസത്തെ പ്രകടനമെടുത്താല്‍ നഡാലിനെയും യുഎസ്.ഓപ്പണ്‍ ചാമ്പ്യന്‍ റോജര്‍ ഫെഡററിനെയും ലോക മൂന്നാംനമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെയുമെല്ലാം കടത്തി വെട്ടുന്ന പ്രകടനം കാഴ്ചവെച്ചത് ആന്‍ഡി മറേയെന്ന ബ്രിട്ടീഷ് താരമാണ്.ടെന്നീസിന്റെ അവസാന വാക്കായ വിംബിള്‍ഡണ്‍ നടക്കുന്ന രാജ്യത്തിന് ചൂണ്ടിക്കാണിക്കാന്‍ ഒരു സൂപ്പര്‍ താരമില്ലെന്നതിന്റെ ക്ഷീണം നികത്തുന്ന പ്രകടനങ്ങളാണ് മറേ ഇപ്പോള്‍ കാഴ്ചവെക്കുന്നത്.
റഷ്യയില്‍ നടന്ന സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് ഓപ്പണില്‍ കിരീടം നില നിറുത്തിയതോടെ സീസണിലെ അഞ്ചാം കിരീടമാണ് മറേ സ്വന്തമാക്കിയത്.കലാശക്കളിയില്‍ കസാഖ്‌സ്താന്റെ ആന്ദ്രേ ഗ്ലൂബേവിനെ നിഷ്‌നപ്രഭനാക്കിയായിരുന്നു (6-1,6-1 ) ബ്രിട്ടീഷ് താരത്തിന്റെ കിരീടധാരണം. മാഡ്രിഡ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ റോജര്‍ ഫെഡററടക്കമുള്ളവരെ വീഴ്ത്തി കിരീടം നേടിയതിനു തൊട്ടു പിന്നാലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലും ചാമ്പ്യനായതോടെ ഫോമിന്റെ കൊടുമുടിയിലാണെന്നു തെളിയിക്കാന്‍ മറേയ്ക്കായി.യു.എസ്.ഓപ്പണിന്റെ ഫൈനലില്‍ ഫെഡററോട് തോറ്റതിന്റെ ക്ഷീണം മാഡ്രിഡില്‍ തീര്‍ക്കാനും താരത്തിനു കഴിഞ്ഞു.സെമിയില്‍ ഫെഡററെ വീഴ്ത്തിയായിരുന്നു മറേയുടെ മധുര പ്രതികാരം. ഫൈനലില്‍ പടിയ്ക്കല്‍ കൊണ്ടു കലമുടയ്ക്കുമെന്ന് ആരാധകര്‍ ഭയപ്പെട്ടെങ്കിലും മനസ്ഥൈര്യത്തോടെ കളിച്ച് ഗില്ലസ് സിമോണിനെ തോല്‍പ്പിക്കാന്‍ മറേയ്ക്കായി.
ജൂനിയര്‍ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചാണ് മറേ ബ്രിട്ടീഷ് ആരാധകരുടെ ഓമനയായി മാറിയത്.എന്നാല്‍ അമിതപ്രതീക്ഷകള്‍ ചുമലിലേറ്റി താരം തളരുന്നതാണ് പിന്നീട് ടെന്നീസ് ലോകം കണ്ടത്. പതര്‍ച്ചകള്‍ക്കുശേഷം മറേ ബ്രേക്ക് കണ്ടെത്തിയ വര്‍ഷമായി 2008.ജനവരിയില്‍ ദോഹ ഓപ്പണില്‍ വിജയിച്ചായിരുന്നു തുടക്കം. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ത്തന്നെ കാലിടറിയത് തിരിച്ചടിയായി.യു.എസ്.ഓപ്പണിലെ റണ്ണറപ്പ് സ്ഥാനവും രണ്ട് മാസ്റ്റേഴ്‌സ കിരീടങ്ങളും മറേയുടെ കുതിപ്പിന് ഗതിവേഗം കൂട്ടി. മാഡ്രിഡ് മാസ്റ്റേഴ്‌സ് സെമിയില്‍ ഫെഡററെ വീഴ്ത്തിയ മറേയുടെ പ്രകടനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
യു.എസ്.ഓപ്പണോടെ ഫോം വീണ്ടെടുത്ത ഫെഡറര്‍ തന്റെ മികച്ച കളിയാണ് മാഡ്രിഡില്‍ പുറത്തെടുത്തത്. ഇവിടെ ഫെഡററെ കീഴടക്കിയതോടെ ടെന്നീസ് പണ്ഡിതന്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ബ്രിട്ടീഷ് താരത്തിനു കഴിഞ്ഞു. നഡാലിനും ഫെഡറര്‍ക്കും ദ്യോക്കോവിച്ചിനും പിന്നില്‍ ലോക റാങ്കിങ്ങില്‍ നാലാമതാണ് ഇപ്പോള്‍ മറേയുടെ സ്ഥാനം .സീസണില്‍ രണ്ടു ടൂര്‍ണമെന്റുകള്‍ കൂടി മാത്രം അവശേഷിക്കെ മറേ മൂന്നാം റാങ്കിലേക്ക് കടക്കാന്‍ ഇനി സാധ്യതയില്ല.ഇതേ ഫോം നിലനിര്‍ത്താനായാല്‍ അടുത്ത സീസണില്‍ ഏറെ മുന്നേറാന്‍ ബ്രിട്ടീഷ് താരത്തിനു കഴിയും.
കടപ്പട് : കായികരംഗം, മാതൃഭൂമി
Thursday, October 30, 2008
ഡീഗോയുടെ രണ്ടാമൂഴം
മയക്കുമരുന്നുപയോഗവും പൊണ്ണത്തടിയും കുറയ്ക്കാന്‍ പലവട്ടം ആസ്പത്രിയില്‍ കിടന്നവന്‍. മരുന്നടിച്ചതിന് ലോകകപ്പ് ഫുട്‌ബോളില്‍ നിന്നു പുറത്താക്കപ്പെട്ടു. പത്രക്കാര്‍ക്ക് നേരെ നിറയൊഴിച്ച കുറ്റത്തിന് ജയിലിലായി. ഇടതുകൈ കൊണ്ട് പന്ത് ഗോള്‍വലയിലേക്ക് കുത്തിയിട്ട് കുപ്രസിദ്ധിയും നേടി... ഇങ്ങനെയൊരാളെ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകനാക്കും മുമ്പ് ഏതു രാജ്യവും രണ്ടു വട്ടം ആലോചിക്കുമെന്നുറപ്പ്. അയാളുടെ പേര് ഡീഗോ മറഡോണ എന്നാണെങ്കില്‍? എങ്കില്‍ ഒന്നുമാലോചിക്കാനില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ചങ്കൂറ്റത്തോടെ പ്രഖ്യാപിക്കുന്നു. 'കാല്‍പ്പന്തിന്റെ രാജാവ്' മറഡോണയെ ദേശീയ ടീം പരിശീലകനാക്കാന്‍ തീരുമാനിച്ചതായി എ.എഫ്.എ. പ്രസിഡന്റ് ജൂലിയോ ഗ്രൊന്‍ഡോണ കഴിഞ്ഞദിവസം വെളിപ്പെടുത്തി. വ്യാഴാഴ്ച നാല്‍പ്പത്തിയെട്ടാം പിറന്നാളാഘോഷിച്ച ഡീഗോയ്ക്കിത് ജന്‍മദിന സമ്മാനം കൂടിയാവുകയാണ്.
ലോകകപ്പ് യോഗ്യതാമത്സരങ്ങളില്‍ കിതച്ചുനീങ്ങുന്ന അര്‍ജന്റീന ടീമിന് പുതിയ കോച്ചിന്റെ വരവ് ആവേശം പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പത്തു ടീമുകളുള്ള സൗത്ത് അമേരിക്കന്‍ ഗ്രൂപ്പില്‍ പരാഗ്വേക്കും ചിലിക്കും പുറകിലായി മൂന്നാം സ്ഥാനത്താണിപ്പോള്‍ അര്‍ജന്റീന. ഈ ഗ്രൂപ്പില്‍ നിന്ന് നാലു ടീമുകള്‍ക്കേ ഫൈനല്‍ റൗണ്ടില്‍ ഇടം ലഭിക്കൂ എന്നത് അര്‍ജന്റീനയുടെ ഉറക്കം കെടുത്തുന്നു. എട്ടു മത്സരങ്ങള്‍ കൂടിയാണ് അര്‍ജന്റീനയ്ക്ക് ഇനിയുള്ളത്. ബ്രസീല്‍, ഇക്വഡോര്‍, ഉറുഗ്വേ, ബൊളിവിയ... ഇനിയുള്ള മത്സരങ്ങളിലെല്ലാം ഏറ്റുമുട്ടാനുള്ളത് കരുത്തന്‍മാരോടും. രണ്ടാഴ്ച മുമ്പ് ചിലിയുമായി നടന്ന മത്സരത്തിലേറ്റ തോല്‍വിയെത്തുടര്‍ന്ന് കോച്ച് ആല്‍ഫിയോ ബേസില്‍ രാജിവെച്ചിരുന്നു. അങ്ങനെയാണ് മറഡോണയ്ക്ക് നറുക്ക് വീണത്. ലയണല്‍ മെസി, കാര്‍ലോസ് ടെവസ്, റിക്വല്‍മെ - എണ്ണം പറഞ്ഞ കളിക്കാര്‍ ടീമിലുണ്ടെങ്കിലും കഴിഞ്ഞ കുറെ കാലമായി ഇവര്‍െക്കാന്നും മികച്ച പ്രകടനം പുറെത്തടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ സ്ഥിതിക്ക് മാറ്റം വരുത്താന്‍ മറഡോണയെന്ന പരിശീലകനു കഴിയുമെന്നാണ് ആരാധകര്‍ കരുതുന്നത്.
മറഡോണ എന്ന് പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എ.എഫ്.എ. അധികൃതരുമായി മറഡോണയും മുന്‍കാല ഫുട്‌ബോള്‍ താരം കാര്‍ലോസ് ബിലാര്‍ഡോയും ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ബിലാര്‍ഡോ ടീമിന്റെ മാനേജരാകുമെന്നും ധാരണയായി. നിലവില്‍ താത്കാലിക പരിശീലകന്റെ റോളിലുള്ള സെര്‍ജിയോ ബാറ്റിസ്റ്റ തന്നെയാകും നവംബറില്‍ സ്‌കോട്‌ലന്‍ഡുമായുള്ള സൗഹൃദമത്സരത്തിനും ടീമിനെ സജ്ജമാക്കുക. ആ കളിക്കുശേഷമാകും മറഡോണ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കുക എന്നറിയുന്നു.
വ്യക്തിജീവിതത്തില്‍ പലവിധ പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന മറഡോണയ്ക്ക് പുതിയ നിയമനം ഏറെ നേട്ടമാകുമെന്ന് വിലയിരുത്തെപ്പടുന്നു. ഒരു ടീമെന്ന നിലയ്ക്ക് അര്‍ജന്റീനയ്ക്ക് ഇെതത്രത്തോളം ഗുണം ചെയ്യും എന്ന കാര്യത്തില്‍ പലരും സംശയമുയര്‍ത്തുന്നുണ്ട്. എടുത്തുചാട്ടക്കാരനെന്ന ദുഷ്‌പ്പേരുള്ള ഡീഗോ പരിശീലകനായാല്‍ എല്ലാ മത്സരങ്ങളിലും റഫറിക്കെതിരെ തര്‍ക്കമുണ്ടാകുമെന്ന് ചിലര്‍ വിമര്‍ശനമുന്നയിക്കുന്നു. മറഡോണയുടെ വരവോടെ ടീമിനു ലഭിക്കുന്ന അമിതമായ മാധ്യമശ്രദ്ധ കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമെന്നും ആശങ്കകളുണ്ട്. അര്‍ജന്റീനയിലെ 'ല നേസിയന്‍' പത്രം നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ 72.3 ശതമാനം പേരും ഈ നിയമനത്തെ എതിര്‍ത്തു. 'ജീവിതത്തില്‍ ഏല്ലായ്‌പ്പോഴുമെന്ന പോലെ അയാള്‍ വീണ്ടുമൊരു അപകടത്തില്‍ ചാടുകയാണ്. ലോകം മുഴുവന്‍ വാഴ്ത്തപ്പെടുന്ന മറഡോണ ഏന്ന മിത്ത് തകര്‍ന്നടിയാന്‍ പോലും ഇത് കാരണമാകും''- 'ല നേസിയന്‍' കോളമിസ്റ്റ് ഡാനിയല്‍ ആര്‍ക്കുച്ചി മുന്നറിയിപ്പ് നല്‍കുന്നു. ഫുട്‌ബോള്‍ പണ്ഡിതന്‍മാരുടെ ഉപദേശമൊന്നും വകവെക്കാതെ തീരുമാനവുമായി മുന്നോട്ടുപോകാനുള്ള നിലപാടില്‍ തന്നെയാണ് എ.എഫ് .എ. രക്തത്തില്‍ സോക്കര്‍ വേഗം കലര്‍ന്ന, മനസ്സ് മുഴുവന്‍ ഡ്രിബഌങ് തന്ത്രങ്ങള്‍ നിറച്ച, ഫുട്‌ബോള്‍ തന്നെ ജീവിതമാക്കിയ ഒരുവനേക്കാള്‍ (അവനെത്ര പാപിയാണെങ്കിലും) മികച്ചൊരു പരിശീലകനെ ടീമിനു കിട്ടാനില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. ഗ്യാലറികള്‍ എന്നും ഡീഗോയ്‌ക്കൊപ്പം നില്‍ക്കുമെന്നും.
കടപ്പട് : കായികരംഗം, മാതൃഭൂമി
Friday, October 17, 2008
G4H4 - കൂട്ടയ്മയുടെ അഞ്ചാം വറ്‍ഷത്തിലേക്ക്
പല തവണ ഈ ബ്ലോഗില്‍ എഴുതിയ ഒരു കാര്യം ഞാന്‍ വീണ്ടും എഴുതുന്നു. ഈ ബ്ലോഗ് വായിച്ച പലരും എന്നോട് ചോദിക്കുകയുണ്ടായ ഒരു ചോദ്യത്തിനുള്ള മറുപടിയാണിത്. എന്താണ് G4H4 ? എന്താണതിനിത്ര പ്രാധാന്യം? പലപ്പോഴും ഞന്‍ എന്നോടു തന്നെ ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്. പ്ളസ്‌ടുവും കോളേജിലും പഠനം കഴിഞിറങ്ങിയപ്പോള്, ആ കോളേജിനോടും സഹപാഠികളോടും വല്ലാത്ത ഒരു അടുപ്പം തോന്നിയിരുന്നു. നഷ്ടമാകുന്നതു സുവര്‍ണ്ണ ദിനങ്ങള്‍ ആണെന്നൊരു തോന്നല്‍ അന്നും ഉണ്ടായിട്ടുണ്ട്. പക്ഷേ കാലം മാറിയതിനനുസരിച്ച് അതും പോയ് മറഞ്ഞു എന്നു വേണമെങ്കില്‍ പറയാം. ഇപ്പോള്‍ ഞാന്‍ അടുപ്പം സൂക്ഷിക്കുന്നവരുടെ എണ്ണമെടുത്താല്‍ അത് വിരലിലെണ്ണാവുന്നതില്‍ ഒതുങ്ങുന്നു.
G4H4 എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു കൂട്ടായ്മയാണ്. ഒരു കൂട്ടം എഞ്ജിനീയറിംഗ് ബിരുദധാരികള്‍ തങ്ങളുടെ ആദ്യ ജോലിക്കു മുന്നെയുള്ള പരിശീനത്തിനായി ഒന്നിച്ചു ചേര്‍ന്നപ്പോളാണ്, G4H4 രൂപം കൊള്ളുന്നത്. അതൊരു തുടക്കം മാത്രമായിരുന്നു.ഏകദേശം ആറു മാസത്തെ പരിശീലനത്തിനു ശേഷം അവര്‍ യു.എസ് സോഫ്റ്റ്‌വെയര്‍ (ഇപ്പോള്‍ യു.എസ്.റ്റി ഗ്ളോബല്‍) ഔദ്യോഗികമായി ജോലിക്കു പ്രവേശിച്ചു. ഞാനും അതിന്റെ ഒരു ഭാഗമായിരുന്നു, കുറച്ചു കൂടെ കൃത്യമായി പറഞ്ഞാല്‍ അതിന്റെ ഭാഗമാണ്. ആ പരിശീലന വേളയില്‍ തന്നെ ഞങ്ങള്‍ക്കിടയില്‍ നല്ലൊരു ആത്മബന്ധം വളര്‍ന്നിരുന്നു. അതു കൊണ്ടു തന്നെ പരസ്പരം സഹായിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഞങ്ങള്‍ക്കു കഴിഞ്ഞു. ഞങ്ങളുടെ ആ കൂട്ടായ്മയുടെ പ്രത്യേകത, പല പല സ്വഭാവ വിശേഷമുള്ളവരുടെ ഒരു കൂടിച്ചേരല്‍ എന്നതായിരുന്നു. കലയിലും സാഹിത്യത്തിലും എന്നല്ല, എല്ലാ മേഖലയിലും മികവു പുലര്‍ത്തിയിരുന്നവര്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. എന്നത് ഒരു കൂട്ടായ്മ എന്നതിലുപരി, ഒരു വികാരമായി വളര്‍ന്നത് ആ സമയത്തായിരുന്നു. പലരും അതിനെ ഒരു നെഗറ്റീവായ രീതിയില്‍ കണ്ടെങ്കിലും, ഞങ്ങളുടെ ഒത്തൊരുമയും സന്തോഷവും ആഘോഷങ്ങളുമെല്ലാമ്, ഞങ്ങളുടെ ഒപ്പം പരിശീലനത്തിനായി വന്ന മറ്റൊരു ബാച്ചിലും കണ്ടില്ല എന്നതായിരുന്നു സത്യം. അത് പ്രകടമായ പല അവസരങ്ങള്‍ ഞങ്ങള്‍ യു.എസ്.ടിയുടെ ഭാഗമായതിനു മുന്നെയും അതിനു ശേഷവും ഉണ്ടായി. പല അവസരങ്ങളിലും ഞങ്ങളുടെ ആ കൂട്ടായ്മ ഞങ്ങളെ പല രീതിയില്‍ സഹായിച്ചിട്ടുണ്ട്. പരസ്പരം മത്സരിക്കേണ്ട അവസരങ്ങളില്‍ പോലും ഒരു സൌഹൃദ മത്സരമായി മാത്രമേ അതു മാറിയുള്ളു. അതിനിടയില്‍ പലരും പല വഴികളിലേക്ക് പിരിഞ്ഞു തുടങിയിരുന്നു. ചിലര്‍ മറ്റു ചില അവസരങ്ങള്‍ തേടിയപ്പോള്‍, മറ്റു ചിലര്‍ ഉപരിപഠനത്തിനായി പോയി. എന്നിരുന്നാല്‍ പോലും, മെയിലുകളിലൂടെയും, ഫോണ്‍കോളുകളിലൂടെയും എല്ലാവരും ബന്ധപ്പെട്ടിരുന്നു.
കഴിഞ്ഞു പോയ എല്ലാ വാര്‍ഷികങ്ങളും ഞങ്ങള്‍ ഒരുമിച്ച് ആഘോഷിച്ചു. പല സ്ഥലങ്ങളിലുള്ളവര്‍ അതാത് സ്ഥലങ്ങളിലും, പിന്നെ കോണ്‍ഫ്രണ്സ് കോളുകളുമായെല്ലാം ഞങ്ങള്‍ ആഘോഷിച്ചു. ഇങ്ങനെ ഒരു സുഹൃത്ത്‌വലയം നിങ്ങള്‍ക്കെവിടെയും കാണുവാന്‍ സാധിക്കില്ല എന്നതാണ്‍ സത്യം. നാലുവര്‍ഷം കടന്നു പോയതറിഞ്ഞില്ല. ഇതാ മറ്റൊരു വാര്‍ഷികം കൂടി കടന്നു വരുന്നു. ഒക്ടോബര്‍ 19. ഇത്തവണത്തെ വാര്‍ഷികത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. ഇത്തവണ വാര്‍ഷികത്തിന്റെ ആഘോഷങള്‍ ഗ്ളോബലാണ്. ഇന്ത്യയില്‍ തിരുവനന്തപുരം, കൊച്ചി, ബാംഗ്ളൂര്‍, ചെന്നൈ എന്നിവിടങ്ങളിലും, അമേരിക്കയിലും, ആസ്ത്രേലിയായിലും, ചൈനയിലും, മസ്കറ്റിലും, അബുദാബിയിലുമെല്ലാം ആഘോഷങ്ങളും ഒത്തുചേരലുകളും നടക്കുമ്. ഇത് പുതിയ തലമുറയെ വരവേല്‍ക്കാന്‍ കൂടെയുള്ള അവസരമായിയാണ് ഞങ്ങള്‍ കാണുന്നത്. സൌഹൃദത്തിന്റെ ഈ കൂട്ടായ്മ എന്നും ഉണ്ടായിരിക്കട്ടെ എന്നു പ്രാറ്ത്ഥിക്കുന്നു.
എന്റെ എല്ലാ G4H4 സുഹൃത്തുക്കള്‍ക്കും സന്തോഷം നിറഞ ഒരു വാര്‍ഷികം ആശംസിക്കുന്നു.
Thursday, October 16, 2008
Quantum Of Solace (2008) - Preview
മുന്നില്‍ വന്നു നിന്ന്, ടൈ ഒതുക്കി വച്ച് ബോണ്ട്, ജയിംസ് ബോണ്ട്, എന്നു പറയുന്ന മുഖം നമുക്ക് പിയേഴ് ബ്രോസ്നാനിലൂടെയാണ് പരിചയം. എന്നാലിതാ, ഡാനിയേല്‍ ക്രേഗും ആ വഴിയേ.
ലോകം ആകാംഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന പുതിയ ജയിംസ് ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സൊലേസ് ഓക്ടോബര്‍ അവസാന വാരം പ്രദര്‍ശനത്തിനെത്തുന്നു. ഡാനിയല്‍ ക്രേഗ്ഗിണ്റ്റെ രണ്ടാം ബോണ്ട് ചിത്രമാണിത്. കാസിനോ റോയലിലൂടെ ബോണ്ടായി അരങ്ങേറ്റം കുറിച്ച ഡാനിയേല്‍, ഈ ചിത്രത്തിലൂടെ പിയേഴ്സ് ബ്രോസ്നനേക്കാള്‍ മികച്ച ബോണ്ടായി മാറും എന്ന പ്രതീക്ഷയിലാണ് ലോകം. ഇ.ഒ.എന്‍ പ്രൊഡക്ഷന്‍സിണ്റ്റെ ബാനറില്‍ സോണി പിക്ചര്‍ നിര്‍മ്മിച്ച് മാര്‍ക്ക് ഫോസ്റ്റര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിണ്റ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പോള്‍ ഹഗിസ്, നീല്‍ പര്‍വിസ്, റോബര്‍ട്ട് വേഡ്, ജോഷ്വാ സെറ്റ്യൂമര്‍ എന്നിവര്‍ ചേര്‍ന്നാണ്, കഥ എഴുതിയിരിക്കുന്നത് ചിത്രത്തിണ്റ്റെ നിര്‍മ്മാതാവു കൂടിയായ മൈക്കിള്‍ വിത്സണ്‍ ആണ്. കാസിനോ റൊയലിണ്റ്റെ ചിത്രീകരണത്തിനിടയില്‍ തന്നെ കഥയെഴുതി തുടങ്ങിയ ഈ ചിത്രം, പനാമ, ചിലി, ഇറ്റലി, ആസ്ട്രിയ എന്നീ സ്ഥലങ്ങളില്‍ ആണ് ചിത്രീകരണം നടത്തിയിട്ടുള്ളത്. ഇതിണ്റ്റെ സെറ്റുകള്‍ ഒരുക്കിയിരിക്കുന്നത്, പൈന്‍വുഡ് സ്റ്റൂഡിയോയിലാണ്. ഏകദേശം 225 മില്യണ്‍ യു.എസ് ഡോളറാണ്, ചിത്രത്തിണ്റ്റെ നിര്‍മ്മാണ ചിലവ്.
ഈ ചിത്രത്തില്‍ ബോണ്ടിണ്റ്റെ പോരാട്ടം, ക്വാണ്ടം ഓറ്‍ഗനൈസേഷണ്റ്റെ അംഗമായ ഡൊമിനിക് ഗ്രീനുമായാണ്, അയള്‍ അറിയപ്പെടുന്ന ഒരു പരിസ്ഥിതി പ്രവറ്‍ത്തകന്‍ കൂടിയാണ്. ഒരു പട്ടാള അട്ടിമറിയിലൂടെ ബൊളീവിയയിലെ ഭരണവും അതിനൊപ്പം ജലവിതരണ സംവിധാനങ്ങളും കയ്യടക്കാന്‍ ശ്രമിക്കുകയാണ് ഗ്രീന്‍. കാമുകിയായ വെസ്‌പെറിന്റെ മരണത്തിന് പകരം ചോദിക്കാനായി ഇറങ്ങിത്തിരിക്കുന്ന ബോണ്ട് എത്തിപ്പെടുന്നത് അന്താരാഷ്ട്രബന്ധങ്ങളുള്ള ഒരു മാഫിയാ സംഘത്തിന്റെ പിടിയിലാണ്. ഓസ്ട്രിയ, ഇറ്റലി, തെക്കേ അമേരിക്ക തുടങ്ങിയ സ്ഥലങ്ങള്‍ പശ്ചാത്തലമാക്കി മാഫിയാസംഘത്തിന്റെ ചുരുളഴിക്കുകയാണ് പുതിയ ചിത്രം.ചിത്രത്തില്‍ ബോണ്ട് ഗേളായി കാമിലി എന്ന റോളില്‍ ഓള്‍ഗ കുറ്‍ലെങ്കോ എത്തുന്നു. കാമിലിയുടെ മിഷനും ഗ്രീനിനെ വധിക്കുക എന്നതു തന്നെ. കഴിഞ്ഞ ബോണ്ട് ചിത്രമായ കാസിനോ റോയലിണ്റ്റെ തുടറ്‍ച്ച എന്ന രീതിയിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മേധാവിയായ 'എം' ആയി ജൂഡി ഡെഞ്ച് വീണ്ടും പ്രത്യക്ഷപ്പെടുന്നു.
കാസിനോ റോയലിലൂടെ സൌമ്യനായ ബോണ്ടിനെ അവതരിപ്പിച്ച ഡാനിയേല്‍ ഇത്തവണ ആക്ഷന്‍ രംഗങ്ങളില്‍ പുതിയ മാനങ്ങള്‍ തേടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇത്തവണയും ബോണ്ടിണ്റ്റെ കാറ്‍ ആസ്റ്റണ്‍ മാറ്‍ട്ടിന്‍ ആണ്. ബോണ്ട് ചിത്രങ്ങളുടെ പതിവ് ചേരുവകളെല്ലാം കോര്‍ത്തിണക്കി ചിത്രീകരിച്ച 105 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒരു വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ.എന്തായാലും ലോകമെമ്പാടും ബോണ്ടിണ്റ്റെ ആരാധകറ്‍ അദ്ദേഹത്തിണ്റ്റെ വരവിനായി കാത്തിരിക്കയാണ്. ഇംഗ്ളണ്ടില്‍ ഒക്ടോബറ്‍ 31നും അമേരിക്കയില്‍ നവംബറ്‍ 14നും ചിത്രം പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. പതിവിനു വിപരീതമായി, ഇന്ത്യയില്‍ ചിത്രം ആദ്യമെത്തുമെന്നും കേള്‍ക്കുന്നു. അങ്ങനെ സംഭവിച്ചാല്‍, അമേരിക്കന്‍ റിലീസിനു മുന്നെ ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാകും ഇത്. ആദ്യ ചിത്രത്തിലൂടെ എന്ന നിരാശപ്പെടുത്തിയ ഡാനിയല്‍ ക്രേഗിനെ, പുതിയ ചിത്രത്തിണ്റ്റെ ട്രൈലറുകള്‍ കണ്ടു ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഞാനും കാത്തിരിക്കയാണ് ബോണ്ടിനെ...
Quantum Of Solace Trailer (Bond 22) - Official Web Site
Quantum Of Solace (Bond 22) - Wikipedia
Sunday, October 12, 2008
സ്പീഡ് ട്രാക്കിലേക്ക്
ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന് വേദിയൊരുക്കാനുള്ള പുറപ്പാടിലാണ് കല്‍മാഡിയും സംഘവും! എഫ്- വണ്‍ വേദി അനുവദിച്ചുകിട്ടുന്നത് അഭിമാനാര്‍ഹം തന്നെയാണെങ്കിലും, അത് പ്രായോഗികമാക്കിത്തീര്‍ക്കുന്നതിനു പിന്നിലെ കടമ്പകള്‍ ചില്ലറയല്ല. ഡല്‍ഹിയില്‍ എഫ് -വണ്ണിന് വേദിയൊരുക്കു ന്നതിന് 2000 കോടി രൂപയ്ക്കുമുകളില്‍ ചെലവുവരും. ഇത്രയും ഭീമമായ തുക ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ?
ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനും അതിന്റെ അദ്ധ്യക്ഷന്‍ സുരേഷ് കല്‍മാഡിയും പതിവു തെറ്റിക്കുന്നില്ല. 2014-ലെ ഏഷ്യന്‍ ഗെയിംസിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം മാറും മുന്‍പേ മറ്റൊരു മഹാമേളയുടെ പിന്നാലെയാണിപ്പോഴവര്‍. ഏഷ്യാഡ് വേദി അനുവദിക്കപ്പെടാതെ പോയതിന് മന്ത്രി മണിശങ്കര അയ്യരെയും സ്‌പോര്‍ട്‌സ് മന്ത്രാലയത്തെയുമാണ് ഐ.ഒ.എ. കുറ്റപ്പെടുത്തുന്നത്. മണിശങ്കരയ്യരാവട്ടെ, സര്‍ക്കാറിന് വന്‍ സാമ്പത്തികബാധ്യത വരുന്ന മേളകളുടെ കാര്യത്തിലുള്ള ആശങ്കകള്‍ തുറന്നടിക്കുകയും ചെയ്യുന്നു. 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒരുക്കങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ വലിയൊരു തുക വകയിരുത്തിയിട്ടുള്ള സര്‍ക്കാറിന്, മറ്റൊരു മേളയുടെ ഭാരം കൂടി ഇപ്പോള്‍ ഏറ്റെടുക്കാന്‍ കഴിയില്ല എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍ ഇതിനിടയില്‍, ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന് വേദിയൊരുക്കാനുള്ള പുറപ്പാടിലാണ് കല്‍മാഡിയും സംഘവും! എഫ്- വണ്‍ വേദി അനുവദിച്ചുകിട്ടുന്നത് അഭിമാനാര്‍ഹം തന്നെയാണെങ്കിലും, അത് പ്രായോഗികമാക്കിത്തീര്‍ക്കുന്നതിനു പിന്നിലെ കടമ്പകള്‍ ചില്ലറയല്ല. നിബന്ധനകള്‍ക്കനുസരിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ 2009മുതല്‍ ഡല്‍ഹിയും എഫ്-വണ്‍ സര്‍ക്യൂട്ടില്‍ ഇടംപിടിക്കുമെന്ന വാഗ്ദാനമാണ് എഫ്-വണ്‍ ചീഫ് ബേണി എസ്സല്‍സ്റ്റോണ്‍ ഐ.ഒ.എയ്ക്ക് നല്‍കിയിരിക്കുന്നത്.
എഫ്-വണ്ണിന് വേദിയൊരുക്കാന്‍ ആവശ്യമായിവരുന്ന ഭീമമായ തുക ഐ.ഒ.എ എങ്ങനെ കണ്ടെത്തും എന്നതാണ് ചോദ്യം. വിദഗ്ധരുടെ അഭിപ്രായത്തില്‍, ട്രാക്കൊരുക്കുന്നതിനു മാത്രം 500-600 കോടി രൂപ വേണ്ടിവരും. ചുരുങ്ങിയത് 750 ഏക്കര്‍ ഭൂമിയും അതിനാവശ്യമുണ്ട്. സ്റ്റാന്റ് ഒരുക്കാന്‍ 300 ഏക്കര്‍ വേറെയും. ഭൂമി വില കൂടി ചേരുമ്പോള്‍ ചെലവ് 1500 കോടിയിലേക്കുയരും. കൂടാതെ 65-210 കോടിക്കിടയില്‍ 'അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജാ'യി സംഘാടകര്‍ അടക്കേണ്ടതുണ്ട്. ഇതിനൊക്കെ പുറമെയാണ് അനുബന്ധ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഉത്തരവാദിത്വം. ഏഴ് ഭീമന്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളെ ഒരേ സമയം ഉള്‍ക്കൊള്ളാനുള്ള സൗകര്യം വേദിക്കടുത്തുള്ള വിമാനത്താവളത്തിനുണ്ടായിരിക്കണം. ടീമുകളുടെയും ടി.വി. സംപ്രേക്ഷകരുടെയുമൊക്കെയായി വളരെയധികം സാങ്കേതിക ഉപകരണങ്ങള്‍ ക്ലിയര്‍ ചെയ്യാന്‍ കസ്റ്റംസ് സജ്ജമായിരിക്കണം. ടീമുകളുടെ സാങ്കേതിക പ്രവര്‍ത്തകരെയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും വഹിച്ചുള്ള മുന്നൂറോളം അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്ക് സൗകര്യമൊരുക്കേണ്ടിവരും. കാണികള്‍ക്കുവേണ്ടിയുള്ള സര്‍വീസുകള്‍ ഇതിനു പുറമെയാണ്. വിമാനത്താവളത്തെ മത്സരവേദിയുമായി ആറുവരിയുള്ള അതിവേഗ പാതകൊണ്ട് ബന്ധിച്ചിരിക്കണം. ആതിഥ്യം വഹിക്കുന്ന നഗരത്തില്‍ 4,500 സ്റ്റാര്‍ റൂമുകളുള്ള ഹോട്ടല്‍ സൗകര്യമുണ്ടാവണം. ഇവയില്‍ ചുരുങ്ങിയത് 1,800 എണ്ണത്തിനെങ്കിലും ഫൈവ് സ്റ്റാര്‍ നിലവാരമുണ്ടാവണം. ഇങ്ങനെ പ്രത്യക്ഷമായും പരോക്ഷമായും 2,000 കോടിക്കും മുകളില്‍ ചെലവു വരുന്ന സംരംഭത്തിനാണ് ഐ.ഒ.എ. ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നു സാരം.
പതിനായിരക്കണക്കിന് തൊഴില്‍ സാധ്യതകള്‍ തുറക്കുന്നതും കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കുന്നതുമായ സംരഭം കൂടിയാണ് ഇത്. രാജ്യത്തെ ഹോട്ടല്‍-ടൂറിസം വ്യവസായത്തിന് കൈവരാവുന്ന വളര്‍ച്ചയും ഏറെ വലുതായിരിക്കും. മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്ന കാര്യത്തിലും സംശയമില്ല. എങ്കിലും 'മുടക്കുമുതല്‍' എവിടെനിന്നു കണ്ടെത്തും എന്ന കാര്യത്തിലാണ് ആശങ്ക നിലനില്‍ക്കുന്നത്. ഫോര്‍മുല വണ്‍ സര്‍ക്യൂട്ടില്‍ ഇന്ത്യന്‍പതാക ഉയര്‍ത്തിയ നരേന്‍ കാര്‍ത്തികേയന്‍, സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഒന്നും നടക്കില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അതിനു തയ്യാറാവുകയാണെങ്കില്‍ കുലാലംപൂര്‍, ബഹ്‌റൈന്‍, ജപ്പാന്‍, ഷാങ്ഹായ് എന്നിവയ്ക്കുശേഷം എഫ്-വണ്‍ സര്‍ക്യൂട്ടിലെ അഞ്ചാമത്തെ ഏഷ്യന്‍ വേദിയാവും ഡല്‍ഹി. എഫ്-വണ്‍ പോലുള്ള എലൈറ്റ് സ്‌പോര്‍ട്‌സിനായി കോടികള്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്നാണിനി അറിയാനുള്ളത്.
കടപ്പട് : കായികരംഗം, മാതൃഭൂമി
ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനും അതിന്റെ അദ്ധ്യക്ഷന്‍ സുരേഷ് കല്‍മാഡിയും പതിവു തെറ്റിക്കുന്നില്ല. 2014-ലെ ഏഷ്യന്‍ ഗെയിംസിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം മാറും മുന്‍പേ മറ്റൊരു മഹാമേളയുടെ പിന്നാലെയാണിപ്പോഴവര്‍. ഏഷ്യാഡ് വേദി അനുവദിക്കപ്പെടാതെ പോയതിന് മന്ത്രി മണിശങ്കര അയ്യരെയും സ്‌പോര്‍ട്‌സ് മന്ത്രാലയത്തെയുമാണ് ഐ.ഒ.എ. കുറ്റപ്പെടുത്തുന്നത്. മണിശങ്കരയ്യരാവട്ടെ, സര്‍ക്കാറിന് വന്‍ സാമ്പത്തികബാധ്യത വരുന്ന മേളകളുടെ കാര്യത്തിലുള്ള ആശങ്കകള്‍ തുറന്നടിക്കുകയും ചെയ്യുന്നു. 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒരുക്കങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ വലിയൊരു തുക വകയിരുത്തിയിട്ടുള്ള സര്‍ക്കാറിന്, മറ്റൊരു മേളയുടെ ഭാരം കൂടി ഇപ്പോള്‍ ഏറ്റെടുക്കാന്‍ കഴിയില്ല എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍ ഇതിനിടയില്‍, ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന് വേദിയൊരുക്കാനുള്ള പുറപ്പാടിലാണ് കല്‍മാഡിയും സംഘവും! എഫ്- വണ്‍ വേദി അനുവദിച്ചുകിട്ടുന്നത് അഭിമാനാര്‍ഹം തന്നെയാണെങ്കിലും, അത് പ്രായോഗികമാക്കിത്തീര്‍ക്കുന്നതിനു പിന്നിലെ കടമ്പകള്‍ ചില്ലറയല്ല. നിബന്ധനകള്‍ക്കനുസരിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ 2009മുതല്‍ ഡല്‍ഹിയും എഫ്-വണ്‍ സര്‍ക്യൂട്ടില്‍ ഇടംപിടിക്കുമെന്ന വാഗ്ദാനമാണ് എഫ്-വണ്‍ ചീഫ് ബേണി എസ്സല്‍സ്റ്റോണ്‍ ഐ.ഒ.എയ്ക്ക് നല്‍കിയിരിക്കുന്നത്.
എഫ്-വണ്ണിന് വേദിയൊരുക്കാന്‍ ആവശ്യമായിവരുന്ന ഭീമമായ തുക ഐ.ഒ.എ എങ്ങനെ കണ്ടെത്തും എന്നതാണ് ചോദ്യം. വിദഗ്ധരുടെ അഭിപ്രായത്തില്‍, ട്രാക്കൊരുക്കുന്നതിനു മാത്രം 500-600 കോടി രൂപ വേണ്ടിവരും. ചുരുങ്ങിയത് 750 ഏക്കര്‍ ഭൂമിയും അതിനാവശ്യമുണ്ട്. സ്റ്റാന്റ് ഒരുക്കാന്‍ 300 ഏക്കര്‍ വേറെയും. ഭൂമി വില കൂടി ചേരുമ്പോള്‍ ചെലവ് 1500 കോടിയിലേക്കുയരും. കൂടാതെ 65-210 കോടിക്കിടയില്‍ 'അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജാ'യി സംഘാടകര്‍ അടക്കേണ്ടതുണ്ട്. ഇതിനൊക്കെ പുറമെയാണ് അനുബന്ധ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഉത്തരവാദിത്വം. ഏഴ് ഭീമന്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളെ ഒരേ സമയം ഉള്‍ക്കൊള്ളാനുള്ള സൗകര്യം വേദിക്കടുത്തുള്ള വിമാനത്താവളത്തിനുണ്ടായിരിക്കണം. ടീമുകളുടെയും ടി.വി. സംപ്രേക്ഷകരുടെയുമൊക്കെയായി വളരെയധികം സാങ്കേതിക ഉപകരണങ്ങള്‍ ക്ലിയര്‍ ചെയ്യാന്‍ കസ്റ്റംസ് സജ്ജമായിരിക്കണം. ടീമുകളുടെ സാങ്കേതിക പ്രവര്‍ത്തകരെയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും വഹിച്ചുള്ള മുന്നൂറോളം അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്ക് സൗകര്യമൊരുക്കേണ്ടിവരും. കാണികള്‍ക്കുവേണ്ടിയുള്ള സര്‍വീസുകള്‍ ഇതിനു പുറമെയാണ്. വിമാനത്താവളത്തെ മത്സരവേദിയുമായി ആറുവരിയുള്ള അതിവേഗ പാതകൊണ്ട് ബന്ധിച്ചിരിക്കണം. ആതിഥ്യം വഹിക്കുന്ന നഗരത്തില്‍ 4,500 സ്റ്റാര്‍ റൂമുകളുള്ള ഹോട്ടല്‍ സൗകര്യമുണ്ടാവണം. ഇവയില്‍ ചുരുങ്ങിയത് 1,800 എണ്ണത്തിനെങ്കിലും ഫൈവ് സ്റ്റാര്‍ നിലവാരമുണ്ടാവണം. ഇങ്ങനെ പ്രത്യക്ഷമായും പരോക്ഷമായും 2,000 കോടിക്കും മുകളില്‍ ചെലവു വരുന്ന സംരംഭത്തിനാണ് ഐ.ഒ.എ. ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നു സാരം.
പതിനായിരക്കണക്കിന് തൊഴില്‍ സാധ്യതകള്‍ തുറക്കുന്നതും കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കുന്നതുമായ സംരഭം കൂടിയാണ് ഇത്. രാജ്യത്തെ ഹോട്ടല്‍-ടൂറിസം വ്യവസായത്തിന് കൈവരാവുന്ന വളര്‍ച്ചയും ഏറെ വലുതായിരിക്കും. മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്ന കാര്യത്തിലും സംശയമില്ല. എങ്കിലും 'മുടക്കുമുതല്‍' എവിടെനിന്നു കണ്ടെത്തും എന്ന കാര്യത്തിലാണ് ആശങ്ക നിലനില്‍ക്കുന്നത്. ഫോര്‍മുല വണ്‍ സര്‍ക്യൂട്ടില്‍ ഇന്ത്യന്‍പതാക ഉയര്‍ത്തിയ നരേന്‍ കാര്‍ത്തികേയന്‍, സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഒന്നും നടക്കില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അതിനു തയ്യാറാവുകയാണെങ്കില്‍ കുലാലംപൂര്‍, ബഹ്‌റൈന്‍, ജപ്പാന്‍, ഷാങ്ഹായ് എന്നിവയ്ക്കുശേഷം എഫ്-വണ്‍ സര്‍ക്യൂട്ടിലെ അഞ്ചാമത്തെ ഏഷ്യന്‍ വേദിയാവും ഡല്‍ഹി. എഫ്-വണ്‍ പോലുള്ള എലൈറ്റ് സ്‌പോര്‍ട്‌സിനായി കോടികള്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്നാണിനി അറിയാനുള്ളത്.
കടപ്പട് : കായികരംഗം, മാതൃഭൂമി
കൊച്ചിന്‍ to ബാംഗ്ളൂറ്‍ - ഐരാവതത്തില്‍ ഒരു നരകയാത്ര
വല്ലപ്പോഴുമാണ് ഈ മഹാനഗരത്തില്‍ നിന്നും ഒന്ന് നാട്ടിലേക്കു പോകുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ച അത്യാവശ്യമായി ഒന്നു നാട്ടിലേക്ക് പോകേണ്ടി വന്നു. മുന്‍കൂട്ടി തീരുമാനിക്കാത്ത യാത്രയായതിനാല്‍ തീവണ്ടിയില്‍ ടിക്കറ്റ് കിട്ടിയില്ല. ഒരു വിധത്തില്‍ നാട്ടിലേക്കൊരു ടിക്കറ്റ് സംഘടിപ്പിച്ചു. തിരിച്ചു വരുന്ന കാര്യം ഒരു തീരുമാനമാകാതായപ്പോള്‍ ആണ്, കറ്‍ണ്ണാടകത്തിണ്റ്റെ സ്വന്തം കെ.എസ്.ആറ്‍.ടി.സിയെക്കുറിച്ചോറ്‍ത്തത്. അരിച്ചു തപ്പിയപ്പോള്‍, അതാ കിടക്കുന്നു ഒരു ടിക്കറ്റ്. അതും നടുവിലായി... ആരോ വേണ്ടാ എന്നു വച്ചതാണെന്നു അപ്പോഴേ പിടികിട്ടി... മൈസൂറ്‍ വഴിയുള്ള വോള്‍വോ ബസ്സില്‍ ആണ്. എന്നാലും കുഴപ്പമില്ല, ആവശ്യക്കാരനു ഔചിത്യം പാടില്ലല്ലോ? അങ്ങു ബുക്കു ചെയ്തു... ഇടയ്ക്കിടെയുള്ള കുലുക്കവും, മൂട്ടകടിയും ഒഴിച്ചാല്‍ നാട്ടിലേക്കുള്ള യാത്ര സുഖകരം... നന്നായി ഉറങ്ങാന്‍ സാധിച്ചു. ആ കൃതാര്‍ത്ഥതയോടെയാണ് നമ്മുടെ സ്വന്തം കൊച്ചിയില്‍ വണ്ടി ഇറങ്ങിയത്.
പകല്‍ ഓടി നടന്ന് വേണ്ട കാര്യങ്ങള്‍ ഒക്കെ തീര്‍ത്തു. സമയം നോക്കിയപ്പോള്‍ നാലര. നില്‍ക്കുന്നതോ മൂവാറ്റുപുഴയിലും. ഏഴരയ്ക്കല്ലെ ബസ്, മാത്യു.ടി.തോമസ് സാറിണ്റ്റെ ഒരു ഫാസ്റ്റ് പാസഞ്ചറ്‍ കിട്ടിയാല്‍ സംഗതി കുശാല്‍, ആറു മണിയോടെ എറണാകുളത്തെത്താം.. ഉടനെ കെ.എസ്.ആറ്‍.ടി.സി ബസ് സ്റ്റാന്‍ഡിലേക്കു വച്ചു പിടിച്ചു. അവിടെ പോയി സ്റ്റേഷന്‍ മാസ്റ്ററോട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, രണ്ട് ഫാസ്റ്റുകള്‍ ഇപ്പോള്‍ കാലിയായി അങ്ങു പോയതേ ഉള്ളു. എണ്റ്റെ വിഷമഭാവം കണ്ടപ്പോള്‍, പത്തു മിനിട്ടിനുള്ളില്‍ അടുത്ത വണ്ടി വരുമെന്നയാള്‍ പറഞ്ഞു. അതും കേട്ട് ഞാന്‍ വടക്കോട്ടും നോക്കി നില്‍പ്പായി. സമയം ഇഴഞ്ഞാണെങ്കിലും, വളരെ വേഗത്തില്‍ നീങ്ങി.. ആറു മണിയായിട്ടും ഒരു വണ്ടി പോലും വന്നില്ല. വീണ്ടും സ്റ്റേഷന്‍ മാസ്റ്ററെ കണ്ടപ്പോള്‍, എന്താണ് വണ്ടി വൈകുന്നതെന്നറിയില്ലെന്നയാള്‍ പറഞ്ഞു. ഒടുവില്‍ സമയം ആറര ആകാറായി... ബസ്സ് കിട്ടണമെങ്കില്‍ വല്ല ടാക്സിയും വിളിച്ചു പോകണമെന്ന് മനസ്സിലായി, ഒടുവില്‍ അടുത്തുള്ള ടാക്സി സ്റ്റാണ്റ്റിലേക്കു നടന്നു. അപ്പോഴേക്കും മഴയും തുടങ്ങിയിരുന്നു.. അവിടെ കിടന്നിരുന്ന ഒരു ടാക്സിയുടെ അടുത്തെത്തിയപ്പോള്‍, ഡ്രൈവര്‍ നല്ല ഉറക്കം.. അയാളെ തട്ടി വിളിച്ചെഴുന്നേല്‍പിച്ചപ്പോള്‍ ഉടനെ വന്നു ഒരു ചോദ്യം, എയര്‍ പോര്‍ട്ടിലേക്കാണോ? അല്ല, എറണാകുളത്തേക്കാണ്. എറണാകുളത്തെവിടെ?, ഒരു വിരസമായ ചോദ്യം പിറകെ വന്നു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാണ്റ്റ് എന്നു പറഞ്ഞപ്പോഴേക്കും അയാള്‍ എഴുന്നേറ്റിരുന്നിരുന്നു. എത്രയാകും ചേട്ടാ എന്നു ചോദിച്ചപ്പോള്‍, ഒരു നാനൂറു രൂപയാകും എന്നായിരുന്നു മറുപടി . എത്ര സമയം എടുക്കും എന്ന ചോദ്യം ചോദിച്ചപ്പോഴേക്കും അയാള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തിരുന്നു. ഒരൊന്നര മണിക്കൂറെങ്കിലും എടുക്കും എന്നു മറുപടിയും പറഞ്ഞു. ഞാന്‍ കാറില്‍ കയറി ഇരുന്നു. ഒരു അഞ്ഞൂറു രൂപ തരാം, എന്നെ ഏഴരയ്ക്കു മുന്നെ, അവിടെ എത്തിക്കണം, പറ്റുമോ എന്നു ചോദിച്ചു. അയാളുടെ കണ്ണുകളില്‍ ചെറിയൊരു അമ്പരപ്പ് ഞാന്‍ കണ്ടു. ഒന്നു കൂടെ ചോദിച്ചപ്പോള്‍, അയാള്‍ വണ്ടി മുന്നോട്ടെടുത്തു. പിന്നെ വണ്ടി അയാള്‍ പറപ്പിക്കുകയായിരുന്നു. മുന്നില്‍ കണ്ടവനെ എല്ലാം ചീത്ത വിളിച്ചു കൊണ്ട് ഒരു പോക്ക്. അതിനിടയില്‍ ആണവക്കരാര്‍ ഒപ്പു വയ്ക്കുന്നതില്‍ കോണ്‍ഗ്രസ്സുകാരുടെ ആഘോഷ പ്രകടനം, വഴിയില്‍ തടസ്സം ഉണ്ടാക്കി. അതിനയാള്‍, സോണിയാ മാഡത്തിണ്റ്റേയും, നമ്മൂടെ സറ്‍ദാറ്‍ജി പ്രധാനമന്ത്രിയുടേയും വീട്ടുകാരെ വരെ ചീത്തവിളിച്ചു. അതും പാവം ഞാന്‍ തന്നെ കേട്ടു. ഞാനൊന്നും പറഞ്ഞില്ല.... കണ്ണടച്ചിരുന്നു... ആവശ്യക്കാരന് ഔചിത്യം പാടില്ലല്ലോ? ഒടുവിലാ യാത്ര അവസാനിക്കുന്നത് കെ.എസ്.ആറ്‍.ടി.സി സ്റ്റാണ്റ്റിനു മുന്നില്‍, കൃത്യം ഏഴരയ്ക്ക്. അഞ്ഞൂറു രൂപയും കൊടുത്തു പുറത്തിറങ്ങുമ്പോള്‍, അതാ എനിക്കു പോകേണ്ട ബസ്സ് റെഡിയായി കിടക്കുന്നു...
ചെന്നപ്പോഴേ മനസിലായി, അവറ്‍ ആരെയോ കാത്തിരിക്കുകയാണ്. കണ്ടക്ടറെ ടിക്കറ്റ് കാണിച്ചതും, അയാളൊരു രൂക്ഷമായ ഒരു നോട്ടം, എന്നിട്ടെന്തോ കന്നഡയില്‍ ചോദിച്ചു. നമുക്കാ ഭാഷ നന്നയി അറിയാവുന്നതിനാല്‍ ഒന്നും മനസിലായില്ല. എന്തായാലും വൈകിയതിനു ചീത്ത പറഞ്ഞതാണെന്ന് മനസ്സിലായി... അതു കൊണ്ട് ഒന്നും മിണ്ടാതെ അകത്തു കയറി ഇരുന്നു. അപ്പോഴേക്കും ശക്തമായി മഴ പെയ്യുവാന്‍ തുടങ്ങി. ബസ്സ് അതിനിടയ്ക്കു യാത്ര തുടങ്ങി. എണ്റ്റെ എം.പി.ത്രി പ്ളെയര്‍ ഓണാക്കി, ഹെഡ് ഫോണ് ചെവിയില്‍ തിരുകി, കണ്ണടച്ചു ഞാന്‍ ഇരുന്നു. പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്തു. പിന്നീടെപ്പോഴോ എഴുന്നേറ്റപ്പോള്‍ ഒരു വലിയ ബ്ളോക്കില്‍ വണ്ടി പതുക്കെ പതുക്കെ നീങ്ങുന്നു. അതിനിടെ ഭക്ഷണം കഴിക്കുവാനായി വണ്ടി നിര്‍ത്തി. ഹോട്ടല്‍ കണ്ടപ്പോഴേ ഉള്ള വിശപ്പു മുഴുവന്‍ പമ്പകടന്നു. ബാംഗ്ളൂറ്‍ ബസ് യാത്രക്കാര്‍ക്ക് പേടിസ്വപ്നമായ, കറുകുറ്റിക്കടുത്തുള്ള ആ ഹോട്ടലിണ്റ്റെ മഹാത്മ്യം ബാംഗ്ളൂറ്‍ മലയാളികള്‍ക്കിടയില്‍ അത്ര പ്രസിദ്ധമാണ്. ഗത്യന്തരമില്ലാതെ അവിടെ കയറി, പൊറോട്ടയും വെജിറ്റബിള്‍ കറിയും ഓറ്‍ഡറ്‍ ചെയ്തു. അല്‍പം കഴിഞ്ഞപ്പോള്‍ അതെത്തി. പൊറോട്ടയില്‍ കൈവച്ചതോടെ, ഒരു കാര്യം മനസിലായി, അതൊന്നു കീറാന്‍ കത്തിയോ കത്രികയോ വേണ്ടി വരും. ഒടുവില്‍ ഡാബറ്‍ ദന്ത് മഞ്ജണ്റ്റെ പരസ്യം പോലെ, പല്ലിണ്റ്റെ ബലം ഞാനങ്ങു പരീക്ഷിച്ചു. അതൊരു വിജയമായപ്പോള്‍ കിട്ടിയ രണ്ടു പൊറോട്ട ഞാന്‍ ഒരു വിധം കഴിക്കാന്‍ തുടങ്ങി. വീണ്ടും, ആവശ്യക്കാരന് ഔചിത്യം പാടില്ല എന്നാണല്ലോ പ്രമാണം. കഴിച്ചു തീരാറയതും ഒരാള്‍ പാഞ്ഞെത്തി ഒരു ചോദ്യം, പൊറോട്ട വേണോ? ഞാന്‍ പറഞ്ഞു, ബില്ല് മതി.. ബില്ലും കൊടുത്ത് വണ്ടിക്കകത്തു കയറി, അല്‍പം വെള്ളവും കുടിച്ച് വീണ്ടും പാട്ടു കേള്‍ക്കാന്‍ തുടങ്ങി. വീണ്ടും വണ്ടിയൊരു ബ്ളോക്കിലേക്കാണ് ഇറങ്ങിയത്. നിരങ്ങി നിരങ്ങി നിങ്ങുന്നതിനിടയില്‍ എപ്പോഴോ ഞാനുറങ്ങിപ്പോയി... പിന്നെ എഴുന്നേല്‍ക്കുമ്പോള്‍ സമയം പതിനൊന്നര. വണ്ടി എവിടെയോ നിര്‍ത്തിയിരിക്കുന്നു. കോഴിക്കോട് എത്തിക്കാണും എന്ന പ്രതീക്ഷയില്‍ പുറത്തേക്ക് നോക്കിയ എന്നെ, അവിടെ കണ്ട ഒരു വലിയ ബോര്‍ഡ് ഞെട്ടിച്ചു. സ്ഥലം തൃശ്ശൂറ്‍. ബ്ളോക്കയിരുന്നിരിക്കാം എന്നു വിചാരിച്ചു ഞാന്‍ വീണ്ടും ഉറക്കം തുടറ്‍ന്നു. പിന്നെ എപ്പോഴോ എഴുന്നേല്‍ക്കുമ്പോള്‍, വണ്ടി ഒരു പെട്റോള്‍ പമ്പിണ്റ്റെ മുന്നില്‍ നിറ്‍ത്തിയിരിക്കുന്നു. ഓ..പെട്റോള്‍ അടിക്കാനാവും എന്നു കരുതി ഞാന്‍ കുറച്ചു നേരം അവിടെ ഇരുന്നു. വണ്ടി നിറ്‍ത്തിയിട്ടിരിക്കയാണ്. പുറത്താരൊക്കെയോ കന്നഡത്തില്‍ മാത്താടുന്നുണ്ട് (സംസാരിക്കുന്നുണ്ട്). ഒന്നു ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി, ആരോ ഫോണില്‍ സംസാരിക്കയാണ്. ഒന്നും മനസ്സിലാകാതെ ഞാന്‍ കുറച്ചു നേരം അവിടെ ഇരുന്നു. ആ കൂട്ടത്തില്‍ നിന്നൊരാള്‍ ബസ്സിനുള്ളിലേക്കു വന്നപ്പോള്‍, എന്താ കാര്യം എന്നു ഞാന്‍ തിരക്കി. അയാള്‍ക്ക് ഒന്നും മനസ്സിലായില്ല എന്നാണ് അയാള്‍ പറഞ്ഞത്. ഇതൊന്നും തന്നെ സംബന്ധിക്കുന്ന കാര്യമല്ല എന്ന രീതിയില്‍, അയാള്‍ പിറകിലെ സീറ്റില്‍ പോയിരുന്ന് ഉറങ്ങാന്‍ തുടങ്ങി. എ.സി. ഇല്ലാതിരുന്നതിനാല്‍ , നന്നായി ചൂടെടുത്തു തുടങ്ങിയിരുന്നു. അതു കൊണ്ട് ഉറക്കം പോയ ദേഷ്യത്തില്‍ (സങ്കടത്തില്‍) ഞാന്‍ പുറത്തിറങ്ങി. അവിടെ ഒരാള്‍ എന്താ സംഭവിക്കുന്നതെന്നതിനെ കുറിച്ചൊരു പ്രഭാഷണം നടത്തുന്നുണ്ടായിരുന്നു. എണ്റ്റെ ഭാഗ്യത്തിന് അത് ഇംഗ്ളീഷില്‍ ആയിരുന്നു. വണ്ടിയുടെ എഞ്ചിന്‍ ഓയില്‍ തീറ്‍ന്നു പോയെന്നും, ഇനി വണ്ടി മുന്നോട്ടു പോകില്ലെന്നും അവറ്‍ പറയുന്നുണ്ടായിരുന്നു. ഒന്നു ഞെട്ടിയെങ്കിലും, എഞ്ചിന്‍ ഓയില്‍ കേരളത്തില്‍ കിട്ടാത്ത സാധനമല്ലല്ലോ എന്നോറ്‍ത്തപ്പോള്‍ ഞാന്‍ സമാധാനിച്ചു. അതു വരെ വളരെ സൈലണ്റ്റായി നിന്നിരുന്ന ഒരാള്‍ വയലണ്റ്റാകുന്നതാണ് ഞാന്‍ കണ്ടത്. പാവം കണ്ടക്ടറ്‍ ആ വീശ്വരൂപം കണ്ടു വിറച്ചു, കന്നഡത്തില്‍ മാത്താടിയതു കാരണം അയള്‍ പറഞ്ഞത് അങ്ങേറ്‍ക്കു മനസ്സിലായി. ഒടുവില്‍ ഒരു കാര്യം പിടികിട്ടി, എഞ്ചിന്‍ ഓയില്‍ വാങ്ങി ഒഴിക്കാന്‍ ബാംഗ്ളൂരുള്ള ഏതോ ഒരു തല തെറിച്ച ഡിപ്പോ മാനേജറ്‍ സമ്മതിക്കുന്നില്ല. അയാള്‍ ഉഴപ്പുകയാണ്. വയലണ്റ്റായി മാറിയ ആള്‍, പേരു മണി എന്നാണ്, കന്നഡത്തില്‍ മാത്താടിയത് നിറ്‍ത്തി സംസാരം സായിപ്പിണ്റ്റെ ഭാഷയിലാക്കി. അതോടെ ഡിപ്പോ മാനേജറ്‍ എല്ലാത്തിനും സമ്മതം മൂളി. കേട്ട പാതി കേള്‍ക്കാത്ത പാതി കണ്ടക്ടറും ഡ്രൈവറും, ഒരു കാനുമെടുത്ത് ആ വഴി വന്ന ഒരു ജീപ്പിനു കൈ കാണിച്ചു അതില്‍ കയറി പോയി. പക്ഷേ അവര്‍ പോവേണ്ടിയിരുന്നത് കോഴിക്കോടിനായിരുന്നു. പോയത് കുറ്റിപ്പുറത്തിനും. ആര്‍ക്കും ഒന്നും മനസ്സിലായില്ല. അപ്പോള്‍ സമയം രണ്ടര.
മഴയാണെങ്കില്‍ തിമിര്‍ത്തു പെയ്യുന്നു. അവിടെ ഒരു തട്ടുകട ഉണ്ടായിരുന്നതിനാല്‍, പതുക്കെ ഒരു കട്ടനുമടിച്ച് അങ്ങനെ നിന്നു. സമയം കുതിച്ചു പാഞ്ഞു കൊണ്ടേ ഇരുന്നു. കുറേ പേര്‍ അവര്‍ പോയ ദിക്കിലേക്കു നോക്കി ഇരിക്കുന്നു. മറ്റു ചിലര്‍, ബാംഗ്ളൂരെത്താനും എത്താതിരിക്കാനുമുള്ള സാധ്യതകളെക്കുറിച്ചു വിശകലനം ചെയ്യുന്നു. മറ്റു ചിലര്‍ വോള്‍വോ ബസ്സിന്റെ ചരിത്രവും, സാങ്കേതിക വിദ്യയെക്കുറിച്ചും കൂലംകഷമായ ചര്‍ച്ചയില്‍. മറ്റു ചിലറ്‍ ഇതൊന്നും അറിയാതെ ബസ്സിനുള്ളില്‍ സുഖനിദ്രയില്‍... അവിടെ നിന്നു ബോറഡിച്ചപ്പോള്‍, അകത്തു കയറാം എന്നു കരുതി, പക്ഷേ അകത്തെ ചൂടോറ്‍ത്തപ്പോള്‍ പുറത്തു തന്നെ നിന്നു. സമയം വീണ്ടും മുന്നോട്ടു നീങ്ങി.. അതിനിടയില്‍, വണ്ടികള്‍ പലതും ആ വഴി പൊയ്‌ക്കോണ്ടിരുന്നു. ഒടുവില്‍ സമയം അഞ്ചു മണി, കറ്‍ണ്ണാടകത്തിണ്റ്റെ ഒരു രാജഹംസ ബസ്സ് കോഴിക്കോട് ഭാഗത്തു നിന്നു വന്ന് ഒരു സഡന്‍ ബ്രേക്കിട്ടു. അതു വരെ ഉറക്കം തൂങ്ങി കടത്തിണ്ണയില്‍ ഇരുന്നവരെല്ലാം ആകാംഷയോടെ ചാടി എഴുന്നേറ്റു. അതില്‍ നിന്നും നമ്മൂടെ ഡ്രൈവറും കണ്ടക്ടറും രണ്ടു കാനുകളുമായി ചാടിയിറങ്ങി. അവരെ കണ്ടതും നമ്മുടെ മണി വീണ്ടും വയലണ്റ്റായി, താമസിച്ചതിനു ചീത്തവിളിക്കുവാന്‍ തുടങ്ങി. അതോടെ കൊണ്ടു വന്ന ജാറ്‍ നിലത്തു വച്ച് ഡ്രൈവറ്‍ മണിയോട് വാഗ്വാദത്തിലായി, അതും കന്നഡത്തില്‍.. നമ്മള്‍ കഥയറിയാതെ ആട്ടം കാണുന്ന കാണികളും. അതിനിടെ അവറ്‍ വന്ന രാജഹംസ, സംഗതി പന്തിയല്ല എന്നു കണ്ട്, അവരുടെ യാത്ര തുടറ്‍ന്നു. ഓയില്‍ ഇപ്പോള്‍ ഒഴിക്കും, ഇപ്പോള്‍ തന്നെ പോകാം എന്നോറ്‍ത്തു നിന്നിരുന്നവരും പതുക്കെ വയലണ്റ്റായി തുടങ്ങി. മണിയേയും ഡ്രൈവറേയും തള്ളി മാറ്റി, ഓയില്‍ ഒഴിക്കാന്‍ പറഞ്ഞു. ഒടുവില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് മണി ബസ്സിനകത്തു കയറി, ഡ്രൈവറ്‍ ഓയില്‍ ഒഴിക്കാനും തുടങ്ങി. അങ്ങനെ ഒരു അഞ്ചര മണിയോടെ വണ്ടി സ്റ്റാറ്‍ട്ടായി. എല്ലാവരുടേയും മുഖത്തൊരു പ്രകാശമുണ്ടായിരുന്നു... അല്‍പം കൂടി വൈകിയിരുന്നെങ്കില്‍, അതു സൂര്യനുദിച്ചതിണ്റ്റെ പ്രകാശമാകുമായിരുന്നു.
ഓരോരുത്തരായി ബസ്സിനകത്തേക്കു കയറുവാന്‍ തുടങ്ങി, അതിനിടെ ബസ്സില്‍ കിടന്നുറങ്ങിക്കൊണ്ടിരുന്ന ഒരാള്‍ എഴുന്നേറ്റൊരു ചോദ്യം, മജസ്റ്റിക്കെത്തിയോ എന്ന്. ഇല്ലെ ചേട്ടാ, ഒരു അരമണിക്കൂറ്‍ കൂടി എടുക്കും എന്ന് ഏതോ ഒരു മലയാളി ഡയലോഗും കാച്ചി. അതു കേട്ട ഉടനെ, ചോദിയച്ചയാള്‍ കമ്പിളി പുതച്ചു ഉറക്കം തുടറ്‍ന്നു. വീണ്ടും വണ്ടി ഉരുണ്ടു തുടങ്ങി. കുറച്ചു നേരം, ഉറങ്ങാതെ ഞാന്‍ നോക്കിയിരുന്നു, വണ്ടി മുന്നോട്ടു പോകുമോ എന്നറിയണമല്ലോ? ആറു മണി കഴിഞ്ഞതോടെ വണ്ടി കോഴിക്കോട് വിട്ട് വയനാട്ടിലേക്കുള്ള യാത്രയിലായി. പിന്നെ പതുക്കെ കിടന്നുറങ്ങി. ഇടയ്ക്കിടെ ഉറക്കമെഴുന്നേറ്റ് നോക്കിയപ്പോഴെല്ലാം വണ്ടി കേരളത്തിണ്റ്റെ പുറത്തെത്തിയിരുന്നില്ല, ആദ്യം വയനാട് ചുരം, പിന്നെ ബത്തേരി, അതു കഴിഞ്ഞു മുത്തങ്ങ. മുത്തങ്ങ എന്ന ബോറ്‍ഡു കണ്ടപ്പോള്‍ നമ്മുടെ ആണ്റ്റണി സാറിനെ ഓറ്‍മ്മ വന്നു. മൂപ്പരാണല്ലോ, അവിടെ കയറി വെടിവെപ്പു നടത്തിയത്!!! അതിനു ശേഷം യാത്ര കാട്ടിലൂടെ ആയിരുന്നു. ഇടയ്ക്കിടയ്ക്ക് കുരങ്ങന്‍മാരേയും, മാനുകളേയും, ആനക്കുട്ടികളെയും കാണുവാന്‍ സാധിച്ചു. അങ്ങനെ ഇരുന്നു ഉറങ്ങിപ്പോയി.
വീണ്ടും വണ്ടി നിറ്‍ത്തിയപ്പോഴാണ് ഞാന്‍ ഞെട്ടി എഴുന്നേറ്റത്. കറ്‍ത്താവേ വീണ്ടും പെട്ടോ എന്ന് മനസ്സില്‍ ചോദിച്ചു കൊണ്ടാണ് പുറത്തേക്കു നോക്കിയത്. വണ്ടി നിറ്‍ത്തിയിരിക്കുന്നത് ഒരു ഹോട്ടലിണ്റ്റെ പുറത്തായിരുന്നു. കയ്യിലുള്ള മിനറല്‍ വാട്ടറും, പേസ്റ്റും ബ്രഷുമെടുത്ത് പതിയെ പുറത്തിറങ്ങി, ഒരു മൂലയ്ക്കു നിന്നു പതുക്കെ പല്ലു തേച്ചു. അതിനു ശേഷം, ഹോട്ടലില്‍ കയറി ഒരു സെറ്റു പൂരിയും കാപ്പിയും കഴിച്ചു, ഇറങ്ങിയപ്പോഴേക്കും, വണ്ടി അതാ പോകാനായി സ്റ്റാറ്‍ട്ട് ചെയ്തു നിറ്‍ത്തിയിരിക്കുന്നു. അവിടെ കണ്ട ഒരു ബോറ്‍ഡ് വായിച്ചു, മൈസൂറ്‍ അറുപത് കിലോമീറ്ററ്‍. അപ്പോള്‍ സമയം ഏകദേശം എട്ടു മണി. വണ്ടി വീണ്ടും പതിയെ പതിയെ യാത്ര തുടറ്‍ന്നു. അവസാനം മൈസൂറ്‍ പാലസും, ചാമുണ്ഡി ഹില്‍സും ഒക്കെ കണ്ടു. വണ്ടി പിന്നെ നിറ്‍ത്തിയതു മൈസൂറ്‍ ബസ് സ്റ്റാണ്റ്റിലായിരുന്നു. അവിടെയാണെങ്കില്‍ വന്‍ തിരക്കും. വണ്ടി അകത്തു കയറിയപ്പോഴാണ് മനസിലായതു, മുന്നോട്ടു പോവില്ല എന്ന്. അവിടെ ഉണ്ടായിരുന്ന ഇട്ടാവട്ട സ്ഥലത്തിട്ട് ഡ്രൈവറ്‍ വണ്ടി തിരിച്ചു. അപ്പോള്‍ സ്റ്റേഷണ്റ്റെ കവാടത്തിലും തിരക്കായി. അതൊരു ഊരാക്കുടൂക്കായി, ആ വഴി ഇറങ്ങാന്‍ പോലീസുകാരന്‍ സമ്മതിക്കത്തതിനാല്‍ ഡ്രൈവറ്‍ വീണ്ടും വണ്ടി വട്ടം തിരിച്ചു. പതുക്കെ നിരങ്ങി നിരങ്ങി അതു മുന്നോട്ടു നീങ്ങി. അപ്പോഴാണ് മറ്റൊരു കാര്യം ഞങ്ങള്‍ ശ്രദ്ധിച്ചത്. വണ്ടി പുറത്തേക്കുള്ള വഴിയുടെ നേരെ അല്ല പോകുന്നത്, മറ്റെങ്ങോട്ടോ ആണ്. നോക്കിയപ്പോള്‍ അതൊരു പെട്രോള്‍ പമ്പിണ്റ്റെ മുന്നിലാണ്. അതു വരെ നിശബ്ദനായിരുന്ന മണി വീണ്ടും വയലണ്റ്റായി. മണി കണ്ടക്ടറുടെ നേരെ പൊട്ടിത്തെറിച്ചു. അതിനിടയില്‍, ഡ്രൈവറ്‍ ഇന്ധനം നിറച്ചിരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയെങ്കിലും, വിണ്ടും നിന്നു, കണ്ടക്ടര്‍ പുറത്തിറങ്ങി. കുറച്ചു സമയം കഴിഞ്ഞു നോക്കിയപ്പോള്‍. അതാ കണ്ടക്ടറ്‍ പുറത്തു നിന്നു ബാംഗ്ളൂറ്‍ ബാംഗ്ളൂറ്‍ എന്നു കൂവി വിളിക്കുന്നു. അതു കണ്ടതോടെ യാത്രക്കാരുടെ പലരുടേയും സറ്‍വ്വ നിയന്ത്രണങ്ങളും പോയി. അവറ്‍ പാഞ്ഞു പുറത്തിറങ്ങി, കണ്ടക്ടറെ വലിച്ച് അകത്തു കയറ്റി. അതിനിടെ അയാള്‍ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. അവിടെ നിന്നിരുന്ന ഒരു പോലീസുകാരന്‍ വിസിലടിച്ചു കൊണ്ട് ഓടി വന്നു. വന്ന പാടെ കന്നഡത്തില്‍ എന്തൊക്കെയോ ചോദിച്ചു, വയലണ്റ്റായ മണി, കന്നഡത്തില്‍ എന്തൊക്കെയോ മാത്താടി. അതോടെ അയാള്‍ വന്ന വഴി സ്ഥലം വിട്ടു. മണി തിരിഞ്ഞു ഡ്രൈവറെ നോക്കിയതും, അയാള്‍ വണ്ടി മുന്നോട്ടെടുത്തു. ഇനി ബാംഗ്ളൂറ്‍ അല്ലാതെ എവിടേയും നിറ്‍ത്തരുതെന്ന് ഒരു താക്കീതും നല്‍കി, മണി കണ്ടക്ടറുടെ സീറ്റില്‍ ഇരിപ്പായി. ഏകദേശം അര മുക്കാല്‍ മണിക്കൂറ്‍ ആ സ്റ്റാണ്റ്റില്‍ ഞങ്ങള്‍ക്കു നഷ്ടപ്പെട്ടിരുന്നു. വണ്ടി ഹൈവേയില്‍ എത്തുന്നതു വരെ നിരങ്ങി തന്നെ പോയി.. അതിനു ശേഷം അല്‍പം സ്പീഡ് കൂടി.. ക്ഷീണം ഉണ്ടായിരുന്നതിനാല്‍, ഞാന്‍ പതുക്കെ കിടന്നുറങ്ങി. പിന്നെ എഴുന്നേല്‍ക്കുമ്പോള്‍, ബസ്സ് മൈസൂറ്‍ റോഡ് ഫ്ളൈ ഓവറില്‍ ആയിരുന്നു. ബാഗെടുത്ത് ഇറങ്ങാന്‍ തയാറായി. ബസ് സ്റ്റാണ്റ്റിലെത്തിയപ്പോള്‍ സമയം ഒന്ന്. അവിടെ നിന്നൊരു ബസ്സില്‍ കയറി വീട്ടിലെത്തിയപ്പോള്‍ സമയം രണ്ട്...
ഏകദേശം ഇരുപതു മണിക്കൂറ്‍ നീണ്ട യാത്ര,,,, ജീവിതത്തിലെ മറ്റൊരു അനുഭവം... എന്തായാലും ഈ നരക യാത്ര, അത്ര മോശമായില്ല.. പുതിയ മൂന്നു സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിഞ്ഞു, നമ്മൂടെ വയലണ്റ്റ് മണി അടക്കം...
Subscribe to:
Posts (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.