Thursday, October 30, 2008
ഡീഗോയുടെ രണ്ടാമൂഴം
മയക്കുമരുന്നുപയോഗവും പൊണ്ണത്തടിയും കുറയ്ക്കാന്‍ പലവട്ടം ആസ്പത്രിയില്‍ കിടന്നവന്‍. മരുന്നടിച്ചതിന് ലോകകപ്പ് ഫുട്‌ബോളില്‍ നിന്നു പുറത്താക്കപ്പെട്ടു. പത്രക്കാര്‍ക്ക് നേരെ നിറയൊഴിച്ച കുറ്റത്തിന് ജയിലിലായി. ഇടതുകൈ കൊണ്ട് പന്ത് ഗോള്‍വലയിലേക്ക് കുത്തിയിട്ട് കുപ്രസിദ്ധിയും നേടി... ഇങ്ങനെയൊരാളെ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകനാക്കും മുമ്പ് ഏതു രാജ്യവും രണ്ടു വട്ടം ആലോചിക്കുമെന്നുറപ്പ്. അയാളുടെ പേര് ഡീഗോ മറഡോണ എന്നാണെങ്കില്‍? എങ്കില്‍ ഒന്നുമാലോചിക്കാനില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ചങ്കൂറ്റത്തോടെ പ്രഖ്യാപിക്കുന്നു. 'കാല്‍പ്പന്തിന്റെ രാജാവ്' മറഡോണയെ ദേശീയ ടീം പരിശീലകനാക്കാന്‍ തീരുമാനിച്ചതായി എ.എഫ്.എ. പ്രസിഡന്റ് ജൂലിയോ ഗ്രൊന്‍ഡോണ കഴിഞ്ഞദിവസം വെളിപ്പെടുത്തി. വ്യാഴാഴ്ച നാല്‍പ്പത്തിയെട്ടാം പിറന്നാളാഘോഷിച്ച ഡീഗോയ്ക്കിത് ജന്‍മദിന സമ്മാനം കൂടിയാവുകയാണ്.
ലോകകപ്പ് യോഗ്യതാമത്സരങ്ങളില്‍ കിതച്ചുനീങ്ങുന്ന അര്‍ജന്റീന ടീമിന് പുതിയ കോച്ചിന്റെ വരവ് ആവേശം പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പത്തു ടീമുകളുള്ള സൗത്ത് അമേരിക്കന്‍ ഗ്രൂപ്പില്‍ പരാഗ്വേക്കും ചിലിക്കും പുറകിലായി മൂന്നാം സ്ഥാനത്താണിപ്പോള്‍ അര്‍ജന്റീന. ഈ ഗ്രൂപ്പില്‍ നിന്ന് നാലു ടീമുകള്‍ക്കേ ഫൈനല്‍ റൗണ്ടില്‍ ഇടം ലഭിക്കൂ എന്നത് അര്‍ജന്റീനയുടെ ഉറക്കം കെടുത്തുന്നു. എട്ടു മത്സരങ്ങള്‍ കൂടിയാണ് അര്‍ജന്റീനയ്ക്ക് ഇനിയുള്ളത്. ബ്രസീല്‍, ഇക്വഡോര്‍, ഉറുഗ്വേ, ബൊളിവിയ... ഇനിയുള്ള മത്സരങ്ങളിലെല്ലാം ഏറ്റുമുട്ടാനുള്ളത് കരുത്തന്‍മാരോടും. രണ്ടാഴ്ച മുമ്പ് ചിലിയുമായി നടന്ന മത്സരത്തിലേറ്റ തോല്‍വിയെത്തുടര്‍ന്ന് കോച്ച് ആല്‍ഫിയോ ബേസില്‍ രാജിവെച്ചിരുന്നു. അങ്ങനെയാണ് മറഡോണയ്ക്ക് നറുക്ക് വീണത്. ലയണല്‍ മെസി, കാര്‍ലോസ് ടെവസ്, റിക്വല്‍മെ - എണ്ണം പറഞ്ഞ കളിക്കാര്‍ ടീമിലുണ്ടെങ്കിലും കഴിഞ്ഞ കുറെ കാലമായി ഇവര്‍െക്കാന്നും മികച്ച പ്രകടനം പുറെത്തടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ സ്ഥിതിക്ക് മാറ്റം വരുത്താന്‍ മറഡോണയെന്ന പരിശീലകനു കഴിയുമെന്നാണ് ആരാധകര്‍ കരുതുന്നത്.
മറഡോണ എന്ന് പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എ.എഫ്.എ. അധികൃതരുമായി മറഡോണയും മുന്‍കാല ഫുട്‌ബോള്‍ താരം കാര്‍ലോസ് ബിലാര്‍ഡോയും ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ബിലാര്‍ഡോ ടീമിന്റെ മാനേജരാകുമെന്നും ധാരണയായി. നിലവില്‍ താത്കാലിക പരിശീലകന്റെ റോളിലുള്ള സെര്‍ജിയോ ബാറ്റിസ്റ്റ തന്നെയാകും നവംബറില്‍ സ്‌കോട്‌ലന്‍ഡുമായുള്ള സൗഹൃദമത്സരത്തിനും ടീമിനെ സജ്ജമാക്കുക. ആ കളിക്കുശേഷമാകും മറഡോണ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കുക എന്നറിയുന്നു.
വ്യക്തിജീവിതത്തില്‍ പലവിധ പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന മറഡോണയ്ക്ക് പുതിയ നിയമനം ഏറെ നേട്ടമാകുമെന്ന് വിലയിരുത്തെപ്പടുന്നു. ഒരു ടീമെന്ന നിലയ്ക്ക് അര്‍ജന്റീനയ്ക്ക് ഇെതത്രത്തോളം ഗുണം ചെയ്യും എന്ന കാര്യത്തില്‍ പലരും സംശയമുയര്‍ത്തുന്നുണ്ട്. എടുത്തുചാട്ടക്കാരനെന്ന ദുഷ്‌പ്പേരുള്ള ഡീഗോ പരിശീലകനായാല്‍ എല്ലാ മത്സരങ്ങളിലും റഫറിക്കെതിരെ തര്‍ക്കമുണ്ടാകുമെന്ന് ചിലര്‍ വിമര്‍ശനമുന്നയിക്കുന്നു. മറഡോണയുടെ വരവോടെ ടീമിനു ലഭിക്കുന്ന അമിതമായ മാധ്യമശ്രദ്ധ കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമെന്നും ആശങ്കകളുണ്ട്. അര്‍ജന്റീനയിലെ 'ല നേസിയന്‍' പത്രം നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ 72.3 ശതമാനം പേരും ഈ നിയമനത്തെ എതിര്‍ത്തു. 'ജീവിതത്തില്‍ ഏല്ലായ്‌പ്പോഴുമെന്ന പോലെ അയാള്‍ വീണ്ടുമൊരു അപകടത്തില്‍ ചാടുകയാണ്. ലോകം മുഴുവന്‍ വാഴ്ത്തപ്പെടുന്ന മറഡോണ ഏന്ന മിത്ത് തകര്‍ന്നടിയാന്‍ പോലും ഇത് കാരണമാകും''- 'ല നേസിയന്‍' കോളമിസ്റ്റ് ഡാനിയല്‍ ആര്‍ക്കുച്ചി മുന്നറിയിപ്പ് നല്‍കുന്നു. ഫുട്‌ബോള്‍ പണ്ഡിതന്‍മാരുടെ ഉപദേശമൊന്നും വകവെക്കാതെ തീരുമാനവുമായി മുന്നോട്ടുപോകാനുള്ള നിലപാടില്‍ തന്നെയാണ് എ.എഫ് .എ. രക്തത്തില്‍ സോക്കര്‍ വേഗം കലര്‍ന്ന, മനസ്സ് മുഴുവന്‍ ഡ്രിബഌങ് തന്ത്രങ്ങള്‍ നിറച്ച, ഫുട്‌ബോള്‍ തന്നെ ജീവിതമാക്കിയ ഒരുവനേക്കാള്‍ (അവനെത്ര പാപിയാണെങ്കിലും) മികച്ചൊരു പരിശീലകനെ ടീമിനു കിട്ടാനില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. ഗ്യാലറികള്‍ എന്നും ഡീഗോയ്‌ക്കൊപ്പം നില്‍ക്കുമെന്നും.
കടപ്പട് : കായികരംഗം, മാതൃഭൂമി
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
ഗാലറികൾ കൂടെ നിന്നേക്കാം,പക്ഷേ നല്ല കളിക്കാരൻ നല്ല പരിശീലകനായ ചരിത്രം കുറവ്.പ്രത്യേകിച്ചും എല്ലാവിഷയങ്ങാളിലും സ്വകീയമായ വീക്ഷണമുള്ള മറഡോണയെപ്പോലൊരാൾ...
ReplyDeleteകാത്തിരുന്നു കാണാം.