Friday, October 31, 2008

ബ്രിട്ടീഷ് സെന്‍സേഷന്‍


സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പുരുഷ ടെന്നീസ് താരം ലോക ഒന്നാം നമ്പര്‍ റാഫേല്‍ നഡാലാണ്.എന്നാല്‍ കഴിഞ്ഞ ഒന്നു രണ്ടു മാസത്തെ പ്രകടനമെടുത്താല്‍ നഡാലിനെയും യുഎസ്.ഓപ്പണ്‍ ചാമ്പ്യന്‍ റോജര്‍ ഫെഡററിനെയും ലോക മൂന്നാംനമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെയുമെല്ലാം കടത്തി വെട്ടുന്ന പ്രകടനം കാഴ്ചവെച്ചത് ആന്‍ഡി മറേയെന്ന ബ്രിട്ടീഷ് താരമാണ്.ടെന്നീസിന്റെ അവസാന വാക്കായ വിംബിള്‍ഡണ്‍ നടക്കുന്ന രാജ്യത്തിന് ചൂണ്ടിക്കാണിക്കാന്‍ ഒരു സൂപ്പര്‍ താരമില്ലെന്നതിന്റെ ക്ഷീണം നികത്തുന്ന പ്രകടനങ്ങളാണ് മറേ ഇപ്പോള്‍ കാഴ്ചവെക്കുന്നത്.

റഷ്യയില്‍ നടന്ന സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് ഓപ്പണില്‍ കിരീടം നില നിറുത്തിയതോടെ സീസണിലെ അഞ്ചാം കിരീടമാണ് മറേ സ്വന്തമാക്കിയത്.കലാശക്കളിയില്‍ കസാഖ്‌സ്താന്റെ ആന്ദ്രേ ഗ്ലൂബേവിനെ നിഷ്‌നപ്രഭനാക്കിയായിരുന്നു (6-1,6-1 ) ബ്രിട്ടീഷ് താരത്തിന്റെ കിരീടധാരണം. മാഡ്രിഡ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ റോജര്‍ ഫെഡററടക്കമുള്ളവരെ വീഴ്ത്തി കിരീടം നേടിയതിനു തൊട്ടു പിന്നാലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലും ചാമ്പ്യനായതോടെ ഫോമിന്റെ കൊടുമുടിയിലാണെന്നു തെളിയിക്കാന്‍ മറേയ്ക്കായി.യു.എസ്.ഓപ്പണിന്റെ ഫൈനലില്‍ ഫെഡററോട് തോറ്റതിന്റെ ക്ഷീണം മാഡ്രിഡില്‍ തീര്‍ക്കാനും താരത്തിനു കഴിഞ്ഞു.സെമിയില്‍ ഫെഡററെ വീഴ്ത്തിയായിരുന്നു മറേയുടെ മധുര പ്രതികാരം. ഫൈനലില്‍ പടിയ്ക്കല്‍ കൊണ്ടു കലമുടയ്ക്കുമെന്ന് ആരാധകര്‍ ഭയപ്പെട്ടെങ്കിലും മനസ്ഥൈര്യത്തോടെ കളിച്ച് ഗില്ലസ് സിമോണിനെ തോല്‍പ്പിക്കാന്‍ മറേയ്ക്കായി.

ജൂനിയര്‍ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചാണ് മറേ ബ്രിട്ടീഷ് ആരാധകരുടെ ഓമനയായി മാറിയത്.എന്നാല്‍ അമിതപ്രതീക്ഷകള്‍ ചുമലിലേറ്റി താരം തളരുന്നതാണ് പിന്നീട് ടെന്നീസ് ലോകം കണ്ടത്. പതര്‍ച്ചകള്‍ക്കുശേഷം മറേ ബ്രേക്ക് കണ്ടെത്തിയ വര്‍ഷമായി 2008.ജനവരിയില്‍ ദോഹ ഓപ്പണില്‍ വിജയിച്ചായിരുന്നു തുടക്കം. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ത്തന്നെ കാലിടറിയത് തിരിച്ചടിയായി.യു.എസ്.ഓപ്പണിലെ റണ്ണറപ്പ് സ്ഥാനവും രണ്ട് മാസ്റ്റേഴ്‌സ കിരീടങ്ങളും മറേയുടെ കുതിപ്പിന് ഗതിവേഗം കൂട്ടി. മാഡ്രിഡ് മാസ്റ്റേഴ്‌സ് സെമിയില്‍ ഫെഡററെ വീഴ്ത്തിയ മറേയുടെ പ്രകടനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

യു.എസ്.ഓപ്പണോടെ ഫോം വീണ്ടെടുത്ത ഫെഡറര്‍ തന്റെ മികച്ച കളിയാണ് മാഡ്രിഡില്‍ പുറത്തെടുത്തത്. ഇവിടെ ഫെഡററെ കീഴടക്കിയതോടെ ടെന്നീസ് പണ്ഡിതന്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ബ്രിട്ടീഷ് താരത്തിനു കഴിഞ്ഞു. നഡാലിനും ഫെഡറര്‍ക്കും ദ്യോക്കോവിച്ചിനും പിന്നില്‍ ലോക റാങ്കിങ്ങില്‍ നാലാമതാണ് ഇപ്പോള്‍ മറേയുടെ സ്ഥാനം .സീസണില്‍ രണ്ടു ടൂര്‍ണമെന്റുകള്‍ കൂടി മാത്രം അവശേഷിക്കെ മറേ മൂന്നാം റാങ്കിലേക്ക് കടക്കാന്‍ ഇനി സാധ്യതയില്ല.ഇതേ ഫോം നിലനിര്‍ത്താനായാല്‍ അടുത്ത സീസണില്‍ ഏറെ മുന്നേറാന്‍ ബ്രിട്ടീഷ് താരത്തിനു കഴിയും.


കടപ്പട്‌ : കായികരംഗം, മാതൃഭൂമി

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.