Sunday, October 12, 2008

സ്പീഡ് ട്രാക്കിലേക്ക്

ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന് വേദിയൊരുക്കാനുള്ള പുറപ്പാടിലാണ് കല്‍മാഡിയും സംഘവും! എഫ്- വണ്‍ വേദി അനുവദിച്ചുകിട്ടുന്നത് അഭിമാനാര്‍ഹം തന്നെയാണെങ്കിലും, അത് പ്രായോഗികമാക്കിത്തീര്‍ക്കുന്നതിനു പിന്നിലെ കടമ്പകള്‍ ചില്ലറയല്ല. ഡല്‍ഹിയില്‍ എഫ് -വണ്ണിന് വേദിയൊരുക്കു ന്നതിന് 2000 കോടി രൂപയ്ക്കുമുകളില്‍ ചെലവുവരും. ഇത്രയും ഭീമമായ തുക ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ?
ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനും അതിന്റെ അദ്ധ്യക്ഷന്‍ സുരേഷ് കല്‍മാഡിയും പതിവു തെറ്റിക്കുന്നില്ല. 2014-ലെ ഏഷ്യന്‍ ഗെയിംസിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം മാറും മുന്‍പേ മറ്റൊരു മഹാമേളയുടെ പിന്നാലെയാണിപ്പോഴവര്‍. ഏഷ്യാഡ് വേദി അനുവദിക്കപ്പെടാതെ പോയതിന് മന്ത്രി മണിശങ്കര അയ്യരെയും സ്‌പോര്‍ട്‌സ് മന്ത്രാലയത്തെയുമാണ് ഐ.ഒ.എ. കുറ്റപ്പെടുത്തുന്നത്. മണിശങ്കരയ്യരാവട്ടെ, സര്‍ക്കാറിന് വന്‍ സാമ്പത്തികബാധ്യത വരുന്ന മേളകളുടെ കാര്യത്തിലുള്ള ആശങ്കകള്‍ തുറന്നടിക്കുകയും ചെയ്യുന്നു. 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒരുക്കങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ വലിയൊരു തുക വകയിരുത്തിയിട്ടുള്ള സര്‍ക്കാറിന്, മറ്റൊരു മേളയുടെ ഭാരം കൂടി ഇപ്പോള്‍ ഏറ്റെടുക്കാന്‍ കഴിയില്ല എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍ ഇതിനിടയില്‍, ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന് വേദിയൊരുക്കാനുള്ള പുറപ്പാടിലാണ് കല്‍മാഡിയും സംഘവും! എഫ്- വണ്‍ വേദി അനുവദിച്ചുകിട്ടുന്നത് അഭിമാനാര്‍ഹം തന്നെയാണെങ്കിലും, അത് പ്രായോഗികമാക്കിത്തീര്‍ക്കുന്നതിനു പിന്നിലെ കടമ്പകള്‍ ചില്ലറയല്ല. നിബന്ധനകള്‍ക്കനുസരിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ 2009മുതല്‍ ഡല്‍ഹിയും എഫ്-വണ്‍ സര്‍ക്യൂട്ടില്‍ ഇടംപിടിക്കുമെന്ന വാഗ്ദാനമാണ് എഫ്-വണ്‍ ചീഫ് ബേണി എസ്സല്‍സ്റ്റോണ്‍ ഐ.ഒ.എയ്ക്ക് നല്‍കിയിരിക്കുന്നത്.

എഫ്-വണ്ണിന് വേദിയൊരുക്കാന്‍ ആവശ്യമായിവരുന്ന ഭീമമായ തുക ഐ.ഒ.എ എങ്ങനെ കണ്ടെത്തും എന്നതാണ് ചോദ്യം. വിദഗ്ധരുടെ അഭിപ്രായത്തില്‍, ട്രാക്കൊരുക്കുന്നതിനു മാത്രം 500-600 കോടി രൂപ വേണ്ടിവരും. ചുരുങ്ങിയത് 750 ഏക്കര്‍ ഭൂമിയും അതിനാവശ്യമുണ്ട്. സ്റ്റാന്റ് ഒരുക്കാന്‍ 300 ഏക്കര്‍ വേറെയും. ഭൂമി വില കൂടി ചേരുമ്പോള്‍ ചെലവ് 1500 കോടിയിലേക്കുയരും. കൂടാതെ 65-210 കോടിക്കിടയില്‍ 'അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജാ'യി സംഘാടകര്‍ അടക്കേണ്ടതുണ്ട്. ഇതിനൊക്കെ പുറമെയാണ് അനുബന്ധ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഉത്തരവാദിത്വം. ഏഴ് ഭീമന്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളെ ഒരേ സമയം ഉള്‍ക്കൊള്ളാനുള്ള സൗകര്യം വേദിക്കടുത്തുള്ള വിമാനത്താവളത്തിനുണ്ടായിരിക്കണം. ടീമുകളുടെയും ടി.വി. സംപ്രേക്ഷകരുടെയുമൊക്കെയായി വളരെയധികം സാങ്കേതിക ഉപകരണങ്ങള്‍ ക്ലിയര്‍ ചെയ്യാന്‍ കസ്റ്റംസ് സജ്ജമായിരിക്കണം. ടീമുകളുടെ സാങ്കേതിക പ്രവര്‍ത്തകരെയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും വഹിച്ചുള്ള മുന്നൂറോളം അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്ക് സൗകര്യമൊരുക്കേണ്ടിവരും. കാണികള്‍ക്കുവേണ്ടിയുള്ള സര്‍വീസുകള്‍ ഇതിനു പുറമെയാണ്. വിമാനത്താവളത്തെ മത്സരവേദിയുമായി ആറുവരിയുള്ള അതിവേഗ പാതകൊണ്ട് ബന്ധിച്ചിരിക്കണം. ആതിഥ്യം വഹിക്കുന്ന നഗരത്തില്‍ 4,500 സ്റ്റാര്‍ റൂമുകളുള്ള ഹോട്ടല്‍ സൗകര്യമുണ്ടാവണം. ഇവയില്‍ ചുരുങ്ങിയത് 1,800 എണ്ണത്തിനെങ്കിലും ഫൈവ് സ്റ്റാര്‍ നിലവാരമുണ്ടാവണം. ഇങ്ങനെ പ്രത്യക്ഷമായും പരോക്ഷമായും 2,000 കോടിക്കും മുകളില്‍ ചെലവു വരുന്ന സംരംഭത്തിനാണ് ഐ.ഒ.എ. ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നു സാരം.

പതിനായിരക്കണക്കിന് തൊഴില്‍ സാധ്യതകള്‍ തുറക്കുന്നതും കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കുന്നതുമായ സംരഭം കൂടിയാണ് ഇത്. രാജ്യത്തെ ഹോട്ടല്‍-ടൂറിസം വ്യവസായത്തിന് കൈവരാവുന്ന വളര്‍ച്ചയും ഏറെ വലുതായിരിക്കും. മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്ന കാര്യത്തിലും സംശയമില്ല. എങ്കിലും 'മുടക്കുമുതല്‍' എവിടെനിന്നു കണ്ടെത്തും എന്ന കാര്യത്തിലാണ് ആശങ്ക നിലനില്‍ക്കുന്നത്. ഫോര്‍മുല വണ്‍ സര്‍ക്യൂട്ടില്‍ ഇന്ത്യന്‍പതാക ഉയര്‍ത്തിയ നരേന്‍ കാര്‍ത്തികേയന്‍, സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഒന്നും നടക്കില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അതിനു തയ്യാറാവുകയാണെങ്കില്‍ കുലാലംപൂര്‍, ബഹ്‌റൈന്‍, ജപ്പാന്‍, ഷാങ്ഹായ് എന്നിവയ്ക്കുശേഷം എഫ്-വണ്‍ സര്‍ക്യൂട്ടിലെ അഞ്ചാമത്തെ ഏഷ്യന്‍ വേദിയാവും ഡല്‍ഹി. എഫ്-വണ്‍ പോലുള്ള എലൈറ്റ് സ്‌പോര്‍ട്‌സിനായി കോടികള്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്നാണിനി അറിയാനുള്ളത്.
കടപ്പട്‌ : കായികരംഗം, മാതൃഭൂമി

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.