Wednesday, December 31, 2008

മലയാള സിനിമ 2008


മലയാള സിനിമയേ സംബന്ധിച്ച്‌ മഹത്തായ ഒരു വര്‍ഷമായിരുന്നില്ല. കയറ്റിറക്കങ്ങളും പ്രതിഭയുടെ മിന്നലാട്ടങ്ങളുമായി സമ്മിശ്രമായ ഒരു വര്‍ഷമായിരുന്നു 2008. ഏകദേശം അമ്പതിലധികം ചിത്രങ്ങള്‍ പുറത്തിറങ്ങിയ ഈ വര്‍ഷം, വിജയം നേടിയവ വിരലിലെണ്ണാവുന്നതു മാത്രമായി ചുരുങ്ങി. മലയാള ചലച്ചിത്ര താര സംഘടനയായ അമ്മയുടെ ധനശേഖരണാര്‍ത്ഥം നിര്‍മ്മിച്ച ചിത്രമായ ട്വന്റി-20 പുറത്തിറങ്ങിയത്‌ ഈ വര്‍ഷമായിരുന്നു. മലയാള സിനിമ വിവാദങ്ങളില്‍ കൂടി കടന്നു പോയ വര്‍ഷം കൂടിയാണിത്‌. അമ്മയിലും മാക്ടയിലുമുണ്ടായ വിവാദങ്ങള്‍ മലയാള സിനിമയെ പ്രതികൂലമായി ബാധിച്ചു. പ്രതിഭാധനരായ ഒരു കൂട്ടം അഭിനേതാക്കള്‍ അരങ്ങൊഴിഞ്ഞ വര്‍ഷം കൂടിയായിരുന്നു 2008.

സൂപ്പര്‍ സ്റ്റാറുകളുടെ ശ്രദ്ധേയമായ സാന്നിധ്യം ഇത്തവണയും മലയാള സിനിമയില്‍ ഉണ്ടായിരുന്നു. 6 ചിത്രങ്ങളില്‍ വീതം അഭിനയിച്ച്‌ മോഹന്‍ലാലും സുരേഷ്‌ ഗോപിയും തങ്ങളുടെ സാന്നിധ്യമറിയിച്ചപ്പോള്‍, മമ്മൂട്ടി അഞ്ച്‌ ചിത്രങ്ങളിലും ജയറാമും ദിലീപും 3 ചിത്രങ്ങളില്‍ വീതം അഭിനയിച്ചു. പൃഥ്വിരാജ്‌ 4 ചിത്രങ്ങളിലും കലാഭവന്‍ മണിയും ജയസൂര്യയും യഥാക്രമം നാലും മൂന്നും ചിത്രങ്ങളില്‍ തിരശ്ശീലയില്‍ എത്തി. മോഹന്‍ലാലിന്റെ മാടമ്പി ഉജ്ജ്വല വിജയം നേടിയപ്പോള്‍ ഇന്നത്തെ ചിന്താവിഷയം, കുരുക്ഷേത്ര എന്നീ ചിത്രങ്ങള്‍ ശരാശരി വിജയത്തിലൊതുങ്ങി. കെ.പി കുമാരന്റെ ഓഫ്‌ ബീറ്റ്‌ ചിത്രമായ ആകാശഗോപുരങ്ങള്‍ മികച്ച പ്രതീക്ഷ പുലര്‍ത്തിയെങ്കിലും സാധാരണക്കാരനെ സ്വാധീനിക്കുന്നതില്‍ പരാജയപ്പെട്ടു. കോളേജ്‌ കുമാരന്‍ സമ്പൂര്‍ണ്ണ പരാജയമാകുകയും ചെയ്തു. പക്ഷേ മിഴികള്‍ സാക്ഷി, പകല്‍ നക്ഷത്രങ്ങള്‍ എന്നീ ഓഫ്‌ ബീറ്റ്‌ ചിത്രങ്ങള്‍ മോഹന്‍ ലാല്‍ എന്ന നടന്റെ സാന്നിധ്യം മൂലം കൂടുതല്‍ ആളുകളിലേക്കെത്തി എന്നതും എടുത്തു പറയേണ്ട കാര്യമാണ്‌. ആറു ചിത്രങ്ങളിലഭിനയിച്ച സുരേഷ്‌ ഗോപിക്ക്‌ ഒരു ഹിറ്റു പോലും സൃഷ്ടിക്കാനായില്ല. ഷാജി കൈലാസ്‌ ചിത്രമായ ദി സൌണ്ട്‌ ഓഫ്‌ ബൂട്ട്‌ മാത്രം മാത്രമാണ്‌ ഒരു ശാരാശരി നിലവാരം പുലര്‍ത്തിയത്‌. രൂപേഷ്‌ പോളിന്റെ മൈ മദേഴ്സ്‌ ലാപ്‌ടോപ്‌ എന്ന ഓഫ്‌ ബീറ്റ്‌ ചിത്രത്തെ തന്റെ സാനിധ്യം കൊണ്ട്‌ രക്ഷിക്കാന്‍ സുരേഷ്‌ ഗോപിക്കായില്ല. താവളവും ആയുധവും പ്രേക്ഷകരെ നിരാശരാക്കിയപ്പോള്‍ പകല്‍ നക്ഷത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ജനശ്രദ്ധയാകര്‍ഷിച്ചു. 2007 തന്റെ പേരിലാക്കിയ മമ്മൂട്ടിക്ക്‌ മികച്ച തുടക്കമാണ്‌ 2008ല്‍ ലഭിച്ചത്‌. രഞ്ജിത്ത്‌ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത കയ്യൊപ്പ്‌, ഒരു ഓഫ്‌ ബീറ്റ്‌ ചിത്രമായിരുന്നിട്ടു കൂടെ ഒരു കൊമേര്‍ഷ്യല്‍ ഹിറ്റാക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. രഞ്ജിപണിക്കരുടെ രൌദ്രം തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍, അന്‍വര്‍ റഷീദിന്റെ അണ്ണന്‍ തമ്പി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി. അതിനു ശേഷം വളരെ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ പരുന്ത്‌, ഒരു ശരാശരിയില്‍ ഒതുങ്ങി. മമ്മൂട്ടിയുടെ മികച്ച പ്രകടനം മാത്രമായിരുന്നു ആ ചിത്രത്തിന്റെ പ്ലസ്‌ പോയിന്റ്. അതിനു പിറകേ എത്തിയ മായാ ബസാര്‍ ശരാശരിക്കു താഴേ പോയത്‌ മമ്മൂട്ടിയുടെ ഇമേജിനെ സാരമായി ബാധിച്ചു. ഈ വര്‍ഷം 2 ഇരട്ട കഥാപാത്രങ്ങളെ അദ്ദേഹം തിരശ്ശീലയില്‍ എത്തിച്ചു.

കേവലം മൂന്നു ചിത്രങ്ങളില്‍ മാത്രമാണ്‌ ജയറാവും ദിലീപും തിരശ്ശീലയില്‍ എത്തിയത്‌. നോവല്‍ എന്ന ചിത്രം പ്രേക്ഷകര്‍ തിരസ്കരിച്ചപ്പോള്‍, വെറുതെ ഒരു ഭാര്യയിലൂടെ തന്റെ തിരിച്ചു വരവ്‌ ജയറാം ഗംഭീരമാക്കി. അതിന്റെ ബലത്തില്‍ പാര്‍ത്ഥന്‍ കണ്ട പരലോകത്തിനെ ഭേദപ്പെട്ട കളക്ഷന്‍ നേടി കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബ്ലെസിയുടെ കല്‍ക്കത്ത ന്യൂസായിരുന്നു, ദിലീപിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രം. ആ ചിത്രം ശരാശരിക്കുപരി എത്തിയെങ്കിലും, ലാല്‍ ജോസിന്റെ മുല്ല തികഞ്ഞ പരാജയമായി. വര്‍ഷത്തിനൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ക്രേസി ഗോപാലന്‍ എന്ന ചിത്രം അധികം പരിക്കുകളില്ലാതെ തീയേറ്ററുകളില്‍ ഓടുന്നു. ശ്രദ്ദേയമായ യാതോരു വേഷവും കലാഭവന്‍ മണിക്ക്‌ ഇത്തവണ ഉണ്ടായിരുന്നില്ല. തന്റെ സ്ഥിരം പാറ്റേണിലുള്ല ചിത്രങ്ങള്‍ ബോക്സ്‌ ഓഫീസില്‍ പരാജയമായി മാറി. പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ച വര്‍ഷമായിരുന്നു 2008. ഒരു മമ്മൂട്ടി ഫാനിന്റെ കഥ പറയുന്ന വണ്‍വേ ടിക്കറ്റ്‌ എന്ന പരീക്ഷണ ചിത്രം ശരാശരിയില്‍ഒതുങ്ങിയപ്പോള്‍ കേന്ദ്ര കഥാപാത്രമല്ലായിരുന്നെങ്കില്‍ കൂടി, തിരക്കഥയും തലപ്പാവും മികച്ച നിലവാരം പുലര്‍ത്തി. വര്‍ഷാവസാനം എത്തിയ ലോലിപോപ്പും മികച്ച അഭിപ്രായമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ഷേക്‌സ്പിയര്‍ എം.എ മലയാളം എന്ന ചിത്രത്തിന്റെ ഭേദപ്പെട്ട വിജയമാണ്‌ ജയസൂര്യക്കു ഈ വര്‍ഷം പറയാനായി ഉള്ളത്‌. അദ്ദേഹത്തിന്റെ പോസിറ്റീവ്‌ ഹിറ്റായില്ലെങ്കിലും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്‌. മറ്റു ചിത്രങ്ങളില്‍ അപ്രധാന റോളുകളിലും അദ്ദേഹം മികച്ച പ്രകടനം നടത്തി. മികച്ച കോമഡി ചിത്രങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന ഈ വര്‍ഷം, അണ്ണന്‍ തമ്പിയും ഷേക്‌സ്പിയറും മികച്ച നിലവാരം പുലര്‍ത്തി. ജഗതിയും സുരാജ്‌ വെഞ്ഞാറമൂടും, ബിജുക്കുട്ടനും ഈ രംഗത്ത്‌ നല്ല പ്രകടനം കാഴ്ച വച്ചു.

നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ ഇറങ്ങാതിരുന്ന ഈ വര്‍ഷം, അതിനൊരല്‍പമെങ്കിലും അപവാദമായത്‌, മിഴികള്‍ സാക്ഷിയും വെറുതെ ഒരു ഭാര്യയുമായിരുന്നു. സുകുമാരിയുടെ മികച്ച പ്രകടനമാണ്‌ നമുക്ക്‌ മിഴികള്‍ സാക്ഷിയില്‍ കാണാന്‍ സാധിച്ചത്‌. വെറുതെ ഒരു ഭാര്യയിലൂടെ തന്റെ കരിയറിലെ മികച്ച പ്രകടനമാണ്‌ ഗോപിക നടത്തിയത്‌. തിരക്കഥയിലെ പ്രിയാമണിയുറ്റെ പ്രകടം എടുത്തു പറയേണ്ട ഒന്നാണ്‌. ഷേക്സ്പിയറിലെ റോമയുടെ അഭിനയവും പ്രേക്ഷകരെ ആകര്‍ഷിച്ചു. ശലഭത്തിലൂടെ രമ്യാ നമ്പീശനും ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചു. മറ്റുള്ളവരെല്ലാം ചെറു ചെറു റോളുകളില്‍ ഒതുങ്ങി എന്നു പറയാം. സൂപ്പര്‍ ഹിറ്റായ മാടമ്പിയില്‍ കാവ്യാ മാധവന്റെ കഥപാത്രത്തിന്റെ ആവശ്യകത പോലുമില്ല എന്നതായിരുന്നു സ്ഥിതി. ആ ഒരു രീതിയില്‍ ചിന്തിച്ചാല്‍ തികച്ചും നിരാശാജനകമായ വര്‍ഷം എന്നു പറയേണ്ടി വരും. അമ്മയ്ക്കു വേണ്ടി നടന്‍ ദിലീപ്‌ നിര്‍മ്മിച്ച് ജോഷി സംവിധാനം ചെയ്ത ട്വന്റി-20 ഈ വര്‍ഷം പുറത്തിറങ്ങി. മൂന്നു സൂപ്പര്‍സ്റ്റാറുകളടക്കം ഏകദേശം 60-70 കലാകാരന്മാര്‍ ഈ ചിത്രവുമായി സഹകരിച്ചു. ഫാന്‍സ്‌ അസോസിയേഷനുകളെ പൂര്‍ണ്ണമായി രസിപ്പിക്കുന്ന രീതിയില്‍ ഈ ചിത്രത്തിന്റെ കഥ മെനഞ്ഞ സിബി.കെ.തോമസ്‌-ഉദയകൃഷ്ണ എന്ന ഇരട്ട കഥാകൃത്തുക്കള്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ചിരിക്കയാണ്‌. നായികമാര്‍ക്ക്‌ അത്ര പ്രാധാന്യം ഇല്ലാത്ത ഒരു ചിത്രമാണിത്‌. എല്ലാവരേയും ഒത്തൊരുമിപ്പിച്ചു ചേര്‍ത്തെ ചിത്രമൊരുക്കിയ ജോഷിയും ദിലീപും ഇതിന്‌ വലിയൊരു അഭിനന്ദനം അര്‍ഹിക്കുന്നു. സര്‍വ്വ കളക്ഷന്‍ റെക്കോര്‍ഡുകളേയും തകര്‍ത്താണിത്‌ മുന്നേറിയത്‌.

സംവിധായകരില്‍ ബ്ലെസ്സി, തന്നെ പതിവു ഫോര്‍മാറ്റില്‍ നിന്നും വ്യത്യസ്തമായി കല്‍ക്കത്ത ന്യൂസുമായിയാണ്‌ എത്തിയത്‌. ബ്ലെസിയുടെ നിലവാരത്തിലേക്കെത്തിയില്ലെങ്കിലും പ്രേക്ഷകരെ തീയേറ്ററില്‍ ഇരുത്താനീ ചിത്രത്തിനു കഴിഞ്ഞു എന്നത്‌ അദ്ദേഹത്തിന്റെ വിജയമായി. ഇന്നത്തെ ചിന്താവിഷയവുമായി വിഷുവിന്‌ തീയേറ്ററിലെത്തിയ സത്യന്‍ അന്തിക്കാട്‌ പ്രേക്ഷകരെ തികച്ചും നിരാശപ്പെടുത്തി. ഫാന്‍സ്‌ അസോസിയേഷന്റെ പിന്‍ബലത്തില്‍ തീയേറ്ററുകളില്‍ ചിത്രമോടിയെങ്കിലും, സത്യന്‍ അന്തിക്കാട്‌ തന്റെ സ്ഥിരം ഫോര്‍മുല ഒന്നു മാറ്റിപ്പിടിക്കുന്നതാണു നല്ലതെന്ന്‌ തോന്നുന്നു..അന്‍വര്‍ റഷീദ്‌ മറ്റൊരു വ്യത്യസ്തമായ അനുഭവമാണ്‌ അണ്ണന്‍ തമ്പിയില്‍ നമുക്ക്‌ നല്‍കിയത്‌. ആദ്യ രണ്ടു ചിത്രങ്ങളിലെ പോലെ തന്നെ തമാശയ്ക്കു പ്രാധാന്യം നല്‍കിയാണ്‌ ഈ ചിത്രവും അദ്ദേഹം ഒരുക്കിയത്‌. വി.കെ പ്രകാശ്‌ ഒരുക്കിയ പോസിറ്റീവ്‌ വ്യത്യസ്തമായ ഒരു അനുഭവമായി മാറി. കെ.പി കുമാരന്റെ ആകാശഗോപുരങ്ങള്‍, പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. എം.ജി.ശശിയുടെ അടയാളങ്ങള്‍ തിയേറ്ററുകളില്‍ എത്തിയെങ്കിലും പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കാതെ കടന്നു പോയി. സൈക്കിള്‍ എന്ന ചിത്രത്തിലൂടെ ജോണി ആന്റണി തന്റെ സാന്നിധ്യമറിയിച്ചു. രണ്ടു മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയ രഞ്ജിത്‌, സംവിധായകരില്‍ ഈ വര്‍ഷത്തെ ഹീറോ ആയി മാറി. വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അക്കു അക്‌ബറും, തലപ്പാവ്‌ സംവിധാനം ചെയ്ത നടന്‍ മധുപാലും തങ്ങള്‍ മലയാള സിനിമക്കൊരു മുതല്‍കൂട്ടാണെന്ന്‌ ഈ ചിത്രങ്ങളിലൂടെ വിളിച്ചറിയിച്ചിരിക്കുന്നു. ഇരട്ട സംവിധായകരായി രംഗപ്രവേശം ചെയ്ത ഷൈജു-ഷാജി, നല്ല തിരക്കഥകള്‍ ലഭിച്ചാല്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ നല്ലൊരു ചിത്രമായി എടുക്കാന്‍ തങ്ങള്‍ക്കു കഴിയും എന്നു തെളിയിച്ചിരിക്കുന്നു. രാജീവ്‌ നാഥിന്റെ പകല്‍ നക്ഷത്രങ്ങളും അശോക്‌ ആര്‍ നാഥിന്റെ മിഴികള്‍ സാക്ഷിയും വേറിട്ടൊരനുഭവമായി മാറി. ഗുല്‍മോഹറിലൂടെ ജയരാജ്‌ വ്യത്യസ്തമായൊരു കഥ പറഞ്ഞപ്പോള്‍ ഓഫ്‌ പീപ്പിള്‍ ആരേയും ആകര്‍ഷിക്കാതെ പോയി. സ്മാര്‍ട്ട്‌ സിറ്റിക്കു ശേഷം ബി.ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കിയ മാടമ്പി, പ്രേക്ഷകരെ ആകര്‍ഷിച്ചുവെങ്കിലും, പലപ്പോഴും കണ്ടു മറഞ്ഞ കഥാപാത്രങ്ങള്‍ അരോചകമായി മാറി. കാര്‍ഗ്ഗില്‍ യുദ്ധത്തിന്റെ കഥ പറഞ്ഞ മേജര്‍ രവിയുടെ കുരുക്ഷേത്ര മികച്ച ദൃശ്യാനുഭവമായെങ്കിലും ഒരു ചിത്രമെന്ന നിലയില്‍ പരാജയമായി. കമലിന്റെ മിന്നാമിന്നികൂട്ടവും ശ്രദ്ധയാകര്‍ഷിക്കാതെ കടന്നു പോയി. ബിപിന്‍ പ്രഭാകറിന്റെ വണ്‍വേ ടിക്കറ്റ്‌ വലിയൊരു പരീക്ഷണം തന്നെയായിരുന്നു. എം.പത്മകുമാറിന്റെ പരുന്താണ്‌ ഈ വര്‍ഷത്തെ നിരാശാജനകമായ ചിത്രം. മമ്മൂട്ടിയുടെ മികച്ച പ്രകടനവും ഈ ചിത്രത്തെ രക്ഷിച്ചില്ല എന്നു പറയുന്നതാവും ശരി. തന്റെ സ്ഥിരം ശൈലിയില്‍ തുളസീദാസൊരുക്കിയ കോളേജുകുമാരനും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു. ഷാജി കൈലാസിന്റെ സൌണ്ട്‌ ഓഫ്‌ ദി ബൂട്ടും ശരാശരിക്കു താഴെ ഒതുങ്ങി. മായാബസാര്‍ ശരാശരിക്കു താഴെ പോയെങ്കിലും താനൊരു ഭാവിവാഗ്ദാനമാണെന്ന്‌ തോമസ്‌ ആന്റണി തെളിയിച്ചു. മുല്ലയുമായെത്തിയ ലാല്‍ജോസും മൈ മദേഴ്സ്‌ ലാപ്ടോപ്പുമായി എത്തിയ രൂപേഷ്‌ പോളും പ്രേക്ഷകരെ ആകര്‍ഷിക്കാതെ കടന്നു പോയി. പകല്‍നക്ഷത്രങ്ങളുടെ കഥയും തിരക്കഥയും തയ്യാറാക്കിയ അനൂപ്‌ മേനോന്‌ തന്റെ കഴിവുകള്‍ അഭിനയത്തില്‍ മാത്രം ഒതുങ്ങുന്നില്ല എന്നൊരു സന്ദേശമാണ്‌ നല്‍കിയതു. മികച്ച രണ്ടു തിരക്കഥകളൊരുക്കി രഞ്ജിത്തും, തന്റെ ആദ്യ സംരഭത്തിന്‌ തിരക്കഥയെഴുതിയ മധുപാലും, വെറുതെ ഒരു ഭാര്യയുടെ തിരക്കഥ രചിച്ച കെ.ഗിരീഷ്‌കുമാറും മികച്ച ആസ്വാദന സുഖമാണ്‌ മലയാളിക്കു നല്‍കിയത്‌. എന്നാല്‍ കുരുക്ഷേത്രയുടെ തിരക്കഥയെഴുതിയ മേജര്‍ രവിയും പരുന്തിന്‌ തിരക്കഥ രചിച്ച ടി.എ.റസാഖും പ്രേക്ഷകരെ നിരാശരാക്കി. ബാലചന്ദ്ര മേനോന്റെ ദേ ഇങ്ങോട്ട്‌ നോക്യേ എന്ന ചിത്രം കനത്ത പരാജയം ഏറ്റു വാങ്ങി. കുട്ടികള്‍ക്കായി എടുത്ത റോബോയും, പുതുമുഖങ്ങളുടെ അപൂര്‍വ്വയും ഇക്കൊല്ലം തീയേറ്ററുകളില്‍ എത്തി. അതില്‍ 18 വയസ്സുകാരനായ സംവിധായകന്‍ നിതിന്‍ രാമകൃഷ്ണന്‍ അപൂര്‍വ്വയിലൂടെ അരങ്ങേറ്റം കുറിച്ചു. ഷാഹുല്‍ അമീന്റെ വെളിപാടുകളും ശ്രദ്ധയാകര്‍ഷിച്ചു.

മലയാള ചലചിത്ര ഗാന രംഗത്ത്‌ ഒരു പിടി നല്ല ഗാനങ്ങളുണ്ടായ ഒരു വര്‍ഷം കൂടിയാണിത്‌. ഗിരീഷ്‌ പുത്തഞ്ചേരിയും അനില്‍ പനച്ചൂരാനുമാണിതില്‍ മികച്ച സംഭാവനകള്‍ നല്‍കിയത്‌. മാടമ്പിയിലെ അമ്മ മഴക്കാറിന്‌ എന്നു തുടങ്ങുന്ന ഗാനവും, കല്‍ക്കത്താ ന്യൂസിലെ എങ്ങു നിന്നു വന്ന എന്നു തുടങ്ങുന്ന ഗാനവും ജനശ്രദ്ധയാകര്‍ഷിച്ചു. ഗുല്‍മോഹറിലെ ഒരു നാള്‍ എന്നു തുടങ്ങുന്ന ഗാനവും, തിരക്കഥയിലെ പാലപ്പൂ എന്ന ഗാനവും മികച്ച നിലവാരവും പുലര്‍ത്തി. അമ്മ മഴക്കാറിന്‌ എന്ന ഗാനം ആലപിച്ച യേശുദാസ്‌ താന്‍ തന്നെയാണ്‌ ഗാനഗന്ധര്‍വ്വന്‍ എന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. സംഗീതത്തില്‍ എം.ജയചന്ദ്രനും മെജോ ജോസഫും രാഹുല്‍രാജും തങ്ങളുടെ സാന്നിധ്യം അറിയിച്ചു. ഗായകനായ വിനീത്‌ ശ്രീനിവാസന്‍ സൈക്കിള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും കാല്‍വച്ചു.

മലയാള സിനിമയെ വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്ന വര്‍ഷമായിരുന്നു 2008. മാക്ടയുടെ വിഭജനവും അമ്മ പുതിയ സംഘടനയുടെ കൂടെ നിലയുറപ്പിച്ചതും എല്ലാം വിവാദമായി. ട്വന്റി-20യില്‍ സഹകരിക്കാത്തതിന്റെ പേരില്‍ മീരാജാസ്മിനോട്‌ വിശദീകരണം ആവശ്യപെട്ട്‌ ദിലീപ്‌ അമ്മക്കു കത്തു നല്‍കിയതും, വിനയനും സൂപ്പര്‍ സ്റ്റാറുകളും തമ്മിലുള്ള വാക്‌പയറ്റുമെല്ലാം നാം 2008-ഇല്‍ കണ്ടു. ഒടുവില്‍ റിലീസിങ്‌ സംബന്ധിച്ച്‌ തീയേറ്റര്‍ ഉടമകളുമായുള്ള തര്‍ക്കം മായാബസാറിനെ ബി,സി ക്ലാസ്‌ തീയേറ്ററുകളില്‍ റിലീസ്‌ ചെയ്യിച്ചു. ട്വന്റി-20 സംബന്ധിച്ചും റിലീസിങ്‌ വിവാദമുണ്ടായെങ്കിലും അതു പെട്ടെന്നു തന്നെ കെട്ടടങ്ങി. ട്വന്റി-20യുടെ ടിക്കറ്റ്‌ നിരക്ക്‌ വര്‍ദ്ധനയില്‍ കോടതി ഇടപെട്ടതും, പോസ്റ്ററില്‍ മോഹന്‍ലാലിന്‌ നടുക്ക്‌ സ്ഥനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഫാന്‍സുകാര്‍ പിണങ്ങിയതുമെല്ലാം ഈ വര്‍ഷം മലയാളികള്‍ കണ്ടു. ഫാന്‍സുകാരുടെ മത്സരത്തിനൊടുവില്‍ മാടമ്പി അതി രാവിലെ 3 മണിക്കും പരുന്ത്‌ കൃത്യം 12:01നും റിലീസ്‌ ചെയ്ത്‌ ചരിത്രം സൃഷ്ടിക്കുന്നതും നാം ഇക്കൊല്ലം കണ്ടു. ദേ ഇങ്ങോട്ട്‌ നോക്യേയുടെ ചില ഭാഗങ്ങള്‍ തീയേറ്ററുകാര്‍ മുറിച്ചു എന്നു പറഞ്ഞ്‌ ബാലചന്ദ്ര മേനോന്‍ രംഗത്തു വന്നതും വിവാദമായി. ഭരത്‌ ഗോപി, രഘുവരന്‍, മോനീലാല്‍ എന്നി പ്രതിഭകള്‍ മലയാള സിനിമയോട്‌ വിട പറഞ്ഞ വര്‍ഷം കൂടിയാണ്‌ 2008. എന്തായാലും മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു സമ്മിശ്രമായ വര്‍ഷമായിരുന്നു 2008. ഇനി 2009-ഇല്‍ എന്തു സംഭവിക്കുമെന്ന്‌ കാത്തിരുന്നു കാണാം...

ബോക്സ്‌ ഓഫീസ്‌ ഹിറ്റുകള്‍

1. ട്വന്റി-20

2. അണ്ണന്‍ തമ്പി

3. വെറുതെ ഒരു ഭാര്യ

4. മാടമ്പി

5. തിരക്കഥ


കലാമൂല്യമേറിയ ചിത്രങ്ങള്‍

1. അടയാളങ്ങള്‍

2. കയ്യൊപ്പ്‌

3. ഗുല്‍മോഹര്‍

4. തലപ്പാവ്‌

5. പകല്‍നക്ഷത്രങ്ങള്‍ / തിരക്കഥ

നിരാശാജനകമായ ചിത്രങ്ങള്‍
1. പരുന്ത്‌
2. കോളേജ്‌ കുമാരന്‍
3. മുല്ല
4. ദേ ഇങ്ങോട്ട്‌ നോക്യേ
5. മിന്നാമിന്നിക്കൂട്ടം

അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങള്‍
1. വെറുതെ ഒരു ഭാര്യ
2. ഷേക്‌സ്പിയര്‍ എം.എ മലയാളം
3. പോസിറ്റീവ്‌
4. കയ്യൊപ്പ്‌
5. സൈക്കിള്‍

2 comments:

  1. :)
    വിശദമായി പിന്നെ കമന്റ് എഴുതാം.നന്നായിരിക്കുന്നു കുറിപ്പ്....ആശംസകൾ

    ReplyDelete
  2. പിള്ളാച്ചാ നന്നായി ഈ റഫറന്‍സ്...

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.