Saturday, February 14, 2009

ഓര്‍ക്കുട്ടിലെ വ്യാജന്മാര്‍ - ഒരു സാമൂഹിക വിപത്ത്‌

ഇന്റര്‍നെറ്റെന്ന മാധ്യമം ജനകീയമായതും, അതിന്‌ സാധാരണക്കാരുടെ ഇടയിലുള്ള സ്വീകാര്യത വര്‍ദ്ധിച്ചതും ഈ അടുത്ത കാലത്താണ്‌. ഇപ്പോള്‍ താഴേക്കിടയിലുള്ള ജനങ്ങള്‍ക്കിടയില്‍ ഇതിന്റെ സ്വാധീനമുണ്ടായി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ മാധ്യമമായി ഓര്‍ക്കുട്ട്‌, ഫേസ്‌ബുക്ക്‌ തുടങ്ങിയവ രംഗത്തെത്തിയിട്ട്‌ അധിക കാലമായില്ല. എന്നാല്‍ ഓര്‍ക്കുട്ട്‌ നേടിയെടുത്ത പ്രചാരം മറ്റൊന്നിനും നേടിയെടുക്കാന്‍ കഴിഞ്ഞില്ല. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ക്കുട്ട്‌, ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച്‌ പുതിയ പുതിയ് സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതും, ഇതിനെ ജനകീയമാക്കാന്‍ സഹായകമായി. ആയിരക്കണക്കിന്‌ ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്താനും, ലോകത്തെവിടെയുമുള്ള സുഹൃത്തുകളുമായി സല്ലപിക്കാനും സൌഹൃദം പങ്കുവെയ്ക്കാനും കഴിയുന്നു എന്നതാണ്‌ ഓര്‍ക്കുട്ടിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ സുരക്ഷിതത്വത്തെ പറ്റി ആശങ്കകള്‍ ഉയരുമ്പോള്‍, ഓര്‍ക്കുട്ടും അതില്‍ നിന്നും മുക്തമല്ല. ഓര്‍ക്കുട്ടിനെ സുരക്ഷിതമാക്കാന്‍ ഒട്ടനവധി മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ തന്നെ ഗൂഗിള്‍ പ്രദാനം ചെയ്തിട്ടുണ്ടങ്കിലും, അവയെയെല്ലാം പല രീതിയില്‍ ഭേദിക്കാന്‍ കഴിയുമെന്നത്‌ ആശങ്കാജനകമായ ഒരു കാര്യമാണ്‌.

ഓര്‍ക്കുട്ടില്‍ വര്‍ദ്ധിച്ചു വരുന്ന വ്യാജപ്രൊഫൈലുകള്‍ മറ്റൊരു ഭീഷണിയാണ്‌. സാധാരണ ഗതിയില്‍ ഓര്‍ക്കുട്ടില്‍ മൂന്നു രീതിയിലുള്ള പ്രൊഫൈലുകള്‍ ഉണ്ടാകും.
1. ശരിയായ പ്രൊഫൈലുകള്‍
2. ഹിഡണ്‍ പ്രൊഫൈലുകള്‍
3. വ്യാജ (ഫേക്ക്‌) പ്രൊഫൈലുകള്‍
ഓര്‍ക്കുട്ടിലെ ഒക്കു മിക്ക പ്രൊഫൈലുകളും ശരിയായ പ്രൊഫൈലുകളാണ്‌. എന്നാല്‍ കുറെയധികം ആളുകള്‍ സ്വന്തം ഐഡന്റിറ്റി മറച്ചു വച്ച്‌ ഓര്‍ക്കുട്ടില്‍ സല്ലപിക്കുന്നുണ്ട്‌. ഓര്‍ക്കുട്ടിന്റെ സുരക്ഷിതത്വത്തെ ഭയന്നാണ്‌ അവരത്‌ ചെയ്യുന്നത്‌. അതില്‍ ഒട്ടുമിക്കവാറും പേര്‍ സ്ത്രീകളാണ്‌. ഇക്കൂട്ടരാണ്‌ ഹിഡണ്‍ പ്രൊഫൈലുകള്‍. എന്നാല്‍ വ്യാജപ്രൊഫൈലുകള്‍ മറ്റൊരു കൂട്ടരാണ്‌. ചില സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി, സ്വന്തം പ്രൊഫൈലിനു പുറമേ, മറ്റൊരു പ്രൊഫൈലുമായി വിലസുന്നവരാണീക്കൂട്ടര്‍. അവര്‍ക്കു പല ഉദ്ദേശങ്ങളുണ്ടാകാം. സ്വന്തം വ്യക്തിത്വം മറച്ചു വച്ച്‌ ചര്‍ച്ചകളില്‍ പങ്കെടുക്കാനും, ഓര്‍ക്കുട്ടിലെ തന്നെ അശ്ലീല കമ്മ്യൂണിറ്റികളില്‍ അംഗങ്ങളാകാനും, അങ്ങനെയുള്ള ചാറ്റിങ്‌ നടത്താനും ഉപയോഗിക്കുന്നുണ്ട്‌.

എന്തായാലും ഇത്തരത്തിലുള്ള പ്രൊഫൈലുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു എന്നത്‌ ആശങ്കാജനകമായ ഒരു വസ്തുതയാണ്‌. ഇവരുടെ ആധിക്യം മൂലം പല കമ്മ്യൂണിറ്റികളും ഇന്ന്‌ വിഷമസന്ധിയിലാണ്‌. രാഷ്ട്രീയപരമായ നിലപാടുകള്‍, സ്വന്തം നിലയില്‍ പറയുവാന്‍ ധൈര്യമില്ലാത്തവര്‍ പലപ്പോഴും അവലംബിക്കുന്ന മാര്‍ഗ്ഗമാണ്‌ ഈ വ്യാജ പ്രൊഫൈലുകള്‍. ഒരു ക്രിയാത്മക ചര്‍ച്ചയില്‍ വ്യാജന്മാരുടെ സാന്നിധ്യം എന്നത്‌, ആ ചര്‍ച്ചയുടെ സ്വഭാവത്തേയും ഗതിയേയും ബാധിക്കും. വ്യാജന്മാര്‍ എന്നത്‌ അരൂപികളാണ്‌. അവരെ അശരീരികളായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളു. സ്വന്തമായി ഒരു വ്യക്തിത്വമില്ലാത്തവര്‍ക്ക്‌ ഏതു നിലവാരത്തിലേക്കും താഴുവാന്‍ കഴിയും. പക്ഷേ ചര്‍ച്ചകളില്‍ പങ്കെടുക്കുവര്‍ക്ക്‌ ചിലപ്പോള്‍ ഒരു രീതിയിലും ഇങ്ങനെയുള്ള പ്രൊഫൈലുകളുമായി സംവദിക്കുവാന്‍ കഴിയുകയേ ഇല്ല. പല ചര്‍ച്ചകളിലും, സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ ഇത്തരത്തില്‍ വിജയിപ്പിച്ചടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി കാണാന്‍ കഴിയുന്നതാണ്‌.

ഓര്‍ക്കുട്ടിലെ ഒരു പ്രമുഖ മലയാളം കമ്മ്യൂണിറ്റിയില്‍ ഈയിടെ നടന്ന ഒരു വിവാദവും വ്യാജന്മാരെ ചുറ്റിപ്പറ്റിയായിരുന്നു. കമ്മ്യൂണിറ്റിയിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ചില വ്യാജന്മാര്‍ പങ്കെടുക്കുകയും, അത്‌ വ്യക്തിഹത്യയിലും, ചില മതവിഭാഗങ്ങളെ താറടിക്കുന്ന കമന്റുകള്‍ പോസ്റ്റു ചെയ്യുന്ന രീതിയിലും എത്തിയപ്പോള്‍ സാധാരണക്കാരായ അംഗങ്ങള്‍ എതിര്‍ത്തു. പക്ഷേ ആദ്യമുയര്‍ന്നത്‌ ചെറുസ്വരങ്ങളായതിനാല്‍ കമ്മ്യൂണിറ്റി അധികൃതര്‍ അതിനെ തിരസ്കരിച്ചു. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട്‌ നേരിടണമെന്ന്‌ ഒരു ഉപദേശവും അവര്‍ സൌജന്യമായി നല്‍കി. പക്ഷേ, മുന്നോട്ട്‌ പോകും തോറും വ്യാജന്മാര്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയതോടെ പ്രതിഷേധവും ശക്തമായി. അങ്ങനെ, അവിടെ ഏറ്റവും സജീവമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ച ഒരു വ്യാജനെ കമ്മ്യൂണിറ്റിയുടെ ഓണര്‍ പുറത്താക്കി. എന്നാല്‍ ചില മോഡറേറ്റര്‍മാരുടെ ഇടപെടലിലൂടെ, 24 മണിക്കൂര്‍ തികയും മുന്നെ ആ വ്യാജന്‍ കമ്മ്യൂണിറ്റിയില്‍ തിരിച്ചെത്തി. അതിനവര്‍ നല്‍കിയ വിശദീകരണം, ആ പ്രൊഫൈല്‍ വ്യാജനല്ലെന്നും, ഹിഡണാണെന്നുമാണ്‌. ആ പ്രൊഫൈല്‍ കമ്മ്യൂണിറ്റി അധികൃതരെ അറിയിച്ചതാണെന്നും ചൂണ്ടിക്കാട്ടി, ഒരു മേല്‍വിലാസവും പ്രസദ്ധീകരിച്ചു. പക്ഷേ, ആ മേല്‍വിലാസത്തില്‍ പറഞ്ഞിരിക്കുന്ന പോസ്റ്റ്‌ ഓഫീസ്‌ കേരളക്കരയില്‍ തന്നെ ഉള്ളതാണോ എന്നു തന്നെ സംശയമുണ്ട്‌. അതു മാത്രമല്ല, ഇതേ വ്യാജന്‍ കുഴപ്പമുണ്ടാക്കിയ മറ്റൊരു കമ്മ്യൂണിറ്റിയില്‍ ഇയാള്‍ നല്‍കിയ മേല്‍വിലാസം മറ്റൊന്നാണ്‌. എന്നാല്‍ കമ്മ്യൂണിറ്റിയുടെ 2 മോഡറെറ്റര്‍മാര്‍ തന്നെ ആ വ്യാജനെ പ്രതിരോധിച്ചു രംഗത്തെത്തി. ഈ വ്യാജന്റെ പഴയ പോസ്റ്റിങ്ങുകള്‍ ചികഞ്ഞെടുത്തവര്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്‌, ഈ വ്യാജപ്രൊഫൈലിന്റെ ഭാഷയും ചില മോഡറെറ്റര്‍മാരുടെ ഭാഷയും ഒന്നാണെന്നാണ്‌. പല സമയങ്ങളില്‍ പല രീതിയില്‍ പ്രതികരിക്കുന്ന ഈ വ്യാജന്‍, മോഡറെറ്റര്‍മാരുടെ സൃഷ്ടിയാണോ എന്ന്‌ അംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങി. പ്രതിഷേധം ശക്തമായതോടെ, വ്യാജന്മാരെ പുറത്താക്കുന്നതില്‍ സാധാരണ അംഗങ്ങളുടെ അഭിപ്രായമറിയാന്‍ ഒരു പോള്‍ നടത്തണമെന്ന ആവശ്യം ചില അംഗങ്ങള്‍ ഉന്നയിച്ചു. അങ്ങനെ ഒരു പോള്‍ തുടങ്ങുകയും, എന്നാല്‍ 16 മിനിട്ടിനകം 2 മോഡറേറ്റര്‍മാര്‍ അത്‌ നീക്കം ചെയ്യുകയും ചെയ്തു. മോഡറെറ്റര്‍മാര്‍ അതു സമ്മതിക്കുകയും, പിന്നീട്‌ പ്രതിഷേധം ശക്തമായപ്പോള്‍ പോള്‍ വീണ്ടും തുടങ്ങാന്‍ കമ്മ്യൂണിറ്റി ഓണര്‍ സമ്മതിക്കുകയും ചെയ്തു. ഒരു മാസം നീണ്ടു നില്‍ക്കുന്ന പോളില്‍, ആദ്യ രണ്ടു ദിവസത്തില്‍ തന്നെ റെക്കോര്‍ഡ്‌ വോട്ടിങ്‌ നടന്നു. അതില്‍ 2/3 ശതമാനം വോട്ട്‌, വ്യാജന്മാരെ പുറത്താക്കണം എന്ന ഓപ്ഷനു ലഭിക്കുകയും ചെയ്തു. അതോടെ പരാജയം മണത്ത മോഡറേറ്റര്‍മാര്‍, ഓണറെ സ്വാധീനിച്ച്‌ പോള്‍ ഡിലീറ്റ്‌ ചെയ്യുകയും, ചില വ്യാജന്മാരേയും, വ്യാജന്മാരെ എതിര്‍ത്തവരേയും പുറത്താക്കി, സ്വന്തം നിലനില്‍പ്പ്‌ ഭദ്രമാക്കി. ഇപ്പോള്‍ ഈ നയത്തില്‍ പ്രതിഷേധിച്ച്‌, പല അംഗങ്ങളും കമ്മ്യൂണിറ്റിയില്‍ നിന്ന്‌ പടിയിറങ്ങിത്തുടങ്ങി. ഒരു കമ്മ്യൂണിറ്റിയുടെ തകര്‍ച്ചയുടെ തുടക്കമായിതിനെ കാണാം.

നിയമപരമായി നോക്കിയാല്‍, വ്യാജമായതെന്തും നിയമവിരുദ്ധമാണ്‌. അത്‌ ശിക്ഷാര്‍ഹവുമാണ്‌. പക്ഷേ, ഓര്‍ക്കുട്ടില്‍ ഇത്തരത്തില്‍ പെരുകുന്ന വ്യാജന്മാര്‍ക്കെതിരെ നടപടികളുണ്ടാവാത്തത്‌ ഒരു പക്ഷേ, പരാതികളുടെ അഭാവം മൂലമാണ്‌. ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കേണ്ടത്‌ ഈ സമൂഹത്തിന്റെ ആവശ്യമാണ്‌. പലരും വെറുമൊരു തമാശക്കായി വരെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിക്കുവാറുണ്ട്‌. അതെത്രത്തോളം ഗുരുതരമായ കുറ്റമാണെന്ന്‌ അതു ചെയ്യുന്നവര്‍ അറിയാതെ പോകുന്നതാണ്‌ ഇന്നു നാം നേരിടുന്ന മറ്റൊരു പ്രശ്നം. സൈബര്‍ നിയമങ്ങള്‍ കൂടുതല്‍ ജനകീയമാക്കുവാനും, അവയെക്കുറിച്ചു ബോധവത്കരണം നടത്തുവാനും കഴിഞ്ഞാല്‍ ഇതൊക്കെ ഒരു പരിധി വരെ നിയന്ത്രിക്കുവാന്‍ കഴിയും. ഓര്‍ക്കുട്ടിലെ വിവിധ കമ്മ്യൂണിറ്റി ഓണര്‍മാര്‍ വ്യാജന്മാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കണം. അവരുടെ അര്‍ത്ഥ ഗര്‍ഭമായ മൌനം ചിലപ്പോള്‍ ഇത്തരക്കാരെ കൂടുതല്‍ വളര്‍ത്തും... ഒരിക്കലും ഇത്തരക്കാര്‍ക്കെതിരെ നടപടികളെടുക്കാന്‍ വൈകരുത്‌, വ്യാജന്മാര്‍ സംസാരിക്കുന്നത്‌ നിങ്ങള്‍ക്കനുകൂലമാണെങ്കില്‍ കൂടി... അല്ലെങ്കില്‍ അവരെല്ലാം കൂടി കമ്മ്യൂണിറ്റികള്‍ കുട്ടിച്ചോറാക്കുന്നതു നിങ്ങള്‍ക്കു കാണേണ്ടി വരും!!!

1 comment:

  1. "ഒരു കമ്മ്യൂണിറ്റിയുടെ തകര്‍ച്ചയുടെ തുടക്കമായിതിനെ കാണാം."

    തീര്‍ച്ചയായും ജെ.കെ. മന്ദാരം നടത്തിയ കൂട്ടപ്പുറത്താക്കലിനു ശേഷം അവിടെ ഗൗരവതരമായ ഒരു ചര്ച്ച പോലും നടക്കുന്നില്ല. ഏറാന്‍ മൂളികളുടെ ഒരു സംഘവും അവര്‍ക്കൊരു നേതാവുമായി മാറിക്കഴിഞ്ഞിരിക്കുന്നു അത്....

    അബൂബക്കര്‍

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.