Monday, February 15, 2010

മുല്ലപ്പെരിയാര്‍... നമ്മെ കാത്തിരിക്കുന്നതെന്ത്...?


എനിക്ക്‌ ഓര്‍മ്മ വച്ച നാള്‍ മുതല്‍ പത്ര മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഒരു വിവാദമാണ് മുല്ലപ്പെരിയാറിനെ സംബന്ധിച്ചത്‌, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം 136 അടിയില്‍ നിന്നും 142 അടിയായി ഉയര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം. ബലക്ഷയമുള്ള അണക്കെട്ടിന്റെ ഉയരം കൂട്ടാനാവില്ലെന്ന് കേരളവും, കൂട്ടിയെ മതിയാവൂ എന്ന്‌ തമിഴ്‌നാടും. ഈ തര്‍ക്കത്തിനു പിന്നിലെ കഥ അതീവ രസകരമാണ്. മലയാളികള്‍ക്ക്‌ ഭീഷണിയായി ഈ അണക്കെട്ട്‌ നിലനില്‍ക്കാന്‍ തുടങ്ങിയിട്ട്‌ 114 വര്‍ഷത്തിലേറെയായി. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത്‌ ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ അണക്കെട്ടാണിത്‌. 1896 ലാണ് ഈ അണക്കെട്ട്‌ പൂര്‍ത്തിയായത്‌. 19 നൂറ്റാണ്ടിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ അണക്കെട്ടിന്, ബ്രിട്ടീഷ്‌ ആര്‍ക്കിടെക്ടായിരുന്ന പെനി ക്വിക്ക്‌ നല്‍കിയ ആയുസ്സ്‌ വെറും 50 വര്‍ഷം മാത്രമായിരുന്നു. 114 വര്‍ഷമായിട്ടും അതവിടെ നില്‍ക്കുന്നതിന് ബ്രിട്ടീഷുകാര്‍ക്ക്‌ ഒരു നന്ദി പറയാതിരിക്കാന്‍ കഴിയില്ല.

കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ടിന്റെ ഉടമസ്ഥന്‍ തമിഴ് നാടാണ് എന്നതാണ് അതിലും വലിയ തമാശ. അണക്കെട്ടു നിര്‍മ്മിച്ച കാലത്ത്‌ മദ്രാസ്‌ രാജ്യത്തിലെ മധുരയിലെ കനത്ത ജലക്ഷാമവും വരള്‍ചയും പരിഹരിക്കാനായി ബ്രിട്ടീഷുകാരുടെ ബുദ്ധിയിലുദിച്ച ആശയമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്‌. അണക്കെട്ടുണ്ടാക്കി പെരിയാറിലെ വെള്ളം മധുരയിലേക്ക്‌ തിരിച്ചു വിടുക. അന്നത്തെ സാങ്കേതിക വിദ്യകളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്‌ മനോഹരമായി തന്നെ അവര്‍ നടപ്പിലാക്കി. ഇതിന്റെ സുഗമമായ നടത്തിപ്പിന്, മദ്രാസ്‌ സര്‍ക്കാരും തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മയും തമ്മിലൊരു പാട്ടക്കരാര്‍ 1886ലുണ്ടാക്കി. കരാര്‍ പ്രകാരം അണക്കെട്ടും, അതു സ്ഥിതി ചെയ്യുന്ന പ്രദേശവും 999 വര്‍ഷത്തേക്ക്‌ മദിരാശി സര്‍ക്കാരിന് പാട്ടത്തിന് നല്‍കി. അതിന്മേലുള്ള പൂര്‍ണ്ണ നിയന്ത്രണവും മദിരാശി സര്‍ക്കാരിനായിരിക്കും. പ്രതിഫലമായി ഏക്കറിന് 5 രൂപ പാട്ടമായി തിരുവിതാംകൂര്‍ മഹാരാജാവിന് നല്‍കി പോന്നു. 999 വര്‍ഷത്തിനു ശേഷം, അടുത്തൊരു 999 വര്‍ഷം കൂടി ഇതു കൈവശം വയ്ക്കാവുന്ന തരത്തിലുള്ള ഒരു ഉപാധിയും കരാറിലുണ്ടായിരുന്നു. 50 വര്‍ഷം പ്രായം കണക്കാക്കിയ അണക്കെട്ടിനാണ് ഏകദേശം 2000 കൊല്ലാം നീളുന്ന പാട്ടക്കാരാര്‍ ഉണ്ടാക്കിയത്‌. തിരുവിതാംകൂര്‍ മഹാരാജാവിന്റെ മണ്ടത്തരമോ, അറിവില്ലായ്മയോ അല്ലെങ്കില്‍, വളരെ വിദഗ്ദമായി ബ്രിട്ടീഷുകാര്‍ ഒരുക്കിയ കെണിയോ, ഇപ്പോള്‍ ആണക്കെട്ട്‌ ഏകദേശം 60 ലക്ഷം ആ‍ളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്.


മുല്ലപ്പെരിയാര്‍ ദുര്‍ബലമായ അണക്കെട്ടാണ് എന്നതിനെ സംബന്ധിച്ച്‌ ആര്‍ക്കും തര്‍ക്കമില്ല, എന്നാല്‍ ഡാം പൊട്ടിയാല്‍ ആ വെള്ളം തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജീവനെ ബാധിക്കില്ല എന്നതിനാല്‍ തീര്‍ത്തും അലംഭാവവും സ്വാര്‍ത്ഥവുമായ നിലപാടാണ് തമിഴ്‌നാട്‌ ഈ കാര്യത്തില്‍ സ്വീകരിക്കുന്നത്‌. മനുഷ്യജീവനു പുല്ലു വിലപോലും കല്‍പ്പിക്കാത്ത തമിഴ്‌നാടിന്റെ ഈ നിലപാട്‌ അങ്ങയട്ടം ലജ്ജാവഹവും ജുഗുപ്ത്സാവഹവുമാണ്. അണക്കെട്ടിനു മേല്‍ പൂര്‍ണ്ണ നിയന്ത്രണമുള്ള തമിഴ്‌നാട്‌, അണക്കെട്ടിനെ സംബന്ധിച്ച കേരളത്തിന്റെ പഠനങ്ങള്‍ക്കെല്ലാം പാര വയ്ക്കുകയാണ്. അവര്‍ ഉണ്ടാക്കിയ നോക്കുകുത്തി കമ്മറ്റികള്‍ പഠനം നടത്തി എന്നു വരുത്തി തീര്‍ത്ത്‌ തമിഴ്‌നാടിന് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ പടച്ചു വിടുകയാണ്. ജലനിരപ്പ്‌ താഴുമ്പോള്‍ മാത്രമെ അണക്കെട്ടിനുണ്ടായിരിക്കുന്ന വിള്ളലുകളും മറ്റും കാണാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അതിനെ മസില്‍ പവറും, നിയന്ത്രണാധികാരമെന്ന പവറും കാണിച്ച്‌ ലോകത്തിന്റെ മുന്നില്‍ നിന്നും മറയ്ക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടു സ്ഥിതി ചെയ്യുന്നത്‌ ഒരു ഭൂകമ്പ മേഖലയിലാണ് എന്നത്‌ മലയാളികളുടെ നെഞ്ചിടിപ്പ്‌ കൂട്ടുന്ന ഒരു വസ്തുതയാണ്. റിക്‍ടര്‍ സ്കെയിലില്‍ 6 എത്തുന്ന ഒരു ഭൂചലമുണ്ടായാന്‍ അതിനെ മുല്ലപ്പെരിയാര്‍ ഡാം അതിജീവിക്കുമെന്ന് ഒരു പഠനത്തിലും പറയുന്നില്ല. അങ്ങനെയങ്കില്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ത്രിശ്ശൂര്‍ ജില്ലകളിലായി ഏകദേശം 60 ലക്ഷത്തിലധികം ജനങ്ങളെയും സ്വത്തിനേയും പിന്നെ അറബിക്കടലില്‍ മുങ്ങിത്തപ്പിയാല്‍ മതി. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ അത്‌ 30 കിലോമീറ്റര്‍ അകലെയുള്ള ഇടുക്കി ഡാം താങ്ങിക്കൊള്ളും എന്നൊരു വാദമാണ് തമിഴ്‌ നാട്‌ പലപ്പോഴും ഉയര്‍ത്തിയിട്ടുള്ളത്‌. എന്നാ‍ല്‍ പലപ്പോഴും ഇടുക്കി അണക്കെട്ട്‌ നിറഞ്ഞ്‌ കവിയുന്ന കാഴ്ചയാണ് നാം കാണുന്നത്, ആ അവസരത്തില്‍ മുല്ലപ്പെരിയാര്‍ കൂടി തകര്‍ന്നാല്‍ പിന്നെ ബാക്കി ഊഹിക്കേണ്ട കാര്യമേയുള്ളൂ. എന്നാല്‍, ഇനി ഇടുക്കി ആ ജലം താങ്ങിയാല്‍ തന്നെ, മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കിവരെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ ജീവനെന്താ പുല്ലുവിലയാണോ തമിഴന്മാര്‍ കല്‍പ്പിച്ചിരിക്കുന്നത്‌?


തമിഴ്‌നാട്ടിലെ, മുല്ലപ്പെരിയാറിലെ ജലം കൊണ്ട്‌ ഉപജീവനം നടത്തുന്ന കര്‍ഷകരടക്കം എത്ര പേര്‍ക്ക്‌ ഇത്തരം ഗുരുതരമായ അവസ്ഥയാണ് മുല്ലപ്പെരിയാറില്‍ നിലനില്‍ക്കുന്നത്‌ എന്നതിനേക്കുറിച്ച്‌ അറിവുണ്ടാകും എന്നത്‌ ഒരു ചോദ്യമാണ്. രാഷ്ട്രീയക്കാരായ അവരുടെ നേതാക്കള്‍ വൈകാരികമായാണ് അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നത്‌. പണ്ടത്തെ കരാര്‍ ഇപ്പോഴും സാധുവാണെന്നും, തമിഴ് മക്കള്‍ക്ക്‌ ലഭിക്കേണ്ട അല്ലെങ്കില്‍ അവകാശമുള്ള വെള്ളം തരാതിരിക്കാനാണ് കേരളം ശ്രമിക്കുന്നതെന്നുമാണ് അവര്‍ ജനങ്ങളെ ധരിപ്പിച്ചിരിക്കുന്നത്‌. നേതാക്കളുടെ വാ‍ക്കുകള്‍ അമ്രുതിനു തുല്യമായി കാണുന്ന തമിഴന്മാര്‍ അത്‌ വെള്ളം തൊടാതെ വിഴുങ്ങി, കേരളത്തിനെതിരെ സമരത്തിനൊരുങ്ങുകയും ചെയ്യുന്നു. ഒരു കണ്‍സ്യൂമര്‍ സംസ്ഥാനമായ കേരളത്തിലേക്കുള്ള നിത്യോപയോഗ സാധനങ്ങളിലധികം വരുന്നത്‌ തമിഴ്‌നാട്ടില്‍ നിന്നാണ് എന്നവര്‍ക്കറിയാം. അതിനെതിരെ ഉപരോധം പ്രഖ്യാപിച്ചായിരുന്നു ആദ്യം അവര്‍ സമരം തുടങ്ങിയത്‌. തൂടര്‍ച്ചയായി മൂന്നു ദിവസം അവര്‍ കേരളത്തിലേക്ക്‌ പച്ചക്കറികളടക്കമുള്ള ചരക്കുകള്‍ കടത്തി വിടാതെ തടഞ്ഞു. എന്നാല്‍ മൂന്നു ദിവസം കൊണ്ടു തന്നെ, പച്ചക്കറികളും മറ്റും ചീഞ്ഞളിഞ്ഞ്‌ അവരുടെ നഷ്ടം 75 കോടിക്കു മീതെയായപ്പോള്‍ അവര്‍ തന്നെ സമരം പിന്‍‌വലിച്ചു. പിന്നീട്‌ പേരിനു മാത്രമുള്ള റോഡ്‌ ഉപരോധം മാത്രമായി പ്രക്ഷോഭങ്ങള്‍ ഒതുങ്ങി. എന്നിരുന്നാലും വൈക്കോയെ പോലെയുള്ള തലതെറിച്ച നേതാക്കള്‍ ഇപ്പോഴും ഈ വിഷയം കെടാതെ സൂക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിക്കയാണ്. മധുരയുടെ പരിസരത്തുള്ള കര്‍ഷകര്‍ ഒന്നടങ്കം ആശ്രയിക്കുന്നത്‌ വൈഗ നദിയിലേക്ക്‌ മുല്ലെപ്പെരിയാറില്‍ നിന്നും ഒഴുകിയെത്തുന്ന ജലത്തെയാണ്. ഒരിക്കല്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍, പിന്നെ മധുര വരണ്ടുണങ്ങും. പിന്നീട്‌ കേരളം ഡാം പുനര്‍നിര്‍മ്മിച്ചാലും ഒരു തുള്ളി വെള്ളം പോലും തമിഴ്‌നാടിനു ലഭിക്കുകയുമില്ല. ഇത്‌ ക്രുഷിയുടേയും കര്‍ഷകരുടേയും നാശത്തിലേക്ക്‌ നയിക്കുമെന്നുള്ളതില്‍ യാതോരു തര്‍ക്കവുമില്ല. പിന്നീട്‌ അത് മലയാളിയും തമിഴന്മാരുമായുള്ള സംഘര്‍ഷമായി മാറും എന്നതില്‍ യാ‍തോരു സംശയവുമില്ല.


സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഈ പ്രശ്നത്തില്‍ ഒരു പരിഹാരത്തിലെത്താതിരിക്കാനുള്ള കാരണം തമിഴ്‌നാടിന്റെ പിടിവാശിയാണ്. രണ്ടു സംസ്ഥാനത്തിലും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇതിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുക മാത്രമെ ചെയ്യുന്നുള്ളൂ എന്നതാണ് സത്യം. അണക്കെട്ടിന്റെ ഉയരം കൂട്ടണമെന്ന വാദവുമായി തമിഴ്‌നാട്‌ കോടതിയിലേക്ക്‌ നീങ്ങിയപ്പോള്‍ ആദ്യവിജയം അവര്‍ക്കായിരുന്നു. എന്നാല്‍ ഡാം സംരക്ഷണ നിയമം പാസാക്കി കേരളം ആ വിധിയെ എതിര്‍ത്തു. സുപ്രീം കോടതിയിലാണ് ഇപ്പോള്‍ വാദം നടക്കുന്നത്‌. പുതിയ അണക്കെട്ട്‌ ആവാം എന്നതായിരുന്നു കേരളം ആദ്യം മുതലെ സ്വീകരിച്ച നിലപാട്‌. എന്നാല്‍ തമിഴ്‌നാട്‌ അതിനെ എതിര്‍ത്തു. പുതിയ അണക്കെട്ടു വന്നാല്‍ പാട്ടക്കാരാര്‍ അസാധുവാകുമെന്നതും പിന്നീട്‌ അവര്‍ക്ക്` മുല്ലപ്പെരിയാറില്‍ അവര്‍ക്ക്‌ യാതോരു നിയന്ത്രണാധികാരങ്ങളുമുണ്ടാവില്ല എന്ന തിരിച്ചറിവാണ് അവരെ ഈ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്‌. എന്നാല്‍ ഈ നീക്കം അവരെ കൂടുതല്‍ കുഴപ്പത്തിലേക്ക്‌ നയിച്ചിരിക്കയാണ്. ഡാം സംരക്ഷണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട തമിഴ്‌നാട്‌ ഇപ്പോള്‍, സ്വയം കുഴിച്ച കുഴിയില്‍ ഇറങ്ങിയിരിക്കയാണ്. സുപ്രീം കോടതിയില്‍ കേരളത്തിന്റെ മുതിര്‍ന്ന അഭിഭാഷകണ്‍ ഹരീഷ്‌ സാല്‍‌വേ വാദിച്ചിരിക്കുന്നത്‌, ഇത്‌ അന്തര്‍ സംസ്ഥാന നദീ തര്‍ക്കമാണെങ്കില്‍ അത്‌ ജല ട്രൈബ്യൂണലിനു വിടണമെന്നും, അല്ല എങ്കില്‍, ഡാം കേരളത്തിനകത്ത്‌ സ്ഥിതി ചെയ്യുന്നതിനാല്‍, കേരളം പാസാക്കിയ ഡാം സംരക്ഷന നിയമത്തിന് സാധുത നല്‍കണമെന്നുമാണ്. ജലട്രൈബ്യൂണലിലു പോയാല്‍, ജലത്തിന്റെ ഉറവിടം കേരളമാണെന്നിരിക്കെ, തമിഴ്‌നാടിന് അതില്‍ അവകാശം പറയാന്‍ സാധിക്കാതാകുകയും, കരാര്‍ റദ്ദാകുകയൂം ചെയ്യും. എന്നാല്‍ പുതിയ അണക്കെട്ടിനെ പറ്റി ആരാഞ്ഞപ്പോള്‍ തമിഴ് നാട്‌ പറഞ്ഞ വാദം ബാലിശമായിരുന്നു. പുതിയ അണക്കെട്ടിന്റെ നിയന്ത്രാധികാരം തമിഴ്‌നാടിനു നല്‍കണമെന്നും, വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം അവര്‍ കേരളത്തിനു നല്‍കാമെന്നുമാണ് അവര്‍ പറഞ്ഞത്‌. കേരളത്തിനെന്തോ ദാനം തരാമെന്നു പറഞ്ഞ പോലെയുള്ള വാദം കേരളം അപ്പോഴേ തള്ളീ... എന്തായാലും കേസു വാദിക്കുന്ന വക്കീലടക്കം തമിഴന്മാര്‍ ഇത്രയ്ക്ക്‌ മണ്ടന്മാരായി പോയല്ലോ എന്നോര്‍ത്ത് സഹതപിക്കാം. എന്നാല്‍ നിയമത്തെയും വാദങ്ങളേയും തെളിവുകളേയും ആധാരമാക്കി, കേരളത്തിനെതിരായി കോടതി ഒരു വിധി പറഞ്ഞാല്‍, ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ കേരളത്തിലെ 60 ലക്ഷത്തിലധികം വരുന്ന നിരപരാധികളുടെ ജീവന് പുല്ലുവിലയാണ് കല്‍പ്പിക്കുന്നതെന്നെ കരുതാനാവൂ‍.. അതോടെ കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും തകരും.. സുപ്രീം കോടതി അനുകൂലമായൊരു വിധി പ്രസ്താവിക്കുമെന്നു കരുതാം...

12 comments:

  1. crown_jk @ratheeshvijay kotayam, idukki & EKm will be completely vanished.some part of Pathanamthitta, alapuzha & thrichur will be affected.

    hw come thats possible? for this to hpn, hw much water needed.. n to hold this much water.. hw big should this dam be?

    ReplyDelete
  2. @ രതീഷ്‌ വിജയ്‌

    മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാം താങ്ങിയാല്‍ നാശനഷ്ടങ്ങള്‍ കുറവായിരിക്കും. ഇടുക്കി ഡാമിന് അതു താങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു വന്‍ നാശനഷ്റ്റങ്ങള്‍ ഉണ്ടാക്കും. വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഡാമിന്റെ വിസ്ത്രുതി 60 ചതുരശ്ര കിലോമീറ്റര്‍ ആണ്, അതു നിറയുമ്പോള്‍ അതില്‍ ഏകദേശം 2 ബില്ല്യണ്‍ ടണ്‍ ജലം ഉണ്ടാകും. അത്രയും ജലത്തിന് ഉയര്‍ന്ന പൊട്ടന്‍ഷ്യന്‍ എനര്‍ജിയാവും ഉണ്ടാവുക, അത്‌ താഴേക്ക്‌ പോരുമ്പോള്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ....

    ReplyDelete
  3. തമിഴന്‍ മലയാളി എന്ന വാദത്തോട് യോജിപ്പില്ല എങ്കിലും കേരളത്തിന് നീതി ലഭിയ്ക്കണം അതോടൊപ്പം മാന്യവും മാനസ്‌സിക പരിഗണന നല്‍കി തമിള്‍നാടിന് കൃഷി ആവശ്യത്തിനായി മാത്രം ജലം വിട്ടുകൊടുക്കുകയും വേണം അതും സൌജന്യമായി തന്നെ, അവരതുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിയ്ക്കുകയാണെങ്കില്‍ തക്കതായ പ്രതിഫലം വാങ്ങുകയും ചെയ്യണം.

    ReplyDelete
  4. @ വിചാരം

    വെള്ളം വിട്ടു കൊടുക്കുന്നതിന് കേരളത്തിന് വിഷമം ഉണ്ടാകില്ല. പക്ഷേ
    1. പുതിയ ഡാം നിര്‍മ്മിക്കണം
    2. പഴയ കരാര്‍ റദ്ദാക്കി, പുതിയതുണ്ടാക്കണം.
    3. സൌജന്യ വെള്ളത്തിനു പകരം, കേരളത്തിന് അരിയും പച്ചക്കറികളും പ്രത്യേക നിരക്കില്‍ എത്തിക്കാനുള്ള വ്യവസ്ഥയുണ്ടാകണം.

    നമുക്കൂണ്ടായ കഷ്ടപ്പാടുകള്‍ മറന്ന്‌, ഇനിയും തമിഴന്മാരെ സഹായിക്കണോ..?

    ReplyDelete
  5. 1)പുതിയ ഡാം നിര്‍മ്മിക്കണമെന്ന കാര്യത്തില്‍ കേരള ജനത ഒറ്റക്കെട്ടാണ്.
    2)ഇന്നുള്ള ഡാം ഇല്ലാതാവുന്നതോടെ പഴയ കരാറും വ്യവസ്ഥകളും താനെ ഇല്ലാതാവുമല്ലോ .
    3)വെള്ളത്തിന്റേയും പച്ചക്കറിയുടേയും കാര്യത്തിലൊരു കരാറൊന്നും നടപ്പിലാക്കാന്‍ ആവില്ല കാരണം കര്‍ഷകര്‍ നേരിട്ട് വില്‍ക്കുകയും, ഇവിടത്തെ സ്വകാര്യ വ്യക്തികള്‍ നേരിട്ട് വാങ്ങുകയും ചെയ്യുന്ന ഒരു ഏര്‍പ്പാടായത് കൊണ്ട് കരാര്‍ മൂലം കേരള ജനതയ്ക്കല്ല ലാഭം ഉണ്ടാവുക അത് മറ്റൊരു പ്രശ്നത്തിന് വഴി വെയ്ക്കും, വെള്ളം പ്രകൃതി നല്‍കുന്ന സംഭാവനയാണ് അതിന് ഓരോ ഭാരതീയനും അവിടെ തമിഴനെന്നോ മറ്റോ വേര്‍ത്തിരിവ് പാടില്ല അങ്ങനെ വന്നാല്‍ നാമും ബാല്‍താക്കറേയും തമ്മിലെന്താ വിത്യാസം ഉണ്ടാവുക, തമിഴന്മാര്‍ നമ്മുടെ സഹോദരങ്ങളാണ് തീര്‍ച്ചയായും എല്ലാം മറന്ന് അവരെ നമ്മള്‍ സഹായിക്കണം എങ്കിലേ ഒരു കാര്യം അവര്‍ മനസ്സിലാക്കു , കേരളം പറഞ്ഞതാണ് ശരിയെന്ന്

    ReplyDelete
  6. @ വിചാരം

    താങ്കളുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട്‌... ഈ തര്‍ക്ക വിഷയത്തില്‍ ഇതു വരെ തമിഴ്‌നാട്‌ സ്വീകരിച്ച നയമെന്താണ്? ഒരു ദുരന്തമുണ്ടായി കേരളത്തിലെ ജനങ്ങള്‍ മരിച്ചാലും വെള്ളം അവര്‍ക്കു വേണമെന്നതാണ്. അതിനര്‍ത്ഥം, ഒരു മാനുഷിക പരിഗണന്‍ പോലും അവര്‍ നമുക്ക്‌ തന്നില്ല എന്നതല്ലേ...? പിന്നെ എന്തിനാണ് തിരിച്ചൊരു മാനുഷിക പരിഗണന? അവര്‍ നമ്മെ സഹോദരങ്ങളായി കണ്ടില്ല എന്നതു തന്നെയല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത്‌? ഇതു മണ്ണിന്റെ മക്കള്‍ വാദമൊന്നുമല്ല.. പുതിയ ഡാം പണിതാല്‍ സൌജന്യമായി തമിഴന്മാര്‍ക്ക്‌ വെള്ളം കൊടുക്കാന്‍ നിയമപരമായി നമുക്ക്‌ ബാധ്യതയില്ല. അതു കൊണ്ട് തന്നെ സൌജന്യമായി വെള്ളം കൊടുക്കേണ്ട കാര്യമില്ല. അതിന് വിലയീടാക്കണം. അല്ലെങ്കില്‍ തമിഴ്‌നാട്‌ സര്‍ക്കാരുമായി കരാറുണ്ടാക്കി, വെള്ളത്തിനു പകരം, അരിയും പച്ചക്കറികളും പ്രത്യേക നിരക്കില്‍ വാങ്ങിക്കുവാന്‍ ശ്രമിക്കണം. സ്വകാര്യവ്യക്തികള്‍ മാത്രമല്ല, സര്‍ക്കാരിന്റെ കീഴിലും ക്രുഷി നടക്കുന്നുണ്ട്‌...

    ReplyDelete
  7. പിള്ളാച്ചന്....

    അവര്‍ നമ്മോടെന്തു ചെയ്തുവെന്നല്ല കാര്യം നമ്മള്‍ അവരോടെന്തു ചെയ്യുന്നുവെന്നായിരിക്കണം, അപ്പോഴാണ് നാം ആരായിരിന്നുവെന്ന് അവര്‍ക്ക് മനസ്സിലാവൂ, ഏതായാലും ഇന്നത്തെ സുപ്രിം കോടതി വിധി പോലും ഒരു തരത്തില്‍ നമ്മുക്കനുകൂലമായൊരു അന്തരീക്ഷമാണ് ഉരിതിരിയുന്നതെന്ന് നമ്മുക്ക് ആശിക്കാം. പുതിയ ഡാം വന്നാല്‍ എല്ലാം ഉരിത്തിരിയും പുതുതായി

    ReplyDelete
  8. @ വിചാരം
    ആശയം നല്ലതാണ്. പക്ഷേ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനു പുല്ലുവിലപോലും കല്‍പ്പിക്കാത്തവരോട്‌ അനുകമ്പ വേണ്ട എന്നാണ് എന്റെ അഭിപ്രായം. കോടതിയില്‍ നടക്കുന്ന വാദത്തില്‍ നമുക്കു തന്നെയാണ് മേല്‍ക്കൈ. അതു കൊണ്ടു തന്നെ, പുതിയ ഡാം വരുമ്പോള്‍ എല്ലാ കരാറുകളും നാം പറയുന്നതു പോലെയായിരിക്കും. അവിടെ അനുകമ്പ വേണ്ട. നമുക്കു വേണ്ടത്‌ ചോദിച്ചു വാങ്ങുക. അതിന് ഒട്ടും മടിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ വെള്ളം സൌജന്യമായി നല്‍കാം എന്ന്‌ പറയേണ്ട കാര്യം പോലുമില്ല.

    ReplyDelete
  9. ആശാനെ സംഗതിയെല്ലാം ഉഷാറായിട്ടുണ്ട്, എല്ലാ ഭാവുകങ്ങളും, അതിലെ ചിത്രം പക്ഷേ എന്റേതാണ്, അതില്‍ താങ്കളുടെ വാട്ടര്‍മാര്‍ക്കു ചേര്‍ത്തത് ഒട്ടും ശരിയായില്ല, ഡാമിന്റെ അപകടാവസ്ഥ പ്രചരിപ്പിക്കുവാന്‍ ആ പടം ഉപയോഗിക്കുവാന്‍ അനുവാദം ചിലര്‍ക്കു നല്‍കിയിട്ടുണ്ട്, പക്ഷേ ഉടമസ്ഥാവകാശം നല്‍കിയിട്ടില്ല, ദയവുചെയ്ത് എന്റെ മകന്റെ പിതൃസ്ഥാനം എനിക്കു തരണം, പേരു വെയ്ക്കുന്നെങ്കില്‍ എന്റേതു മാത്രം ! പ്ലീസ് !വാട്ടര്‍മാ‍ര്‍ക്കു മാറ്റൂ !

    ReplyDelete
  10. @ പാച്ചു
    മുല്ലപ്പെരിയാറിനെക്കുറിച്ചെഴുതിയപ്പോള്‍ ഗൂഗിളില്‍ തപ്പി ഒരു ചിത്രം കണ്ടെത്തി ഇട്ടതാണ്. താങ്കള്‍ക്ക്‌ അതില്‍ എതിര്‍പ്പുണ്ട്‌ എന്ന്‌ ഇപ്പോഴാണ് അറിഞ്ഞത്‌. അതു മാറ്റിയിരിക്കുന്നു, പകരം ഹിന്ദുവില്‍ വന്ന ഒരു പടം അങ്ങു ഇട്ടു.. ഉഷാറാവട്ടേ...!!! താങ്കളുടെ ബ്ലോഗ്‌ ഷെയര്‍ ചെയ്തതിന് നന്ദി....

    ReplyDelete
  11. പടം മാറ്റിയതിനു നന്ദി, മുല്ലപ്പെരിയാറിന്റെ അവസ്ഥ ലോകരറിയുന്നതിന്റെ ഉപകരണമാകുന്നതില്‍ സന്തോഷമേയുള്ളൂ, പക്ഷേ മറ്റൊരാളുടെ പേരില്‍ സ്വന്തം പടം കാണുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വിഷമം പോലെ, എന്തായാലും പരിചയപ്പെട്ടതില്‍ സന്തോഷം, വീണ്ടും കാണാം.
    ആശംസകളോടെ,

    ReplyDelete
  12. @ പാച്ചു.. ആ പിഴവ്‌ ആദ്യമേ ചൂണ്ടിക്കാണിച്ചതിന് നന്ദി.. അല്ലെങ്കില്‍ പിന്നെ അതൊരു സങ്കടമായി മാറിയേനെ.. എന്റെ അറിവിലുള്ള (പത്രത്തില്‍) വായിച്ചറിഞ്ഞ ചില കാര്യുങ്ങളും പിന്നെ അതിനെക്കുറിച്ച് എന്റെ ചിന്തകളും ഞാന്‍ എഴുതി എന്നേയുള്ളൂ.. ഇനിയും കാണാം.. നന്ദി.. :-)

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.