Thursday, August 12, 2010

മിസ്റ്റര്‍ സിങ്‌ & മിസ്സിസ് മെഹ്ത്ത (Mr.Singh / Mrs.Mehta)



സമകാലീക ബോളിവുഡ്‌ ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് പര്‍വേഷ് ഭരദ്വാജ്‌ അവതരിപ്പിക്കുന്ന മിസ്റ്റര്‍ സിങ്‌ & മിസ്സിസ് മെഹ്ത്ത. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ചും, അവിഹിത ബന്ധങ്ങളെക്കുറിച്ചും, പ്രണയത്തെക്കുറിച്ചുമാണ് ഈ ചിത്രം നമ്മോട്‌ സംവദിക്കുന്നത്‌. സാധാരണ ബോളിവുഡ്‌ ചിത്രങ്ങളെപ്പൊലെ, വര്‍ണ്ണാഭമായ കാഴ്ചകളോ, പ്രശസ്തരായ താരങ്ങളോ ഇല്ലാതെ, ഒരു ഓഫ്‌ ബീറ്റ്‌ ചിത്രമെന്ന നിലയിലാണ് ഇത്‌ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിയിട്ടുള്ളത്‌. ദൈനംദിന  ജീവിതത്തില്‍ നാം കാണുകയും കേള്‍ക്കുകയും അല്ലെങ്കില്‍ വായിച്ചറിയികയും ചെയ്യുന്ന സംഭവ വികാസങ്ങളെ,  വളരെ ലളിതമായ ഒരു പ്രമേയമായി നമുക്ക്‌ മുന്നില്‍ എത്തിക്കയാണ് പര്‍വേഷ് ഭരദ്വാജ്‌ ചെയ്യുന്നത്‌.
 
കഥ സംഭവിക്കുന്നത്‌ ലണ്ടനിലാണ്. അശ്വിന്‍ മെഹ്ത്ത (പ്രശാന്ത്‌ നാരായണ്‍) അമെച്വര്‍ ചിത്രകാരനാണ്. അദ്ദേഹത്തിന്റെ ഭാര്യ സഖി മെഹ്ത്ത (ലൂസി ഹസ്സന്‍) ഒരു പ്രൈവറ്റ്‌ സ്ഥാപനത്തില്‍ ജോലി നോക്കുന്നു. പ്രണയിച്ചു വിവാഹിതരായ അശ്വിനും സഖിയും സന്തോഷകരമായ ഒരു ജീവിതം നയിക്കുന്നവരാ‍ണ്. എന്നാല്‍ ഒരു ദിവസം തന്റെ വീട്ടിലെത്തുന്ന  നീര സിങ്‌ (അരുണ ഷീല്‍ഡ്‌സ്), സഖിയും, നീരയുടെ ഭര്‍ത്താവ്‌ കരണ്‍ സിങ്ങും (നവേദ്‌ അസ്ലാം) തമ്മില്‍ അവിഹിതമായ ബന്ധം പുലര്‍ത്തുന്നതായി  അശ്വിനെ അറിയിക്കുന്നു. അവര്‍ രണ്ടു പേരും ചേര്‍ന്ന്‌, സഖിക്കും കരണിനുമിടയില്‍ നടക്കുന്ന ഈ ബന്ധത്തെക്കുറിച്ച്‌ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നു. ഈ ദുര്‍ഘടാവസ്ഥയില്‍ അവര്‍ പരസ്പരം താങ്ങാ‍ായി മാറുകയും, പെട്ടെന്നു തന്നെ നല്ല സുഹൃത്തുക്കായി മാറുകയും ചെയ്യുന്നു. എന്നാല്‍ അശ്വിനും നീരയും കൂടുതല്‍ അടുക്കുകയും, അവര്‍ തമ്മിലുള്ള ബന്ധം എല്ലാ സീമകളും ലംഘിച്ച്‌ മുന്നേറുകയ്യും ചെയ്യുന്നു. പിന്നീട്‌ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് മിസ്റ്റര്‍ സിങ്‌ & മിസ്സിസ് മെഹ്ത്ത എന്ന ചിത്രം നമ്മോട്‌ പറയുന്നത്‌.

സംവിധായകന്‍ പര്‍വേഷ് തന്നെയാണ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്‌. അതിശക്തമായ ഒരു പ്രമേയമാണ് പര്‍വേഷ് നമുക്കായി ഇതില്‍ അവതരിപ്പിക്കുന്നത്‌. ദാമ്പത്യേതര ബന്ധങ്ങളെക്കുറിച്ച്‌ മുന്നേയും ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്രയും പച്ചയായി ആ ബന്ധങ്ങളെ അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു ബോളിവുഡ് ചിത്രം ഉണ്ടായിട്ടുണ്ടോ എന്നത്‌ സംശയമാണ്. പ്രമേയത്തെ അവതരിപ്പിക്കുന്നതില്‍ തിരനാടകം ഒരു പരിധി വരെ വിജയിക്കുന്നുണ്ട്‌. സംഭാഷണങ്ങളില്‍ അതു വ്യക്തമായി നിഴലിക്കുന്നുമുണ്ട്‌. എന്നാല്‍,   സ്വന്തം ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം കണ്ടെത്തുമ്പോള്‍ ഒരു ഭാര്യയിലുണ്ടാകുന്ന മാനസിക വ്യാപാരങ്ങളേയും, അതിയായി ഭാര്യയയെ സ്നേഹിക്കുന്ന ഒരു ഭര്‍ത്താവ്‌, തന്റെ ഭാര്യ തന്നെ തന്നെ വഞ്ചിക്കുന്നു എന്നു തിരിച്ചറിയുമ്പോഴുണ്ടാകുന്ന വികാരവിചാരങ്ങളേയും നന്നായി അവതരിപ്പിക്കുവാന്‍ ചിത്രത്തിനു കഴിയുന്നുണ്ടോ എന്നു സംശയമാണ്. കഥ പുരോഗമിക്കുമ്പോള്‍, സംഭാഷണങ്ങള്‍ ചെറുതായെങ്കിലും ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നുണ്ട്. പിന്നീടത്‌ രംഗങ്ങളിലും അനുഭവപ്പെടുന്നതോടെ പ്രേക്ഷകരെ അത്‌ അല്പമെങ്കിലും ബോറടിപ്പിക്കുക തന്നെ ചെയ്യും.

സംവിധായകന്റെ അനുഭവക്കുറവ്‌ ചിത്രത്തിലും നമുക്ക്‌ കാണുവാ‍ന്‍ സാധിക്കും. തുടക്കത്തില്‍ നമ്മെ ആകര്‍ഷിക്കും വിധം കഥ പറഞ്ഞു തുടങ്ങുന്ന സംവിധായകന്‍, പിന്നീട്‌ അനാവശ്യമായി ഒരു ഇഴച്ചില്‍ കൊണ്ടു വന്നിരിക്കുന്നു. കഥാപാത്രങ്ങളിലൂന്നി, അവരുടെ അനുഭവങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും കഥപറയുവാനുള്ള ഒരു ശ്രമമായി നാമിതിനെ കണ്ടാല്‍ പോലും, അഭിനേതാക്കളെ സമര്‍ത്ഥമായി അതിനുപയോഗിച്ചു എന്നു പറയുവാന്‍ കഴിയില്ല. ശരാശരി നിലവാരത്തില്‍ ഒതുങ്ങുന്ന അഭിനയമാണ് അഭിനേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്‌. വികാര നിര്‍ഭരമായ സംഭാഷണങ്ങളില്‍ പോലും, അതിനൊപ്പിച്ചുള്ള അഭിനയം അഭിനേതാക്കള്‍ കാഴ്ച വയ്ക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കഥ പുരോഗമിക്കുമ്പോള്‍, അശ്വിന്റെ ന്യൂഡ് പെയിന്റിങ്ങിനു വേണ്ടി, നീര മോഡലാകുന്ന പല രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ട്‌. ഒരു ടൈറ്റാനിക്‌ മോഡലില്‍ എടുത്തിരിക്കുന്ന ഈ രംഗങ്ങളെല്ലാം,  സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക പതിഞ്ഞവയാണ്. ഒരു പക്ഷേ, ഈ രംഗങ്ങള്‍ നീക്കം ചെയ്തിരുന്നെങ്കില്‍ ചിത്രത്തിന്റെ നല്ലൊരു ഭാഗം തന്നെ ഒഴിവാക്കേണ്ടി വന്നേനെ. അതു കൊണ്ടാവും ആ രംഗങ്ങള്‍ ബ്ലര്‍ഡായി കാണിച്ചിരിക്കുന്നത്‌.

ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത ഇതിന്റെ സംഗീതമാണ്. മനോഹരമായ ചില ഗസലുകളാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്‌. ഗ്രാമി അവാര്‍ഡ്‌ നോമിനിയായ ഉസ്താദ് ഷുജത്‌ ഹുസൈന്‍ ഖാനും, ശാരങ്‌ ദേവ്‌ പണ്ഡിറ്റും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്‌. അര്‍ത്ഥവത്തായ വരികളും, മൃദുലമായ സംഗീതവും ആ ഗസലുകളെ അതി മനോഹരമാക്കുമ്പോള്‍, അനുയോജ്യമായ രംഗങ്ങളില്‍ അതുപയോഗിക്കുവാനുള്ള വിവേകം സംവിധായകന്‍ കാണിച്ചിരിക്കുന്നു. സാങ്കേതിക വിഭാഗത്തിന് അധികം പ്രാധാന്യം ഈ ചിത്രത്തില്‍ ഇല്ല. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മഹേന്ദ്രപ്രധാനും, ചിത്ര സംയോജകന്‍ പ്രണവ്‌ ധീവാറുമാണ്.

ഇത്രയും പ്രാധാന്യമേറിയതും ശക്തവുമായ ഒരു പ്രമേയം എടുക്കുക വഴി സംവിധായകന്‍ പര്‍വേഷ്‌ ധീരമായ ഒരു കാല്‍‌വെയ്പാണ് നടത്തിയിരിക്കുന്നത്‌. എന്നാല്‍ സംവിധാനത്തിലെ പാളിച്ചകളും തിരക്കഥയിലെ പിഴവുകളും ചിത്രത്തെ പിന്നോട്ട്‌ വലിച്ചിരിക്കയാണ്. അതിനൊപ്പം, അഭിനേതാക്കളെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതിരുന്നതും വലിയൊരു ന്യൂനതയായി. ഒരു മികച്ച സിനിമയായി വരേണ്ടിയിരുന്ന ഒരു ചിത്രം, ഇത്തരം പിഴവുകള്‍ മൂലം ലക്ഷ്യം നിറവേറ്റാതെ പരാജയപ്പെടുന്നു എന്ന അനുഭവമാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരില്‍ അവശേഷിക്കുക.


ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.