Tuesday, August 17, 2010

മലര്‍വാടി ആര്‍ട്ട്സ് ക്ലബ് (Malarvadi Arts Club)

അച്ഛന്റെ തണലിലല്ലാതെ ഗായകനായി മലയാള സിനിമയിലെത്തിയ ആളാണ് വിനീത്‌ ശ്രീനിവാസന്‍. പിന്നീടദ്ദേഹം നായകനായും മാറി. മലയാളം കണ്ട അനുഗ്രഹീതനായ തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസന്‍. തൊട്ടതെല്ലാം പൊന്നാക്കിയ, അദ്ദേഹത്തിന്റെ മകന്‍, ഒരു സ്വതന്ത്ര സംവിധായകനായി മാറുന്നു എന്ന വാര്‍ത്ത മലയാളികള്‍ അത്യാഹ്ലാദത്തോടെയാണ് വരവേറ്റത്‌. മലര്‍വാടി ആര്‍ട്ട്സ് ക്ലബ്‌ എന്ന ചിത്രത്തിലൂടെ അത്‌ യാഥാര്‍ത്ഥ്യമായിരിക്കയാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, ഗാനരചന, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌ വിനീത്‌ തന്നെയാണ്. നടന്‍ ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ഒരു പറ്റം പുതുമുഖങ്ങള്‍ക്കൊപ്പം മലയാള സിനിമയിലെ തഴക്കവും പഴക്കവും ചെന്ന അഭിനേതാക്കളേയും നമുക്കിതില്‍ കാണാം.

ഉത്തര കേരളത്തില്‍ തലശ്ശേരിക്കടുത്തുള്ള മനശ്ശേരി എന്ന ഗ്രാമത്തില്‍ സഭവിക്കുന്ന, വളരെ ലളിതമായ ഒരു കഥയാണ് ചിത്രത്തിന്റേത്‌. അവിടെയുള്ള മലര്‍വാടി ആര്‍ട്ട്സ് ക്ലബിലെ അഞ്ചു തൊഴില്‍‌രഹിത യുവാക്കളെ കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്‌. പ്രകാശന്‍ (നിവിന്‍ പോളി), പുരുഷു (ഭഗത്‌ ബേബി മാനുവല്‍), കുട്ടു (അജു വര്‍ഗ്ഗീസ്), സന്തോഷ് (ശ്രാവണ്‍), പ്രവീണ്‍ (ഹരികൃഷ്ണന്‍) എന്നിവരാണ് ആ സംഘം. നാട്ടിലെ പൊതുപ്രവര്‍ത്തനങ്ങളില്‍ കാര്യമായി ഇടപെടുന്ന ഈ സംഘം, ചെറിയ തോതില്‍ അടിപിടി, രാഷ്ട്രീയ പ്രവര്‍ത്തനം, ഹര്‍ത്താല്‍ നടത്തല്‍ എന്നിവയാണ് പ്രധാന പ്രവര്‍ത്തന മേഖലകളാക്കിയിരിക്കുന്നത്‌. ഇതൊക്കെയാണെങ്കിലും, അവരിലെ സംഗീതത്തിന്റെ അഭിരുചിയെ മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിക്കാന്‍ ഒരാളുണ്ടായി, ചായക്കടക്കാരന്‍ കുമാരേട്ടന്‍ (നെടുമുടി വേണു). ഇവരുടെ ജീവിതവും ജീവിതപ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു. നിത്യജീവിതത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന  നിസ്വാര്‍ത്ഥമായ കൂട്ടായ്മയും സൗഹൃദവും ഈ പ്രശ്നങ്ങളെ നേരിടാന്‍ അവരെ സഹായിക്കുന്നു എന്നാണ് ചിത്രം നമ്മെ കാണിച്ചു തരുന്നത്‌.

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന വിനീത്, അത്യാവശ്യം ഗൃഹപാഠം ചെയ്തിട്ടുണ്ടെന്നു വ്യക്തമാണ്. കഥയെയും കഥാസാഹചര്യങ്ങളെയും കൂട്ടിയിണക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു. അതിനൊപ്പം പക്വതയാര്‍ന്ന സംഭാഷണ ശലകങ്ങള്‍ കൂടി ഒണ്ടുവരുവാന്‍ വിനീതിനു കഴിഞ്ഞിരിക്കുന്നു. സമകാലീക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, അദ്ദേഹത്തിന്റെ സാമൂഹിക ബോധത്തിന്റെയും വിമര്‍ശനാത്മകമായ കാഴ്ചപ്പാടുകളേയും ദൃഷ്ടാന്തങ്ങളാണ്. നോക്കുകൂലി,  കടകളും സ്കൂളുകളും ബലമായി അടപ്പിച്ചുള്ള ഹര്‍ത്താല്‍, ഫാന്‍സ് അസോസിയേഷന്‍ ഇവയെല്ലാം അദ്ദേഹം വിഷയമാക്കിയതില്‍ നിന്നും അവയെല്ലാം വ്യക്തമാണ്.  “പാര്‍ട്ടിക്ക് അണികളെയും തമിഴ്‌നാട്ടില്‍ നിന്നു തന്നെ കൊണ്ടുവരേണ്ടി വരുമോ” എന്നതിലെ നര്‍മ്മം, ഒരു ശ്രീനിവാസന്‍ സ്റ്റൈല്‍ അല്ലേ എന്നൊരു സംശയം തോന്നാം. എന്നാല്‍ കഥയുടെ ഓളപ്പരപ്പിലൂടെ ചിത്രം കടന്നു പോകുമ്പോള്‍, ഒരു കഥാപാത്രത്തേയും ആഴത്തില്‍ സ്പര്‍ശിക്കാതെ പോയത് ഒരു പ്രധാന ന്യൂനതയായി. കഥാപാത്രങ്ങള്‍ക്ക്‌ വേണ്ടത്ര ആഴം നല്‍കുവാന്‍ വിനീതിനു കഴിഞ്ഞിരുന്നുവെങ്കില്‍ ഈ കഥയുടെ കാതല്‍ മികച്ചതാകുമായിരുന്നു. അതിനൊരു ശ്രമം നടത്തിയിരിക്കുന്നത്‌ കുമാരേട്ടന്‍ എന്ന കഥാപാത്രത്തിനു വേണ്ടി മാത്രമാണ്. പക്ഷേ അതും പൂര്‍ണ്ണമാകാതിരുന്നത്‌ ഒരു കല്ലുകടിയായി മാറുന്നു. ഇത്തരം കല്ലുകടികള്‍ ധാരാ‍ളമുണ്ട്‌ ചിത്രത്തില്‍. പുരുഷു തന്റെ കാമുകിയെ വിളിച്ചിറക്കുന്ന സംഭവം, കുമാരേട്ടന്റെ മരണം ഒളിച്ചു വയ്ക്കുന്ന സംഭവം, ഒടുവില്‍ നായകന്റെ സഹോദരി വന്ന്‌ സത്യം തുറന്നു പറയുന്ന സംഭവമെല്ലാം അതിനു മികച്ച ഉദാഹരണമാണ്. ആദ്യപകുതിയില്‍ നന്നായി മുന്നേറുന്ന ചിത്രം, രണ്ടാം പകുതിയില്‍ അല്പമൊന്ന്‌ ഇഴയുന്നുണ്ട്‌. എന്നിരുന്നാലും  കഥാഗതി ഏറക്കുറെ പ്രവചനീയമാണ്.

ഒട്ടേറെ പുതുമുഖങ്ങളെ വച്ചുള്ള പരീക്ഷണമായിട്ടു കൂടി, സാമാന്യം തരക്കേടില്ലാത്ത അഭിനയമാണ്  നമുക്ക്‌ കാണുവാന്‍ കഴിയുക. പ്രകാശനെ അവതരിപ്പിച്ചിരിക്കുന്ന നിവിന്‍ പോളി, കുട്ടുവിനെ അവതരിപ്പിച്ചിരിക്കുന്ന അജൂ വര്‍ഗ്ഗീസ് എന്നിവരാണ് തമ്മില്‍ മികച്ചു നില്‍ക്കുന്നത്‌. നായികമാരായി എത്തുന്ന മാളവിക, അപൂര്‍വ്വ എന്നിവര്‍ക്ക്‌ കാര്യമായ റോളൊന്നും ചിത്രത്തില്‍ ഇല്ല.  ഈ അഞ്ചംഗ സംഘത്തിന്റെ ഗോഡ്‌ഫാദറായെത്തുന്ന നെടുമുടി വേണുവിന്റെ കഥാപാത്രത്തിന് പതിവു കഥാപാത്രങ്ങളില്‍ നിന്നും വേറിട്ടെന്തെങ്കിലും ചെയ്യാനോ അഭിനയിച്ചു ഫലിപ്പിക്കാനോ കഴിയാതെ പോകുന്നു. ചെറിയ വേഷങ്ങളില്‍, ജനാര്‍ദ്ദനനും, ജഗതി ശ്രീകുമാറും, സലീം കുമാറും, സുരാജും, കോട്ടയം നസീറുമെല്ലാം ചിത്രത്തിലുണ്ടെങ്കിലും അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യുവാനില്ല. ഇവരെല്ലാം കൂടി ഒരുക്കുന്ന ചില രംഗങ്ങള്‍ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നു എന്നതൊഴിച്ചാല്‍, കഥാപാത്രങ്ങള്‍ക്ക്‌ കാര്യമായ ഗൌരവം കഥാഗതിയില്‍ ഇല്ല. അവസാന രംഗങ്ങളില്‍ ഒരു അതിഥി കഥാപാത്രമായി ശ്രീനിവാസനും എത്തുന്നുണ്ട്‌.

പി.സുകുമാറാണ് ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌. കഥയ്ക്കനുയോജ്യമായ ദൃശ്യഭംഗി ചമയ്ക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്‌. എന്നാല്‍ രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശം എത്രകണ്ട്‌ ചിത്രത്തെ സഹായിച്ചിരിക്കുന്നു എന്നത്‌ സംശയമാണ്. പൊതുവെ ചിത്രത്തിലനുഭവപ്പെടുന്ന ഇഴച്ചില്‍, പ്രത്യേകിച്ചും രണ്ടാം പകുതിയില്‍, ചിത്ര സംയോജനത്തിലെ പിഴവാണ് സൂചിപ്പിക്കുന്നത്‌. ഭേദപ്പെട്ട കലാസംവിധാനമാണ് അജയന്‍ മങ്ങാട്‌ നിര്‍വഹിച്ചിരിക്കുന്നത്‌. നമ്മെ അമ്പേ നിരാശപ്പെടുത്തുന്നത്‌ ചിത്രത്തിലെ സംഗീതമാണ്. ഷാന്‍ റഹ്മാന്റെ ഈണങ്ങള്‍ക്കൊരു പഞ്ചില്ലാതെ പോകുന്നതായി നമുക്ക് കാണാം. മാന്യമഹാ ജനങ്ങളെ, ഇന്നൊരീ മഴയില്‍ നാം എന്നീ ഗാനങ്ങളാണ് തമ്മില്‍ ഭേദമായി തോന്നിയത്‌. ഗാനരചന്‍ നിര്‍വഹിച്ചിരിക്കുന്നത്‌ വിനീത് തന്നെയാണ്. കോഫി @ എം.ജി റോഡിന്റെ ബലത്തിലാണ് വിനീത് ആ ഉദ്യമത്തിന് ഇറങ്ങിയതെന്ന്‌ തോന്നുന്നു. ആ പണി ഭംഗിയായി അറിയാവുന്ന ആരെയെങ്കിലും ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഗാനങ്ങള്‍ ഇനിയും നന്നാവുമെന്നാണ് എനിക്ക്‌ തോന്നിയത്‌. ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതം രംഗങ്ങളോട്‌ ചേര്‍ന്നു പോകുന്നതാണ്. ചിത്രത്തിന്റെ ഡിസൈനുകള്‍ ചെയ്തിരിക്കുന്നത്‌ കോളീന്‍ ലിയോഫില്‍ ആണ്. മികച്ച രീതിയിലാണ് ഡിസൈനുകള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്‌.

ഫര്‍ഹാന്‍ അക്തറെ ഇഷ്ടപ്പെടുന്ന വിനീതിന്റെ ആദ്യ ചിത്രത്തിന്, ഫര്‍ഹാന്റെ റോക്ക്-ഓണ്‍ എന്ന ചിത്രവുമായി ചെറു സാമ്യം വന്നതില്‍ അത്ഭുതമില്ല. അതിനൊപ്പം ശങ്കറിന്റെ ബോയ്സ് എന്ന ചിത്രത്തിന്റെ കഥയും കൂടി കലര്‍ന്നോ എന്ന് പ്രേക്ഷകര്‍ ആരെങ്കിലും കരുതിയാല്‍, അവരെ കുറ്റം പറയാന്‍ കഴിയില്ല. എന്നാല്‍ ഉത്തരകേരളത്തിലെ ഒരു കുഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളായി, തനി നാടനായി ഇതിനെ മാറ്റിയിരിക്കുന്നതില്‍ വിനീത്‌ വിജയിച്ചിരിക്കുന്നു. ഒരു യുവ സംവിധായകന്റെ കന്നി ചിത്രമെന്ന നിലയില്‍ ഇതിലെ ബാലാരിഷ്ടതകള്‍ മാറ്റി നിര്‍ത്തിയാല്‍, ചിത്രം നിങ്ങളെ സന്തുഷ്ടരാക്കും. എന്നാല്‍ ഒരു ശരാശരിയില്‍ മാത്രമൊതുങ്ങുന്ന ചിത്രം, വിനീത് ശ്രീനിവാസനിലെ സംവിധായകന്‍ എത്രത്തോളം അനുഭവ സമ്പത്ത്‌ നേടേണ്ടിയിരിക്കുന്നു എന്നത്‌ വിളിച്ചറിയിക്കുന്നു.  ഈ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌, അച്ഛനെ പോലെ ധാരാളം നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്ക്‌ സമ്മാനിക്കുവാന്‍ വിനീതിന് കഴിയട്ടെ എന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം. യുവത്വത്തിന്റെ സിനിമ എന്നാണ് മലര്‍വാര്‍ടി ആര്‍ട്ട്സ് ക്ലബിനെ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്‌. ഒട്ടേറെ പുതുമുഖങ്ങള്‍ ഇതിലൂടെ തുടക്കം കുറിക്കുകയും ചെയ്തു. പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന മലയാള സിനിമയ്ക്ക്‌ ഒരു പുത്തനുണര്‍വ്വായി ഈ മലര്‍വാടിക്കൂട്ടം മാറട്ടെ എന്നു നമുക്ക്‌ പ്രത്യാശിക്കാം...

എന്റെ റേറ്റിങ് : 4.5/10

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.