മണിച്ചിമിഴിന്റെ എല്ലാ വായനക്കാര്‍ക്കും
എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.
ഈ പുതുവര്‍ഷം എല്ലാവര്‍ക്കും എല്ലാ വിധ സന്തോഷവും
സമൃദ്ധിയും കൊണ്ടുവരട്ടേ എന്ന് ആശംസിക്കുന്നു.
വിഷയ ദാരിദ്ര്യം മലയാള സിനിമയെ ബാധിച്ചിട്ട് വര്‍ഷങ്ങള്‍ കുറേയായി. പുതുമയാര്‍ന്ന വിഷയങ്ങളെന്ന പേരില്‍ ചവറുകള്‍ പുറത്തു വരുന്നതും നാം കണ്ടു തുടങ്ങി. പക്ഷേ ഈയിടെയായി, ഹോളിവുഡില്‍ നിന്നും ചിത്രങ്ങള്‍ അടിച്ചു മാറ്റി മലയാളത്തില്‍ എത്തിക്കുന്നത് പതിവായി മാറിയിരിക്കുന്നു. പണ്ടു പ്രിയദര്‍ശനെപ്പോലെയുള്ള സംവിധായകര്‍ അതു ഫലപ്രദമായി ചെയ്തിട്ടുണ്ടെങ്കിലും, ഇപ്പോളുണ്ടാകുന്ന ചിത്രങ്ങള്‍ പലപ്പോഴും മൂലകഥയോട് യാതോരു നീതീകരണവും പുലര്‍ത്താതെയാണ് ഇറങ്ങുന്നത്. അതു കൊണ്ടു തന്നെ, അടുത്ത കാലത്തായി ബൂലോകത്തെ നിരൂപണങ്ങള്‍ എല്ലാം തന്നെ, ചിത്രങ്ങളെ ഹോളിവുഡ് ചിത്രങ്ങളുമായി താരതമ്യ പഠനം നടത്തി, സംവിധായകരെ ചീത്ത വിളിക്കുക എന്ന കര്‍ത്തവ്യത്തില്‍ മുഴുകിയിരിക്കുകയാണ്. അന്‍വര്‍ ഇറങ്ങിയപ്പോള്‍, അതിലെ പ്ലസ് പോയിന്റുകളെ കാണാതെ, അന്ധമായി അതിനെ എതിര്‍ത്തവര്‍, കോക്ക് ടെയിലിനെയും അതു പോലെയാണ് കണ്ടത്. പിയേഴ്സ് ബ്രോസ്നനും, ജെറാള്‍ഡ് ബട്ടലറും മരിയാ ബെലോയും അഭിനയിച്ച Butterfly On a Wheel എന്ന കനേഡിയന്‍ ചിത്രത്തില്‍ നിന്നുമാണ് കോക്ക് ടെയില്‍ ജന്മം കൊണ്ടിരിക്കുന്നത്.
ഒട്ടേറെ ഹിറ്റുകള്‍ മലയാള സിനിമയ്ക്കു സമ്മാനിച്ച മിലന്‍ ജലീല്‍ മലയാളികള്‍ക്കായി, ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് കോക്ക് ടെയില്‍. പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെ നമുക്ക് പരിചിതനായ ചിത്രസംയോജകന്‍ അരുണ്‍ കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കഥ, തിരക്കഥ എന്നിവ തയാറാക്കിയിരിക്കുന്നത് ശ്യാം മേനോന്‍. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ചിത്രത്തിലെ നായകനായ അനൂപ് മേനോനാണ്. അദ്ദേഹത്തെ കൂടാതെ, സംവൃതാ സുനില്‍, ജയസൂര്യ, ഇന്നസെന്റ്, മാമുക്കോയ, ഫഹദ് ഫാസില്‍, ബേബി എസ്തര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
കൊച്ചിയിലെ പ്രമുഖ കെട്ടിട നിര്‍മ്മാണ കമ്പിനിയിലെ പ്രൊജക്ട് മാനേജറാണ് രവി എബ്രഹാം (അനൂപ് മേനോന്‍). ഭാര്യ പാര്‍വ്വതി (സംവൃത) മകള്‍ അമ്മു (ബേബി എസ്തര്‍) എന്നിവരടങ്ങുന്ന ചെറിയ കുടുംബമാണ് രവിയുടേത്. സമര്‍ത്ഥനും ബുദ്ധിമാനുമായ രവി, ജോലിയിലും ബിസിനസ്സിലുമെല്ലാം തിളങ്ങുന്നു, അതിന്റെ അസൂയ സഹപ്രവര്‍ത്തകര്‍ക്കൊക്കെയുണ്ടെങ്കിലും, സന്തുഷ്ടമായ ഒരു കുടുംബ ജീവിതമാണ് രവിയുടേത്. എന്നാല്‍ അതിപ്രധാനമായ ഒരു യാത്രയില്‍, വെങ്കില്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ഒരു അപരിചിതന് (ജയസൂര്യ) രവിയും പാര്‍വ്വതിയും ലിഫ്റ്റ് കൊടുക്കുന്നു. അത് അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. അമ്മു മോളുടെ ജീവന്‍ വച്ച് അയാള്‍ വില പേശുന്നതോടെ രവിയും പാര്‍വ്വതിയും ആകെ തളരുന്നു. രവിയുടെ സമ്പാദ്യവും, ജോലിയും, സല്പേരുമെല്ലാം വെങ്കി നശിപ്പിക്കുന്നു. എന്നാല്‍ അയാള്‍ അവിടെ നിര്‍ത്തുന്നില്ല. എന്താണ് വെങ്കിയുടെ ഉദ്ദേശ്യം, എന്താകും ഇതിന്റെ അവസാനം, അങ്ങനെ വളരെയേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിക്കൊണ്ടാണ് ചിത്രം പുരോഗമിക്കുന്നത്.
കഥ Butterfly On a Wheel എന്ന ചിത്രത്തില്‍ നിന്നും inspired ആയതിനാല്‍, അതിന്റെ മികവ് ശ്യാം മേനോനു നല്‍കേണ്ട കാര്യമില്ല. പക്ഷേ ചിത്രത്തെ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കി മാറ്റുന്നതില്‍ ഇതിലെ സംഭാഷണങ്ങള്‍ വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതാണ്. ചിത്രത്തിലുടനീളം പിരിമുറുക്കം സൃഷ്ടിക്കുവാനും കഥാഗതിയെ പ്രേക്ഷകരിലേക്ക് എത്തിക്കുവാനും അതു വഹിക്കുന്ന പങ്ക് നിസാരമല്ല. വളരെ നാച്യുറലായി ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്ന അനൂപ് മേനോന്‍ അതിന്റ ക്രൈഡിറ്റ് അര്‍ഹിക്കുന്നു. ഒരു പുതുമുഖ സംവിധായകനെന്ന നിലയില്‍ അരുണ്‍ കുമാറിന്റെ പ്രകടനം മികച്ചത് എന്നു തന്നെ പറയേണ്ടി വരും. കഥയെ കേരളത്തിലേക്ക് പറിച്ചു നട്ടപ്പോള്‍, അതില്‍ ഒരു അസ്വാഭാവികതയും വരുത്താതിരിക്കാന്‍ അരുണ്‍ പരാമാവധി ശ്രമിച്ചിട്ടുണ്ട്. കൊച്ചിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയെ മനോഹരമായി തന്നെ അരുണ്‍ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ചിത്രസംയോജകനും അരുണായതു കൊണ്ട്, അതീവ ശ്രദ്ധയോടെ തന്നെയാണ് ഫ്രെയിമുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതും, സീനുകള്‍ കോര്‍ത്തെടുത്തിയിരിക്കുന്നതും. പ്രേക്ഷകരെ ബോറടിപ്പിക്കുന്ന ഒരു സീനോ കഥാപാത്രങ്ങളോ ചിത്രത്തില്‍ ഇല്ല. അതു പോലെ വേണ്ടുവോളം പിരിമുറുക്കം നല്‍കുവാന്‍ ചിത്രത്തിനു കഴിയുകയും ചെയ്യുന്നു എന്നത് സംവിധായകന്റെ മികവായി പറയാം. രവി കെ ചന്ദറിന്റെ സഹായിയായി ഛായാഗ്രഹണ രംഗത്ത് എത്തിയ പ്രദീപ് നായര്‍ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനായി മാറുകയാണ് കോക്ക് ടെയിലിലൂടെ. വളരെ വ്യത്യസ്തമായി ചിത്രത്തിന്റെ രംഗങ്ങളൊരുക്കുവാന്‍ പ്രദീപിന് കഴിഞ്ഞിട്ടുണ്ടെന്നത് വ്യക്തമാണ്.
നായകന്‍ രവി എബ്രഹാമായി അനൂപ് മേനോന്‍ തിളങ്ങിയിരിക്കുന്നു. ആ കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളെ മനോഹരമായി തന്നെ അദ്ദേഹം തിരശ്ശീലയിലെത്തിച്ചിരിക്കുന്നു. ഒരു പക്ഷേ തിരക്കഥയ്ക്കു ശേഷം അദ്ദേഹത്തിനു ലഭിച്ച മികച്ച കഥാപാത്രമാകുമിത്. കഥാപാത്രം തിരഞ്ഞെടുക്കുന്നതില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പക്വത കാണിക്കുന്ന നടിയേത് എന്ന ചോദ്യത്തിന് നല്‍കാവുന്ന ഒരേയൊരുത്തരം സംവൃതാ സുനില്‍ എന്നാണ്. നായികയായി മാത്രമല്ല, സഹനടിയായും, അപ്രധാന വേഷങ്ങളിലുമെല്ലാം നമ്മുടെ മുന്നില്‍ പല തവണ എത്തിയിട്ടുണ്ട് സംവൃത. എന്നാല്‍ കോക്ക് ടെയിലില്‍ പ്രധാനപ്പെട്ട മുഴു നീള കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിക്കുന്നത്. തനിക്കു ലഭിച്ച അവസരം സംവൃത നന്നായി മുതലാക്കിയിട്ടുണ്ട്. പക്ഷേ നമ്മെ ഞെട്ടിക്കുന്ന പ്രകടനം വെങ്കിയെ അവതരിപ്പിക്കുന്ന ജയസൂര്യയുടേതാണ്. ക്രൂരനായ അപരിചിതനായി ജയസൂര്യ ജീവിക്കുകയാണ്. വ്യത്യസ്തമായാ രൂപത്തിലും ഭാവത്തിലും തിളക്കമാര്‍ന്ന പ്രകടനമാണ് ജയസൂര്യയുടേത്. തീര്‍ച്ചയായും ഈ പ്രകടനം, അദ്ദേഹത്തിന്റെ കരിയറിന് നല്‍കുന്ന മൈലേജ് വളരെയധികമാണെന്നുറപ്പാണ്. ചെറു വേഷങ്ങളിലെത്തിയ ഇന്നസെന്റും, മാമുക്കോയയും തങ്ങളുടെ റോളുകള്‍ മികച്ചതാക്കിയപ്പോള്‍, ഫഹദ് ഫാസില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരിക്കുന്നു.
രതീഷ് വേഗയും അല്‍ഫോണ്‍സും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രതീഷ് വേഗ ഈണം നല്‍കി, അനില്‍ പനച്ചൂരാന്‍ രചിച്ച നീയാം തണലിന് താഴെ എന്ന ഗാനമാണ് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ളത്. വിജയ് യേശുദാസും, തുളസീ യതീന്ദ്രനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനമാണ് രവി-പാര്‍വ്വതി ദമ്പതിമാരുടെ ജീവിതത്തെക്കുറിച്ച് നമുക്ക് പറഞ്ഞു തരുന്നത്. മറ്റു രണ്ടു ഗാനങ്ങള്‍ക്കും ഈണം നല്‍കിയിരിക്കുന്നത് അല്‍ഫോണ്‍സ് ആണ്. സയനോര ആലപിച്ച പറയാതാരോ എന്ന ഗാനവും, അല്‍ഫോണ്‍സ് ആലപിച്ച വെണ്ണിലാവിനുമകലേ എന്ന ഗാനവും ചിത്രത്തിനിടയില്‍ കടന്നു വരുന്നു. ഒരു പക്ഷേ descriptive ആയ തിരനാടകത്തെ ഒഴിവാക്കാന്‍ ഈ ഗാനങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്.
കോക്ക് ടെയിലിനെ ഒരിക്കലും Butterfly On a Wheel എന്ന ചിത്രം വച്ച അളക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മൂലകഥയോട് പൂര്‍ണ്ണമായും നീതികരണം പുലര്‍ത്തിയാണ് കോക്ക് ടെയില്‍ നമുക്കായി എത്തുന്നത്. പക്ഷേ കഥ, തിരക്കഥ എന്നത് ശ്യാം മേനോന്‍ എന്നെഴുതിയതിനോട് യോജിക്കാനാവുന്നില്ല. അതൊഴിവാക്കി ക്രെഡിറ്റ് യഥാര്‍ത്ഥ ചിത്രത്തിന് നല്‍കാമായിരുന്നു. അതു മാറ്റി വച്ചാല്‍, പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത, സാമൂഹിക പ്രതി ബദ്ധതയുള്ള ഒരു ചിത്രമാണ് അരുണ്‍ കുമാര്‍ നമുക്കായി ഒരുക്കിയിരിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, കാലിക പ്രാധാന്യമുള്ള ഒരു വിഷയം സന്ദേശമായി നല്‍കുവാന്‍ ഈ ചിത്രത്തിന് കഴിയുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം കൂട്ടുന്നത്. ഒരു പക്ഷേ 2010ല്‍ ഇറങ്ങിയ കലാമൂല്യമേറിയ ചിത്രങ്ങളിലൊന്ന്‍ എന്ന പദവി കോക്ക് ടെയിലിന് അവകാശപ്പെടാം. അരുണ്‍ കുമാറിന്റെ അരങ്ങേറ്റം ഒട്ടും മോശമായില്ല, നല്ല ചിത്രങ്ങളുമായി ഇനിയും വരുവാന്‍, അദ്ദേഹത്തിന് എല്ലാ ആശംസകളും നമുക്കേകാം...
വാല്‍ക്കഷണം : ഒരു മലയാള സിനിമ, ഹോളിവുഡ് ചിത്രത്തില്‍ നിന്നും inspired ആണെന്നു കേട്ടാലുടനെ, ചിത്രം കാണാതെ, ഹോളിവുഡ് ചിത്രം ഡിവിഡി എടുത്ത് കണ്ട്, മലയാള സിനിമയെ കുറ്റം പറയുന്നവര്‍ ഒന്നു മനസ്സിലാക്കണം, ഫ്രെയിം ടു ഫ്രെയിം കോപ്പിയടിച്ചാലും, അതിനെ മലയാള സിനിമയുടെ പശ്ചാത്തലത്തിലെത്തിക്കാന്‍ തലയില്‍ ആള്‍ത്താമസം വേണം. അങ്ങനെയുള്ളവര്‍, അതു ഭംഗിയായി ചെയ്യുമ്പോള്‍, പടം കണ്ടു സഹായിച്ചില്ലെങ്കിലും, വെറുതെ വിമര്‍ശിച്ച് പ്രേക്ഷകരെ ചിത്രത്തില്‍ നിന്നും അകറ്റരുത്. ചിലപ്പോള്‍ അവര്‍ക്കു നഷ്ടപ്പെടുന്നത് കലാമൂല്യമുള്ള ഒരു ചിത്രമായിരിക്കും....
ക്രിസ്തുമസ് ആശംസകൾ
മണിച്ചിമിഴിന്റെ എല്ലാ വായനക്കാർക്കും
എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ..
ഈ ക്രിസ്തുമസ് എല്ലാവർക്കും, സമാധാനവും സന്തോഷവും
പ്രദാനം ചെയ്യട്ടേ എന്നാശംസിക്കുന്നു..
അടുത്തിടെ ഒരു സിനിമാ സംബന്ധമായ ഫോറത്തില്‍ തിരയുമ്പോഴാണ്, നിശ്ചല ഛായാഗ്രാഹകനായ മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധായകനാവുന്ന ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തെക്കുറിച്ച് വായിക്കുന്നത്. ഛായാഗ്രാഹകന്മാര്‍ സംവിധാനരംഗത്തേക്ക് കടന്നു വരുന്നത് സാധാരണമായ ഈ കാലഘട്ടത്തില്‍ ഒരു നിശ്ചല ഛായാഗ്രാഹകന്‍ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത് അസാധാരണമാണ്. ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയും, നായിക കന്നഡ നടി ശ്രുതി രാമകൃഷ്ണനുമാണ്. ബിഗ് സ്‌ക്രീന്‍ സിനിമയുടെ ബാനറില്‍ നൗഷാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത് നായരുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് മാര്‍ട്ടിന്‍ തന്നെയാണ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിന്‍-ബിപിന്‍ ചന്ദ്രന്‍ ദ്വയമാണ്. ശ്രീനിവാസന്‍, നെടുമുടി വേണു, ലാല്‍, സലീം കുമാര്‍, ബിജുക്കുട്ടന്‍, കെ.പി.എസ്.സി ലളിത, സുകുമാരി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
സിനിമാ മോഹവുമായി ജീവിക്കുന്ന ഒരു അധ്യാപകന്റെ കഥ പറയുന്ന ചിത്രമാണ് ബെസ്റ്റ് ആക്ടര്‍. മോഹന്‍ (മമ്മൂട്ടി) ഒരു യു.പി സ്കൂള്‍ അധ്യാപകനാണ്. അദ്ദേഹത്തിന്റെ ചിരകാല സ്വപ്നമാണ് ഒരു സിനിമാ നടനാകുക എന്നത്. ഭാര്യ സാവിത്രി, സംഗീതാധ്യാപികയാണ്, മകന്‍ ഉണ്ണിക്കുട്ടന്‍ എന്നിവര്‍ ചേരുന്നതാണ് മോഹന്റെ കുടുംബം. നാടകങ്ങളിലും മറ്റും അഭിനയിച്ച്, താനൊരു മികച്ച നടനാകും എന്നു വിശ്വസിക്കുന്ന മോഹന്‍, അധ്യാപനത്തിന്റെ ഇടവേളകളില്‍ പല പ്ല സംവിധായകരേയും കാണുന്നു. എന്നാല്‍ നല്ല വേഷങ്ങളൊന്നും മോഹനു ലഭിക്കുന്നില്ല. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നാട്ടുകാരനായ ജയകാന്തനെ കാണുവാന്‍ പോകുന്ന മോഹന്, സിനിമ നടനാകാനുള്ള ചില ഉപദേശങ്ങള്‍ ലഭിക്കുന്നു. ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചുള്ള ഒരു സിനിമയില്‍ അഭിനയിക്കുവാനായി, ഗുണ്ടകളുടെ ജീവിതം പഠിക്കാനായി മട്ടാഞ്ചേരിയിലെത്തുന്ന മോഹന്‍, ഷാജിയുടേയും (ലാല്‍), ഡെന്‍വര്‍ ആശാന്റേയും (നെടുമുടി വേണു) കൂടെയെത്തിന്നതോടെ മോഹന്റെ ജീവിതം മാറുകയായിരുന്നു. പിന്നീട് മോഹന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ഈ ചിത്രത്തിലൂടെ പറയുന്നത്.
ചിത്രത്തിന്റെ പേരില്‍ നിന്ന്, സിനിമയ്ക്കുള്ളിലെ സിനിമ എന്നു തോന്നാമെങ്കിലും, ഇതു അത്തരത്തിലുള്ള ഒരു സിനിമയല്ല. മോഹന്റെ കഥാപാത്രം പറയുന്നതു പോലെ നൂറില്‍ 95 പേര്‍ക്കും അഭിനയിക്കാന്‍ മോഹമുണ്ട്. അതില്‍ വളരെ കുറച്ചു പേരെ അതു പറയുന്നുള്ളു, അതില്‍ കുറച്ചു പേരെ അതിനായി പ്രത്നിക്കുന്നുള്ളൂ. അങ്ങനെ പ്രയത്നിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ് ബെസ്റ്റ് ആക്ടറില്‍ മാര്‍ട്ടിന്‍ നമ്മോട് പറയുന്നത്. മികച്ച രീതിയിലാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. റിയലിസ്റ്റിക്കായ സഹാചര്യങ്ങളില്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഒഴുക്ക് ഒരിക്കലും നഷ്ടപ്പെടുന്നതായോ, ഇഴയുന്നതായോ നമുക്ക് തോന്നുന്നില്ല എന്നതു തന്നെ തിരക്കഥയുടെ ബലത്തെ നമുക്ക് ബോധ്യമാക്കി തരുന്നു. കഥാനായകനു നേരിടുന്ന തിരിച്ചടികളിലൂടെ ഒരല്പം ശോകം കടന്നു വരുമ്പോള്‍, അതിനൊപ്പിച്ചു നര്‍മ്മം വിതറിയൊരുക്കിയിരിക്കുന്ന തിരക്കഥ ഒരു പ്ലസ് പോയിന്റാണ്. ചിത്രത്തില്‍ ഒരു വില്ലനില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഒരു പക്ഷേ നായകന്റെ ജീവിതവഴിയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് പ്രതിനായക സ്ഥാനത്ത് നില്‍ക്കുന്നത്. അനാവശ്യമായ കഥാപാത്രങ്ങള്‍ ഒന്നും തന്നെ ചിത്രത്തിലില്ല എന്നത് എടുത്തു പറയേണ്ടതാണ്. ചിത്രത്തിന്റെ ഒഴുക്കിനനുസരിച്ചുള്ള സംഭാഷണങ്ങളാണ് ഒരുക്കിയിരിക്കുന്നതെങ്കിലും, തമാശയ്ക്കായി ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിക്കുന്നത് കല്ലുകടിയുണ്ടാക്കുന്നു, പ്രത്യേകിച്ചും സലീം കുമാറിന്റെ സംഭാഷണങ്ങള്‍. പലപ്പോഴും അവയൊക്കെ തീയേറ്ററുകളിലെ പൊട്ടിച്ചിരിയില്‍ മുങ്ങിപ്പോകുന്നു എന്നതു കൊണ്ടു മാത്രം അവയ്ക്ക് മാപ്പു നല്‍കാം.
കഥാപാത്രങ്ങള്‍ക്കൊത്ത നടന്മാരെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതു തന്നെയാണ്. പ്രാഞ്ചിയേട്ടനു ശേഷം മറ്റൊരു നല്ല കഥാപാത്രത്തെയാണ് മോഹനിലൂടെ മമ്മൂട്ടിക്കു ലഭിക്കുന്നത്. അഭിനയ സാധ്യതകളുള്ള ഈ കഥാപാത്രത്തെ മികച്ച അഭിനയത്തിലൂടെ മമ്മൂട്ടി മികച്ചതാക്കിയിരിക്കുന്നു. അഭിനയത്തിലും, സംഭാഷണങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്ന രീതിയിലുമെല്ലാം മമ്മൂട്ടിയിലെ നടനപാടവം വ്യക്തമാണ്. അതു പോലെ തന്നെയാണ് ലാല്‍ കൈകാര്യം ചെയ്തിരിക്കുന്ന ഷാജിയും നെടുമുടി വേണുവിന്റെ ഡെന്‍വര്‍ ആശാനും. അതിമനോഹരമായി തന്നെ അവര്‍ രണ്ടു പേരും തങ്ങളുടെ റോളുകളെ ഭംഗിയാക്കിയിട്ടുണ്ട്. ഒരിടയ്ക്കു മങ്ങിപ്പോയ സലീം കുമാര്‍ അതിശക്തമായ തിരിച്ചു വരവ് നടത്തുകയാണ് ബെസ്റ്റ് ആക്ടറിലൂടെ. തിരശ്ശീലയില്‍ വരുമ്പോഴെല്ലാം ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ സലീം കുമാറിനു കഴിയുന്നുണ്ട്. പക്ഷേ, നായികയായ സാവത്രിയെ അവതരിപ്പിക്ക ശ്രുതി തനിക്കു കിട്ടിയ അവസരം മുതലാക്കിയില്ല എന്നു തോന്നുന്നു. കാരണം, അഭിനയ സാധ്യതയുണ്ടായിരുന്നിട്ടും, ആ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ ശ്രുതിക്കു കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചെറു റോളുകളില്‍ ബിജുക്കുട്ടനും, വിനായകനു, ശ്രീജിത് രവിയും ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നു. ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാറായി ചിത്രത്തില്‍ അഭിനയിക്കുന്ന ശ്രീനിവാസന്‍ തന്റെ റോള്‍ ഭംഗിയായിരിക്കുന്നു, പക്ഷേ ആ കഥാപാത്രത്തിന് അല്പം കൂടി എന്തെങ്കിലും ചെയ്യുവാനുണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നുണ്ട് പലപ്പോഴും. ലാല്‍ ജോസ്, ബ്ലെസി, രഞ്ജിത്, വിപിന്‍ മോഹന്‍, കെ കെ രാജീവ് എന്നിവര്‍ അവരവരായി തന്നെ ചിത്രത്തിലുണ്ട്.
ബെസ്റ്റ് ആക്ടറില്‍ അഭിനയിത്തിനൊപ്പം മികച്ചു നില്‍ക്കുന്നതെന്ത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അജയന്‍ വിന്‍സെന്റിന്റെ ഛായാഗ്രഹണം. അതി മനോഹരമായാണ് അജയന്‍ ഈ ചിത്രത്തിലെ രംഗങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍, പ്രകൃതി ഭംഗിയെ ഒപ്പിയെടുത്ത അജയന്‍, കൊച്ചിയിലെ രംഗങ്ങള്‍ വ്യത്യസ്തമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മട്ടാഞ്ചേരിയുടെ ദൃശ്യങ്ങളും, ഫ്ലാറ്റിലെ രംഗങ്ങളും അതു വ്യക്തമാക്കുന്നുണ്ട്. ഒരു പക്ഷേ വളരെക്കാലത്തിനു ശേഷം മിതത്വം പുലര്‍ത്തിയ ചിത്രസംയോജനമാണ് ഡോണ്‍ മാക്സ് ഈ ചിത്രത്തിനായി ചെയ്തിരിക്കുന്നത്. രംഗങ്ങളെ വെട്ടിമുറിച്ച്, ചടുലമായി ഫ്രെയിമുകള്‍ മാറ്റിക്കളിക്കുന്നതിനു പേരുകേട്ട ഡോണ്‍ മാക്സ് പതിവിനു വിപരീതമായ സമീപനമാണ് ഈ ചിത്രത്തില്‍ നിര്‍വഹിച്ചിരിക്കുന്നത്. അജയന്റെ ഛായാഗ്രഹണ മികവിനൊപ്പം, ഡോണ്‍ മാക്സിന്റെ സംയോജന മികവു കൂടി ചേരുമ്പോഴാണ് ഈ ചിത്രം പ്രേക്ഷകര്‍ക്കായൊരു ദൃശ്യവിരുന്നായി മാറുന്നത്.
സംഘട്ടനത്തിന് പ്രാധാന്യമില്ലാത്ത ചിത്രത്തില്‍ ഭേദപ്പെട്ട രീതിയില്‍ സംഘട്ടന രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. അനല്‍ അരശാണ് സംഘട്ടന സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എന്നണ് ഓര്‍മ്മ. ഒരു സംഘട്ടന രംഗത്തില്‍ മാഫിയാ ശശി, അദ്ദേഹമായി തന്നെ എത്തുന്നുമുണ്ട്. കഥാപശ്ചാത്തലത്തെ നമുക്കായി ഒരുക്കിയിരിക്കുന്ന ജോസഫ് നെല്ലിക്കന്റെ കലാ സംവിധാനം എടുത്തു പറയേണ്ടതാണ്. വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന സമീറ അനുവര്‍ത്തിച്ചിരിക്കുന്ന വ്യത്യസ്തത പ്രകടമാണ്. സിനിമാമോഹിയായ മോഹനേയും, അഭിനയക്കളരിയിലെ ബോംബെക്കാരനായ മോഹനേയും ശ്രദ്ധിച്ചാല്‍ ആ വ്യത്യസ്തത വ്യക്തമാണ്. ഡെന്‍വര്‍ ആശാനേയും കൂട്ടരേയും അവതരിപ്പിച്ചിരിക്കുന്നതും അപ്രകാരം തന്നെ. പട്ടണം റഷീദിന്റെ ചമയവും ചിത്രത്തിനു മുതല്‍ക്കൂട്ടാണ്.
ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബിജി ബാലാണ്. വരികളൊരുക്കിയിരിക്കുന്നത് സന്തോഷ് വര്‍മ്മയും ബി. ശ്രീലേഖയും ചേര്‍ന്നാണ്. ആകെ മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രമിറങ്ങുന്നതിനു മുന്നെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ, അരുണ്‍ ഏലാട്ട് ആലപിച്ചിരിക്കുന്ന “സ്വപ്നമൊരു ചാക്ക്” എന്ന ഗാനം തന്നെയാണ് ഇതില്‍ മികച്ചു നില്‍ക്കുന്നത്. ശങ്കര്‍ മഹാദേവന്‍ ആലപിച്ചിരിക്കുന്ന “മച്ചുവ കേറി” എന്ന ഗാനം സഹനീയമെങ്കിലും, ബിജിബാലും ആനന്ദ് നാരായണനും ചേര്‍ന്നാലപിച്ച “കനലു മലയുടെ” എന്ന ഗാനം, കേള്‍ക്കാന്‍ ഇമ്പമുണ്ടെങ്കിലും, ചിത്രത്തില്‍ അതൊരധികപ്പറ്റായിപ്പോയി എന്നു തന്നെ പറയാം. ചിത്രത്തില്‍ അഭിനന്ദനാര്‍ഹമായ മറ്റൊരു ഘടകം, ഇതിന്റെ ടൈറ്റില്‍ കാര്‍ഡുകളാണ്. പഴയകാല ചിത്രങ്ങളെപ്പോലെ തുടങ്ങി, നസീര്‍, ഷീല, ജയന്‍, സോമന്‍ തുടങ്ങിയ മലയാള സിനിമയിലെ പഴയകാല നടീ നടന്മാരുടെ ചിത്രങ്ങളുടെ പോസ്റ്ററുകളും സംഭാഷണ ശലകങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ടൈറ്റില്‍ കാര്‍ഡുകള്‍ പുതുമ നിറഞ്ഞതാണ്. First Impression is the best impression എന്നു പറയുന്നതു പോലെ, സിനിമ തുടങ്ങുമ്പോള്‍ തന്നെ, ഒരു ഫ്രെഷ്നെസ് ഫീല്‍ തരാന്‍ ഇവയ്ക്കു കഴിയുന്നു എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.
ജീവിതത്തില്‍ സ്വപ്നങ്ങള്‍ക്കുള്ള പ്രാധാന്യവും, ആ സ്വപ്നത്തിനായി പ്രയത്നിക്കാനുള്ള ആര്‍ജ്ജവവും ഉണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല എന്നൊരു സന്ദേശമാണ് ഈ ചിത്രം നമുക്കായി നല്‍കുന്നത്. ലളിതവും രസകരവുമായ ഒരു കഥയെ മനോഹരമായ ഒരു ചിത്രമാക്കി മാറ്റിയിരിക്കുന്ന മാര്‍ട്ടിന്‍ പ്രാക്കാട്ടിന്, അവിസ്മരണീയമായ ഒരു തുടക്കമാണ് ബെസ്റ്റ് ആക്ടറിലൂടെ ലഭിച്ചിരിക്കുന്നത്. ഒരു സൂപ്പര്‍ താര ചിത്രമെന്നതിനപ്പുറം, ഒരു സംവിധായകന്റെ ചിത്രം എന്നു പ്രേക്ഷകര്‍ പറയുന്നതിലാണ് മാര്‍ട്ടിന്‍ വിജയിക്കുന്നത്. തിരക്കഥയിലെ കയ്യടക്കം കൊണ്ടും, സംവിധാന മികവു കൊണ്ടും, താന്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന സംവിധായകനാണെന്ന് മാര്‍ട്ടിന്‍ വിളിച്ചറിയിക്കുന്നു. പോക്കിരി രാജ പോലെയുള്ള പടങ്ങളില്‍ അഭിനയിച്ച് നമ്മെ പരീക്ഷിച്ച മമ്മൂട്ടി, തന്നിലെ നടനെ ഉപയോഗിക്കാന്‍ സാധ്യതയുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നു എന്ന് കാണുന്നത് ഒരു നല്ല കാര്യമാണ്. മാര്‍ട്ടിന്‍ പ്രാക്കാട്ടിന് ആശംസകള്‍ നേരുന്നതിനൊപ്പം, ഇതു പോലെ ഫ്രെഷ്നെസുള്ള ചിത്രങ്ങള്‍ ഇനിയുമുണ്ടാവട്ടേ എന്നു ഈ അവസരത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
എന്റെ റേറ്റിങ് : 7.2 / 10.0
വാല്‍ക്കഷണം - ഈ ചിത്രത്തെക്കുറിച്ച് ആദ്യം വായിച്ച ഫോറത്തില്‍ കണ്ട ഒരു കമന്റ്. “ബെസ്റ്റ് ആക്ടര്‍ എന്നു ഈ ചിത്രത്തിനു പേരിടാന്‍ മമ്മൂട്ടിയാവും നിര്‍ദ്ദേശിച്ചിട്ടുണ്ടാവുക. അങ്ങനെയെങ്കിലും ആരെങ്കിലും അയാളെ ‘ബെസ്റ്റ് ആക്ടര്‍’ എന്നു വിളിക്കട്ടേ” എന്നു. ബെസ്റ്റ് ആക്ടറെന്നാല്‍, വാരി വലിച്ചു സിനിമകള്‍ ചെയ്യാതെ, സൂക്ഷ്മതയോടെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതും ഉള്‍പ്പെടും എന്ന് ഈ ചിത്രം നമ്മെ കാണിച്ചു തരുന്നു.
അഴിമതി ഭാരതത്തെ കാര്‍ന്നു തിന്നുവാന്‍ തുടങ്ങിയിട്ടു കാലമേറെയായി. പല രാഷ്ട്രീയ പാര്‍ട്ടികളും മാറി മാറി നമ്മെ ഭരിച്ചിട്ടും, അഴിമതിക്കു മാത്രം യാതോരു കുറവും വന്നില്ല. അധികാരമെന്നാല്‍ അഴിമതി നടത്തുവാന്‍ ജനങ്ങള്‍ നല്‍കുന്ന കൈവശാധികാരമാണെന്ന്‍ ധരിച്ചു വച്ചിരിക്കുന്ന ഒരു കൂട്ടര്‍ ഭരിക്കുന്ന ഭാരതത്തിലാണ് നാമിന്ന് ജീവിക്കുന്നത്. പണ്ടൊക്കെ, സ്വന്തം കീശ വീര്‍പ്പിക്കാനായി മാത്രമായിരുന്നു അഴിമതിയുണ്ടായിരുന്നത്. എന്നാല്‍ ഭാരതത്തില്‍ കോര്‍പ്പറേറ്റുകളുടെ ഉദയത്തൊടെ അഴിമതിക്കു പുതിയ മാനം കൈവന്നിരിക്കയാണ്. അടുത്തിടെ പുറത്തു വന്ന നീരാ റാഡിയാ ടേപ്പുകള്‍ നമുക്ക് കാട്ടിത്തരുന്നത്, അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ നടക്കുന്ന ന നിഗൂഢ ലക്ഷ്യങ്ങത്തോടെയുള്ള കരുനീക്കങ്ങളെയാണ്. ഭാരതം എക്കാലവും ബഹുമാനിച്ചു പോന്നിട്ടുള്ള ടാറ്റാ കുടുംബത്തേയും, ഇത്തരം കോര്‍പ്പറേറ്റ് കളികള്‍ക്ക് പേരു കേട്ട അംബാനി കുടുംബത്തേക്കുറിച്ചും ഈ ടേപ്പുകള്‍ പരമര്‍ശിക്കുന്നു. 2ജി സ്പെക്ട്രം ഇടപാടില്‍ നടന്നിരിക്കുന്നത് 1.76 ലക്ഷം കോടി രൂപയുടെ അഴിമതിയാണെന്നു വ്യക്തമായിരിക്കയാണ്. ഒരു പക്ഷേ ഇന്ത്യ ഇതു വരെ കണ്ട ഏറ്റവും വലിയ അഴിമതിയും ഇതു തന്നെയാണ്. അതിന്റെ ഭാഗമായി, പിന്നാമ്പുറങ്ങളില്‍ നടന്ന ചരടുവലികളിലേക്കാണ് നീരാ റാഡിയ ടേപ്പുകള്‍ വിരല്‍ ചൂണ്ടുന്നത്. ടാറ്റായുമായും, അംബാനിമാരുമായും അടുത്ത ബന്ധമുള്ള നീരാ റാഡിയ, രണ്ടാം യു.പി.എ സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണ സമയത്ത്, ഇപ്പോള്‍ അഴിമതി ആരോപണത്തില്‍ കുടുങ്ങി രാജി വച്ച എ.രാജയെ വീണ്ടും ടെലിക്കോം മന്ത്രിയാക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി നടത്തിയ ശ്രമങ്ങള്‍ ഈ ടേപ്പുകളില്‍ വ്യക്തമാണ്. ഓപ്പണ്‍ മാഗസിനും ഔട്ട് ലുക്കും പുറത്തു വിട്ട വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, കോര്‍പ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുവാനും ഈ അഴിമതി മൂടി വയ്ക്കുവാനുമാണ് ഇത്തരം ഒരു ശ്രമം നടന്നിരിക്കുന്നത് എന്നു വ്യക്തമാണ്.
ഇത്തരം അഴിമതികള്‍ പുറത്തു കൊണ്ടു വരുന്നതില്‍ നമ്മൂടെ മാധ്യമങ്ങള്‍ കാണിച്ചിട്ടുള്ള ആര്‍ജ്ജവം പ്രശംസനീയമാണ്. പക്ഷേ റാഡിയ ടേപ്പുകള്‍ പുറത്തു വരുമ്പോള്‍, നാം കാണുന്ന ദൃശ്യം, ചില മാധ്യമ പ്രവര്‍ത്തകര്‍ ആരോപണ വിധേയരായി നില്‍ക്കുന്നു എന്നാണ്. രാജ്യത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ, വീര്‍ സംഖ്വിയും ബര്‍ഗ്ഗ ദത്തുമെല്ലാം ഈ അവീശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ്. കോര്‍പ്പറേറ്റുകള്‍ക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമിടയിലെ സന്ദേശവാഹകരായി ഈ മാധ്യമ സുഹൃത്തുക്കള്‍ തരം താണു പോയി എന്നു നാം തിരിച്ചറിയുമ്പോള്‍, മാധ്യമങ്ങളുടെ വിശ്വാസ്യതയെയാണ് അതു ചോദ്യം ചെയ്യുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ഈ അധപതനം തെല്ലൊന്നുമല്ല നമ്മെ ആശങ്കപ്പെടുത്തുന്നത്. നാം കാണുകയും ശ്രവിക്കുകയും വായിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ പോലും ഒരു ഉപജാപത്തിന്റെ ബാക്കിപത്രമെന്നവണ്ണം, നമ്മെ തെറ്റിദ്ധരിപ്പിക്കാന്‍ ഉണ്ടാക്കപ്പെട്ടതാണെന്നു ജനങ്ങള്‍ തെറ്റിദ്ധരിച്ചാല്‍ അല്ലെങ്കില്‍ അങ്ങനെ വിശ്വസിച്ചാല്‍ അവരെ നമുക്കു കുറ്റം പറയാനകുമോ? തനിക്ക് ഒരു സന്ദേശവാഹകയുടെ വേഷമില്ല എന്നു ബര്‍ഗ്ഗ ദത്ത് ആവര്‍ത്തിക്കുമ്പോള്‍, അവര്‍ മുന്നോട്ടു വയ്ക്കുന്നത്, വാര്‍ത്താ ശേഖരണത്തിന്റെ ഭാഗമായാണ് അവര്‍ നീരാ റാഡിയയുമായി സംസാരിച്ചത് എന്നാണ്. റാഡിയ കരുണാനിധിയുമായും ബര്‍ഗ്ഗ കോണ്‍ഗ്രസ്സുമായുമാണ് സംസാരിച്ചിരുന്നത് എന്നത് ടേപ്പുകള്‍ വെളിപ്പെടുത്തുന്നു. ഒരു ഇടനിലക്കാരിയുടെ വേഷമാണതില്‍ അവര്‍ക്ക് എന്ന വ്യക്തവുമാണ്. ബര്‍ഗ്ഗ ഒരു ഇടനിലക്കാരി അല്ലെങ്കില്‍, നീരാ റാഡിയയെപ്പോലൊരു ലോബിയിസ്റ്റ് മന്ത്രിസഭാ രൂപീകരണത്തില്‍, അഴിമതി ആരോപിതനായ എ.രാജയെപ്പോലെ ഒരാള്‍ക്കു വേണ്ടി ശ്രമിക്കുന്നത്, എന്തു കൊണ്ട് ബര്‍ഗ്ഗ പുറം ലോകത്തെ അറിയിച്ചില്ല എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. വാര്‍ത്താ ശേഖരണത്തിനായി ആളുകളെ തിരഞ്ഞെടുത്തതിലെ പിഴവ് എന്നു പറഞ്ഞവര്‍ക്ക് കൈ കഴുകാന്‍ കഴിയില്ല, കാരണം 2ജി സ്പെക്ട്രം അഴിമതിയുടെ വിവരങ്ങള്‍ പുറത്തു വരികയും, അതു മന്ത്രിസഭയെ തന്നെ പിടിച്ച് ഉലയ്ക്കുകയും ചെയ്തിരുന്ന അവസരത്തിലും ബര്‍ഗ്ഗ നിശബ്ദയായിരുന്നു. എന്നാല്‍ റാഡിയാ ടേപ്പുകള്‍ പുറത്തു വന്നപ്പോള്‍ തനിക്കൊന്നും അറിയില്ല എന്നു പറഞ്ഞു കൈകഴുകനുള്ള ശ്രമമാണ് ദത്ത് നടത്തുന്നത്. ഇതൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, മാധ്യമ പ്രവര്‍ത്തകര്‍ പാലിക്കേണ്ട മര്യാദകളേക്കുറിച്ചും അവരുടെ ധര്‍മ്മത്തെക്കുറിച്ചുമാണ്. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ കണ്ടെത്തുന്ന ആളുകള്‍ മാത്രമായി തരം താഴുക എന്നത്, നമ്മുടെ മാധ്യമങ്ങള്‍ക്കു തന്നെ അപമാനകരമാണ്. അതിലുപരി തനിക്ക്, തന്റെ രാജ്യത്തോടും, ഇവിടുത്തെ ജനങ്ങളോളും ഒരു പ്രതിബദ്ധതയുണ്ടെന്ന് ഓരോ മാധ്യമ പ്രവര്‍ത്തകനും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ നിങ്ങളെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, അത് അവരിലേക്ക് നിങ്ങള്‍ സത്യം എത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിനെ ആധാരമാക്കി മാത്രമാണ്. കേവലമായ പണക്കൊതികൊണ്ട് അവരെ വഞ്ചിക്കുന്നവര്‍ക്ക്, എന്നും ജനവഞ്ചകരുടെ സ്ഥാനമേ അവരുടെ മനസ്സിലും ചരിത്രത്തിലുമുണ്ടാകൂ. ഈ അവസരത്തില്‍, രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി പുറത്തു കൊണ്ടുവരാന്‍ സഹായിച്ച ശ്രീ.ഗോപീകൃഷ്ണനേയും ഓപ്പണ്‍ മാഗസിന്റെ എഡിറ്ററായ ശ്രീ.മനൂ ജോസഫിനേയും പാഥേയം അഭിനന്ദിക്കുകയാണ്. ഒരു പക്ഷേ, ഭാരതത്തിലെ പേരു കേട്ട മാധ്യമ പ്രവര്‍ത്തകര്‍ വരെ, ഇവരുടെ ജനങ്ങളോടുള്ള പ്രതിബദ്ധതയും രാജ്യത്തോടുള്ള കടപ്പാടും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഇവരെപ്പൊലെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഇനിയും മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുമെന്ന് നമുക്ക് കരുതം, അവര്‍ക്കെല്ലാ ഭാവുകങ്ങളും നേരാം. അതോടൊപ്പം എല്ലാ പാഥേയം വരിക്കാര്‍ക്കും പാഥേയത്തിന്റേയും അണിയറപ്രവര്‍ത്ത്കരുടേയും ബക്രീദ്-കിസ്തുമസ് ആശംസകള്‍ നേരുന്നു....
പോലീസ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് എന്നും ആവേശമായിരുന്നു. ആവനാഴിയും, ഇന്‍ സ്പെക്ടര്‍ ബല്‍റാമും കമ്മീഷണറമുല്ലാം നമ്മെ കോരിത്തരിപ്പിച്ച പോലീസ് ചിത്രങ്ങളായിരുന്നു. ഐ.വി ശശി കാലഘട്ടത്തില്‍ മമ്മൂട്ടി പോലീസുകാരനായി കസറിയപ്പോള്‍, ഷാജി കൈലാസ് യുഗത്തില്‍ സുരേഷ് ഗോപി ആ സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ അടുത്ത തലമുറയിലേക്ക് മലയാള സിനിമ കടക്കുമ്പോള്‍, യുവതാരം പ്രിഥ്വിരാജാണ് പോലീസ് വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ളത്. ആനന്ദഭൈരവി പ്രൊഡക്ഷന്റെ ബാനറില്‍, സാബു കെ ചെറിയാന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രമായ ‘ദി ത്രില്ലറി’ല്‍ പ്രിഥ്വിരാജ് വീണ്ടും പോലീസുകാരനായി നമ്മുടെ മുന്നില്‍ എത്തുന്നു. അടുത്തകാലത്തായി മലയാള സിനിമയുടെ ഭാഗമായി മാറിയ, ബി. ഉണ്ണികൃഷ്ണനാണ് ത്രില്ലര്‍ നമുക്കായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെ. പ്രിഥ്വിരാജിനൊപ്പം ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ലാലു അലക്സ്, സിദ്ദിഖ്, വിജയരാഘവന്‍, റിയാസ് ഖാന്‍, സമ്പത്ത്, കൊല്ലം തുളസി, ശിവജി ഗുരുവായൂര്‍, കാതറൈന്‍, മല്ലിക കപൂര്‍ എന്നിവരോടൊപ്പം നമ്മെ വിട്ടു പിരിഞ്ഞ സുബൈറും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
തിരുവനന്തപുരം നഗരത്തിന്റെ അസിസ്റ്റന്‍സ് കമ്മീഷണറാണ് നിരഞ്ജന്‍ ഐ.പി.എസ്. ഹൈവേയില്‍ ആരുടെയോ ആക്രമണത്തിനിരയായി തീര്‍ന്ന സൈമണ്‍ പാലത്തിങ്കല്‍ എന്ന യുവ ബിസിനസ്സുകാരന്റെയടുത്ത് യാദൃശ്ചികമാം വിധം ആദ്യം എത്തിച്ചേരുന്നത് നിരഞ്ജനാണ്. നിരഞ്ജന് അയാളെ രക്ഷിക്കുവാന്‍ കഴിയുന്നില്ലെങ്കിലും, അയാളുടെ മരണമൊഴി രേഖപ്പെടുത്തുന്നു. തുടര്‍ന്നുള്ള അന്വേഷണമേറ്റെടുക്കുന്ന നിരഞ്ജന്‍ ചെന്നത്തുന്നത്, മാര്‍ട്ടിന്‍ ദിനകറെന്ന അന്താരാഷ്ട്ര കുറ്റവാളിയിലാണ്. ഈ കേസന്വേഷണത്തിന്റെ കഥയാണ് ദി ത്രില്ലര്‍ എന്ന ചിത്രം നമ്മോടു പറയുന്നത്. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ, ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയി ബന്ധമില്ല എന്ന് എഴുതി കാണിക്കുന്നുണ്ടെങ്കിലും, അടുത്തിടെ കേരളത്തില്‍ നടന്ന പോള്‍ മുത്തൂറ്റ് വധക്കേസിന്റെ ചുവടുപിടിച്ചാണ് ബി.ഉണ്ണികൃഷ്ണന്‍ ത്രില്ലര്‍ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വധത്തിന്റെ സാഹചര്യങ്ങള്‍ അതു പോലെ ത്രില്ലറില്‍ പുനരാവിഷ്കരിക്കുമ്പോള്‍, ഒരു കാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന എല്ലാ സംഭവങ്ങളും ഉണ്ണികൃഷ്ണന്‍ ഈ ചിത്രത്തിനായി കോര്‍ത്തിണക്കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘം, എസ് കത്തി, ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലെ കേരളാ ടീം ഇതൊക്കെ ചില ഉദാഹരണം മാത്രം. ഉണ്ണികൃഷ്ണന്റെ മുന്‍ കാല ചിത്രങ്ങളായ ടൈഗര്‍, സ്മാര്‍ട്ട് സിറ്റി, ഐ.ജി എന്നിവയുടെ പാറ്റേണില്‍ ഒരല്പം സസ്പെന്‍സ് വച്ചുകൊണ്ടാണ് ഉണ്ണികൃഷ്ണന്‍ ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ, പ്രേക്ഷകര്‍ക്ക് ക്ലൈമാക്സ് ഊഹിക്കാന്‍ വലിയ വിഷമമൊന്നും ഈ ചിത്രം സമ്മാനിക്കുന്നില്ല എന്നതാണ് സത്യം. പിന്നെ അതിലേക്ക് എങ്ങനെ എത്തും എന്നതു കാണുക എന്നതാവും പ്രേക്ഷകരില്‍ അര്‍പ്പിതമായിരിക്കുന്ന ഒരേ ഒരു ജോലി.
പ്രിഥ്വിരാജിന്റെ സൂപ്പര്‍താര സ്ഥാനം അരക്കിട്ടുറപ്പിക്കുക എന്ന രീതിയിലാണ് ചിത്രത്തിന്റെ പോക്ക്. പലപ്പോഴും പ്രിഥ്വിരാജു മാത്രമേ സിനിമയിലുള്ളോ എന്നു തോന്നിപ്പോകും. നിരഞ്ജന്‍ എന്ന കഥാപാത്രത്തെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ പ്രിഥ്വി അവതരിപ്പിച്ചിട്ടുണ്ട്, എന്നിരുന്നാലും നാം കണ്ടു മറന്ന സുരേഷ് ഗോപി പോലീസ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ പ്രിഥ്വിക്കു കഴിഞ്ഞിട്ടുണ്ടൊ എന്നത് ഒരു ചോദ്യ ചിഹ്നം തന്നെയാണ്. Angry young police officer എന്ന പദത്തിലേക്ക് എത്തിപ്പെടാന്‍, സ്ഥിരം നമ്പറുകളായ അഴിമതിയുടെ കറപുരളാത്ത സര്‍വീസ് റെക്കോര്‍ഡ്, ചൂടന്‍ സ്വഭാവം, മേലധികാരികളോട് കയര്‍ക്കല്‍, നെടുനീളന്‍ ഇംഗ്ലീഷ് ഡയലോഗുകള്‍ എന്നിവയെല്ലം മേമ്പൊടി ചേര്‍ത്തിട്ടുണ്ട്. അല്പം വ്യത്യസ്തമാക്കാന്‍ ഒരു തകര്‍ന്ന പ്രണയവും, ഒരല്പം ഹിന്ദി-തമിഴ് ഡയലോഗുകളും, അതാണ് നിരഞ്ജന്‍ ഐ.പി.എസ്. നായികയായി വരുന്ന കാതറൈന്‍ ഇനിയും അഭിനയത്തിന്റെ ബാലപാഠങ്ങള്‍ താന്‍ പഠിക്കേണ്ടിയിരിക്കുന്നു എന്നു വിളിച്ചോതുന്ന പ്രകടനം നടത്തുന്നു. പ്രിഥ്വി ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍, അധികമാരും ഇതു ശ്രദ്ധിക്കാതെ പോകുന്നു എന്നത് ഒരു അനുഗ്രഹമാണ്. ലാലു അലക്സിനും സിദ്ധിഖിനും സ്ഥിരം പാറ്റേണിലുള്ള റോളുകള്‍ ലഭിച്ചപ്പോള്‍, അല്പമെങ്കിലും അഭിനയത്തില്‍ തിളങ്ങിയത് മാര്‍ട്ടിന്‍ ദിനകറായി തിരശ്ശീലയിലെത്തുന്ന സമ്പത്താണ്. നല്ല വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ഈ നടന് ലഭിക്കട്ടേ എന്നു നമുക്ക് ആശംസിക്കാം. മമ്ത മോഹന്‍ ദാസ് ഒരു ഗാനരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്നു. മറ്റു അഭിനേതാക്കള്‍ക്ക് നിരഞ്ജന്‍ എന്ന കഥാപാത്രത്തിനു ചുറ്റും ഓടി നടക്കുന്ന ചില കഥാപാത്രങ്ങളായി മാറുവാനേ കഴിയുന്നുള്ളൂ എന്നത് ഒരു ന്യൂനതയാണ്, പക്ഷേ ഒരു സൂപ്പര്‍താര ചിത്രത്തില്‍ നിന്നും അതു മാത്രമല്ലേ പ്രതീക്ഷിക്കാന്‍ കഴിയൂ.
സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കി, പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ. പക്ഷേ അതു തിരനാടകമായപ്പോള്‍ ഉണ്ണികൃഷ്ണന് അമ്പേ പാളി. കയറി ഇറങ്ങിപ്പോകുന്ന കഥാപാത്രങ്ങളും, അര്‍ത്ഥ ശൂന്യമായ ഡയലോഗുകളും, പിന്നെ അല്പം ഹീറോയിസവും കൂട്ടിക്കുഴച്ച് ഒരു രഞ്ജിപണിക്കര്‍ സ്റ്റൈലിലാണ് ശ്രീമാന്‍ ഉണ്ണികൃഷ്ണന്‍ ത്രിലറില്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പക്ഷേ രഞ്ജിപണിക്കര്‍ ഈ ജോലി എത്രയോ ഭംഗിയായി ചെയ്യും എന്ന് നമ്മെ ഈ ചിത്രം ഓര്‍മ്മിപ്പിക്കും. bloody damn daring എന്നൊക്കെ നായകനെക്കൊണ്ട് ഒന്നിടവിട്ട സീനില്‍ പറയിക്കുകയും, ഒറ്റക്ക് ഒരു പത്തിരുപത് പേരെ ഇടിച്ചു മലര്‍ത്തുകയും, ക്ലൈമാക്സ് സീനില്‍ ചുറ്റും നിന്നു ഗുണ്ടകള്‍ വെടിവയ്ക്കുമ്പോള്‍, നായകന്‍ അത്ഭുതകരമായി ഒരു പോറല്‍ പോലുമേല്‍ക്കാതെ അവരെ ഇടിച്ചു നിരത്തുകയും ചെയ്യുന്നതാണ് ഹീറോയിസം എന്ന കാഴ്ചപ്പാടിലാണ് ഉണ്ണികൃഷ്ണന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്റെ മുന്‍ ചിത്രങ്ങളെല്ലാം, സ്മാര്‍ട്ട് സിറ്റിയായാലും, മാടമ്പിയായാലും, ഐജിയായാലും ശ്രദ്ധിക്കപ്പെട്ടത്, അതിന്റെ തിരക്കഥയുടെ ബലത്തിലായിരുന്നു. തിരക്കഥയെ ഫ്രെയിമിലേക്ക് പകര്‍ത്തുക എന്നതിനപ്പുറം സംവിധാന മികവൊന്നും ഉണ്ണികൃഷ്ണനില്ല എന്നത് വെളിപ്പെടുന്നത്, ത്രില്ലര്‍ പോലെ തിരക്കഥകള്‍ സിനിമയാക്കപ്പെടുമ്പോഴാണ്. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഉണ്ണികൃഷ്ണന്‍ തന്നെയായതിനാല്‍, മറ്റാരെയും പഴിചാരാന്‍ അദ്ദേഹത്തിനു കഴിയില്ല. സ്വയം കൃതാനര്‍ത്ഥം എന്നു പറയാം.
ഭരണി കെ ധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സാമാന്യം ഭേദപ്പെട്ട രീതിയില്‍ ഈ ചിത്രം ചിത്രീകരിക്കപ്പെട്ടത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് കൊടുക്കാം. അതു പോലെ തന്നെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന മനോജിനും ശ്രീജിത്തിനും അതിന്റെ ഒരു പങ്ക് അവകാശപ്പെടാം. എന്നാല്‍ അവിടിവിടെയായി കുത്തിത്തിരുകിയ സ്ലോമോഷന്‍ രംഗങ്ങള്‍ കല്ലുകടിയായി മാറി എന്നതില്‍ യാതോരു സംശയവുമില്ല. അനല്‍ അരശ്ശാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. പതിവില്‍ നിന്നും അല്പം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുവാന്‍ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്ന ‘ട്രപ്പീസുകളി‘ ആ ശ്രമത്തെ നന്നേ പരാജയപ്പെടുത്തുന്നു. വെടി കൊള്ളുമ്പോള്‍ പറന്നു പോകുന്ന ഗുണ്ടകളും, ഒരൊറ്റ പഞ്ചിന് ഓട്ടോയുടെ മുകളില്‍ വീഴുന്ന വില്ലന്മാരും, ഗാനരംഗങ്ങള്‍ക്കിടയില്‍ പോലും, നായകന്റെ പറന്നുള്ള വെടിവെയ്പ്പും, നായകന്റെ ഇടിയില്‍ പറന്നു പൊങ്ങുന്ന ഗുണ്ടകള്‍ ആകാശത്ത് രണ്ടു വട്ടം കറങ്ങി താഴെ വീഴുന്നതുമെല്ലാം, പണ്ട് തമിഴ് സിനിമകളില്‍ പഞ്ച് കൂട്ടാന്‍ ഉപയോഗിച്ച നമ്പറുകളാണ്. ആ അരി മലയാളികളുടെ കലത്തില്‍ വേവില്ല എന്നു അരശ്ശ് തിരിച്ചറിയണം, അല്ലെങ്കില്‍ ഈ പണി ചെയ്യാന്‍ അദ്ദേഹത്തെ ഏര്‍പ്പെടുത്തിയ സംവിധായകനെങ്കിലും തിരിച്ചറിയണം.
ബോബന്റെ കലാസംവിധാനവും, സതീഷിന്റെ വസ്ത്രാലങ്കാരവും, റോഷന്റെ ചമയവും ചിത്രത്തോട് ചേര്‍ന്നു പോകുന്നു, പ്രത്യേകിച്ചും ഗാനരംഗങ്ങളില്‍. കമ്മീഷണറുടെ പോലീസ് തൊപ്പി മാറ്റി സാധാരണ ക്യാപ്പ് വച്ചതും ഒരു വ്യത്യസ്തത കാഴ്ചയിലെങ്കിലും കൊണ്ടു വരുവാന്‍ സഹായിച്ചു എന്നു വേണം കരുതുവാന്‍. ഹരിനാരായണനെഴുതി, നവാഗതനായ ധരന്‍ സംഗീത സംവിധാനം നിര്‍വഹിച്ച് മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതില്‍ പ്രിഥ്വിയും മഞ്ജരിയും ചേര്‍ന്ന് പാടിയ ത്രില്ലര്‍ എന്ന ഗാനം തീം സോങ്ങു പോലെ, ടൈറ്റില്‍ എഴുതി കാണിക്കുന്ന അവസരത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ഗാനങ്ങളില്‍ ശ്രവണ സുഖമുള്ളത് ഹരിചരണും മമ്തയും ചേര്‍ന്നു പാടിയ പ്രിയങ്കരി എന്ന ഗാനമാണ്. നന്നായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം, അസ്ഥാനത്താണ് കടന്നു വരുന്നത്. ഒരു പക്ഷേ ഒരു ഗാനവും ചിത്രത്തിന് കാര്യമായ ഗുണമൊന്നും ചെയ്യുന്നില്ല. വെറുതെ സമയം കൊല്ലിയായി ഇവ കടന്നു പോകുന്നു എന്നു വേണം പറയുവാന്‍.
ഞാന്‍ ആദ്യമെ പറഞ്ഞതു പോലെ, പ്രിഥ്വിരാജിനെ സൂപ്പര്‍ താരമായി ഉയര്‍ത്തിക്കാട്ടാനുള്ള ചിത്രം മാത്രമാണ് ദി ത്രില്ലര്‍. അദ്ദേഹത്തിന്റെ ആരാധകരെ സംതൃപ്തരാക്കാനുള്ള എല്ലാ ചേരുവകളും ഇതിലുണ്ട്. എന്നാല്‍ സാധാരണക്കാരന് ഇതൊരു ടൈം പാസ് ചിത്രം മാത്രമാണ്. ഇന്നത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം നേടിയ ചിത്രങ്ങള്‍ ചെയ്തു വന്നാണ് സൂപ്പര്‍ താരമായത്. മലയാളത്തില്‍, സൂപ്പര്‍ താരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ക്രൌഡ് പുള്ളറായ പ്രിഥ്വി ഈ കാര്യം മനസ്സിലാക്കി, സൂപ്പര്‍ താരമാകാന്‍ തുനിഞ്ഞിറങ്ങിയാല്‍ അദ്ദേഹത്തിനു നന്ന്. പക്ഷേ അദ്ദേഹം ഇതു പോലെയുള്ള സിനിമകള്‍ ഇനി ചെയ്യണമോ എന്നു വീണ്ടും ചിന്തിക്കണം. സ്മാര്‍ട്ട് സിറ്റി, മാടമ്പി, ഐ ജി, പ്രമാണി, ത്രില്ലര്‍... ബി ഉണ്ണികൃഷ്ണന്റെ ഗ്രാഫ് താഴോട്ടു തന്നെ. അബദ്ധത്തില്‍ സംഭവിച്ച മാടമ്പി എന്ന ഹിറ്റു വച്ച് ഇനിയും മലയാളികളെ മണ്ടന്മാരാക്കന്‍ നോക്കല്ലേ ഉണ്ണികൃഷ്ണന്‍ സാറെ. “ ഞങ്ങളാരെയും ബുദ്ധിമുട്ടിക്കാറില്ല, ഞങ്ങളേയും ബുദ്ധിമുട്ടിക്കരുത്, ബുദ്ധിമുട്ടിച്ചാല്‍, പിന്നെ ബുദ്ധിമുട്ടാവുമേ, നീ താങ്ങത്തില്ല..“ എന്ന മാടമ്പി ഡയലോഗു തന്നെ മലയാളികള്‍ താങ്കളോട് തിരിച്ചു പറയുന്ന കാലം വിദൂരമല്ല.
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.