Monday, January 24, 2011

ഓര്‍മ്മയില്‍ പത്മരാജന്‍

പത്മരാജന്‍, സിനിമയില്‍ അടുപ്പമുള്ളവരെല്ലാം പപ്പേട്ടനെന്നു വിളിച്ചിരുന്ന അതുല്യ പ്രതിഭ. മലയാളത്തിന്റെ സ്വന്തം പപ്പേട്ടന്‍. ഓര്‍മ്മകളിലെ പത്മരാജനെ കണ്ടെത്തുവാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍, എന്റെ മനസ്സിലേക്കോടിയെത്തുന്നത് ഒരേ ഒരു ചിത്രം മാത്രം. പത്മരാജന്‍ നമ്മെ വിട്ടു പിരിഞ്ഞ വാര്‍ത്തയ്ക്കൊപ്പം മാതൃഭൂമി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ചിത്രം, അലസമായി  പാറി പറന്നു കിടക്കുന്ന മുടിയും, താടിയും, ചുണ്ടില്‍ അടക്കിപ്പിടിച്ച പുഞ്ചിരിയുമായി പത്രക്കടലാസിന്റെ ആദ്യ പേജില്‍ ഞാന്‍ കണ്ട ചിത്രം. സിനിമയെ ഒരു വിനോദോപാധി മാത്രമായി കണ്ടിരുന്ന കാലം, തിരശ്ശീലയില്‍ തെളിയുന്ന താരമാണ് സിനിമയിലെല്ലാം എന്നു വിശ്വസിച്ചിരുന്ന കാലം, ആ ചിത്രത്തിനടിയില്‍ ബോക്സിലുള്ള വാര്‍ത്തയാണ് ഞാനന്ന് ആദ്യം വായിച്ചത്. ഞാന്‍ ഗന്ധര്‍വ്വനെന്ന ചിത്രത്തെയും അദ്ദേഹത്തിന്റെ ദുരൂഹമായ മരണത്തെയും പരാമര്‍ശിച്ച് എഴുതപ്പെട്ട ലേഖനമായിരുന്നു അത്. നിതീഷ് ഭരദ്വാജെന്ന നടനെ കാണുവാനായി മാത്രം, ഞാന്‍ വീട്ടില്‍ വഴക്കിട്ട് സിനിമാശാലയില്‍ പോയി കണ്ട ചിത്രമായിരുന്നു ‘ഞാന്‍ ഗന്ധര്‍വ്വന്‍‘. അന്നെന്റെ മനസ്സില്‍ വല്ലാത്ത ഒരു പേടിയാണ് തോന്നിയത്. പിന്നീടെപ്പോഴോ ഞാന്‍ കണ്ട പത്മരാജന്‍ ചിത്രമായിരുന്നു തൂവാനത്തുമ്പികള്‍. മോഹന്‍ലാലെന്ന അതുല്യനടന്റെ, നടന പാടവം കൊണ്ട് ശ്രദ്ധേയമായ ചിത്രത്തില്‍ അന്ന് ഞാന്‍ ശ്രദ്ധിച്ചത്, നായകനേയും നായികയേയും മാത്രമായിരുന്നു. ഒരു പക്ഷേ, സംവിധായകന്‍ ആ ചിത്രത്തിലൂടെ പറയാനാഗ്രഹിച്ചതെന്തെന്ന് എനിക്കു മനസ്സിലായിരുന്നില്ല എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. മനസ്സിലാനന്ദം പകരുന്ന ചിത്രങ്ങളന്വേഷിച്ച ഞാന്‍ കൂടെവിടെയും, മൂന്നാം പക്കവും, ഇന്നലെയുമെല്ലാം കാണാതെ ഒഴിഞ്ഞു മാറിയിരുന്നു.

സിനിമയിലെ യഥാര്‍ത്ഥ താരം നായകനല്ല, ക്യാമറക്കു പിന്നില്‍ ഒളിഞ്ഞു നില്‍ക്കുന്ന സംവിധായകനാണെന്നുമുള്ള തിരിച്ചറിവ് എനിക്കുണ്ടായത് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടാണ്. അതിനൊരു പരിധി വരെ കാരണമായത് എന്റെ ചില സുഹൃത്തുക്കള്‍ തന്നെയാണ്. സിനിമയെ വളരെ സീരിയസായി സമീപിക്കുന്നവരുമായുള്ള എന്റെ സംസര്‍ഗ്ഗം എന്നെ നല്ല സിനിമകളോട് അടുപ്പിച്ചു. ഒരു കാലത്ത്, അവാര്‍ഡ് സിനിമകളെന്നു പറഞ്ഞ് തള്ളിക്കളഞ്ഞിരുന്ന സിനിമകളില്‍ പലതും, എനിക്കു മനസ്സിലാക്കുവാന്‍ കഴിയാതെ ഒഴിവാക്കിയതാണെന്ന ബോധ്യം ഉള്ളില്‍ കടന്നു കൂടിയതോടെയാണ് എനിക്ക് അവയോട് വല്ലാത്ത ഒരു അഭിനിവേശം പിറവി കൊണ്ടത്. അങ്ങനെ തഴഞ്ഞ പല ചിത്രങ്ങളും പിന്നീട് ഞാന്‍ കണ്ടു തുടങ്ങി. ആ അവസരത്തിലാണ് മൂന്നാം പക്കമെന്ന ചിത്രം ഞാന്‍ കാണുന്നത്. തിലകനെ കേന്ദ്രകഥാപാത്രമാക്കിയ ആ ചിത്രമാണ് എന്ന പത്മരാജന്‍ എന്ന സംവിധായകനിലേക്ക് ആകര്‍ഷിച്ചത്.  എന്തോ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു ആകര്‍ഷണീയത ആ ചിത്രത്തിനുണ്ടായിരുന്നു. പാച്ചുവിനേയും, മുത്തശ്ശനേയും കവലയേയുമെല്ലാം എന്റെ ഹൃദയത്തിലേക്ക് പതിപ്പിച്ച ആ ചിത്രം, പത്മരാജനെന്ന സംവിധായകന്റെ മറ്റു ചിത്രങ്ങള്‍ കാണുവാന്‍ എന്നെ പ്രേരിപ്പിച്ചു. ആ ഒരു ആവേശത്തില്‍ ഞാന്‍ കണ്ട ചിത്രങ്ങളായിരുന്നു കൂടെവിടെ?, കള്ളന്‍ പവിത്രന്‍, പറന്ന് പറന്ന് പറന്ന്, കരിയിലക്കാറ്റു പോലെ, സീസണ്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല തുടങ്ങിയവ.

തികച്ചും നാടനായ കഥാപാത്രങ്ങളും, ലളിതമായ തിരക്കഥയുമായിരുന്നു പത്മരാജനെന്ന സംവിധായകനെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തിയത്. പലപ്പോഴും പ്രേക്ഷകനെ അമ്പരപ്പിച്ച കഥാപാത്രങ്ങളെ തിരശ്ശീലയിലെത്തിക്കാന്‍ പത്മരാജനു കഴിഞ്ഞിരുന്നു. പത്മരാജന്‍ സിനിമയിലെ കഥാപാത്രങ്ങളില്‍ പലതും നമുക്കു ചുറ്റും ജീവിക്കുന്ന, അല്ലെങ്കില്‍,  നാം കണ്ടുമറന്ന ആളുകള്‍ തന്നെയല്ലേ എന്നൊരു സംശയം പലപ്പോഴും പ്രേക്ഷകരില്‍ നിറഞ്ഞു നിന്നിരുന്നു. അവരുടെ മാനസിക വ്യാപാരങ്ങളെ, പ്രേക്ഷകരിലേക്ക് പകര്‍ന്നു കൊടുക്കുവാനുള്ള പത്മരാജന്റെ സിദ്ധി, ഒരു പക്ഷേ വിരളമായി മാത്രമെ അദ്ദേഹത്തിന്റെ പിന്‍ തലമുറയില്‍ കണ്ടിട്ടുള്ളൂ. ക്ലാരയും,ശാലി ജോസഫും, തകരയും, ചെല്ലപ്പനാശാരിയുമെല്ലാം നമ്മുടെ മനസ്സില്‍ സ്ഥാനം നേടിയത് പത്മരാജനെന്ന കഥാകൃത്തിന്റെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്.  പ്രണയമെന്നത് പത്മരാജന്റെ തിരക്കഥകളുടെ മുഖമുദ്രയായിരുന്നു, എന്നാല്‍ പ്രണയത്തെ അവതരിപ്പിക്കുന്നതിന്, നൂതനമായ ആഖ്യാനങ്ങള്‍ തേടി എന്നതായിരുന്നു പത്മരാജനെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തിയത്. “ശാലമോന്റെ സോംഗ് ഓഫ് സോംഗ്‌സില്‍ പറയുന്ന പോലെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്തെഴിന്നേറ്റ് മുന്തിരിത്തോട്ടങ്ങില്‍ പോയി മുന്തിരിവള്ളികള്‍ തളിര്‍ത്ത് പൂവിടുകയും മാതളനാരങ്ങകള്‍ പൂക്കുകയും ചെയതുവോ എന്ന് നോക്കാം. അവിടെ വെച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും” എന്നു പറഞ്ഞ്, കവിതയിലൂടെ തന്റെ പ്രണയം കാമുകിയോട് വര്‍ണ്ണിക്കുന്ന നായകനെ, പത്മരാജന്‍ ചിത്രത്തിലല്ലാതെ നമുക്ക് കാണുവാന്‍ കഴിയില്ല.   അതു പോലെ പ്രമേയങ്ങളില്‍ അദ്ദേഹം കൊണ്ടുവരുവാന്‍ ശ്രമിച്ച വൈവിധ്യം, അദ്ദേഹത്തെ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനമുറപ്പിക്കുവാന്‍ സഹായിച്ചു.

പ്രകൃതിയെ തന്റെ സൃഷ്ടികളില്‍ ആവിഷ്കരിക്കുക, കഥാപാത്രങ്ങളെ അതിനോട് ചേര്‍ത്തു കൊണ്ടു പോകുക അല്ലെങ്കില്‍, പ്രകൃതിയെ തന്നെ കഥാപാത്രമാക്കുക എന്നിങ്ങനെ സമാനതകളില്ലാത്ത ആവിഷ്കാര ശൈലി കൈമുതലായിട്ടുണ്ടായിരുന്ന സംവിധായകനായിരുന്നു പത്മരാജന്‍. മൂന്നാം പക്കത്തിലെ കടലും, തൂവാനത്തുമ്പികളിലെ മഴയും, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ മുന്തിരിത്തോട്ടങ്ങളുമെല്ലാം, ചിത്രത്തിലുടനീളം കഥാപാത്രങ്ങളായി മാറുന്നു. തൂവാനത്തുമ്പികളില്‍ ക്ലാര എന്ന കഥാപാത്രത്തെ മഴയുമായി കോര്‍ത്തിണക്കി അവതരിപ്പിച്ചിരിക്കുന്നത്, ഒരു പക്ഷേ മലയാള സിനിമയിലെ ആദ്യത്തേതും അവസാനത്തേതുമായ പരീക്ഷണമാകും. രതിയുടെ പ്രഭാവം, പല പത്മരാജന്‍ തിരക്കഥകളിലും കാണുവാന്‍ സാധിക്കും. രതിയെ സദാചാര മര്യാദകളുളെ ഉള്ളില്‍ തളച്ചിടാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. ദേശാടനക്കിളികള്‍ കരയാറില്ല എന്ന ചിത്രത്തില്‍ സ്വവര്‍ഗ്ഗരതിയെക്കുറിച്ച് സംസാരികുക വഴി, സമൂഹത്തില്‍ രതിയെക്കുറിച്ചുണ്ടായ ധാരണകളെ പൊളിച്ചെഴുതുവാനാണ് അദ്ദേഹം ശ്രമിച്ചത്. രതിനിര്‍വ്വേദമെന്ന ചിത്രം ഒരു പക്ഷേ സദാചാര സങ്കല്പങ്ങളെ ഒന്നടങ്കം തച്ചുടയ്ക്കുന്ന ഒന്നായിരുന്നു. പ്രണയത്തെയും രതിയേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്പം, സദാചാര പ്രേമികളെ ചൊടിപ്പിച്ചുവെങ്കിലും, പക്ഷേ, അതിലൂടെ അദ്ദേഹം പറയുവാന്‍ ശ്രമിച്ച വസ്തുതകള്‍ പ്രേക്ഷകരിലെത്തുക തന്നെ ചെയ്തു.

പപ്പേട്ടന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇരുപത് വര്‍ഷം തികയുകയാണ്. എന്നും വേറിട്ട വഴിയിലൂടെ നടക്കാനാഗ്രഹിച്ച, അങ്ങനെ മാത്രം നടക്കണമെന്നു വാശിപിടിച്ച സംവിധായകനും, സാഹിത്യകാരനും, അതായിരുന്നു പത്മരാജന്‍. പ്രേക്ഷകരേയും വായനക്കാരെയും തന്റെയൊപ്പം കൂട്ടിക്കൊണ്ടു പോകുവാന്‍ കഴിയുക എന്ന അപൂര്‍വ്വ സിദ്ധിയുള്ള കലാകാരന്‍, ഒരു പക്ഷേ അതു തന്നെയാവും അദ്ദേഹത്തിന്റെ വിജയരഹസ്യവും. ഗന്ധര്‍വ്വനെക്കുറിച്ചുള്ള കഥ ചെയ്യരുതെന്ന് പലരും ഉപദേശിച്ചിട്ടും, തന്റെ സര്‍ഗ്ഗാത്മകതയ്ക്കായി ഏതറ്റം വരെയും പോകും എന്ന് പറഞ്ഞ്, ഞാന്‍ ഗന്ധര്‍വ്വനെടുത്തെങ്കിലും, അറം പറ്റിയ പോലെ, അദ്ദേഹത്തിന്റെ ദുരൂഹമായ മരണത്തിലാണ് അത് കലാശിച്ചത്. എന്തായാലും പത്മരാജന്റെ സിനിമകള്‍ കാണുമ്പോഴാണ് ഇന്നത്തെ തലമുറയ്ക്ക് നഷ്ടമായതെന്തെന്ന ബോധ്യം നമുക്കുണ്ടാകുന്നത്. ആ മഹാപ്രതിഭയ്ക്കു മുന്നില്‍ പ്രണാമമര്‍പ്പിച്ചു കൊണ്ട്.....

3 comments:

  1. Excellent memoir on the master director par excellence! Miss him!

    ReplyDelete
  2. Thanks Hari.

    Malayalam Film Industry is really missing a Genius like Padmarajan.

    ReplyDelete
  3. ഞാന്‍, ഗന്ധര്‍വന്‍. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും- നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി
    (ഞാന്‍ ഗന്ധര്‍വന്‍)

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.