Monday, March 28, 2011

പ്രിഥ്വിരാജിനെ പേടിക്കുന്നതാര്?

മലയാള സിനിമയില്‍ ഏകദേശം ഒരു പത്തു വര്‍ഷം പിറകിലേക്ക് സഞ്ചരിച്ചാല്‍, മമ്മൂട്ടി-മോഹന്‍ലാല്‍ യുഗത്തിനു ശേഷം ആരെന്ന ചോദ്യം പ്രസക്തമായിരുന്നു. വളരെ പെട്ടെന്നു പ്രശസ്തിയിലെത്തിയ കുഞ്ചാക്കോ ബോബന്‍, ജനപ്രിയ നായകനായി ഉയര്‍ന്നു വന്ന ദിലീപ് എന്നിവരെയാണ് ആ സ്ഥാനങ്ങളിലേക്ക് പ്രേക്ഷകര്‍ കണ്ടിരുന്നത്.  എന്നാല്‍ കുഞ്ചാക്കോ ബോബന്‍ നിറം മങ്ങുകയും, ദിലീപ് ചിത്രങ്ങളിലെ ആവര്‍ത്തന വിരസത ജനങ്ങളെ മടുപ്പിക്കുകയും ചെയ്തതോടെ, പുതിയൊരു കാത്തിരിപ്പിന് തുടക്കമാകുകയായിരുന്നു. എന്നാല്‍ 2000നു ശേഷം ഒരു പിടി താരങ്ങള്‍, ഏകദേശം ഒരേ കാലഘട്ടത്തില്‍ മലയാളത്തില്‍ എത്തിച്ചേര്‍ന്നു. പഴയകാല നായകനായ സുകുമാരന്റെ മക്കളായ പൃഥ്വിരാജും, ഇന്ദ്രജിത്തും അങ്ങനെയാണ് മലയാളികള്‍ക്കു മുന്നിലെത്തുന്നത്. രഞ്ജിത്തിന്റെ നന്ദനത്തിലൂടെ തുടക്കം കുറിച്ച പൃഥ്വിരാജാണ് അതില്‍ തിളങ്ങിയത്. ആദ്യ കാല ചിത്രങ്ങളില്‍, നന്ദനവും, എ.കെ സാജന്റെ സ്റ്റോപ്പ് വയലന്‍സിലും തിളങ്ങിയ പൃഥ്വിക്ക്, വലിയ ബ്രേക്കായത് സ്വപ്നക്കൂടായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെടാത്ത ചിത്രങ്ങള്‍ വലിച്ചു വാരി ചെയ്ത്, സ്വയം കുഴിച്ച കുഴിയില്‍ ഇടക്കൊന്നു വീണുവെങ്കിലും, പല നല്ല കഥാപാത്രങ്ങളും പൃഥ്വിയെ തേടിയെത്തി. അമ്മക്കിളിക്കൂട്, ശ്യാമപ്രസാദിന്റെ അകലെ, പോലീസ്, ദൈവനാമത്തില്‍, അച്ഛനുറങ്ങാത്ത വീട്, വര്‍ഗ്ഗം, ക്ലാസ്മേറ്റ്സ്, വാസ്തവം, ചോക്ലേറ്റ്, തലപ്പാവ്, തിരക്കഥ, അര്‍ജ്ജുനന്‍ സാക്ഷി തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. അതില്‍ വാസ്തവത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. തമിഴില്‍, കനാ കണ്ടേന്‍, മൊഴി, സത്തം പോടാതേ തൂടങ്ങി ഒരു പിടി ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഉദയനാണു താരം എന്ന ചിത്രം തമിഴില്‍ വെള്ളിത്തിരയായി റീമേക്ക് ചെയ്തപ്പോള്‍, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിയായിരുന്നു. എന്നാല്‍ മണിരത്നത്തിന്റെ രാവണന്‍ എന്ന ചിത്രം അദ്ദേഹത്തിനു ലഭിച്ച അംഗീകാരമായി മാറി. പുതിയ മുഖം എന്ന ചിത്രം ഇറങ്ങിയപ്പോള്‍ അദ്ദേഹം സൂപ്പര്‍ സ്റ്റാര്‍ പദവില്‍ അവരോധിക്കപ്പെട്ടു. (സ്വയം അവരോധിച്ചും എന്ന് ഒരു കൂട്ടം ഫാന്‍സുകാര്‍ പറയുന്നു.) 

 2002 ല്‍ നിന്നും 2011ല്‍ എത്തി നില്‍ക്കേ, പൃഥ്വി എന്ന നടന്‍ വളരെയധികം വളര്‍ന്നിരിക്കുന്നു എന്നത് വ്യക്തമാണ്. അദ്ദേഹത്തിന്റെ ഫാന്‍സുകാര്‍ പറയുന്നത് മോഹന്‍ലാല്‍-മമ്മൂട്ടി ദ്വയത്തിനു വെല്ലുവിളിയായി ഉയര്‍ന്നു വരുവാന്‍ പൃഥ്വിക്കു കഴിഞ്ഞിരിക്കുന്നു എന്നതാണ്. രാവണന്‍ എന്ന ചിത്രം അദ്ദേഹത്തിനു നല്‍കിയ മൈലേജും വളരെ വലുതാണ്. ഇന്നത്തെ സിനിമാ വ്യവസായത്തില്‍, ഏതൊരു ചിത്രത്തിന്റേയും വിധി നിര്‍ണ്ണയിക്കുന്നത്, അതിനു ലഭിക്കുന്ന ഇനിഷ്യല്‍ കളക്ഷനാണെന്നത് വ്യക്തമാണ്. കളക്ഷനില്ലാത്ത പക്ഷം, ഹോള്‍ഡ് ഓവറായി പോകുന്ന പല നല്ലചിത്രങ്ങളും നമ്മള്‍ ഇപ്പോള്‍ കാണാറുണ്ട്. പുതിയമുഖം എന്ന ചിത്രം മുതലിങ്ങോട്ട് നോക്കിയാല്‍, പൃഥ്വി ചിത്രങ്ങള്‍ക്ക് ഒരു മിനിമം ഓഡിയന്‍ ഉണ്ട്. അതായത്, മിക്കവാറും എല്ലാ ചിത്രങ്ങള്‍ക്കും നല്ല ഇനിഷ്യല്‍ കളക്ഷന്‍ ലഭിക്കുന്നു എന്നതാണ്. പ്രമുഖ ഒരു സംവിധായകന്റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തിയാല്‍, മോഹന്‍ലാലിന്റേയോ മമ്മൂട്ടിയുടെയോ ചിത്രങ്ങള്‍ക്കു ലഭിക്കുന്ന ഇനിഷ്യല്‍ കളക്ഷന്‍ നേടാന്‍ കഴിവുള്ള ഒരു സ്റ്റാര്‍ തന്നെയാണ് പൃഥ്വി. ഒന്നോ രണ്ടോ തീയേറ്ററുകളില്‍ പടമിറങ്ങിയാലും ആളുകള്‍ ടിക്കറ്റു കിട്ടാതെ തിരിച്ചു പോകുന്ന ഒരവസ്ഥ ഇപ്പോഴുണ്ട്. ഈയിടെ ബോക്സോഫീസ് വിജയമാകാത്ത അന്‍വര്‍, ത്രില്ലര്‍ തുടങ്ങിയ ചിത്രങ്ങളുടെ ഇനിഷ്യല്‍ കളക്ഷന്‍ അതാണ് സൂചിപ്പിക്കുന്നത്. വരും കാലങ്ങളില്‍, കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കൂടി ശ്രദ്ധ കാണിച്ചാല്‍ പൃഥ്വിരാജെന്ന നടന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയേക്കാം.

പക്ഷേ നമ്മുടെ സംസാര വിഷയം അതല്ല. പൃഥ്വിരാജ് സൂപ്പര്‍ സ്റ്റാര്‍ ആകുകയോ അല്ലയോ എന്നതല്ല, അതിലുപരി ഒരു യൂത്ത് സ്റ്റാര്‍ എന്ന നിലയില്‍ അദ്ദേഹത്തെ പേടിക്കുന്നതാര് എന്നതാണ്. പൃഥ്വിരാജിന്റെ സിനിമകള്‍ ഹിറ്റായി തുടങ്ങുന്ന സമയത്തെ കേട്ടു തുടങ്ങിയ ഒരു കാര്യമാണിത്. ആരോ പൃഥ്വിരാജിനെ പേടിക്കുന്നു, അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഫാന്‍സിനേക്കള്‍ കൂടുതല്‍ കൂവല്‍ തൊഴിലാളികളാണ് കയറുന്നത്. സത്യം എന്ന സിനിമ ഇറങ്ങിയ സമയത്ത്, വിനയന്‍ പരസ്യമായി പറഞ്ഞ ഒരു വസ്തുതയുണ്ട്. ആ സിനിമ കാണുവാന്‍ കയറുന്ന പലരും, ആദ്യവസാനം വെറുതെ കൂവുകയാണെന്ന്. അതില്‍ അഭിനയിച്ച ആ കുട്ടി വരുന്ന രംഗത്തു പോലും കൂവലുണ്ടായി എന്നും, തനിക്കത് നേരിട്ടു ബോധ്യപ്പെട്ടതുമാണെന്നും. ഈ കൂവല്‍ തൊഴിലാളികള്‍ ഇപ്പോഴും തീയേറ്ററില്‍ സജീവമാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ആദ്യകാലങ്ങളില്‍, പൃഥ്വിരാജിന്റെ സിനിമയ്ക്ക് ആളെ കയറ്റി കൂവിക്കുന്നത്, ദിലീപ് ഫാന്‍സായിരുന്നു എന്നായിരുന്നു പൊതുവെയുള്ള സംസാരം. എന്നാല്‍ ജനപ്രിയ നായകന്റെ ഗ്രാഫ് താഴേക്കു പോകുകയും, പൃഥ്വിയുടെ ഗ്രാഫ് കുത്തനെ ഉയരുകയും ചെയ്യുമ്പോഴും, ഇത്തരം കൂവല്‍ തൊഴിലാളികള്‍ തീയേറ്ററുകളില്‍ സജീവമാണ്. അന്‍വര്‍ എന്ന ചിത്രം കാണുവാന്‍ പോയപ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം അതിന് വിശ്വാസ്യത പകരുന്നു. പൃഥ്വിരാജിനെ കാണിക്കുന്ന രംഗങ്ങളിലും ഒരോ ഡയലോഗിനും കൂവലുകള്‍ ഉണ്ടായിരുന്നു. പടത്തിലെ മോശം രംഗങ്ങള്‍ക്കൊന്നും കൂവലുമുണ്ടായിരുന്നില്ല. അതില്‍ നിന്നും വ്യക്തമാണ് ചിത്രം മോശമായതു കൊണ്ട് കൂവുന്നതല്ല, മുന്‍ ധാരണയോടെ വന്ന് ചിത്രം മോശമാക്കാനായി കൂവുന്നതാണ്. പല സ്ഥലങ്ങളിലും പ്രേക്ഷകരുടെ പരാതിയെ തുടര്‍ന്ന് , ഇത്തരക്കാരെ പോലീസിലേല്‍പ്പിച്ചിട്ടുമുണ്ട്. 

കാലം മുന്നോട്ടു പോകുന്തോറും മലയാളികള്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റെ പ്രചാരം കൂടി വരുന്നു. അതോടെ സിനിമാ സംബന്ധമായ ചര്‍ച്ചകള്‍ക്ക് പുതിയ മാനങ്ങള്‍ കൈവരികയായിരുന്നു. സിനിമാ വാരികകളില്‍ നിന്നും സിനിമാ സംബന്ധമായ വിവരങ്ങള്‍ മനസ്സിലാക്കിയിരുന്നവര്‍, ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെയും സംവദിക്കുവാന്‍ തുടങ്ങി. അതിനൊപ്പം, ബൂലോകവും ഇതില്‍ ഒരു പ്രധാന ഭാഗധേയം നിര്‍വഹിക്കുന്നു. കൂവല്‍ തൊഴിലാളികളേ പോലെ ഒരു വിഭാഗം ബൂലോകത്തും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലും ഇപ്പോളുണ്ട്. സിനിമകള്‍ പുറത്തിറങ്ങുന്നതിനു മുന്നെ തന്നെ, സിനിമയെക്കുറിച്ചുള്ള നെഗറ്റീവ് കമന്റുകള്‍ പടച്ചു വിടുക എന്നതാണ് ഇവരുടെ പ്രധാന ജോലി. ഏതു ചര്‍ച്ചയിലും കടന്നു കയറുകയും, ഇറങ്ങാന്‍ പോകുന്ന സിനിമകള്‍ വരെ മോശമാണ് എന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും, അതു മാത്രമല്ല, ആ അഭിപ്രായങ്ങള്‍ വായനക്കാരില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ച ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. പല സിനിമാ സംബന്ധമായ ചര്‍ച്ചകള്‍ നടക്കുന്ന ഫോറങ്ങളിലും, ചിത്രമിറങ്ങി ഒരു ഷോ കഴിയുമ്പോഴേക്കും നെഗറ്റീവ് റിവ്യൂസുമായി രംഗപ്രവേശം ചെയ്യുന്ന ഇത്തരക്കാരെ നമുക്ക് കാണുവാന്‍ കഴിയും. പണ്ടോക്കെ ആദ്യ ഷോ കഴിയുമ്പോള്‍ ചിത്രത്തെക്കുറിച്ചൂള്ള ഒരു അഭിപ്രായം നമുക്ക് ലഴിച്ചിരുന്നുവെങ്കില്‍, ഇപ്പോഴതിനായി ക്രെഡിബിളിറ്റിയുള്ള നിരൂപണങ്ങള്‍ക്ക് കാത്തു നില്‍ക്കേണ്ടി വരുന്നു എന്ന സ്ഥിതി സംജാതമായിരിക്കുന്നു. ബൂലോകത്ത് ഈ ജോലിയില്‍ വ്യാപൃതരായിരിക്കുന്ന പലരും അനോണിമസ് പ്രൊഫൈലുകളിലാണ് വിലസുന്നത്. ഇവിടേയും പ്രധാന ഇര പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ തന്നെ. അന്‍വര്‍, ത്രില്ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇറങ്ങുന്നതിനു മുന്നേയും, അവയുടെ പരാജയത്തിനു ശേഷവും ഇത്തരക്കാര്‍ സോഷ്യന്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ കാണിച്ചു കൂട്ടുന്ന പരാക്രമങ്ങള്‍ കണ്ടാല്‍, മുജ്ജന്മത്തില്‍ അവര്‍ കംസനും പൃഥ്വി കൃഷ്ണനുമായിരുന്നുവെന്നും തോന്നിപ്പോകും. രാവണ്‍ എന്ന ചിത്രമിറങ്ങിയ സമയത്ത്, യൂട്യൂബിലൂടെയായിരുന്നു ഇത്തരക്കാരുടെ പരാക്രമങ്ങള്‍. ഇപ്പോഴിത ഉറൂമി ഇറങ്ങുന്നതിനു മുന്നെ ഇത്തരക്കാര്‍ പരാക്രമങ്ങളുമായി, ഇന്റര്‍നെറ്റില്‍ സജീവമായിട്ടുണ്ട്.


പലപ്പോഴും ഇത്തരം ചര്‍ച്ചകളും, പരാക്രമങ്ങളും കാണുമ്പോള്‍ എനിക്കു തോന്നിയ ഒരു കാര്യമുണ്ട്. പൃഥ്വിയെ പേടിക്കുന്നതാരാണ്? സൂപ്പര്‍ താരങ്ങളോ അതോ അവരുടെ ഫാന്‍സുകളോ? ആരുടെ കോട്ടയിലാണ് പൃഥ്വിയുടെ വളര്‍ച്ച വിള്ളലുകള്‍ വീഴ്ത്തുന്നത്? സൂപ്പര്‍ താരങ്ങളാണ് ഇതിനു പിന്നില്‍ എന്ന് എനിക്കു വിശ്വസിക്കുവാന്‍ കഴിയുന്നില്ല. കാരണം അതിന്റെ ആവശ്യം അവര്‍ക്കില്ല എന്നാണ് എനിക്കു തോന്നുന്നത്. പക്ഷേ മലയാള സിനിമാലോകത്ത്, സമാനമായ ആശയങ്ങളുള്ളവര്‍ ഒരു കോക്കസായി മാറുന്നുണ്ട് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അതു കൊണ്ടു തന്നെയാണ് കൂടുതല്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ പുറത്തു വരുന്നത്. ഈ കൂവല്‍ തൊഴിലാളികളും, ഇന്റര്‍നെറ്റിലെ കൂലി തെറി വിളിക്കാരുമെല്ലാം, ഒരുപറ്റം വിളറിപൂണ്ട  ഫാന്‍സ് മാത്രമാണ്. ഇത്തരം പരാക്രമങ്ങളുമായി വിലസുന്ന ഇവരില്‍ പലരുടേയും കൂറ് അല്ലെങ്കില്‍ ആരാധന മലയാളത്തിലെ ഒരു അതിമാനുഷിക സൂപ്പര്‍ താരത്തോടാണെന്നുള്ളത്, പല ചര്‍ച്ചകളിലും പ്രകടമായി വരുന്നതാണ്. അവയെല്ലാം പലപ്പോഴും വിമര്‍ശന വിധേയമായിട്ടുണ്ടെങ്കിലും, അവരത് നിര്‍ത്തുവാനുള്ള ഭാവമില്ല. സ്വന്തം സൂപ്പര്‍ താരത്തെ, ചവറുകള്‍ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കാതെ, മറ്റു യുവനടന്മാരുടെ ചിത്രങ്ങളെ കരിവാരിത്തേക്കാന്‍ ശ്രമിച്ചിട്ടെന്തു കാര്യം !!!! 

വാല്‍ക്കഷണം - ഇതിന്റെ പേരില്‍ ഇനി എന്നെ പൃഥ്വിരാജ് ഫാന്‍സ് ആക്കുമോ ???

4 comments:

  1. ,PRITWI IS A GOOD ACTOR,BUT HE HAVE SOME LIMITATIONS NW.IT WILL OVER TAKEN BY EXPERIENCE.PINNE ORU SUPERSTAR ENNA NILAYIL NJAN PRITWIYE KANUNNILLA.ORU NALLA NADAN,CHILA PAKAPIZHAKAL ULLA ORAL.ATHU KALM MATTUM,ENKILUM HOME WORK KURAVANO ENNORU DOUBT UNDU,ENTHAYALUM ACTING KOLLAM BUT CHAMMAL PORA.SERIYAKUM I HOPE.PUTHIYA MUKHAM AND THANTHONNI R VERY BAD MOVIE IN MY OPINION,ITS COVERD BY CHEAP HEROISM.BUT URUMI IS GOD AN VERAGE MOVIE.ITS DISADVANTAGE SCRIPT ANU MORE TIMES IT GIVE ME BORED SCENES BUT PRITWI DID WELL.ALL R HAVE THEIR OWN TALENT..KEEP GOING..MAY 2,3 YEARS KAZHINJAL THIKANJA ORU NADANE PRITWIYIL KANAN AKUM..

    ReplyDelete
  2. പൃഥ്വിരാജിന്റെ കഴിവുകള്‍ വിലയിരുത്തുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശ്യം. അദ്ദേഹം ഒരു പാട് കാര്യങ്ങളില്‍ മെച്ചപ്പെടുവാനുണ്ട് എന്നു തന്നെയാണ് എന്റേയും അഭിപ്രായം. പക്ഷേ ഈ ഒരു അവസരത്തില്‍ പോലും അയാളെ ഭയക്കുന്നതാരെന്ന ചോദ്യത്തിനുത്തരം കണ്ടെത്തുകയാണ്. അയാള്‍ക്കെതിരേയും അയാളുടെ സിനിമകള്‍ക്കെതിരേയും ഒളിഞ്ഞും തെളിഞ്ഞും യുദ്ധം നടത്തുന്ന ഒരു വിഭാഗത്തെ തുറന്നു കാണിക്കുവാനുള്ള ശ്രമം മാത്രമാണീ പോസ്റ്റ്. അഭിപ്രായങ്ങള്‍ക്കു നന്ദി...

    ReplyDelete
  3. സത്യസന്ധമായ ഒരു ബ്ലോഗ്‌.സൂപ്പര്‍ താരങ്ങളെ ചവറുകള്‍ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുക.ഒരു തുടക്കകാരനാണ്‌ ഇത്തരം ചിത്രങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ മനസ്സിലാക്കാം...ഇവര്‍ക്കൊക്കെ നല്ല കഥയുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു കൂടെ?ഇവര്‍ സെലക്ടീവ് ആയാല്‍ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാനാകും....

    ReplyDelete
  4. @ കല്യാണിക്കുട്ടി, സൂപ്പര്‍ സ്റ്റാറുകള്‍ സെലക്ടീവായാലും അവരുടെ ഫാന്‍സ് സമ്മതിക്കില്ല എന്നതാണ് സത്യം. കൃസ്ത്യന്‍ ബ്രദേഴ്സും, പോക്കിരിരാജയും,ചൈനാ ടൌണുമൊക്കെ ഹിറ്റാകുമ്പോള്‍, സൂപ്പര്‍ സ്റ്റാറുകളുടെ നല്ല ചിത്രങ്ങള്‍ കാണുവാന്‍ ആളുമില്ല... ആ അവസ്ഥയ്ക്കാണ് മാറ്റമുണ്ടാവേണ്ടത്....

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.