Sunday, April 17, 2011

മമ്മൂട്ടി:ഭാഷയും ദേശവും- പൂരത്തിന്റെ നാട്ടിലെ പ്രാഞ്ചിഭാഷ( ഭാഗം ഏഴ്)

പാലക്കാടുനിന്നും ഇരിങ്ങാലക്കുടയെന്ന മറ്റൊരു രാജ്യത്തേക്കുള്ള വിദേശയാത്രയാണ് ഒ വി വിജയന്റെ പ്രശസ്തമായ ഇരിങ്ങാലക്കുട എന്ന ചെറുകഥയുടെ ഇതിവൃത്തം. സഞ്ചാരികള്‍ ഇരിങ്ങാലക്കുടയെത്തുമ്പോള്‍ കാണുന്നതെല്ലാം വ്യത്യസ്തമായ കാര്യങ്ങളാണ്. ഭാഷ ഒട്ടും തന്നെ മനസ്സിലാവുന്നില്ല. അവിടെ ഇന്ത്യക്കാരുണ്ടോ എന്ന അന്വേഷണമാണ് പിന്നീടു നടത്തുന്നത്. കഥയിലെ ഒരു ഭാഗം ഇങ്ങനെയാണ്. -ഇരിങ്ങാലക്കുടയിലെ വിശേഷപദാര്‍ത്ഥങ്ങള്‍ വല്ലതും വാങ്ങിക്കളയാം എന്നുകരുതി ഞാന്‍ മൂപ്പനോടൊപ്പം ഒരു കടയില്‍ കയറി. മരുന്നുകടയായിരുന്നു അത്.

'എന്തുവാങ്ങാം,മൂപ്പാ?' ഞാന്‍ ചോദിച്ചു.
'സ്‌ട്രെപ്റ്റാമൈസിന്‍'മൂപ്പന്‍ പറഞ്ഞു.
'കഴിഞ്ഞല്ലാ' പീടികക്കാരന്‍ പറഞ്ഞു.
എനിക്കുമനസ്സിലായില്ല. മൂപ്പന്‍ പരിഭാഷപ്പെടുത്തി 'കളിഞ്ഞു'

ഇരിങ്ങാലക്കുട ഭാഷക്ക് ഇന്തോ ആര്യന്‍ വിഭാഗത്തില്‍പ്പെട്ട ഭാഷകളോടു ഗണ്യമായ അടുപ്പമുണ്ട്. ഒരു ദന്തവൈദ്യനായിരുന്ന എനിക്ക് ഈ സാദൃശ്യം പെട്ടെന്ന് വ്യക്തമായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പീടികക്കാരന്‍ ടെലഫോണെടുത്ത് ആരെയോ വിളിച്ച് ഇരിങ്ങാലക്കുടഭാഷയില്‍ പറഞ്ഞു.  'ഡാാാ, അന്തോണ്യേ, സ്‌റ്റ്രെപ്റ്റമൈസിനിണ്ട്്ാ? ഡാ, നീയ്യാ വേഷങ്കെട്ട്് കളാ. ഡാാ, എന്തൂട്ട്് വര്‍ത്താനാ ഈ പറേണ്? പഴേ കസ്റ്റമറണ്. ആ അന്ത്രൂന്റെ കയ്യീ കൊടുത്തയക്ക്.' എന്നിട്ട് പച്ച മലയാളത്തില്‍ എന്നോട് ' ഭഗവാന്‍, താങ്കള്‍ കാംക്ഷിക്കുന്ന സിദ്ധൗഷധം ഇനിയും കാലവിളംബമെന്യേ ഭഗവല്‍ സന്നിധിയില്‍ ആഗതമാവും '

സറ്റയറിന്റെ മേമ്പൊടിയോടെ ഭാഷാവ്യതിയാനം കഥാവിഷയമാക്കുകയായിരുന്നു ഒ വി വിജയന്‍. സൂക്ഷ്മാംശബദ്ധമായ ഇത്തരം ഭാഷാഭേദങ്ങളുടെ വൈവിധ്യം പല മാനദണ്ഡങ്ങളാലും ഏറെ പ്രകടമാകുന്ന നഗരമാണ് സാംസ്‌കാരികതലസ്ഥാനമായ തൃശൂര്‍.

'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്' എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രാഞ്ചി ടിപ്പിക്കല്‍ തൃശൂര്‍ ഭാഷയുടെ വക്താവാണ്. തൃശൂരിലെ അരിയങ്ങാടിയും അതിനുചുറ്റും വികസിച്ചിരിക്കുന്ന നസ്രാണിഭാഷയുമാണ് പ്രാഞ്ചിയേട്ടനെ അസ്സല്‍ തൃശൂര്‍ക്കാരനാക്കുന്നത്. കാപട്യങ്ങളില്ലാത്ത പ്രാഞ്ചിയുടെ ആത്മവിശ്വാസമാണ് അയാളെ പുണ്യാളനോടുപോലും സൗഹാര്‍ദ്ദം സ്ഥാപിക്കത്തക്ക വിധത്തില്‍ സത്യസന്ധനായ തൃശൂര്‍ക്കാരനാക്കുന്നത്.

പ്രാഞ്ചി (പുണ്യാളനോട്) : അപ്പൊ ഇക്കണ്ട കാലം കേരളത്തിലെ സത്യക്രിസ്ത്യാനികള് മലയാളത്തില് വേദപുസ്തകം വായിച്ചതും പ്രാര്‍ത്ഥിച്ചത്വൊക്കെ വേസ്റ്റായി, ഇല്ലേ? മ്മക്കും മ്മടെ ആള്വാള്‍ക്കും ഒന്നും മനസ്സിലായ്ട്ടില്ല്യാന്ന് ചുരുക്കം. അത് വല്യ ചതിയായ്‌പ്പോയിട്ടാ... നിക്ക് ഈ ഡൗട്ട് നേര്‍ത്തേ ഇണ്ടായിര്ന്ന്. ഞാന്‍ സണ്‍ഡേക്ലാസ്സിലെ അച്ചനോട് ചോയിച്ചതാ; അച്ച, അച്ചാ യേശുക്രിസ്തൂന്ന് ഒരു പേര് ജീസസ്സിന്ള്ള കാര്യം ആള്‍ക്കറിയ്യോന്ന്. മണലുകൂട്ടി തൊടമ്മലെ തൊലി ഒരുറുപ്പ്യ വട്ടത്തില് പിച്ചിയെട്ത്തു ഗഡീ.

ഒടുവില്‍ ഇതാ പ്രാഞ്ചിയേട്ടനും പുണ്യാളനും. തികച്ചും തൃശൂര്‍ക്കാരുടെ സിനിമ എന്നു വിളിക്കാവുന്ന ഒന്ന്. തൃശൂരിന്റെ അരിയങ്ങാടിയും പുത്തന്‍ പള്ളിയും ബാനര്‍ജിക്ലബ്ബും സാഹിത്യ അക്കാദമിയുമൊക്കെ ലൊക്കേഷനുകളില്‍ തിളങ്ങി നില്‍ക്കുന്നു.- 'മലയാളസിനിമയിലെ വ്യത്യസ്തമായ ചില കയ്യൊപ്പുകള്‍' എന്ന ടൈറ്റിലില്‍ രഞ്ജിത്തിന്റെ തിരക്കഥകള്‍ക്ക് സാറാജോസഫ് എഴുതിയ ആമുഖം ഇങ്ങനെ പ്രസ്താവിക്കുന്നു.

ഭാഷാപരമായ വ്യതിയാനങ്ങള്‍ പ്രാദേശികതയുടെ പരിഛേദങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ - കൊടുങ്ങല്ലൂരും കുന്നംകുളത്തും ഷൊര്‍ണൂരും മറ്റും - പ്രകടമായിരിക്കുമ്പോള്‍ തന്നെ തൃശൂര്‍നഗരത്തിന്റെ ടിപ്പിക്കല്‍ ഭാഷാഭേദത്തിലും വ്യക്തമായി സ്വാധീനം ചെലുത്തുന്നു. തൊഴില്‍, സമുദായം, ഭൂമിശാസ്ത്രപരമായ പ്രവണതകള്‍, സാംസ്‌കാരികപശ്ചാത്തലം എന്നിവയെല്ലാം ഇത്തരം പ്രാദേശികഭാഷാഭേദങ്ങള്‍ക്ക് ഇടയൊരുക്കുന്നു.

'തൃശൂരും അയ്യന്തോളും ലാലൂരും അന്തിക്കാടും ഒല്ലൂരുമൊക്കെയുള്ള പ്രാദേശികഭാഷയില്‍ത്തന്നെ കാര്യമായ വ്യതിയാനങ്ങളുണ്ട് . തൃശൂര്‍ ഭാഷയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവരും പറഞ്ഞു വല്ലാതെയാക്കിയ രണ്ടു പദങ്ങളാണ് ശവി, കന്നാലി എന്നിവ. അങ്ങാടിയുടെ ഭാഷയാണത്. ഞാനാദ്യം തന്നെ തീരുമാനിച്ചു ആ രണ്ടു പദങ്ങള്‍ പടത്തില്‍ നിന്ന് ഒഴിവാക്കണമെന്ന്,.'
പ്രാഞ്ചി ആന്റ് ദി സെയിന്റിന്റെ സംവിധായകന്‍ രഞ്ജിത് പറയുന്നു. 'അതുപോലെ തൃശൂര്‍ ഭാഷയില്‍ ഞാന്‍ കാണുന്ന പ്രത്യേകത കാര്യങ്ങള്‍ വളരെ ഫ്രാങ്കായി പറയുന്നു എന്നതാണ് വലിപ്പച്ചെറുപ്പമൊന്നും ഇക്കാര്യത്തില്‍ തടസമേയല്ല. സ്വന്തം പ്രാദേശികഭാഷയില്‍ത്തന്നെ അവര്‍ ആരോടും എന്തും ചോദിക്കും.' തൃശൂര്‍കാരനില്‍ രഞ്ജിത് കണ്ട ഈ ആത്മാര്‍ത്ഥത തന്നെയാണ് പ്രാഞ്ചിയേട്ടനെക്കൊണ്ട് പുണ്യാളനുമായി സംസാരിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.

ടിപ്പിക്കല്‍ തൃശൂര്‍ ഭാഷ ഏറ്റവുമധികം സമരസപ്പെട്ടിരിക്കുന്നത് നസ്രാണി ഭാഷയോടാണ്. അതേ സമയം ഏതാണ്ടെല്ലാ തൃശൂര്‍ക്കാരുടെയും മലയാളത്തില്‍ പറച്ചിലിന്റെ ഈണത്തിന് ഒരു ഏകതാനതയുണ്ടുതാനും. അങ്ങാടിജീവിതവുമായി ബന്ധപ്പെട്ട് രൂപീകൃതമായ പ്രാദേശികഭാഷാഭേദത്തിന്റെ പാരമ്പര്യം ക്രിസ്ത്യാനികള്‍ക്കുതന്നെയാണ് കൂടുതലായി അവകാശപ്പെടാനാവുക. വള്ളുവനാടന്‍ ഭാഷാശൈലിയില്‍ നിന്ന് പരമാവധി അകലുമ്പോള്‍ത്തന്നെ അത് കൊച്ചി ഭാഷാഭേദത്തിന്റെ സ്വാധീനവലയത്തില്‍ അധിഷ്ഠിതമാകുകയും ചെയ്യുന്നു. പദങ്ങളിലുണ്ടാകുന്ന വര്‍ണ്ണലോപം തന്നെ മാതൃകയായെടുക്കാം .'നമ്മള്‍ ' എന്ന പദം കൊച്ചിയില്‍ അന്ത്യവര്‍ണ്ണം ലോപിച്ച് 'നമ്മ, നുമ്മ' എന്നിങ്ങനെയും തൃശൂരില്‍ ആദ്യവര്‍ണ്ണം ലോപിച്ച് 'മ്മള് 'എന്നായും മാറുന്നു. ലോപം പദത്തിന്റെ ആദിമധ്യാന്തങ്ങളിലെവിടെയാണെങ്കിലും ശരി പ്രയോഗത്തിലെ ചുരുക്കലാണ് ഇവിടെ ശ്രദ്ധേയമാകുന്നത്.

വളരെക്കുറച്ച് കാര്യം പറഞ്ഞ് പെട്ടെന്നവസാനിപ്പിക്കുക എന്നത് വ്യാപാരസമൂഹത്തിന്റെ രീതിയാണ്. അത് ധ്വനിപ്രധാനമായിരിക്കുകയും ചെയ്യും. തൃശൂരിലെ അങ്ങാടിജീവിതത്തിന്റെ പുരാതനചിത്രം നായരങ്ങാടിയില്‍ നിന്ന് പരിശോധിച്ചു തുടങ്ങിയാല്‍പ്പോലും വാമൊഴിയിലെ സംക്ഷിപ്തസ്വഭാവം വ്യക്തമാകും. നായന്‍മാര്‍ നടത്തിയ കച്ചവടം പുരോഗമനപരമാകാത്ത കാലയളവില്‍ കൃസ്ത്യാനികളെ ഇവിടെയെത്തിച്ച് കച്ചവടപരമായ ചുമതലകള്‍ നല്‍കിയത് ആധുനിക തൃശൂരിന്റെ ശില്‍പ്പിയായ ശക്തന്‍ തമ്പുരാനായിരുന്നു. 1776-ല്‍ ടിപ്പുസുല്‍ത്താന്റെ ആക്രമണത്തെത്തുടര്‍ന്ന് ക്ഷേത്രനഗരമായ തൃശ്ശിവപേരൂര്‍ ഛിന്നഭിന്നമായി. സാമ്പത്തികമായി നേരിട്ട തകര്‍ച്ചയില്‍ നിന്നു കരകയറാനും തൃശൂരിനെ ഒരു വാണിജ്യകേന്ദ്രമാക്കാനുമുള്ള ഉറച്ച തീരുമാനത്തോടെയാണ് ശക്തന്‍തമ്പുരാന്‍ ക്രിസ്ത്യാനികളെ തൃശൂരിലേക്ക് ക്ഷണിച്ചത്. 18-ാം നൂറ്റാണ്ടിന്റെ ആദ്യകാലയളവുവരെ തൃശ്ശിവപേരൂരില്‍ കൃസ്ത്യാനികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. 1794 മുതല്‍ ഇവിടെ സ്ഥിരതാമസമാക്കിയ ക്രിസ്ത്യാനികള്‍ കഠിനാദ്ധ്വാനത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കച്ചവടത്തിന്റെയും സാമ്പത്തികസ്രോതസുകളുടെയും വ്യക്തമായ അടിത്തറ പാകി. കുടിയിരുത്തപ്പെട്ട നസ്രാണികളുടെ ഭാഷ ഇവിടുത്തെ സവിശേഷഭാഷയുമായി സമരസപ്പെടുകയായിരുന്നു.

സാറാ ജോസഫിന്റെ 'ആലാഹയുടെ പെണ്‍മക്കള്‍' ഈ ഭാഷാസവിശേഷതയുടെ പഠനാര്‍ഹമായ ഉദാഹരണങ്ങളിലൊന്നാണ്. അമ്മാമയുടെ വാമൊഴി കഥാചരിത്രം എന്ന ഭാഗം നോക്കുക;

'ആരീം പറഞ്ഞട്ട് കാര്യല്യ ക്ടാവേ. ഇദ് അങ്ങന്‍ത്തെ ഒര് സലണ്. കണ്ടോടത്ത്്‌ന്നൊക്കെ ആളില്ല്യാത്ത ശവങ്ങളും ചത്തതും ചീഞ്ഞതും ഒക്ക്യാ കൊണ്ടന്ന് ഇവിട്യാ തട്ടും. തല്ലിക്കൊന്ന പേപ്പട്ടീണ്ടാവും .തെണ്ടന്‍തല്ലിച്ചത്ത പോത്തുണ്ടാവും. അതിന്റെ മീതക്ക് ചത്ത മനിഷ്യരാ വലിച്ചെറിയും. അതങ്ങടാ കെടന്ന് ചീഞ്ഞട്ട് അഞ്ചുവെളക്കിന്റവട വര ശൂരടിക്കും. പേടിച്ചട്ട് ഒര് മനിഷ്യന്‍ ഈ വഴിക്കാ നടക്കില്ല. നീയെന്തൂട്ടാ ക്ടാവേ പറയണേ? അന്ന് ഗോസായിക്കുന്ന് ഒറ്റക്ക് കേറാന്‍ ദയിര്യള്ള ഒരാങ്കുട്ടീല്യ തൃശൂരങ്ങാടീല്ന്ന്! അറിയ്വോ? നട്ടുച്ചയ്ക്ക്്ണ് പിശാശ്ക്കഌടെ തേര്‍വാഴ്ച. നിന്റപ്പാപ്പന്‍ കണ്ണോണ്ടാ കണ്ടട്ട്ണ്ട്. തന്ത വല്യേ ദയിര്യശാല്യാ. ബേന്റ് സെറ്റില്‍ത്തെ ചങ്ങാതിമാരോടാ വാത് വച്ചട്ട് ഒറ്റക്ക് ഗോസായിക്കുന്നാ കേറി. തന്തേനെ എരികേറ്റിവിട്ടത് മ്മടെ മുണ്ടനെറപ്പായീരപ്പനാ, നഗാരം കൊട്ടണ ചാക്കുണ്ണി! മ്മടെ പൊട്ടന്‍ തന്ത ഗോസായിക്കുന്നാ കഴിഞ്ഞപ്പ വെറയ്കാനാ തൊടങ്ങീല്ല്യോ? ന്തൂട്ടായാലും ഗോസായിക്കുന്നാ കഴിഞ്ഞ കോക്കാഞ്ചറിണേ.ഇപ്പ, മ്മടെ തലവെട്ട്യള്‍ടെ ശീമബങ്കളാവ് നിക്കണ സലല്യേ, അവടെത്ത്യപ്പോ തന്ത ഒരു നില്‍പാ നിന്നു! എന്തൂട്ട്ണ്? നട്ടുച്ചയ്ക്ക് പന്തങ്ങളും പിടിച്ചട്ട് വരിവര്യായിട്ട്്ണ് പ്രേതങ്ങള് പോണേ. കര്‍ത്താവീശോ മിശിഹായേ. തന്ത ഉട്‌ത്തേലാ മുള്ളി. അപ്പവടെ വീണു. പിന്നെ തരി ബോദണ്ടാ? കൊറേ നേരം തട്ടും തറേല്യാണ്ട് ആ കെടപ്പാ കെടന്നു.' (ആലാഹയുടെ പെണ്‍മക്കള്‍/ നോവല്‍/ സാറാജോസഫ്)

കൊടുങ്ങല്ലൂര്‍ ഭാഗത്തെ 'ഞങ്ങള്‍' തൃശൂരെത്തുമ്പോള്‍ 'മ്മള് ' ആയി മാറുന്നു. ഭാഷാപരമായും വ്യാകരണപരമായും ഉള്ള വിപുലമായ വ്യതിയാനങ്ങളാണ് തൃശൂര്‍ഭാഷയുടെ പ്രത്യേകത. 'മ്മളിപ്പൊ ദെവിടേക്കാ പോണേ..?' - ഭാഷ ചുരുക്കുകയാണിവിടെ .'കുട്ടി' എന്നതിന് 'ക്ടാവെ'ന്നു പറയും. അതു പിന്നെയും പരിണമിച്ച് 'ക്‌റാവ'ാകുന്ന (ട എന്നത് റ യാകുന്നു) സ്ഥലവുമുണ്ട്. പറയുന്നതിലുള്ള എളുപ്പമാക്കല്‍ ജീവിതവീക്ഷണത്തിന്റെ ഭാഗമായി വരുന്നതാകാം ഇതിനു കാരണം. ഇത്തരം ഒഴിവാക്കലുകള്‍ ഒരുവശത്തുള്ളപ്പോള്‍ത്തന്നെ ചില വാക്കുകളില്‍ കൂട്ടിച്ചേര്‍ക്കലുകളും നടക്കുന്നുണ്ട്. 'തമ്മില്‍ തമ്മില്‍' എന്നുള്ളതിന് 'തമ്മാമ്മില്‍' എന്നു പറയുന്നത് അപ്രകാരമാണ് . ഇത് തൃശൂരില്‍ മാത്രമുള്ള പ്രയോഗമാണ്. കോവിലനെപ്പോലെയുള്ള എഴുത്തുകാര്‍ ഇത്തരം പ്രയോഗങ്ങള്‍ രചനകളില്‍ നിര്‍ലോഭം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 'നിന്നെക്കൊണ്ടുകൂട്ടിയാ കൂട്വൊടാ...' എന്നിങ്ങനെ സവിശേഷപ്രയോഗങ്ങള്‍ വേറെയും നിരവധിയുണ്ട്. അന്ത്യലോപം, ആദ്യലോപം തുടങ്ങിയ നിയമങ്ങള്‍ ഒരുപക്ഷേ ഏറ്റവുമധികം പ്രകടമാകുന്ന പ്രാദേശികഭാഷാഭേദം തൃശൂരിന്റെതായിരിക്കും. അപ്പൊഴുത്- അപ്പോള്‍ - അപ്പോ - -പ്പോ, ക്ലീനര്‍ ലോപിച്ചാല്‍ കിളി. ഇങ്ങനെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട് . ദ്രാവിഡഭാഷയിലെ അംഗീകൃത നിയമങ്ങള്‍ പലതുമാണ് ഈ ഭാഷാന്തരങ്ങളില്‍ സാധൂകരിക്കപ്പെടുന്നത്.

ഇവ്വിധത്തിലുള്ള സൂക്ഷ്മവും സ്ഥൂലവുമായ വ്യതിയാനങ്ങള്‍ അണുവിട വ്യതിചലിക്കാതെ പ്രകടിപ്പിക്കുവാനാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ ശ്രമിച്ചിട്ടുള്ളത്.

പ്രാഞ്ചി : വെല സലാവുദ്ദീന്‍ പറഞ്ഞ വെല തന്നെ. വക്കുപൊട്ടാണ്ടെ ആ കാഷ് ഞാനങ്ങ് തരും... പക്ഷേ ഒരു ചെറിയപ്രശ്‌നണ്ട്... ഈ കൂട്ടുകുടുംബസെറ്റപ്പ്ന്ന് പറഞ്ഞാ... ഞാനിത് കൊറേ ഡീല് ചെയ്തിട്ട്ള്ളതാ.ഇപ്പോ മ്മളൊരു സ്ഥലം കണ്ട് , വെലൊറപ്പിച്ച് , അഡ്വാന്‍സാ വീശും... അപ്പ,ദാ വര്ണു ഒരു പാര്‍ട്ടി. ന്റെ ഭാഗം വില്‍ക്കണില്ലാന്ന് പറഞ്ഞ് ഒരു കോടാലി എടുത്തെറിയും ആ എടപാടില്‍ക്ക്... അങ്ങനെണ്ടായിട്ടിണ്ട്... അങ്ങനെ വല്ലതും ഇവ്‌ടൊണ്ടോ.. അതാ എനിക്ക് ക്ലിയറാവണ്ടെ... എന്താ ഉതുപ്പേട്ടാ... മമ്മൂട്ടി എന്ന നടന്‍ നൂറുശതമാനവും കച്ചവടക്കാരനായ തൃശൂര്‍ക്കാരന്‍ അരിപ്രാഞ്ചി ആയി മാറുകയാണിവിടെ.

പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റില്‍ അഭിനയിച്ചിരിക്കുന്നവരില്‍ അധികവും തൃശൂര്‍കാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്നസെന്റ്, ഇടവേള ബാബു, ബിജുമേനോന്‍, ടി ജി രവി, ശ്രീജിത്ത് രവി എന്നിവരെല്ലാം തൃശൂര്‍കാരാണ്. ടിനിടോം ആലുവക്കാരനാണെങ്കിലും തൃശൂര്‍ഭാഷയെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നു. സിനിമയില്‍ ആദ്യന്തം നിറയുന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഇവരോടൊപ്പം ചേരുമ്പോള്‍ ഭാഷാപരമായുണ്ടാകാനിടയുള്ള താരതമ്യപ്പെടുത്തലുകളെപ്പോലും അനായാസം മറികടക്കാന്‍ മമ്മൂട്ടിക്കു കഴിഞ്ഞു. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ കയ്യില്‍ സുഭദ്രമായ ഒരു കഥാപാത്രത്തെയും അതിനുതകുന്ന വാമൊഴിവൈവിധ്യത്തെയും സൃഷ്ടിച്ച സാഹചര്യം  രഞ്ജിത്ത് ഇങ്ങനെയോര്‍ക്കുന്നു.

'5വര്‍ഷം അതായത് 19 വയസ് മുതല്‍ 23വയസുവരെ ഞാന്‍ ജീവിച്ചിരുന്ന സ്ഥലമാണ് തൃശൂര്‍. സ്‌കൂള്‍ ഓഫ് ഡ്രാമയിലുണ്ടായിരുന്നപ്പോള്‍... ആ പീരീഡില്‍ തൃശൂര്‍ ഭാഷയുടെ കൃത്യമായ ഒരു ഒബ്‌സര്‍വേഷന് അവസരമുണ്ടായിരുന്നു.'

നസ്രാണികള്‍ക്കിടയില്‍ നിന്നാണ് വ്യാപാരസമൂഹത്തിന്റെ ഭാഷ വികാസമെടുത്തത്. ഇതര സാമൂഹികഘടകങ്ങള്‍ക്കൊപ്പം തൊഴിലും ഭാഷാസമൂഹങ്ങളെ രൂപീകരിക്കാന്‍ കാരണമാകുന്നുണ്ട്. വാണിയംകുളത്ത് കാലികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ചന്തയില്‍പ്പോലും അവരുടേതായ ഭാഷയുണ്ട; കച്ചവടക്കാര്‍ക്കുമാത്രം മനസ്സിലാവുന്ന ഭാഷയാണതെന്നു മാത്രം. ചെറിയ മുതല്‍ മുടക്കു കൊണ്ട് വലിയ ലാഭമുണ്ടാക്കുന്ന ബിസിനസ് രീതി ഭാഷയില്‍ വരുന്നത് ഇപ്രകാരമാണ്. ഒരുദാഹരണം നോക്കൂ. എന്തു കൂട്ടമാണ് - എന്താണ് വിശേഷം എന്നാണ് അതിന്റെ അര്‍ത്ഥം; 'എന്തൂട്ടറ' എന്നാണ് പറയുക.

ഇവിടെ നസ്രാണികള്‍ക്കിടയിലും വാമൊഴിവ്യതിയാനങ്ങള്‍ നിരവധിയുണ്ട്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റില്‍ വിദ്യാസമ്പന്നരായ കഥാപാത്രങ്ങള്‍ക്കിടയില്‍ക്കാണുന്ന ഭാഷാപ്രത്യേകതകള്‍ അതു വെളിപ്പെടുത്തുന്നവയാണ് . തൃശൂരിലെ അരിയങ്ങാടി,അഞ്ചുവിളക്ക് എന്നിവിടങ്ങളിലൊക്കെയുള്ള ടിപ്പിക്കല്‍ തൃശൂര്‍ഭാഷയുടെ കളിയാണ് പ്രാഞ്ചിയും കൂട്ടരും നടത്തുന്നത്. മിക്കവാറും പള്ളികളോടൊക്കെ ചേര്‍ന്ന് വീടുകളില്‍ നിരനിരയായി രൂപപ്പെട്ട അങ്ങാടിജീവിതത്തിന്റെ ഉപോല്‍പ്പന്നം കൂടിയാണിത്. തൃശൂര്‍അങ്ങാടിക്കും ഒല്ലൂരിനും ഇടക്കുള്ള സ്ഥലങ്ങള്‍, ആരാധനാലയത്തെ ചുറ്റിപ്പറ്റിയുള്ള ജീവിത പശ്ചാത്തലം എന്നിവയില്‍ നിന്നെല്ലാമാണ് പ്രാഞ്ചിയില്‍ നാം കാണുന്ന ഭാഷ രൂപമെടുത്തത്. പ്രാഞ്ചിയേട്ടന്റെ മനസ്സു പിടിച്ചടക്കിയ സുന്ദരി പത്മശ്രീയും മറ്റും പ്രതിനിധാനം ചെയ്യുന്ന തിരുവമ്പാടി ക്ഷേത്രപരിസരം, കിഴക്കുംപാട്ടുകര തുടങ്ങിയ ഭാഗങ്ങളില്‍ ഭാഷ തന്നെ ഒന്നു വേറെയാണ്.

ഇവിടുത്തെ വ്യാകരണസംബന്ധിയായ വ്യതിയാനം പ്രധാനമായും വേറൊരുതരത്തിലുള്ള ക്രിസ്തീയരൂപീകരണത്തിന്റെ ഭാഗം കൂടിയാണ് . തൃശൂര്‍ നഗരത്തില്‍ നിന്നു മാറി കുന്നംകുളത്തുള്ള പ്രാദേശികഭാഷാവ്യതിയാനങ്ങള്‍ പരിശോധിക്കാം. ഇവിടെയുള്ള നസ്രാണിവിഭാഗം തൃശൂര്‍ നഗരത്തിലേതുപോലെ കത്തോലിക്കരല്ല. കുന്നംകുളത്തുകാര്‍ നിര്‍മ്മിക്കുന്ന വീടിന്റെ പാറ്റേണില്‍പ്പോലും സാംസ്‌കാരികമായ വ്യതിയാനം ദൃശ്യമാണ്. ഇവര്‍ വീടു പണിയുന്നത് റോഡിലേക്കുകയറ്റിയാണ്; പറമ്പെല്ലാം വീടിന്റെ പിന്‍ഭാഗത്തുമുണ്ടാവും.

തൃശൂരില്‍ നസ്രാണിഭാഷയും നായര്‍ഭാഷയും തമ്മില്‍ കാര്യമായ വ്യതിയാനങ്ങളുണ്ട്. 'എന്തൂട്ട്‌റ' എന്ന് ഒരു നായരോ നമ്പൂതിരിയോ ചോദിക്കാറില്ല. അവര്‍ക്ക് അവരുടേതായ ഭാഷാഭേദം തന്നെയുണ്ട് .എന്നാല്‍ വ്യാപാരസമൂഹവുമായുള്ള അടുത്ത സഹകരണം കൊണ്ട് പല വാക്കുകളിലും ഐകരൂപ്യം ഉണ്ടായിട്ടുണ്ടുതാനും. പൂങ്കുന്നം ഭാഗത്തേക്കു പോകുന്ന വഴി പ്രധാനമായും ബ്രാഹ്മണന്‍മാരുടെ സാന്നിധ്യമേഖലയാണ്; പ്രത്യേകിച്ചും തമിഴ്ബ്രാഹ്മണന്‍മാര്‍. ഗോസായിക്കുന്ന് പൊതുവെ ക്രിസ്ത്യാനികള്‍ താമസിച്ചിരുന്ന സ്ഥലമാണ്. അവരുടെ സ്വാധീനം ഒല്ലൂര്‍ വരെ നീളും. ഇവിടെയെല്ലാം വാമൊഴിവഴക്കങ്ങളില്‍ ചെറുതും വലുതുമായ വ്യതിയാനങ്ങളുണ്ടാകുന്നുണ്ട്. അയ്യന്തോളുകാരുടെ ഭാഷയല്ല നഗരത്തിലേത്. തൃശൂര്‍ നഗരഭാഷയില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട് കുന്നംകുളംഭാഷക്ക്. മണലൂര്‍ വരുന്ന ഭാഷാഭേദം മറ്റ് സ്ഥലങ്ങളില്‍ ഉണ്ടാകണമെന്നില്ല. ഏനാമ്മാവ് ഭാഗത്ത് മുസ്ലീങ്ങളാണ് കൂടുതലുള്ളത്. സ്വാഭാവികമായി അവരുടെ അധീശത്വം അവിടുത്തെ ഭാഷാഭേദത്തില്‍ പ്രകടമാവും. നാട്ടികയിലെത്തുമ്പോള്‍ പ്രാധാന്യം ഈഴവവിഭാഗത്തിനാകുന്നു.
'പ്രാഞ്ചിയേട്ടനില്‍ പ്രാദേശികമായി നിലനില്‍ക്കുന്ന സ്‌ലാങ്ങിനെ അതേപടി കൊണ്ടുവരാന്‍ മമ്മൂട്ടിക്കു കഴിഞ്ഞിട്ടുണ്ട്. സമ്മതിച്ചു കൊടുക്കണം. വലിയ കഴിവാണത്. ഒരു പക്ഷേ എഴുതാനത് എളുപ്പമായിരിക്കും എന്നാല്‍ പറയുന്നതത്ര ഈസിയല്ല... വിവിധഭാഷാഭേദങ്ങള്‍ സിനിമയിലൂടെ ഏറ്റവും ഫലപ്രദമായി പറഞ്ഞയാളാണദ്ദേഹം.' സാറാ ജോസഫ് വിലയിരുത്തുന്നു.

കുറിക്കുകൊള്ളുന്ന നര്‍മ്മം, സര്‍കാസം കലര്‍ന്ന ജീവിതവീക്ഷണം എന്നിവയൊക്കെ തൃശൂര്‍കാരെയും അവരുടെ ഭാഷയെയും വേറിട്ടതാക്കുന്നു. അതേസമയം ഭാഷ വളരെ ഋജുവാണുതാനും; വളച്ചുകെട്ടലില്ല. ആലങ്കാരികഭാഷയിലവര്‍ വിശ്വസിക്കുകയും ചെയ്യുന്നില്ല. ഭാഷയെ ഏറ്റവും ചുരുക്കി ഉപയോഗിക്കുന്നവരാണ് തൃശൂര്‍കാര്‍; കുന്നംകുളത്തുകാര്‍ പ്രത്യേകിച്ചും. വി കെ എന്‍, ടി ഡി രാമകൃഷ്ണന്‍, ഐപ്പ് പാറമേല്‍ തുടങ്ങി ഈ ഭാഷയുടെ പ്രയോക്താക്കളായ സാഹിത്യകാരന്‍മാരും നിരവധിയാണ്.

തൃശൂരിന്റെ വാമൊഴിചരിതത്തില്‍ കാലം രേഖപ്പെടുത്തുന്ന കഥാപാത്രമാണ് പ്രാഞ്ചി.ചിത്രത്തിന്റെ അവസാനസംഭാഷണമായി പ്രാഞ്ചി പുണ്യാളനോടാവശ്യപ്പെടുന്നതിങ്ങനെയാണ്.
പ്രാഞ്ചി : പുണ്യാളോ... ഞങ്ങളപ്പനും മോനും കൂടെ ഒരു പരീക്ഷ്യഴുതാന്‍ പോവ്വാട്ടോ... ഒരു ആള്‍ ദ ബെസ്റ്റ് പറഞ്ഞേ...


ചിത്രം കാണുന്ന സമസ്തപ്രേക്ഷകരും ഇവിടെ പ്രാഞ്ചിക്ക് ആള്‍ ദി ബസ്റ്റ് പറയുന്നു. കാണികള്‍ക്ക് ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസെന്ന പ്രാഞ്ചിയേട്ടന്‍ എത്രത്തോളം സ്വീകാര്യനായി എന്നതിന് മറ്റു തെളിവുകളുടെ ആവശ്യമില്ല. ഒപ്പം തൃശൂര്‍ഭാഷയുടെ അംബാസഡറായി മാറുന്ന മമ്മൂട്ടിയുടെ അഭിനയത്തികവിന് കരുത്താര്‍ന്ന മറ്റൊരു അഭ്രസാക്ഷ്യവുമാകുന്നു ഈ കഥാപാത്രം .

കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.