Wednesday, April 6, 2011

ഉറുമി (Urumi)

ചരിത്രത്തിന്റെ ഏടുകള്‍ ചലച്ചിത്ര കാവ്യങ്ങളായി മാറുക എന്നത് മലയാള സിനിമയെ സംബന്ധിച്ചടത്തോളം പുതിയൊരു കാര്യമല്ല. കേരള ചരിത്രത്തിലെ വീരപുരുഷന്മാരേയും പ്രധാനപ്പെട്ട സംഭവ വികാസങ്ങളേയുമെല്ലാം നാം തിരശ്ശീലയില്‍ കണ്ടു കഴിഞ്ഞു. അതിപ്പോള്‍ കേരള വര്‍മ്മ പഴശ്ശിരാജയില്‍ എത്തി നില്‍ക്കുകയാണ്. ആ ഗണത്തിലേക്കാണ് ഉറുമി എത്തിച്ചേരുന്നത്. നമുക്ക് മുന്നിലെത്തിയ ചരിത്ര സിനിമകളിലെല്ലാം തന്നെ, ചരിത്രത്തിന്റെ നേര്‍ പരിച്ഛേദമാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഒരു കാലഘട്ടത്തിലെ ചില സാങ്കല്പിക കഥാപാത്രങ്ങളുടേയും അവരുടെ പോരാട്ട വീര്യത്തിന്റേയും കഥ പറയുകയാണ് ഉറുമിയിലൂടെ. ചരിത്രത്തിനും സാങ്കല്പികതയ്ക്കുമിടയിലൂടെയുള്ള നൂല്‍പ്പാലത്തിലൂടെയാണ് ഉറുമി എന്ന ചിത്രം സഞ്ചരിക്കുന്നത്.

ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍, നടന്‍ പൃഥ്വിരാജ്, വ്യവസായി ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന്‍ തുടങ്ങിയ ആഗസ്ത് സിനിമ എന്ന സിനിമാ കമ്പിനിയുടെ ബാനറില്‍, ഇവര്‍ തന്നെ നിര്‍മ്മിച്ച ചിത്രമാണ് ഉറുമി. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സന്തോഷ് ശിവന്‍ മലയാളികള്‍ക്കായി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഒരു പക്ഷേ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ഉറുമി. സാങ്കേതിക വശങ്ങളില്‍ സമീപകാല മലയാള സിനിമയെ പിന്തള്ളുന്ന ഉറുമി, താരനിര കൊണ്ടും സമ്പുഷ്ടമാണ്. പൃഥ്വിരാജിനെ കൂടാതെ, പ്രഭുദേവ, ജനീലിയ ഡിസൂസ, വിദ്യാ ബാലന്‍, ആര്യ, തബു, ജഗതി ശ്രീകുമാര്‍, നിത്യാ മേനോന്‍, അമോല്‍ ഗുപ്ത, ശശി കലിംഗ എന്നിവരും ഈ ചിത്രത്തിലുണ്ട്. ഇവര്‍ക്കൊപ്പം ഗാമയേയും കൂട്ടരേയും അവതരിപ്പിക്കുന്ന ഏതാനും വിദേശ നടന്മാരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

പതിനഞ്ചാം നൂറ്റാണ്ടിലാണ് ആദ്യമായി കടലു കടന്ന് വിദേശീയര്‍ മലയാള മണ്ണില്‍ കാലുകുത്തുന്നത്. പോര്‍ച്ചുഗീസുകാരനായ വാസ്കോ ഡ ഗാമയാണ് കാപ്പാട്ട് കപ്പലിറങ്ങിയത്. കേരളത്തിലെ കുരുമുളകടങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ അനന്തമായ വ്യാപാര സാധ്യതകള്‍ കണ്ട ഗാമ, പോര്‍ച്ചുഗലിലേക്ക് മടങ്ങിയെങ്കിലും, പിന്നീട് 1502-ല്‍ പോര്‍ച്ചുഗല്‍ രാജാവായ മാനുവല്‍ ഒന്നാമന്റെ നിര്‍ദ്ദേശാനുസരണം വീണ്ടും കേരളത്തിലെത്തി. എന്നാല്‍ ആ വരവില്‍, മെക്കയില്‍ നിന്നും തീര്‍ത്ഥാടകരുമായി മടങ്ങിയ കപ്പല്‍ ഗാ‍മ ആക്രമിക്കുകയും, അവരെ കൊല്ലുകയും ചെയ്യുന്നു. ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഉറുമിക്കു വേണ്ടിയുള്ള കഥാ സാഹചര്യം ഒരുക്കിയിരിക്കുന്നത്. ആ ആക്രമണത്തില്‍‍ നിന്നും രക്ഷപ്പെട്ട ഒരേ ഒരാള്‍ ചിറക്കല്‍ കുത്തുവിളക്കിന്റെ മകന്‍, കേളു നയനാരായിരുന്നു. തന്റെ അച്ഛനെ വധിച്ച ഗാമയുടെ തലയരിയുമെന്ന് പ്രതിജ്ഞയെടുക്കുന്ന കേളു, കപ്പലില്‍ കൊല്ലപ്പെട്ടവര്‍ ബാക്കി വക്കുന്ന സ്വര്‍ണ്ണം കൊണ്ട് ഒരു ഉറുമി തീര്‍ക്കുന്നു. ആ ഉറുമിയുമായി, 1524-ലെ ഗാമയുടെ അടുത്ത വരവിനായി കാത്തിരിക്കുന്നു. ഒടുവില്‍ ഗാമയെത്തുമ്പോള്‍, ഗാമയുമായുള്ള കേളു നയനാരുടെ പോരാട്ടമാണ് ചിത്രത്തിന്റെ കഥ.

ശങ്കര്‍ രാമകൃഷ്ണനാണ് ഉറുമിയുടെ കഥയും, തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ കഥയൊരുക്കിയിരിക്കുന്നതില്‍ ശങ്കര്‍ പ്രകടിപ്പിച്ചിരികുന്ന കരവിരുത് ഇതില്‍ പ്രകടമാണ്. ചരിത്രത്തില്‍ നിന്നും ഭാവനയില്‍ മെനഞ്ഞ കഥ ഉറുമിക്കായി കണ്ടെത്തുമ്പോള്‍, അതിലുണ്ടാകാവുന്ന കടമ്പകളെ സമര്‍ത്ഥമായി മറികടക്കാന്‍ ശങ്കറിന് കഴിഞ്ഞിട്ടുണ്ട്. ചിത്രം ആരംഭിക്കുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും, പിന്നെ അതിനെ പതിയെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക് പറിച്ചു നടുകയും ചെയ്യുന്ന രീതിയും ആകര്‍ഷകമായി മാറി. പഴുതുകള്‍ നല്‍കാതെ എഴുതിയിരിക്കുന്ന തിരക്കഥ, ചിത്രത്തിന്റെ വാണീജ്യ താല്പര്യങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നതാണെന്നു തോന്നുന്നു. കാരണം, വിദ്യാ ബാലനേയും തബുവിനേയും പോലുള്ള അഭിനേതാക്കളെ ചിത്രത്തിലെത്തിച്ചതും, ഈ തിരക്കഥയിലെ ഇത്തരം ഇടപെടലുകളാണ്. തിരക്കഥ മികച്ചു നില്‍ക്കുമ്പോള്‍, അല്പമെങ്കിലും പാളുന്നത് സംഭാഷണങ്ങളാണ്. പല കഥാപാത്രങ്ങളുടേയും സംഭാഷണങ്ങള്‍ ഇടയ്ക്ക് കല്ലുകടി ഉണ്ടാക്കുന്നുണ്ട്. അതു പോലേ അങ്ങിങ്ങായി ദ്വയാര്‍ത്ഥ പ്രയോഗങ്ങളും കടന്നു വരുന്നു. പക്ഷേ അതു സ്ഥിരം പാറ്റേണില്‍, തമാശ സൃഷ്ടിക്കുവാനായി ചെയ്തിട്ടുള്ളതല്ല എന്നത് ഒരു വസ്തുതയാണ്.

ശക്തമായ തിരക്കഥയെ പരിപൂര്‍ണ്ണമായി ഉപയോഗിക്കുകയും അതിനെ താന്‍ മനസ്സില്‍ കണ്ട രീതിയില്‍ ചിത്രീകരിക്കുകയും ചെയ്യുക എന്ന കര്‍ത്തവ്യം വളരെ ഭംഗിയായി സന്തോഷ് ശിവനെന്ന സംവിധായകന്‍ നിര്‍വഹിച്ചിരിക്കുന്നു. അതാണ് ഉറുമിയെ ഒരു സന്തോഷ ശിവന്‍ ചിത്രമാക്കി മാറ്റുന്നത്. കഥാപാത്ര നിര്‍ണ്ണയത്തിലും സംവിധായകന്റെ മികവ് വ്യക്തമാണ്. പ്രഭുദേവയും ജനീലിയയുമെല്ലാം, ഉറുമിയിലെത്തിയിരിക്കുന്നത് അതിന്റെ തെളിവാണ്. ഒരു ഛായാഗ്രാഹകന്‍ സംവിധായകനാകുമ്പോള്‍ എന്നും സംഭവിക്കുന്നതു പോലെ, ചിത്രത്തിനുടനീളം ദൃശ്യ ഭംഗി പകരാന്‍ സന്തോഷ് ശിവനു കഴിയുന്നു. ചിത്രത്തെ ആകര്‍ഷമാക്കുന്നതില്‍ ഈ ഒരു വസ്തുത വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. പക്ഷേ പല സ്ഥലങ്ങളിലും സന്തോഷ് ശിവന്റെ അശോകയിലെ രംഗങ്ങളുമായി ഉറുമിയിലെ പല രംഗങ്ങള്‍ക്കും ഒരു വിദൂര സാമ്യം തോന്നുന്നുണ്ട്. മനോഹരമായി പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളെ ക്രോഡീകരിച്ചി‍രിക്കുന്നത് ശ്രീകര്‍ പ്രസാദെന്ന ചിത്രസംയോജകനാണ്. ഒരു ഏച്ചുകെട്ടലുമില്ലാതെയാണ് ശ്രീകര്‍ പ്രസാദ് ഉറുമിയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. അമിതമായി എഫക്റ്റുകള്‍ ഉപയോഗിച്ചിട്ടില്ലെന്നത് മാത്രമല്ല, ഉപയോഗിച്ചിരിക്കുന്നവ അതി വിദഗ്ദ്ധമായി ചിത്രത്തോട് കൂട്ടിയിണക്കിയിരിക്കുന്നു. പക്ഷേ അവിടിവിടെയായി ഉപയോഗിച്ചിരിക്കുന്ന സ്ലോമോഷനുകള്‍, അല്പം കൂടുതലായി പോയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഉറുമിയുടെ പ്രയോഗങ്ങളുടെ ‍ ആകര്‍ഷണം എപ്പോഴും അവ വേഗത്തില്‍ കാണിക്കുമ്പോഴാണ്, ഇതില്‍ അവ പൂര്‍ണ്ണമായും സ്ലോമോഷനിനേക്ക് മാറ്റിയിരിക്കുന്നു. കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരം പിഴവുകള്‍ ഒഴിവാക്കാമായിരുന്നു.

വന്‍ മുതല്‍ മുടക്കില്‍ ഇത്രയും വലിയ ചിത്രമെടുക്കുമ്പോള്‍, അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീ നടന്മാരെ കണ്ടെത്തുക എന്നത്. ഒരു പക്ഷേ, ഉറുമിയില്‍ ഇതിന് മുഴുവന്‍ മാര്‍ക്കും കൊടുക്കുവാന്‍ കഴിയുന്നു. പ്രധാന കഥാപാത്രമായ കേളു നയനാരെ പൃഥ്വിരാജ് നന്നായി അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ അവിടിവിടെയായുള്ള മസിലുപിടുത്തം ഒരല്പം ഒഴിവാക്കാമായിരുന്നു. കേളു നയനാരുടെ സന്തത സഹചാരിയായ വവ്വാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭുദേവ, അഭിനയത്തില്‍ നാമിതുവരെ കാണാത്ത അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം വിളിച്ചറിയിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ചിത്രത്തിലെ സര്‍പ്രൈസ് പാക്കേജ് എന്നത്, ജനീലിയ ഡിസൂസ അവതരിപ്പിച്ച അറയ്ക്കല്‍ ആയിഷ എന്ന കഥാപാത്രമാണ്. ചോക്ലേറ്റ് കഥാപാത്രങ്ങളില്‍ മാത്രം ഇതുവരെ അവരെ കണ്ടിരുന്ന നമ്മെ ഞെട്ടിക്കുന്ന പ്രകടനമാണ് ജനീലിയയുടേത്. വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രമായിട്ടുകൂടി, ആയിഷയെ തന്റേടത്തോടെ ഏറ്റടുത്ത്, മികച്ചതാക്കിയതില്‍ ജനീലിയ തീര്‍ച്ചയായുമൊരു കയ്യടി അര്‍ഹിക്കുന്നുണ്ട്. അതു പോലെ മറ്റൊരു മനോഹരമായ പ്രകടനം, ചെഞ്ചേരിക്കുറുപ്പിനെ അവതരിപ്പിച്ച ജഗതി ശ്രീകുമാറിന്റേതാണ്. സ്ത്രൈണം കലര്‍ന്ന ആദ്യ വേഷവും, പിന്നീട് പ്രതിനായക രൂപത്തിലേക്കുള്ള ഭാവപകര്‍ച്ചയും അതിമനോഹരമായാണ് ജഗതി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിറയ്ക്കല്‍ ബാലയെ അവതരിപ്പിച്ചിരിക്കുന്ന നിത്യാമേനോനും, ഭാനു വിക്രമനെ അവതരിപ്പിച്ചിരിക്കുന്ന അങ്കുര്‍ ഖന്നയും, ചിറക്കല്‍ രാജാവിനെ അവതരിപ്പിച്ചിരിക്കുന്ന അമോല്‍ ഗുപ്തയും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. വാസ്കോ ഡ ഗാമയായി റോബി പ്രാറ്റ്, എസ്താവിയോ ഡ ഗാമയായി അലക്സ് ഒനീല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ചെറുതെങ്കിലും ചിറയ്ക്കല്‍ കൊത്തുവാള്‍ എന്ന കഥാപാത്രത്തെ തമിഴ് നടന്‍ ആര്യയും ഭംഗിയാക്കിയിരിക്കുന്നു. വിദ്യാ ബാലന്‍ രണ്ടു കാലഘട്ടത്തിലെ കഥാപാത്രങ്ങളായി തിരശ്ശീലയിലെത്തുമ്പോള്‍, തബു ഒരു ഗാനത്തില്‍ മാത്രമൊതുങ്ങുന്നു.

ചിത്രത്തിന്റെ മികവുകൂട്ടാന്‍ ഗാനരംഗങ്ങള്‍ സഹായിക്കുമ്പോള്‍, വളരെക്കാലത്തിനു ശേഷം കുറെയധികം നല്ല ഗാനങ്ങളും ഈ ചിത്രത്തിലൂടെ പിറവി കൊണ്ടിട്ടുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എങ്ങാണ്ടിയൂര്‍ ചന്ദ്രശേഖരന്‍, റഫീഖ് അഹമ്മദ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയിരിക്കുന്നത്, സംഗീത സംവിധാനം ദീപക് ദേവ്. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ഗാനം, യേശുദാസും ശ്വേത മോഹനും ചേര്‍ന്നു പാടിയ, “ആരോ നീ ആരോ“ എന്ന ഗാനമാണ്. അതിമനോഹരമായി ഇതു ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ജോബ് കുര്യനും, റിതയും ചേര്‍ന്നു പാടിയ “ആരാണെ ആരാണേ” എന്ന ഗാനം ആലാപന ശൈലികൊണ്ടും ചിത്രീകരണം കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുമ്പോള്‍, ചിത്രത്തില്‍ ഒരു ഓളം പ്രതീതി നല്‍കാന്‍ ഇതു സഹായിക്കുന്നുണ്ട്. മഞ്ജരി പാടിയ, ”ചിമ്മി ചിമ്മി” എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയപ്പോള്‍, “ചലനം ചലനം”, “അപ്പാ” എന്നീ ഗാനങ്ങള്‍ മനോഹരമായി ആലപിച്ച പുതുശബ്ദം രശ്മി സതീഷും ഏറെ പ്രശംസ പിടിച്ചു പറ്റി. “തെലു തെലെ” എന്ന ഗാനം ആലപിച്ച രഞ്ജി, ആലാപന ശൈലികൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. “വടക്കു വടക്ക്” എന്ന ഗാനം ചിത്രത്തില്‍ ആലപിച്ചിരിക്കുന്നത് പൃഥ്വിരാജാണ്. ചിത്രങ്ങളുടെ നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഹമ്മദ് ഖാന്‍, മധു ഗോപിനാഥ്, വക്കം സജീവ്, ഉല്ലാസ് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ്. അതിമനോഹരമായി അവരാ ജോലി നിര്‍വഹിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ, ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെടുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാ‍ണ്, സൌണ്ട് മിക്സിങ് രാജ് കൃഷ്ണനും. ചിത്രത്തിലുടനീളം ഇവരുടെ മികവ് പ്രകടമാണ്.

ചരിത്രത്തിന്റെ കഥപറയുമ്പോള്‍, ആ കാലഘട്ടത്തിന്റെ വേഷവിധാനങ്ങളും അതിനൊപ്പിച്ചുള്ള കഥാപരിസരവും ആവശ്യമാണ്. മഹാരാഷ്ട്രയിലെ മല്‍ഷേജ ഖട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഭൂരിഭാഗവും സെറ്റുകള്‍ നിര്‍മ്മിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സെറ്റുകളൊരുക്കുന്നതില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബുവിന്റെ കരവിരുത് എത്ര അഭിനന്ദിച്ചാലും മതിവരില്ല. അത്ര ഭംഗിയായാണ് ഉറുമിയുടെ കഥാപരിസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിനായി വേഷവിധാനങ്ങള്‍ ഒരുക്കിയ ഏകാ ലഖാനി ഇതിനായി ഒരു നല്ല പഠനം തന്നെ നടത്തിയിട്ടുണ്ടെന്നു വ്യക്തം. കഥാപാത്രങ്ങളെ ഒരുക്കുന്നതില്‍ ചമയം നിര്‍വഹിച്ചിരിക്കുന്ന രഞ്ജിത്ത അമ്പാടി വലിയൊരു പങ്കു വഹിച്ചിരിക്കുന്നു. പലപ്പോഴും ചരിത്ര സിനിമകളില്‍. വേഷവിധാനങ്ങളിലും കഥാപരിസരങ്ങളിലും പ്രകടമായി കണ്ടുവരുന്ന കല്ലുകടി ഉറുമിയില്‍ കാണുന്നില്ല എന്നതു തന്നെ ഈ മൂന്നുപേരുടേയും മികവായി നമുക്ക് കാണാം. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് അനല്‍ അരശാണ്. കളരിപയറ്റിലെ ചുവടുകളും മറ്റും ഇടകലര്‍ത്തി അതിമനോഹരമായാണ് അനല്‍ ഉറുമിയുടെ സംഘട്ടനങ്ങള്‍ ചെയ്തിട്ടുള്ളത്. സാധാരണ നാം കാണുന്ന ട്രപ്പീസുകളി ഇതില്‍ ഇല്ല എന്നു തന്നെ പറയാം. അനല്‍ അരശിനൊപ്പം അഭിനന്ദിക്കപ്പെടേണ്ടത്, ചെറു സമയത്തിനുള്ളില്‍, കളരിപയറ്റും ഉറുമിപ്രയോഗവും പഠിച്ച് ഇതില്‍ അവതരിപ്പിച്ച ഇതിലെ, ജനീലിയ, പ്രഭുദേവ, പൃഥ്വിരാജ് തുടങ്ങിയ അഭിനേതാക്കളേയാണ്. അവരുടെ ആത്മാര്‍ത്ഥമായ ശ്രമവും, സംഘട്ടന രംഗങ്ങള്‍ക്ക് മിഴിവു പകരാന്‍ സഹായിച്ചു എന്നു വേണം കരുതാന്‍.

ചരിത്ര സിനിമകള്‍ പലതു കണ്ട മലയാളികള്‍ക്ക് ഉറുമി വേറിട്ടൊരു ദൃശ്യാനുഭവമായിരിക്കും. ഒരു താരത്തിന്റെ സിനിമ എന്നതിനപ്പുറം, ഒരു കൂട്ടം വ്യക്തികളുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഉറുമി നമുക്ക് മുന്നിലെത്തുന്നത്. ഒരു സിനിമയെന്നാല്‍ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യവും അവരുടെ കണ്ടുപഴകിയ നമ്പറുകളുമാണെന്നു വിശ്വസിക്കുന്നവരുടെ കണ്ണു തുറപ്പിക്കുവാനുതകുന്ന ചിത്രമാണ് ‘ഉറുമി’. ഒരു ചിത്രത്തിലെ എല്ലാ വിഭാഗവും ഇത്രയുമധികം ഒരു ചിത്രത്തിനായി സംഭാവനകള്‍ നല്‍കുന്ന മലയാള സിനിമകള്‍ അത്യപൂര്‍വ്വമാണ്. ആ ശ്രേണിയിലേക്കാണ് ഉറുമി വന്നു ചേര്‍ന്നിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ നിന്നും നിര്‍മ്മിക്കാന്‍ കഴിയുമെന്നും, അങ്ങനെയുള്ളവ മലയാളി പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നുമുള്ള ഒരു സന്ദേശം ഈ ചിത്രം നമുക്ക് തരുന്നുണ്ട്. ഉറുമി പോലെയുള്ള ചിത്രങ്ങള്‍ നമുക്കിന്ന് അനിവാര്യമാണ്. മലയാള സിനിമയെ ഗ്ലോബലാക്കാനുള്ള ശ്രമത്തിന്റെ ആദ്യ കാല്‍വയ്പാണിത്. ഇത്തരമൊരു സിനിമ മലയാളികള്‍ക്ക് സമ്മാനിച്ച ഇതിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഒരായിരം പൂച്ചെണ്ടുകള്‍.

എന്റെ റേറ്റിങ് : 8.5/10

വാല്‍ക്കഷണം : ഉറുമി ഇറങ്ങിയ അന്നുമുതല്‍, ബ്ലോഗുകള്‍, ചലച്ചിത്ര ഫോറങ്ങള്‍, ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികള്‍ എന്നിവ വഴി ഇതിനെതിരെ നിരന്തരമായി നെഗറ്റീവ് കമന്റുകള്‍ പറഞ്ഞു നടക്കുന്ന ഒരു കൂട്ടം യൂണിവേഴ്സല്‍ താര ഫാന്‍സിനോട് ഒരേ ഒരു ചോദ്യം. “ഇനിയെങ്കിലും നിര്‍ത്തിക്കൂടെ?”

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.