Sunday, April 24, 2011

ഈ പോരാട്ടം, നല്ലൊരു നാളേക്കായി...

കാസര്‍ഗോഡെന്നു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന ചില ചിത്രങ്ങളാവും നമുക്ക് മുന്നില്‍ വരിക. വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ വരാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. എന്‍ഡോസള്‍ഫാന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും,  അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനേക്കുറിച്ചും 2002-ല്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഒക്കുപേഷണല്‍ ഹെല്‍ത്ത് (NIOH) നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍, കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ തന്നെ, എന്‍ഡോസള്‍ഫാന്റെ ഉത്പാദനവും വിതരണവും നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതിനു ശേഷം, പല തവണ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും കൃഷി മന്ത്രാലയവും അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെങ്കിലും, നിരോധനം നടപ്പിലായില്ല. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ ദൂഷ്യവശങ്ങള്‍ കണ്ട് ലോകത്തിലുടനീളം 61 രാജ്യങ്ങളില്‍ ഇതു നിരോധിക്കപ്പെട്ടിട്ടുണ്ട്. അതില്‍ മലേഷ്യയിലും, ബ്രസീലിലും ഇതു നിരോധിക്കാനുള്ള ഉത്പ്രേരകമായത്, കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ വിവരങ്ങള്‍ അവര്‍ മനസ്സിലാക്കിയതിനാലാണ്. പക്ഷേ ഇന്ത്യയും നമ്മുടെ ഭരണകൂടവും ഇതുവരെ അതു കണ്ടതായി നടിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷാന്ത്യം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കാസര്‍ഗോട്ടെത്തുകയും, തെളിവെടുപ്പ് നടത്തി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ വീണ്ടും ഒരു പഠനത്തിനാണ് നീക്കം നടത്തുന്നത്. എന്‍ഡോസള്‍ഫാന്‍ അനുകൂലികളായ ആളുകളെ നിറച്ച ഒരു സമിതിയെ പഠനത്തിനും നിയോഗിച്ചു. അതിന്റെ റിപ്പോര്‍ട്ട് എന്താകും എന്നു നമുക്കിപ്പോഴേ ഊഹിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാനെ അനുകൂലിച്ച ഏക രാജ്യം ഇന്ത്യയായിരുന്നു. അന്ന് നിരോധനത്തെ പിന്തുണച്ചിരുന്നെങ്കില്‍, വളരെ എളുപ്പത്തില്‍ എന്‍ഡോസള്‍ഫാന്‍  നമുക്ക് നിരോധിക്കുവാന്‍ കഴിയുമായിരുന്നു. തലമുറകളിലേക്ക് വരെ ദൂഷ്യവശങ്ങള്‍ എത്തുന്ന ഈ എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ വിഷത്തിന്റെ 70 ശതമാനം ഉത്പാദനം ഇന്ത്യയിലാണ്. അതിന്റെ വാണീജ്യ സാധ്യതകളെ തകര്‍ക്കുന്ന നടപടിയാവും, എന്‍ഡോസള്‍ഫാന്‍  നിരോധനം, അതാണ് ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത്. അതിനൊപ്പം ഇതിന്റെ കുത്തക വിതരണക്കാരുടെ സമ്മര്‍ദ്ദവും. എന്തായാലും ഈ നടപടികള്‍ ശുഭസൂചകമല്ല.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം കേരളത്തിന്റെയകത്ത് ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കയാണ്. മാധ്യമങ്ങള്‍ ഏറ്റെടുത്ത പോരാട്ടത്തിലേക്ക് സാമൂഹിക പ്രവര്‍ത്തകരും, പരിസ്ഥിതി സ്നേഹികളും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമൊപ്പം, ജനങ്ങളും പങ്കു ചേര്‍ന്നിരിക്കുന്നു. നവയുഗ മാധ്യമങ്ങളായ സോഷ്യന്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ട്വിറ്റര്‍, ഫേസ്ബുക്ക്, ഓര്‍ക്കുട്ട് തുടങ്ങിയവയിലും പ്രതിഷേധാഗ്നികള്‍ ആളിക്കത്തുന്നുണ്ട്. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും, അവരുടെ പിന്തുണ നേടാനും ഇതിനു കഴിയുന്നുണ്ട്. എന്നിരുന്നാല്‍ കൂടി എന്‍ഡോസള്‍ഫാന്‍ അനുകൂല വിഭാഗം ഇതിനെതിരായുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഒട്ടേറെ പെയ്ഡ് എന്‍ഡോസള്‍ഫാന്‍ ഏജന്റുമാര്‍ സോഷ്യന്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ഇപ്പോളുണ്ട്. അവരുടെ പ്രധാന ഉദ്ദേശ്യം, തെറ്റായ വിവരങ്ങള്‍ നല്‍കി ആള്‍ക്കാരെ ഈ പോരാട്ടത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നതാണ്. ഗൂഗിള്‍ പോയി ‘ban endosulfan‘ എന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്ന സൈറ്റ്, http://www.whybanendosulfan.org/ എന്നതാണ്. അതില്‍ പൂര്‍ണ്ണമായും എന്‍ഡോസള്‍ഫാന്‍ അനുകൂല വസ്തുതകള്‍ മാത്രമാണ്. ഇതു വരെ നടന്ന പഠനങ്ങളെല്ലാം തെറ്റ് എന്ന രീതിയിലുള്ള കാര്യങ്ങള്‍, ഇതു വായിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ പര്യാപ്തമാണ്.

എന്‍ഡോസള്‍ഫാനടക്കമുള്ള കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച വിചിന്തനം നടക്കുന്ന ജനീവ കണ്‍വെന്‍ഷന്‍ ആരംഭിക്കുന്ന ദിവസമാണ് ഇന്ന്, ഏപ്രില്‍ 25. ഈ ദിവസം എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനമായി ആചരിച്ചു കൊണ്ടാണ് കേരളത്തിലെ സമരം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നത്. സാമൂഹിക പ്രവര്‍ത്തകരും, പരിസ്ഥിതി സ്നേഹികളും, രാഷ്ട്രീയക്കാരും, കലാ-സാംസ്കാരിക രംഗത്തു നിന്നുള്ള പ്രമുഖരും ഈ സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്, ഇന്ന് ഉപവാസമനുഷ്ഠിക്കുന്നു. ഈ പോരാട്ടം ശക്തി പ്രാപിക്കട്ടേ എന്നും, ഈ ജനകീയ പ്രക്ഷോഭം നമ്മുടെ ഭരണചക്രം തിരിക്കുന്ന പുംഗവന്മാരുടെ കണ്ണു തുറപ്പിക്കട്ടേ എന്നും നമുക്കീ അവസരത്തില്‍ പ്രാര്‍ത്ഥിക്കാം. വരും തലമുറകള്‍ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മണിച്ചിമിഴും കൈകോര്‍ക്കുന്നു....

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.