Monday, May 23, 2011

സീനിയേഴ്സ് (Seniors)

അടുത്ത കാലത്ത് മലയാള സിനിമ എന്ന പേരില്‍ ഇറങ്ങുന്ന ചവറുകളെ സഹിക്കാന്‍ കഴിയാത്തതിനാല്‍, സിനിമ കാഴ്ച ഒരു മാസത്തേക്ക് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയാണ് സീനിയേഴ്സ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഒരു ചാനലില്‍ നിന്ന് കേട്ടറിയുന്നത്. പഠനം കഴിഞ്ഞു പോയവര്‍ കാമ്പസിലേക്ക് പി.ജി കോഴ്സിനായി തിരിച്ചു വരുന്നതു പശ്ചാത്തലമാകുന്ന സിനിമ എന്നൊക്കെ കേട്ടപ്പോള്‍ ഒന്നു കണ്ടുകളയാം എന്നു തോന്നി. പോക്കിരിരാജ എന്ന ചിത്രത്തിനു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണ് സീനിയേഴ്സ്.  വൈശാഖ് റിലീസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജയറാം, കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍, ബിജു മേനോന്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു വലിയ താരനിര തന്നെയുണ്ട്.

പത്മനാഭന്‍ അഥവാ പപ്പു (ജയറാം), റെക്സ് ഇമ്മാനുവല്‍ (കുഞ്ചാക്കോ ബോബന്‍), ഫിലിപ്പ് ഇടിക്കുള (ബിജു മേനോന്‍), റഷീദ് മുന്ന (മനോജ്.കെ.ജയന്‍) എന്നിവരുടെ കഥയാണ് സീനിയേഴ്സ് പറയുന്നത്. കോളേജില്‍ സഹപാഠികളായിരുന്നു ഇവര്., കോളേജില്‍ നടന്ന ഒരു കൊലപാതകത്തില്‍ പപ്പു പ്രതിയാകുന്നു. കൊന്നതാരെന്നറിയാത്തതിനാല്‍, അവര്‍ നാലു പേരും ഈ കേസില്‍ പ്രതിയാകുമെന്ന സാഹചര്യത്തില്‍, പപ്പു ആ കുറ്റം ഏറ്റെടുക്കുകയായിരുന്നു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പപ്പു 12 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തുന്നു. ആ വരവില്‍, പപ്പുവിന്റെ ആഗ്രഹപ്രകാരം അവര്‍ നാലു പേരും അതേ കോളേജില്‍ പി.ജിക്ക് അഡ്മിഷന്‍ വാങ്ങുന്നു. പിന്നീട് അവിടെ നടക്കുന്നത്, 12 വര്‍ഷം മുന്നെ സംഭവിച്ച കാര്യങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു. പപ്പു വീണ്ടും കാമ്പസിലേക്ക് മടങ്ങി വന്നതെന്തിന്? എന്താണ് അയാള്‍ അവിടെ ചെയ്യാന്‍ ബാക്കി വച്ചിരിക്കുന്ന കാര്യങ്ങള്‍... ഇതാണ് സീനിയേഴ്സ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത് സച്ചി-സേതു കൂട്ടുകെട്ടാണ്. മലയാള സിനിമയുടെ ചേരുവകള്‍ സമാസമം ചേര്‍ത്ത്, എന്റര്‍ടെയിനറായാണ് അവര്‍ ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിരിക്കുന്നത്. ഒടുവിലൊരല്പം സസ്പെന്‍സ് നമുക്കായി അവര്‍ കാത്തു വച്ചിരിക്കുന്നു. സച്ചി-സേതു എന്ന തിരക്കഥാകൃത്തുക്കളുടെ സമീപകാല പ്രകടനം നോക്കിയാല്‍ വളരെയധികം ഭേദപ്പെട്ട രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങിയിരിക്കുന്നത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ അതിപ്രസരം തമാശരംഗങ്ങളിലുണ്ടോ എന്നാരെങ്കിലും സംശയിച്ചാല്‍ അവര്‍ക്ക് തെറ്റിയിട്ടില്ല. തമാശയെന്ന പേരില്‍, ഇത്തരം സംഭാഷണങ്ങള്‍ അനവധി ഈ ചിത്രത്തില്‍ കാണാമെന്നത് തിരക്കഥയുടെ ഒരു ന്യൂനതയാണ്. പഴുതുകളില്ലാത്ത തിരക്കഥയെന്ന് അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും, ആ പഴുതുകളെ പലരീതിയിലും അടച്ച് പ്രേക്ഷകരുടെ ശ്രദ്ധപതിയാതെ കൊണ്ടുപോകുവാന്‍ സംവിധായകനായ വൈശാഖിനു കഴിഞ്ഞിട്ടുണ്ട്. സംവിധയാകനെന്ന നിലയില്‍ വൈശാഖിന്റെ കയ്യടക്കം ചിത്രത്തെ ആകര്‍ഷകമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഒരു ഐറ്റം സോങ്ങൊഴിച്ചാല്‍, പ്രേക്ഷകരെ ബോറടിപ്പിക്കുന്ന ഒരു രംഗം പോലും ചിത്രത്തിലില്ല എന്നു വേണം പറയാന്‍. അതിനൊരപവാദമായി വേണമെങ്കില്‍ പറയാവുന്നത്, സുരാജ് വെഞ്ഞാറമൂട് കടന്നുവരുന്ന ചിലരംഗങ്ങളാണ്. സുരാജൊഴിച്ച്, കഥാപാത്ര നിര്‍ണ്ണയം എവിടെയും പാളിയിടട്ടുമില്ല.


 
അഭിനയത്തില്‍ മികച്ചു നില്‍ക്കുന്നത് ബിജു മേനോനും, മനോജ്.കെ.ജയനും തന്നെ. ഇത്രയും വ്യത്യസ്തതയുള്ള റോളുകളില്‍ അവരെ നാമിതുവരെ മലയാളത്തില്‍ കണ്ടിട്ടില്ല. ജയറാം ഒരു മുഴുനീള കഥാപാത്രമാകുമ്പോള്‍, കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെടുന്നു. അനന്യ, പത്മപ്രിയ എന്നിവര്‍ നായികമാരാകുമ്പോള്‍, കഥാഗതിക്കനുസരിച്ചുള്ള പ്രാധാന്യം മാത്രമേ അവര്‍ക്ക് ലഭിക്കുന്നുള്ളൂ. സിദ്ധിഖ്, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, ജ്യോതിര്‍മയി, ലക്ഷ്മിപ്രിയ, രാധാവര്‍മ്മ, ഷമ്മി തിലകന്‍, സുരാജ് വെഞ്ഞാറമൂട്, നാരായണന്‍ കുട്ടി എന്നിവരും ചിത്രത്തിലുണ്ട്. മീരാനന്ദന്‍ പ്രധാനപ്പെട്ട ഒരു അതിഥിവേഷം അഭിനയിച്ചപ്പോള്‍, തികച്ചും ‘അതിഥിതാരമായി‘ ലാലു അലക്സും ചിത്രത്തിലുണ്ട്. ബിജു മേനോന്റെ മകനായി വേഷമിട്ട ബാലതാരവും മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. പതിവു പോലെ, യാതോരു വ്യത്യസ്തതയും കൊണ്ടുവരാനാകാതെ സുരാജിന്റെ, തവള തമ്പി നമ്മെ കൊല്ലാകൊല ചെയ്യും. ആ കഥാപാത്രം ഒരു പക്ഷേ സലീംകുമാറിന്റെ കൈകളില്‍ ഭദ്രമായിരുന്നേനെ. സുരാജെന്ന ഹാസ്യതാരത്തെ, മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷാജിയാണ്. ശരാശരിക്കു മുകളിലുള്ള ഒരു പ്രകടനമാണ് ക്യാമറക്കു പിന്നില്‍ ഷാജിയിയുടേത്. അതിനൊപ്പം മഹേഷ് നാരായണന്റെ ചിത്രസംയോജനവും ശ്രദ്ധേയമാണ്. പ്രേക്ഷകര്‍ക്ക് ബോറടിപ്പിക്കാതെ, ചിത്രത്തെ എഡിറ്റ് ചെയ്തു ചേര്‍ക്കുവാന്‍ മഹേഷിനു കഴിഞ്ഞിട്ടുണ്ട്. സാങ്കേതിക വിഭാഗത്തിന്റെ ഈ പ്രകടനം ചിത്രത്തില്‍ പ്രകടമാണ്. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം ചിത്രത്തൊട് ചേര്‍ന്നു പോകുമ്പോള്‍, അഭിനന്ദാര്‍ഹമായ പ്രകടനം ചമയം കൈകാര്യം ചെയ്ത രഞ്ജിത്ത് അമ്പാടിയുടേയും, വസ്താലങ്കാരം കൈകാര്യം ചെയ്തിരിക്കുന്ന എസ്.ബി സതീശന്റേതുമാണ്. പഴയകാലവും ഇന്നത്തെ കാലവും ചിത്രീകരിക്കുന്നതില്‍ അവരുടെ കരവിരുത് പ്രകടമാണ്.  സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത മാഫിയ ശശിയാണ്.

അനില്‍ പനച്ചൂരാനും സന്തോഷ് വര്‍മ്മയുമെഴുതി ജാസി ഗിഫ്റ്റ്, അല്‍ഫോണ്‍സ് ജോസഫ് എന്നിവര്‍ സംഗീത സവിധാനം നിര്‍വഹിച്ചിരിക്കുന്ന രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ആദ്യത്തെ ഗാനമായ ‘ആരാമം നിറഞ്ഞാല്‍‘ എന്ന അടിപൊളി  ഗാനത്തിന്റെ സംഗീത സംവിധാനം അല്‍ഫോണ്‍സ് ജോസഫും പാടിയിരിക്കുന്നതെ ബെന്നി ദയാലും ലക്ഷ്മിയും ചേര്‍ന്നാണ്. ചിത്രത്തിനൊപ്പം ചേര്‍ന്നു പോകുന്ന ഈ ഗാനം ശ്രവണസുഖമുള്ളതുമാണ്. പക്ഷേ ജാസി ഗിഫ്റ്റ്, ഇമ്രാന്‍, അനുരാധ എന്നിവര്‍ ചേര്‍ന്നു പാടിയ ‘ഇത്തിരി ചക്ക നുള്ളി‘ എന്ന രണ്ടാമത്തെ ഐറ്റം സോങ്ങ് പ്രേക്ഷകരെ അല്പം ബോറടിപ്പിക്കുന്നു. ചിത്രത്തിന്റെ കാതലായ, ‘കാര്‍മല്‍‘ എന്ന നാടകത്തിനു വേണ്ടി അല്‍ഫോണ്‍സ് ഒരുക്കിയിരിക്കുന്ന ഇന്‍സ്ട്രമെന്റല്‍ സോങ്ങ് മികച്ച നിലവാരം പുലര്‍ത്തുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിനെ ആകര്‍ഷകമാക്കുന്നതില്‍ അതിനുള്ള പങ്കൊന്ന് വേറെ തന്നെയാണ്. ഒരു നൊസ്റ്റാള്‍ജിയ പകരാന്‍, അനിയത്തി പ്രാവിന്റെ തീം സോങ്ങിനെ റീമിക്സ് ചെയ്ത ബാക്ക്ഗ്രൌണ്ട് സ്കോറായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിത്രത്തിന്റെ നൃത്തസംവിധാനം ശരാശരിയിലൊതുങ്ങുന്നു.

അത്യുഗ്രന്‍ ചിത്രം എന്നൊരിക്കലും സീനിയേഴ്സിന്റെ വിശേഷിപ്പിക്കാനാവില്ല. പക്ഷേ കോമാളിത്തരങ്ങള്‍ അരങ്ങുവാഴുന്ന മലയാള സിനിമയില്‍, വ്യത്യസ്തമായ ഒരു ചിത്രമായി സീനിയേഴ്സിന് സ്ഥാനം പിടിക്കാം. പ്രേക്ഷകരെ കയ്യിലെടുക്കാന്‍ വേണ്ട എല്ലാ മസാലകളും സീനിയേഴ്സിലുണ്ട്. അതിനൊപ്പം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ക്ലൈമാക്സും. ചിത്രം കഴിയുമ്പോള്‍ തീയേറ്ററിലുയരുന്ന ഒരു കയ്യടി ചിത്രത്തിന്റെ അണിയറയിലുള്ളവര്‍ക്കുള്ള പ്രചോദനമായി കാണാം. 2011 മലയാള സിനിമയുടെ തിരിച്ചു വരവായി കണക്കാക്കപ്പെടുന്ന വര്‍ഷമാണ്. സൂപ്പര്‍ സ്റ്റാറും മള്‍ട്ടി സ്റ്റാറുകളും ആ തിരിച്ചു വരവിനെ പിന്നോട്ടടിക്കുമ്പോള്‍, സീനിയേഴ്സ് അതിന്റെ വിരുദ്ധഗതിയില്‍ മുന്നോട്ട് നടക്കുന്നു. സീനിയേഴ്സ് പോലെ പ്രേക്ഷകര്‍ (ഫാന്‍സ് അല്ല) ഇഷ്ടപ്പെടുന്ന ചിത്രങ്ങള്‍ ഇനിയുമുണ്ടാകട്ടേ എന്നു നമുക്ക് ആശിക്കാം....

എന്റെ റേറ്റിങ്: 6.5/10

Sunday, May 22, 2011

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2011

2011 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  ബുദ്ധദേവ് ദാസ് ഗുപ്ത അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.  ദേശീയ അവാര്‍ഡിന് പിന്നാലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സലീം അഹമ്മദിന്റെ ‘ആദാമിന്റെ മകന്‍ അബു’ സ്വന്തമാക്കി. ആദാമിന്റെ മകനിലെ അബുവിനെ അവിസ്മരണീയമാക്കിയ സലിംകുമാറിനെ മികച്ച നടനായും ഗദ്ദാമയിലെ മികച്ച പ്രകടനത്തോടെ  കാവ്യ മാധവനെ നടിയായും തിരഞ്ഞെടുത്തു. ഗ്രീക്ക് മിത്തോളജിയെ മലയാളവത്കരിച്ച് ഒരുക്കിയ 'ഇലക്ട്ര' സംവിധാനം ചെയ്ത ശ്യാമപ്രസാദിനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കിയ 'മകരമഞ്ഞ്' ആണ് മികച്ച രണ്ടാമത്തെ കഥാചിത്രം. 'ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് VI ബി'യിലെ അഭിനയത്തിന് ബിജു മേനോന്‍ മികച്ച രണ്ടാമത്തെ നടനായും 'കഥ തുടരുന്നു' എന്ന സിനിമയിലെ വേഷത്തിലൂടെ മംമ്ത മോഹന്‍ദാസ് മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത് സംവിധാനം ചെയ്ത 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റാണ്’ ജനപ്രിയ ചിത്രവും കലാമൂല്യമേറിയ ചിത്രവും. 'യുഗപുരുഷനി’ലെ അഭിനയത്തിന് തലൈവാസല്‍ വിജയ്, 'ചിത്രസൂത്രം' ഒരുക്കിയ വിപിന്‍ വിജയ്, 'ആത്മകഥ' സംവിധാനം ചെയ്ത പ്രേംലാല്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

തിരക്കഥാകൃത്ത്-സലിം അഹമ്മദ് (ആദാമിന്റെ മകന്‍ അബു)
ഗാനചരന-റഫീഖ് അഹമ്മദ് (സദ്ഗമയ)
സംഗീത സംവിധായകന്‍-എം ജയചന്ദ്രന്‍ (ചിത്രം-കരയിലേക്ക് ഒരു കടല്‍ ദൂരം)
പിന്നണി ഗായകന്‍-ഹരിഹരന്‍ (ചിത്രം-പാട്ടിന്റെ പാലാഴി)
പിന്നണി ഗായിക-രാജലക്ഷ്മി (ചിത്രം-ജനകന്‍)
പശ്ചാത്തല സംഗീതം-ഐസക് തോമസ് കോട്ടുകാപ്പള്ളി (ചിത്രം-സദ്ഗമയ, ആദാമിന്റെ മകന്‍ അബു)
ഹാസ്യതാരം-സുരാജ് വെഞ്ഞാറന്മൂട് (ചിത്രം-ഒരു നാള്‍ വരും)
മേക്കപ്പ്മാന്‍-പട്ടണം റഷീദ്
ചിത്രസംയോജനം-സോബിന്‍.കെ സോമന്‍ (ചിത്രം-പകര്‍ന്നാട്ടം)
നവാഗത സംവിധായകന്‍-മോഹന്‍ രാഘവന്‍ (ചിത്രം-ടി. ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ഢക ബി)
കളര്‍ലാബ്-പ്രസാദ് കളര്‍ ലാബ്
ഛായാഗ്രഹണം-എം.ജെ രാധാകൃഷ്ണന്‍ (ചിത്രം-വീട്ടിലേക്കുള്ള വഴി), ഷഹനാദ് ജലാല്‍ (ചിത്രസൂത്രം)
ബാലതാരം - കൃഷ്ണ പത്മകുമാര്‍ (ചിത്രം-ജനകന്‍)
ശബ്ദലേഖനം-ശുഭദീപ് സെന്‍ഗുപ്ത (ചിത്രസൂത്രം)

Friday, May 20, 2011

ചിരിച്ച്, ചിരിപ്പിച്ച് ഒടുവില്‍ താരമായി സലീം കുമാര്‍....

സലീം കുമാര്‍... ആ പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന മുഖം, ഉണ്ടക്കണ്ണനായ, കള്ളത്തരം മുഖമുദ്രയാക്കിയ, നമ്മെ എപ്പോഴും ചിരിപ്പിക്കുന്ന ഒരു ഹാസ്യ താരം... ഹാസ്യാനുകരണ കലയില്‍ നിന്നും മലയാള ചലച്ചിത്ര ലോകത്തേക്ക് പിച്ചവെച്ചു കയറിയ ഒരു മിമിക്രിക്കാരന്‍... മിക്ക സൂപ്പര്‍ താരങ്ങളുടേയും കൂടെ അതി ഗംഭീരമായി കോമഡി ചെയ്തും, പലപ്പോഴും നമ്മെ തന്നെ ലജ്ജിപ്പിക്കുന്ന രീതിയില്‍ കോമഡിയെ വികലമാക്കിയും മലയാള സിനിമയില്‍ സലീം കുമാര്‍ നിറഞ്ഞ സാന്നിധ്യമായിട്ടു വര്‍ഷമേറെയായി. മായാവി, രാപ്പകല്‍, കല്യാണരാമന്‍ പോലെയുള്ള ചിത്രങ്ങളില്‍ അതിമനോഹരമായി കോമഡി കൈകാര്യം ചെയ്ത് നമ്മെ അമ്പരിപ്പിച്ച സലീം കുമാറിനെ, ഒരു പക്ഷേ മലയാളികള്‍ പല ചിത്രങ്ങളിലും പരിധി വിട്ട കോമഡികള്‍ കണ്ട് സംശയദൃഷ്ടിയോടെ നോക്കിയിട്ടുമുണ്ട്.

ഒരു ഹാസ്യ താരം എന്ന പരിവേഷത്തില്‍ നിന്നും പുറത്തു വരുവാനും നല്ല കഥാപാത്രങ്ങള്‍ ചെയ്യുവാനും കാര്യമായി ശ്രമിക്കാത്ത ഒരു നടനാണ് സലീം കുമാര്‍. ഒരു പക്ഷേ ആ പരിവേഷത്താല്‍ നല്ല വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്താത്തതുമാകാം. എന്നാല്‍ അതില്‍ നിന്നെല്ലാം ഇന്ന് സലീം കുമാര്‍ വ്യത്യസ്തനായിരിക്കുന്നു. 2010 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം, ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ സലീം കുമാര്‍, ഇന്ന്‍ ഒരു താരമായി വളര്‍ന്നിരിക്കുന്നു. പലരെയും ഞെട്ടിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത അവാര്‍ഡാണിതെങ്കിലും, സലീം കുമാറിനേയും അദ്ദേഹത്തിന്റെ അഭിനയപാടവത്തേയും തിരിച്ചറിഞ്ഞവരാരും ഇത് അപ്രതീക്ഷിതമെന്നു പറയില്ല. അഭിനയത്തെ ജീവിതമാര്‍ഗം എന്ന അര്‍ഥത്തില്‍ കാണുകയും വല്ലപ്പോഴും മാത്രം വന്നുചേരുന്ന നല്ല കഥാപാത്രങ്ങളെ നന്നായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു കലാകാരനാണ് സലീം കുമാറെന്ന വസ്തുത പലപ്പോഴും മലയാള സിനിമാ പ്രേമികള്‍ക്ക് അന്യമായ ഒരു വസ്തുതയാണ്.

സലീം കുമാറിലെ നടനെ തിരിച്ചറിഞ്ഞ് നമ്മുടെ മുന്നില്‍ എത്തിച്ചത് ലാല്‍ ജോസായിരുന്നു. അച്ഛനുറങ്ങാത്തെ വീടെന്ന ചിത്രത്തിലൂടെ രൂപത്തിലും ഭാവത്തിലും അഭിനയത്തിലും വ്യത്യസ്തനായ ഒരു സലീം കുമാറിനെ മലയാളികള്‍ കണ്ടു. ആ ചിത്രം കണ്ട്, “ഓ.. ഇയാള്‍ക്ക് ഇങ്ങനെയും അഭിനയിക്കാന്‍ അറിയാമോ“ എന്ന് പറഞ്ഞ് മൂക്കത്ത് വിരല്‍ വച്ച മലയാളികളായിരുന്നു അവരിലധികവും. നിരൂപക പ്രശംസ വാങ്ങിയ ഒരു ചിത്രമായിരുന്നു അത്. അതിനൊപ്പം സലീംകുമാറിലെ നടനേയും മലയാളികള്‍ക്ക് കാണുവാനായി. ലാല്‍ ജോസെന്ന സംവിധായകന്റെ പല ചിത്രങ്ങളിലും കോമേഡിയനായി നാം സലീം കുമാറിനെ കണ്ടിട്ടുണ്ടെങ്കിലും, അച്ഛനുറങ്ങാത്ത വീട്, സിനിമാപ്രേമികള്‍ അതിശയപ്പെടുത്തിയത് സലീംകുമാറെന്ന നടന്റെ അഭിനയപാടവത്താലാണ്. സലീമിലെ തമാശക്കാരനെയല്ല, ഗൌരവക്കാരനെയാണ് താന്‍ എന്നും കണ്ടിട്ടുള്ളത് എന്നു ലാല്‍ ജോസ് പറഞ്ഞിട്ടുണ്ട്. അച്ഛനുറങ്ങാത്ത വീട്ടില്‍ സലീം കുമാര്‍ എത്തിപ്പെടാനുള്ള കാരണവും അതു തന്നെയാവും. 2006 ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന പുരസ്കാരം സലീം കുമാറിനെ തേടിയത്തി. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം മലയാളികളും ഈ ചിത്രത്തെ തിരസ്കരിക്കുകയാണുണ്ടായത്.

അധികം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും, കമലിന്റെ പെരുമഴക്കാലത്തിലെ ആമു ഇളയാപ്പ എന്ന സലീം കുമാറിന്റെ വേഷം, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മനോഹരമായ വേഷമായിരുന്നു. തികച്ചും സീരിയസായ കഥാസാഹചര്യത്തില്‍, അല്പം കോമഡി കലര്‍ത്തിയ ആ കഥാപാത്രവും, പക്ഷേ ജനങ്ങള്‍ ശ്രദ്ധിക്കാതെ പോയി. 2009 ല്‍ ഇറങ്ങിയ കേരളാ കഫേ എന്ന പരീക്ഷണ ചിത്രത്തില്‍, അന്‍വര്‍ റഷീദ് ഒരുക്കിയ “ബ്രിഡ്ജ്” എന്ന ചിത്രത്തിലുമുണ്ടായിരുന്നു സലീം കുമാറെന്ന നടനിലെ പ്രതിഭയുടെ മിന്നലാട്ടം. 15 മിനിട്ടു നേരം മാത്രം നീണ്ടു നിന്ന ആ ഹ്രസ്വചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു. പക്ഷേ ആ ചിത്രവും ഭൂരിഭാഗവും വരുന്ന പ്രേക്ഷകരും തിരസ്കരിച്ചു എന്നത് ഒരു വേദനിപ്പിക്കുന്ന സത്യമാണ്.

എന്നാല്‍ 2010 ല്‍ ആദാമിന്റെ മകന്‍ അബുവിലെത്തുമ്പോള്‍, സലീം കുമാര്‍ മലയാള സിനിമയിലെ തന്നെ ഒട്ടും ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത നടന്മാരുടെ നിരയിലെ പ്രധാനിയാകുകയാണ്. പ്രമുഖരായ പല അഭിനേതാക്കളേയും പിന്തള്ളി, ദേശീയ തലത്തില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയതു വഴി, തന്നിലെ നടനെ മലയാളം സിനിമ ഇതു വരെ ഉപയോഗിച്ചിട്ടില്ല എന്നു വിളിച്ചറിയിക്കയാണ് സലീം കുമാര്‍.  ഹജ്ജിന് പോവുകയെന്നത് ജീവിത ലക്ഷ്യമായും അതാണ് വലിയ പുണ്യവും എന്നു വിശ്വസിക്കുകയും, അതിനുവേണ്ടി ജീവിക്കുകയും ചെയ്യുന്ന അബുവിന്റെയും ഭാര്യ ഐഷുമ്മയുടെയും കഥയാണ് 'ആദാമിന്റെ മകന്‍ അബു'. ആദാമിന്റെ മകന്‍ അബുവായുള്ള സലിംകുമാറിന്റെ വേഷപ്പകര്‍ച്ചയും ചിത്രത്തിന്റെ പ്രമേയവും ഹൃദയത്തെ തൊടുന്നതാണെന്ന ജൂറിയുടെ അധ്യക്ഷന്‍ ജെ.പി. ദത്തയുടെ വാക്കുകള്‍ കടമെടുത്താല്‍ മാത്രം മതി, അദ്ദേഹം എത്രത്തോളം ഈ അവാര്‍ഡിന് യോഗ്യനായി മാറുന്നു എന്നു നമുക്ക് മനസ്സിലാക്കാന്‍. അതി മനോഹരമായ എഴുതപ്പെട്ട ഒരു ചിത്രത്തിലെ ഓരോ മുഹൂര്‍ത്തങ്ങളേയും അനശ്വരമാക്കുകയാണ് സലീംകുമാര്‍ ചെയ്തിരിക്കുന്നത് എന്ന് ജൂറിയംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍, സലീം കുമാറെന്ന നടനെ തിരിച്ചറിയാന്‍ നാം വൈകിപ്പോയി എന്ന് നമുക്ക് പശ്ചാത്തപിക്കേണ്ടി വരും. സലീം കുമാറെന്ന നടന്റെ കഴിവിനെ തിരിച്ചറിയുകയും, അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ച സലീം അഹമ്മദ് എന്ന സംവിധായകനോടുകൂടി ഇന്ന് മലയാള സിനിമ കടപ്പെട്ടിരിക്കുന്നു.

അതേ സമയം മലയാളി പ്രേക്ഷകര്‍ തങ്ങളുടെ ആസ്വാദന ശേഷിയെക്കുറിച്ചൊരു പുനര്‍വിചിന്തനത്തിനു സമയമായി എന്നു കൂടി ഓര്‍മ്മിപ്പിക്കുവാന്‍ ഈ സമയം ഞാന്‍ വിനയോഗിക്കുന്നു. മലയാള സിനിമയുടെ ശാപം, കഴിവുള്ള നടന്മാരും സംവിധായകരും രംഗത്തു വരാത്തതും, നല്ല കഥകള്‍ ജനിക്കാത്തതും, അതു വഴി നല്ല സിനിമകള്‍ ഇറങ്ങാത്തതാണെന്നും തുടര്‍ച്ചയായി പരാതി പറയുന്ന  മലയാള സിനിമാ പ്രേമികളോട് ഈ അവസരത്തില്‍ തിരിച്ചു ചോദിക്കുവാനുള്ളത്, അങ്ങനെ നല്ല ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ അവര്‍ കാണുകയും അതിനു പിന്തുണ നല്‍കുകയും ചെയ്യാറുണ്ടോ എന്നതുമാണ്. സൂപ്പര്‍ താരങ്ങളുടെ ചവറുകള്‍, പാല്‍ പായസം കുടിക്കുന്ന സന്തോഷത്തോടെ കുടിച്ചിറക്കി ആര്‍പ്പു വിളിക്കുന്ന മലയാളി പേക്ഷകന്‍ എന്തു കൊണ്ട് നല്ല സിനിമകള്‍ കാണുവാന്‍ തീയേറ്ററിലെത്തുന്നില്ല. പത്മരാജനും ഭരതനും മഹത്തായ സിനിമകള്‍ ചെയ്തിരുന്നു, ഇന്നതില്ല എന്നു നാഴികയ്ക്കു നാല്പതു വട്ടം വിളമ്പുന്ന ബുദ്ധിജീവികള്‍, സാമാന്യബുദ്ധിക്കു നിരക്കാത്ത സൂപ്പര്‍താര ചിത്രങ്ങളെ വിമര്‍ശിക്കാനായി കാണുമ്പോഴും, നല്ല ചിത്രങ്ങള്‍ക്ക് എന്തു കൊണ്ട് അയിത്തം കല്‍പ്പിക്കുന്നു. കഴിഞ്ഞ വര്‍ഷമിറങ്ങിയ ടി.ഡി ദാസനേയും, സൂഫി പറഞ്ഞ കഥയേയും, ആത്മകഥയേയും, പുണ്യം അഹത്തേയും തിരസ്കരിച്ച മലയാളി പ്രേക്ഷകര്‍, ഈ വര്‍ഷമിറങ്ങിയ മേല്‍ വിലാസത്തോടും, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തോടും ചിറ്റമ്മ നയം കാണിക്കുന്ന പ്രേക്ഷകര്‍ നല്ല സിനിമകളെ തളര്‍ത്തുകയാണ് ചെയ്യുന്നത്. ദേശീയ തലത്തില്‍ മലയാളത്തിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട വീട്ടിലേക്കുള്ള വഴിയുടെ സംവിധായകന്‍ ഡോ.ബിജു തന്റെ ചിത്രത്തിന് വിതരണക്കാരെ ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ത്തിയിട്ടു മാസങ്ങള്‍ കഴിഞ്ഞു. ആദാമിന്റെ മകന്‍ അബുവിന്റേയും അവസ്ഥ മറിച്ചാകുമെന്നു വിശ്വസിക്കാന്‍ തരമില്ല.

നല്ല ചിത്രങ്ങള്‍ മലയാളത്തിലുണ്ടാകുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുവാന്‍ മലയാളികള്‍ തയാറാകുന്നില്ല എന്ന വസ്തുത നമുക്കാകെ നാണക്കേടുണ്ടാക്കുന്നു. അതിനൊരു മാറ്റമുണ്ടാകുന്ന അന്നു മാത്രമെ മലയാള സിനിമ ശരിയായ ദിശയില്‍ സഞ്ചരിക്കുവാന്‍ തുടങ്ങുകയുള്ളൂ. സലീം അഹമ്മദ് എന്ന സംവിധായകന്റേയും, സലീം കുമാറെന്ന നടന്റേയും ഈ ശ്രമങ്ങള്‍ മലയാളി പ്രേക്ഷകരുടെ കണ്ണു തുറപ്പിച്ചെങ്കിലെന്ന് നമുക്കീ അവസരത്തില്‍ പ്രാര്‍ത്ഥിക്കാം. അതോടൊപ്പം, പി.ജെ ആന്റണി, ഭരത് ഗോപി, ബാലന്‍ കെ. നായര്‍, പ്രേംജി, മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി, ബാലചന്ദ്രമേനോന്‍, മുരളി എന്നീ മഹാ നടന്മാരുടെ ഇടയിലേക്ക്, തന്റെ പരിശ്രമം കൊണ്ട് നടന്നു കയറിയ സലീം കുമാറിന് എല്ലാ വിധ ആശംസകളും നേരാം. അദ്ദേഹത്തിന്റെ കഴിവുകള്‍ വിനയോഗിക്കുവാന്‍ മലയാള സിനിമയ്ക്ക് കഴിയുമാറാകട്ടേ എന്നും ഈ അവസരത്തില്‍ നമുക്ക് പ്രത്യാശിക്കാം..
കാര്‍ട്ടൂണ്‍ വരച്ചത് - ജയരാജ് 

Thursday, May 19, 2011

മലയാളികളുടെ അഭിമാനമായി ദേശീയ ചലച്ചിത്ര അവാര്‍ഡ്

2010-ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അത് മലയാളികളുടെ മികവിനുള്ള അംഗീകാരമായി മാറി. സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ആ ചിത്രത്തിലെ അഭിനയത്തിന് സലീം കുമാറിനെ മികച്ച നടനായി തിരഞ്ഞെടുത്തു. മധുഅമ്പാട്ടിന് ഛായാഗ്രഹണത്തിനും ഐസക് തോമസ് കൊട്ടുകാപള്ളിക്ക് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ഈ ചിത്രം നേടിക്കൊടുത്തു. മികച്ച മലയാള ചിത്രമായി ഡോ. ബിജു സംവിധാനം ചെയ്ത 'വീട്ടിലേക്കുള്ള വഴി' തിരഞ്ഞെടുത്തു. സഹനടിക്കുള്ള പുരസ്‌കാരം തമിഴ് ചിത്രമായ 'നമ്മഗ്രാമ'ത്തിലൂടെ സുകുമാരിക്ക് ലഭിച്ചു. വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം 'നമ്മഗ്രാമ'ത്തിന് വസ്ത്രങ്ങളൊരുക്കിയ ഇന്ദ്രന്‍സ് ജയനിലൂടെ മലയാളത്തിലെത്തി. കലാസംവിധാനത്തിലുള്ള പുരസ്‌കാരം 'യന്തിരനി'ലൂടെ മലയാളിയായ സാബു സിറിളിനെ തേടി വീണ്ടുമെത്തി. ഗദ്ദാമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരത്തിനായി കാവ്യാമാധവനും അവസാന റൌണ്ടു വരെ മത്സരത്തിലുണ്ടായിരുന്നെങ്കിലും, അവസാന നിമിഷം ഒഴിവാക്കപ്പെട്ടു. രാവണിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച സന്തോഷ് ശിവനും അവാര്‍ഡ് പ്രതീക്ഷിച്ചെങ്കിലും, നിരാശനാകേണ്ടി വന്നു.

മലയാളികള്‍ ആരുമില്ലാതിരുന്ന ജൂറിയുടെ അധ്യക്ഷന്‍ ജെ.പി ദത്തയായിരുന്നു. പതിവ് തെറ്റിച്ച് അവാര്‍ഡുകള്‍ ബോളിവുഡിനു നല്‍കാതെ, നല്ല പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ക്കു നല്‍കുവാന്‍ ഈ ജൂറി ശ്രമിച്ചിട്ടുണ്ട്. തമിഴ്, മറാത്തി, മലയാളം സിനിമകളെയാണ് കൂടുതലായി ഇവര്‍ പിന്തുണച്ചത്. വിവാദങ്ങളുണ്ടാകാതെ ഇത്തവണ അവാര്‍ഡ് പ്രഖ്യാപനം നടന്നു എന്നതും ശ്രദ്ധേയമാണ്. തന്റെ ചിത്രം എന്താണെന്നു ജൂറിക്ക് മനസിലാകാത്തതാവാം അവാര്‍ഡ് കിട്ടാതിരിക്കാന്‍ കാരണമെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞുവെങ്കിലും, അതൊരു വിവാദത്തിലേക്ക് പോയിട്ടില്ല. ജൂറിയില്‍ മലയാളികളുടെ അസാന്നിധ്യമാണ് മലയാളത്തിന് ഇത്തരം നേട്ടമുണ്ടാവനിടയാക്കിയതെന്ന നടന്‍ ദിലീപിന്റെ പ്രസ്താവനയ്ക്കെതിരെ, സിബി മലയില്‍ രംഗത്തെത്തിയെങ്കിലും, അതു പിന്നീടൊരു വിവാദമാകാതെ കെട്ടടങ്ങി.

എന്തായാലും മലയാളികളെ സംബന്ധിച്ച അഭിമാനിക്കാവുന്ന ഒരു വര്‍ഷമാണിത്. മികച്ച ചിത്രവും മികച്ച നടനും വളരെക്കാലത്തിനു ശേഷം മലയാളത്തിലെത്തിയിരിക്കുന്നു. ഹാസ്യതാരമായി സിനിമയിലെത്തെ അനവധി മിഴിവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തിയ സലിംകുമാറിനെ തേടി മികച്ച നടനുള്ള പുരസ്കാരം എത്തുമ്പോള്‍, അത് മലയാളികള്‍ക്കെല്ലാം ആനന്ദം നല്‍കുന്ന ഒന്നാണ്.

Wednesday, May 18, 2011

കേരളത്തിന്റെ കൊമ്പന്മാര്‍...

കൊച്ചി ടസ്കേഴ്സ് കേരള.. ഇനി ഐ.പി.എല്ലില്‍ എന്നും ഈ പേര്‍ ഉണ്ടാകും. ഈ വര്‍ഷത്തെ ഐ.പി.എല്ലിലേക്ക് ചേര്‍ക്കപ്പെട്ട രണ്ടു പുതിയ ടീമുകളില്‍ ഒന്നാണ് നമ്മുടെ സ്വന്തം കൊമ്പന്മാര്‍. ഐ.പി.എല്ലിന്റെ യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കൊമ്പന്മാര്‍ക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനായില്ല. പക്ഷേ തലയുയര്‍ത്തി തന്നെയാണ് കൊമ്പന്മാര്‍ ഇത്തവണ കളിയവസാനിപ്പിച്ചത്. 14 കളികളില്‍ 6 ജയവും 8 തോല്‍വിയും. കരുത്തരായ കൊല്‍ക്കട്ടയെ രണ്ടു തവണയും, മുംബൈ ചെന്നൈ എന്നിവരെ ഒരു തവണയും കൊമ്പന്മാര്‍ മുട്ടുകുത്തിച്ചു. ഒരു പക്ഷേ ഈ ഐ.പി.എല്ലില്‍ എല്ലാ മെട്രോ നഗര ടീമുകളേയും തോല്‍പ്പിച്ച ഏക ടീം കൊമ്പന്മാര്‍ ആയിരിക്കും.

സന്തുലിതമായ ഒരു ടീമായിരുന്നില്ല കൊച്ചിയുടേത്. മഹേല ജയവര്‍ദ്ധനേ, ബ്രണ്ടന്‍ മക്കലം, ബ്രാഡ് ഹോഡ്ജ്, ഓവൈസ് ഷാ, ലക്ഷ്മണ്‍, പാര്‍ത്ഥിവ് പട്ടേല്‍, രവീന്ദ്ര ജഡേജ, മുത്തയ്യാ മുരളീധരന്‍, ആര്‍.പി.സിംഗ്, ശ്രീശാന്ത് എന്നീ പേരുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ താരനിബിഡമായ ടീമായിരുന്നില്ല കൊച്ചിയുടേത്. നായകനായി ആദ്യം തന്നെ, ജയവര്‍ദ്ധനയെ നിയോഗിച്ചിരുന്നു. ബാറ്റിങ്ങിനേക്കാള്‍ ബൌളിങ്ങിലായിരുന്നു കൊച്ചിയുടെ മേല്‍ക്കൈ. പക്ഷേ മഹേല എന്ന നായകനും ജെഫ് ലോസണെന്ന കോച്ചും ചേര്‍ന്ന്, ഒരു കൂട്ടം കളിക്കാരെ നല്ല ഒരു ടീമായി മാറ്റിയെടുത്തു. നല്ല പോരാട്ട വീര്യം കാഴ്ചവച്ച ടീം, പരാജയപ്പെട്ട മത്സരങ്ങള്‍ പോലും പൊരുതിയാണ് തോറ്റത്.  ശ്രീശാന്തെന്ന കേരള താരത്തെ മാത്രം അറിഞ്ഞിരുന്ന ഇന്ത്യക്കാര്‍, പ്രശാന്ത് പരമേശ്വരനേയും, റൈഫി വിന്‍സന്റ് ഗോമസിനേയും, പ്രശാന്ത പത്മനാഭനേയും ഈ ഐ.പി.എല്ലിലൂടെ പരിചയപ്പെട്ടു. അവരുടെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഐ.പി.എല്‍ എന്ന മാമാങ്കത്തിന്റെ ഭൂപടത്തിലേക്ക് നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും കൊച്ചി സ്ഥാനം പിടിച്ചത് നാമേവരേയും സന്തോഷിപ്പിച്ചിരുന്നു. കൊച്ചി ആസ്ഥാനമാക്കി, ഗുജറാത്തി ഗ്രൂപ്പാണ് ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസി തുടങ്ങിയത്. വിവാദങ്ങള്‍ സന്തതസഹചാരികളായ ഒരു ഫ്രാഞ്ചൈസിയായിരുന്നു ഇത്. ഇതിനു വേണ്ടി ലേലം നടക്കുന്നതിനു മുന്നെ ഇതിന്റെ നടത്തിപ്പ് വിവാദമാകുകയും, അതിന്റെ പേരില്‍ ശശി തരൂരിന് കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്തുപോവേണ്ടി വരികയും ചെയ്തു. ലേലത്തില്‍ കൊച്ചി എന്ന ഫ്രാഞ്ചൈസി യാഥാര്‍ത്ഥ്യമായെങ്കിലും, വിവാദങ്ങള്‍ വിട്ടൊഴിഞ്ഞില്ല. ഓഹരിയുടേയും പങ്കാളിത്തത്തിന്റേയും പേരില്‍ കണ്‍സോര്‍ഷ്യത്തില്‍ തന്നെ ആശയക്കുഴപ്പമുണ്ടാകുകയും ടീമിന്റെ ഭാവി തുലാസിലായിരുന്നു. എന്നാല്‍ അവസാന നിമിഷം പ്രശ്നങ്ങള്‍ പരിഹരിക്കുകയും, താരലേലത്തില്‍ പങ്കെടുത്ത് നല്ലൊരു ടീമിനെ സ്വന്തമാക്കുവാനും കൊച്ചിക്കു കഴിഞ്ഞിരുന്നു.

പക്ഷേ, നികുതിയിളവുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭയുമായി ഇടയേണ്ടി വന്ന കൊമ്പന്മാരുടെ മുതലാളിമാര്‍ക്ക് യാതോരു സഹായവും നല്‍കാതെ, പൂര്‍ണ്ണമായും നിസ്സഹകരണ മനോഭാവമാണ് കൊച്ചി നഗരസഭ കാണിച്ചത്. ടിക്കറ്റുകള്‍ കൃത്യമായി സീല്‍ ചെയ്തു നല്‍കാതെ, ടിക്കറ്റ് വില്പന വൈകിപ്പിച്ചും ഫ്രാഞ്ചൈസിയെ ദ്രോഹിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചത്. അതിന് സാങ്കേതികമായ കാരണങ്ങള്‍ അവര്‍ വിശദീകരിക്കുന്നുവെങ്കിലും, നമ്മുടെ സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ ഇത്തരം ഒരു സംരംഭത്തെ ഇങ്ങനെയാണോ നാം പ്രോത്സാഹിപ്പിക്കേണ്ടത് എന്ന ചോദ്യം അറിയാതെയെങ്കിലും ഉയര്‍ന്നു പോകുന്നു. അതിനൊപ്പം, ടിക്കറ്റ് നിരക്കുകള്‍ അല്പം ഉയര്‍ത്തി വച്ചതും ഫ്രാഞ്ചൈസിക്കു വിനയായി. ആദ്യത്തെ നാലു മത്സരങ്ങള്‍ കാണുവാന്‍ കാര്യമായി ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാന മത്സരത്തില്‍, ടിക്കറ്റ് നിരക്കുകള്‍ അല്പം കുറച്ചതോടെ, സ്റ്റേഡിയം നിറഞ്ഞു. ഗുജറാത്ത് സര്‍ക്കാര്‍ നികുതി രഹിതമായി മത്സരങ്ങള്‍ നടത്താമെന്നു പറഞ്ഞ് ടീമിനെ അഹമ്മദാബാദിലേക്ക കഴിച്ചു കഴിഞ്ഞു. കൊച്ചി ടീം അടുത്ത സീസണില്‍ അഹമ്മദാബാദിന്റെ സ്വന്തമായാല്‍ നാം അമ്പരക്കേണ്ടതില്ല.

പ്രതീക്ഷാജനകമായാ പ്രകടനമായിരുന്നു കൊമ്പന്മാരുടേത്. പല താരങ്ങളുടേയും അഭാവത്തിലും, വമ്പന്‍ താരങ്ങള്‍ ഇല്ലാതിരുന്നിട്ടും, ആരാധാകരെ സന്തോഷിപ്പിക്കുന്ന പ്രകടനമായിരുന്നു അവര്‍ നടത്തിയത്. പുതിയ താരങ്ങളെ അടുത്ത കൊല്ലം കൊണ്ടു വരുവാന്‍ അവര്‍ക്കു കഴിഞ്ഞാല്‍, ആദ്യ നാലിലേക്കുള്ള പ്രയാണം അത്ര കടുത്തതാവില്ല കൊമ്പന്മാര്‍ക്ക്. അതു പോലെ പുതിയ കേരളാ താരങ്ങള്‍ക്ക് ഇതിലൂടെ അന്തരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള അവസരം കൂടി ഒരുങ്ങും എന്നതും സന്തോഷം പകരുന്ന കാര്യമാണ്. എന്നാല്‍, മുന്നെ സൂചിപ്പിച്ചതു പോലെ, കൊച്ചി ടീമിന്റെ ഭാവി എന്ത് എന്നൊരു ചോദ്യം നമ്മെ വലയ്ക്കുന്നു. കൊച്ചി അഹമ്മദാബാദിലേക്ക് പോകുമോ എന്നൊരു സംശയം ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു. നമുക്ക് പ്രതീക്ഷ വയ്ക്കാം നല്ലൊരു നാളേക്കായി....
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.